പല ഗ്രൂപ്പുകളിലും ആവർത്തിച്ചു വരുന്ന ഒരു ചോദ്യമാണ് ഏറ്റവും നല്ല സൈക്കിൾ ലൂബ് ഏതാണ് എന്ന്. പ്രധാനമായും ചെയിൻ ലൂബ് ആണ് ഉദ്ദേശിക്കുന്നത്. ഓരോരുത്തരും അവരുപയോഗിക്കുന്ന ലൂബോ അല്ലെങ്കിൽ കേട്ടിരിക്കുന്നതിൽ വില കൂടിയോ ഒന്നോ നിർദ്ദേശിക്കുകയാണ് പതിവും. വില കൂടുതൽ ഉള്ളത് സ്വാഭാവികമായും കൂടുതൽ നല്ലത് ആയിരിക്കും എന്നത് ഒരു പൊതുവിശ്വാസം ആണല്ലോ?
ഇതെഴുതുന്നത് ഏറ്റവും നല്ല ലൂബ് ഏതെന്ന് പറയുവാനല്ല. ലൂബിനെ സംബന്ധിച്ച വസ്തുതകൾ പങ്ക് വെയ്ക്കാനാണ്. അതിന് ശേഷം നിങ്ങൾക്ക് തന്നെ തീരുമാനിയ്ക്കാം എന്ത് ഉപയോഗിക്കണം എന്ന്.
ആദ്യമായി ലൂബിന്റെ ആവശ്യം എന്താണെന്ന് നോക്കാം. രണ്ട് കാര്യമാണ്.
1. ഘർഷണം കുറയ്ക്കുക.
2. തേയ്മാനം കുറയ്ക്കുക, ആയുസ്സ് കൂട്ടുക.
ഈ കാര്യങ്ങളെ സംബന്ധിച്ച് നമുക്കുള്ള വിവരങ്ങൾ ലൂബ് കമ്പനിക്കാരുടെ അവകാശവാദങ്ങൾ മാത്രമായിരുന്നു. സ്വാഭാവികമായും അവർ അവരുടെ ഉത്പന്നത്തിന് അനുകൂലമായേ പറയുകയും ഉള്ളൂ. എന്നാൽ രണ്ട് സ്വതന്ത്ര ലാബുകൾ ഈ കാര്യങ്ങൾ പഠിക്കുകയും അവർ കണ്ടെത്തിയത് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ജെയ്‌സൺ സ്മിത്ത് എന്ന സൈക്കിളിസ്റ്റും എൻജിനീയറും ആയ ആൾ സ്ഥാപിച്ച ഫ്രിക്ഷൻ ഫാക്ട്സ് ആണ് ആദ്യ സംരംഭം. സ്മിത്ത് സ്വന്തമായി ഡിസൈൻ ചെയ്ത് നിർമ്മിച്ച ഹൈ ടെക് ഉപകരണങ്ങൾ ഉപയോഗിച്ച് പ്രധാനമായും ഘർഷണം ആണ് വിശകലനം ചെയ്തത്. (ലൂബുകൾ മാത്രമല്ല ഡ്രൈവ് ട്രെയിൻ ഘടകങ്ങൾ എല്ലാം സ്മിത്ത് പരീക്ഷിച്ചിരുന്നു. ആവശ്യക്കാർക്ക് ടെസ്റ്റ് റിസൾട്ടുകൾ ചെറിയൊരു ഫീസിന് നൽകിയിരുന്നു. എന്നാൽ പിന്നീട് സ്മിത്തിന്റെ കമ്പനി 'സെറാമിക് സ്പീഡ്' എന്ന കമ്പനി "വിഴുങ്ങി".)
സ്മിത്തിന്റെ നിരീക്ഷണം അനുസരിച്ച് 'പുതിയതും പൂർണ്ണമായും വൃത്തിയുള്ളതുമായ നിലവാരമുള്ള ചെയിൻ' ചവിട്ടുന്നതിന്റെ ഏതാണ്ട് 4% വരെ ഊർജ്ജം നഷ്ടപ്പെടുത്തും. (പഴകിത്തേഞ്ഞ അഴുക്ക്/തുരുമ്പ് പിടിച്ച മോശം നിലവാരമുള്ള ചെയിനുകൾ അതിന്റെ പല പല മടങ്ങ് ഊർജ്ജനഷ്ടത്തിന് കാരണമാകും. നമ്മൾ അവസാനം തീരുമാനം എടുക്കുമ്പോൾ ഈ ഒരു കാര്യം ഓർമ്മയിൽ വേണം. വിലയേറിയ ലൂബിന് മുൻപ് ശരിയാവേണ്ടത് ഇതൊക്കെയാണ്.) അതായത് ഒരു 250 W ഊർജ്ജം (ശരാശരി റോഡ് സൈക്കിളിങ്ങിൽ വരുന്നത്.) പ്രയോഗിക്കുമ്പോൾ 10W നഷ്ടപ്പെടും. അതിൽ എത്രമാത്രം ഓരോ ലൂബും ഉപയോഗിക്കുമ്പോൾ ലാഭിച്ചുകിട്ടും എന്ന് അദ്ദേഹം കണ്ടെത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗ്രാഫ് കാണുക. നമുക്ക് പരിചിതമായ ബ്രാൻഡുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്ക്വീർട്ട് സാമാന്യം ഭേദപ്പെട്ട നിലവാരം ആണ് കാണിക്കുന്നത്. അത് ഉപയോഗിക്കുമ്പോൾ ഊർജ്ജനഷ്ടം ഏതാണ്ട് 4.5W മാത്രമാണ്. അതായത് ഊർജ്ജനഷ്ടം ഏതാണ്ട് പകുതിയായി കുറഞ്ഞു. പിന്നെ എല്ലാവര്ക്കും പരിചയമുള്ള ബ്രാൻഡ് ആണ് മക്കോഫ്. മക്കോഫ് ഉപയോഗിച്ചപ്പോൾ ഊർജ്ജനഷ്ടം 6W ഇൽ അധികം വരുന്നുണ്ട്. എന്നാൽ രസകരമായ ഒരു കാര്യം, സൈക്കിളിങ്ങ് ലൂബ് എന്ന രീതിയിൽ മാർക്കറ്റ് ചെയ്യാത്ത മൊബീലിന്റെ സിന്തറ്റിക് എൻജിൻ ഓയിൽ 5W-20 മക്കോഫിനേക്കാളും മെച്ചപ്പെട്ട പ്രകടനം ആണ് കാണിക്കുന്നത്. അതുപോലെ നിസ്സാരമെന്ന് കരുതുന്ന വാസ്‌ലൈൻ പെട്രോളിയം ജെല്ലിയും മക്കോഫിന് സമാനമായ നിലവാരം കാണിക്കുന്നുണ്ട്. അതിലും മോശം സ്ഥാനം ആണ് ഫിനിഷ് ലൈന് ഉള്ളത്.
ചുരുക്കത്തിൽ ഒരു 'ഒപ്ടിമൽ ചെയിൻ ' ഉപയോഗിക്കുമ്പോൾ ഘർഷണം കുറയ്ക്കുക എന്ന കാര്യത്തിൽ ലൂബിന്റെ പ്രീമിയംനെസ്സ് നിർണ്ണായകമല്ല. മാത്രമല്ല പലതും തെറ്റിദ്ധാരണാജനകവും ആണ്. അടുത്തതായിട്ട് ചെയ്നിന്റെ തേയ്മാനവും ആയുസ്സും നിർണ്ണയിക്കുന്നതിൽ വ്യത്യസ്ത ലൂബുകളുടെ പങ്ക് എന്ത് എന്ന് നോക്കാം. ഇത് സംബന്ധിച്ച പഠനങ്ങൾ നടത്തിയിരിക്കുന്നത് ആഡം കിരിൻ എന്നൊരു ആസ്ട്രേലിയൻ സൈക്കിളിസ്റ്റിന്റെ സ്ഥാപനമായ ZFC ആണ്. സ്മിത്തിന്റെ ലാബിനെ അപേക്ഷിച്ച് കുറച്ചുകൂടി ലളിതമാണ് കിരിന്റെ സംവിധാനം. എന്നാൽ യഥാർത്ഥ സാഹചര്യങ്ങളെ കൂടുതൽ അനുകരിക്കുന്നതും. 250W ശക്തി തുടർച്ചയായി ക്രാങ്കിൽ കിട്ടുന്ന രീതിയിൽ ഒരു മോട്ടോർ ഡ്രൈവ് ട്രെയിൻ ഓടിക്കുന്നു. ഒരു പുതിയ ചെയിൻ ഇട്ടിട്ട് 1000km വീതമുള്ള അഞ്ച് ഘട്ടമായിട്ട് ആണ് പരീക്ഷണം.ആദ്യ ഘട്ടത്തിൽ വൃത്തിയുള്ള സാഹചര്യത്തിൽ ലൂബ് മാത്രം ഉപയോഗിക്കുന്നു. രണ്ടാം ഘട്ടത്തിൽ റോഡ് സാഹചര്യത്തെ അനുകരിച്ച് പൊടിമണൽ ചെയിനിൽ പറ്റിച്ച് ആണ് ഓടിക്കുന്നത്. നാലാം ഘട്ടം, മണലും വെള്ളവും. മൂന്നും അഞ്ചും ലൂബ് മാത്രം. ചെയിൻ വലിയുന്നതാണ് തേയ്മാനത്തിന്റെ മാനദണ്ഡമായി എടുക്കുന്നത്. മുൻകൂർ നിശ്ചയിച്ചിരിക്കുന്ന നീളവ്യത്യാസം മുഴുവനായി (100%) ആകുമ്പോൾ ചെയിൽ ഉപേക്ഷിക്കാറായതായി പരിഗണിക്കുകയും പരീക്ഷണത്തിൽ നിന്ന് പുറത്താവുകയും ചെയ്യും. അതായത് ഒരു ഘട്ടത്തിൽ ചെയിൻ ആയുസ്സ് 100% ആയാൽ അത് അടുത്ത ഘട്ടത്തിലേക്ക് പ്രൊമോട്ട് ആവില്ല.
ഇവിടെയും പരീക്ഷണ ഫലങ്ങൾ കൗതുകകരമായിരുന്നു. മോൾട്ടൺ സ്പീഡ് വാക്സ്, UFO എന്നീ വാക്സ് അധിഷ്ഠിത ലൂബുകൾ മാത്രമേ അഞ്ച് ഘട്ടവും കടന്നുകൂടിയുള്ളൂ. അതും കാര്യമായ തേയ്മാനം ഒന്നും വരുത്താതെ. സ്ക്വീർട്ട് അഞ്ചാം ഘട്ടം വരെ എത്തി. മക്കോഫ് രണ്ടാം ഘട്ടത്തിൽ തന്നെ പുറത്തായി.
(നമ്മൾ ആദ്യ പോസ്റ്റിൽ പറഞ്ഞിരുന്ന മൊബീൽ, വാസ്‌ലൈൻ, ഫിനിഷ് ലൈൻ ഒന്നും കിറിന്റെ പഠനത്തിൽ ഇല്ല. ഇതിൽ UFO ഡ്രിപ്, ജെയ്‌സൺ സ്മിത്ത് വികസിപ്പിച്ച ചെയിൻ ട്രീറ്റ്മെന്റ്, ഇറ്റിക്കാവുന്ന രീതിയിൽ സെറാമിക് സ്പീഡ് മാറ്റി എടുത്തത് ആണ്. സ്മിത്തിന്റെ ഫ്രിക്ഷൻ ഫാക്ട് സ്വതന്ത്ര കമ്പനി ആയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ ചെയിൻ ട്രീറ്റ്മെന്റിന്റെ ഒരു DIY വേർഷൻ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. സാധാരണ പാരഫിൻ മെഴുകിൽ നേരിയ അളവിൽ ടെഫ്ലോൺ പൗഡറും മോളിബ്ഡനം സൾഫേറ്റും കലർത്തി ഉരുക്കി എടുക്കുന്നത് ആയിരുന്നു അത്.)
ചുരുക്കത്തിൽ,
ഈ പഠനങ്ങളിൽ നിന്നും മനസ്സിലാകുന്ന ഒരു കാര്യം, മിക്കവാറും പ്രീമിയും ലൂബുകൾ ഒന്നും തന്നെ ചെയിനിന്റെ ആയുസ്സ് കൂട്ടുന്നതിൽ സഹായിക്കുന്നില്ല എന്നതാണ്. അവയെക്കാളൊക്കെ മെച്ചപ്പെട്ട പ്രയോജനം ചെയിൻ വാക്സ് ചെയ്യുന്നതുകൊണ്ട് ലഭിയ്ക്കും.
വാക്സിങ്ങ്.
ഘർഷണം കുറയ്ക്കാനും ചെയിനിന്റെ ആയുസ്സ് കൂട്ടുവാനും ഏറ്റവും നല്ല മാർഗ്ഗം വാക്സിങ്ങ് തന്നെയാണ്. എന്നാൽ UFO ഡ്രിപ്, മോൾട്ടൻ സ്പീഡ് വാക്സ്, അബ്‌സോല്യൂട്ട് ബ്ലാക്ക് മുതലായ ഇറ്റിക്കാവുന്ന വാക്സ് ഉത്പന്നങ്ങൾ നമുക്ക് ഇവിടെ കിട്ടാനില്ല. (ലഭ്യമായ സ്ഥലങ്ങളിൽ പോലും താങ്ങാനാവാത്ത വിലയുമാണ്. അബ്‌സോല്യൂട്ട് ബ്ലായ്ക്കിന്റെ 100 ml നു പതിനായിരം രൂപയോളം വരും!) എന്നാൽ സാധാരണ പാരഫിൻ വാക്സ് പ്രയോഗവും നല്ല ഫലം തരും.ടെഫ്ലോൺ പൗഡറും മോളിബ്ഡനം സൾഫേറ്റും നമുക്കിവിടെ കിട്ടാൻ എളുപ്പമല്ല. എന്നാൽ വാക്സ് തന്നെയോ അല്ലെങ്കിൽ ഗ്രാഫൈറ്റ് പൗഡറുമായോ ചേർത്തോ ഉപയോഗിക്കാവുന്നതാണ്.
എന്നാൽ വാക്‌സിങ്ങിന് പ്രായോഗികമായി ചില ബുദ്ധിമുട്ടുകൾ ഉണ്ട്. ഒന്ന് അത് അല്പം മിനക്കേട് ആണെന്ന് ഉള്ളതാണ്. ആദ്യമായി പ്രയോഗിക്കുമ്പോൾ ചെയിൻ പലതവണ കഴുകി ഏറ്റവും വൃത്തിയാക്കണം. സാധാരണ ക്ളീനിങ്ങ് പോര. (പിന്നീട് എളുപ്പമാണ്, വെറുതെ തിളച്ച വെള്ളത്തിൽ മുക്കി തുടച്ച് എടുത്താൽ മതി.) മെഴുക് ഉരുക്കി അതിൽ കുറെ സമയം ചെയിൻ ഇട്ട് വെയ്ക്കണം. മെഴുക് മുകളിൽ ഉറച്ച് തുടങ്ങുമ്പോഴേ എടുക്കാവൂ. വാക്സ് ചെയ്ത് കഴിഞ്ഞാൽ ആദ്യ 20-25 km അല്പം ബുദ്ധിമുട്ട് ആയിരിയ്ക്കും. പിന്നീട് 300-400 km വളരെ സ്മൂത്ത് ആയിക്കിട്ടും. എന്നാൽ ഏറ്റവും വലിയ പ്രശ്‍നം ചെയിൻ അഴിച്ചെടുക്കണം എന്നതാണ്. ക്വിക്ക് മാസ്റ്റർ ലിങ്ക് ഉള്ള ചെയിൻ മാത്രമേ എളുപ്പത്തിൽ അഴിച്ചെടുക്കാൻ സാധിക്കൂ. മിക്കവാറും ഹൈ എൻഡ് ചെയിനുകൾക്കെ ഈ സംവിധാനം കാണൂ. അതിനാൽ തന്നെ ഭൂരിപക്ഷം പേർക്കും വാക്സിങ്ങ് സാധ്യമാകും എന്ന് തോന്നുന്നില്ല.
മോട്ടോർ ഓയിൽ.
സൈക്കിളിൽ സാധാരണ മോട്ടോർ ഓയിൽ ഉപയോഗിച്ചുകൂടെ എന്ന് എല്ലാവരും ചോദിക്കുന്ന സംശയം ആണ്. (ആദ്യ പരീക്ഷണത്തിൽ മൊബീൽ ഓയിൽ, ഡെഡിക്കേറ്റഡ് സൈക്കിൾ ലൂബുകളേക്കാളും മെച്ചപ്പെട്ട ഫലം നൽകി എന്ന് നമ്മൾ കണ്ടതാണ്.) ഉപയോഗിക്കാം. പക്ഷെ, കൊഴുപ്പ് (വിസ്കോസിറ്റി) കുറഞ്ഞ ഓയിലുകൾ വേണം. മൊബിലിന്റേത് 5W ആയിരുന്നു എന്നോർക്കുക. മോട്ടോർ സൈക്കിളുകളിൽ സാധാരണ 20W ഒക്കെയാണ് ഉപയോഗിക്കുന്നത്. 2T ഓയിൽ അതിലും കട്ടി കൂടിയത് ആയിരിയ്ക്കും. ഓയിലിന് കട്ടി കൂടുമ്പോൾ ചെയിനിൻ്റെ പിന്നിനും റോളറിനും ഇടയ്ക്ക് കടന്ന് കയറാനുള്ള കാപ്പിലറി ഫോഴ്സ് കുറയും, വിസ്കസ് ഡ്രാഗ് എന്നൊരു സംഭവം കൂടി ഊർജ്ജനഷ്ടം ഉണ്ടാകും, മാത്രമല്ല മണ്ണും പൊടിയും ഒക്കെ അടിഞ്ഞുകൂടാനും സാധ്യത കൂടും. 5W - 10W SAE ഗ്രേഡിംഗ് ഉള്ള ഏതെങ്കിലും ഓയിൽ ഉപയോഗിക്കുന്നതാവും നല്ലത്. (W വിന് മുൻപ് വരുന്ന നമ്പർ ശ്രദ്ധിച്ചാൽ മതി, ശേഷം വരുന്നത് ഏതായാലും കുഴപ്പമില്ല.) അല്ലെങ്കിൽ സമാന വിസ്കോസിറ്റി വരുന്നത് ആണ് ഹൈഡ്രോളിക് അല്ലെങ്കിൽ ഫോർക്ക് ഓയിലുകൾ. അവ ഉപയോഗിക്കാം. ഫോർക്ക് ഓയിലുകൾ 350ml അളവിൽ എല്ലാ ടൂ വീലർ സ്പെർപാർട്സ് കടകളിലും കിട്ടും. അത്രയൊന്നും മിനക്കെടാൻ പറ്റില്ലെങ്കിൽ മോട്ടോർ സൈക്കിൾ ഓയിലുകൾ മണ്ണെണ്ണയോ ഡീസലോ മറ്റോ ചേർത്ത് കട്ടി കുറച്ചെടുക്കാം.
തയ്യൽ മെഷീൻ ഓയിൽ.
ഇതിന്റെ കണ്ടന്റോ വിസ്കോസിറ്റി ഗ്രേഡോ അറിയില്ല എന്നതാണൊരു പ്രശ്‍നം. എന്നാൽ പലരും നല്ല അനുഭവസാക്ഷ്യം നൽകുന്നുണ്ട്. ഉപയോഗിച്ച് നോക്കാവുന്നതാണ്.
കുക്കിങ്ങ് ഓയിലുകൾ
ഒഴിവാക്കുന്നത് ആണ് നല്ലത്. മിക്കവാറും എല്ലാ എണ്ണകളും പശപ്പുള്ള അവശിഷ്ടം ബാക്കിവെയ്ക്കും. അഴുക്ക് അടിഞ്ഞു കൂടുന്നത് കൂടും, ഡ്രാഗ് കൂടും.
ഗ്രീസ്.
തേയ്മാനം കുറയാൻ ഏറ്റവും നല്ലത്. പക്ഷെ ബാക്കി ഗുണങ്ങൾ എല്ലാം വിപരീതം. ഗ്രീസ് ചെയിനുള്ളതല്ല.
DIY വാക്സ് ഡ്രിപ്പ്.
അല്പം മിനക്കെടാൻ മനസ്സുള്ളവർക്ക് സ്വയം ഉണ്ടാക്കി എടുക്കാവുന്ന പാചകം. പാരഫിൻ വാക്‌സും (മെഴുകുതിരി) ലിക്വിഡ് പാരഫിനും (മെഡിക്കൽ ഷോപ്പിൽ കിട്ടും) ചേർത്ത് ഉരുക്കുക. തണുക്കുമ്പോൾ ഏതാണ്ട് വെണ്ണയുടെ പരുവം കിട്ടുന്ന അളവിൽ വേണം രണ്ടും എടുക്കാൻ. തണുത്ത് കഴിഞ്ഞ് അൽപ്പാൽപ്പമായി എടുത്ത് അസറ്റോൺ (പെയിന്റ് കട) ചേർത്ത് ഇറ്റിക്കാവുന്ന പാകത്തിൽ എടുക്കുക.
ചുരുക്കത്തിൽ,
ചെയിനും മറ്റ് ഡ്രൈവ് ട്രെയിൻ ഭാഗങ്ങളും (ജോക്കി വീലുകൾ പ്രത്യേകിച്ചും)) പരമാവധി വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ലൂബിന്റെ പ്രാധാന്യം രണ്ടാമതേ വരുന്നുള്ളൂ. നമുക്ക് ലഭ്യമായ പ്രീമിയം ലൂബുകളിൽ മിക്കതും സാധാരണ മോട്ടോർ ഓയിലിനേക്കാൾ മെച്ചമുള്ളതല്ല. സ്ക്വിർട്ട് താരതമ്യേന മെച്ചമാണ്, എന്നാൽ ചിലവുമായി താരതമ്യം ചെയ്യുമ്പോൾ ഉള്ള ബെനഫിറ്റ് സംശയമാണ്.
(ജാമ്യം. ഈ റൈറ്റപ്പ് ശരാശരി സൈക്കിളിനെയും സൈക്കിളിസ്റ്റിനെയും ഉദ്ദേശിച്ചുള്ളതാണ്. ടൂർ ഡി ഫ്രാൻസ്, റാം ഒക്കെ പോലുള്ള ഹൈ ഇന്റെൻസിറ്റി സൈക്കിളിങ്ങ് ഉദ്ദേശിക്കുന്നവർ ഇതൊന്നും കാര്യമാക്കേണ്ട. :D )
No comments:
Post a Comment