Thursday, August 25, 2016

ഗൂഗിളിനെ ആർക്കാണു പേടി?



എന്റെ വൈദ്യ പഠനം ഒരു കാര്യത്തിൽ വ്യത്യസ്ഥമായ രണ്ടു ഘട്ടങ്ങളിലായാണു കഴിഞ്ഞത്. ബിരുദ കാലങ്ങളിൽ ഇന്റർനെറ്റ് ലഭ്യമായിരുന്നില്ല. കമ്പ്യൂട്ടറുകൾ അവസാനകാലമായപ്പോഴേയ്ക്കും  അത്യാവശ്യം കാഴ്ചപ്പെട്ടിരുന്നുവെങ്കിലും, ഇന്റെർനെറ്റ് കേൾവിയിൽ പോലും ഉണ്ടായിരുന്നില്ല. വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും, കുറുക്കുവഴി ഗൈഡുകളും അദ്ധ്യാപക വാമൊഴിനോട്ടുകളും മാത്രമായിരുന്നു ആശ്രയം. അദ്ധ്യാപകർ കുറച്ചു പേരെങ്കിലും ജേണലുകൾ വരുത്തിയിരുന്നു. നോർത്ത് അമേരിക്കയിൽനിന്നും യൂറോപ്പിൽനിന്നും ഒക്കെ പ്രസിദ്ധീകരിച്ചിരുന്ന അവ മിക്കവർക്കും, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് അപ്രാപ്യവുമായിരുന്നു. പണം അന്ന് ഇന്നത്തേതു പോലെ വെള്ളം പോലെ ഒഴുകിയിരുന്നുമില്ല. അത്തരം ജേണലുകളിൽ നിന്ന് ചെറി പറിയ്ക്കൽ നടത്തി ബിരുദാനന്തര വിദ്യാർത്ഥികളെ തേജോവധം ചെയ്യൽ ചില അദ്ധ്യാപരുടെ എങ്കിലും ഒരു വിനോദവും ആയിരുന്നു. (ആ ജനുസ്സിൽപ്പെട്ട ഒരദ്ധ്യാപകനെ, എവിടുന്നോ തപ്പിപ്പിടിച്ചെടുത്ത മൂന്നാലു പോയന്റുമായി, ‘എന്നാൽ ഇനി ഞാൻ കുറച്ചു ചോദ്യങ്ങൾ ചോദിക്കട്ടെ, സാറിനു പറയാമോ?’ എന്നു ചോദിച്ച് ഒരു ഹൗസ് സർജൻ മലർത്തിയടിച്ച സംഭവം വളരെക്കാലം ഒരു വീരഗാഥയായി നിലനിന്നു.)

പി.ജി പകുതിയായപ്പോഴേയ്ക്കും ഇന്റെർനെറ്റ് പ്രചാരത്തിലായിക്കഴിഞ്ഞിരുന്നു. ഈ വിപ്ലവത്തിൽ പക്ഷെ, പുതു തലമുറയ്ക്ക് ഒപ്പം പിടിയ്ക്കാൻ പഴമക്കാർക്ക് നന്നെ ക്ലേശിക്കേണ്ടി വന്നു.   അങ്ങിനെ പുതിയ അറിവുകളുടെ കുത്തക അദ്ധ്യാപകർക്ക് നഷ്ടമായി. പുതിയ ഓൺ-ലൈൻ അറിവുകളെ ഒരു തരം അവജ്ഞയോടെയാണ് പലരും നേരിട്ടതും. “ലേറ്റസ്റ്റ് എന്നു പറഞ്ഞ് ഇന്റർനെറ്റിൽ നിന്നും ഓരോന്ന് എഴുന്നള്ളിച്ചിട്ട് കാര്യമൊന്നുമില്ല, സ്റ്റാൻഡാർഡ് ടെസ്റ്റ്ബുക്കിലുള്ളത് പറഞ്ഞാലേ പാസ്സാകൂ” എന്ന് കളം മാറ്റിച്ചവിട്ടി തുടങ്ങി മിക്കവരും.

ആ പറഞ്ഞതിൽ കാര്യമുണ്ടു താനും. ഏതു കാര്യം ഏതു രീതിയിൽ സമർത്ഥിക്കാനും ഉള്ള റഫറൻസുകൾ അവിടെ ലഭ്യമാണ് എന്നതു തന്നെ കാരണം. ഉദാഹരണം, പുകവലി. റഫറൻസുകൾ ഒന്നും ഇല്ലാതെ തന്നെ പുകവലിയുടെ ദൂഷ്യങ്ങളെപ്പറ്റി എല്ലാവർക്കും അറിയാം. എന്നാൽ, പുകവലി അൽഷീമേഴ്സും പാർക്കിൻസൺസും ഒക്കെ പ്രതിരോധിക്കാൻ നല്ലതാണെന്ന റഫറൻസും നെറ്റ് തരും. ശരിയാണു താനും. അതോടൊപ്പം ശരിയല്ലാത്ത വേറെ അനവധി റഫറൻസും കിട്ടിയേക്കും. ഇവയൊക്കെ മുൻ നിറുത്തി പുകവലിയുടെ ഗുണങ്ങൾ വാഴ്ത്താനും പറ്റും. എന്നാൽ ഭൂരിപക്ഷം പേരും അത് വാങ്ങില്ല. കാരണം, ഈ വിഷയത്തിൽ ഒരു ‘നോളഡ്ജ് ഫിൽറ്റർ’ ഒട്ടു മിക്കവർക്കും ഉണ്ട് എന്നതു തന്നെ.

ഈ ‘നോളഡ്ജ് ഫിൽറ്റർ’ എല്ലായ്പ്പോഴും ശരിയായിരിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല. വിഷയസംബന്ധമായ അറിവ് ആണ് ഈ ഫിൽറ്റർ രൂപപ്പെടുത്തുന്നത്. ഈ പശ്ചാത്തലവിജ്ഞാനത്തിന്റെ സ്വഭാവഗുണം അനുസരിച്ച് ഫിൽറ്ററിന്റെ രീതിയും മാറുന്നത് സ്വാഭാവികം. വാക്സിൻ വിരുദ്ധരേയും, പ്രകൃതിജീവനതീവ്രവാദികളേയും ഒക്കെ സത്യം ബോദ്ധ്യപ്പെടുത്താൻ സാധിക്കാതെ വരുന്നത്, അവരുടെയൊക്കെ ഈ പശ്ചാത്തലവിജ്ഞാനം ശുദ്ധശാസ്ത്രത്തിനുപരിയായി കോൺസ്പരസി തിയറികളിലും ‘ലോങ്ങ് ലോസ്റ്റ് പാരഡൈസിലും’ ഒക്കെ ഉറച്ചുപോയതുകൊണ്ടാണ്.

 എന്നാൽ,  കൃത്യമായ അടിസ്ഥാനമിട്ട് ചിട്ടയായി നേടിയ അറിവ് നൽകുന്ന തിരിച്ചറിവ് പകരം വെയ്ക്കാനാവത്തതാണ്. മിക്കവരും മനസ്സിലാക്കാതെ പോകുന്നതും അതു തന്നെയാണ്.

“ഗൂഗിൾ നോക്കിവരുന്ന ഒരു വിഡ്ഢി” എന്ന ഒരു പ്രയോഗം ഒരു ഡോക്ടറിൽ നിന്നും കണ്ടതിൽ നിന്നാണ് ഇത്രയും ഒക്കെ ചിന്തിച്ചത്. ഇന്ന് ഡോക്ടർമാരെ അലട്ടുന്ന പ്രധാനപ്രശ്നങ്ങളിൽ ഒന്ന് ഗൂഗിൾ നോക്കി വരുന്ന രോഗികളാണ് എന്നു കരുതണം. ഡോക്ടർമാരുടെ സ്വകാര്യ ഫേസ്ബുക്ക് പേജുകളിലും വാറ്റ്സാപ്പ് ഗ്രൂപ്പുകളിലും ഇത്തരക്കാരെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റുകളും ചിത്രങ്ങളും ധാരാളം. ഇത്തരം രോഗികളെ അല്ലെങ്കിൽ രോഗികളുടെ ബന്ധുക്കളെ ഒരു ഭീഷണിയായിക്കാണുന്നത്, അറിവിലുള്ള തങ്ങളുടെ കുത്തക തകർന്നേക്കും എന്ന ഒരു അരക്ഷിതാബോധത്തിൽ നിന്നാവണം. (പഴയ മെഡിക്കൽ അദ്ധ്യാപകരുടെ മാനസികാവസ്ഥയും അവർ പഠിപ്പിച്ചകൂട്ടത്തിൽ പകർന്നിരിക്കും.) എന്നാൽ ഞാൻ മുൻപ് പറഞ്ഞ പശ്ചാത്തലവിജ്ഞാനത്തിന്റേയും നോളഡ്ജ് ഫിൽറ്ററിന്റേയും മേൽക്കൈ എന്റെ സുഹൃത്തുക്കൾ തിരിച്ചറിയുന്നില്ല എന്നത് സങ്കടകരം.

അവരവരുടെ അവസ്ഥയെപ്പറ്റി അറിയാൻ ആർക്കും ആകാംഷ ഉണ്ടാവുക സ്വാഭാവികം. ‘മയസ്തീനിയഗ്രാവിസ്’ നെപ്പറ്റി മനസ്സിലാക്കാൻ ശ്രീ എൻ. എൻ പിള്ള, പണ്ട് സ്വന്തമായി ‘സെസിൽസ്  ടെസ്റ്റ് ബുക്ക് ഓഫ് മെഡിസിൻ’ വിലകൊടുത്ത് വാങ്ങിയത്രെ! ആ പുസ്തകം അന്നൊക്കെ ഫിസിഷ്യന്മാർ കൂടി വാങ്ങുക അപൂർവ്വമായിരുന്നു. എന്റെ ഒരു പ്രീ-ഡിഗ്രി ക്ലാസ്സ്മേറ്റ്, നാളുകൾക്ക് ശേഷം സൗഹൃദം പുതുക്കിയപ്പോൾ,  അഭിമാനപൂർവ്വം തന്റെ ബുക്ക് ഷെൽഫിൽ നിന്നും ‘ഷോസ് ടെസ്റ്റ് ബുക്ക് ഓഫ് ഗൈനക്കോളജി’ എടുത്തു കാണിച്ചു. ഭാര്യയ്ക്ക് P.C.O.D  ആണെന്നറിഞ്ഞപ്പോൾ സംഭവം എന്താണെന്ന് പഠിക്കാൻ വാങ്ങിയതാണത്രെ! ഇന്നിപ്പോൾ വിവരങ്ങൾ വിരൽതുമ്പിൽ സൗജന്യമായി കിട്ടാൻ തുടങ്ങിയപ്പോൾ ആളുകൾ കൂടുതൽ ആയി അറിയാൻ ശ്രമിക്കുന്നു. അത്ര മാത്രം.

സ്വയം റഫർ ചെയ്ത്, സ്വയം ചികിത്സിക്കുന്നവരെപ്പറ്റി ഡോക്റ്റർമാർ വ്യാകുലപ്പെടേണ്ടതില്ലല്ലോ? (മുള്ളുകൊണ്ട് എടുക്കേണ്ടത് തൂമ്പായ്ക്ക് എടുക്കാൻ പാകത്തിൽ തിരിച്ച് കൈയ്യിൽ വരും എന്നു സന്തോഷിക്കുക.) എന്നാൽ ഡോക്റ്ററെക്കാണാൻ വരുന്നവർ ഇതൊരു DIY പരിപാടിയല്ല എന്നു ബോദ്ധ്യം ഉള്ളവർ ആണ്.  അവരുടെ അറിവ് പൂർണ്ണമല്ല എന്നവർക്ക് അറിയാം, നെറ്റിനേക്കാൾ വിശ്വാസ്യയോഗ്യം അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്ന ഡോക്ടർ ആണെന്നും അവർക്കറിയാം. അതുകൊണ്ടാണ് സമയവും പണവും മുടക്കി അവർ വരുന്നത്. എന്നാൽ, തങ്ങൾ മനസ്സിലാക്കി വെച്ചിരിയ്ക്കുന്നത് ഡോക്ടർ പറയുന്നതുമായി ഒട്ടും ഒത്തു പോകുന്നില്ല എന്നു തോന്നുമ്പോഴാണ് അവർ സംശയം പറയുന്നത്.  ആ സംശയം തീർക്കാൻ ഡോക്ടർമാർക്ക് ബാദ്ധ്യതയുണ്ട്, അല്ലാതെ അവരെ വിഡ്ഢികൾ എന്നു ലേബൽ ചെയ്യുന്നത് അഹങ്കാരമോ അല്പത്തരമോ ഒക്കെയാണ്.

അറിവുകൾ കാലികമാക്കി വെയ്ക്കുന്നത് ഓരോ ഡോക്ടറുടേയും ഉത്തരവാദിത്തം ആണ്. അത് ചെയ്യുന്നുണ്ടെങ്കിൽ തന്നെ ഈ പ്രശ്നം മിക്കവാറും പരിഹരിക്കപ്പെട്ടു. ഇനി രോഗി ചോദിക്കുന്ന പ്രശ്നം നേരിട്ട്  അറിവില്ലാത്തതാണെങ്കിൽ പോലും അറിയുന്ന അടിസ്ഥാനവിജ്ഞാനത്തിന്റെ ബോദ്ധ്യത്തിൽ അത് വിശദീകരിക്കാമല്ലോ? അതും പറ്റുന്നില്ലെങ്കിൽ, ‘ഇത് എനിക്കും പുതിയ അറിവാണ്, ഞാനൊന്നു നോക്കട്ടെ’ എന്നു പറഞ്ഞാൽ ആരാണ് അപഹസിക്കുക? ഇനി രോഗി ഗൂഗിൾ ചെയ്തു കൊണ്ടുവരുന്ന കാര്യം ഒരു പുതിയ അറിവ് തന്നെയാണെങ്കിലോ?

Then, “You should be thankful!”

2 comments:

Unknown said...

കുറച്ചു മാസങ്ങൾക്കു മുമ്പ്, ഒരു സുഹൃത്തിനെ കൊണ്ട് നാട്ടിലെ ഒരു മനോരോഗാശുപത്രിയിൽ പോയി. സ്വല്പം വായിക്കുന്ന ആളായതിനാൽ, ഇവൻ എന്തൊക്കെ സംശയം ചോദിച്ചു. ഭിഷഗ്വരൻ ഇങ്ങനെ മൊഴിഞ്ഞു, “നീ എന്നേക്കാൾ വലിയ ആളാവണ്ട. പറയുന്നതു കേട്ടാൽ മതി. പറ്റുമെങ്കിൽ മാത്രം എന്റെ മരുന്നു കഴിച്ചാൽ മതി.” ശരി, എന്നു പറഞ്ഞ്, പതുക്കെ അവിടെ നിന്ന് ഇറങ്ങി.

അടുത്ത ആഴ്ച, ഇതേ സുഹൃത്തിനെ കൊണ്ട് NIMHANSൽ പോയി. രോഗനിഗമനം നടത്തി, രോഗത്തെ കുറിച്ച് വിശദീകരിച്ചു തന്ന ശേഷം ഡോക്ടർ പറഞ്ഞു, “try to google about this disorder and find out more about it. Be careful about patient testimonials and things like that, but there are plenty of good sources of reliable information out there.”

anushka said...

ആ കമന്റിട്ട ഡോക്ടർ എന്റെ ഒരു കമന്റിന് ഒരിക്കൽ മറുപടി പറഞ്ഞിരുന്നു - " എനിക്ക് നിങ്ങളോട് ആയിരം പുച്ഛമാണെന്ന് " - അവയവമാറ്റശസ്ത്രക്രിയയായിരുന്നു വിഷയം