Wednesday, December 05, 2007

വൈദ്യശാസ്ത്ര ചിന്തകള്‍ ഭാഗം:2

"ശാസ്ത്ര"ത്തിന്റെ നിര്‍വചനം ചെറിയ പ്രശ്നം ഉണ്ടാക്കുന്നുണ്ടെന്നു തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം ശാസ്ത്രം എന്നത്‌ കേവലമായ സത്യവും അതിന്റെ അന്വേഷണവും ആണ്‌. അതില്‍ വൈകാരികമായ ഇടപെടലുകളോ തല്‍ഫലമായ വെള്ളം ചേര്‍ക്കലുകളോ അനുവദിക്കാവുന്നതല്ല. ഞാന്‍ പറയുന്ന കാര്യങ്ങളും ഈ നിര്‍വചനത്തില്‍ നിന്നുകൊണ്ടാണ്‌. ആ രീതിയില്‍ കാണുക.


ഇനി നമുക്ക്‌ പ്രാചീന വൈദ്യശാഖകളും ആധുനിക വൈദ്യശാസ്ത്രവുമായുള്ള താരതമ്യത്തിലേക്ക്‌ വരാം. ഇതൊട്ടും ശരിയായ കാര്യമല്ല. കാരണം, ഇവ രണ്ടും നേര്‍ക്കു നേര്‍ താരതമ്യം ചെയ്യാന്‍ പറ്റുന്നതല്ല എന്നതു തന്നെ. എന്നിരിക്കിലും ചിലര്‍ അങ്ങിനെ ആഗ്രഹിക്കുമ്പോള്‍ നമുക്ക്‌ അതിലൊരു ശ്രമം നടത്താം.

ആയുര്‍വേദം പോലുള്ള പ്രാചീന വൈദ്യശാഖകളുടെ സങ്കല്‍പങ്ങള്‍, ആധുനിക ശാസ്ത്രസത്യങ്ങളുമായി ( ശ്രദ്ധിക്കുക, ആധുനിക വൈദ്യശാസ്ത്രം എന്നു പറയുന്നില്ല. അതെന്തിന്‌? അതിന്റെ ആവശ്യമില്ലല്ലോ? എന്ന തര്‍ക്കം ഒഴിവാക്കാനാണിത്‌.) ഒത്തു പോകുന്നതല്ല. അത്‌ ഒത്തു പോകേണ്ടതുണ്ട്‌. കാരണം, ആധുനിക മനുഷ്യനായാലും, പ്രാചീന മനുഷ്യനായാലും അവന്റെ ശരീരം പ്രവര്‍ത്തിക്കുന്നത്‌ അടിസ്ഥാനപരമായി ഒരേപോലെയാണ്‌. ആ പ്രവര്‍ത്തന രഹസ്യങ്ങളുടെ ചുരുളഴിച്ചു കൊണ്ടിരിക്കുകയാണ്‌ ശാസ്ത്രം. ആധുനിക വൈദ്യ ശാസ്ത്രമാവട്ടെ, പുതുതായി അറിഞ്ഞു കൊണ്ടിരിക്കുന്ന സത്യങ്ങളുടെ വെളിച്ചത്തില്‍ സ്ഥിരമായി അപ്ഡേറ്റ്‌ ചെയ്യപ്പെട്ടു കൊണ്ടുമിരിക്കുന്നു.

പഞ്ചഭൂത നിര്‍മ്മിതമാണ്‌ ശരീരം എന്ന വാദമെടുക്കുക. അതിന്റെ സാധുത പലയിടത്തും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്‌. വിശാലമായ ഒരര്‍ത്ഥത്തില്‍ നമുക്കതു സമ്മതിക്കാം. ജലം, വായു, ഭൂമി (ധാതുക്കള്‍), അഗ്നി (ഊര്‍ജ്ജം) ഇവയൊക്കെ തന്നെ ജീവിയുടെ അടിസ്ഥാനം. പക്ഷെ ഇന്നത്തെ ശാസ്ത്രം ആവശ്യപ്പെടുന്ന കൃത്യത ഈ തത്ത്വത്തിനില്ല. നമ്മുടെ പ്രായോഗികമായ ആവശ്യങ്ങള്‍ക്ക്‌ ഈ തത്ത്വം തികച്ചും അസംസ്കൃതവും ഉപയോഗരഹിതവുമാണ്‌.

പക്ഷെ ഇവിടെ ഒന്നോര്‍ക്കണം. ആയുര്‍വേദത്തില്‍, ഈയൊരു സങ്കല്‍പ്പം ഉണ്ടായ കാലത്ത്‌, പാശ്ചാത്യ വൈദ്യം ക്ഷുരകന്മാരുടേയും മുറിവൈദ്യന്മാരുടേയും കയ്യില്‍ പെട്ട്‌ പ്രാകൃതമായൊരു അവസ്ഥയിലായിരുന്നു. അന്നത്തെ ശാസ്ത്രനിലവാരം വെച്ച്‌ ഇങ്ങനെയൊരു നിഗമനം നടത്തിയ ആ പൂര്‍വികരുടെ വൈഭവം അംഗീകരിച്ചേ പറ്റൂ. എന്നാല്‍ അവരുടെ പിന്‍ മുറക്കാര്‍ എന്താണു ചെയ്യുന്നത്‌? അവര്‍ പറഞ്ഞു വെച്ചിടത്തു തന്നെ നിന്നു വട്ടം കറങ്ങുന്നു. മഹാരഥന്മാരായ പൂര്‍വ പിതാക്കന്മാരോട്‌ ഇതില്‍പരം ഒരു നെറികേട്‌ എങ്ങിനെ കാണിക്കാനാവും? താല്‍പര്യമുള്ളവര്‍ക്ക്‌ ഇവിടെ ബൈബിളിലെ താലന്തുകളുടെ ഉപമ ഓര്‍ക്കാം.

അയുര്‍വേദ മരുന്നുകളെല്ലാം നിഷ്ഫലമാണെന്നു വാദിക്കുന്നതില്‍ കാര്യമില്ല. നൂറ്റാണ്ടുകളായി പ്രയോഗിച്ച്‌ ഫലം കണ്ടവയാണ്‌ പലതും. അങ്ങിനെയല്ലാത്തവയും ഉണ്ടാവാം. ആയുര്‍വേദം ശാസ്ത്രീയമല്ലെങ്കില്‍ പിന്നെ മരുന്നുകളെങ്ങിനെ ഫലിക്കുന്നു? സസ്യങ്ങളില്‍ ധാരാളം പ്രവര്‍ത്തന ഘടകങ്ങളുണ്ട്‌. കണ്ടെത്തിയതും കണ്ടെത്താനുള്ളതുമായ ധാരാളം രാസപദാര്‍ത്ഥങ്ങള്‍. (alkaloids) ഇതില്‍ പലതിനും ഗുണകരവും ദോഷകരവുമായ ഫലങ്ങള്‍ മനുഷ്യ ശരീരത്തില്‍ ഉളവാക്കാന്‍ കഴിയും. (പ്രകൃതി വാദികള്‍ അവകാശപ്പെടുന്നതു പോലെ പ്രകൃതി ദത്തമായവയില്‍ ഗുണങ്ങള്‍ മാത്രമല്ല.) ആതുകൊണ്ട്‌ ഈ സസ്യങ്ങള്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ ശരീരത്തില്‍ അതിന്റേതായ ഫലമുളവാക്കും. ഉദ്ദേശിച്ച ഗുണം നല്‍കിയവയെ കൊള്ളുകയും അല്ലാത്തവയെ തള്ളുകയും ചെയ്തു. (ട്രയല്‍ ആന്റ്‌ എറര്‍) പക്ഷെ ഈ ഫലങ്ങളുണ്ടാകുന്നത്‌ കോശങ്ങളിലെ സൂഷ്മപ്രവര്‍ത്തനങ്ങളുമായി സംവദിച്ചാണ്‌. അത്തരത്തിലുള്ള പല പ്രവര്‍ത്തനങ്ങളുടെയും രഹസ്യം നമ്മള്‍ കണ്ടെത്തിക്കഴിഞ്ഞു. പക്ഷെ അതൊന്നും പ്രാചീന വൈദ്യശാഖകളിലെ സ്ഥൂലവിവരണങ്ങളുമായി (ത്രിദോഷ സിദ്ധാന്തം* പോലെ) ഒത്തു പോകുന്നില്ല. സത്യത്തില്‍ ആയുര്‍വേദമരുന്നുകളുടെ ഫലസിദ്ധി അതിന്റെ ശാസ്ത്രത്തോട്‌ ബന്ധപ്പെടുത്തുന്നത്‌, അമ്പു തറച്ചതിനു ശേഷം ചുറ്റും വൃത്തം വരക്കുന്നതു പോലാണ്‌.

(* ത്രിദോഷ സിദ്ധാന്തത്തിനു സമാനമായ ഒരു ആശയം പാശ്ചത്യ വൈദ്യത്തില്‍ ഉണ്ടായിരുന്നു. രണ്ടാം നൂറ്റാണ്ടില്‍ ഗാലന്‍ നാലു തരം ജീവ ദ്രവങ്ങളാണ്‌- രക്തം, ഫ്ലഗം (?കഫം), കോളര്‍ (?പിത്തം), മെലങ്കൊളി- ആരോഗ്യ രോഗ അവസ്ഥകള്‍ നിര്‍ണയിക്കുന്നതെന്ന് പഠിപ്പിച്ചു. ഏകദേശം 14 നൂറ്റാണ്ടോളം ഈ സങ്കല്‍പ്പം പാശ്ചാത്യ വൈദ്യത്തിന്റെ അടിസ്ഥാന തത്ത്വമായി നിലകൊണ്ടു.)

അയുര്‍വേദത്തിലെ പോലെ ട്രയല്‍ ആന്‍ഡ്‌ എറര്‍ രീതിയില്‍ രൂപമെടുത്ത ധാരാളം മരുന്നുകള്‍ ആധുനിക വൈദ്യശാസ്ത്രത്തിലുമുണ്ട്‌.അവയുടെയൊക്കെ പ്രവര്‍ത്തന രീതി പിന്നീട്‌ പഠിച്ചു കണ്ടെത്തുകയാണ്‌ ചെയ്തത്‌. അത്തരം പഠനങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട മരുന്നുകളുടെ കണ്ടെത്തലിന്‌ വഴിവെച്ചു. അതായത്‌ ഒരു പ്രത്യേക ഫലം നല്‍കാന്‍ കഴിയുന്ന മരുന്ന് നേരിട്ട്‌ ഉണ്ടാക്കിയെടുക്കുന്നു. ഇപ്പോഴത്തെ മിക്ക പുതിയ മരുന്നുകളും ഇത്തരത്തില്‍ രൂപപ്പെടുത്തിയെടുത്ത തന്മാത്രകളാണ്‌ (designer molecules).

ഏതൊരു ശാസ്ത്രശാഖയും വളരുന്നത്‌ നിരന്തരമായ സത്യാന്വേഷണത്തിലൂടെയും, തല്‍ഫലമായുണ്ടാകുന്ന പുതിയ അറിവുകള്‍ ഉള്‍ക്കൊള്ളുന്നതിലൂടെയുമാണ്‌. ഇതര ശാഖകളുടെ വികാസവും ഇതില്‍ മുതല്‍ കൂട്ടുന്നു. ശരിയായവയെ സ്വീകരിക്കുക എന്നതാണ്‌ ഏറ്റവും പ്രധാനം.സമാന കാലഘട്ടങ്ങള്‍ പരിഗണിച്ചാല്‍, ആയുര്‍വേദത്തിന്റെ പുഷ്കലകാലങ്ങളില്‍ പാശ്ചാത്യ വൈദ്യം വെറും പ്രാകൃത വൈദ്യമായിരുന്നു. പക്ഷെ കാലക്രമേണ അത്‌ മുഖ്യധാരാ ശാസ്ത്രവുമായി സഹവര്‍ത്തിത്വത്തിലായി. പക്ഷെ ആയുര്‍വേദം ആത്യന്തിക സത്യം ഇതാണ്‌ എന്ന മൗഢ്യത്തില്‍ വാതിലുകളടച്ചിട്ടു.

ആയുര്‍വേദത്തില്‍ തുടര്‍ ഗവേഷണം എന്നു പറയുന്നതില്‍ അര്‍ത്ഥമുണ്ടോ?. കാലം കുറേ വൈകിപ്പോയില്ലേ?. ഗവേഷണം നടത്തി കണ്ടു പിടിക്കേണ്ടത്‌ ഇപ്പോള്‍ ലോകത്തില്‍ ജീവിക്കുന്ന മനുഷ്യനെപ്പറ്റി തന്നെയല്ലേ? ആയുര്‍വേദം നില്‍ക്കുന്നിടത്തുനിന്നു തുടങ്ങിയാല്‍ ഒരു 2-3 നൂറ്റാണ്ടു കൊണ്ടു കണ്ടുപിടിക്കാനുള്ളത്‌ മുഖ്യധാരാ ശാസ്ത്രം ഇപ്പോള്‍ തന്നെ കണ്ടു പിടിച്ചു വെച്ചിട്ടുണ്ട്‌. മനുഷ്യനന്മയെ കരുതി ഇനി ചെയ്യാവുന്നതിതാണ്‌. ഫലപ്രദമെന്നു കാണുന്ന മരുന്നുകളെപ്പറ്റി ശാസ്ത്രീയമായ രീതിയില്‍ പഠനം നടത്തുകയും ബോദ്ധ്യപ്പെടുന്നവയെ മുഖ്യധാരാ വൈദ്യശാസ്ത്രത്തില്‍ ചേര്‍ത്തെടുക്കുകയും ചെയ്യുക.

5 comments:

ബാബുരാജ് said...

ഹേയ്‌ വിദ്വാന്‍,
ഇക്കണക്കിന്‌ നിങ്ങള്‍ സൂട്ടും കോട്ടുമിട്ട്‌ കഥകളി ആടണമെന്നു പറയുമല്ലോ?

മായാവി.. said...

ഓ ടോ യായ ഒരു കാര്യത്തില്‍ തുടങ്ങട്ടെ,(?)...നമ്മുടെ അംബാസഡര്‍ കാറും, എന്ഫീല്‍ഡ് ബുള്ളറ്റും കണ്ടിട്ടില്ലെ..1950കളില്‍ ബ്രിട്ടീഷ്കാരന്‍ ഡിസൈന്‍ ചെയ്ത് തന്നതില്, റ്റാറ്റായുടെ ലോറി മെര്സിഡെസ്കാരന്‍ അതിന്റെ ഡൈ ഉരുക്കിയിട്ടും ഇപ്പോഴും ഇന്ത്യയില്‍ നിന്ന് ഒരിന്‍ജ് മുന്നോട്ട് പോയിട്ടില്ല, അത് തന്നെയാണ്‍ ആയുര്‍വേദത്തിനും സംഭവിച്ചത്. എന്ന് വെച്ചാ എല്ലാക്കാര്യത്തിലും നമ്മള്‍ പഴയതാണ്‍ നല്ലത് (മോശമെന്ന് ഞാനും പരയുന്നില്ല) എന്നും പറഞ്ഞ് അതും കെട്ടിപ്പിടിച്ചിരിക്കും ഒരു മാറ്റം വരാനും സമ്മതിക്കില്ല. ഞാനാലോചിക്കാര്‍ കംപ്യ്യൂട്ടറെങ്ങാനും ഇന്ത്യ്യിലാണ്‍ ആവിര്‍ഭാവം ചെയ്തിരുന്നെങ്കില്, ഇന്നും ഒരു ബില്ഡിങ്ങിന്റെ വലിപ്പത്തില്‍ കംപ്യ്യൂട്ടര്‍ നിന്നേനെ ഹാര്ഡ് ഡിസ്ക് 10മെഗയുമ്

Suraj said...

നന്നായി... ഇനിയിപ്പോള്‍ സാംസ്കാരിക ഗുണ്ടകള്‍ പാറിയെത്തിത്തുടങ്ങും...കൊതുകുവലയിട്ട് കിടക്കുക.

nalan::നളന്‍ said...

പഴയ പോസ്റ്റും വായിച്ചു.
നന്നായിരിക്കുന്നു!
പറഞ്ഞതിനോടു പൂറ്ണ്ണമായും യോജിക്കുന്നു, പ്രത്യേകിച്ചും ആയൂര്‍വ്വേദത്തെപ്പറ്റി.

തേനിനെ പറ്റിയുള്ള ലേഖനവും വായിച്ചു. അതുമായി തന്നെ ചേര്‍ത്തു പറയാം. തേനിനങ്ങിനെയൊരു ഗുണമുണ്ടെങ്കില്‍ അത് മിക്കവാറും എല്ലാ സംസ്കാരങ്ങളിലും ഉപയോഗിച്ചു കാണാന്‍ സാധ്യതയുണ്ട്.
ആധുനിക ശാസ്ത്രസാങ്കേതിക പുരോഗതിയില്‍ കാര്യമായ സംഭാവനയൊന്നും നല്‍കാന്‍ കഴിയാത്ത ഇന്ത്യാക്കാരന്റെ ഈഗോയെ(അപകര്‍ഷതാബോധം, പ്രത്യേകിച്ചും സായിപ്പിനു കീഴെ പണിയെടുക്കേണ്ടിവരുന്ന പ്രവാസിക്ക്) രക്ഷിക്കാന്‍ നമുക്ക് പഴയ പാരമ്പര്യങ്ങള്‍മാത്രമേയുള്ളൂ.

ആയൂര്‍വ്വേദം ക്രോഡീകരിക്കപ്പെട്ട കാലത്തെ പരിമിതമായ അറിവുകളായിരുന്നിരിക്കണം, എങ്കിലും അതിന്റെ പ്രാധാന്യം കുറച്ചു കാണേണ്ടതില്ലയെന്നുതന്നെയാണു എനിക്കു തോന്നുന്നത്.
ആധുനിക വൈദ്യശാസ്ത്രവും ആയൂര്‍വേദം പോലെ ‘trial and error' തന്നെയാണല്ലോ. ആയൂര്‍വേദത്തെപ്പറ്റി അല്ലെങ്കില്‍ അതില്‍ ഫലവത്താകുന്ന ചികിത്സാരീതികളെപ്പറ്റി പഠിക്കുക തന്നെ വേണമെന്നാണെന്റേയും അഭിപ്രായം.

ജ്യോതിഷമോ, വാസ്തുവോ പോലെ ശുദ്ധ തട്ടിപ്പാണു ആയൂര്‍വേദം എന്നു പറയാന്‍ പറ്റില്ല. ആയൂര്‍വേദത്തിനു അതിന്റെ രീതികളെ ശാസ്ത്രപ്രകാരമോ അല്ലെങ്കില്‍ അംഗീകരിക്കപ്പെട്ടതോ മനസ്സിലാക്കപ്പെട്ടതോ ആയ സത്യങ്ങളുടെ ബലത്തിലോ വിശദീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ക്കൂടി (എതു ഊഹം മാത്രം, അങ്ങിനെ കഴിയുന്നുണ്ടെങ്കില്‍ തിരുത്താം) ആയൂര്‍വേദം കൊണ്ട് ഫലപ്രദമായി ചികിത്സിക്കാവുന്ന രോഗങ്ങള്‍ ഉണ്ട് എന്ന ഒറ്റ കാരണം കൊണ്ടെങ്കിലും, അല്ലെങ്കില്‍ പച്ചിലകള്‍ പച്ചവെള്ളം പോലെയല്ല എന്നതുകൊണ്ടും.

nalan::നളന്‍ said...

മറ്റൊന്നു കൂടി പറയാനായിരുന്നു വന്നത്..അത് പേറ്റന്റിനെപ്പറ്റി..
അമേരിക്കയിലെ പേറ്റന്റാപ്പീസില്‍ പണിയെടുക്കുന്നവര്‍ക്ക് ശാസ്ത്രീയ വിഷയങ്ങളില്‍ വലിയ അവബോധമൊന്നുമുള്ളവരല്ല. ‘pertpetual energy' മഷീനുകള്‍ക്കുവരെ പേറ്റന്റ് കൊടുത്ത ചരിത്രമാണുള്ളത് (എന്തു പരീക്ഷിച്ചിട്ടാണാവോ ?).

അതിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നത്, ഈ പേറ്റന്റ് സമ്പ്രദായം തന്നെ അറിവിന്റെ ജനാധിപത്യവല്‍ക്കരണത്തിനെതിരാണെന്നുള്ളതാണു. ജ്ഞാനത്തിന്റെ കേന്ദ്രീകരണം കൊണ്ടെത്തിച്ച ചൂഷണത്തിന്റേയും ക്രൂരതകളുടേയും ചരിത്രം നമ്മള്‍ ഒഴിയാബാധപോലെ ഇന്നും കൊണ്ടു നടക്കുന്നുണ്ട്റ്റല്ലോ.
ജനാധിപത്യ കേന്ദ്രങ്ങളില്‍ നിന്നും പേറ്റന്റിങ് സമ്പ്രദായത്തിനെതിരേ ഒരു നീക്കം തുടങ്ങി വയ്ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു, കുറഞ്ഞ പക്ഷം വൈദ്യശാസ്ത്രരംഗത്തെങ്കിലും.