മൂന്നാഴ്ച മുന്‍പാണ്. തൃശൂര്‍ പെങ്ങളുടെ വീട്ടില്‍ പോയി മടങ്ങുമ്പോള്‍ കുട്ടികള്‍ക്ക് നിര്‍ബന്ധം, ആതിരപ്പള്ളിക്ക് പോണം എന്ന്. വെക്കേഷനല്ലേ, ഇതുവരെ ഒരിടത്തും കൊണ്ടു പോയില്ല, എന്നാലങ്ങിനെയാവട്ടെ എന്നു വെച്ചു. കുറേ നാള് കൂടിയാണ് ആതിരപ്പള്ളിക്ക് പോകുന്നത്. നല്ല തിരക്ക്, പൊരിവെയിലും. പോരാഞ്ഞ് സത്യാഗ്രഹക്കാരുടെ താനാരോ... തന്തയാരോ പാട്ട് ലൗഡ് സ്പീക്കറില്‍ ചെവി പൊട്ടുമാറ് വെച്ചു സന്ദര്‍ശകരെ പീഠിപ്പിക്കുകയും. അധികം നില്‍ക്കാനാകാതെ മടങ്ങി.
വഴിയില്‍ പോലീസ് ചെക്കിങ്. ഒരു പോലീസുകാരന് കൈ കാണിച്ചു. "ഇതെന്താ, ഫാമിലിയാണേല് ചെക്ക് ചെയ്യരുതെന്നല്ലേ" ഭാര്യ എന്നൊട് പരിഭവിച്ചു. (അങ്ങിനെ വല്ല നിയമവും ഉണ്ടോ?) ഏതായാലും വണ്ടിയുടെ കടലാസുകളും ലൈസന്‍സും ഒക്കെയായി ഇറങ്ങിച്ചെന്നു. ഏമാന്ന് അതൊന്നും കാണണ്ട. "വണ്ടി ഏതാ മോഡല്‍?" വളരെ കാര്യമായുള്ള അന്വേഷണം. "2004" ഞാന്‍. "അയ്യോ! അപ്പം രക്ഷയില്ല. 2002 വരെ കുഴപ്പമില്ല. ബെല്‍റ്റിടാത്തതിന് ഫൈനുണ്ട്. ഒരു നൂറു രൂപ അടയ്ക്കാമല്ലോ?" എന്റെ ഭാര്യ പോലും എന്നോട് ഇത്ര സ്നേഹത്തിലും സഹതാപത്തിലും സംസാരിക്കാറില്ല. ഫൈനടച്ചു. ചെറിയ വിഷമം തോന്നി, കാരണം ആദ്യമായാണ് വണ്ടിക്കാര്യത്തില്‍ ഫൈനടയ്ക്കുന്നത്. എന്തായാലും ഇടയ്ക്കുപേക്ഷിച്ച ഒരു നല്ല ശീലം തിരിച്ചു കിട്ടി. (നേരത്തെ കൃത്യമായി ബെല്‍റ്റ് ഉപയോഗിക്കുമായിരുന്നു. കൂടെ കയറുന്നവര്‍ കമന്റാന്‍ തുടങ്ങിയപ്പോള്‍ ഉപേക്ഷിച്ചതാണ്.)
ഭാര്യയുടെ അടുത്ത കൂട്ടുകാരിയാണ് സൂര്യ. സൂര്യ അടുത്തിടെയാണ് ഡ്രൈവിംഗ് പഠിച്ചത്. കഴിഞ്ഞ ദിവസം കക്ഷിയെ വഴിയില്‍ വെച്ചു പോലീസ് പിടിച്ചു. ആളാകെ വിരണ്ടു, കടലാസുകളുമായി ചെന്നപ്പോഴാണ് പറയുന്നത്, സീറ്റ് ബെല്റ്റില്ലാത്തതാണ് പ്രശ്നം. ഫൈനടയ്ക്കണം.
"അയ്യോ സര്, ഞാന്‍ പ്രെഗ്നന്റ് ആണ്. അതുകൊണ്ടാണ് ബെല്റ്റിടാഞ്ഞത്."
"ഉവ്വോ! സോറി മാഡം. പൊയ്യ്ക്കോളൂ."
ഏമാനറിയുന്നുണ്ടോ തന്നെ വിറ്റ കാശുമായാണ് ചില പെണ്ണുങ്ങള് ഇറങ്ങിയിരിക്കുന്നതെന്ന്?
Subscribe to:
Post Comments (Atom)
2 comments:
പോസ്റ്റ് ഇഷ്ടായി.
ഗര്‍ഭിണികള്‍ക്ക് സീറ്റ് ബെല്‍റ്റിട്ടു കൂടാ എന്ന “അന്ധവിശ്വാസത്തിന്റെ” പുറത്ത് ഫൈന്‍ വാങ്ങിക്കാത്ത കേരളാ പോലീസോ?
"സീറ്റ് ബെല്‍റ്റും സ്ത്രീ ശാക്തീകരണവും."...
\:).
Post a Comment