Monday, December 03, 2007

വൈദ്യശാസ്ത്ര ചിന്തകള്‍. ഭാഗം:1

മെഡിസിന്‍@ ബൂലോഗം എന്ന പോസ്റ്റും, അതിനെ സംബന്ധിച്ചുണ്ടായ കമന്റുകളുമാണ്‌ (ഹെരിറ്റേജ്‌ ഇന്‍ഡ്യ, വക്കാരിമഷ്ട, എന്റേയും) ഈ പോസ്റ്റിടാന്‍ കാരണം. എന്റെ കമന്റിന്റെ ഒരു തുടര്‍ വിശദീകരണമാണ്‌ ഈ പോസ്റ്റ്‌.

മനുഷ്യന്റെ വളര്‍ച്ചക്കൊപ്പം വികാസം പ്രാപിച്ചു വന്നവയാണ്‌ എല്ല ശാസ്ത്രവും.നമ്മുടെ ഇപ്പോഴത്തെ അറിവുകലുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ ഒട്ടും തന്നെ യുക്തി ഭദ്രമല്ലാത്ത ഒരു ചരിത്രമാണ്‌ മിക്കവാറും എല്ലാ ശാസ്ത്ര ശാഖകള്‍ക്കുമുള്ളത്‌.

ഉദാഹരണമായി രസതന്ത്രം. ഇരുമ്പില്‍ നിന്നും, ചെമ്പില്‍നിന്നും ഒക്കെ സ്വര്‍ണം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടേ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ്‌ പിന്നീട്‌ രസതന്ത്രത്തിനു അടിത്തറ പാകിയത്‌. ആ വക ശ്രമങ്ങള്‍ നടത്തിയിരുന്നവര്‍ തീര്‍ച്ചയായും അതു സാധ്യമാണെന്നു തന്നെ വിചാരിച്ചു കാണണം. അതിനുത്ബോധകമായി അവര്‍ വിശ്വാസങ്ങളും തത്വങ്ങളും രൂപപ്പെടുത്തിയിട്ടുണ്ടാകണം.പ്രാചീന ശാസ്ത്ര തത്ത്വങ്ങളുടെ ഒരു ബലഹീനത, അതൊന്നും യുക്തിഭദ്രമായ ഒരു അടിസ്ഥാനത്തിന്റെ പുറത്തുള്ളതായിരുന്നില്ല എന്നുള്ളതാണ്‌. അവരുടെ ലഭ്യമായ അറിവുകളുടെയും,യുക്തി വിശ്വാസ പരിമിതികളുടെയും ഉള്ളില്‍നിന്നുകൊണ്ടുള്ള നിഗമനങ്ങളയിരുന്നു മിക്കതും. ദൈവസങ്കല്‍പങ്ങളും മതവിശ്വാസങ്ങളും അതില്‍ കുഴമറിഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തില്‍ എന്നു കരുതിയവയില്‍ പോലും അപ്പറഞ്ഞ തെളിവുകളുടെ മൂല്യനിര്‍ണയത്തിനുള്ള ബുദ്ധിമുട്ടുകള്‍ പ്രശ്നങ്ങളുണ്ടാക്കി. ചുരുക്കത്തില്‍, സത്യസന്ധവും യുക്തിസഹവുമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നില്ല ആദ്യകാല ശാസ്ത്ര നിഗമനങ്ങള്‍.

പക്ഷെ ഒന്നുണ്ട്‌. മേല്‍പ്പറഞ്ഞ പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടായിരുന്നു എങ്കിലും,ആ രീതിയിലുള്ള ചുവടു വെയ്പ്പുകളാണ്‌ എല്ലാ ശാസ്ത്രശാഖകള്‍ക്കും തുടക്കമിട്ടത്‌.

എന്നാല്‍ ഈ പൂര്‍വികര്‍ക്കുണ്ടായിരുന്ന സ്വാതന്ത്ര്യം ഇന്നത്തെ ശാസ്ത്രകാരന്മാര്‍ക്കില്ല. ഇന്ന് ശാസ്ത്ര സത്യങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ (evidence based) ആയിരിക്കണമെന്ന് ശാസ്ത്രലോകം ശഠിക്കുന്നു.പുതിയ പുതിയ തത്ത്വങ്ങള്‍ യുക്തി ഭദ്രമായി തെളിയിക്കപ്പെടേണ്ടതുണ്ട്‌. അങ്ങിനെ ചെയ്യപ്പെട്ട തത്ത്വങ്ങളുമായി ഒത്തു പോകേണ്ടതുമുണ്ട്‌. ചുരുക്കത്തില്‍ ഊഹാപോഹങ്ങള്‍ക്കും സങ്കല്‍പങ്ങള്‍ക്കും ആധുനിക ശാസ്ത്രത്തില്‍ സ്ഥാനമില്ല.

നമുക്ക്‌ ചര്‍ച്ച ചെയ്യേണ്ടത്‌ വൈദ്യശാസ്ത്രമായതിനാല്‍ ഇവിടെ ഒരു വൈദ്യ ശാസ്ത്ര ഉദാഹരണം പറയാം.മലേറിയയുടെ കാര്യം എടുക്കുക. പേര്‌ സൂചിപ്പിക്കുന്നതു പോലെ (മാല്‍+എയറിയ) ഈ അസുഖം ചീത്ത വായു മൂലമാണ്‌ ഉണ്ടാകുന്നത്‌ എന്നു വിശ്വസിച്ചു പോന്നു. രോഗം സര്‍വസാധാരണമായി കണ്ടു വരുന്ന സാഹചര്യങ്ങള്‍ മൂലമാണ്‌ ഇങ്ങനെ ഒരു വിശ്വാസം വന്നത്‌. എന്നാല്‍ അതല്ല സത്യം എന്നു ഇപ്പോള്‍ നമുക്കറിയാം. മലേറിയ കൊതുകു പരത്തുന്ന ഒരു രോഗാണു ബാധയാണെന്ന് ശാസ്ത്രീയ തെളിവുകളുടെ ബലത്തില്‍ കണ്ടെത്തി. ഡോ: റൊണാല്‍ഡ്‌ റോസ്സ്‌ എന്ന ശാസ്ത്രജ്ഞന്‍ വേറിട്ടു ചിന്തിച്ചതു കൊണ്ടു മാത്രമല്ല ഈ സത്യം വെളിപ്പെട്ടത്‌, മറിച്ച്‌, സൂക്ഷ്മദര്‍ശിനിയുടെ ആവിര്‍ഭാവം, എന്റമോളൊജി, ഫിസിയൊളൊജി, പതോളൊജി എന്നീ ശാഖകളുടെ വികാസം എന്നിവയൊക്കെ അതിനു പിന്തുണയായി.

ഇപ്പോള്‍ ഇവിടെ വരാവുന്ന ഒരു ചോദ്യം, എങ്കിലിനി നാളെ ഇതു മാറി മലേറിയയുടെ കാരണം മറ്റെന്തിങ്കിലുമാണെന്നു വന്നാലോ എന്നതാണ്‌. പഴയ വിശ്വാസവും, പുതിയതും തമ്മിലുള്ള വ്യത്യാസം, പുതിയത്‌ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണെന്നാണ്‌. മലേറിയയുടെ അണുക്കള്‍ കൊതുകു വഴി ശരീരത്തിലെത്തുന്നതും, അതിന്റെ ശരീരത്തിലുള്ള വികാസ പരിണാമങ്ങളും, അതുണ്ടാക്കുന്ന പ്രതി പ്രവര്‍ത്തനങ്ങളും കൊതുകില്‍ തിരിച്ചെത്തുന്നതും ഒക്കെ കൃത്യമായി തെളിവുകളുടെ വെളിച്ചത്തില്‍ നാം കണ്ടറിഞ്ഞതാണ്‌. മറ്റേതു രോഗങ്ങളുടേയും കാര്യത്തിലെന്നപോലെ, മലേറിയയെ സംബന്ധിച്ചും പുതിയ പുതിയ അറിവുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്‌. പക്ഷെ, രോഗകാരണത്തെ സംബന്ധിച്ച്‌ ഇനി ഒരു മാറ്റം ഉണ്ടാകേണ്ട കാര്യമില്ല. കാരണം, ഇതര ശാസ്ത്രീയ ശാഖകളുടെ സഹായത്തോടെ തെളിവുകളുടെ അടിസ്ഥാനത്തില്‍ (പ്രത്യക്ഷവും, പരോക്ഷവും) സ്ഥാപിക്കപ്പെട്ട ഒരു സത്യമാണത്‌.

എന്നു കരുതി എല്ലാ രോഗങ്ങളുടേയും (ചികില്‍സിച്ചു ഭേദമാക്കുന്നതുള്‍പ്പടെയുള്ള) കാരണങ്ങള്‍ നാം കണ്ടെത്തിയെന്നല്ല. ഇപ്പോഴും പല രോഗങ്ങളുടേയും കാര്യത്തില്‍ താത്ത്വികമായ സങ്കല്‍പ്പങ്ങള്‍ നിലനില്‍ക്കുകയാണ്‌. (ഉദാ: സ്ത്രീകളില്‍ സാധാരണമായ പോളിസിസ്റ്റിക്‌ ഓവറി എന്ന അവസ്ഥ.) എന്നാല്‍ ഇതിനു മുന്‍പുള്ളതില്‍നിന്നുള്ള വ്യത്യാസം, ഈ സങ്കല്‍പങ്ങള്‍ തെളിയിക്കപ്പെട്ട മറ്റു തത്വങ്ങളില്‍നിന്നു രൂപപ്പെടുത്തിയവയോ, അതുമായി ഒത്തു പോകുന്നവയോ ആണെന്നതാണ്‌. അല്ലാതെ ഊഹങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള മറ്റൊരു ഊഹമല്ല. വിശ്വസനീയമായ തെളിവുകളോടെ ഇനി അതിന്റെ കാരണം കണ്ടെത്തുമ്പോള്‍, ഇപ്പൊഴത്തെ വിശ്വാസം മാറിയെന്നു വരും അല്ലെങ്കില്‍ ഉറപ്പിച്ചു എന്നു വരും.

ഇനി നമുക്ക്‌ പ്രാചീന വൈദ്യശാഖകളും ആധുനിക വൈദ്യശാസ്ത്രവുമായുള്ള താരതമ്യത്തിലേക്കു വരാം. (അടുത്ത പോസ്റ്റില്‍)

5 comments:

chithrakaran ചിത്രകാരന്‍ said...

നല്ല തുടക്കം. അടുത്ത പോസ്റ്റ് പ്രതീക്ഷിക്കട്ടെ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ചര്‍ച്ചയ്ക്കുള്ള വിഷയങ്ങള്‍ ഇതേപോലെയാണ്‌ അവതരിപ്പിക്കേണ്ടത്‌ അല്ലാതെ മൊത്തം ആഭാസം കൂഭാസം എന്നു പറഞ്ഞ്‌ ഒക്കെ ആകുമ്പോള്‍ അതിനു ഉതകുന്ന മറുപടികളും പ്രതീക്ഷിക്കണമല്ലൊ.
ഞാന്‍ ഇവിടെ പറഞ്ഞതിലും ഇത്രയൊക്കെത്തന്നെയേ ഉള്ളില്‍ വച്ചിട്ടുള്ളു.
ഇതില്‍ സുന്ദരമായ ഒരുചര്‍ച്ച ഉരുത്തിരിയും എന്നു പ്രതീക്ഷിക്കാം

myexperimentsandme said...

ബാബുരാജ്, മാവേലി കേരളത്തിന്റെ ഈ പോസ്റ്റ് വായിച്ചിരുന്നോ? അറിവുകള്‍ക്ക് തെളിവുകള്‍ ആവശ്യപ്പെടുന്നതിനെപ്പറ്റി അതില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇനി വൈദ്യശാസ്ത്ര ചിന്തകളുമായി ബന്ധമില്ലാത്ത കുറെ വെറും ചിന്തകള്‍ - തെളിവുകള്‍ വേണമെന്ന ശാഠ്യം സംബന്ധിച്ചും മറ്റും :)

പ്രാചീന ശാസ്ത്ര തത്ത്വങ്ങളുടെ ഒരു ബലഹീനത, അതൊന്നും യുക്തിഭദ്രമായ ഒരു അടിസ്ഥാനത്തിന്റെ പുറത്തുള്ളതായിരുന്നില്ല എന്നുള്ളതാണ്‌

ഇതില്‍ തന്നെ എനിക്ക് എന്തൊക്കെയോ സംശയങ്ങളുണ്ട് (വ്യക്തമായിട്ട് പറയാനൊട്ട് പറ്റുന്നുമില്ല :)) നമ്മള്‍ ഈയൊരു കാലഘട്ടത്തില്‍ നിന്ന് നമുക്ക് പരിചിതമായ ഒരു പരിസ്ഥിതിയില്‍ നിന്ന് ചിന്തിക്കുന്നതുകൊണ്ടാണോ നമുക്ക് പുരാതന ശാസ്ത്രങ്ങള്‍ക്ക് ബലഹീനത തോന്നുന്നത്? (എനിക്ക് വ്യക്തമായി അങ്ങ് പറയാന്‍ കഴിയാത്തതിന് ക്ഷമിക്കണം).

തെളിവുകള്‍ വേണം, അത് തെളിയിക്കാന്‍ ഉപകരണങ്ങള്‍ വേണം, അങ്ങിനെ ഉപകരണങ്ങളില്‍കൂടിയും മറ്റും തെളിയിക്കാന്‍ കഴിഞ്ഞാലേ ശാസ്ത്രം ശാസ്ത്രമാവൂ എന്നത് നമ്മളൊക്കെയായിട്ട് ഉണ്ടാക്കിയെടുത്ത ഒരു ശാഠ്യമാണോ?

യാതൊരു റഫറന്‍‌സുമില്ലാത്ത എന്റെയൊരു തോന്നല്‍ എന്താണെന്ന് വെച്ചാല്‍ പ്രധാനപ്പെട്ട പല തിയറികളും ഉണ്ടായത് ശാസ്ത്രം ഇത്ര ആധുനികമാ‍വുന്നതിനും മുന്‍‌പല്ലേ? ആധുനിക കാലഘട്ടത്തില്‍ എത്ര തിയറികള്‍ (ഗുരുത്വാകര്‍ഷണ ബലം, റിലേറ്റിവിറ്റി തിയറി മുതലായവ ഉദാഹരണം) ഉണ്ടാവുന്നുണ്ട്? ഇത് ഉപകരണങ്ങള്‍ എല്ലാം വന്ന് കണ്ടാലേ വിശ്വസിക്കൂ, കണ്ടാല്‍ വിശ്വസിക്കാം എന്ന ഒരു നില വന്ന് ചിന്തിക്കാനുള്ള മനുഷ്യന്റെ കഴിവ് കുറഞ്ഞതുകൊണ്ടാണോ? (എല്ലാവിധ ഉപകരണങ്ങളുമുള്ള ലാബിലെ പി.എച്ച്.ഡി തീസിസും അത്യാവശ്യം ഉപകരണങ്ങള്‍ മാത്രമുള്ള ലാബിലെ തീസിസും തമ്മിലുള്ള വ്യത്യാസങ്ങള്‍ കണ്ടിട്ടുണ്ട് - നല്ല ചിന്തകള്‍ ചിലപ്പോഴൊക്കെ കണ്ടിരിക്കുന്നത് മിനിമം ഉപകരണങ്ങളുള്ള ലാബിലാണ്. അവിടെ ചിലപ്പോള്‍ ഉപകരണമില്ലാത്തതുകാരണം സമര്‍ത്ഥിക്കുന്നത് (തെളിയിക്കുന്നത് എന്ന വാക്കുപയോഗിക്കുന്നില്ല) മാത്തമാറ്റികല്‍ ഇക്വേഷന്‍സ് വെച്ചോ തിയറികള്‍ വെച്ചോ ഒക്കെയാണ്. ഇതിനൊക്കെ പകരം രണ്ട് ഗ്രാഫ് വെച്ച് മറ്റേ ലാബില്‍ സംഗതി നടത്തും)

ഉപകരണങ്ങളുടെ ആവശ്യമില്ലാത്ത കണക്ക് മുതലായ മേഖലകളില്‍ പൌരാണിക ഭാരതത്തിന്റെയും മറ്റ് രാജ്യങ്ങളുടെയും സംഭാവന വളരെ വലുതല്ലേ? കേരളത്തിന്റെയും? അന്നത്തെ അത്തരം കണ്ടുപിടുത്തങ്ങള്‍ പലതും ആധുനിക ശാസ്ത്രത്തില്‍ തെറ്റാണെന്ന് പറയുന്നില്ലല്ലോ.

പരിമിതികള്‍ ആപേക്ഷികമാണല്ലോ. 2000 കൊല്ലം കഴിയുമ്പോള്‍ ഇപ്പോള്‍ നമുക്ക് 2000 കൊല്ല്ലം മുന്‍പ് ഉണ്ടായിരുന്നു എന്ന് തോന്നുന്ന പരിമിതികളൊക്കെ അക്കാലത്തെ ആള്‍ക്കാര്‍ക്കോ അതുപോലുള്ളവയ്ക്കോ തോന്നാം. അതുകൊണ്ട് ആധുനിക ശാസ്ത്രം തെളിവുകള്‍ക്കായി ശാഠ്യം പിടിക്കുന്നത് എത്രമാത്രം ശരിയാണ് എന്നതില്‍ നിന്നും കൂടി വേണം പുരാതന ശാസ്ത്രവും ആധുനിക ശാസ്ത്രവും താരതമ്യപ്പെടുത്താനെന്നാണ് എന്റെ അഭിപ്രായം. ആധുനിക ശാസ്ത്രം ഒരു സെറ്റ് ഓഫ് procedures ഉണ്ടാക്കിയിട്ട് പുരാതനവും ആ‍ധുനികവുമായ എല്ലാം അതിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ ധാരാളം തെറ്റുകള്‍ വരില്ലേ?

ഇവിടെയും ഞാന്‍ പലപ്പോഴും പറയുന്ന ലെവല്‍ പ്ലെയിംഗ് ഫീല്‍ഡിന്റെ ഒരു പ്രശ്നം എനിക്കെപ്പോഴും തോന്നുന്നു? പക്ഷേ അത് സാധ്യമാവുമോ, ആവുമെങ്കില്‍ എങ്ങിനെ എന്നൊന്നും പിടികിട്ടുന്നുമില്ല.

ഇനി പുരാതന വൈദ്യരീതിയെപ്പറ്റി പറഞ്ഞാല്‍ എന്തെങ്കിലും ഒരു അസുഖത്തിന് എന്തെങ്കിലും ഒരു ചികിത്സാ രീതി പുരാതന/പരമ്പരാഗത വൈദ്യമേഖലയില്‍ ഉണ്ട്, ആ ചികിത്സാ രീതി, ആ അസുഖത്തിന് ഫലപ്രദമാണ് എന്നുണ്ടെങ്കില്‍ ഒന്നാം ഭാഗം അവിടെ തീര്‍ന്നില്ലേ? അത് എന്തുകൊണ്ടാണ് എന്ന് അത് കണ്ടുപിടിച്ചവര്‍ക്ക് അറിയാനേ പാടില്ലായിരിക്കും? അത് ചികിത്സാ രീതി എന്ന രീതിയില്‍ പോരായ്മയല്ലല്ലോ? മാവേലി കേരളം പറഞ്ഞതുപോലെ ഈ അറിവുകള്‍ക്ക് തെളിവുകള്‍ വേണം എന്നുള്ളതു തെളിവു തേടുന്നവരുടെ പ്രശ്നമാണ്, അറിവു തേടുന്നവരുടേതല്ല. ആ ചികിത്സാ രീതിയുടെ ഏറ്റവും വലിയ തെളിവ് എന്തെന്നുവെച്ചാല്‍ ആ രീതി വെച്ച് ആ അസുഖം ഭേദമാവുന്നു എന്നതല്ലേ?

ഇനി പേറ്റന്റിന്റെയും മറ്റും കാര്യമെടുത്താല്‍ അവിടെ എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് വിശദമാ‍ക്കേണ്ടതില്ലല്ലോ. സംഭവിക്കും എന്ന് “തെളിയിച്ച്” കൊടുത്താല്‍, അവരുടെ വ്യവസ്ഥകള്‍ക്കനുസൃതമാണ് ആ കണ്ടുപിടുത്തമെങ്കില്‍, പേറ്റന്റ് കിട്ടൂമല്ലോ.

ബാബുരാജ് പറഞ്ഞ മലേറിയയുടെ കാര്യമെടുത്താല്‍, മലേറിയയുടെ കാരണം കണ്ടുപിടിക്കുക, അതിന്റെ ഉറവിടം കണ്ടുപിടിക്കുക, അതിനനുസരിച്ച് അതിനെ പ്രതിരോധിക്കുക എന്നതെല്ലാം ഗവേഷണത്തിന്റെയും ഗവേഷണ സൌകര്യങ്ങളുടെയും ഫലങ്ങളല്ലേ. ഗവേഷണ സൌകര്യങ്ങള്‍ പുരോഗമിക്കുന്നതനുസരിച്ച് ഇതെല്ലാം കാലാകാലങ്ങളില്‍ നടക്കും. പക്ഷേ പുരാതന വൈദ്യത്തില്‍ ഒരു പ്രത്യേകതരം പനിക്ക് ആരെങ്കിലും ഒരു പ്രത്യേകതരം മരുന്ന് ഉണ്ടാക്കുകയും ആ മരുന്ന് മൂലം ആ പ്രത്യേകതരം പനി പമ്പകടക്കുകയും ചെയ്താല്‍ അവിടെ ആ ഭാഗം അവസാനിച്ചില്ലേ? അതിനുപകരം ആ പനിയുടെ ഉറവിടം അവര്‍ക്ക് കണ്ടുപിടിക്കാന്‍ പറ്റിയില്ല, ആ പനിയെ അവര്‍ക്ക് പ്രതിരോധിക്കാന്‍ പറ്റിയില്ല്ല, ആ പനി വരാതിരിക്കാനുള്ള കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ പറ്റിയില്ല എന്നൊക്കെയുള്ള കാര്യങ്ങള്‍ തികച്ചും ആപേക്ഷികം മാ‍ത്രമായ പരിമിതികളുടെ ഫലം മാത്രമല്ലേ. അത് ആ മരുന്നിന്റെ കണ്ടുപിടുത്തത്തെയോ അതുമൂലം ആ പനി മാറുന്നു എന്ന വസ്തുതയെയോ ഒരു രീതിയിലും മോശമാക്കുന്നില്ലല്ലോ. ഇതേ പോലത്തെ ധാരാളം പരിമിതികള്‍ ആധുനിക വൈദ്യശാസ്ത്രത്തിനുമുണ്ടല്ലോ.

അതുകൊണ്ട് എന്റെ അഭിപ്രായത്തില്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെയും ശാസ്ത്രരീതികളുടെയും സ്റ്റാന്‍ഡേര്‍ഡുകളുടെയും അടിസ്ഥാനത്തില്‍ മാത്രമാവരുത് നാട്ടറിവുകളെയും പുരാതന അറിവുകളെയും വിലയിരുത്തേണ്ടത്. എന്നാല്‍ പിന്നെ എങ്ങിനെ വേണം എന്നു ചോദിച്ചാല്‍ എനിക്കൊട്ടറിയാനും വയ്യ :)

(ചിതറിത്തെറിച്ച് താഴെവീണ് പൊട്ടിത്തെറിച്ച ചുമ്മാ കുറെ ചിന്തകള്‍)

ബാബുരാജ് said...
This comment has been removed by the author.
ബാബുരാജ് said...

ഈ പോസ്റ്റിനോട്‌ ഗൗരവമായി പ്രതികരിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

രണ്ടു ലിങ്കുകളും വായിച്ചു.

"ശാസ്ത്ര"ത്തിന്റെ നിര്‍വചനം ചെറിയ പ്രശ്നം ഉണ്ടാക്കുന്നുണ്ടെന്നു തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം ശാസ്ത്രം എന്നത്‌ കേവലമായ സത്യവും അതിന്റെ അന്വേഷണവും ആണ്‌. അതില്‍ വൈകാരികമായ ഇടപെടലുകളോ തല്‍ഫലമായ വെള്ളം ചേര്‍ക്കലുകളോ അനുവദിക്കാവുന്നതല്ല. ഞാന്‍ പറയുന്ന കാര്യങ്ങളും ഈ നിര്‍വചനത്തില്‍ നിന്നുകൊണ്ടാണ്‌. ആ രീതിയില്‍ കാണുക.

ശാസ്ത്രാന്വേഷണത്തില്‍ ഉപകരണങ്ങളുടെ പ്രാധാന്യം ഞാന്‍ പറയാനുദ്ദേശിച്ചതല്ല. മറ്റു ശാസ്ത്രശാഖകളുടെ വികാസം എങ്ങിനെ പ്രയോജനപ്പെടുന്നു എന്നാണ്‌ പറഞ്ഞത്‌. താങ്കള്‍ക്ക്‌ ഒരു പക്ഷെ അങ്ങിനെ തോന്നിയത്‌ എന്റെ ഭാഷാ പരിമിതി കൊണ്ടാവണം.

രണ്ടാം ഭാഗം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. പ്രതികരിക്കുമല്ലോ?