തങ്ങളുടെ മതം  സഹിഷ്ണതയുടെ മതമാണെന്ന് ഒട്ടു മിക്ക മതമേധാവികളും  നേതാക്കളും  ദിനം  പ്രതി ആണയിടുന്നുണ്ട്. എന്നാല്‍ ഇങ്ങനെ ആണയിടല്‍ ആവശ്യമായി വരുന്നത് എന്ത് കൊണ്ടാണ്? വാസ്തവത്തില്‍ മതങ്ങളുടെ അന്തസത്തയില്‍ ഇതര മതങ്ങളോടുള്ള സഹിഷ്ണുത വ്യക്തമാക്കുന്നുണ്ടോ?
ഒരാള്‍ക്ക് ഇഷ്ടപ്പെടാത്തതോ യോജിക്കാന്‍ കഴിയാത്തതോ ആയ കാര്യങ്ങളെ അല്ലെന്കില്‍ ആശയങ്ങളെ അംഗീകരിക്കാനുള്ള അയാളുടെ കഴിവിനെയാണ് സഹിഷ്ണുത എന്ന് നിഘണ്ടു നിര്‍വചിക്കുന്നത്. സഹിഷ്ണുത പ്രകടിപ്പിക്കുന്ന ആള്‍, അദ്ദേഹത്തിന്റെ അനുകൂല നിലപാടു മൂലം  എതിര്‍ ഭാഗത്തിന് ഗുണം  ചെയ്യാനും  മറിച്ചെന്കില്‍ ദോഷം  വരുത്താനും തക്കതായുള്ള ഒരു സാമൂഹിക, അധികാര സ്ഥാനം  കൈയ്യാളുന്നവനുമായിരിക്കണം. അതായത് ഒരു അടിമ തന്റെ യജമാനന്റെ ആശയങ്ങളെ അംഗീകരിക്കുന്നത് സഹിഷ്ണുതയായി കരുതാനാവില്ല. എന്നാല്‍ മറിച്ച് ആണുതാനും. സഹിഷ്ണുതയെ ഇപ്രകാരം  വിശദീകരിക്കുമ്പോള്‍ മിക്കവാറും  മത തത്വങ്ങള്‍ക്ക് എതിരായിത്തീരുന്നു അത്.  തങ്ങളുടെ വിശ്വാസ സംഹിത മാത്രമാണ് ശരി, അതിനെ പിന്തുടരാത്തവര്‍ ദൈവത്തിന്റെ കോപത്തിനിരയായവരും, ദൈവത്തിന്റേയും  അതുകൊണ്ടു തന്നെ തങ്ങളുടേയും  ശത്രുക്കളുമാണ് എന്നാണ് എല്ലാ മതങ്ങളും തന്നെ (പ്രത്യേകിച്ച് ദൈവം  നേരിട്ട്, അല്ലെന്കില്‍ സ്വന്തം ദൂതന്‍ വഴി വചനം  എത്തിച്ച മതങ്ങള്‍) പഠിപ്പിക്കുന്നത്. വ്യക്തമാക്കാന്‍ എത്ര വേണമെന്കിലും  ഉദാഹരിക്കാം. പക്ഷെ മത ഗ്രന്ഥങ്ങളെ ഉദ്ധരിക്കേണ്ട എന്നാണ് എന്റെ തീരുമാനം. അതിനു പകരം  മതങ്ങളുടെ നാള്‍വഴികളില്‍ അതിന്റെ നേതാക്കളും  അനുയായികളും  എത്രമാത്രം  സഹിഷ്ണുത മറ്റു മതങ്ങളോട് കാണിച്ചിരുന്നു എന്ന് അന്വേഷിക്കുന്നത് വസ്തുതകള്‍ വെളിവാക്കും. 
ആദ്യമായി ഇന്ഡ്യയിലെ ഏറ്റവും  പ്രാചീനവും  ഭൂരിപക്ഷവുമായ ഹിന്ദുമതം  എടുക്കാം.  ഇന്ന് ഹിന്ദുക്കള്‍ പ്രകടിപ്പിക്കുന്ന മതസഹിഷ്ണുത താരതമ്യേന പുതിയ ഒരു ഗുണമാണെന്നും  പ്രാചീന കാലത്ത് കാര്യങ്ങള്‍ ഇങ്ങനെ ആയിരുന്നില്ല എന്നുമാണ് ഒരു പ്രോ-ഹിന്ദു വെബ് സൈററ് തന്നെ സമ്മതിക്കുന്നത്. വേദ കാലഘട്ടങ്ങളില്‍ തന്നെ ഇത് പ്രകടമാണ്. തങ്ങളുടെ സമൂഹത്തിനു പുറത്തുള്ളവരായ ദസ്യുക്കളെപ്പറ്റി വളരെ നിന്ദ്യവും  ആക്ഷേപകരവുമായ പരാമര്‍ശങ്ങളാണ് വേദകാല സാഹിത്യം  നല്‍കുന്നത്.  ഹിന്ദുമതത്തില്‍  തന്നെ വ്യത്യസ്ഥ ആശയങ്ങളുമായി ജന്മം  കൊണ്ട അജീവക, ലോകായുത പ്രസ്ഥാനങ്ങള്‍ ഉള്‍മൂലനം  ചെയ്യപ്പെട്ടു. ഇതേ ഗതി നേരിടേണ്ടി വന്ന മറ്റൊരു പ്രസ്ഥാനമാണ് താന്ത്രിക മതം. (പ്രസ്ഥാനങ്ങളുടെ ഗുണദോഷ നിര്‍ണ്ണയമല്ല നമ്മള്‍ ചെയ്യുന്നത്, മറിച്ച് നമ്മുടെ പരിഗണന ഇവിടെ സഹിഷ്ണുതയുടെ ചരിത്രം  മാത്രമാണ്.)
ആദ്യ കാലഘട്ടങ്ങളില്‍ ബുദ്ധമതത്തിനും  വളരെ എതിര്‍പ്പ് നേരിടേണ്ടീ വന്നു. എന്നാല്‍ മൗര്യ കാലഘട്ടത്തോടെ കാര്യങ്ങള്‍ക്ക് ചെറിയ വ്യത്യാസം  വന്നു. മൗര്യ രാജാക്കന്മാര്‍ താഴ്നജാതി ഹിന്ദുക്കളായിരുന്നു. അവര്‍ക്ക് ബ്രാഹ്മണമതത്തോട് വലിയ ആഭിമുഖ്യം  ഉണ്ടായിരുന്നില്ല. അശോക ചക്രവര്‍ ത്തി ബുദ്ധമതം  സ്വീകരിച്ചത് പ്രസിദ്ധമാണല്ലോ? എന്നാല്‍ അശോകന്റെ കാലത്തിനു ശേഷം  ബുദ്ധമതം  ക്ഷയിക്കുകയും  ബ്രാഹ്മണ്യം  വീണ്ടും  ശക്തി പ്രാപിക്കുകയും  ചെയ്തു. 
ഇതേ സമയത്തു തന്നെ ഹിന്ദു മതത്തിനുള്ളില്‍ തന്നെയും  ചേരി തിരിവ് വ്യാപകമായി. വൈഷ്ണവരും  ശൈവരും  പരസ്പരം  പോരടിച്ചു. വൈഷ്ണവരായിരുന്ന ഗുപ്തരാജാക്കന്മാരുടെ കാലത്ത് ബൗദ്ധരും  ശൈവരും  ഒരു പോലെ പീഢിപ്പിക്കപ്പെട്ടു. ബുദ്ധമതക്കാരുടെ ഗയയിലെ ക്ഷേത്രവും  ബോധിവൃക്ഷവുമൊക്കെ അഗ്നിക്കിരയാക്കപ്പെട്ടു. 
ദക്ഷിണ ഭാരതത്തിലും  കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. വൈഷ്ണവ ശൈവ ചേരിപ്പോരില്‍ ഒഴുകിയ രക്തത്തിനു കണക്കില്ല. 7ആം  നൂറ്റാണ്ടില്‍ മധുരയിലെ ഭരണാധികാരിയായിരുന്ന മാരവര്‍മ്മന്‍ അരികേസരി (കൂന്‍ പാണ്ഡ്യന്‍), ശൈവ സന്യാസിയായിരുന്ന തിരു ജ്ഞാനസംബന്ധരുടെ അഭീഷ്ടപ്രകാരം  8000 ജൈന ഭിക്ഷുക്കളെ വധിച്ചതായി പറയപ്പെടുന്നു. മധുര മീനാക്ഷി ക്ഷേത്രത്തിലെ ചില ചുവര്‍ ചിത്രങ്ങളില്‍ ഈ സംഭവം  രേഖപ്പെടുത്തിയിരിക്കുന്നു. അവിടത്തെ ചില ആഘോഷങ്ങള്‍ ജൈനരെ ഉള്‍മൂലനം    ചെയ്തതതിനോടനുബന്ധിച്ച്  ഏര്‍പ്പാടാക്കിയത് ആണെന്നാണ് കരുതുന്നത്. (ജൈനഭിക്ഷുക്കളുടെ കൂട്ടക്കൊല സംഭവത്തിന് വ്യക്തത പോരാ. ഒരു പക്ഷെ ഈ സംഭവം  നടന്നിട്ടില്ല എന്കില്‍ പോലും, അത്തരത്തിലുള്ള അവകാശവാദങ്ങളും  അതു സംബന്ധിച്ച ആഘോഷങ്ങളും  ഹിന്ദുമതത്തിന്റെ സഹിഷ്ണുതയെ ചോദ്യം  ചെയ്യുന്നതാണ്. ഏതായാലും  മധുര ഭാഗത്ത് ഒരു പ്രബല വിഭാഗമായിരുന്ന ജൈനരുടെ സംഖ്യയില്‍  7ആം നൂറ്റാണ്ടിനു ശേഷം കാര്യമായ ഇടിവുണ്ടായി.)
സമാനമായ ഒന്നാണ് കേരളത്തിലെ കൊടുങ്ങലൂര്‍ ഭരണി ആഘോഷം. ബുദ്ധമതക്കാരെ പുറത്താക്കിയതിന്റെ ഒരു ഓര്‍മ്മ പുതുക്കലാണത് എന്നു കരുതുന്നുന്നു. കേരളത്തില്‍ നിരവധി ബുദ്ധക്ഷേത്രങ്ങള്‍ ഹിന്ദുക്ഷേത്രങ്ങളായി മാറ്റിയിട്ടുണ്ട്. മരുന്ന് ചികിത്സ മുതലായവയുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങള്‍ എല്ലാം  തന്നെ പഴയ ബുദ്ധക്ഷേത്രങ്ങള്‍ ആയിരുന്നു എന്നു കരുതുന്നു. തകഴി ക്ഷേത്രം, ചേര്‍ത്തലയ്ക്കടുത്ത തിരുവിഴ ക്ഷേത്രം  തുടങ്ങിയവ ഉദാഹരണം. ബുദ്ധമതവിശ്വാസികളായിരുന്ന വൈദ്യശാസ്ത വിദദ്ധര്‍  പിന്നീട് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം  ചെയ്യാന്‍ നിര്‍ബന്ധിതരായി. അവരാണ് അഷ്ടവൈദ്യന്മാരായി പിന്നീട് പ്രസിദ്ധരായതെന്ന് ചരിത്രം. 
കേരളത്തിലും  ഒരിക്കല്‍ പ്രബലമായിരുന്ന ബുദ്ധ ജൈന മതങ്ങള്‍ ബ്രാഹ്മണ്യത്തിന്റെ ഉയര്‍ച്ചയോടെ തകര്‍ക്കപ്പെടുകയായിരുന്നു. ഭരണ കേന്ദ്രങ്ങളില്‍ സ്വാധീനം  നേടിയെടുത്ത ബ്രഹ്മണര്‍ ആ ശക്തിയും  എതിര്‍ കക്ഷി പീഡനത്തിന് ഉപയോഗിച്ചു. ബുദ്ധ ജൈന വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ മാത്രമല്ല, അതീവ സംപുഷ്ടമായിരുന്ന സാഹിത്യകൃതികളും  ഉള്‍മൂലനം  ചെയ്യപ്പെട്ടു. 
ഹിന്ദുമതത്തിന്റെ അസഹിഷ്ണതയുടെ ഒരു പ്രത്യക്ഷ ദൃഷ്ടാന്തമാണ് ജാതി വ്യവസ്ഥ. സത്യത്തില്‍ കേരളത്തിലെ കാര്യമെടുത്താല്‍, വ്യത്യസ്ത ജാതി രൂപപ്പെടുന്നതു തന്നെ, ഏതേതു കാലങ്ങളില്‍ ഭിന്ന മതസ്ഥതര്‍ ഹിന്ദു മതത്തിലേക്ക് വന്നു എന്നതിലാണ്. ആദ്യകാല പരിവര്‍ത്തിതര്‍ സവര്‍ണ്ണവിഭാഗത്തില്‍ ചേര്‍ക്കപ്പെട്ടു. താന്തങ്ങളുടെ മതവിശ്വാസങ്ങളില്‍ മുറുകിപ്പിടിച്ച് പരിവര്‍ത്തനത്തിനു വിമുഖരായി നിന്നവരും     അവസാനം  ഹിന്ദുമതത്തില്‍ ചേരാന്‍ നിര്‍ബന്ധിതരായി.  അങ്ങിനെ അവസാന  കാലങ്ങളില്‍ ഹിന്ദു മതത്തില്‍ ചേര്‍ന്നവര്‍ അവര്‍ണ്ണരായി തഴയപ്പെട്ടു. 
യൂറോപ്യന്‍ ഭരണത്തിന്റെ ആരംഭത്തോടെ അധികാര കേന്ദ്രങ്ങള്‍ക്ക് മാറ്റം  വരികയും, സവര്‍ണ്ണ ഹിന്ദുക്കള്‍ പുതിയ ഭരണകര്‍ത്താക്കളുടെ മതത്തോട് സഹിഷ്ണുത പ്രകടിപ്പിക്കാനുള്ള നിര്‍വചനപരമായ യോഗ്യതയില്‍ നിന്ന് താഴെപ്പോവുകയും  ചെയ്തു. എന്കിലും  അവരെയൊക്കെ മ്ലേശ്ചരായി തന്നെയാണ് മനസ്സില്‍ കരുതിയിരുന്നത്. അപ്പോഴും  അധ:കൃതരോടും  ഗോത്രവാസികളോടും  വിവേചനപരമായ നിലപാടുകള്‍ തന്നെയാണ് ഹിന്ദുമതം  സ്വീകരിച്ചിരുന്നത്. 
വിവരങ്ങള്‍ക്ക് കടപ്പാട്: കേരളത്തിന്റെ സാംസ്കാരിക ചരിത്രം. പി.കെ. ഗോപാലകൃഷ്ണന്‍.
അടുത്ത ഭാഗം: മതസഹിഷ്ണുത, ഭാരതത്തിലെ ഇസ്ലാം ചരിത്രം.
Subscribe to:
Post Comments (Atom)

3 comments:
നന്നായി. നല്ല നിരീക്ഷണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സ്നേഹപൂര്‍വ്വം
ശ്രീ പരമാർത്ഥൻ, നന്ദി. ഇതൊരു പഴയ പോസ്റ്റാണെന്നുള്ളത് ശ്രദ്ധിച്ചു കാണുമല്ലോ. തുടർന്നുള്ള ഭാഗങ്ങളും ഇപ്പോൾ തന്നെയുണ്ട്. വായിക്കുമല്ലോ..
തുടർന്ന് വായിക്കുക
Post a Comment