Sunday, December 19, 2010

പരിണാമം, വസ്തുതകള്‍.

പരിണാമ വാദികളും സൃഷ്ടിവാദികളും തമ്മില്‍ ബ്ലോഗില്‍ വലിയ സംവാദം നടക്കുകയാണെന്നും അതില്‍ പരിണാമവാദികള്‍ തോറ്റു തുന്നം പാടിയിരിക്കുകയാണെന്നും പ്രഖ്യാപിച്ച് കാട്ടിപ്പരുത്തി എന്നൊരു ബ്ലോഗര്‍ ഇട്ടിരുന്ന പോസ്റ്റിനുള്ള പ്രതികരണമാണിത്. കമന്റ് മോഡറേഷന്‍ എന്ന അല്‍പ്പത്തരത്തിനോടുള്ള പ്രതിഷേധം എന്ന നിലയ്ക്കുമാണ് ഞാനിത് ഇവിടെ പോസ്റ്റുന്നത്.

പരിണാമശാസ്ത്രത്തെപ്പറ്റി കാര്യമായ ചര്‍ച്ചയൊന്നും അടുത്തിടെ ബ്ലോഗില്‍ നടക്കുന്നതായി ഞാന്‍ കണ്ടില്ല. ഈ വിഷയത്തില്‍ ഗൌരവപൂര്‍ണ്ണമായ പോസ്റ്റുകള്‍ വരുന്നത് ചര്‍വാകന്റെ ബ്ലോഗിലാണ്, എന്നാല്‍ അവിടെ യാതൊരു വിധ ചര്‍ച്ചകളും നടക്കുന്നതായ് കാണുന്നുമില്ല. പിന്നെയുള്ളത് ചില മുസ്ലിം ഫന്‍ഡമെന്റലിസ്റ്റുകളുടെ സൃഷ്ടി സംബന്ധിച്ച നിലപാടുകളാണ്, അതാവട്ടെ ഞാന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്ന തരത്തിലുള്ളതും. എതിര്‍ ഭാഗം എന്തൊക്കെ പറയണം, എന്തെല്ലാം പറയാന്‍ പാടില്ല എന്നൊക്കെ ഞങ്ങള്‍ തീരുമാനിക്കും എന്നതാണവരുടെ നിലപാട്. അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല, കാരണം അതു തന്നെയാണ് മത-കള്‍ട്ട് ചര്‍ച്ചകളുടെ പ്രത്യേകതയും.

അമേരിക്കയില്‍ നടന്ന ഒരു സര്‍വേയില്‍ 90% ത്തില്‍ അധികം ജനങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള സൃഷ്ടി വിശ്വാസമുള്ളവരാണെന്നു കണ്ടെത്തി. എന്നാല്‍ അവിടുത്തെ ശാസ്ത്രസമൂഹത്തില്‍ 99% പേരും ദൈവത്തിന്റെ ഇടപെടല്‍ ആവശ്യമില്ലാത്ത ഒരു പരിണാമപ്രകൃയയില്‍ വിശ്വസിക്കുന്നവരാണ്. (സമാനമായൊരു ഇന്‍ഡ്യന്‍ പഠനത്തില്‍ വിദ്യാസമ്പന്നരായ ‌- ശാസ്ത്രജ്ഞരല്ല - 45% ഇന്‍ഡ്യക്കാരും പരിണാമത്തില്‍ വിശ്വസിക്കുന്നു.) സാമാന്യ ജനവും ശാസ്ത്രസമൂഹവും തമ്മില്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ ഇത്ര വലിയ ഒരു വ്യത്യാസത്തിനു കാരണമെന്താണ്?

ഉത്തരം വളരെ ലളിതമാണ്. ശാസ്ത്രസത്യങ്ങള്‍ മനസ്സിലാകണമെങ്കില്‍ അതില്‍ അല്പസ്വല്പം അടിസ്ഥാന വിവരമുണ്ടാകണം. ആദ്യം പറഞ്ഞ പോസ്റ്റില്‍ വന്ന ഒരു കമന്റിനു സമാനമായ ഒരു ഉദാഹരണം പറയാം. പിതൃത്വം സംബന്ധിച്ച് ചിലര്‍ വാദിക്കുന്നത് അത് ഒരു സങ്കല്‍പ്പം മാത്രമാണെന്നാണ്. മാതൃത്വം മാത്രമേ സത്യമുള്ളൂ എന്നു വാദിക്കാം. എന്നാല്‍ ഡി.എന്‍.ഏ ടെസ്റ്റ് വഴി പിതൃത്വവും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം സ്ഥാപിക്കാം എന്ന് നമുക്കറിയാം. എന്നാല്‍ ഇതു മനസ്സിലാകണമെങ്കില്‍ ഏറ്റവും കുറഞ്ഞത്, നമ്മുടെ ശരീരം കോശനിര്‍മ്മിതമാണെന്നും അതിനുള്ളില്‍ ഡി. എന്‍. ഏ എന്നൊരു സാധനവും ഉണ്ട് എന്നെങ്കിലും അറിവുണ്ടാകണം. എന്നാല്‍ രസകരമായ ഒരു കാര്യം, ഇപ്പറഞ്ഞ അടിസ്ഥാന വിവരം ഇല്ലെങ്കില്‍ പോലും ഇത് സംബന്ധിച്ച് ആര്‍ക്കും പരാതിയും സംശയവും ഇല്ല എന്നതാണ്. പത്രത്തില്‍ വായിക്കുന്നു, ശരി സമ്മതിച്ചു. ഇവിടെ പരാതിയില്ലാത്തത് അത് അവരുടെ വ്യക്തിപരമായ വിശ്വാസത്തെ ബാധിക്കാത്ത പ്രശ്നമായതുകൊണ്ടാണ്. എന്നാല്‍ താനോ താന്‍ ആരാധിക്കുന്ന ഒരു നേതാവോ പിതൃത്വ പരിശോധന നേരിടേണ്ടി വന്നാല്‍ അപ്പോള്‍ ഈ ടെസ്റ്റ് വിഡ്ഡിത്തരമാണെന്ന് വാദിക്കും. ആത്മവഞ്ചനയോടെയല്ല, ആത്മാര്‍ത്ഥമായി തന്നെ. കാരണം ഈ ടെസ്റ്റിനെ സംബന്ധിച്ച അടിസ്ഥാന ശാസ്ത്രസത്യങ്ങള്‍ അയാള്‍ക്കറിയില്ല, പാവം. (അറിയുമായിട്ടും ആത്മവഞ്ചന നടത്തുന്ന ഒരു ഭൂരിപക്ഷത്തെ ഞാന്‍ പരാമര്‍ശിച്ച് അസ്വസ്ഥരാക്കുന്നില്ല.)

അടിസ്ഥാന വിജ്ഞാനം ഇല്ലാത്തത് എന്തൊക്കെ അബദ്ധധാരണകളില്‍ മനുഷ്യനെ ചെന്നു പെടുത്താം എന്നതിന്റെ സമീപകാല ഉദാഹരണങ്ങളാണ് ‘കാര്‍ഗോ കള്‍ട്ടുകള്‍’. രണ്ടാം ലോക മഹായുദ്ധകാലത്ത് പസിഫിക് ദ്വീപസമൂഹങ്ങളില്‍ പടര്‍ന്നു പിടിച്ച ഒരു വിശ്വാസമായിരുന്നു അത്. പുറം ലോകവുമായി കാര്യമായ ബന്ധമില്ലാതെ കഴിഞ്ഞിരുന്ന ആദിമ ജനതയായ തദ്ദേശീയരുടെ ഇടയിലേക്ക് അന്നത്തെ ‘സ്റ്റേറ്റ് ഒഫ് ആര്‍ട്ട്’ സൌകര്യങ്ങളുമായി അമേരിക്കന്‍ ജാപ്പനീസ് പട്ടാളം വന്നിറങ്ങുന്നു. തദ്ദേശിയര്‍ നോക്കുമ്പോള്‍ വിമാനങ്ങളിലും കപ്പലുകളിലുമായി സൌകര്യങ്ങള്‍ (വസ്ത്രങ്ങള്‍, ഇതുവരെ കണ്ടിട്ടില്ലാത്ത ഉപകരണങ്ങള്‍, ഭക്ഷണം, ആഢംബര സാമഗ്രികള്‍) വന്നുകൊണ്ടിരിക്കുന്നു. ഈ വക സാധനങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്നതാണെന്ന അടിസ്ഥാന വിവരം ദ്വീപ് നിവാസികള്‍ക്കില്ല. അവരതു കണ്ടിട്ടില്ല. ഈ വരത്തന്മാരുടെ ദൈവങ്ങള്‍ അവര്‍ക്കയച്ചു കൊടുക്കുന്ന പാരിതോഷികങ്ങളാണിതൊക്കെയെന്നാണ് ആ പാവങ്ങള്‍ ധരിച്ചുവശായത്. പട്ടാളക്കാര്‍ നടത്തുന്ന ഡ്രില്ലുകള്‍ ദൈവങ്ങളെ പ്രീതിപ്പെടുത്താനുള്ള ചടങ്ങുകളായി അവര്‍ ധരിച്ചു. ദൈവങ്ങളേയും തങ്ങളുടെ മരിച്ചുപോയ കാരണവന്മാരേയും പ്രീതിപ്പെടുത്തിയാല്‍ ഈ വക സാധനങ്ങള്‍ തങ്ങള്‍ക്കും ലഭിക്കും എന്നവര്‍ കണക്കു കൂട്ടി. അതിനായി അവര്‍ പട്ടാളക്കാരെ അനുകരിച്ച് ഡ്രില്ലുകള്‍ നടത്തി, അവരുപയോഗിച്ചിരുന്ന സാധനങ്ങളുടെ (തോക്ക്, റേഡിയൊ മുതലായവ) അനുകരണങ്ങള്‍ നിര്‍മ്മിച്ചു. യുദ്ധം കഴിഞ്ഞ് പട്ടാളക്കാര്‍ പോയിക്കഴിഞ്ഞപ്പോള്‍ കാര്‍ഗോകള്‍ വരാതായി. ഇനി തങ്ങളുടെ ഊഴമായെന്നു കരുതി അവര്‍ വിമാനത്താവളം - റെണ്‍ വേയും കണ്ട്രോള്‍ ടവറും, എന്തിന് ചിരട്ട കൊണ്ട് ഹെഡ് ഫോണ്‍ സഹിതം- നിര്‍മ്മിച്ച് കാത്തിരുന്നു.

ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത് ഒറ്റപ്പെട്ട ഒരു സംഭവം അല്ലായിരുന്നു എന്നതാണ്. വ്യത്യസ്ഥ സ്ഥലങ്ങളിലായി ഏകദേശം നാല്‍പ്പതോളം കള്‍ട്ടുകള്‍ രൂപപ്പെട്ടിരുന്നത്രെ! ( ഈ സംഭവങ്ങളില്‍ നിന്ന്, മതങ്ങളുടെ ഉത്ഭവം, പ്രചാരണം എന്നിവയെപ്പറ്റി എന്തെങ്കിലും ധാരണ രൂപപ്പെടുന്നുണ്ടോ?)

ജീവജാലങ്ങളുടെ ഉല്‍പ്പത്തിക്കും വികാസത്തിനും നിദാനമായി പരിണാമത്തെ ശാസ്ത്രലോകം നിസ്സംശയം അംഗീകരിച്ചിട്ടുള്ളതാണ്. പരിണാമം കൃത്യമായി എങ്ങിനെയായിരുന്നു എന്ന പിരിവുകളെ സംബന്ധിച്ചേ പൂര്‍ണ്ണ ധാരണ ആകാതെയുള്ളൂ. ഉദാഹരണമായി പ്രൊ:സ്റ്റീഫന്‍ ജേ ഗോള്‍ഡ് പരിണാമം സംഭവിച്ചത് ചെറിയ ചെറിയ ചാട്ടങ്ങളിലൂടെയാണ് എന്നു കരുതുമ്പോള്‍ ഡോ: റിച്ചാര്‍ഡ് ഡോക്കിന്‍സിനെപോലുള്ളവര്‍ അത് സാവധാനം എന്നാല്‍ തുടര്‍ച്ചയായുള്ള ഒരു പ്രക്രിയയാണെന്നു കരുതുന്നു.

അതുപോലെ ജീവന്‍ ആദ്യം ഉത്ഭവിച്ചത് (ആദ്യ റെപ്ലിക്കേറ്റര്‍) എങ്ങിനെ എന്ന് നമുക്ക് ഇതുവരെ കൃത്യമായ ഒരു ധാരണ ആയിട്ടില്ല. ആദ്യ റെപ്ലിക്കേറ്ററിന്റെ ഉത്ഭവം, ആദ്യ യൂകാര്യോട്ടിക് കോശത്തിന്റെ ഉത്ഭവം, ബുദ്ധിയുടെ ആരംഭം മുതലായവയൊക്കെ ഇപ്പോഴും ശാസ്ത്രജ്ഞമാരെ അന്വേഷണകുതുകികളാക്കി നിലനിര്‍ത്തുന്ന കാര്യങ്ങളാണ്.

എന്നാല്‍, ഇവയൊന്നും പരിണാമം എന്ന വസ്തുതയെ ദുര്‍ബലപ്പെടുത്തുന്നില്ല. കാരണം ശരിയായ ശാസ്ത്രത്തിന്റെ വഴി അന്വേഷണങ്ങളിലും, ചര്‍ച്ചകളിലും, തിരുത്തലുകളിലും കൂടിയാണ്. പരിണാമസിദ്ധാന്തത്തിന് തെളിവില്ല എന്നു പറയുന്നവര്‍ അവ മനസ്സിലാക്കാനുള്ള അടിസ്ഥാന ജ്ഞാനമോ ബുദ്ധിവൈഭമോ ഇല്ലാത്തവരാണ്. അല്ലെങ്കില്‍ അത് അംഗീകരിച്ചാല്‍ തങ്ങളുടെ അവസാന തുരുത്തും നഷ്ടപ്പെടും എന്നു കരുതുന്നവര്‍. ചൈല്‍ഡ് ഇന്‍ഡോക്ട്രിനേഷന്‍ എന്ന ബാലപീഢനത്തിന്റെ ഇരകള്‍.

എങ്കില്‍ ഈ പാവങ്ങള്‍ അവരുടെ വിശ്വാസവുമായി ഇരുന്നോട്ടെ, നിങ്ങളെന്തിന് തര്‍ക്കിക്കാന്‍ നില്‍ക്കുന്നു എന്നു ചോദിക്കാം. കാരണമുണ്ട്. കാട്ടിപ്പരുത്തിയുടെ പോസ്റ്റില്‍ മനോജ് പറഞ്ഞിരിക്കുന്ന ഒരു കാര്യമുണ്ട്. തീവ്രസൃഷ്ടി വാദികളായ കത്തോലിക്ക സമൂഹം സ്കൂളുകളില്‍ പരിണാമം പഠിപ്പിക്കാന്‍ സമ്മതിച്ചിരിക്കുന്നതിനെക്കുറിച്ച്.സത്യത്തില്‍ അത് കത്തോലിക്കാ സഭയുടെ ഔദാര്യം ഒന്നുമല്ല, നിരവധി കോടതി കേസുകളില്‍ ശാസ്ത്ര സമൂഹം ഒറ്റക്കെട്ടായി സഭയുടെ നിലപടുകളെ പ്രതിരോധിച്ച് അനുകൂല വിധി സമ്പാദിച്ചതിനാലാണ് സ്കൂളുകളില്‍ പരിണാമം പഠന വിഷയമായതും, സൃഷ്ടിവാദം പുറത്തായതും. നിയമ നിര്‍മ്മാണത്തില്‍ മാത്രമല്ല കോടതി വിധികളില്‍ പോലും മതപ്രീണനം ശീലമാക്കിയ ഇന്‍ഡ്യയില്‍ ശാസ്ത്രസമൂഹം ജാഗരൂപരായി ഇരുന്നില്ലെങ്കില്‍ ഒരു പക്ഷെ വലിയ വിലകള്‍ നല്‍കേണ്ടി വരും.

നേരത്തെ ഒരു കമന്റില്‍ ഞാനേറെ പഴി കേള്‍ക്കേണ്ടി വന്ന ഒരു വാചകം ഒരിക്കല്‍ കൂടി പറയട്ടെ, ശാസ്ത്രം എല്ലാം കണ്ടു പിടിച്ചു കഴിഞ്ഞിട്ടില്ല, എന്നാല്‍ അതിന്റെ പാതയില്‍ അനുസ്യൂതം സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്, എല്ലായിടത്തും കൊള്ളിക്കാവുന്ന ഉത്തരം മതഗ്രന്ധങ്ങളില്‍ കാണും. അതു മതിയെന്നുള്ളവര്‍ക്ക് അതുകൊണ്ട് തൃപ്തിപ്പെടാം, പക്ഷെ എല്ലാവരും അങ്ങിനെ മസ്തിഷ്കശുഷ്കര്‍ (ഡിസ് യൂസ് അട്രോഫി എന്ന് വൈദ്യശാസ്ത്രത്തില്‍ ഒരു പ്രയോഗമുണ്ട്. എന്നു വെച്ചാല്‍ ഉപയോഗിക്കാത്തതു കൊണ്ട് ഒരു അവയവം ശുഷ്കിച്ചു പോവുക, അത്രയുമേ ഇവിടേയും ഉദ്ദേശിക്കുന്നുള്ളൂ.) ആവണം എന്നു വാ‍ശി പിടിക്കരുത്.