Tuesday, April 29, 2008

സീറ്റ്‌ ബെല്‍റ്റും സ്ത്രീ ശാക്തീകരണവും.

മൂന്നാഴ്ച മുന്‍പാണ്‌. തൃശൂര്‌ പെങ്ങളുടെ വീട്ടില്‍ പോയി മടങ്ങുമ്പോള്‍ കുട്ടികള്‍ക്ക്‌ നിര്‍ബന്ധം, ആതിരപ്പള്ളിക്ക്‌ പോണം എന്ന്. വെക്കേഷനല്ലേ, ഇതുവരെ ഒരിടത്തും കൊണ്ടു പോയില്ല, എന്നാലങ്ങിനെയാവട്ടെ എന്നു വെച്ചു. കുറേ നാള്‍ കൂടിയാണ്‌ ആതിരപ്പള്ളിക്ക്‌ പോകുന്നത്‌. നല്ല തിരക്ക്‌, പൊരിവെയിലും. പോരാഞ്ഞ്‌ സത്യാഗ്രഹക്കാരുടെ താനാരോ... തന്തയാരോ പാട്ട്‌ ലൗഡ്‌ സ്പീക്കറില്‍ ചെവി പൊട്ടുമാറ്‌ വെച്ചു സന്ദര്‍ശകരെ പീഠിപ്പിക്കുകയും. അധികം നില്‍ക്കാനാകാതെ മടങ്ങി.
വഴിയില്‍ പോലീസ്‌ ചെക്കിങ്‌. ഒരു പോലീസുകാരന്‍ കൈ കാണിച്ചു. "ഇതെന്താ, ഫാമിലിയാണേല്‍ ചെക്ക്‌ ചെയ്യരുതെന്നല്ലേ" ഭാര്യ എന്നൊട്‌ പരിഭവിച്ചു. (അങ്ങിനെ വല്ല നിയമവും ഉണ്ടോ?) ഏതായാലും വണ്ടിയുടെ കടലാസുകളും ലൈസന്‍സും ഒക്കെയായി ഇറങ്ങിച്ചെന്നു. ഏമാന്‍ന്‌ അതൊന്നും കാണണ്ട. "വണ്ടി ഏതാ മോഡല്‍?" വളരെ കാര്യമായുള്ള അന്വേഷണം. "2004" ഞാന്‍. "അയ്യോ! അപ്പം രക്ഷയില്ല. 2002 വരെ കുഴപ്പമില്ല. ബെല്‍റ്റിടാത്തതിന്‌ ഫൈനുണ്ട്‌. ഒരു നൂറു രൂപ അടയ്ക്കാമല്ലോ?" എന്റെ ഭാര്യ പോലും എന്നോട്‌ ഇത്ര സ്നേഹത്തിലും സഹതാപത്തിലും സംസാരിക്കാറില്ല. ഫൈനടച്ചു. ചെറിയ വിഷമം തോന്നി, കാരണം ആദ്യമായാണ്‌ വണ്ടിക്കാര്യത്തില്‍ ഫൈനടയ്ക്കുന്നത്‌. എന്തായാലും ഇടയ്ക്കുപേക്ഷിച്ച ഒരു നല്ല ശീലം തിരിച്ചു കിട്ടി. (നേരത്തെ കൃത്യമായി ബെല്‍റ്റ്‌ ഉപയോഗിക്കുമായിരുന്നു. കൂടെ കയറുന്നവര്‍ കമന്റാന്‍ തുടങ്ങിയപ്പോള്‍ ഉപേക്ഷിച്ചതാണ്‌.)

ഭാര്യയുടെ അടുത്ത കൂട്ടുകാരിയാണ്‌ സൂര്യ. സൂര്യ അടുത്തിടെയാണ്‌ ഡ്രൈവിംഗ്‌ പഠിച്ചത്‌. കഴിഞ്ഞ ദിവസം കക്ഷിയെ വഴിയില്‍ വെച്ചു പോലീസ്‌ പിടിച്ചു. ആളാകെ വിരണ്ടു, കടലാസുകളുമായി ചെന്നപ്പോഴാണ്‌ പറയുന്നത്‌, സീറ്റ്‌ ബെല്‍റ്റില്ലാത്തതാണ്‌ പ്രശ്നം. ഫൈനടയ്ക്കണം.
"അയ്യോ സര്‍, ഞാന്‍ പ്രെഗ്നന്റ്‌ ആണ്‌. അതുകൊണ്ടാണ്‌ ബെല്‍റ്റിടാഞ്ഞത്‌."
"ഉവ്വോ! സോറി മാഡം. പൊയ്യ്ക്കോളൂ."
ഏമാനറിയുന്നുണ്ടോ തന്നെ വിറ്റ കാശുമായാണ്‌ ചില പെണ്ണുങ്ങള്‍ ഇറങ്ങിയിരിക്കുന്നതെന്ന്?

Wednesday, April 23, 2008

അസുഖകരമായ ഒരു സത്യം.


അല്‍ ഗോറിനെ നാമാരും മറന്നിട്ടില്ല. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍, കുറച്ചേറെ നാള്‍ അമേരിക്കയുടെ വരും പ്രസിഡെന്റ്‌ ആയിരുന്നയാള്‍. പിന്നെ 2007 ലെ നോബല്‍ സമ്മാന ജേതാവ്‌, ഏറ്റവും പ്രധാനമായി ഒരു മുന്‍നിര പരിസ്ഥിതി പോരാളി.
ഇപ്പോള്‍ അദ്ദേഹത്തെ ഓര്‍ക്കാന്‍ കാര്യമുണ്ട്‌. ഇന്നലത്തെ HBOയിലെ രാത്രിപ്പടം അദ്ദേഹത്തിന്റെ An Incovenient Truth അയിരുന്നു. ആഗോളതാപനത്തെ പറ്റി അദ്ദേഹം നടത്തുന്ന സ്ലൈഡ്‌ പ്രസന്റേഷന്റെ ഒരു ചലച്ചിത്രാവിഷ്കരണം. കുറച്ചു പേരെങ്കിലും ആ ചിത്രം കണ്ടിട്ടുണ്ടാകും എന്നു കരുതുന്നു. കാണാത്തവര്‍ക്കായി ഒരു പരിചയപ്പെടുത്തല്‍.
"നമുക്കു നേരിടേണ്ടി വരുന്ന അത്യാപത്ത്‌ തീവ്രവാദം മാത്രമല്ല." അല്‍ ഗോര്‍ ഓര്‍മിപ്പിക്കുന്നു. ആഗോള താപനത്തിന്റെ ഗുരുതരാവസ്ഥ അദ്ദേഹം സ്ഥിതിവിവരക്കണക്കുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ വിവരിക്കുമ്പോള്‍ നമുക്ക്‌ അസ്വസ്ഥരാവാതെ വയ്യ. ആഗോളതാപനം ഒരു ഒരു ബുദ്ധിജീവി പേച്ചാണെന്നു ധരിച്ചു വെച്ചിരിക്കുന്ന നമ്മളില്‍ പലര്‍ക്കും അതൊരു നടുക്കുന്ന സത്യമായി വെളിവാകുന്നു. സംഖ്യകളും ഗ്രാഫുകളും പവര്‍പോയിന്റ്‌ സ്ലൈഡുകളും ഇവിടെ പക്ഷെ പതിവുപോലെ നമ്മളെ ബോറടിപ്പിക്കുന്നില്ല, മറിച്ച്‌ വിശ്വാസ്യതയെ എന്നപോലെ തന്നെ ഇരിപ്പിടങ്ങളിലേക്കും അവ നമ്മെ ഉറപ്പിക്കുന്നു.
ഇതെല്ലാം പറഞ്ഞ്‌ ഭയപ്പെടുത്തി നമ്മെ വഴിയില്‍ ഉപേക്ഷിച്ചു പോകുന്നില്ല അല്‍ ഗോര്‍. നമുക്ക്‌ എന്തു ചെയ്യാനാവും എന്നും അദ്ദേഹം പറഞ്ഞു തരുന്നു. അത്തരം ഇടപെടലുകള്‍ എത്രമാത്രം ഫലപ്രദമാണെന്നും അദ്ദേഹം പറയുന്നു. കാര്യക്ഷമമായി നാമോരുരുത്തരും പ്രവര്‍ത്തിച്ചാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ നമുക്ക്‌ 1970 നു മുന്‍പുള്ള പാരിസ്ഥിതിക അവസ്ഥയിലേക്ക്‌ മടങ്ങാനാവും. ഓസോണ്‍ പാളിയിലുണ്ടായ ക്ഷതത്തെ നമ്മള്‍ ഫലപ്രദമായി ഭേദപ്പെടുത്തിയത്‌ ഉദാഹരണമായി പറയുമ്പോള്‍ നമുക്കല്‍പ്പം ആശ്വാസം തോന്നും.
"ഒരു തിരുത്തലിനു വേണ്ട എല്ലാ സാമഗ്രികളും നമുക്കുണ്ട്‌, ഒരു പക്ഷെ ഇല്ലാത്തത്‌ രാഷ്ട്രീയ ഇച്ഛാശക്തി മാത്രമാണ്‌." "But political will is a renewable resource." എന്നദ്ദേഹം പറയുന്നത്‌ അമേരിക്കയെപ്പറ്റിയാണെങ്കിലും നമുക്കും ചിലതൊക്കെ തോന്നേണ്ടതല്ലേ?
തീര്‍ച്ചയായും ഈ ചിത്രം കാണണം. ഇന്‍ഡ്യയിലുള്ളവര്‍ക്ക്‌ വരും ദിവസങ്ങളില്‍ HBO യില്‍ പുനര്‍ പ്രക്ഷേപണം ഉണ്ടാവും.