Thursday, January 10, 2008

മരുന്നെഴുത്തിലെ പരിഗണനകള്‍..2

മുന്‍പ്‌ പറഞ്ഞ ലാഭം വീതിക്കുന്ന രീതിയില്‍ നിന്ന് അല്‍പം കൂടി വ്യത്യസ്ഥമായ ഒരു രീതി കൂടിയുണ്ട്‌. ഒരു ഉടമ്പടി ഉണ്ടാക്കുന്നതില്‍ ലജ്ജയുള്ള ഡോക്ടര്‍മാരെ വീഴ്താനുള്ള ഒരു രീതിയാണിത്‌. താരതമ്യേന വില കൂടുതലുള്ള മരുന്നുകളിലാണ്‌ ഈ പ്രയോഗം. ആയിരങ്ങള്‍ വിലയുള്ള മരുന്നുകള്‍ അവതരിപ്പിക്കുമ്പോള്‍ റെപ്രസെന്റേറ്റീവ്‌ പറയും, ഡോക്ടറുടെ പേരില്‍ ബില്‍ ചെയ്താല്‍ ഇത്‌ ഇത്ര രൂപയ്ക്ക്‌ കിട്ടും എന്ന്. ഈ വ്യത്യാസം മരുന്നു വിലയുടെ 25 ഓ 50 ഒാ ശതമാനം വരെ വന്നെന്നിരിക്കും. ഈ ലാഭം വേണമെങ്കില്‍ പാവപ്പെട്ട രോഗിക്ക്‌ കൈമാറാം എന്നാണ്‌ സൂചന എങ്കിലും എന്താണ്‌ അര്‍ത്ഥം എന്നത്‌ രണ്ടു പേര്‍ക്കും അറിയാം. വന്ധ്യതാ ചികില്‍സകര്‍ കൊയ്ത്‌ നടത്തുന്നത്‌ ഈ രീതിയിലാണ്‌. ഈ വക ചികില്‍സക്ക്‌ പോയിട്ടുള്ളവര്‍ ഒരു പക്ഷെ ശ്രദ്ധിച്ചിട്ടുണ്ടാവും, ഡോക്ടര്‍ തന്റെ ക്ലിനിക്കില്‍ നിന്നു തന്നെ മരുന്ന് വാങ്ങണം എന്നു നിഷ്കര്‍ഷിക്കുന്നത്‌. പക്ഷെ ഇവിടെ രോഗി പുറത്ത്‌ മറ്റൊരു മെഡിക്കല്‍ ഷോപ്പില്‍ നിന്ന് ഈ മരുന്നു വാങ്ങിയാല്‍ ഡോക്ടര്‍ക്ക്‌ ലാഭം ഒന്നും കിട്ടില്ല. ആത്മാര്‍ത്ഥതയുള്ള ഒരു ഡോക്ടര്‍ക്ക്‌ തന്റെ രോഗിക്ക്‌ കുറഞ്ഞ വിലയില്‍ മരുന്നു ലഭ്യമാക്കാന്‍ പറ്റും എന്നതാണ്‌ ഇതിന്റെ ഒരു ഗുണം. ഈ രീതി ഉപയോഗപ്പെടുത്തി കുറഞ്ഞ വിലക്ക്‌ മരുന്ന് രോഗിക്ക്‌ എത്തിച്ചു കൊടുക്കുന്ന ധാരാളം പേരുണ്ട്‌.

ഇത്രയും പറഞ്ഞത്‌ ഒരു പ്രത്യേക ബ്രാണ്ട്‌ നിഷ്കര്‍ഷിക്കുന്നതിനെ കുറിച്ചാണ്‌. ഇനി അനാവശ്യ മരുന്നുകള്‍ കുറിക്കുന്നു എന്ന പരാതി നോക്കാം.ഞാന്‍ അനാവശ്യമായി ഒരു മരുന്നും കുറിക്കുന്നില്ല എന്ന് വ്യക്തിപരമായി അവകാശപ്പെടുമെങ്കിലും 'ഞങ്ങളാരും' എന്ന രീതിയില്‍ ആ അവകാശം ഉന്നയിക്കാന്‍ ഒരു ഡോക്ടറും സംഘടനയും ധൈര്യപ്പെടില്ല. കാരണം അതു ധാരാളമായി നടക്കുന്നുണ്ട്‌ എന്നത്‌ എല്ലാവര്‍ക്കും അറിയാം എന്നതു കൊണ്ട്‌ തന്നെ.
അനാവശ്യ മരുന്നുകള്‍ ധാരാളമായി കുറിക്കപ്പെടുന്നുണ്ട്‌!
എന്നാലിതിന്റെ പ്രധാന കാരണം എല്ലാവരും കരുതുന്ന പോലെ ഡോക്ടര്‍മാരുടെ ആര്‍ത്തിയല്ല. ഒരു പക്ഷെ ഡോക്ടര്‍മാര്‍ ഒഴികെയുള്ള എല്ലാവര്‍ക്കും മനസ്സിലാക്കാനും വിശ്വസിക്കാനും എളുപ്പമുള്ള ഒരു കാരണമാവാം അത്‌. ഒരു കച്ചവടം എന്ന രീതിയില്‍ അങ്ങിനെ മരുന്നെഴുതുന്ന ഒരു വിഭാഗം ഉണ്ടാവാം, അല്ലെങ്കില്‍ ഉണ്ട്‌. പക്ഷെ അവര്‍ ഒരു ന്യൂനപക്ഷം മാത്രമാണ്‌.ഇങ്ങനെ അനാവശ്യ മരുന്നുകള്‍ എഴുതപ്പെടുന്നതിന്റെ പ്രധാന കാരണം, മിക്കവാറും ഡോക്ടര്‍മാര്‍ക്ക്‌ അവര്‍ ചെയ്യുന്ന ജോലിക്ക്‌ വേണ്ടുന്നതായ അറിവ്‌ ഇല്ല എന്നതാണ്‌. നിങ്ങള്‍ ഞെട്ടിയോ? അതാണ്‌ സത്യം.

ഒരിക്കല്‍ പഠനം കഴിഞ്ഞ്‌ ഇറങ്ങിയാല്‍, ഭൂരിഭാഗം ഡോക്ടര്‍മാര്‍ക്കും മരുന്നുകളെപ്പറ്റിയുള്ള അറിവ്‌ മെഡിക്കല്‍ റെപ്പുമാര്‍ നല്‍കുന്നത്‌ മാത്രമാണ്‌. അതിനപ്പുറം അന്വെഷിക്കാനും പഠിക്കാനും അവര്‍ക്ക്‌ സമയമില്ല, അല്ലെങ്കില്‍ താല്‍പര്യമില്ല. റെപ്രസെന്റേറ്റീവുകള്‍ നല്‍കുന്ന വിവരം ഭാഗികവും, അര്‍ത്ഥസത്യവും, പ്രതികൂല ഘടകങ്ങളെ മൂടി വെച്ചതുമാണ്‌. അവരെ സംബന്ധിച്ച്‌ വില്‍പ്പനയും ടാര്‍ഗെറ്റുമാണ്‌ ലക്ഷ്യം. മുന്തിയ ഹോട്ടലില്‍ ഡിന്നറും, ഒരു സമ്മാനപൊതിയും നല്‍കപ്പെടുമ്പോള്‍ പുതുതായ്‌ ഇറങ്ങിയ മരുന്നിനെപ്പറ്റി കമ്പനി ഇറക്കിയ 'വിദദ്ധനും' റീജ്യണല്‍ മാനേജരും പറയുന്നതപ്പാടെ വിഴുങ്ങുന്നവരാണ്‌ ഭൂരിപക്ഷവും. ആന്റി ഓക്സിഡന്റു കച്ചവടം ഇപ്പോഴും കുഴപ്പമില്ലാതെ ഇന്‍ഡ്യയില്‍ നടക്കുന്നത്‌ തന്നെ നല്ല ഉദാഹരണം.

ഒരു മരുന്ന് നല്‍കുന്നതു കൊണ്ട്‌ പ്രത്യേകിച്ച്‌ ഗുണം ഒന്നുമില്ലെങ്കിലും അതൊരു ശീലമായിപ്പോയതു കൊണ്ട്‌ മാറ്റാന്‍ കഴിയാത്ത ഒരു വിഭാഗമുണ്ട്‌. അവര്‍ ശീലിച്ചതേ പാലിക്കൂ. എപ്പോഴും പരാമര്‍ശിക്കപ്പെടുന്ന, ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗമാണ്‌ നല്ലൊരു ഉദാഹരണം. അണുബാധ തടയാനായി ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത്‌ പൊതുവായി ഫലശൂന്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാലിവര്‍ പറയും "എന്തിനാ വെറുതെ റിസ്കെടുക്കുന്നത്‌, കൊടുക്കുന്നതു കൊണ്ട്‌ ദോഷമൊന്നുമില്ലല്ലൊ?" എന്ന്. ശരിയാണ്‌ കൊടുക്കുന്നവര്‍ക്ക്‌ ദോഷമൊന്നുമില്ല.

ഭൂരിഭാഗം രോഗികളെ പോലെ തന്നെ, പല ഡോക്ടര്‍മാരും വിശ്വസിക്കുന്നത്‌ വില കൂടിയ മരുന്നുകള്‍ ഫലം കൂടിയ മരുന്നുകളാണെന്നാണ്‌. നിസ്സാരമായ അയണ്‍ ഗുളിക തന്നെ ഉദാഹരണം. "ഇതൊന്നു കഴിക്കൂ പ്ലീസ്‌" എന്നു പറഞ്ഞ്‌ പബ്ലിക്‌ ഹെല്‍ത്ത്‌ നഴ്സ്‌മാര്‍ പിറകെ നടന്നു നല്‍കുന്ന സര്‍ക്കാര്‍ ഗുളിക മുതല്‍ ഒന്നിന്‌ പത്തു രൂപ വരെ വരുന്ന അയണ്‍ ഗുളികകളുണ്ട്‌. 'പ്രീമിയം ബ്രാണ്ട്‌' റെപ്പിന്റെ പ്രകടനം കഴിയുമ്പോള്‍ ഫിസിയൊളൊജിയില്‍ പഠിച്ച അയണ്‍ അബ്‌സോര്‍ബ്ഷന്‍ ആന്റ്‌ മെറ്റബോളിസം പാടേ മറന്നു പോകുന്നു പലരും.

കയ്യില്‍ കോപ്പില്ലാത്തതു കൊണ്ട്‌ കണ്ടതെഴുതുന്നവരാണ്‌ മറ്റു ചിലര്‍. ചില 'അലോപ്പതി' സാറന്മാര്‍ക്ക്‌ ആയുര്‍വേദ പ്രൊപ്രൈറ്ററി മരുന്നുകള്‍ പ്രിയംകരമാകുന്നതിന്റെ രഹസ്യം മറ്റൊന്നുമല്ല. തനിക്ക്‌ ഓപ്പറേഷന്‍ വശമില്ലാത്തതിനാല്‍ എന്‍ഡൊമെട്രിയോമ (ആര്‍ത്തവ കാലങ്ങളില്‍ ഉള്ളില്‍ രക്തം കെട്ടിക്കിടന്നുണ്ടാവുന്ന അവസ്ഥ)എന്ന രോഗവുമായി ചെന്ന അത്താഴ പട്ടിണിക്കാരിയായ രോഗിയോട്‌ മുമ്മൂന്ന് മാസം കൂടുമ്പോള്‍ പന്തീരായിരം രൂപയുടെ ഇന്‍ജെക്ഷന്‍ എടുക്കാന്‍ പറഞ്ഞ സാറത്തിയെ എനിക്ക്‌ നേരിട്ടറിയാം.

ഇതിനൊക്കെ മാറ്റം വരണമെങ്കില്‍, സംഘടനാ തലത്തിലുള്ള ബോധവല്‍ക്കരണവും, ഉന്നത നിലവാരമുള്ള തുടര്‍ വിദ്യാഭ്യാസവും അത്യാവശ്യമാണ്‌. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ പിന്നെ ജീവിതം മുഴുവന്‍ ഡോക്ടറായി ഇരിക്കാം എന്ന അവസ്ഥ മാറ്റി ഇടയ്ക്കിടെ ലൈസന്‍സിംഗ്‌ പരീക്ഷകള്‍ നടത്തണം. ഏറ്റവും കുറഞ്ഞത്‌ IMC നിര്‍ദ്ദേശിച്ച CME അവേര്‍സിന്റെ കാര്യത്തിലെങ്കിലും നിഷ്കര്‍ഷ ഉണ്ടാവണം. പല തലങ്ങളിലായി പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ്‌ വരണം. അല്ലാതെ വെറുതെ ഒരു ട്രീറ്റ്‌മന്റ്‌ പ്രോട്ടോകോള്‍ ഉണ്ടാക്കുന്നത്‌ ഗുണം ചെയ്യില്ല. മാത്രമല്ല, ഒരു ഡോക്ടര്‍ക്ക്‌ തന്റെ അനുഭവ ജ്ഞാനവും, പ്രായോഗിക വിജ്ഞാനവും, ധൈഷണിക ഭാവനയും ചികില്‍സയില്‍ പ്രയോഗിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുകയുമാണ്‌. ചിലര്‍ അങ്ങിനെ ചെയ്യുന്നത്‌ കൊണ്ടാണ്‌ അവര്‍ വ്യത്യസ്തരാവുന്നതും, അതിനെ കൈപ്പുണ്ണ്യം എന്നൊക്കെ മറ്റുള്ളവര്‍ വ്യാഖ്യാനിക്കുന്നതും.

Monday, January 07, 2008

മരുന്നെഴുത്തിലെ പരിഗണനകള്‍.

ഡോക്ടര്‍മാരുടെ മരുന്നെഴുത്തില്‍ വളരെയധികം ദൂഷിത താല്‍പര്യങ്ങള്‍ ഉണ്ടെന്ന ആരോപണം പൂര്‍വാധികം ശക്തമായി ഉയരുന്ന സമയമാണിപ്പോള്‍. കഴിഞ്ഞ ദിവസം മനോരമ ന്യൂസില്‍ വന്ന നേര്‍ക്കുനേര്‍ പരിപാടി കണ്ടപ്പോള്‍ ഉണ്ടായ ചില ചിന്തകളാണിതില്‍.

രോഗിയുടെ താല്‍പര്യം മാത്രം നോക്കി മരുന്നെഴുതുന്ന മര്യാദരാമന്മാരാണ്‌ 99% ഡോക്ടര്‍മാരും എന്ന് IMA പ്രസിഡെന്റ്‌ പറയുന്നു. 99% എന്നുള്ളത്‌ അല്‍പം അതിശയോക്തി പരമാണെങ്കിലും ഭൂരിഭാഗം പേരും സ്വാര്‍ത്ഥതാല്‍പര്യത്തിലല്ല മരുന്നെഴുതുന്നത്‌ എന്നൊരു സത്യം തന്നെയാണ്‌.

ആദ്യം നമുക്ക്‌ ഡോക്റ്റര്‍മാര്‍ മരുന്നു കമ്പനികളുമായി ഒത്തുകളി നടത്തി മരുന്നെഴുതുന്നു എന്ന വാദം എടുക്കാം. തീര്‍ച്ഛയായും അടിസ്ഥാനരഹിതമായ ഒരു ആരോപണം അല്ല അത്‌. പക്ഷെ ഇവിടെ നമ്മള്‍ പരിഗണിക്കേണ്ട കാര്യങ്ങളുണ്ട്‌. ഡോക്ടര്‍ അനാവശ്യമായി മരുന്നെഴുതുന്നുണ്ടോ? അതോ രോഗിക്കു ആവശ്യമായ മരുന്ന് എഴുതുമ്പോള്‍ ഒരു പ്രത്യേക ബ്രാന്റ്‌ നിഷ്കര്‍ഷിക്കുകയാണോ?

രണ്ടാമത്തെ അവസ്ഥ നമുക്ക്‌ ആദ്യം പരിഗണിക്കാം. ഇവിടെ അനാവശ്യമായി മരുന്നെഴുതുന്നു എന്ന ആരോപണം ഇല്ല. രോഗിക്ക്‌ വേണ്ടുന്ന മരുന്ന് മാത്രമാണ്‌ കുറിച്ചിരിക്കുന്നത്‌. എന്നാല്‍ ഒരു പ്രത്യേക കമ്പനിയുടെ മരുന്ന് തന്നെ വാങ്ങണം എന്നു പറയുന്നു. ഇതില്‍ തെറ്റുണ്ടോ? ഡോക്ടര്‍ക്ക്‌ ജനറിക്‌ നാമത്തില്‍ എഴുതിക്കൂടേ? (മരുന്നിന്റെ പൊതുവായ പേരാണ്‌ ജെനറിക്‌ നേം. ഉദാ: പാരസെറ്റമോള്‍ ജെനറിക്‌ നേം, കാല്‍പോള്‍, ക്രോസിന്‍ മുതലായവ ട്രേഡ്‌ നേം.)

ഡോക്ടര്‍മാര്‍ ജെനറിക്‌ നാമങ്ങള്‍ ഒഴിവാക്കാനാണ്‌ പൊതുവേ താല്‍പര്യപ്പെടുന്നത്‌. കാരണം, മാര്‍ക്കറ്റില്‍ പല കമ്പനികളുടെ മരുന്നുകളുണ്ടാവും, പല വിലയുടേതാവും, ഗുണനിലവാരത്തിലും* വ്യത്യാസമുണ്ടാവും. തന്റെ രോഗിക്ക്‌ ഗുണനിലവാരത്തില്‍ തനിക്കുറപ്പുള്ള മരുന്ന് ലഭിക്കണം എന്നൊ, അല്ലെങ്കില്‍ 2 രൂപയ്ക്ക്‌ കിട്ടുന്ന മരുന്നിന്‌ അയാള്‍ 5 രൂപ കൊടുക്കേണ്ടതില്ല എന്ന ചിന്തയോ ആകാം അത്തരത്തില്‍ മരുന്നെഴുതാന്‍ സത്യസന്ധനായ ഒരു ഡോക്ടറെ പ്രേരിപ്പിക്കുന്നത്‌.

എന്നാല്‍ വേറൊരു വിഭാഗമുണ്ട്‌. ഈ വിഭാഗമാണ്‌ 'അഴിമതി'ക്കാരില്‍ ഭൂരിപക്ഷം എന്നു തോന്നുന്നു. വമ്പന്‍ കമ്പനികള്‍ വില്‍ക്കുന്ന മരുന്നുകളുടെ താരതമ്യ വിലയ്ക്ക്‌ തങ്ങളുടെ ഉല്‍പ്പന്നം വില്‍ക്കുന്ന നാടന്‍ കമ്പനികളുമായി കരാറുള്ളവര്‍. ഈ കൂട്ടുകെട്ടിന്റെ സൂത്രവാക്യം ഇങ്ങനെയാണ്‌. നിങ്ങള്‍ 5 രൂപയ്ക്ക്‌ വാങ്ങുന്ന മരുന്നിന്റെ ഉല്‍പ്പാദനച്ചിലവ്‌ മിക്കവാറും ഒരു രൂപയിലോ അന്‍പത്‌ പൈസയിലോ താഴെയായിരിക്കും. വന്‍കിട കമ്പനിക്കാരന്‍ ബാക്കി നാലര രൂപ അതേപടി വിഴുങ്ങുന്നു. എന്നാലിവിടെ നാലര രൂപ കമ്പനിയും എഴുതുന്ന ഡോക്ടറും കൂടി പങ്കുവെയ്ക്കുന്നു. ഈ പങ്ക്‌ ഗൃഹോപകരണങ്ങളായാകാം, മൊബെയിലും കമ്പ്യൂട്ടറുമായാകാം അല്ലെങ്കില്‍ മാസാമാസം കൃത്യമായി എത്തുന്ന കവറായുമാകാം. ഒരു തരം സിംബയോസിസ്‌. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ മരുന്ന് ഒരു രൂപയ്ക്ക്‌ രോഗിക്ക്‌ ലഭ്യമാക്കാന്‍ നിലവില്‍ മാര്‍ഗ്ഗമൊന്നുമില്ല*. ഇങ്ങനത്തെ സാഹചര്യത്തില്‍, രോഗി എന്തായാലും മുടക്കേണ്ട തുകയുടെ ഒരു പങ്ക്‌ കമ്പനിക്കാരനില്‍ നിന്നും തങ്ങള്‍ വാങ്ങിക്കുന്നതില്‍ തെറ്റില്ലല്ലോ എന്ന് അവര്‍ വാദിക്കുന്നു. പ്രത്യേകിച്ച്‌ വന്‍കിടക്കാരന്റെ ജാഡ കൂടിയാകുമ്പോള്‍.

ഈ വന്‍കിടക്കാരന്‌ ഇടപാടുകാരില്ലാതില്ല. അവരും വമ്പന്മാരായിരിക്കും. പ്രതിഫലം കാറോ, വീടോ അല്ലെങ്കില്‍ ജെര്‍മനിയിലേക്കൊ ഓസ്ട്രേലിയക്കൊ ഒരു ട്രിപ്പോ ആവാം. ഇത്തരക്കാരെ ബ്രാന്റ്‌ ഉറപ്പിക്കാനാണ്‌ കമ്പനികള്‍ ഉപയോഗിക്കുന്നത്‌. പ്രഫസറെക്കൊണ്ട്‌ എഴുതിപ്പിച്ചിട്ട്‌ ജൂനിയര്‍ ഡോക്ടറോട്‌ പറയും, നോക്കൂ ഇന്ന സാര്‍ ഇതാണെഴുതുന്നതെന്ന്. അവനും അത്‌ എഴുതി തുടങ്ങും.

* ഗുണനിലവാരത്തെ സംബന്ധിച്ച്‌ മനോരമ പരിപാടി കണ്ടവര്‍ക്ക്‌ സംശയം തോന്നാം. അതില്‍ പങ്കെടുത്ത കൊച്ചി അമൃതാ ഇന്‍സ്റ്റിട്യുട്ടിലെ ഫാര്‍മക്കോളജി തലവന്‍ (ക്ഷമിക്കണം, പേരു കിട്ടിയില്ല.) പറയുന്നു, ഏതു കമ്പനിയുടേതായാലും ഏതു വിലയുടേതായാലും മരുന്നിന്റെ ഗുണനിലവാരം ഒരു പോലായിരിക്കുമെന്ന്. അത്‌ അങ്ങിനെയായിരിക്കണമെന്നത്‌ നിയമം, പക്ഷെ അത്‌ അങ്ങിനെയല്ല എന്നത്‌ സത്യം.

* കുറഞ്ഞ വിലയ്ക്ക്‌ മരുന്നുകളുമായി ഒരു ഇന്‍ഡ്യന്‍ കമ്പനി വന്നു. അവരുടെ ഉദ്ദേശശുദ്ധിക്ക്‌ (അതോ കച്ചവട തന്ത്രമോ?) ഫലമുണ്ടായി. കുറഞ്ഞ നാളിനുള്ളില്‍ രാജ്യത്തെ പ്രമുഖ കമ്പനികളിലൊന്നായി മാറി അത്‌. അവരുടെ മരുന്നുകള്‍ക്ക്‌ ഗുണം പോരാ, അത്‌ ലാലു പ്രസാദിന്റെ കള്ളപ്പണം വെളുപ്പിക്കാനുള്ള പ്രസ്ഥാനമാണ്‌ എന്നൊക്കെയുള്ള ആരോപണങ്ങളുണ്ടായി. പക്ഷെ തുടക്കത്തിലെ വന്‍ വിലക്കുറവൊന്നും ഇപ്പോഴില്ല എന്നത്‌ സങ്കടകരമായ ഒരു കാര്യം.

ഡോക്ടര്‍മാര്‍ അനാവശ്യമായി മരുന്നെഴുതുന്നതിലെ പരിഗണനകള്‍ അടുത്തതില്‍.