Thursday, June 30, 2011

മതസഹിഷ്ണുതയുടെ ചരിത്രവും ശാസ്ത്രവും.

തങ്ങളുടെ മതം സഹിഷ്ണതയുടെ മതമാണെന്ന് ഒട്ടു മിക്ക മതമേധാവികളും നേതാക്കളും ദിനം പ്രതി ആണയിടുന്നുണ്ട്. എന്നാല്‍ ഇങ്ങനെ ആണയിടല്‍ ആവശ്യമായി വരുന്നത് എന്ത് കൊണ്ടാണ്? വാസ്തവത്തില്‍ മതങ്ങളുടെ അന്തസത്തയില്‍ ഇതര മതങ്ങളോടുള്ള സഹിഷ്ണുത വ്യക്തമാക്കുന്നുണ്ടോ?

ഒരാള്‍ക്ക് ഇഷ്ടപ്പെടാത്തതോ യോജിക്കാന്‍ കഴിയാത്തതോ ആയ കാര്യങ്ങളെ അല്ലെന്കില്‍ ആശയങ്ങളെ അംഗീകരിക്കാനുള്ള അയാളുടെ കഴിവിനെയാണ് സഹിഷ്ണുത എന്ന് നിഘണ്ടു നിര്‍വചിക്കുന്നത്. സഹിഷ്ണുത പ്രകടിപ്പിക്കുന്ന ആള്‍, അദ്ദേഹത്തിന്റെ അനുകൂല നിലപാടു മൂലം എതിര്‍ ഭാഗത്തിന് ഗുണം ചെയ്യാനും മറിച്ചെന്കില്‍ ദോഷം വരുത്താനും തക്കതായുള്ള ഒരു സാമൂഹിക, അധികാര സ്ഥാനം കൈയ്യാളുന്നവനുമായിരിക്കണം. അതായത് ഒരു അടിമ തന്റെ യജമാനന്റെ ആശയങ്ങളെ അംഗീകരിക്കുന്നത് സഹിഷ്ണുതയായി കരുതാനാവില്ല. എന്നാല്‍ മറിച്ച് ആണുതാനും. സഹിഷ്ണുതയെ ഇപ്രകാരം വിശദീകരിക്കുമ്പോള്‍ മിക്കവാറും മത തത്വങ്ങള്‍ക്ക് എതിരായിത്തീരുന്നു അത്. തങ്ങളുടെ വിശ്വാസ സംഹിത മാത്രമാണ് ശരി, അതിനെ പിന്തുടരാത്തവര്‍ ദൈവത്തിന്റെ കോപത്തിനിരയായവരും, ദൈവത്തിന്റേയും അതുകൊണ്ടു തന്നെ തങ്ങളുടേയും ശത്രുക്കളുമാണ് എന്നാണ് എല്ലാ മതങ്ങളും തന്നെ (പ്രത്യേകിച്ച് ദൈവം നേരിട്ട്, അല്ലെന്കില്‍ സ്വന്തം ദൂതന്‍ വഴി വചനം എത്തിച്ച മതങ്ങള്‍) പഠിപ്പിക്കുന്നത്. വ്യക്തമാക്കാന്‍ എത്ര വേണമെന്കിലും ഉദാഹരിക്കാം. പക്ഷെ മത ഗ്രന്ഥങ്ങളെ ഉദ്ധരിക്കേണ്ട എന്നാണ് എന്റെ തീരുമാനം. അതിനു പകരം മതങ്ങളുടെ നാള്‍വഴികളില്‍ അതിന്റെ നേതാക്കളും അനുയായികളും എത്രമാത്രം സഹിഷ്ണുത മറ്റു മതങ്ങളോട് കാണിച്ചിരുന്നു എന്ന് അന്വേഷിക്കുന്നത് വസ്തുതകള്‍ വെളിവാക്കും.

ആദ്യമായി ഇന്ഡ്യയിലെ ഏറ്റവും പ്രാചീനവും ഭൂരിപക്ഷവുമായ ഹിന്ദുമതം എടുക്കാം. ഇന്ന് ഹിന്ദുക്കള്‍ പ്രകടിപ്പിക്കുന്ന മതസഹിഷ്ണുത താരതമ്യേന പുതിയ ഒരു ഗുണമാണെന്നും പ്രാചീന കാലത്ത് കാര്യങ്ങള്‍ ഇങ്ങനെ ആയിരുന്നില്ല എന്നുമാണ് ഒരു പ്രോ-ഹിന്ദു വെബ് സൈററ് തന്നെ സമ്മതിക്കുന്നത്. വേദ കാലഘട്ടങ്ങളില്‍ തന്നെ ഇത് പ്രകടമാണ്. തങ്ങളുടെ സമൂഹത്തിനു പുറത്തുള്ളവരായ ദസ്യുക്കളെപ്പറ്റി വളരെ നിന്ദ്യവും ആക്ഷേപകരവുമായ പരാമര്‍ശങ്ങളാണ് വേദകാല സാഹിത്യം നല്‍കുന്നത്. ഹിന്ദുമതത്തില്‍ തന്നെ വ്യത്യസ്ഥ ആശയങ്ങളുമായി ജന്മം കൊണ്ട അജീവക, ലോകായുത പ്രസ്ഥാനങ്ങള്‍ ഉള്‍മൂലനം ചെയ്യപ്പെട്ടു. ഇതേ ഗതി നേരിടേണ്ടി വന്ന മറ്റൊരു പ്രസ്ഥാനമാണ് താന്ത്രിക മതം. (പ്രസ്ഥാനങ്ങളുടെ ഗുണദോഷ നിര്‍ണ്ണയമല്ല നമ്മള്‍ ചെയ്യുന്നത്, മറിച്ച് നമ്മുടെ പരിഗണന ഇവിടെ സഹിഷ്ണുതയുടെ ചരിത്രം മാത്രമാണ്.)

ആദ്യ കാലഘട്ടങ്ങളില്‍ ബുദ്ധമതത്തിനും വളരെ എതിര്‍പ്പ് നേരിടേണ്ടീ വന്നു. എന്നാല്‍ മൗര്യ കാലഘട്ടത്തോടെ കാര്യങ്ങള്‍ക്ക് ചെറിയ വ്യത്യാസം വന്നു. മൗര്യ രാജാക്കന്മാര്‍ താഴ്നജാതി ഹിന്ദുക്കളായിരുന്നു. അവര്‍ക്ക് ബ്രാഹ്മണമതത്തോട് വലിയ ആഭിമുഖ്യം ഉണ്ടായിരുന്നില്ല. അശോക ചക്രവര്‍ ത്തി ബുദ്ധമതം സ്വീകരിച്ചത് പ്രസിദ്ധമാണല്ലോ? എന്നാല്‍ അശോകന്റെ കാലത്തിനു ശേഷം ബുദ്ധമതം ക്ഷയിക്കുകയും ബ്രാഹ്മണ്യം വീണ്ടും ശക്തി പ്രാപിക്കുകയും ചെയ്തു.

ഇതേ സമയത്തു തന്നെ ഹിന്ദു മതത്തിനുള്ളില്‍ തന്നെയും ചേരി തിരിവ് വ്യാപകമായി. വൈഷ്ണവരും ശൈവരും പരസ്പരം പോരടിച്ചു. വൈഷ്ണവരായിരുന്ന ഗുപ്തരാജാക്കന്മാരുടെ കാലത്ത് ബൗദ്ധരും ശൈവരും ഒരു പോലെ പീഢിപ്പിക്കപ്പെട്ടു. ബുദ്ധമതക്കാരുടെ ഗയയിലെ ക്ഷേത്രവും ബോധിവൃക്ഷവുമൊക്കെ അഗ്നിക്കിരയാക്കപ്പെട്ടു.

ദക്ഷിണ ഭാരതത്തിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. വൈഷ്ണവ ശൈവ ചേരിപ്പോരില്‍ ഒഴുകിയ രക്തത്തിനു കണക്കില്ല. 7ആം നൂറ്റാണ്ടില്‍ മധുരയിലെ ഭരണാധികാരിയായിരുന്ന മാരവര്‍മ്മന്‍ അരികേസരി (കൂന്‍ പാണ്ഡ്യന്‍), ശൈവ സന്യാസിയായിരുന്ന തിരു ജ്ഞാനസംബന്ധരുടെ അഭീഷ്ടപ്രകാരം 8000 ജൈന ഭിക്ഷുക്കളെ വധിച്ചതായി പറയപ്പെടുന്നു. മധുര മീനാക്ഷി ക്ഷേത്രത്തിലെ ചില ചുവര്‍ ചിത്രങ്ങളില്‍ ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നു. അവിടത്തെ ചില ആഘോഷങ്ങള്‍ ജൈനരെ ഉള്‍മൂലനം ചെയ്തതതിനോടനുബന്ധിച്ച് ഏര്‍പ്പാടാക്കിയത് ആണെന്നാണ് കരുതുന്നത്. (ജൈനഭിക്ഷുക്കളുടെ കൂട്ടക്കൊല സംഭവത്തിന് വ്യക്തത പോരാ. ഒരു പക്ഷെ ഈ സംഭവം നടന്നിട്ടില്ല എന്കില്‍ പോലും, അത്തരത്തിലുള്ള അവകാശവാദങ്ങളും അതു സംബന്ധിച്ച ആഘോഷങ്ങളും ഹിന്ദുമതത്തിന്റെ സഹിഷ്ണുതയെ ചോദ്യം ചെയ്യുന്നതാണ്. ഏതായാലും മധുര ഭാഗത്ത് ഒരു പ്രബല വിഭാഗമായിരുന്ന ജൈനരുടെ സംഖ്യയില്‍ 7ആം നൂറ്റാണ്ടിനു ശേഷം കാര്യമായ ഇടിവുണ്ടായി.)

സമാനമായ ഒന്നാണ് കേരളത്തിലെ കൊടുങ്ങലൂര്‍ ഭരണി ആഘോഷം. ബുദ്ധമതക്കാരെ പുറത്താക്കിയതിന്റെ ഒരു ഓര്‍മ്മ പുതുക്കലാണത് എന്നു കരുതുന്നുന്നു. കേരളത്തില്‍ നിരവധി ബുദ്ധക്ഷേത്രങ്ങള്‍ ഹിന്ദുക്ഷേത്രങ്ങളായി മാറ്റിയിട്ടുണ്ട്. മരുന്ന് ചികിത്സ മുതലായവയുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങള്‍ എല്ലാം തന്നെ പഴയ ബുദ്ധക്ഷേത്രങ്ങള്‍ ആയിരുന്നു എന്നു കരുതുന്നു. തകഴി ക്ഷേത്രം, ചേര്‍ത്തലയ്ക്കടുത്ത തിരുവിഴ ക്ഷേത്രം തുടങ്ങിയവ ഉദാഹരണം. ബുദ്ധമതവിശ്വാസികളായിരുന്ന വൈദ്യശാസ്ത വിദദ്ധര്‍ പിന്നീട് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിതരായി. അവരാണ് അഷ്ടവൈദ്യന്മാരായി പിന്നീട് പ്രസിദ്ധരായതെന്ന് ചരിത്രം.

കേരളത്തിലും ഒരിക്കല്‍ പ്രബലമായിരുന്ന ബുദ്ധ ജൈന മതങ്ങള്‍ ബ്രാഹ്മണ്യത്തിന്റെ ഉയര്‍ച്ചയോടെ തകര്‍ക്കപ്പെടുകയായിരുന്നു. ഭരണ കേന്ദ്രങ്ങളില്‍ സ്വാധീനം നേടിയെടുത്ത ബ്രഹ്മണര്‍ ആ ശക്തിയും എതിര്‍ കക്ഷി പീഡനത്തിന് ഉപയോഗിച്ചു. ബുദ്ധ ജൈന വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ മാത്രമല്ല, അതീവ സംപുഷ്ടമായിരുന്ന സാഹിത്യകൃതികളും ഉള്‍മൂലനം ചെയ്യപ്പെട്ടു.

ഹിന്ദുമതത്തിന്റെ അസഹിഷ്ണതയുടെ ഒരു പ്രത്യക്ഷ ദൃഷ്ടാന്തമാണ് ജാതി വ്യവസ്ഥ. സത്യത്തില്‍ കേരളത്തിലെ കാര്യമെടുത്താല്‍, വ്യത്യസ്ത ജാതി രൂപപ്പെടുന്നതു തന്നെ, ഏതേതു കാലങ്ങളില്‍ ഭിന്ന മതസ്ഥതര്‍ ഹിന്ദു മതത്തിലേക്ക് വന്നു എന്നതിലാണ്. ആദ്യകാല പരിവര്‍ത്തിതര്‍ സവര്‍ണ്ണവിഭാഗത്തില്‍ ചേര്‍ക്കപ്പെട്ടു. താന്തങ്ങളുടെ മതവിശ്വാസങ്ങളില്‍ മുറുകിപ്പിടിച്ച് പരിവര്‍ത്തനത്തിനു വിമുഖരായി നിന്നവരും അവസാനം ഹിന്ദുമതത്തില്‍ ചേരാന്‍ നിര്‍ബന്ധിതരായി. അങ്ങിനെ അവസാന കാലങ്ങളില്‍ ഹിന്ദു മതത്തില്‍ ചേര്‍ന്നവര്‍ അവര്‍ണ്ണരായി തഴയപ്പെട്ടു.

യൂറോപ്യന്‍ ഭരണത്തിന്റെ ആരംഭത്തോടെ അധികാര കേന്ദ്രങ്ങള്‍ക്ക് മാറ്റം വരികയും, സവര്‍ണ്ണ ഹിന്ദുക്കള്‍ പുതിയ ഭരണകര്‍ത്താക്കളുടെ മതത്തോട് സഹിഷ്ണുത പ്രകടിപ്പിക്കാനുള്ള നിര്‍വചനപരമായ യോഗ്യതയില്‍ നിന്ന് താഴെപ്പോവുകയും ചെയ്തു. എന്കിലും അവരെയൊക്കെ മ്ലേശ്ചരായി തന്നെയാണ് മനസ്സില്‍ കരുതിയിരുന്നത്. അപ്പോഴും അധ:കൃതരോടും ഗോത്രവാസികളോടും വിവേചനപരമായ നിലപാടുകള്‍ തന്നെയാണ് ഹിന്ദുമതം സ്വീകരിച്ചിരുന്നത്.

വിവരങ്ങള്‍ക്ക് കടപ്പാട്: കേരളത്തിന്റെ സാംസ്കാരിക ചരിത്രം. പി.കെ. ഗോപാലകൃഷ്ണന്‍.

അടുത്ത ഭാഗം: മതസഹിഷ്ണുത, ഭാരതത്തിലെ ഇസ്ലാം ചരിത്രം.

Sunday, June 12, 2011

ഹവ്വായുടെ മകൾ സൽവ്വ!

ആദാമിന്റെ മകൻ അബു എന്ന ചലച്ചിത്രം കാണുവാൻ സാധിച്ചിട്ടില്ല. എന്നാൽ പ്രൈമറി ക്ലാസ്സുകളിൽ പഠിച്ച, മനുഷ്യസ്നേഹത്തിന്റേയും അനുകമ്പയുടേയും പര്യായമായ ആദാമിന്റെ മകൻ അബുവിനെ മറന്നിട്ടില്ല. എന്നാലിപ്പോൾ അബുവിനെ വെല്ലുന്ന മനുഷ്യ സ്നേഹവുമായി പുതിയൊരു 'ദൈവപുത്രി' അവതാരം ചെയ്തിരിക്കുന്നു.

ഫോട്ടോ: കടപ്പാട് msn

സൽവ അൽ മുടൈരി എന്നാണ് അവതാരത്തിന്റെ പേരു. കുവൈറ്റിലെ ഒരു രാഷ്ട്രീയക്കാരിയണ്. ഒരിക്കൽ പാർളിമെന്റിലേക്ക് മത്സരിക്കുകയൊക്കെ ചെയ്തിട്ടുണ്ട്. തന്റെ നാട്ടിലെ, അന്തസ്സും ദൈവഭയവും ഉള്ള സർവ്വോപരി നല്ല 'ശൊങ്കന്മാരുമായ" പുരുഷന്മാരുടെ വിഷമതകൾ കണ്ടാണ് ആയമ്മയുടെ ഹൃദയം അലിഞ്ഞിരിക്കുന്നത്. പോരാഞ്ഞിട്ട് ചുറ്റുപാടും സകലമാന പെണുങ്ങളും അവരുടെ സൗന്ദര്യവും കാണിച്ച് ഈ പാവങ്ങളെ വഴി തെറ്റിക്കാൻ ഇറങ്ങിയിട്ടും ഉണ്ട്.

യുദ്ധങ്ങളിൽ തോറ്റ രാജ്യങ്ങളിൽ നിന്ന് സ്ത്രീകളെ പിടിച്ചുകൊണ്ട് വന്ന് അടിമകളാക്കി ഈ പാവങ്ങൾക്ക് കൊടുക്കുക എന്നതാണ് സൽവയുടെ പരിഹാരം. പരാജിത രാജ്യങ്ങളിലെ സ്ത്രീകൾ പട്ടിണി കിടന്ന് ചാവാതിരിക്കട്ടെ എന്നൊരു അനുകമ്പ കൂടി ഇതിലുണ്ട്. മാത്രവുമല്ല, കൂടെ പട്ടിണി കിടക്കുന്ന തദ്ദേശീയരായ പുരുഷന്മാരിൽ നിന്ന് എന്തെങ്കിലും ഉപകാരം അവർക്കുണ്ടാകുമോ?

മാത്രമല്ല, ഈ വ്യാപരം സുഗമമാക്കാൻ സർക്കാർ തലത്തിൽ വകുപ്പും ആപ്പീസും ഒക്കെ തുടങ്ങുകയും വേണം.

പള്ള നിറയെ കോയിബിരിയാണിയും അടിച്ചിരുന്നപ്പോൾ ആയമ്മയ്ക്ക് വെറുതെ തോന്നിയത് ഒന്നുമല്ല ഈ ആശയങ്ങൾ. അടുത്തിടെ സൗദിക്ക് പോയപ്പോൾ അവിടുത്തെ മൂത്താപ്പമാരോട് ചോദിച്ച് ഇത് തികച്ചും ഇസ്ലാമികമാണെന്ന് ഉറപ്പു വരുത്തിയതാണ്. “ ഇതിൽ ലജ്ജിക്കാനൊന്നുമില്ല, ഇത് ഹറാമുമല്ല ശരിയത്ത് നിയമത്തിൻ കീഴിൽ വരുന്നതുമാണ്.” പിന്നെന്താ?

ഇനിയിപ്പം അവിടുത്തെ വിഷമം അനുഭവിക്കുന്ന സ്ത്രീകൾക്കു വേണ്ടിയും ഇങ്ങനെ എന്തെങ്കിലും സംവിധാനം ഏർപ്പെടുത്തുമോ എന്നേ അറിയാനുള്ളു!

msn വാർത്ത ഇവിടെ

Saturday, June 04, 2011

പരിണാമത്തിലെ ഭക്ഷണവും ഭക്ഷണത്തിന്റെ പരിണാമവും.

കുറച്ചു ഭക്ഷണ കാര്യങ്ങള്‍. ആദ്യ ഭാഗം ഇവിടെ വായിക്കുക

അടിസ്ഥാനപരമായി മനുഷ്യന് ഏതുതരം ഭക്ഷണമാണ് യോജിക്കുക എന്നറിയുന്നതിന് നല്ലൊരു മാർഗ്ഗമായിരിക്കും പരിണാമവഴിയിലൂടെ പുറകോട്ട് ഒന്നു നടന്നു നോക്കുന്നത്. നമ്മള്‍ ഇപ്പോള്‍ കഴിക്കുന്നതില്‍ ഭൂരിപക്ഷം ഭക്ഷണസാധനങ്ങളും മനുഷ്യന്‍ കൃഷി ചെയ്യാന്‍ തുടങ്ങിയതിനു ശേഷം സ്വായത്തമാക്കിയവയാണ്. അതായത് നമ്മുടെ നിലവിലുള്ള ഭക്ഷണകൃമം രൂപപ്പെട്ടത് ഏതാണ്ട് 12000 വര്ഷം മുന്പ് കൃഷി ആരംഭിച്ചതോടെ പെട്ടെന്നുണ്ടായ (കുറച്ച് നൂറോ ആയിരമോ വര്ഷം )ഒരു മാറ്റത്തിലായിരുന്നു. ഇന്നത്തെ പ്രധാന ഭക്ഷണസാധനമായ ധാന്യങ്ങള്‍ അതിനു മുന്പ് മനുഷ്യന്‍ ഉപയോഗിച്ചിരുന്നില്ലേ? ഇല്ല എന്നു പറയാനാവില്ല. കാരണം, ഒരു ദിവസം പെട്ടെന്ന് മനുഷ്യര്‍ ധാന്യങ്ങള്‍ കൃഷി ചെയ്യാനും ഉപയോഗിക്കാനും തുടങ്ങി എന്നു കരുതുന്നതില്‍ യുക്തിയില്ല. എന്നാല്‍ ധാന്യങ്ങള്‍ തീർച്ചയായും ഒരു പ്രധാന ഭക്ഷണസാധനമായിരുന്നില്ല. കാരണം ധാന്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് മറ്റ് പഴങ്ങളോ പച്ചക്കറികളോ ഉപയോഗപ്പെടുത്തുന്നതു പോലല്ല. അതിന് ധാരാളം സാന്കേതികവിദ്യകള്‍ ആവശ്യമായുണ്ട്.

മനുഷ്യന്‍ കൃഷി ആരംഭിക്കുന്ന സമയത്ത് അല്ലെന്കില്‍ അതിനു മുന്പ് ലഭ്യമായിരുന്ന വന്യ ഇനം ധാന്യങ്ങള്‍ ഇന്നത്തെ ധാന്യങ്ങളെ അപേക്ഷിച്ച് വളരെ ചെറിയവയായിരുന്നു. ഇന്നു പോലും കൃഷി എന്ന സംഘടിത വിളവെടുപ്പു വ്യവസ്ഥയിലല്ലാതെ ധാന്യശേഖരണം ഏതാണ്ട് അസാദ്ധ്യമാണെന്ന് നമുക്ക് ചിന്തിക്കാവുന്നതേ ഉള്ളൂ. അപ്പോള്‍ അന്നത്തെ ധാന്യങ്ങളുടെ പരിമിതി കൂടി ചിന്തിക്കുമ്പോള്‍ കൃഷിക്കു മുന്പുള്ള 'ഹണ്ടര്‍ ഗാതറര്‍' വ്യവസ്തയില്‍ ധാന്യങ്ങള്‍ ഭക്ഷണത്തിന്റെ ഒരു മുഖ്യ ഇനമാവാന്‍ തരമില്ല.


രണ്ടാമതായി, ധാന്യങ്ങള്‍ വലിയ തോതില്‍ ഉപയോഗപ്പെടുത്താന്‍ കൊയ്യുക, കുത്തുക, പൊടിക്കുക എന്നീ സാന്കേതികവിദ്യകളും അതിനുള്ള സാമഗ്രികളും ആവശ്യമുണ്ട്. ഇവയൊക്കെയും കൃഷി തുടങ്ങിയ ഏതാണ്ട് അതേ കാലഘട്ടത്തില്‍ തന്നെയാണ് രൂപപ്പെട്ടത് എന്നു കരുതുന്നു. (എന്നാല്‍ ധാന്യങ്ങള്‍ പൊടിക്കാന്‍ ഉപയോഗിച്ചതായിരിക്കും എന്നു കരുതപ്പെടുന്ന ചില പ്രാചീനശിലായുഗ ശേഷിപ്പുകള്‍ ലഭിച്ചിട്ടുണ്ട് എന്നതു മറക്കുന്നില്ല.)

ഈ കാര്യങ്ങള്‍ എല്ലാം പരിഗണിക്കുമ്പോള്‍, ന്യായമായും നമുക്ക് എത്താവുന്ന നിഗമനം ഇന്നത്തെ പ്രധാന ഭക്ഷണമായ ധാന്യങ്ങള്‍, മനുഷ്യ ഭക്ഷണ ശൃംഗലയില്‍ കൃത്രിമമായി ചേര്ക്കപ്പെട്ട ഒന്നാണെന്നാണ്. ധാന്യങ്ങളുടെ താരതമ്യേന ഉയര്ന്ന ഉത്പാദന ക്ഷമത, ആവർത്തന കൃഷിക്കുള്ള സൗകര്യം, അപ്പോഴേക്കും രൂപപ്പെട്ട സാന്കേതിക വിദ്യകള്‍, മുതലായവയൊക്കെ ചേര്ന്ന്പ്പോള്‍ മനുഷ്യന്‍ ധാന്യഭക്ഷണം സ്വീകരിക്കുകയായിരുന്നു എന്നു കരുതാം. ഈ സ്വീകരണം സാമൂഹ്യപരമായ കാരണങ്ങളാലായിരുന്നു, ജൈവപരമായിരുന്നില്ല.

ഇന്നത്തെ രിതിയിലുള്ള ഭക്ഷണകൃമം ഒരു 12000 വര്ഷത്തിനുള്ളില്‍ രൂപപ്പെട്ടതാണെന്ന് നാം ഊഹിക്കുന്നു. എന്നാല്‍ പരിണാമ പ്രക്രിയയില്‍ 12000 വര്ഷം ഒരു വലിയ കാലയളവല്ല. അര്ത്ഥവത്തായ എന്തെന്കിലും ജനിതക പരിണാമത്തിന് ഈ കാലയളവ് പോര. അപ്പോള്‍ നാം കരുതുന്നതു പോലെ ധാന്യ സമൃദ്ധമായ ഭക്ഷണ രീതി ജൈവപരമായി നമ്മുടെ ശരീരത്തിന് ചേര്ന്നതാവാന്‍ വഴിയില്ല. അതു കൊണ്ട് തന്നെ അത് ആരോഗ്യപരവുമാകാന്‍ വഴിയില്ല.

എന്നാല്‍ ഇവിടേയും ശാസ്ത്ര ലോകത്ത് നിന്ന് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട്. ഈ കാലയളവ് തന്നെ പരിണാമ മാറ്റങ്ങള്ക്ക് മതിയായ സമയപരിധിയാണെന്ന് ചിലര്‍ വാദിക്കുന്നു. അന്നജങ്ങള്‍ ദഹിപ്പിക്കാനുള്ള അമിലേസ് എന്ന എന്സൈം പ്രാചീന കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ ഉമിനീരില്‍ കൂടുതലായി കണ്ടു വരുന്നത് അവര്‍ ഉദാഹരിക്കുന്നു.(need citation) അതുപോലെ തന്നെ ജീന്‍ മോഡുലേഷന്‍ എന്ന പ്രതിഭാസം മൂലവും അനുകൂലമായ വ്യതിയാനങ്ങള്‍ വരാവുന്നതാണ്. പരിസ്ഥിതിക്കനുസൃതമായി ജീനുകളുടെ ക്രിയാത്മകതയ്ക്ക് വ്യതിയാനം വരുന്നതിനാണ് ജീന്‍ മോഡുലേഷന്‍ എന്നു പറയുന്നത്. ഇവിടെ ഒരു മ്യുട്ടേഷന്റെ ആവശ്യമില്ല. അതായത്, ധാന്യം മുഖ്യമായുള്ള ഭക്ഷണ രീതി വരുന്നതിനു മുമ്പ്, ചെറിയ തോതില്‍ ഭക്ഷിച്ചിരുന്ന അന്നജങ്ങള്‍ ദഹിപ്പിക്കാന്‍ വേണ്ടി ആര്ജ്ജിച്ചിരുന്ന ജീനുകള്‍ അന്നജം മുഖ്യ ഭക്ഷണമായപ്പോള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്ത്തിക്കാന്‍ തുടങ്ങി. മേല്പ്പറഞ്ഞ വാദങ്ങള്‍ ശരിയെന്കില്‍ അന്നജം മുഖ്യഭക്ഷണമാവുന്നതില്‍ ജൈവപരമായി കുഴപ്പമില്ല.

ഇനി നമുക്ക് അല്പം കൂടി പുറകോട്ട് ചിന്തിക്കാം. കൃഷി തുടങ്ങുന്നതിനു മുന്പ് മനുഷ്യന്‍ എന്തായിരുന്നു ഭക്ഷിച്ചിരുന്നത്? പ്രകൃതിയില്‍ നിന്നും സംഭരിക്കുന്ന വിഭവങ്ങള്‍. സസ്യ സ്രോതസ്സുകളില്‍ നിന്നും പഴങ്ങള്‍ , കിഴങ്ങുകള്‍, മറ്റു പച്ചക്കറികള്‍ മുതലായവ. പിന്നെ വേട്ടയാടി പിടിച്ച മൃഗങ്ങള്‍. സസ്യ ഭക്ഷണങ്ങളുടെ ഒരു പ്രധാന പ്രശ്നം എന്താണെന്നാല്‍, ആ കാലത്ത് മനുഷ്യന് ഭക്ഷ്യയോഗ്യമായ പഴങ്ങളോ പച്ചക്കറികളോ അധികം ഉണ്ടായിരുന്നില്ല എന്നതു തന്നെയാണ്. മാംസളവും രുചികരവുമായ സസ്യഭാഗങ്ങള്‍ ഉത്പാദിപ്പിക്കുന്നത് ചെടിയെ സംബന്ധിച്ച് ഒട്ടും 'ഇക്കണോമിക്കല്‍' അല്ല. അതുകൊണ്ട് തന്നെ സ്വാഭാവിക പരിണാമത്തില്‍ അതിനു സാധുതയുമില്ല. (ചെടിക്ക് തന്നെ പിന്നീട് ഉപയോഗിക്കാന്‍ പാകത്തില്‍ സംഭരിക്കുന്ന കിഴങ്ങുകളെ ഒഴിവാക്കുന്നു.) അതായത് ഇന്നു കാണുന്ന ഫലങ്ങളില്‍ ഒന്നും തന്നെ അന്ന് ഉണ്ടായിരുന്നില്ല എന്നു ചുരുക്കം. ഇന്നത്തെ ഒട്ടുമിക്ക ഫലവൃക്ഷങ്ങളും പച്ചക്കറികളും മനുഷ്യന്‍ ആയിരക്കണക്കിനു വര്ഷ്ങ്ങളിലെ 'സെലക്റ്റീവ് ബ്രീഡിങ്ങ്' വഴി സൃഷ്ടിച്ചെടുത്തതാണ്.

സസ്യഭുക്കുകളായ മൃഗങ്ങളുടെ കാര്യമെടുക്കുക. അവ ഒന്നും തന്നെ മനുഷ്യര്‍ ഉപയോഗിക്കുന്ന സസ്യഭാഗങ്ങളില്‍ പൂര്ണ്ണമായും ആശ്രയിക്കുന്നവയല്ല. എന്നാല്‍ അവ മുഖ്യമായും ഉപയോഗിക്കുന്ന സസ്യഭാഗങ്ങള്‍ (പുല്ല്, ഇല, കമ്പുകള്‍ മുതലായവ) മനുഷ്യന് ദഹിപ്പിക്കാന്‍ സാധിക്കുന്നവയുമല്ല. പരിണാമപരമായി മനുഷ്യന്‍ പൂര്ണ്ണസസ്യഭുക്കായിരുന്നുവെന്കില്‍ ഇങ്ങനെ ഒരു വ്യത്യാസം വരാന്‍ പാടില്ലല്ലോ?

എന്കില്‍ പിന്നെ, മനുഷ്യന്‍ പ്രധാനമായും മാംസഭുക്കായിരുന്നോ? അവിടേയും പ്രശ്നമുണ്ട്. മറ്റു മൃഗങ്ങളെ വേട്ടയാടാന്‍ വേണ്ട കരുത്ത്, വേഗത, ക്ഷതമേല്പ്പിക്കാന്‍ പോന്ന തരത്തിലുള്ള ശരീരഭാഗങ്ങള്‍ ഇവയൊന്നും മനുഷ്യനില്ല. വേട്ടയാടലില്‍ മനുഷ്യന്‍ ഈ പരിമിതികളെ അതിജീവിക്കുന്നത് സാന്കേതികവിദ്യ കൊണ്ടാണ്. വിവിധ തരം ആയുധങ്ങളും കെണികളും മനുഷ്യന്‍ ഉപയോഗിക്കുന്നു.

പ്രാചീന ശിലയുഗ ശേഷിപ്പുകള്‍ അത്തരം ചില ആയുധങ്ങളുടേയും ലളിതമായ കെണികളുടേയും സൂചനകള്‍ നല്കുന്നുവെന്കിലും അവയൊന്നും അത്ര ഫലപ്രദമായിരുന്നു എന്നു കരുതാന്‍ വയ്യ. അമ്പും വില്ലും ഏകദേശം 8000 വര്ഷങ്ങള്ക്ക് മുന്പ് കണ്ടു പിടിക്കപ്പെട്ടു എന്നു കരുതുന്നു. വേട്ടയാടലിനെ സംബന്ധിച്ച് അതുവരെയുള്ളതില്‍ ഏറ്റവും ഫലപ്രദമായ ആയുധമായി അമ്പും വില്ലും. ഈ ആയുധത്തിന്റെ ഏറ്റവും പ്രധാന ഗുണം വേട്ടക്കാരന് വേട്ടയാടപ്പെടുന്ന മൃഗത്തില്‍ നിന്ന് അകലെ മാറി നില്ക്കാന്‍ സഹായകരമായി എന്നതാണ്. നാളതു വരെയുള്ള ആയുധങ്ങള്‍ ആ ഒരു മെച്ചം നല്കിയിരുന്നില്ല. അതുകൊണ്ടൂതന്നെ, വലിയ മൃഗങ്ങളെ വേട്ടയാടുന്നത് വളരെ അപകടകരമായിരുന്ന പ്രവൃത്തിയായിരുന്നു. വേട്ടക്കാരന്‍ പലപ്പോഴും ഇരയായിത്തീര്ന്നു്. അങ്ങിനെ അമ്പിന്റെയും വില്ലിന്റെയും ആവിര്ഭാവത്തോടെ വേട്ടയാടലും അങ്ങിനെ മാംസഭോജനവും കാര്യക്ഷമമായി.

പക്ഷെ കാലഘട്ടം പരിഗണിക്കുമ്പോള്‍ സസ്യഭോജനത്തെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ ഇവിടേയും ബാധകമാവുന്നു.

അപ്പോള്‍ കൃഷിയ്ക്കും വേട്ടയ്ക്കുള്ള കാര്യക്ഷമമായ സാന്കേതികവിദ്യകള്ക്കും മുന്പ് മനുഷ്യന്റെ ഭക്ഷണമെന്തായിരുന്നു?

ഏറ്റവും ലളിതമായ ഉത്തരം വരുന്നത്, ജീവശാസ്ത്രപരമായി മനുഷ്യന് ഏറ്റവും അടുത്തു നില്ക്കുന്ന ജീവിയായ ചിമ്പാൻസിയിൽ നിന്നാണ്. കാട്ടിലെ തനതായ ആവാസവ്യവസ്ഥയില്‍ ചിമ്പാന്സികളുടെ ഭക്ഷണം, ലഭ്യമായ ചെറിയ പഴങ്ങള്‍, പിടിക്കാനെളുപ്പമുള്ള ജീവികള്‍ (ഷഡ്പദങ്ങള്‍, മറ്റു ജന്തുക്കളുടെ കുഞ്ഞുങ്ങള്‍, പക്ഷിക്കുഞ്ഞുങ്ങള്‍) മുട്ടകള്‍ മുതലായവയാണ്. അവയൊക്കെ തന്നെയാവണം പ്രാചീന മനുഷ്യരുടേയും ഭക്ഷണം. പരിണാമവഴിയില്‍ ഇത്തരം ഭക്ഷണങ്ങള്ക്ക് അനുകൂലമായാവണം നമ്മുടെ ശരീരഘടന രൂപപ്പെട്ടത്. (പ്രകൃതി ജീവനക്കാര്‍ ഇനി പാറ്റയേയും വിട്ടിലിനേയും ഒക്കെ തിന്നു തുടങ്ങട്ടെ!)

മനുഷ്യന്റെയും ചിമ്പാന്സിയുടേയും ഭക്ഷണരസതന്ത്രത്തിലെ ഒരു പ്രധാന വ്യത്യാസം ഡോകോസ ഹെക്സാ ഇനോയിക് ആസിഡ് (DHA) എന്ന വസ്തുവിന്റെ ഉപയോഗത്തിലാണ്. (സംശയിക്കേണ്ട, ഹോർലിക്ക്സും മറ്റും പരസ്യം ചെയ്യുന്ന അതേ DHA ) തലച്ചോറിലെ കോശങ്ങളുടെ ഒരു അത്യാവശ്യഘടകമാണ് ഇത്. ചിമ്പാന്സിയെ അപേക്ഷിച്ച് മനുഷ്യന്‍ വളരെ അധികം DHA ഉപയോഗിക്കുന്നു. ചിമ്പാന്സിയെ അപേക്ഷിച്ച് മനുഷ്യന്റെ തലച്ചോറിന്റെ വലിപ്പത്തിലും പ്രവര്ത്തനത്തിലുമുള്ള മികവാണ് ഇതിനു കാരണം. DHA യുടെ പ്രധാന ഭക്ഷണ ഉറവിടം കടല്‍ മത്സ്യങ്ങളാണ്. അത്തരം മത്സ്യങ്ങള്‍ ഭക്ഷണത്തില്‍ വരാത്ത ജീവികള്ക്കും സസ്യഭുക്കുകളായ ജീവികള്ക്കും ആല്ഫ ലിനോലെനിക് ആസിഡ് (ALA) എന്ന സസ്യജന്യമായ മറ്റൊരു വസ്തുവില്‍ നിന്നും DHA ഉത്പാദിപ്പിക്കുവാനുള്ള കഴിവുണ്ട്. എന്നാല്‍ മനുഷ്യന് ഇങ്ങനെ സ്വയം DHA നിർമ്മിക്കാനുള്ള കഴിവ് തുലോം പരിമിതമാണ്. മനുഷ്യന്‍ കാര്യമായി കടല്‍ മീന്‍ തിന്നാന്‍ തുടങ്ങിയത് മീന്‍ പിടിക്കാനുള്ള കൊളുത്തും വലയും ഒക്കെ കണ്ടു പിടിച്ചതിനു ശേഷമാണ്. അതായത് കൃഷി ചെയ്യാനും ക്രമമായി വേട്ടയാടാനും തുടങ്ങിയ ഏതാണ്ട് അതേ കാലത്ത് തന്നെ. അതുകൊണ്ട് തന്നെ, മീനില്‍ നിന്നും സുലഭമായി DHAകിട്ടുന്നതു കൊണ്ടാവില്ല DHA സ്വയമേ നിര്മ്മി്ക്കാനുള്ള കഴിവ് മനുഷ്യന് പരിണാമ വഴിയില്‍ കിട്ടാതെ പോയത്. പിന്നെ എവിടെ നിന്നാവണം മനുഷ്യന് സുലഭമായി DHA കിട്ടിയിരുന്നത്? (ഇപ്പോള്‍ മീന്‍ കഴിക്കാത്തവരുമായി ഈ സാഹചര്യം താരതമ്യപ്പെടുത്തരുത്. സ്വയമെ DHAഉത്പാദിപ്പിക്കാത്ത സാഹചര്യത്തില്‍, പുറമേ നിന്ന് സുസ്ഥിരമായ ലഭ്യത ഉണ്ടെന്കില്‍ മാത്രമേ അത് ഉപയോഗപ്പെടുത്തുന്ന ഒരു ജൈവപ്രക്രിയ രൂപപ്പെടൂ.)

ഒരു സാദ്ധ്യത, മറ്റു മൃഗങ്ങള്‍ കൊന്ന് തിന്ന ജന്തുക്കളുടെ അവശിഷ്ടങ്ങള്‍ മനുഷ്യന്‍ തിന്നിരുന്നു എന്നതിലാവാം. അങ്ങിനെ ഒരു ശീലം ആദിമ മനുഷ്യന് ഉണ്ടായിരുന്നെന്കില്‍ മിക്കവാറും നഷ്ടപ്പെടാതെ കിട്ടിയിരുന്ന ഒരു അവശിഷ്ടമുണ്ട് . സാധാരണ മാംസഭുക്കുകളായ മൃഗങ്ങള്ക്ക്യ അപ്രാപ്യമായ ഒന്ന്, അതുകൊണ്ട് തന്നെ എപ്പോഴും ഉപേക്ഷിക്കുന്ന ഒന്ന്. തലയോട് എന്ന കവചത്തിനുള്ളില്‍ സംരക്ഷിച്ചിരിക്കുന്ന തലച്ചോര്‍! DHA യുടെ ഏറ്റവും നല്ല ഉറവിടം. ഹിംസ്ര ജന്തുക്കളില്‍ നിന്ന് വിഭിന്നമായി, സൂഷ്മപ്രവര്ത്തികള്ക്ക് ഉപയുക്തമാം വിധം പരിണമിച്ച കൈകള്‍ കൊണ്ട് മനുഷ്യന് തലയോട് പൊളിക്കാനും തലച്ചോര്‍ എടുക്കാനും സാധിച്ചു.

ഒരു പക്ഷെ ഈ 'വൃത്തി കെട്ട' ശീലമായിരിക്കുമോ പൂർവ്വികരായ മനുഷ്യക്കുരങ്ങുകളില്‍ നിന്നും മനുഷ്യനിലേക്കുള്ള യാത്രയ്ക്ക് തുടക്കമിട്ടത്?

നമ്മള്‍ അന്വേഷിച്ച് തുടങ്ങിയത് മനുഷ്യന് യോജിച്ച ഭക്ഷണം ഏതാണെന്നാണ്. കഞ്ഞിയും പയറുമാണോ അതോ 'ബീഫ് ഫ്രൈയും ഡബിള്‍ ഓംലറ്റു'മാണോ ആരോഗ്യ ഭക്ഷണം? ഇപ്പോഴും ഒന്നും പറയാറായിട്ടില്ല!

Thursday, June 02, 2011

കുറച്ച് ഭക്ഷണ കാര്യങ്ങൾ

ഗാരി തൗബ്സ് പഠിച്ചത് അപ്ളൈഡ് ഫിസിക്സും ഏറോസ്പേസ് എഞ്ചിനീയറിംഗുമാണ്. പിന്നെ അല്പം പത്രപ്രവര്‍ത്തനവും. പക്ഷെ ഇന്ന് അമേരിക്കയിലെ ഏതൊരു പോഷകശാസ്ത്രജ്ഞനെക്കാളും ആ രംഗത്ത് പ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്നു തൗബ്സ്. അദ്ദേഹം ഈയിടെ പ്രസിദ്ധീകരിച്ച "WHY WE GET FAT and what to do about it?” എന്ന പുസ്തകമാണ് കാരണം. പൊതു ധാരണയ്ക്ക് വിപരീതമായി, കാര്‍ബോഹൈഡ്രേറ്റുകള്‍ (അന്നജം) ആണ് ദുര്‍മേദസ്സിനും അമിത രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം മുതലായവയ്ക്കും കാരണം എന്ന് തൗബ്സ് വാദിക്കുന്നു. അന്നജം കുറച്ച്, അധികമായി കൊഴുപ്പും മാംസ്യവും ചേര്‍ന്ന ഭക്ഷണം, പ്രത്യേകിച്ച് മാംസഭക്ഷണമാണ് ആരോഗ്യത്തിന് നല്ലതെന്ന് അദ്ദേഹം ഉപദേശിക്കുന്നു. കാലാകാലമായി, ഈവക പ്രസ്നങ്ങള്‍ക്ക് എല്ലാം കാരണം കൊഴുപ്പുകള്‍ ആണെന്നാണ് വൈദ്യശാസ്ത്രം കരുതുന്നത്. ആരോഗ്യജീവനത്തിന് എല്ലാവരും ഉപദേശിക്കുന്നതും ആഹാരത്തില്‍ നിന്നും കൊഴുപ്പ് കുറയ്ക്കാനോ ഒഴിവാക്കാനോ ആണ്. (താന്കളുടെ ഡോക്ടറും കഴിഞ്ഞ തവണ അതു തന്നെയല്ലേ പറഞ്ഞത്?) അതുകൊണ്ടു തന്നെ ബഹു ഭൂരിപക്ഷം വരുന്ന മുഖ്യധാരാ ശാസ്ത്രജ്ഞര്‍ അദ്ദേഹത്തോട് യോജിക്കുന്നില്ല. മുന്‍പറഞ്ഞ പ്രശ്നങ്ങളുടെ കാരണം കൊഴുപ്പുകള്‍ തന്നെയാണ് എന്ന് അവര്‍ തുടര്‍ന്നും വിശ്വസിക്കുന്നു. പക്ഷെ തൗബ്സിനെ പിന്തുണയ്ക്കുന്നവരും കുറവല്ല. അവര്‍ക്കും വ്യക്തമായ കാരണങ്ങള്‍ നിരത്തുവാനുണ്ട്.

അടുത്തിടെ ഒരു ഈജിപ്ഷ്യന്‍ മമ്മിയില്‍ നടത്തിയ പഠനമാണ്, ശാസ്ത്രലേഖികയായ കാരെന്‍ ഷ്രോക്ക്, ഗാരി തൗബ്സിനെ പിന്തുണയ്ക്കാന്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഈ മമ്മിയുടെ ഇമേജിങ് പഠനങ്ങളില്‍ അവര്‍ക്ക് വളരെ ഗുരുതരമായ ഹൃദ്രോഗ ബാധയുണ്ടായിരുന്നതായി കണ്ടൂ. അവരുടെ ഹൃദയ ധമനികള്‍ നല്ല തോതില്‍ തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഇന്നാണെന്കില്‍ അവര്‍ക്ക് തീര്‍ച്ചയായും ഒരു ബൈപാസ്സ് ഉപദേശിക്കപ്പെട്ടേനെ! പൗരാണിക ഈജിപ്ഷ്യന്‍ ഭക്ഷണ രീതികളെപ്പറ്റി നമുക്ക് ധാരണയുണ്ട്. ധാന്യങ്ങളൂം, പച്ചക്കറികളും, വളരെക്കുറച്ച് മാത്രം മാംസവും കൊഴുപ്പും ഉപയോഗിക്കുന്നവരായിരുന്നു അവര്‍. നമ്മുടെ ഇന്നത്തെ സന്കല്പപ്രകാരം ആരോഗ്യഭോജനം. അങ്ങിനെയാണെന്കില്‍ സ്വാഭാവികമായും മമ്മിയുടെ ഹൃദയധമനികള്‍ ഇപ്രകാരം ആവാന്‍ വഴിയില്ല. ഒരു പക്ഷെ അവരുടെ അന്നജം കൂടിയ ഭക്ഷണ രീതിയാണോ അവരെ ഹൃദ്രോഗിയാക്കിയത്? തൗബ്സിന്റെ ആശയപ്രകാരം അതിനു തന്നെയാണ് സാധ്യത!

ഗാരി തൗബ്സിന്റെ അവകാശവാദങ്ങള്‍ പ്രധമദൃഷ്ട്യാ അടിസ്ഥാനരഹിതമെന്നു തോന്നാമെന്കിലും മുന്‍പ് പറഞ്ഞതുപോലുള്ള വസ്തുതകള്‍ പരിഗണിക്കുമ്പോള്‍ കുറച്ചുകൂടി ആഴത്തില്‍ ചിന്തിക്കേണ്ടതാണ്.

ഏതാണ് മനുഷ്യന് ആരോഗ്യകരമായ ഭക്ഷണം? പ്രകൃതി ഏതു ഭക്ഷണമാണ് മനുഷ്യന് യോജിച്ചതായി ഏര്‍ പ്പെടുത്തിയിരിക്കുന്നത്? മനുഷ്യന്റെ ബയോകെമിസ്റ്റ്രി ഏതുതരം ഭക്ഷണത്തിലാണ് കാര്യക്ഷമമാകുക? ഏറ്റവും കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്ന ഭക്ഷണമാവണം പ്രകൃതി മനുഷ്യന് പറഞ്ഞിരിക്കുന്ന ഭക്ഷണം. എന്നാല്‍ മനുഷ്യന്റെ ബയോകെമിസ്റ്റ്രി ഇനിയും പൂര്‍ണ്ണമായി വെളിവായിട്ടില്ലാത്ത സ്ഥിതിക്ക് ഓരോ തരം ഭക്ഷണത്തോടും ശരീരം പ്രതികരിക്കുന്നത് വിലയിരുത്തിയാല്‍ നമുക്ക് ഇതു സംബന്ധിച്ച് ഒരു ധാരണ കിട്ടിയേക്കും. ആരോഗ്യത്തിന് ഗുണകരമായ സൂചകങ്ങള്‍ തരുന്നത് ശരിയായ ഭക്ഷണവും, അങ്ങിനെ അല്ലാത്തത്, മനുഷ്യന് പറഞ്ഞിട്ടില്ലാത്തതും.

നാളുകളായി ശാസ്ത്രലോകവും,പ്രകൃതിജീവനക്കാരും പല മതവിശ്വാസങ്ങളും അന്നജപ്രധാനമായ സസ്യാഹാരമാണ് ആരോഗ്യഭക്ഷണം എന്ന നിലപാടിലാണ്. എന്നാല്‍ ഗാരി തൗബ്സിനെയും കാരെന്‍ ഷ്രോക്കിനെയേയും പോലുള്ളവര്‍ ഇതിനു കടകവിരുദ്ധമായ നിലപാടുകള്‍ ആണ് സ്വീകരിച്ചിരിക്കുന്നത്. (ഇവര്‍ രണ്ടു പേരും വ്യവസ്ഥാപിത ശാസ്ത്രജ്ഞരല്ല എന്നതും പറയട്ടെ,) മുഖ്യഭക്ഷണമായി അന്നജത്തെ നമ്മളെല്ലാം അടിസ്ഥാനപരമായി അംഗീകരിച്ചിരിക്കുന്നതിനാല്‍ തല്ക്കാലം നമുക്ക് മറുഭാഗത്തിന്റെ കുറച്ച് അനുകൂല തെളിവുകള്‍ പരിഗണിക്കാം.

അന്നജം കുറച്ച് അല്ലെന്കില്‍ ഒഴിവാക്കിയുള്ള ഭക്ഷണ ക്രമം വളരെ പുതിയ ഒരു സന്കല്പമല്ല. പത്തൊൻപതാം നൂറ്റാണ്ടില്‍ വില്യം ബാന്റിങ് എന്നൊരാള്‍ ഈ രീതിയിലുള്ള ഒരു ഭക്ഷണക്രമം പ്രചരിപ്പിച്ചിരുന്നു. ബാന്റിങ് ഡോക്ടറോ ശാസ്ത്രജ്ഞനോ ഒന്നുമായിരുന്നില്ല. മഹാതടിയനായിരുന്ന ബാന്റിങ്, തടി കുറയ്ക്കാന്‍ പല ശ്രമങ്ങള്‍ നടത്തിയിട്ടും വിജയിച്ചില്ല. അവസാനം തന്റെ ഡോക്ടറുടെ ഉപദേശവും സ്വന്തം കണ്ടൂപിടുത്തവും ചേര്‍ത്ത് പരീക്ഷിച്ചു നോക്കിയ ഒരു ഭക്ഷണക്രമം ഫലവത്തായി. ഭക്ഷണത്തില്‍ നിന്നും അന്നജം പരമാവധി കുറയ്ക്കുക എന്നതായിരുന്നു അതിന്റെ കാതല്‍. തന്റെ അനുഭവം ബാന്റിങ്ങ് ഒരു കൈപ്പുസ്തകമായി പ്രസിദ്ധീകരിച്ചു, അത് വളരെ പ്രചാരം നേടുകയും ചെയ്തു. ബാന്റിങ്ങിന്റെ കൈപ്പുസ്തകം .ഉപയോഗപ്പെടുത്തി വളരെയധികം പേര്‍ ഗുണം നേടി. എന്നാലന്ന് താരതമ്യ പഠനങ്ങള്‍ ഒന്നുമില്ലാതിരുന്നതിനാല്‍ കൂടുതല്‍ ശാസ്ത്രീയ വിവരങ്ങള്‍ നമുക്ക് ലഭ്യമല്ല.

ആറ്റ്കിന്‍സ് ഭക്ഷണക്രമം.

തൂക്കം കുറയ്ക്കുവാനുള്ള ഭക്ഷണക്രമങ്ങളില്‍ വളരെ പ്രചാരം നേടിയ ഒന്നാണ് ഡോ: റോബർട്ട് ആറ്റ്കിന്‍സ് അവതരിപ്പിച്ച രീതി. ദൈനം ദിന അന്നജ ഉപഭോഗം 30 ഗ്രാമോ അതില്‍ കുറവോ ആക്കുക എന്നതാണ് ഈ രീതിയുടെ ശുപാര്‍ശ. കൊഴുപ്പിനും മാംസ്യത്തിനും പരിധിയില്ല. മുട്ട, മത്സ്യം, മാംസം ഇവ എത്ര വേണമെന്കിലും ഉപയോഗിക്കാം. ഇലപച്ചക്കറികള്‍ അത്യാവശ്യം ഉപയോഗിക്കാം. ധാന്യങ്ങള്‍ പാടില്ല. പയറുവര്ഗ്ഗങ്ങള്‍ മാംസ്യത്തിന്റെ നല്ല ശ്രോതസ്സാണെന്കിലും അവയില്‍ ധാരാളം അന്നജം ഉള്ളതുകൊണ്ട് ഒഴിവാക്കണം. ധാരാളം വെള്ളം കുടിക്കണം പക്ഷെ ജൂസ്, കോളാ മുതലായവ പാടില്ല.

ആറ് ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്പ് , ഒരു സുഹൃത്തിനൊപ്പം ഞാനും ആറ്റ്കിന്‍സ് പരീക്ഷിച്ചിരുന്നു. ഒരു ദിവസം ഹോട്ടലില്‍ ചെന്ന് ബീഫ് ഫ്രൈയും ഓരോ ഡബിള്‍ ഓംലറ്റും മാത്രം ഓര്‍ഡര്‍ ചെയ്തപ്പോള്‍ വെയറ്റര്‍ക്കുണ്ടായ ഹാസ്യഭാവം കുറേ നാളേക്ക് ചിരിക്കാനുള്ള വകയായിരുന്നു. ഏതായാലും ആദ്യ ആഴ്ച തന്നെ ഞാന്‍ പരിപാടി നിര്‍ത്തി, പിറ്റേ ആഴ്ച സുഹൃത്തും. ചിക്കനും ബീഫും മുട്ടയും മാത്രം തിന്ന് എത്രനാള്‍ ജീവിക്കും നമ്മള്‍ മലയാളികള്‍, അതും ഒരു വറ്റ് ചോറുണ്ണാതെ?

പക്ഷെ വിദേശത്ത് വിജയകരമായി ആറ്റ്കിന്‍സ് പരീക്ഷിക്കുന്ന വളരെയധികം ആളുകളുണ്ട്. അവരുടെ ഫലങ്ങള്‍ സാമാന്യ വിജ്ഞാനത്തിനും അതിന്റെ മുന്‍വിധികള്‍ക്കും നിരക്കുന്നതല്ല. മാംസാഹാരവും കൊഴുപ്പും ഒഴിവാക്കി തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരേക്കാള്‍ നല്ല ഫലമാണ് ആറ്റ്കിന്‍സ് ഭക്ഷണക്രമം പാലിക്കുന്നവര്‍ക്ക് ലഭിക്കുന്നത്. ആറുമാസത്തെ ഫലം എടുക്കുമ്പോള്‍ ഇറച്ചിയും മുട്ടയും മാത്രം തിന്നുന്ന ആറ്റ്കിന്‍സ് പ്രേമികളാണ് പച്ചിലയും വെള്ളരിക്കായും തിന്ന് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരേക്കാള്‍ കൂടുതല്‍ മെലിയുന്നത്! (ഒരു വര്‍ഷത്തെ ഫലം എടുക്കുമ്പോള്‍ ഇത് ഏതാണ്ട് ഒപ്പത്തിനൊപ്പം വരും.) അത്ഭുതം അവിടേയും തീരുന്നില്ല. 'ചീത്ത' കൊളസ്റ്റ്രോളിന്റെ ഭാഗമായ ട്രൈഗ്ളിസറൈഡുകള്‍ അളവില്‍ കുറഞ്ഞും, നല്ല കൊളസ്റ്റ്രോള്‍ ആയ HDLഅളവില്‍ കൂടിയും ആറ്റ്കിന്‍സ് വിഭാഗത്തില്‍ കണ്ടു! സാമാന്യ വിജ്ഞാനം വെച്ച് പ്രതീക്ഷിക്കുന്നതിന്റെ നേരെ വിപരീതം. അതായത് ആരോഗ്യ സൂചകങ്ങള്‍ മാംസഭക്ഷണത്തിന് അനുകൂലമാണ്.

എന്നാല്‍ ശാസ്ത്രലോകം ഈ ഫലങ്ങളെ കണ്ണടച്ച് വിശ്വസിക്കുന്നില്ല. കൊളസ്റ്റ്രോളിന്റെ കാര്യത്തിലും തൂക്കം കുറയുന്ന കാര്യത്തിലും ഉള്ള ആദ്യ ആറു മാസത്തിലെ ഗുണകരമായ മേല്‍കൈ ഒരു വര്‍ഷമാകുമ്പോള്‍ നിലനില്‍ക്കുന്നില്ല. അപ്പോള്‍ അത് മറ്റു ഭക്ഷണക്രമങ്ങള്‍ക്കും തുല്യമായ രീതിയിലാണ്. മോശമാകുന്നുമില്ല. പക്ഷെ ഇവിടെ ശ്രദ്ധിക്കാനുള്ള ഒരു കാര്യം, മറ്റു പഥ്യക്കാര്‍ കര്‍ശ്ശനമായ ഭക്ഷണനിയന്ത്രണത്തിലാണ്, എന്നാല്‍ ആറ്റ്കിന്‍സുകാര്‍ അന്നജം മാത്രമേ ഒഴിവാക്കുന്നുള്ളൂ, അല്ലാതെ മറ്റൊരു അളവ് നിയന്ത്രണവുമില്ല.

ആറ്റ്കിന്‍സ് ഭക്ഷണക്കാര്‍ വാസ്തവത്തില്‍ കുറഞ്ഞ അളവ് ഭക്ഷണമേ കഴിക്കുന്നുള്ളൂ എന്നും അതു കൊണ്ടാണ് ഇപ്പറഞ്ഞ ഫലങ്ങള്‍ കിട്ടുന്നത് എന്നുമാണ് ചിലരുടെ പക്ഷം. ഈ ഭക്ഷണക്രമം പാലിക്കുമ്പോള്‍ രക്തത്തില്‍ ഉയരുന്ന കീറ്റോണ്‍ ഘടകങ്ങള്‍ ഭക്ഷണത്തോടുള്ള താല്പര്യം കുറയ്ക്കും. അതുമാത്രമല്ല, പ്രോട്ടീനുകള്‍ കുറച്ചുമാത്രം കഴിക്കുമ്പോള്‍ തന്നെ തൃപ്തി തോന്നിപ്പിക്കും. പിന്നെ ആറ്റ്കിന്‍സ് രീതിയില്‍ കഴിക്കാനുള്ള ഭക്ഷണത്തിന്റെ വൈവിധ്യം വളരെ കുറവുമാണ്, അതും മടുപ്പിക്കുന്ന ഒരു ഘടകമാണ് - ഞങ്ങളുടെ അനുഭവം ! ഇതൊക്കെക്കൊണ്ട് കഴിക്കുന്ന അളവ് കുറയാന്‍ സാധ്യതയുണ്ട്. ശരി തന്നെ, പക്ഷെ കുറഞ്ഞ അളവ് ആണെന്കില്‍ തന്നെ, കലോറി മൂല്യം പരിഗണിക്കുമ്പോള്‍ ഈ വാദത്തിന് സാധുതയുണ്ടെന്ന് തോന്നുന്നില്ല.

ഫ്രെഞ്ച് പാരഡോക്സ്. (വിരോധാഭാസം)

വൈദ്യശാസ്ത്രരംഗത്ത് ഫ്രെഞ്ച് പാരഡോക്സ് എന്നു പറയുന്ന ഒരു സംഗതിയുണ്ട്. മറ്റ് വികസിത പാശ്ചാത്യരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഫ്രാന്‍സിലെ ഹൃദയധമനിരോഗങ്ങളുടെ നിരക്ക് വളരെ കുറവാണ്. എന്നാല്‍ മറ്റു രാജ്യങ്ങളേക്കാള്‍ മാംസ ഉപഭോഗം ഫ്രാന്‍സില്‍ കൂടുതലാണു താനും. കൊഴുപ്പിന്റെ ഉപഭോഗവും ഫ്രാന്‍സില്‍ അധികമാണ്. അമേരിക്കക്കാരന്‍ ഒരു ദിവസം ശരാശരി 157 ഗ്രാം കൊഴുപ്പ് ഭക്ഷിക്കുമ്പോള്‍ ഫ്രാന്‍സില്‍ അത് 171 ഗ്രാമാണ്. അതില്‍ തന്നെ 108 ഗ്രാമും മൃഗക്കൊഴുപ്പാണ്. ഫ്രെഞ്ചുകാരന്‍ അമേരിക്കക്കാരനേക്കാള്‍ നാലിരട്ടി വെണ്ണയും മൂന്നിരട്ടി പന്നിയിറച്ചിയും ഭക്ഷിക്കുന്നു. എന്നിട്ടും അവര്‍ക്ക് മെച്ചപ്പെട്ട ആരോഗ്യസ്ഥിതിയുണ്ടെന്നുള്ളതാണ് ഈ വിരോധാഭാസം. ഫ്രെഞ്ചുകാര്‍ അധികതോതില്‍ വൈന്‍ ഉപയോഗിക്കുന്നത് ഒരു കാരണമായി ആദ്യമൊക്കെ കരുതി. എന്നാല്‍ ഫ്രെഞ്ചുകാരെക്കാള്‍ കൂടുതല്‍ വൈന്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ ഈ പ്രതിഭാസം കാണുകയുണ്ടായില്ല. തുടര്‍ന്നു നടത്തിയ ഗവേഷണങ്ങളടെ നിഗമനങ്ങള്‍ വൈനിന്റെ പന്കിനെ സംശയിക്കുന്ന തരത്തിലായിരുന്നു. പത്തൊന്പതാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ നടപ്പിലാക്കിയിരുന്ന പോഷകാഹാര പരിപാടിയുടെ ദീര്‍ഘകാല ഗുണമായി ഇതിനെ കാണുന്ന ശാസ്ത്രജ്ഞന്മാരുമുണ്ട്. അതും സാദ്ധ്യത എന്ന നിലയിലാണ് പരിഗണിക്കപ്പെടുന്നത്.

ഇനി ഫ്രെഞ്ചുകാരുടെ മാംസപ്രാധാന്യമുള്ള ഭക്ഷണരീതി തന്നെയാണോ ഈ ആരോഗ്യരഹസ്യത്തിനു പിന്നില്‍? ആറ്റ്കിന്‍സ് ഭക്ഷണത്തിന്റെ ശാരീരിക പ്രതികരണങ്ങള്‍ പരിഗണിക്കുമ്പോള്‍ അതിന് സാദ്ധ്യതയേറെയാണ്.


അടുത്ത ഭാഗം: മനുഷ്യന്റെ പരിണാമവും ഭക്ഷണവും.