Friday, March 14, 2008
ആഗസ്ത്യാര്‍കൂട യാത്ര.
ദിലി, രാജ്‌കുമാര്‍, കുട്ടപ്പന്‍
അഗസ്ത്യാര്‍കൂട യാത്രയുടെ ആശയം ആദ്യം കൊണ്ടുവന്നത് കുട്ടപ്പനാണ്. കുട്ടപ്പന്‍ എന്നു വെച്ചാല്‍ വിജയകുമാര്‍. ആള്‍ റെയില്‍വേയില്‍ സ്റ്റേഷന്‍ മാസ്റ്ററാണ്. ആഗസ്ത്യാര്‍കൂടം സംരക്ഷിത മേഖലയാണെന്നും, വര്‍ഷത്തില്‍ കുറച്ചു സമയം വനം വകുപ്പ് അവിടെ നിയന്ത്രിത രീതിയില്‍ പ്രവേശനം അനുവദിക്കുന്നുണ്ടെന്നും കേട്ടിരുന്നു. ഇപ്പൊള്‍ ആ സമയമാണെന്ന് മറ്റൊരു സുഹൃത്ത് പറഞ്ഞാണ് വിജയകുമാര്‍ അറിഞ്ഞത്. എനിക്ക് സമ്മതം പറയാന്‍ അര നിമിഷം വേണ്ടിവന്നില്ല.
ശരി നമുക്ക് ദിലിയോടുകൂടി ചോദിക്കാം. ദിലി എന്നു വിളിക്കുന്ന ദിലീപ് ഫുഢ് ഇന്‍സ്പെക്റ്റര്‍ ആണ്. ഞങ്ങള്‍ മൂന്നും ബാല്യകാല സുഹൃത്തുക്കളും.കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കറക്കം രണ്ടു കഴിഞ്ഞതാണ്. ആദ്യം പീരുമേടിനടുത്ത് പരുന്തുംപാറയിലേക്കും പിന്നെ രണ്ടാമതായി തേക്കടി റിസര്‍വിനുള്ളിലെ അധികമാരും അറിയാത്ത ഇടത്താവളം എന്ന ഫോറസ്റ്റ് ഹൈഡൗട്ടിലേക്കും. അതു കൊണ്ട് ദിലി ഒന്നറച്ചു. എന്നാലും ഇനിയൊരു അവസരത്തിനു ഒരു വര്‍ഷം കാക്കേണ്ടി വരും എന്നൊര്‍ത്തപ്പോള്‍ മടി മാറി.
അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന് മുന്‍കൂട്ടി രെജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അതും തിരുവനന്തപുരത്ത് നേരില്‍ ചെന്ന്. അതു ചെയ്തു കൊള്ളാമെന്ന് കുട്ടപ്പന്‍ ഏറ്റു. പുള്ളിക്ക് സൗകര്യമാണ്, ഡ്യൂട്ടി കഴിഞ്ഞ് അടുത്ത ട്രെയിനില്‍ കയറിയിരിക്കുക, കാര്യം സാധിച്ച് അതിനടുത്ത ട്രെയിനില്‍ കയറി അടുത്ത ഡ്യൂട്ടിക്ക് കയറാം.
ഒരാഴ്ച്ച കഴിഞ്ഞ് കുട്ടപ്പന്റെ കോള്‍ വന്നു. മാര്‍ച്ച് 3 ഉം 4ഉം ഫ്രീയാക്കി വെച്ചു കൊള്ളുക എന്നു പറഞ്ഞ്. ഏകദേശ പരിപാടി ഇങ്ങനെയാണ്, മൂന്നാം തീയതി രാവിലെ ഒന്‍പത് മണിക്ക് ബോണക്കാട് എന്ന സ്ഥലത്തെ ഫോറസ്റ്റ് ഓഫീസില്‍ നമ്മള്‍ റിപ്പോര്‍ട്ട് ചെയ്യണം. അന്നു ട്രക്കിംഗ് തുടങ്ങിയാല്‍ പിറ്റേന്ന് വൈകിട്ട് തിരിച്ചെത്താം.
ഇനി ഈ ബോണക്കാട് എവിടെയാണ്? ബോണക്കാട് ഒരു റ്റീ എസ്റ്റേറ്റ് ഉള്ളതായി കേട്ടപൊലുണ്ട്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വന്നു. സ്ഥലം നെടുമങ്ങാട് കഴിഞ്ഞാണ്, രാവിലെ അഞ്ചരയ്ക്ക് തമ്പാനൂരില്‍ നിന്നൊരു ബസ്സുണ്ട്. (വിക്കിമാപ്പിയായില്‍ ഒന്നു തപ്പി, പക്ഷെ ബോണക്കാടിന്റെ സ്പെല്ലിംഗ് പിശകിയയതു കൊണ്ട് പിന്നെയും താമസിച്ചാണ് സ്ഥലം കിട്ടിയത്.)
ഇനിയും പത്തിരുപത് ദിവസം ഉണ്ട്. ദിലിയും കുട്ടപ്പനും പതുക്കെ മോര്‍ണിംഗ് വാക്ക് ഒക്കെ തുടങ്ങി. എനിക്ക് നേരത്തേ തന്നെ അല്‍പസ്വല്‍പം നടപ്പ് ഒക്കെയുണ്ട്. ഓരോ ചെറിയ ബാക്‌ക്‍പാക്ക് വാങ്ങി. അതില്‍ അത്യാവശ്യം രണ്ടു ജോടി ഡ്രെസ്സും, രണ്ടു ഷീറ്റും സോപ്പു ചീപ്പ് ടൂത്ത് ബ്രഷും ഒക്കെയായി മാര്‍ച്ച് 2 ഞായറാഴ്ചത്തെ തിരുവനന്തപുരത്തിനുള്ള വേണാടില്‍ കയറിപ്പറ്റി. ഞായറാഴ്ച്ചയായതിനാല്‍ തിരക്കൊന്നുമില്ല. സുഖമായി ഒരുമിച്ചു തന്നെ സീറ്റു കിട്ടി. രാത്രി പത്തരയായപ്പൊള്‍ തിരുവനന്തപുരത്തെത്തി. തമ്പാനൂരു തന്നെയുള്ള ഒരു ഹോട്ടലില്‍ മുറിയെടുത്തു, ഒരു അഞ്ചു മണിക്കൂറെങ്കിലും ഉറങ്ങാന്‍ പറ്റിയാല്‍ അത്രയും ആയല്ലോ. രാവിലെ ഫ്രഷ് ആയി യാത്ര ആരംഭിക്കുകയുമാകാം.
രാവിലെ മൊബൈല്‍ അലാറം അടിക്കുന്നതിനു മുന്‍പ് തന്നെ ഉറക്കം തെളിഞ്ഞു. കുളിച്ച് റെഡിയായി തമ്പാനൂര്‍ സ്റ്റാന്‍ഡിലേക്ക്. അഞ്ചേകാലിനു തന്നെ ബോണക്കാട് ബസ് സ്റ്റാന്‍ഡിലെത്തി. കയറാന്‍ ധാരാളം പേര്‍, കാണുമ്പോള്‍ തന്നെയാറിയാം മിക്കവരും അഗസ്ത്യാര്‍കൂട യാത്രികര്‍ തന്നെയെന്ന്. അവിടെയും ഭാഗ്യം, സീറ്റ് കിട്ടി. ബാക്കിയുണ്ടായിരുന്ന ഉറക്കം ബസ്സില്‍ ഉറങ്ങിത്തീര്‍ത്തു. ഇടയ്ക്ക് ഉണര്‍ന്നപ്പോള്‍ ഒരു ഫോറസ്റ്റ് ചെക്ക് പോസ്റ്റ്, അവിടെ നമ്മുടെ പാസ്സ് പരിശോധിച്ചു. വീണ്ടും യാത്ര. ഏകദേശം ഏഴേമുക്കാല്‍ ആയപ്പോള്‍ ഒരു തകര്‍ന്നു കിടക്കുന്ന തേയില ഫാക്ടറിക്കു മുന്‍പില്‍ ബസ്സ് നിന്നു. അതു തന്നെ ബോണക്കാട് സ്റ്റോപ്പ്. അവിടെ ഫോറസ്റ്റ് ഓഫീസ് എവിടെയെന്നു കൂടെയുള്ള ആര്‍ക്കും തന്നെ അറിവുള്ളതായി തോന്നിയില്ല. മുന്നോട്ടു നടന്നു. ക്യാന്റീന്‍ എന്നെഴുതിയ ഒരു ചെറിയ കെട്ടിടം കണ്ടു. ഫോറെസ്റ്റ് ക്യാന്റീനെപ്പറ്റി നേരത്തേതന്നെ സൂചനയുണ്ടായിരുന്നതു കൊണ്ട് അതു തന്നെ സ്ഥലം എന്നു കരുതി. എന്തായാലും രാവിലെ ഭക്ഷണം കഴിക്കണമല്ലോ? മാത്രമല്ല വളരെ പ്രധാനപ്പെട്ട ഒരു കാര്യം മറന്നിരുന്നു. വെള്ളം. തലേന്നു വാങ്ങിയതില്‍ അര കുപ്പി വെള്ളം ബാക്കിയുണ്ട്. രാവിലെ ബസ് സ്റ്റാന്‍ഡില്‍ നിന്നു വാങ്ങാം എന്നു കരുതിയതാണ്. ബസ് വന്ന തിരക്കില്‍ അതു മറന്നു.ഞങ്ങളുടെ പിറകെ ബാക്കിയുള്ളവരും ക്യാന്റീനില്‍ കയറി. ഫോറെസ്റ്റ് ക്യാന്റീന്‍ അതല്ല എന്നു മനസ്സിലായി. കുപ്പി വെള്ളം കിട്ടില്ല, പക്ഷെ ദോശയും കടലയും ചായയും കിട്ടും. കിട്ടിയത് കഴിച്ചു. അവിടെ നിന്ന് രണ്ടേമുക്കാല്‍ കിലോമീറ്റര്‍ അകലെയാണ് ഫോറെസ്റ്റ് ഓഫീസ്. വാഹനം ഉണ്ടെങ്കില്‍ അവിടെ വരെ പോകാം. ബസ്സില്‍ വന്നവര്‍ക്ക് മറ്റു മാര്‍ഗം ഇല്ല. നടന്നു. ഒന്‍പത് മണിക്ക് മുന്‍പ് തന്നെ അവിടെത്തി.
യാത്രാനുമതിയുടെ നിബന്ധനകള്‍ കര്‍ക്കശമാണ്. തീപ്പെട്ടി, ലൈറ്റര്‍ മുതലായ തീ പിടിപ്പിക്കുന്ന വസ്തുക്കള്‍ക്ക് വിലക്കുണ്ട്. മദ്യം ബീഡി സിഗററ്റ് മുതലായവ പാടില്ല. ഇത്യാദി സാധനങ്ങള്‍ കൈയ്യിലുണ്ടെങ്കില്‍, മുന്‍കൂട്ടി പറഞ്ഞാല്‍ അവരവിടെ സൂക്ഷിച്ച് തിരിച്ചു വരുമ്പോള്‍ തിരികെ ഏല്‍പ്പിക്കും. അതല്ലാതെ അവരുടെ പരിശോധനയില്‍ പിടിക്കപ്പെടുകയാണെങ്കില്‍ തിരിച്ചു കിട്ടില്ല. ഏതായാലും ഫോറസ്റ്റുകാര്‍ക് മോശമല്ലാത്ത പിടിച്ചെടുക്കല്‍ ഉണ്ടെന്നു തോന്നുന്നു. ഓഫീസിനു ചുറ്റും ധാരാളം മദ്യക്കുപ്പികള്‍ ചിതറിക്കിടന്നിരുന്നു.പാസ്സു കാണിച്ചു. എന്തോ എഴുത്തു കുത്തുകള്‍ നടന്നു. ഉച്ചയ്ക്കുള്ള ഊണ് ഇവിടെ നിന്നു വാങ്ങിക്കൊണ്ട് പോകാം. ഒരു പൊതി 30 രൂപ. ക്യാമറയ്ക്ക് 50 രൂപയുടെ പാസ്സ് എടുക്കണം. വീഡിയോയാണെങ്കില്‍ 300 രൂപ. മൂന്നു പൊതി ചോറു വാങ്ങി. ഇവിടെയും കുപ്പി വെള്ളം ഇല്ല. പൈപ്പില്‍ വരുന്നത് നല്ല വെള്ളമാണെന്നു പറഞ്ഞു. കാലിക്കുപ്പികള്‍ കൂട്ടിവെച്ചിട്ടുണ്ട്, അതെടുക്കാം. മൂന്നു കുപ്പി നിറച്ചു.
അടുത്തത് ബാഗ് പരിശോധന. ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരുടെ സൗഹൃദപൂര്‍ണമായ നല്ല പെരുമാറ്റം. ആദ്യമായുള്ള യാത്രയെന്നു പറഞ്ഞപ്പോള്‍ അല്‍പ്പം കാക്കൂ, ഗൈഡിനെക്കൂട്ടി വിടാം എന്നു പറഞ്ഞു. ഞങ്ങള്‍ പന്ത്രണ്ട് പേരായപ്പോള്‍ ഗൈഡെത്തി. മെലിഞ്ഞ് അല്‍പം കോങ്കണ്ണുള്ള ഒരു താടിക്കാരന്‍. പേര് രാജ്‌കുമാര്‍. ഫോറസ്റ്റ് വാച്ചര്‍മാരെയാണ് ഗൈഡായി വിടുന്നത്. അവര്‍ ശരിക്കും വനം വകുപ്പിന്റെ നേരിട്ടുള്ള ജീവനക്കാരല്ല. ഗൈഡായി വരുമ്പോള്‍ ഒരു ദിവസത്തിന് 150 രൂപാ വെച്ചു കിട്ടും എന്നു രാജ്‌കുമാര്‍ പിന്നീട് പറഞ്ഞു. പക്ഷെ നമ്മള്‍ കൊടുക്കുന്ന അതേ വില കൊടുത്ത് അവരും ഭക്ഷണം വാങ്ങേണ്ടി വരുമത്രേ. അതു ശരിയെങ്കില്‍ കഷ്ടം തന്നെ.
Subscribe to:
Post Comments (Atom)
1 comment:
മാഷേ...
ഞാന്‍ ഈ ബ്ലോഗ് എന്റെ ബ്ലോഗില്‍ ലിസ്റ്റ് ചെയ്യുന്നുണ്ട്. വിരോധമുണ്ടാകില്ലെന്ന വിശ്വാസത്തോടെ.
Post a Comment