Wednesday, August 05, 2009

പൊക്കിള്‍ക്കൊടി രക്ത ബാങ്കിങ്ങും മൂലകോശങ്ങളും. (Cord blood banking and stem cells) ..3

ഞാന്‍ പൊക്കിള്‍ക്കൊടി രക്ത ബാങ്കിംഗില്‍ ഏര്‍പ്പെടേണ്ടതുണ്ടോ?
സ്വകാര്യബാങ്കുകള്‍ ആവശ്യപ്പെടുന്ന തുക നിങ്ങളെ സംബന്ധിച്ച്‌ നിസ്സാരമാണെങ്കില്‍ അവരുമായൊരു കരാറില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റില്ല. പക്ഷെ അത്‌ ശാസ്ത്രീയമായി ന്യായീകരിക്കപ്പെടുന്നില്ല. എന്നാല്‍ ഗര്‍ഭസ്ഥശിശുവിന്റെ സഹോദരങ്ങള്‍ക്കോ, മാതാപിതാക്കള്‍ക്കോ, മറ്റു ബന്ധുക്കള്‍ക്കോ (അവര്‍ക്കോക്കെ ഈ മൂലകോശങ്ങള്‍ ഉപയോഗപ്പെട്ടേക്കും എന്നു നമ്മള്‍ നേരത്തേ പറഞ്ഞു) മൂലകോശ ചികില്‍സകൊണ്ട്‌ ഉപയോഗമുള്ള ഒരു അവസ്ഥ ഉണ്ടെങ്കില്‍ തീര്‍ച്ചയായും നല്ലതു തന്നെ.
മൂലകോശ ചികില്‍സയുടെ എല്ലാ ശാഖകളും ഇപ്പോള്‍ ശൈശവാവസ്ഥയിലാണ്‌. മറ്റു ശാഖകളെ അപേക്ഷിച്ച്‌ പൊക്കിള്‍ക്കൊടി മൂലകോശങ്ങള്‍ക്ക്‌ പ്രകടമായ മുന്‍കൈയൊന്നുമില്ല. മറിച്ച്‌ മറ്റു ശാഖകളാണ്‌ കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത്‌. അതു കൊണ്ട്‌ ഇരുപതോ മുപ്പതോ വര്‍ഷം കഴിയുമ്പോള്‍ ഇപ്പോള്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന ഈ കോശങ്ങള്‍ക്ക്‌ എന്തെങ്കിലും പ്രാധാന്യം ഉണ്ടാകുമോ എന്നു കണ്ടറിയണം. മിക്കവാറും അപ്പോഴേക്കും ഇതൊരു പഴഞ്ചന്‍ സാങ്കേതികതയാവാനാണു സാദ്ധ്യത.
നിലവിലുള്ള സാങ്കേതിക വിദ്യയനുസരിച്ചാണ്‌ മൂലകോശങ്ങളെ സൂക്ഷിക്കുന്നത്‌. ശീതാവസ്ഥയില്‍ നിന്ന് ചൂടാക്കിയെടുക്കുമ്പോള്‍ അവയ്ക്ക്‌ ജീവനുണ്ടാകുമെന്നേ ഉറപ്പുള്ളൂ. വീണ്ടും വിഘടിക്കുകയും പരിവര്‍ത്തനം വരികയും ചെയ്യുക എന്നത്‌ അത്യന്തം സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്‌. ഈ കോശങ്ങള്‍ നാലോ അഞ്ചോ പതിറ്റാണ്ടുകള്‍ക്കു ശേഷം തൃപ്തികരമായി പ്രവര്‍ത്തിക്കുമോ എന്നതിന്‌ യാതൊരു ഉറപ്പുമില്ല.
ഈ സാങ്കേതികവിദ്യ ഉപയോഗപ്രദമാണെങ്കില്‍ തന്നെ നിങ്ങള്‍ക്ക്‌ ഇത്‌ എത്രമാത്രം ആവശ്യം വരും? അമേരിക്കയില്‍ നടന്ന പഠനങ്ങളില്‍ നിങ്ങള്‍ക്ക്‌ സ്വന്തം മൂലകോശങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യം (70 വയസ്സ്‌ വരെ ആയുസ്സ്‌ കൂട്ടുമ്പോള്‍) 435ല്‍ ഒന്നു മാത്രമാണ്‌. നിങ്ങളുടെ കുട്ടി അതില്‍ പെടുമെന്ന് ഉറപ്പുണ്ടോ?
ശരീരത്തിന്റെ പ്രതിരോധശേഷിക്ക്‌ ഭംഗം വരുന്നതു മൂലമുള്ള രോഗങ്ങളില്‍ മൂലകോശ ചികില്‍സ ഉപയോഗപ്പെട്ടേക്കില്ല. കാരണം രോഗത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ മൂലകോശങ്ങളിലും പ്രകടമായേക്കും. ഇതു തന്നെയാണ്‌ അര്‍ബുദത്തിന്റെ കാര്യത്തിലും. ആര്‍ബുദത്തിനു കാരണമായ ജീനുകള്‍ മൂലകോശങ്ങളിലും കാണുമല്ലോ.
പൊക്കിള്‍ക്കൊടിയില്‍ നിന്നും സംഭരിച്ച്‌ സംസ്കരിക്കുന്ന മൂലകോശങ്ങള്‍ പലപ്പോഴും (75% സന്ദര്‍ഭങ്ങള്‍ വരെ) ആവശ്യത്തിനു തികയാറില്ല.
പ്രധാനപ്പെട്ട ഒരു കാര്യം കൂടിയുണ്ട്‌. പൊക്കിള്‍ക്കൊടിയില്‍ ഇത്രമാത്രം മൂലകോശങ്ങള്‍ ഉള്ളത്‌ വെറുതെയാകുമോ? അത്‌ നവജാതശിശുവിന്റെ സ്വാഭാവിക ആവശ്യത്തിനുള്ളതാവില്ലേ? അങ്ങിനെയെങ്കില്‍ അത്‌ ഊറ്റിയെടുക്കുന്നത്‌ ശിശുവിനെ വിപരീതമായി ബാധിക്കില്ലേ? ഈ സംശയങ്ങളും ന്യായം തന്നെ.
 അമേരിക്കയിലേയും ഇംഗ്ലണ്ടിലേയും മെഡിക്കല്‍ സംഘടനകള്‍ സ്വകാര്യ പൊക്കിള്‍ക്കൊടി രക്ത ബാങ്കിങ്ങിനെ അനുകൂലിക്കുന്നില്ല. ഇറ്റലി, ഫ്രാന്‍സ്‌ മുതലായ രാജ്യങ്ങള്‍ അത്‌ നിരോധിച്ചിട്ടുമുണ്ട്‌. ഏതായാലും നിലവിലുള്ള പൊക്കിള്‍ക്കൊടി രക്ത ബാങ്കിംഗ്‌ വാണിജ്യലക്ഷ്യങ്ങള്‍ മാത്രം മുന്‍ നിറുത്തിയുള്ളതാണ്‌.

7 comments:

ചാണക്യന്‍ said...

പൊക്കിള്‍ക്കൊടിയില്‍ ഇത്രമാത്രം മൂലകോശങ്ങള്‍ ഉള്ളത്‌ വെറുതെയാകുമോ? അത്‌ നവജാതശിശുവിന്റെ സ്വാഭാവിക ആവശ്യത്തിനുള്ളതാവില്ലേ? അങ്ങിനെയെങ്കില്‍ അത്‌ ഊറ്റിയെടുക്കുന്നത്‌ ശിശുവിനെ വിപരീതമായി ബാധിക്കില്ലേ? -

നവജാത ശിശുവിന്റെ സ്വാഭാവിക വളര്‍ച്ചക്കുള്ള ഘടകങ്ങളെ ചൂഷണം ചെയ്യുന്നത് തെറ്റല്ലെ?

എന്തായാലും ഗവേഷണം പുരോഗമിക്കട്ടെ...പുതിയ വിവരങ്ങള്‍ക്കായി കാത്തിരിക്കാം...

Typist | എഴുത്തുകാരി said...

അറിയാത്ത കാര്യങ്ങളായിരുന്നു ഇതൊക്കെ. ഇങ്ങിനെയൊക്കെ ഉണ്ടെന്നു ഇപ്പഴാണ് മനസ്സിലാവുന്നതു്.

അനില്‍@ബ്ലോഗ് // anil said...

നന്ദി ബാബുരാജ്.

ബാബുരാജ് said...

പ്രിയ ചാണക്യന്, എഴുത്തുകാരി, അനില് നന്ദി. ഈയിടെ ലൈഫ് സെല്ലിന്റെ പ്രതിനിധിയെ കാണാനിടയായി. അതാണ് ഈ പോസ്റ്റിടാന് കാരണം.

ramanika said...

very informative!
thank you!

എതിരന്‍ കതിരവന്‍ said...

ithu kaNTirunno?
http://www.thusharam.com/index.php?option=com_content&view=article&id=80:science&catid=61:science

Sabu Kottotty said...

വളരെ നന്ദി.