Tuesday, May 10, 2011

അങ്ങിനെ ഹോമിയോ 'ഫോമി'ലായി ??




മലയാള മനോരമ മെയ് 8 ലെ ഞായറാഴ്ച പത്രത്തില്‍, ഗവ: ഹോമിയോ മെഡിക്കല്‍ കോളേജുകളിലെ മുന്‍ പ്രിന്‍സിപ്പാള്‍ ആയിരുന്ന ഡോ. എം. അബ്ദുള്‍ ലത്തീഫ് എഴുതിയ ലേഖനമാണ് ഈ കുറിപ്പിന് ആധാരം. (ചിത്രം കാണുക.)

വളരെ നേര്‍പ്പിച്ച മരുന്നുകളാണ് ഹോമിയോയില്‍ ഉപയോഗിക്കുന്നത്. ഹോമിയോ സന്കല്പ പ്രകാരം ഉള്ള നേര്‍പ്പിക്കലിനു ശേഷം മൂലവസ്തു ഒന്നും തന്നെ മരുന്നില്‍ ബാക്കി ഉണ്ടാവില്ല എന്നും, ആയതിനാല്‍ തന്നെ ഹോമിയോ മരുന്നുകള്‍ ഫലപ്രദമല്ല എന്നുമുള്ള 'ഹോമിയോ വിരുദ്ധ'രുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി ശാസ്ത്ര ലോകത്തുനിന്നു തന്നെ തെളിവുകള്‍ എത്തി എന്നാണ് ഡോ. ലത്തീഫ് വാദിക്കാന്‍ ശ്രമിക്കുന്നത്. ഹോമിയോയിലെ നേര്‍പ്പിക്കലിന് അദ്ദേഹം തന്നെ നല്കുന്ന വിശദീകരണം ശ്രദ്ധിക്കുക. “30 സി എന്ന പൊട്ടന്‍സി (ആവര്‍ത്തനം )1060 (ഒന്നിനു ശേഷം 60 പൂജ്യം)എന്ന ക്രമത്തിലേക്കും 200 സി എന്ന പൊട്ടന്‍സി 1040 എന്ന ക്രമത്തിലേക്കും നേര്‍പ്പിക്കല്‍ നടത്തിയതാണ്.”
എന്നാല്‍ ഐ..ടി യിലെ ശാസ്ത്രജ്ഞന്മാരുടെ ഗവേഷണത്തില്‍ ഇപ്പറഞ്ഞ പൊട്ടന്‍സികളിലും മരുന്നില്‍ മൂലവസ്തുവിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്നു തെളിഞ്ഞിരിക്കുന്നു. അതു കൊണ്ടു തന്നെ ഇനി ഹോമിയോയെപ്പറ്റിയുള്ള ആരോപണങ്ങളൊന്നും നില നില്‍ക്കുന്നതല്ല എന്നദ്ദേഹം വാദിക്കുന്നു.
ലേഖനത്തില്‍ അദ്ദേഹം തന്നെ പറഞ്ഞിരിക്കുന്ന ഗവേഷണ വിവരങ്ങള്‍ നമുക്കൊന്നു വിലയിരുത്താം.
പരീക്ഷണത്തിനു വേണ്ടി ഉപയോഗിച്ച മരുന്നു സാമ്പിളുകള്‍ വിപണിയില്‍ സാധാരണ ലഭിക്കുന്ന ബ്രാന്‍ഡുകള്‍ തന്നെയായിരുന്നു.6 സി, 30 സി, 200 സി പൊട്ടന്‍സികളിലുള്ള സ്വര്‍ണം, ചെമ്പ്, നാകം, വെള്ളി, പ്ളാറ്റിനം എന്നിവയാണ്.
ട്രാന്സ്മിഷന്‍ ഇലക്ട്രോണ്‍ മൈക്രോസ്കോപി മുതല്‍ പ്ളാസ്മ – ആറ്റമിക് എമിഷന്‍ സ്പെക്ട്റോസ്കോപി വരെയുള്ള സന്കേതങ്ങള്‍ ഉപയോഗിച്ചതായി ഡോ: ലത്തീഫ് പറയുന്നു. നല്ലത്. (സത്യത്തില്‍ ഈ ഉപകരണങ്ങളെല്ലാം നമ്മുടെ ശാസ്ത്രജ്ഞന്മാരുടെ സൗകര്യത്തില്‍ ഉണ്ട് എന്ന അറിവില്‍ എനിക്ക് വളരെ സന്തോഷം തോന്നുന്നു.)
പരീക്ഷണങ്ങള്‍ക്കൊടുവില്‍ കിട്ടിയ ഫലങ്ങള്‍ ഇങ്ങനെയാണ്. സ്വര്‍ണം (ഓറം മെറ്റ് ) 6 സി യില്‍ 81.4 പൈകോ ഗ്രാമും, 30 സിയില്‍ 64.8 പൈകോ ഗ്രാമും, 200 സിയില്‍ 104.6 പൈകോ ഗ്രാമും ഒരു മില്ലി ലിറ്ററില്‍ കണ്ടെത്താനായി. (ഏകദേശം സമാനമായ ഒരു ഫലം ചെമ്പും നല്കി.)
അപ്പോഴിനി മരുന്നില്‍ മരുന്നില്ല എന്ന പരാതിയില്ലല്ലോ? 'വിരുദ്ധന്മാരും' തോല്‍വി സമ്മതിച്ച് ഹോമിയോ കഴിച്ചു തുടങ്ങിക്കോളൂ!
പക്ഷെ അതിനു മുന്‍പ് ചില സംശയങ്ങള്‍. (അവിശ്വാസികള്‍ക്കും മന്ദബുദ്ധികള്‍ക്കും സംശയങ്ങള്‍ മാറില്ലല്ലോ?) സംശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു മുന്പ് ഈ പൈക്കോ ഗ്രാം എത്രയുണ്ട് എന്ന് നമുക്ക് ഒന്നു ചിന്തിക്കാം. ലേഖനത്തില്‍ തന്നെയുണ്ട്. 1 പൈക്കോ ഗ്രാം = 10-12 ഗ്രാം അതായത് ഒന്നിന്റെ ഇപ്പുറത്ത് പന്ത്രണ്ട് പൂജ്യമിട്ടാല്‍ കിട്ടുന്ന സംഖ്യ. അതായത് ഒരു ഗ്രാം എന്നു പറയുന്നത് ഒരു ലക്ഷം കോടി പൈക്കോ ഗ്രാം. നമുക്ക് ചിന്തിക്കാനുള്ള സൗകര്യത്തിന്, മരുന്നിന്റെ ഡൈലുവന്റ് വെള്ളം ആണെന്നു എടുക്കാം. ( ഹോമിയോ പക്ഷക്കാര്‍ പ്രതിഷേധിക്കല്ലേ, മരുന്നിന്റെ ഗുണത്തിന് ഒരു കുറവും വരില്ല, അങ്ങിനെ ചിന്തിക്കുന്നു എന്നേയുള്ളൂ. 1 മില്ലീ ലിറ്റര്‍ = 1 ഗ്രാം എന്നു കിട്ടാനുള്ള സൗകര്യത്തിനാണ്.)
അപ്പോള്‍ 200 സി യിലുള്ള സ്വര്‍ണം, ഒരു ലക്ഷം കോടി പൈക്കൊ ഗ്രാം വെള്ളത്തില്‍ 104.6 പൈക്കോ ഗ്രാം. അതായത് ഏകദേശം ആയിരം കോടി പൈക്കോ ഗ്രം വെള്ളത്തില്‍ ഒരു പൈക്കോ ഗ്രാം സ്വര്‍ണം. അളവ് സംബന്ധിച്ച് ഒരു ധാരണ ഇനിയും കിട്ടിയില്ലെന്കില്‍ ഒരു ഉദാഹരണം പറയാം. കേരളത്തിന്റെ വിസ്തീര്‍ണം 38,863 ചതുരസ്ര കിലോ മീറ്റര്‍, അതായത് 3886.3 കോടി ചതുരസ്ര മീറ്റര്‍. ഡോ: ലത്തീഫിന്റെ ലേഖനം അടിച്ചു വന്ന മനോരമ പത്രത്തിന്റെ ഒരു ഷീറ്റ് 0.385 ചതുരസ്ര മീറ്റര്‍. അതായത് കേരളത്തില്‍ അവിടവിടായി 10 ഷീറ്റ് മനോരമ പത്രം വിരിച്ചിട്ടാല്‍ (കഷ്ടം, ഒരു ജില്ലക്ക് ഒരു ഷീറ്റ് തികച്ചു കിട്ടില്ല.)അതിന്റെ വ്യാപ്തിയും കേരളത്തിന്റെ മൊത്തം വ്യാപ്തിയും തമ്മിലുള്ള അനുപാതം വരും 200 സി യിലുള്ള മൂലവസ്തുവും കാരിയറും തമ്മിലുള്ള അനുപാതം.
പക്ഷെ ഇവിടെ നമ്മള്‍ ഒരു പരിഗണന നല്കണം. അനുപാതം കുറയും തോറും ആണ് ശക്തി കൂടുന്നത് എന്നാണ് ഹോമിയോ മതം. ആകട്ടെ. പത്തു ഷീറ്റിനു പകരം ഒരു ഷീറ്റേ ഉള്ളുവെന്‍കില്‍ പത്തിരട്ടി ശക്തി! സമ്മതിച്ചു.
പക്ഷെ, മുന്‍ പ്രിന്‍സിപ്പാള്‍ കാണാതെ പോയ അല്ലെന്കില്‍ മനസ്സിലാകാതെ പോയ ഒരു കാര്യം ഇവിടെയുണ്ട്.
200 സി എന്ന പൊട്ടന്‍സിയില്‍ 1040 (ഒന്നിനു ശേഷം 40 പൂജ്യം) എന്ന ക്രമത്തിലേക്ക് നേര്‍പ്പിച്ച മരുന്ന് 104.6 pcgm/ml വന്നപ്പോള്‍ 30 സിയിലുള്ള (നേര്‍പ്പിക്കല്‍ 1060, ഒന്നിനു ശേഷം 60 പൂജ്യം എന്ന ക്രമത്തിലേക്ക്) മരുന്ന് എങ്ങിനെയാണ് 64.8 pcgm/ml വരുന്നത്. നേര്‍പ്പിക്കലിനെ സംബന്ധിച്ചും മരുന്നിന്റെ പൊട്ടന്‍സിയെ സം ബന്ധിച്ചും ഹോമിയോക്കാരുടെ വാദങ്ങള്‍ ശരിയായിരുന്നു എന്കില്‍ 30 സി യിലുള്ള മരുന്നിന്റെ അളവ് 200 സിയിലുള്ള മരുന്നിന്റെ ഏകദേശം ലക്ഷം കോടി കോടിയില്‍ ഒരംശം ആവണമായിരുന്നു. പക്ഷെ ഇവിടെ പകുതിയിലും അധികം ആണത്.
അപ്പോള്‍ പ്രിന്‍സിപ്പാള്‍ പഠിച്ചതും, വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചതും സത്യമാണെന്ന് അദ്ദേഹത്തിന് ഉറച്ച വിശ്വാസം ഉണ്ടായിരുന്നെന്കില്‍ ഈ ഗവേഷണ ഫലം കണ്ടപ്പോള്‍ ആവേശം കൊള്ളുന്നതിനു പകരം പരിശോധനയ്ക്ക് ഉപയോഗിച്ച മരുന്നു നിര്‍മ്മിച്ചവരെ വിളിച്ച്, നിങ്ങള്‍ നിര്‍മ്മിക്കുന്ന മരുന്ന് കൃത്യമായ രീതിയിലുള്ളതല്ല എന്നു പറയുകയായിരുന്നു വേണ്ടിയിരുന്നത്. ആ മരുന്ന് ഗുണനിലവാരമില്ലാത്തതിനാല്‍ അതിന്റെ ഉല്‍പ്പാദനം നിര്‍ത്താനും ആവശ്യപ്പെടാമായിരുന്നു.
സംശയങ്ങള്‍ തീര്‍ന്നിട്ടില്ല. ഈ അത്യന്താധുനിക സന്കേതങ്ങള്‍ ഉപയോഗിച്ച് പഠനങ്ങള്‍ നടത്തിയപ്പോള്‍ , ഓറം മെറ്റില്‍ (സ്വര്‍ണ്ണ മരുന്ന്) എത്ര മാത്രം ചെമ്പ് ഉണ്ടായിരുന്നു എന്നു പരിശോധിച്ചോ? അല്ലെന്കില്‍ നാകം? അതുമല്ലെന്കില്‍ വെള്ളി? അതായത് കേരളത്തില്‍ പലയിടത്തായി വിരിച്ചിട്ട 10 മനോരമ ഷീറ്റ് അല്ലാതെ മാതൃഭൂമിയുടേയോ ദേശാഭിമാനിയുടേയോ ഷീറ്റുകള്‍ ഉണ്ടായിരുന്നുവോ എന്ന്?
ഒരു മില്ലി ലിറ്റര്‍ കാരിയറില്‍ അതിന്റെ ആയിരം കോടിയില്‍ ഒരംശം മാത്രം വരുന്ന മൂലവസ്തുവല്ലാതെ മറ്റൊരു വസ്തുവുമില്ല എന്ന് ഉറപ്പിച്ചിട്ടുണ്ടോ? അല്ലെന്കില്‍ ശരിയാകില്ലല്ലോ, കാരണം ഓറം മെറ്റ് എന്നു പറഞ്ഞു വില്ക്കുന്ന സ്വര്‍ണ്ണ മരുന്നില്‍ ഏതാനും പൈകോ ഗ്രാം വെള്ളി കലര്‍ന്നിട്ടുണ്ടെന്കില്‍ (അതായത് ഒരു നാലഞ്ച് ഷീറ്റ് മാതൃഭൂമി) അത് സ്വര്ണ്ണ മരുന്നിന്റെ ഗുണമാണോ വെള്ളി മരുന്നിന്റെ ഗുണമാണോ നല്കുക?
യാതൊരു വിധ മാലിന്യ കണങ്ങളുമില്ലാതെയാണ് മരുന്നു തയ്യാറാക്കുന്നതെന്കില്‍ സമ്മതിക്കണം. നൂറ്റാണ്ടുകള്‍ക്കു മുമ്പ് (ഹനിമാന്റെ കാലത്ത്)വികസിപ്പിച്ചെടുത്ത ആ സന്കേതങ്ങള്‍ ഇലക്ട്രോണിക് മേഖലയ്ക്ക് പറഞ്ഞു കൊടുത്തിരുന്നെന്കില്‍, ചിപ്പ് നിര്‍മ്മാണത്തിലും മറ്റും മാലിന്യങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനായുള്ള ഗവേഷണത്തിനും മറ്റുമായി അവര്‍ ചിലവിടുന്ന എത്ര ശതകോടികള്‍ ലാഭിക്കാമായിരുന്നു!
അടുത്ത സംശയം. ഈ മരുന്നുകളിലെ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടേയും അളവുകള്‍ നോക്കിയപ്പോള്‍ ഒപ്പം മറ്റേതെന്കിലും വസ്തുവിലുള്ള ഇവയുടെ അളവ് നോക്കിയോ? (ഗവേഷണങ്ങള്‍ക്ക് ഒരു കണ്ട്രോള്‍ സ്റ്റഡി വേണം എന്നുള്ളത് ഗവേഷകര്‍ക്ക് ആരും പറഞ്ഞു കൊടുക്കണ്ടല്ലോ?) ഉദാഹരണത്തിന് ഈ മരുന്നുകളുടെ കാരിയര്‍ ആയി ഉപയോഗിക്കുന്ന വസ്തുവിലെ? അല്ലെന്കില്‍ ഐ..റ്റി ലാബിലെ ടാപ്പ് വെള്ളത്തിലെ?
ചുരുക്കത്തില്‍ ഡോ: ലത്തീഫ് അവകാശപ്പെടുന്നതു പോലെ, ഹോമിയോയ്ക്ക് ശാസ്ത്രലോകത്തിന്റെ അംഗീകാരം ലഭിക്കണമെന്കില്‍ പ്രധാനമായും രണ്ടു കാര്യം ശരിയാകണം. ഒന്ന്, ജീവശാസ്ത്ര പ്രകാരം ജൈവപ്രതികരണങ്ങള്‍ നടത്താന്‍ ഹോമിയോ മരുന്നുകള്‍ പര്യാപ്തമാവണം. അത് എങ്ങിനെ സാധിക്കുന്നുവെന്ന് തെളിയണം. അതായത്, ഈ പൈകോഗ്രാം കണക്കിനുള്ള സ്വര്‍ണ്ണവും വെള്ളിയുമൊക്കെ എന്തു മാറ്റമാണ്, അതെങ്ങിനെയാണ് ജീവകോശങ്ങളിലും സ്ഥൂലശരീരത്തിലും ഉണ്ടാക്കുന്നത് എന്ന് തെളിയിക്കണം: എന്തെന്കിലും ഉണ്ടോ എന്നത് വേറെ കാര്യം. എന്നാല്‍ ഹോമിയോ 'ശാസ്ത്രജ്ഞന്മാര്‍' അതിനു വേണ്ടി യാതൊരു ശ്രമവും നടത്തുന്നില്ല എന്നു മാത്രമല്ല, ഞങ്ങളുടെ ശാസ്ത്രം വേറെയാണ് എന്നു പറഞ്ഞ് തടി തപ്പുകയാണ് സ്ഥിരം പതിവ്. അതുകൊണ്ട് തന്നെ ആ വിഷയത്തെപ്പറ്റി അധികം പറഞ്ഞിട്ട് കാര്യമുണ്ട് എന്ന് തോന്നുന്നില്ല.
രണ്ടാമതായി, ഹോമിയോയുടെ ശക്തി എന്നു അവകാശപ്പെടുന്ന പൊട്ടന്‍സി, നേര്‍പ്പിക്കല്‍ മുതലായവയുടെ സത്യാവസ്ത വ്യക്തമാവണം. സത്യത്തില്‍ ഐ..റ്റി യിലെ ഈ ഗവേഷണഫലങ്ങള്‍ ഹോമിയോക്കാരുടെ അവകാശവാദങ്ങളെ പാടേ അട്ടിമറിക്കുന്നതാണ്. ഹോമിയോയ്ക്ക് അനുകൂലമായി എന്തെന്കിലും നിഗമനത്തില്‍ എത്തണമെന്കില്‍ താഴെപ്പറയുന്ന കാര്യങ്ങളെന്കിലും ശരിയാവണം.
1, പരിശോധിച്ച മരുന്നുകളില്‍ അന്വേഷണ വിധേയമാക്കിയ മൂലവസ്തുവിന്റെ അളവിനു താരതമ്യം ചെയ്യാവുന്ന അളവില്‍ മറ്റ് യാതൊരു വസ്തുവും ഉണ്ടാകാന്‍ പാടില്ല. (മറ്റൊരു വസ്തു ഉണ്ടെന്കില്‍ ഹോമിയോ തത്വം പ്രകാരം ഏതു വസ്തുവാണ് ഫലം നല്കുന്നത് എന്ന് എങ്ങിനെ പറയും?) എന്നാല്‍ ഡോ: ലത്തീഫിന്റെ ലേഖനത്തില്‍ അങ്ങിനെയൊരു പരാമര്‍ശവും ഇല്ല.
2, മരുന്നിലെ അന്വേഷണ വിധേയമാക്കിയ വസ്തുവിന്റെ അളവ്, ചികിത്സക്ക് ഉപയോഗിക്കാത്ത, ഫലം നല്കാത്ത, എന്നാല്‍ സാമ്യതയുള്ള വസ്തുക്കളില്‍ എത്രമാത്രമുണ്ട് എന്ന് പരിശോധിച്ചിട്ടില്ല. ഇങ്ങനെ ഒരു കണ്ട്രോള്‍ പഠനം ഇല്ലാത്ത ഒരു ഗവേഷണവും ശാസ്ത്രബോധമുള്ള ആരും അംഗീകരിക്കില്ല.
3, ഹോമിയോക്കാര്‍ അഭിമാനിക്കുന്ന പോലുള്ള ഒരു നേര്‍പ്പിക്കല്‍ പ്രക്രിയ അവരുടെ മരുന്നുകളില്‍ നടക്കുന്നില്ല എന്നതാണ് ഈ ഗവേഷണം നല്കുന്ന നേരിട്ടുള്ള വിവരം. അത് മനസ്സിലാക്കാന്‍ അതി ബുദ്ധിയൊന്നും വേണ്ട. സാമാന്യ ബോധവും അത്യാവശ്യം കണക്കു കൂട്ടാനുള്ള  അറിവും മതി.

ചുരുക്കത്തില്‍ ശാസ്ത്ര വാചകക്കസര്‍ത്തുകള്‍ ഉപയോഗിച്ച് സാമാന്യ ജനത്തിനെ പറ്റിക്കുന്ന വ്യാജന്മാരുടെ സ്ഥിരം ശൈലി തന്നെയാണ് ഡോ. ലത്തീഫും ഇവിടെ പയറ്റുന്നത്. മന്ത്രത്തിലേയും തകിടിലേയും 'ബൈബ്രേഷ'നെപ്പറ്റി വാചാലനാകുന്ന നാടന്‍ സിദ്ധനില്‍ നിന്നും വളരെയൊന്നും വ്യത്യസ്തനല്ല മുന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ എന്ന് ഖേദപൂര്‍വ്വം പറയേണ്ടിയിരിക്കുന്നു.