Thursday, November 29, 2007

പ്ലേസബോ ചിന്തകളും ഹോമിയോയും

ഹോമിയൊ മരുന്നുകളെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ എപ്പോഴും ഉയര്‍ന്നു വരുന്ന ഒന്നാണല്ലൊ പ്ലേസെബോ. ഇന്നും അത്തരത്തില്‍ ഒരു ചര്‍ച്ച കണ്ടു.

ഇന്നല്‍പ്പം പ്ലേസബോ ചിന്തകളാകാം.പ്ലേസബോകള്‍ സത്യത്തില്‍ മരുന്നുകള്‍ പോലെ തോന്നിപ്പിക്കുന്ന എന്നാല്‍ കൃത്യമായ ഒരു പ്രവര്‍ത്തന ഘടകമില്ലാത്ത വസ്തുക്കളാണ്‌. വെറുതെ സ്റ്റാര്‍ച്ചൊ, പഞ്ചസാരയോ, ചോക്കുപൊടിയോ ആവാം, വെറും പച്ചവെള്ളമാകാം.

ലാറ്റിനില്‍ പ്ലേസബൊ എന്നുവെച്ചാല്‍, "ഞാന്‍ ചെയ്യാം" എന്നാണേകദേശം അര്‍ത്ഥം.ഒരു രോഗാവസ്ഥ, അതിനു വേണ്ട ഒരു കൃത്യമായ ചികില്‍സ ഇല്ലാതെ തന്നെ രോഗിയുടെ വിശ്വാസം കൊണ്ടു മാറുന്നതിനെയാണ്‌ പ്ലേസബോ എഫക്റ്റ്‌ എന്നു പറയുന്നത്‌. ഇതു പ്ലേസബോ പ്രയോഗം കൊണ്ടാവാം അല്ലെങ്കില്‍ മറ്റുതരത്തിലുള്ള വിശ്വാസം കൊണ്ടാവാം. (പ്രാര്‍ത്ഥന, ധ്യാനം കൂടല്‍ അങ്ങിനെയൊക്കെ) എന്തായാലും വിശ്വാസം പ്രധാനമാണ്‌. തുടര്‍ ചിന്തകളുടെ സൗകര്യാര്‍ത്ഥം നമുക്ക്‌ ഇത്തരം വിശ്വാസം ഉണര്‍ത്തുന്ന എല്ലാത്തിനെയും പ്ലേസബോ എന്നു തന്നെ വിളിക്കാം.

പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ ഇക്കാര്യങ്ങളെല്ലാം വൈദ്യ ലോകത്ത്‌ പരിചിതമായിരുന്നുവെങ്കിലും ഇതിനെപ്പറ്റി ഒരു ആധികാരിക പഠനം വന്നത്‌ 1955 ല്‍ അണ്‌. എച്‌. കെ. ബീച്ചര്‍ എന്ന ഗവേഷകന്‍ നടത്തിയ പഠനത്തില്‍ ഏകദേശം 32% ആള്‍ക്കാരിലും പ്ലേസബൊ ഫലം കാണിക്കുന്നുവെന്നു കണ്ടു. തുടര്‍ പഠനങ്ങള്‍ കൗതുക കരമായ ഫലങ്ങള്‍ കാണിച്ചു. ഉദാഹരണമായി, ഉത്തേജക മരുന്നണെന്നു പറഞ്ഞ്‌ പ്ലേസബോ ഗുളികകള്‍ നല്‍കിയപ്പോള്‍, പങ്കെടുത്തവരുടെ ഹൃദയമിടിപ്പ്‌ രക്തസമ്മര്‍ദ്ദം എന്നിവ കൂടുകയും, പ്രതികരണ സമയം കുറയുകയും ചെയ്തു. നാളുകളായുള്ള വേദനകള്‍ പ്ലേസബോ ചികില്‍സയോട്‌ നല്ല രീതിയില്‍ പ്രതികരിച്ചു.

പക്ഷെ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്‌, ഇത്തരത്തില്‍ ഫലം കിട്ടുന്നത്‌ ലക്ഷണങ്ങളില്‍ മാത്രമാണ്‌. ഉദാ: അസ്ഥിയൊടിഞ്ഞ ഒരാള്‍ക്ക്‌ വേദനയില്‍ ആശ്വാസം ലഭിച്ചേക്കാം, പക്ഷെ മുറികൂടുന്നതില്‍ പ്ലേസബോയ്ക്ക്‌ പങ്കുണ്ടാവില്ല. എന്നിരിക്കിലും രോഗിയെ സംബദ്ധിച്ചു വളരെ ഗുണകരമായ ഫലസിദ്ധികള്‍ ലഭിക്കാം എന്നു തന്നെയാണ്‌ 1997 ല്‍ കാനഡയില്‍ നടത്തിയ ഒരു പഠനവും അടിവരയിടുന്നത്‌. പ്രോസ്റ്റേറ്റ്‌ വീക്കം ഉണ്ടായിരുന്നവരില്‍ പ്ലേസബൊ നല്‍കിയപ്പോള്‍ പകുതിയിലധികം പേര്‍ക്കും മൂത്രതടസ്സം മാറിയതുള്‍പ്പടെയുള്ള ആശ്വാസം ലഭിച്ചു. (ഇതില്‍ ചിലര്‍ക്ക്‌ പാര്‍ശ്ശഫലങ്ങള്‍ പോലുമുണ്ടായത്രെ!)

ഇങ്ങനെയൊക്കെയാണെങ്കിലും പ്ലേസബോ എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നു ശാസ്ത്രലോകത്തിനു കൃത്യമായി മനസ്സിലായിട്ടില്ല. എന്തായാലും വിശ്വാസം പരമപ്രധാനമാണ്‌. മതങ്ങള്‍ പറയുന്നതുപോലെ തന്നെ ഇവിടെയും വിശ്വാസമുണ്ടെങ്കിലേ ഫലമുള്ളൂ.പല അസുഖങ്ങളും പ്രത്യേകിച്ച്‌ ഒരു കാരണമോ മുന്നറിയിപ്പോ ഇല്ലാതെ വരികയും പോവുകയും ചെയ്യുന്നവയാണ്‌. (രോഗിയുടെ ഒരു മൊത്തമായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാണ്‌, തര്‍ക്കിക്കരുതേ) ഈ ഘട്ടങ്ങളില്‍ ചികില്‍സക്കുപയോഗിക്കുമ്പോള്‍ ആ മരുന്നുകള്‍ക്ക്‌ അര്‍ഹപ്പെടാത്ത ഒരു ഫലസിദ്ധി പതിച്ചു കിട്ടുന്നു. അസുഖം സ്വാഭാവികമായി മാറുന്നതാവാം. പലരും ഹോമിയോയുടെ കാര്യത്തില്‍ സംശയിക്കുന്നതിതാണ്‌.

പല അസുഖങ്ങളുടെയും അകമ്പടിയായി നൈരാശ്യം ഉത്‌ഘണ്ട പിരിമുറുക്കം മുതലായവ ഉണ്ടാകാം. ചികില്‍സയോടുള്ള ഒരു ഗുണപരമായ വിശ്വാസം ഇവയ്ക്കൊക്കെ ഇളവു വരുത്തുകയും തല്‍ഫലമായി രോഗാവസ്ഥയില്‍ ആശ്വാസമായി പ്രത്യക്ഷപ്പെടുകയും ചെയ്യാം. (പലര്‍ക്കും ചില പ്രത്യേക ഡോക്ടര്‍ കുറിക്കുന്ന മരുന്നെ ഫലിക്കൂ എന്നു കെട്ടിട്ടില്ലേ?) പിരിമുറുക്കം കുറയുന്നതു തന്നെ ശുഭകരമായ പല ആന്തരിക പ്രവര്‍ത്തനങ്ങള്‍ക്കും കാരണമാകും.

ചിലര്‍ക്കൊക്കെ ചികില്‍സയോടനുബന്ധിച്ചുള്ള ചില മുന്‍ അനുഭവങ്ങള്‍ (conditional stimulai) രോഗം മാറാന്‍ കാരണമാകാം. തനിക്കൊ മറ്റാര്‍ക്കെങ്കിലുമോ ഒരു പ്രത്യേക ഡോക്ടര്‍ ചികില്‍സിച്ചോ, അല്ലെങ്കില്‍ ഒരു പ്രത്യേക പരിശോധന നടത്തിയതിനോടനുബന്ധിച്ചൊ ഉണ്ടായ ഒരു മുന്‍ രോഗശാന്തി, പിന്നീട്‌ അതേ രീതിയില്‍ കടന്നു പോകുമ്പോള്‍ ആശ്വാസത്തിനു കാരണമാകാം. ഇതു തിരിച്ചും ആവാം.

തലച്ചോറില്‍ സ്വാഭാവികമായുള്ള ഓപ്പിയം പോലുള്ള രാസവസ്തുക്കള്‍ (endogenous opiates) വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്‌.പ്ലേസബോ പഠനങ്ങളിലെ വോളണ്ടിയര്‍മാരെ PET സ്കാനിനു (തലച്ചോറിന്റെ പ്രവര്‍ത്തനം പഠിക്കാന്‍ സഹായിക്കുന്ന സ്കാന്‍) വിധേയമാക്കിയപ്പോള്‍ പഠന സമയത്ത്‌ അവരുടെ തലച്ചോര്‍ കൂടുതല്‍ ഓപ്പിയേറ്റ്‌സ്‌ പുറപ്പെടുവിക്കുന്നതായി കണ്ടെത്തി. ഈ ഓപ്പിയേറ്റ്‌സ്‌ മനുഷ്യനിലെ സ്വാഭാവിക വേദനസംഹരികളാണ്‌. അക്യുപഞ്ചര്‍ പ്രവര്‍ത്തിക്കുന്നത്‌ ഒരു പക്ഷെ ഇങ്ങനെയാവാം എന്നു കരുതുന്നു.

പകുതിയോളം ആള്‍ക്കാരിലും പ്ലേസബോ പ്രവര്‍ത്തിക്കുമ്പോള്‍, അവ്വിധത്തിലാണ്‌ ഫലം കിട്ടുന്നതെന്നു ആരോപിക്കപ്പെടുന്ന ചികില്‍സാ പദ്ധതികള്‍ക്ക്‌ നാണിക്കാനൊന്നുമില്ല. രോഗശാന്തിയല്ലേ പ്രധാനം.

പ്ലേസബൊയ്ക്ക്‌ പറ്റിയ ഒരു മലയാളം വാക്ക്‌ എന്താവും? വ്യാജ മരുന്ന് എന്നു പറഞ്ഞാല്‍ നീതിയാവില്ല.

7 comments:

മൂര്‍ത്തി said...

നന്ദി വിവരങ്ങള്‍ക്ക്.

കിരണ്‍ തോമസ് തോമ്പില്‍ said...

പുതിയ അറിവുകള്‍ക്ക് നന്ദി.

ഗീത said...

രോഗ ചികിത്സയില്‍ വിശ്വാസത്തിന് ഒരു പ്രധാന പങ്കുണ്ടേന്ന് അറിയാമായിരുന്നു. പക്ഷേ പ്ലസബേ യെ കുറിച്ച് ആദ്യമായാണ് കേള്‍ക്കുന്നത്.
നന്ദി മയൂരെ.

അഭിലാഷങ്ങള്‍ said...

പുതിയ അറിവാണ് ഇത് എനിക്ക്. ബാബുരാജിന് നന്ദി. കവിതയിലൂടെ ഈ അറിവ് പകര്‍ന്നുതന്ന മയൂരക്കും നന്ദി.

അഭിലാഷ്, ഷാര്‍ജ്ജ

സാരംഗി said...

നല്ല ലേഖനം. പ്ലസീബോയെക്കുറിച്ചുള്ള അറിവുകള്‍ക്ക് നന്ദി.

മയൂര said...

പ്ലസീബോയെ പറ്റി കൂടുതല്‍ അറിവുകള്‍ നല്‍ക്കുന്ന ഈ ലേഖനത്തിനു നന്ദി:)

Anonymous said...

[B]NZBsRus.com[/B]
Forget Sluggish Downloads With NZB Files You Can Swiftly Search HD Movies, Games, MP3s, Applications & Download Them @ Rapid Rates

[URL=http://www.nzbsrus.com][B]Newsgroup[/B][/URL]