Wednesday, April 23, 2008

അസുഖകരമായ ഒരു സത്യം.


അല്‍ ഗോറിനെ നാമാരും മറന്നിട്ടില്ല. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍, കുറച്ചേറെ നാള്‍ അമേരിക്കയുടെ വരും പ്രസിഡെന്റ്‌ ആയിരുന്നയാള്‍. പിന്നെ 2007 ലെ നോബല്‍ സമ്മാന ജേതാവ്‌, ഏറ്റവും പ്രധാനമായി ഒരു മുന്‍നിര പരിസ്ഥിതി പോരാളി.
ഇപ്പോള്‍ അദ്ദേഹത്തെ ഓര്‍ക്കാന്‍ കാര്യമുണ്ട്‌. ഇന്നലത്തെ HBOയിലെ രാത്രിപ്പടം അദ്ദേഹത്തിന്റെ An Incovenient Truth അയിരുന്നു. ആഗോളതാപനത്തെ പറ്റി അദ്ദേഹം നടത്തുന്ന സ്ലൈഡ്‌ പ്രസന്റേഷന്റെ ഒരു ചലച്ചിത്രാവിഷ്കരണം. കുറച്ചു പേരെങ്കിലും ആ ചിത്രം കണ്ടിട്ടുണ്ടാകും എന്നു കരുതുന്നു. കാണാത്തവര്‍ക്കായി ഒരു പരിചയപ്പെടുത്തല്‍.
"നമുക്കു നേരിടേണ്ടി വരുന്ന അത്യാപത്ത്‌ തീവ്രവാദം മാത്രമല്ല." അല്‍ ഗോര്‍ ഓര്‍മിപ്പിക്കുന്നു. ആഗോള താപനത്തിന്റെ ഗുരുതരാവസ്ഥ അദ്ദേഹം സ്ഥിതിവിവരക്കണക്കുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ വിവരിക്കുമ്പോള്‍ നമുക്ക്‌ അസ്വസ്ഥരാവാതെ വയ്യ. ആഗോളതാപനം ഒരു ഒരു ബുദ്ധിജീവി പേച്ചാണെന്നു ധരിച്ചു വെച്ചിരിക്കുന്ന നമ്മളില്‍ പലര്‍ക്കും അതൊരു നടുക്കുന്ന സത്യമായി വെളിവാകുന്നു. സംഖ്യകളും ഗ്രാഫുകളും പവര്‍പോയിന്റ്‌ സ്ലൈഡുകളും ഇവിടെ പക്ഷെ പതിവുപോലെ നമ്മളെ ബോറടിപ്പിക്കുന്നില്ല, മറിച്ച്‌ വിശ്വാസ്യതയെ എന്നപോലെ തന്നെ ഇരിപ്പിടങ്ങളിലേക്കും അവ നമ്മെ ഉറപ്പിക്കുന്നു.
ഇതെല്ലാം പറഞ്ഞ്‌ ഭയപ്പെടുത്തി നമ്മെ വഴിയില്‍ ഉപേക്ഷിച്ചു പോകുന്നില്ല അല്‍ ഗോര്‍. നമുക്ക്‌ എന്തു ചെയ്യാനാവും എന്നും അദ്ദേഹം പറഞ്ഞു തരുന്നു. അത്തരം ഇടപെടലുകള്‍ എത്രമാത്രം ഫലപ്രദമാണെന്നും അദ്ദേഹം പറയുന്നു. കാര്യക്ഷമമായി നാമോരുരുത്തരും പ്രവര്‍ത്തിച്ചാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ നമുക്ക്‌ 1970 നു മുന്‍പുള്ള പാരിസ്ഥിതിക അവസ്ഥയിലേക്ക്‌ മടങ്ങാനാവും. ഓസോണ്‍ പാളിയിലുണ്ടായ ക്ഷതത്തെ നമ്മള്‍ ഫലപ്രദമായി ഭേദപ്പെടുത്തിയത്‌ ഉദാഹരണമായി പറയുമ്പോള്‍ നമുക്കല്‍പ്പം ആശ്വാസം തോന്നും.
"ഒരു തിരുത്തലിനു വേണ്ട എല്ലാ സാമഗ്രികളും നമുക്കുണ്ട്‌, ഒരു പക്ഷെ ഇല്ലാത്തത്‌ രാഷ്ട്രീയ ഇച്ഛാശക്തി മാത്രമാണ്‌." "But political will is a renewable resource." എന്നദ്ദേഹം പറയുന്നത്‌ അമേരിക്കയെപ്പറ്റിയാണെങ്കിലും നമുക്കും ചിലതൊക്കെ തോന്നേണ്ടതല്ലേ?
തീര്‍ച്ചയായും ഈ ചിത്രം കാണണം. ഇന്‍ഡ്യയിലുള്ളവര്‍ക്ക്‌ വരും ദിവസങ്ങളില്‍ HBO യില്‍ പുനര്‍ പ്രക്ഷേപണം ഉണ്ടാവും.

3 comments:

Jincy said...

ഈ സിനിമയെ പറ്റി തന്ന വിവരത്തിന് വളരെ നന്ദി..

Unknown said...

കൊള്ളാം

Anoop Technologist (അനൂപ് തിരുവല്ല) said...

പ്രിയ ബാബുരാജ്, നല്ലൊരു ചിത്രം കാണിച്ചു തന്നതിന് നന്ദി. ഈ സിനിമയെക്കുറിച്ച് ഞാന്‍ ഒരു ആസ്വാദനക്കുറിപ്പ് എഴുതിയിട്ടുണ്ട്. താങ്കളില്‍ നിന്നാണ് സിനിമയെക്കുറിച്ചറിഞ്ഞതെങ്കിലും പേരോര്‍ക്കാത്തതിനാല്‍ അജ്ഞാതനായ ബ്ലോഗറ് എന്നാണ് താങ്കളെക്കുറിച്ച് അവിടെ പരാമര്‍ശിച്ചത്. ക്ഷമിക്കണം. ഇപ്പോ തെറ്റ് തിരുത്തിയിട്ടുണ്ട്.
http://anooptiruvalla.blogspot.com/2008/07/blog-post.html