Showing posts with label ഡോ: ഡോക്കിന്‍സ്‌. Show all posts
Showing posts with label ഡോ: ഡോക്കിന്‍സ്‌. Show all posts

Sunday, February 28, 2010

മഴവില്ലുകള്‍ ഉണ്ടാകുന്നത്‌.


മഴവില്ലിനെപ്പോലെ മനുഷ്യന്റെ വര്‍ണ്ണ സൗന്ദര്യസങ്കല്‍പങ്ങളെ സ്വാധീനിച്ച മറ്റോരു പ്രതിഭാസം ഉണ്ടോ എന്നു സംശയമാണ്‌. ജലകണങ്ങളിലൂടെ സൂര്യപ്രകാശം കടന്നു പോകുമ്പോഴാണ്‌ മഴവില്ലുകള്‍ ഉണ്ടാകുന്നത്‌ എന്നു നമ്മള്‍ സ്കൂളില്‍ വെച്ചു പഠിച്ചിട്ടുമുണ്ട്‌. എങ്കിലും അതെങ്ങനെയെന്ന് അത്ര വ്യക്തമായി മനസ്സിലാക്കിയിരുന്നില്ല. ഉത്തരം കിട്ടിയത്‌ ഈയിടെയാണ്‌.

സപ്തവര്‍ണ്ണങ്ങളുടെ സങ്കലനമാണ്‌ വെള്ളപ്രകാശം എന്നു നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്‌. പ്രകാശത്തെ (വെളുത്ത പ്രകാശ രശ്മിയെ) ഒരു സ്ഫടിക പ്രിസത്തിലൂടെ കടത്തിവിടുമ്പോള്‍ - അല്‍പ്പം ചെരിഞ്ഞ കോണില്‍- രശ്മി വിഘടിച്ച്‌ ഏഴു വര്‍ണ്ണങ്ങളായി പുറത്തെത്തുന്നു. ഇവിടെ പ്രിസം എന്ന വസ്തുവിനുപരി, പ്രകാശം, വായു എന്നു മാദ്ധ്യമത്തില്‍ നിന്ന് സ്ഫടികത്തിലേക്ക്‌ കടക്കുമ്പോഴുണ്ടാകുന്ന അപഭംഗമാണ്‌ (refraction) പ്രകാശത്തിന്റെ വിഘടനത്തിനു കാരണമാകുന്നത്‌. പ്രകാശം ഒരു മാദ്ധ്യമത്തില്‍ നിന്ന് മറ്റൊരു മാദ്ധ്യമത്തിലേക്ക്‌ കടക്കുമ്പോള്‍ അപഭംഗം സംഭവിക്കുന്നു. 

പ്രകാശം ജലകണങ്ങളിലൂടെ കടന്നു പോകുമ്പോഴും ഇതു തന്നെയാണ്‌ സംഭവിക്കുന്നത്‌. സൂര്യനില്‍ നിന്നുള്ള പ്രകാശരശ്മി ജലകണങ്ങളിലൂടെ കടന്നുപോകുമ്പോള്‍, മുന്‍ പറഞ്ഞ അപഭംഗം മൂലം ഏഴു വര്‍ണങ്ങളായി വിഘടിക്കുന്നു. എന്നാല്‍ പ്രിസത്തില്‍ നിന്നു വ്യത്യസ്ഥമായി ജലകണങ്ങളില്‍ മറ്റു ചിലതു കൂടി സംഭവിക്കുന്നുണ്ട്‌. ജലകണം ഏകദേശം ഗോളാകൃതിയാണ്‌. അതിനാല്‍ അതിന്റെ മറു വശം ഒരു കോണ്‍കേവ്‌ മിറര്‍ പോലെ പ്രവര്‍ത്തിക്കും. ആയതിനാല്‍ വിഘടനം സംഭവിച്ചുണ്ടായ സപ്തവര്‍ണ്ണങ്ങള്‍ അവിടെ നിന്ന് പ്രതിഫലിച്ച്‌ മഴത്തുള്ളിയുടെ മുന്‍ഭാഗത്തു ( അതായത്‌ സൂര്യനെ അഭിമുഖീകരിക്കുന്ന ഭാഗം) കൂടി പുറത്തെത്തുന്നു. പുറത്തെത്തുമ്പോഴും കൂടുതല്‍ അപഭംഗം സംഭവിച്ച്‌ (കാരണം ഇപ്പോള്‍ പ്രകാശം ജലം എന്ന മാദ്ധ്യമത്തില്‍ നിന്നും വായു എന്ന മാദ്ധ്യമത്തിലേക്ക്‌ കടക്കുകയാണല്ലോ) വര്‍ണരശ്മികള്‍ കൂടുതല്‍ അകലുന്നു. (ചിത്രം കാണുക.)
ഇങ്ങനെ വിഘടിച്ച പ്രകാശ രശ്മികളെയാണ്‌ നാം കാണുന്നത്‌. ഇത്രയും പറഞ്ഞതില്‍ നിന്ന് മഴവില്ലുണ്ടാകാന്‍ കുറച്ചു അടിസ്ഥാന നിബന്ധനകളുണ്ടെന്ന് നമുക്ക്‌ മനസ്സിലായി. ഒന്നാമതായി അന്തരീക്ഷത്തില്‍ ജലകണങ്ങളുണ്ടാവണം (മഴ, പക്ഷെ അതു നമ്മള്‍ നില്‍ക്കുന്നവിടെയല്ല.). അവിടെയാണ്‌ മഴവില്ലുണ്ടാകുന്നത്‌. മഴവില്ലിനെ കാണണമെങ്കില്‍, നമുക്ക്‌ പുറകിലാവണം സൂര്യന്‍. അതു പോലെ തന്നെ, അപഭംഗം സംഭവിക്കാനുള്ള കോണ്‍ രൂപപ്പെടാന്‍ സൂര്യന്‍ ഒരു താഴ്‌ന്ന വിതാനത്തിലുമാകണം. അതു കൊണ്ടാണ്‌ മഴവില്ലുകള്‍ രാവിലേയും വൈകുന്നേരങ്ങളിലും മാത്രം കാണുന്നത്‌.

ഏന്നാല്‍ ഇത്രയും കൊണ്ട്‌ മഴവില്ലിന്റെ രഹസ്യം വിശദീകരിക്കപ്പെടുന്നില്ല. മഴവില്ല് വ്യത്യസ്തങ്ങളായ നിറങ്ങളില്‍ വില്ലായി കാണപ്പെടുന്നത്‌ എങ്ങിനെ?

നമ്മുടെ ദിശയില്‍ നിന്നു വരുന്ന (അതായത്‌ നമ്മുടെ പിറകിലുള്ള സൂര്യനില്‍ നിന്നു വരുന്ന) രശ്മികളെ വിഘടിപ്പിച്ച്‌ അതിനെ നമുക്ക്‌ നേര്‍ക്ക്‌ പ്രതിഫലിപ്പിക്കുകയാണ്‌ ഓരോ മഴത്തുള്ളികളും ചെയ്യുന്നത്‌ എന്നു നമ്മള്‍ കണ്ടു. എന്നാല്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഓരോ മഴത്തുള്ളികളും പുറത്തു വിടുന്ന എല്ലാ രശ്മികളും നമ്മുടെ കണ്ണിലെത്തുന്നില്ല എന്നതാണ്‌. സൂര്യന്റെ സ്ഥാനം, മഴത്തുള്ളിയുടെ സ്ഥാനം നമ്മുടെ സ്ഥാനം എന്നിവയെ ആശ്രയിച്ച്‌ ഏതെങ്കിലും ഒരു നിറമേ നമ്മുടെ കണ്ണില്‍ എത്തുന്നുള്ളൂ. മറ്റു നിറങ്ങള്‍ നമ്മുടെ ദൃഷ്ടി തലത്തിന്റെ മുകളിലും താഴെയുമായി കടന്നു പോകുന്നു. ചിത്രം കാണുക - ചിത്രത്തിലെ മഴത്തുള്ളിയിലെ ഓറഞ്ച്‌ നിറം. ആ മഴത്തുള്ളിയുടെ തലത്തിലുള്ള മറ്റനവധി മഴത്തുള്ളികളില്‍ നിന്നും ഓറഞ്ച്‌ നിറം നമ്മുടെ കണ്ണിലെത്തും. അങ്ങിനെ ഓറഞ്ച്‌ നിറത്തിന്റെ ഒരു നാട രൂപപ്പെടുന്നു. നമ്മുടെ കണ്ണില്‍ ഓറഞ്ച്‌ നിറം എത്തിക്കുന്ന മഴത്തുള്ളികള്‍ എല്ലാം കണ്ണില്‍ നിന്ന് ഒരു കൃത്യ അകലത്തിലായിരിക്കും. അതുകൊണ്ടാണ്‌ ആ നിറത്തിന്റെ നാട വളഞ്ഞിരിക്കുന്നത്‌. അതിനു താഴെയുള്ള ഒരു സംഘം മഴത്തുള്ളികള്‍ ചുവപ്പു നിറമായിരിക്കും നമ്മുടെ കണ്ണില്‍ എത്തിക്കുന്നത്‌, അതുപോലെ അതിനു മുകളിലുള്ളവ മഞ്ഞ നിറവും. ഇങ്ങനെ ഓരോ തലത്തിലുള്ള മഴത്തുള്ളികളും ഓരോ നിറത്തിന്റെ ഓരോ നാടകള്‍ രൂപപ്പെടുത്തുന്നു. ഇങ്ങനെയാണ്‌ മഴവില്ലുണ്ടാകുന്നത്‌.

മഴത്തുള്ളികള്‍ തുടര്‍ച്ചയായി വീണുകൊണ്ടിരിക്കുകയാണല്ലോ? അപ്പോള്‍ ഈ നിമിഷം നമുക്ക്‌ ഓറഞ്ച്‌ നിറം തന്ന തുള്ളി അടുത്ത നിമിഷം ചുവപ്പ്‌ നിറം നല്‍കുന്ന തലത്തിലായിരിക്കും. അപ്പോള്‍ അത്‌ നമുക്ക്‌ എത്തിക്കുന്നത്‌ ചുവപ്പ്‌ നിറമായിരിക്കും. നമ്മുടെ കണ്ണില്‍ ഓറഞ്ച്‌ നിറം എത്തിക്കുന്ന മഴത്തുള്ളികള്‍ മറ്റൊരാളുടെ കണ്ണിലെത്തിക്കുന്നത്‌ മറ്റൊരു നിറമായിരിക്കും. അതായത്‌ നമ്മള്‍ കാണുന്ന മഴവില്ലല്ല മറ്റൊരാള്‍ കാണുന്നത്‌. നമ്മുടെ വലതു കണ്ണു കാണുന്ന മഴവില്ലല്ല ഇടതു കണ്ണ്‍ കാണുന്നത്‌. നമ്മള്‍ ഈ നിമിഷം കാണുന്ന മഴവില്ലല്ല അടുത്ത നിമിഷം കാണുന്നത്‌!

ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മള്‍ കാണുന്ന മഴവില്ലിന്റെ ഒത്ത നടുക്കായിരിക്കും നമ്മള്‍ എപ്പോഴും!

**********************************************************************************
മഴവില്ലിന്റെ ഈ ഇഴയഴിച്ചു തന്നത്‌ ഡോ: റിച്ചാര്‍ഡ്‌ ഡോക്കിന്‍സ്‌ ആണ്‌, അദ്ദേഹത്തിന്റെ 'അണ്‍വീവിംഗ്‌ ദ റയിന്‍ബോ' എന്ന ഗ്രന്ഥത്തില്‍. ശാസ്ത്രം, കലയുടേയും കാല്‍പ്പനികതയുടേയും രസം കെടുത്തുന്നു എന്ന വാദത്തെ പ്രതിരോധിക്കുകയാണ്‌ അദ്ദേഹം ഈ പുസ്തകത്തിലൂടെ. എനിക്ക്‌ മഴവില്ലിന്റെ നിഗൂഢ കാല്‍പ്പനികതയെക്കാള്‍ രസിച്ചത്‌ ഈ ഇഴയഴിക്കലാണ്‌. മഴവില്ലു മാത്രമല്ല, ഒരു ശാസ്ത്രകുതുകിക്ക്‌ താല്‍പര്യമുണ്ടാക്കുന്ന മറ്റനവധി അറിവുകളുടേയും കലവറയാണീ പുസ്തകം. തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്ന്!