ലൈഫ് സെല്‍ എന്ന സ്ഥാപനം കേരളത്തിലും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. നവജാത ശിശുക്കളുടെ പൊക്കിള്‍ക്കൊടിയിലെ രക്തസംഭരണവും സൂക്ഷിക്കലുമാണ് അവരുടെ പ്രവര്‍ത്തന രംഗം. ഒരു ശിശു ജനിക്കുമ്പോള്‍ തന്നെ അതിന്റെ പൊക്കിള്‍ കൊടിയില്‍ നിന്ന് രക്തം ശേഖരിച്ച്,സംസ്കരിച്ച് ദീര്‍ഘകാലം സൂക്ഷിച്ചു വെയ്ക്കുകയും ആവശ്യം വരുമ്പോള്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നതിന്റെ ആവശ്യം എന്താണ്? പൊക്കിള്‍ക്കൊടി രക്തത്തില്‍ വലിയ തോതില്‍ മൂലകോശങ്ങള്‍ (stem cells) അടങ്ങിയിരിക്കുന്നു. ഈ മൂലകോശങ്ങള്‍ ഭാവിയില്‍ ഈ കുട്ടിക്കുണ്ടായേക്കാവുന്ന പല രോഗങ്ങളുടേയും ചികില്‍സക്കുപയോഗപ്പെടുത്താം എന്നാണ് പ്രതീക്ഷ. 75 ല്‍ അധികം രോഗങ്ങള്‍ക്ക് ഇത് പ്രയോജനപ്പെട്ടേക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതായത് ഈ മൂലകോശങ്ങള്‍ ആ കുട്ടിക്ക് ഒരു മൃതസഞ്ജീവനിയാകും എന്നു ചുരുക്കം.
എന്താണ് ഈ മൂലകോശങ്ങള്‍?
നമുക്കറിയാം നമ്മുടെ ശരീരം പലതരം കോശങ്ങള്‍ കൊണ്ടാണ് നിര്‍മ്മിതമായിട്ടുള്ളത്. ത്വക്കിനൊരുതരം, മസിലുകള്‍ക്ക് വേറൊന്ന്, ഹൃദയത്തിനൊന്ന്, തലച്ചോറിന് ഇനി വേറൊരു തരം അങ്ങിനെ അങ്ങിനെ. അതില്‍ തന്നെ അനേകതരം ഉപ വിഭാഗങ്ങളുമുണ്ട്. എന്നാല്‍ ഈ വ്യത്യസ്ഥ കലകളെല്ലാം തന്നെ ഒരു അടിസ്ഥാന കോശത്തില്‍ (അണ്ഠവും ബീജവും ചേര്‍ന്നുണ്ടായ) നിന്നാണല്ലോ തുടക്കം. ഈ അടിസ്ഥാന കോശത്തില്‍ നിന്ന് ഈ പലതരം, -അതും ഒന്നോടൊന്ന് യാതൊരു സാമ്യവുമില്ലാത്ത - വ്യത്യസ്ഥ കോശങ്ങള്‍ എങ്ങനെയുണ്ടാവുന്നു? വാസ്തവം ഇതാണ്, ഈ എല്ലാ കോശങ്ങളുടേയും അടിസ്ഥാന ജനിതകവസ്തു (gene) ഒരേ പോലെയാണ്. അവയില്‍ ചിലവ ചില പ്രത്യേക സൂചനകളുടേയോ സംഞ്ജകളുടേയോ അടിസ്ഥാനത്തില്‍ ചില സവിശേഷ പ്രോട്ടീനുകള്‍ ഉല്‍പ്പാദിപ്പിക്കുകയും തല്‍ഫലമായി ചില പ്രത്യേക സ്വഭാവം കൈവരിക്കുകയും ചെയ്യുന്നു. വളരെയധികം തരത്തിലുള്ള പ്രോട്ടീനുകള്‍ ഉല്പ്പാദിപ്പിക്കുവാന് ഉള്ള സൂചകങ്ങള്‍ അടങ്ങുന്നതാണ് ഓരോ കോശത്തിലുമുള്ള ജനിതക വസ്തു. എന്നാല്‍ എല്ലാ കോശങ്ങളും എല്ലാ പ്രോട്ടീനുകളും ഉല്‍പ്പാദിപ്പിക്കുന്നില്ല. ഓരോ കോശങ്ങളും അവയ്ക്ക് സവിശേഷമായ ചില പ്രോട്ടീനുകള്‍ മാത്രമാണ് ഉണ്ടാക്കുന്നത്. അതാണ് അവയെ വ്യത്യസ്ഥമാക്കുന്നതും. അതായത് അടിസ്ഥാന കോശങ്ങള്‍ക്ക് കിട്ടുന്ന സവിശേഷ സൂചനകളുടെ അല്ലെങ്കില്‍ സംഞ്ജകളുടെ അടിസ്ഥാനത്തില്‍ അവ സവിശേഷ രൂപം പ്രാപിക്കുന്നു. എന്നാല്‍ ഈ കഴിവ് എല്ലാ കോശങ്ങള്‍ക്കുമില്ല. ഉദാഹരണമായി മസിലുകളിലെ കോശത്തിന് രൂപാന്തരം പ്രാപിച്ച് തലച്ചോറിലെ കോശമാകാന്‍ കഴിയില്ല. ഇത് ചില പ്രത്യേക കോശങ്ങള്‍ക്ക് മാത്രമുള്ള കഴിവാണ്. ഇങ്ങനെ പല തരത്തില്‍ രൂപാന്തരം പ്രാപിക്കാന്‍ കഴിവുള്ള കോശങ്ങളാണ് മൂലകോശങ്ങള്‍.
മൂലകോശങ്ങള്‍ പല തരം.
മേല്‍ പറഞ്ഞതില്‍ നിന്നു തന്നെ നമുക്കറിയാം, ബീജ സങ്കലനം നടന്ന അണ്ഠത്തില്‍ നിന്നുരുവായ ആദി കോശങ്ങള്‍ മൂലകോശങ്ങളാവണം, കാരണം അതില്‍ നിന്നാണല്ലോ സകല ശരീര കോശങ്ങളും ഉണ്ടാകുന്നത്. ഇവയ്ക്ക് ആദി ഭ്രൂണ മൂലകോശങ്ങള്‍ എന്നു പറയാം. ഏതൊരു തരം കോശമായും രൂപാന്തരം പ്രാപിക്കാന്‍ കഴിയുന്നവയാണ് അവ. കുറച്ചു കഴിയുമ്പോള്‍ ഈ ആദി കോശങ്ങള്‍ രണ്ടു വിഭാഗമായി മാറുന്ന ഒരു അവസ്ഥയിലെത്തും, അതിലൊരു ഭാഗം മറു പിള്ളയായും മറ്റേ ഭാഗം ശിശുവായും രൂപാന്തരം പ്രാപിക്കാന്‍ തയ്യാറാകും. ശിശുവാകുന്ന ഭാഗവും മൂലകോശങ്ങളുടെ ഒരു കൂട്ടമാണ്, പക്ഷെ അവയ്ക്ക് ശിശുവായി തീരാനുള്ള കോശങ്ങളെ ഉല്‍പ്പാദിപ്പിക്കാനാവൂ. അതിനു ശേഷം ഭ്രൂണ മൂലകോശങ്ങള്‍ ഉണ്ടാകും. നാലാമതൊരു വിഭാഗം മൂലകോശങ്ങള്‍ കാണുന്നത് പൊക്കിള്‍ക്കൊടി രക്തത്തിലാണ്. സാധാരണ മനുഷ്യ ശരീരത്തിലും മൂലകോശങ്ങള്‍ ഉണ്ട്, അതാണ് അഞ്ചാമത്തെ തരം. പൊക്കിള്‍ക്കൊടിയിലുള്ളവയ്ക്കും സാധാരണ ശരീരത്തിലുള്ളവയ്ക്കും അതിനു മുന്‍ പറഞ്ഞവയെ അപേക്ഷിച്ച് രൂപാന്തരം പ്രാപിക്കാനുള്ള കഴിവ് പരിമിതമാണ്. ഉദാഹരണമായി, രക്തത്തിന്റെ അണുക്കളായി മാറാന്‍ കഴിവുള്ള മൂലകോശങ്ങള്‍ക്ക് ഹൃദയപേശികളായി മാറാനാവില്ല. അതു പോലെ ഹൃദയപേശികളാകാന്‍ കഴിയുന്നവര്‍ക്ക് തലച്ചോറിലെ കോശങ്ങള്‍ ആകാനാവില്ല.
മൂല കോശങ്ങളുടെ പ്രാധാന്യം.
മനുഷ്യശരീരം രൂപപ്പെടുത്തുന്നതില്‍ മൂലകോശങ്ങള്‍ക്കുള്ള പ്രാധാന്യം മനുക്ക് മനസ്സിലായി. പക്ഷെ അതൊക്കെ ഭ്രൂണകോശങ്ങള്‍ക്ക് ബാധകമാകുന്നതല്ലേ? വിവിധ കോശങ്ങളും കലകളും രൂപപ്പെട്ടതിനു ശേഷമുള്ള കാലത്തെ, അതായത് പൊക്കിള്‍ക്കൊടിയിലേയും സാധാരണ ശരീരത്തിലേയും മൂലകോശങ്ങളുടെ പ്രവര്‍ത്തനമെന്താണ്? പ്രധാനമായും, രൂപപ്പെടുകയും നശിക്കുകയും ചെയ്യുന്ന ശരീര കലകളുടെ (ഉദാഹരണമായി രക്ത കോശങ്ങള്‍) ഉല്‍പ്പാദനം. പിന്നെ നാശം സംഭവിക്കുന്ന കലകളുടെ പുനര്‍ നിര്‍മ്മാണം. ഈ പുനര്‍നിര്‍മ്മാണ പ്രക്രിയ അടുത്ത കാലത്തു വരെ ശാസ്ത്രലോകത്തിന് വലിയ ഗ്രാഹ്യമൊന്നുമില്ലാതിരുന്ന ഒരു കാര്യമാണ്. കേവലം 20 വര്‍ഷം മുന്‍പ് വരെ തലച്ചോറിലെ കോശങ്ങള്‍ ഒരിക്കല്‍ നശിച്ചാല്‍ പിന്നെ ഒരിക്കലും നന്നാക്കപ്പെടുന്നില്ല എന്നാണ് നാം ധരിച്ചിരുന്നത്. പക്ഷെ ചില വിഭാഗം മൂല കോശങ്ങള്‍ ആ പ്രവര്‍ത്തനത്തിലുണ്ട്. സത്യത്തില്‍ നാം കരുതിയിരുന്നതിലും വളരെയധികം തരം മൂലകോശങ്ങള്‍ നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തനക്ഷമമാണ്.
നമ്മുടെ ശരീരത്തിലെ കലകള്‍ക്ക് ക്ഷതം സംഭവിക്കുമ്പോള്‍, ആ കലകളോട് ബന്ധപ്പെട്ട മൂലകോശങ്ങള്‍ അത് ഗ്രഹിക്കുകയും പുനര്‍നിര്‍മ്മാണത്തിന് ശ്രമിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഹൃദയാഘാതം എടുക്കാം. ഹൃദയാഘാതം എന്നു പറയുന്നത്, ഹൃദയത്തിലെ പേശികള്‍ക്ക് ആവശ്യമായ ഓക്സിജന്‍ കിട്ടാതെ വരുന്നതും തല്‍ഫലമായി ക്ഷതം സംഭവിക്കുന്ന പേശികള്‍ നശിച്ചു പോകുന്നതും ആണ്. ഹൃദയത്തില്‍ ഹൃദയ പേശികളായി മാറാന്‍ കഴിവുള്ള മൂലകോശങ്ങളുണ്ട്. സാധാരണ ഹൃദയപേശികള്‍ക്ക് നാശം സംഭവിക്കുമ്പോള്‍ ബന്ധപ്പെട്ട മൂലകോശങ്ങള്‍ അതറിയുകയും പുതിയ ഹൃദയപേശികളായി രൂപം മാറി പരുക്ക് തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഇപ്പോള്‍ നമ്മള് ശ്രദ്ധിക്കുന്ന ചില കാര്യങ്ങളുണ്ട്. ഈ മൂല കോശങ്ങള്‍ക്ക് പരിക്കിനെ പറ്റിയും അതിന്റെ തീവ്രതയെപ്പറ്റിയും അറിവു കിട്ടുന്നത് എങ്ങിനെയാണ്? പരിക്കുകള്‍ പരിഹരിക്കാന്‍ അവ ശ്രമിക്കുന്നുണ്ടെന്നു പറഞ്ഞാലും അതൊരിക്കലും പൂര്‍ണ്ണതോതിലാവുന്നില്ല എന്നും നമുക്കറിയാം. അങ്ങിനെയെങ്കില്‍ ഏതെങ്കിലും രീതിയില്‍ മൂലകോശങ്ങളെക്കൊണ്ട് അധികമായി പണിയെടുപ്പിച്ചാല്‍ ഈ പരിക്ക് കുറച്ചു കൂടി നല്ല രീതിയില്‍ ഭേദപ്പെടുത്താനാവില്ലേ? അതിനായി മൂലകോശങ്ങള്‍ക്ക് എങ്ങനെയാണ് വിവരം ലഭിക്കുന്നത് എന്നറിയണം, അവയെ ഉദ്ദീപിപ്പിക്കുന്നതും എങ്ങനെയാണെന്നറിയണം. ചുരുക്കത്തില്‍ മൂലകോശങ്ങളുടെ ഭാഷ പഠിക്കണം. അതിനുള്ള ഭഗീരഥശ്രമത്തിലാണ് ശാസ്ത്രഞ്ജന്മാര്.
പരിക്കുകള്‍ കൂടുതല്‍ മെച്ചമായി പരിഹരിക്കാന്‍ മറ്റോരു മാര്‍ഗ്ഗം കൂടിയുണ്ട്. കൂടുതല്‍ ജോലിക്കാരെ ഏര്‍പ്പെടുത്തുക, അതായത് സ്ഥലത്ത് ലഭ്യമായതിലും കൂടുതല്‍ മൂലകോശങ്ങളെ ഏര്‍പ്പെടുത്തുക. മൂലകോശങ്ങളെ മറ്റെവിടെയെങ്കിലും നിന്ന് എടുത്തിട്ട് പരുക്കേറ്റ ഭാഗത്ത് കുത്തിവെയ്ക്കുകയോ മറ്റോ ചെയ്യുക. അതും ഒരു മാര്‍ഗ്ഗമാണ്.
കൗതുകകരമെന്നു പറയട്ടെ, നിലവിലുള്ള മൂലകോശങ്ങളെക്കൊണ്ടു അമിതാദ്ധ്വാനം ചെയ്യിക്കുന്നതിലും എളുപ്പം കൂടുതല്‍ കോശങ്ങളെ ആ ഭാഗത്തു നല്‍കുന്നതാണു ഉദ്ദേശിച്ച കാര്യം നടത്താന്‍ കൂടുതല്‍ ഫലപ്രദം.
മൂന്നാമത് ഒരു മാര്‍ഗ്ഗം കൂടിയുണ്ട്. നിലവിലുള്ള സാധാരണ കോശങ്ങളെ പറഞ്ഞു മനസ്സിലാക്കി (ഇവിടെയും കോശങ്ങളുടെ ഭാഷ മനസ്സിലാക്കണം)അവയെ മൂലകോശങ്ങളാക്കണം. ഈ കാര്യത്തില്‍ ശാസ്ത്രഞ്ജന്മാര് ചില നേട്ടങ്ങളൊക്കെ കണ്ടെത്തിയിട്ടുണ്ട്. പ്രമേഹത്തിന്റെ അടിസ്ഥാനകാരണമായ അഗ്നേയഗ്രന്ഥിയിലെ ബീറ്റാ സെല്ലിന്റെ നാശം ഈ രീതിയില്‍ പരിഹരിക്കുന്നതില്‍ ചില വിജയങ്ങളൊക്കെ നേടിയിട്ടുണ്ട്. നിലവിലുള്ള അഗ്നേയ കോശങ്ങളെ അനുനയിപ്പിച്ച് ഇന്‍സുലിന്‍ പുറപ്പെടുവിക്കാന്‍ സാധിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍, മൂലകോശ പഠനം വൈദ്യ ശാസ്ത്രത്തിന്റെ ഒരു പ്രധാന ഘടകമായി തീര്‍ന്നിരിക്കുന്നു. ഭാവിയിലെ രോഗചികില്‍സക്ക് മൂലകോശങ്ങള്‍ ഒരു സുപ്രധാന പങ്കായിരിക്കും വഹിക്കാന്‍ പോകുന്നത്.
അടുത്ത ഭാഗം:
മൂലകോശ ചികില്‍സയിലെ പ്രശ്നങ്ങള്‍.
4 comments:
വളരെ സംക്ഷിപ്തമായൊ സ്റ്റെം സെല്ലുകളെക്കുറിച്ച് പറഞ്ഞിരിക്കുന്നു.
നന്ദി.
ഇതു തന്നെ ഒന്നോരണ്ടോ പാര്‍ട്ട് ആകാമായിരുന്നു എന്ന് തോന്നുന്നു, ചിത്രങ്ങള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ മനസ്സിലാക്കാന്‍ വളരെ എളുപ്പമായേനെ.
വരും അദ്ധ്യായങ്ങള്‍ക്കായി കാത്തിരിക്കുന്നു.
വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്. പക്ഷേ എനിക്കു മുഴുവനുമൊന്നും മനസ്സിലായിട്ടില്ല,ഇത്തിരി കട്ടികൂടിയതായതുകൊണ്ട്. ഒന്നുകൂടിയൊന്നു വായിക്കണം.
നല്ല പോസ്റ്റ് .....അറിവുകള്‍ പങ്ക് വെയ്ക്കുന്നതിനു നന്ദി....
എഴുത്ത് തുടരുക....
Post a Comment