Thursday, June 02, 2011

കുറച്ച് ഭക്ഷണ കാര്യങ്ങൾ

ഗാരി തൗബ്സ് പഠിച്ചത് അപ്ളൈഡ് ഫിസിക്സും ഏറോസ്പേസ് എഞ്ചിനീയറിംഗുമാണ്. പിന്നെ അല്പം പത്രപ്രവര്‍ത്തനവും. പക്ഷെ ഇന്ന് അമേരിക്കയിലെ ഏതൊരു പോഷകശാസ്ത്രജ്ഞനെക്കാളും ആ രംഗത്ത് പ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്നു തൗബ്സ്. അദ്ദേഹം ഈയിടെ പ്രസിദ്ധീകരിച്ച "WHY WE GET FAT and what to do about it?” എന്ന പുസ്തകമാണ് കാരണം. പൊതു ധാരണയ്ക്ക് വിപരീതമായി, കാര്‍ബോഹൈഡ്രേറ്റുകള്‍ (അന്നജം) ആണ് ദുര്‍മേദസ്സിനും അമിത രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം മുതലായവയ്ക്കും കാരണം എന്ന് തൗബ്സ് വാദിക്കുന്നു. അന്നജം കുറച്ച്, അധികമായി കൊഴുപ്പും മാംസ്യവും ചേര്‍ന്ന ഭക്ഷണം, പ്രത്യേകിച്ച് മാംസഭക്ഷണമാണ് ആരോഗ്യത്തിന് നല്ലതെന്ന് അദ്ദേഹം ഉപദേശിക്കുന്നു. കാലാകാലമായി, ഈവക പ്രസ്നങ്ങള്‍ക്ക് എല്ലാം കാരണം കൊഴുപ്പുകള്‍ ആണെന്നാണ് വൈദ്യശാസ്ത്രം കരുതുന്നത്. ആരോഗ്യജീവനത്തിന് എല്ലാവരും ഉപദേശിക്കുന്നതും ആഹാരത്തില്‍ നിന്നും കൊഴുപ്പ് കുറയ്ക്കാനോ ഒഴിവാക്കാനോ ആണ്. (താന്കളുടെ ഡോക്ടറും കഴിഞ്ഞ തവണ അതു തന്നെയല്ലേ പറഞ്ഞത്?) അതുകൊണ്ടു തന്നെ ബഹു ഭൂരിപക്ഷം വരുന്ന മുഖ്യധാരാ ശാസ്ത്രജ്ഞര്‍ അദ്ദേഹത്തോട് യോജിക്കുന്നില്ല. മുന്‍പറഞ്ഞ പ്രശ്നങ്ങളുടെ കാരണം കൊഴുപ്പുകള്‍ തന്നെയാണ് എന്ന് അവര്‍ തുടര്‍ന്നും വിശ്വസിക്കുന്നു. പക്ഷെ തൗബ്സിനെ പിന്തുണയ്ക്കുന്നവരും കുറവല്ല. അവര്‍ക്കും വ്യക്തമായ കാരണങ്ങള്‍ നിരത്തുവാനുണ്ട്.

അടുത്തിടെ ഒരു ഈജിപ്ഷ്യന്‍ മമ്മിയില്‍ നടത്തിയ പഠനമാണ്, ശാസ്ത്രലേഖികയായ കാരെന്‍ ഷ്രോക്ക്, ഗാരി തൗബ്സിനെ പിന്തുണയ്ക്കാന്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഈ മമ്മിയുടെ ഇമേജിങ് പഠനങ്ങളില്‍ അവര്‍ക്ക് വളരെ ഗുരുതരമായ ഹൃദ്രോഗ ബാധയുണ്ടായിരുന്നതായി കണ്ടൂ. അവരുടെ ഹൃദയ ധമനികള്‍ നല്ല തോതില്‍ തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഇന്നാണെന്കില്‍ അവര്‍ക്ക് തീര്‍ച്ചയായും ഒരു ബൈപാസ്സ് ഉപദേശിക്കപ്പെട്ടേനെ! പൗരാണിക ഈജിപ്ഷ്യന്‍ ഭക്ഷണ രീതികളെപ്പറ്റി നമുക്ക് ധാരണയുണ്ട്. ധാന്യങ്ങളൂം, പച്ചക്കറികളും, വളരെക്കുറച്ച് മാത്രം മാംസവും കൊഴുപ്പും ഉപയോഗിക്കുന്നവരായിരുന്നു അവര്‍. നമ്മുടെ ഇന്നത്തെ സന്കല്പപ്രകാരം ആരോഗ്യഭോജനം. അങ്ങിനെയാണെന്കില്‍ സ്വാഭാവികമായും മമ്മിയുടെ ഹൃദയധമനികള്‍ ഇപ്രകാരം ആവാന്‍ വഴിയില്ല. ഒരു പക്ഷെ അവരുടെ അന്നജം കൂടിയ ഭക്ഷണ രീതിയാണോ അവരെ ഹൃദ്രോഗിയാക്കിയത്? തൗബ്സിന്റെ ആശയപ്രകാരം അതിനു തന്നെയാണ് സാധ്യത!

ഗാരി തൗബ്സിന്റെ അവകാശവാദങ്ങള്‍ പ്രധമദൃഷ്ട്യാ അടിസ്ഥാനരഹിതമെന്നു തോന്നാമെന്കിലും മുന്‍പ് പറഞ്ഞതുപോലുള്ള വസ്തുതകള്‍ പരിഗണിക്കുമ്പോള്‍ കുറച്ചുകൂടി ആഴത്തില്‍ ചിന്തിക്കേണ്ടതാണ്.

ഏതാണ് മനുഷ്യന് ആരോഗ്യകരമായ ഭക്ഷണം? പ്രകൃതി ഏതു ഭക്ഷണമാണ് മനുഷ്യന് യോജിച്ചതായി ഏര്‍ പ്പെടുത്തിയിരിക്കുന്നത്? മനുഷ്യന്റെ ബയോകെമിസ്റ്റ്രി ഏതുതരം ഭക്ഷണത്തിലാണ് കാര്യക്ഷമമാകുക? ഏറ്റവും കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്ന ഭക്ഷണമാവണം പ്രകൃതി മനുഷ്യന് പറഞ്ഞിരിക്കുന്ന ഭക്ഷണം. എന്നാല്‍ മനുഷ്യന്റെ ബയോകെമിസ്റ്റ്രി ഇനിയും പൂര്‍ണ്ണമായി വെളിവായിട്ടില്ലാത്ത സ്ഥിതിക്ക് ഓരോ തരം ഭക്ഷണത്തോടും ശരീരം പ്രതികരിക്കുന്നത് വിലയിരുത്തിയാല്‍ നമുക്ക് ഇതു സംബന്ധിച്ച് ഒരു ധാരണ കിട്ടിയേക്കും. ആരോഗ്യത്തിന് ഗുണകരമായ സൂചകങ്ങള്‍ തരുന്നത് ശരിയായ ഭക്ഷണവും, അങ്ങിനെ അല്ലാത്തത്, മനുഷ്യന് പറഞ്ഞിട്ടില്ലാത്തതും.

നാളുകളായി ശാസ്ത്രലോകവും,പ്രകൃതിജീവനക്കാരും പല മതവിശ്വാസങ്ങളും അന്നജപ്രധാനമായ സസ്യാഹാരമാണ് ആരോഗ്യഭക്ഷണം എന്ന നിലപാടിലാണ്. എന്നാല്‍ ഗാരി തൗബ്സിനെയും കാരെന്‍ ഷ്രോക്കിനെയേയും പോലുള്ളവര്‍ ഇതിനു കടകവിരുദ്ധമായ നിലപാടുകള്‍ ആണ് സ്വീകരിച്ചിരിക്കുന്നത്. (ഇവര്‍ രണ്ടു പേരും വ്യവസ്ഥാപിത ശാസ്ത്രജ്ഞരല്ല എന്നതും പറയട്ടെ,) മുഖ്യഭക്ഷണമായി അന്നജത്തെ നമ്മളെല്ലാം അടിസ്ഥാനപരമായി അംഗീകരിച്ചിരിക്കുന്നതിനാല്‍ തല്ക്കാലം നമുക്ക് മറുഭാഗത്തിന്റെ കുറച്ച് അനുകൂല തെളിവുകള്‍ പരിഗണിക്കാം.

അന്നജം കുറച്ച് അല്ലെന്കില്‍ ഒഴിവാക്കിയുള്ള ഭക്ഷണ ക്രമം വളരെ പുതിയ ഒരു സന്കല്പമല്ല. പത്തൊൻപതാം നൂറ്റാണ്ടില്‍ വില്യം ബാന്റിങ് എന്നൊരാള്‍ ഈ രീതിയിലുള്ള ഒരു ഭക്ഷണക്രമം പ്രചരിപ്പിച്ചിരുന്നു. ബാന്റിങ് ഡോക്ടറോ ശാസ്ത്രജ്ഞനോ ഒന്നുമായിരുന്നില്ല. മഹാതടിയനായിരുന്ന ബാന്റിങ്, തടി കുറയ്ക്കാന്‍ പല ശ്രമങ്ങള്‍ നടത്തിയിട്ടും വിജയിച്ചില്ല. അവസാനം തന്റെ ഡോക്ടറുടെ ഉപദേശവും സ്വന്തം കണ്ടൂപിടുത്തവും ചേര്‍ത്ത് പരീക്ഷിച്ചു നോക്കിയ ഒരു ഭക്ഷണക്രമം ഫലവത്തായി. ഭക്ഷണത്തില്‍ നിന്നും അന്നജം പരമാവധി കുറയ്ക്കുക എന്നതായിരുന്നു അതിന്റെ കാതല്‍. തന്റെ അനുഭവം ബാന്റിങ്ങ് ഒരു കൈപ്പുസ്തകമായി പ്രസിദ്ധീകരിച്ചു, അത് വളരെ പ്രചാരം നേടുകയും ചെയ്തു. ബാന്റിങ്ങിന്റെ കൈപ്പുസ്തകം .ഉപയോഗപ്പെടുത്തി വളരെയധികം പേര്‍ ഗുണം നേടി. എന്നാലന്ന് താരതമ്യ പഠനങ്ങള്‍ ഒന്നുമില്ലാതിരുന്നതിനാല്‍ കൂടുതല്‍ ശാസ്ത്രീയ വിവരങ്ങള്‍ നമുക്ക് ലഭ്യമല്ല.

ആറ്റ്കിന്‍സ് ഭക്ഷണക്രമം.

തൂക്കം കുറയ്ക്കുവാനുള്ള ഭക്ഷണക്രമങ്ങളില്‍ വളരെ പ്രചാരം നേടിയ ഒന്നാണ് ഡോ: റോബർട്ട് ആറ്റ്കിന്‍സ് അവതരിപ്പിച്ച രീതി. ദൈനം ദിന അന്നജ ഉപഭോഗം 30 ഗ്രാമോ അതില്‍ കുറവോ ആക്കുക എന്നതാണ് ഈ രീതിയുടെ ശുപാര്‍ശ. കൊഴുപ്പിനും മാംസ്യത്തിനും പരിധിയില്ല. മുട്ട, മത്സ്യം, മാംസം ഇവ എത്ര വേണമെന്കിലും ഉപയോഗിക്കാം. ഇലപച്ചക്കറികള്‍ അത്യാവശ്യം ഉപയോഗിക്കാം. ധാന്യങ്ങള്‍ പാടില്ല. പയറുവര്ഗ്ഗങ്ങള്‍ മാംസ്യത്തിന്റെ നല്ല ശ്രോതസ്സാണെന്കിലും അവയില്‍ ധാരാളം അന്നജം ഉള്ളതുകൊണ്ട് ഒഴിവാക്കണം. ധാരാളം വെള്ളം കുടിക്കണം പക്ഷെ ജൂസ്, കോളാ മുതലായവ പാടില്ല.

ആറ് ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്പ് , ഒരു സുഹൃത്തിനൊപ്പം ഞാനും ആറ്റ്കിന്‍സ് പരീക്ഷിച്ചിരുന്നു. ഒരു ദിവസം ഹോട്ടലില്‍ ചെന്ന് ബീഫ് ഫ്രൈയും ഓരോ ഡബിള്‍ ഓംലറ്റും മാത്രം ഓര്‍ഡര്‍ ചെയ്തപ്പോള്‍ വെയറ്റര്‍ക്കുണ്ടായ ഹാസ്യഭാവം കുറേ നാളേക്ക് ചിരിക്കാനുള്ള വകയായിരുന്നു. ഏതായാലും ആദ്യ ആഴ്ച തന്നെ ഞാന്‍ പരിപാടി നിര്‍ത്തി, പിറ്റേ ആഴ്ച സുഹൃത്തും. ചിക്കനും ബീഫും മുട്ടയും മാത്രം തിന്ന് എത്രനാള്‍ ജീവിക്കും നമ്മള്‍ മലയാളികള്‍, അതും ഒരു വറ്റ് ചോറുണ്ണാതെ?

പക്ഷെ വിദേശത്ത് വിജയകരമായി ആറ്റ്കിന്‍സ് പരീക്ഷിക്കുന്ന വളരെയധികം ആളുകളുണ്ട്. അവരുടെ ഫലങ്ങള്‍ സാമാന്യ വിജ്ഞാനത്തിനും അതിന്റെ മുന്‍വിധികള്‍ക്കും നിരക്കുന്നതല്ല. മാംസാഹാരവും കൊഴുപ്പും ഒഴിവാക്കി തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരേക്കാള്‍ നല്ല ഫലമാണ് ആറ്റ്കിന്‍സ് ഭക്ഷണക്രമം പാലിക്കുന്നവര്‍ക്ക് ലഭിക്കുന്നത്. ആറുമാസത്തെ ഫലം എടുക്കുമ്പോള്‍ ഇറച്ചിയും മുട്ടയും മാത്രം തിന്നുന്ന ആറ്റ്കിന്‍സ് പ്രേമികളാണ് പച്ചിലയും വെള്ളരിക്കായും തിന്ന് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരേക്കാള്‍ കൂടുതല്‍ മെലിയുന്നത്! (ഒരു വര്‍ഷത്തെ ഫലം എടുക്കുമ്പോള്‍ ഇത് ഏതാണ്ട് ഒപ്പത്തിനൊപ്പം വരും.) അത്ഭുതം അവിടേയും തീരുന്നില്ല. 'ചീത്ത' കൊളസ്റ്റ്രോളിന്റെ ഭാഗമായ ട്രൈഗ്ളിസറൈഡുകള്‍ അളവില്‍ കുറഞ്ഞും, നല്ല കൊളസ്റ്റ്രോള്‍ ആയ HDLഅളവില്‍ കൂടിയും ആറ്റ്കിന്‍സ് വിഭാഗത്തില്‍ കണ്ടു! സാമാന്യ വിജ്ഞാനം വെച്ച് പ്രതീക്ഷിക്കുന്നതിന്റെ നേരെ വിപരീതം. അതായത് ആരോഗ്യ സൂചകങ്ങള്‍ മാംസഭക്ഷണത്തിന് അനുകൂലമാണ്.

എന്നാല്‍ ശാസ്ത്രലോകം ഈ ഫലങ്ങളെ കണ്ണടച്ച് വിശ്വസിക്കുന്നില്ല. കൊളസ്റ്റ്രോളിന്റെ കാര്യത്തിലും തൂക്കം കുറയുന്ന കാര്യത്തിലും ഉള്ള ആദ്യ ആറു മാസത്തിലെ ഗുണകരമായ മേല്‍കൈ ഒരു വര്‍ഷമാകുമ്പോള്‍ നിലനില്‍ക്കുന്നില്ല. അപ്പോള്‍ അത് മറ്റു ഭക്ഷണക്രമങ്ങള്‍ക്കും തുല്യമായ രീതിയിലാണ്. മോശമാകുന്നുമില്ല. പക്ഷെ ഇവിടെ ശ്രദ്ധിക്കാനുള്ള ഒരു കാര്യം, മറ്റു പഥ്യക്കാര്‍ കര്‍ശ്ശനമായ ഭക്ഷണനിയന്ത്രണത്തിലാണ്, എന്നാല്‍ ആറ്റ്കിന്‍സുകാര്‍ അന്നജം മാത്രമേ ഒഴിവാക്കുന്നുള്ളൂ, അല്ലാതെ മറ്റൊരു അളവ് നിയന്ത്രണവുമില്ല.

ആറ്റ്കിന്‍സ് ഭക്ഷണക്കാര്‍ വാസ്തവത്തില്‍ കുറഞ്ഞ അളവ് ഭക്ഷണമേ കഴിക്കുന്നുള്ളൂ എന്നും അതു കൊണ്ടാണ് ഇപ്പറഞ്ഞ ഫലങ്ങള്‍ കിട്ടുന്നത് എന്നുമാണ് ചിലരുടെ പക്ഷം. ഈ ഭക്ഷണക്രമം പാലിക്കുമ്പോള്‍ രക്തത്തില്‍ ഉയരുന്ന കീറ്റോണ്‍ ഘടകങ്ങള്‍ ഭക്ഷണത്തോടുള്ള താല്പര്യം കുറയ്ക്കും. അതുമാത്രമല്ല, പ്രോട്ടീനുകള്‍ കുറച്ചുമാത്രം കഴിക്കുമ്പോള്‍ തന്നെ തൃപ്തി തോന്നിപ്പിക്കും. പിന്നെ ആറ്റ്കിന്‍സ് രീതിയില്‍ കഴിക്കാനുള്ള ഭക്ഷണത്തിന്റെ വൈവിധ്യം വളരെ കുറവുമാണ്, അതും മടുപ്പിക്കുന്ന ഒരു ഘടകമാണ് - ഞങ്ങളുടെ അനുഭവം ! ഇതൊക്കെക്കൊണ്ട് കഴിക്കുന്ന അളവ് കുറയാന്‍ സാധ്യതയുണ്ട്. ശരി തന്നെ, പക്ഷെ കുറഞ്ഞ അളവ് ആണെന്കില്‍ തന്നെ, കലോറി മൂല്യം പരിഗണിക്കുമ്പോള്‍ ഈ വാദത്തിന് സാധുതയുണ്ടെന്ന് തോന്നുന്നില്ല.

ഫ്രെഞ്ച് പാരഡോക്സ്. (വിരോധാഭാസം)

വൈദ്യശാസ്ത്രരംഗത്ത് ഫ്രെഞ്ച് പാരഡോക്സ് എന്നു പറയുന്ന ഒരു സംഗതിയുണ്ട്. മറ്റ് വികസിത പാശ്ചാത്യരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഫ്രാന്‍സിലെ ഹൃദയധമനിരോഗങ്ങളുടെ നിരക്ക് വളരെ കുറവാണ്. എന്നാല്‍ മറ്റു രാജ്യങ്ങളേക്കാള്‍ മാംസ ഉപഭോഗം ഫ്രാന്‍സില്‍ കൂടുതലാണു താനും. കൊഴുപ്പിന്റെ ഉപഭോഗവും ഫ്രാന്‍സില്‍ അധികമാണ്. അമേരിക്കക്കാരന്‍ ഒരു ദിവസം ശരാശരി 157 ഗ്രാം കൊഴുപ്പ് ഭക്ഷിക്കുമ്പോള്‍ ഫ്രാന്‍സില്‍ അത് 171 ഗ്രാമാണ്. അതില്‍ തന്നെ 108 ഗ്രാമും മൃഗക്കൊഴുപ്പാണ്. ഫ്രെഞ്ചുകാരന്‍ അമേരിക്കക്കാരനേക്കാള്‍ നാലിരട്ടി വെണ്ണയും മൂന്നിരട്ടി പന്നിയിറച്ചിയും ഭക്ഷിക്കുന്നു. എന്നിട്ടും അവര്‍ക്ക് മെച്ചപ്പെട്ട ആരോഗ്യസ്ഥിതിയുണ്ടെന്നുള്ളതാണ് ഈ വിരോധാഭാസം. ഫ്രെഞ്ചുകാര്‍ അധികതോതില്‍ വൈന്‍ ഉപയോഗിക്കുന്നത് ഒരു കാരണമായി ആദ്യമൊക്കെ കരുതി. എന്നാല്‍ ഫ്രെഞ്ചുകാരെക്കാള്‍ കൂടുതല്‍ വൈന്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ ഈ പ്രതിഭാസം കാണുകയുണ്ടായില്ല. തുടര്‍ന്നു നടത്തിയ ഗവേഷണങ്ങളടെ നിഗമനങ്ങള്‍ വൈനിന്റെ പന്കിനെ സംശയിക്കുന്ന തരത്തിലായിരുന്നു. പത്തൊന്പതാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ നടപ്പിലാക്കിയിരുന്ന പോഷകാഹാര പരിപാടിയുടെ ദീര്‍ഘകാല ഗുണമായി ഇതിനെ കാണുന്ന ശാസ്ത്രജ്ഞന്മാരുമുണ്ട്. അതും സാദ്ധ്യത എന്ന നിലയിലാണ് പരിഗണിക്കപ്പെടുന്നത്.

ഇനി ഫ്രെഞ്ചുകാരുടെ മാംസപ്രാധാന്യമുള്ള ഭക്ഷണരീതി തന്നെയാണോ ഈ ആരോഗ്യരഹസ്യത്തിനു പിന്നില്‍? ആറ്റ്കിന്‍സ് ഭക്ഷണത്തിന്റെ ശാരീരിക പ്രതികരണങ്ങള്‍ പരിഗണിക്കുമ്പോള്‍ അതിന് സാദ്ധ്യതയേറെയാണ്.


അടുത്ത ഭാഗം: മനുഷ്യന്റെ പരിണാമവും ഭക്ഷണവും.

7 comments:

Sarija NS said...

പുതിയ പുതിയ കാര്യങ്ങള്‍!! ഡോക്ടര്‍ പറഞ്ഞതുപോലെ നമ്മള്‍ മലയാളികള്‍ക്ക് ഇറച്ചിയും മുട്ടയും മാത്രം കഴിച്ചു ജീവിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും സാധിക്കില്ല.

“ഒരു ദിവസം ഹോട്ടലില്‍ ചെന്ന് ബീഫ് ഫ്രൈയും ഓരോ ഡബിള്‍ ഓംലറ്റും മാത്രം ഓര്‍ഡര്‍ ചെയ്തപ്പോള്‍ വെയറ്റര്‍ക്കുണ്ടായ ഹാസ്യഭാവം കുറേ നാളേക്ക് ചിരിക്കാനുള്ള വകയായിരുന്നു.“ :)

ആ ഭക്ഷണ രീതി നിര്‍ത്തിയത് വളരെ നന്നായി.

ഇഞ്ചൂരാന്‍ said...
This comment has been removed by the author.
ഇഞ്ചൂരാന്‍ said...

അടുത്തിടെ ഒരു ഈജിപ്ഷ്യന്‍ മമ്മിയില്‍ നടത്തിയ പഠനമാണ്, ശാസ്ത്രലേഖികയായ കാരെന്‍ ഷ്രോക്ക്, ഗാരി തൗബ്സിനെ പിന്തുണയ്ക്കാന്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഈ മമ്മിയുടെ ഇമേജിങ് പഠനങ്ങളില്‍ അവര്‍ക്ക് വളരെ ഗുരുതരമായ ഹൃദ്രോഗ ബാധയുണ്ടായിരുന്നതായി കണ്ടൂ. അവരുടെ ഹൃദയ ധമനികള്‍ നല്ല തോതില്‍ തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഇന്നാണെന്കില്‍ അവര്‍ക്ക് തീര്‍ച്ചയായും ഒരു ബൈപാസ്സ് ഉപദേശിക്കപ്പെട്ടേനെ! പൗരാണിക ഈജിപ്ഷ്യന്‍ ഭക്ഷണ രീതികളെപ്പറ്റി നമുക്ക് ധാരണയുണ്ട്. ധാന്യങ്ങളൂം, പച്ചക്കറികളും, വളരെക്കുറച്ച് മാത്രം മാംസവും കൊഴുപ്പും ഉപയോഗിക്കുന്നവരായിരുന്നു അവര്‍. നമ്മുടെ ഇന്നത്തെ സന്കല്പപ്രകാരം ആരോഗ്യഭോജനം. അങ്ങിനെയാണെന്കില്‍ സ്വാഭാവികമായും മമ്മിയുടെ ഹൃദയധമനികള്‍ ഇപ്രകാരം ആവാന്‍ വഴിയില്ല. ഒരു പക്ഷെ അവരുടെ അന്നജം കൂടിയ ഭക്ഷണ രീതിയാണോ അവരെ ഹൃദ്രോഗിയാക്കിയത്? തൗബ്സിന്റെ ആശയപ്രകാരം അതിനു തന്നെയാണ് സാധ്യത!


ചിലപ്പോ ആ മമ്മി ഇറച്ചി തീറ്റ പ്രിയന്‍ ആയിരുന്നെങ്കിലോ ????അങ്ങനെയരിക്കും കൊളസ്ട്രോള്‍ കൂടി ഫ്യൂസ് അടിച്ചു പോയത് ...ഹ ഹ ഹ ,...

അനില്‍@ബ്ലോഗ് // anil said...

ബാലന്‍സ്ഡ് ഭക്ഷണം ആവുന്നതാണ് ഉചിതം എന്ന് തോന്നുന്നു.

soniadivjohn said...

physical activity taaramene kuravullavar atkin diet follow cheithal kuzhappamakumo?

ബാബുരാജ് said...

നന്ദി സരിജ.ആറ്റ്കിൻസ് അല്ലെങ്കിലും നമുക്ക് പറ്റില്ല.

ഇഞ്ചൂരാൻ ഭായ്, അങ്ങിനെയും വരാം :-)

അനിൽ ജി, പ്രായോഗികമായി താങ്കളുടെ അഭിപ്രായമന്നൺ ശരിയെന്നു കരുതാം.

സോണിയ, ഫിസിക്കൽ ആക്റ്റിവിറ്റി കൂട്ടുക എന്നതാൺ ആദ്യം ചെയ്യേണ്ടത്. ഏതു ഡയറ്റ് പ്ലാനും കൂടെ അതുണ്ടാവണം. ആറ്റ്കിൻസിനു ദീർഘകാല പ്രായോഗിക സാദ്ധ്യത (ആഡറസ്) കുറവാണു. ഒരു രണ്ടു മൂന്നു കിലോ കുറച്ചാൽ മതിയെങ്കിൽ 'ജെനറൽ മോട്ടോർസ് ഡയറ്റ്' എന്നൊരു പരിപാടിയുണ്ട്, ഒരാഴ്ച മതി. ഒന്നു ഗൂഗിൾ ചെയ്തു നോക്കൂ.

രണ്ടാം ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്, അഭിപ്രായം പറയണേ.

Seema Menon said...

ബാബുരാജ്: ഈ പോസ്റ്റ് ഇപ്പോളാണു വായിച്ചത്. ദ്യൂകൻ ഡയറ്റ് ആണു ഇപ്പോൾ കൂടുതൽ പ്രചാരം. ആറ്റ്കിൻസിനേക്കാൾ നല്ലതു എന്നു പൊതുവെ അഭിപ്രായം കേൾക്കുന്നു. 14 ദിവസം കൊണ്ട് എനിക്കു ഒരു സ്റ്റോൺ കുറഞ്ഞു. പക്ഷെ, അപ്പോളെക്കും പല കാരണവശാൽ ഉ
ഡയറ്റിങ്ങ് നിറുത്തേണ്ടി വന്നു. ദ്യൂകാൻ ഡയറ്റിന്റെ ആരോഗ്യവശങ്ങളെ പറ്റി എഴുതാമൊ? ഹൈ കാർബ് കൺറ്റെന്റ് ഭക്ഷണം കഴിക്കുന്ന ഇന്ദ്യൻ പരിതസ്ഥിതിയിൽ ഇതു എത്രമാത്രം പ്രായോഗികമാണെന്നു അറിയില്ല.