Saturday, February 26, 2011

മള്ളിയൂര്‍ മാഹാത്മ്യം.




ചരിത്രകാരനും അദ്ധ്യാപകനും നാളുകളോളം അമേരിക്കന്‍ കോണ്ഗ്രസ് ലൈബ്രേറിയനുമായിരുന്ന ഡാനിയേല്‍ ബൂഴ്സ്റ്റൈന്‍ ( Daniel Joseph Boorstin), മഹാന്മാരും (heros) പ്രശസ്തരും (celebrity) തമ്മിലുള്ള വ്യത്യാസം വിവരിക്കുന്നുണ്ട്. 19ആം നൂറ്റാണ്ടില്‍ ആരംഭിച്ച മാദ്ധ്യമവിപ്ലവത്തോടെ പ്രശസ്തി നിര്‍മ്മിച്ചെടുക്കാവുന്ന ഒരു കാര്യമായിത്തീര്‍ന്നു എന്നദ്ദേഹം നിരീക്ഷിക്കുന്നു. (നമ്മുടെ ചരിത്രം പരിശോധിച്ചാലും വ്യക്തമാകുന്ന ഒരു കാര്യമാണത്. ഒരു നൂറ്റാണ്ടു മുന്പുവരെ പ്രശസ്തി കൊണ്ട് മാത്രം പ്രശസ്തരായവര്‍ ആരും തന്നെ നമ്മുടെ മുന്നിലില്ല. എന്നാലിന്ന് മഹാന്മാരേക്കളേറെ പ്രശസ്തരാണ് കൂടുതല്‍.) പ്രശസ്തിക്കു വേണ്ടി കൃത്യമായ ഒരു പ്രതിശ്ചായ സൃഷ്ടിക്കാനും നിലനിര്‍ത്താനും വിളംബരം ചെയ്യുവാനും തല്പരവ്യക്തികള്‍ക്ക് സാദ്ധ്യമായി. പ്രശസ്തര്‍, ഇങ്ങനെ കൃത്രിമമായി ഉല്പ്പാദിപ്പിക്കപ്പെട്ട രൂപകങ്ങളാണ്. എന്നാല്‍ യഥാര്‍ത്ഥ മഹാത്മാക്കളെ ഇവ്വിധം സൃഷ്ടിക്കാനാവില്ല. പ്രശസ്തര്‍ അറിയപ്പെടുന്നത് അവര്‍ ധാരാളമായി അറിയപ്പെടുന്നു എന്നതുകൊണ്ട് മാത്രമാണ്. പ്രശസ്തരാണ് എന്നതാണ് അവരുടെ പ്രശസ്തി. (Known for their well knownness, famous for their fame.)

പ്രശസ്തരുടെ അതി ഭാവുകത്വമാര്‍ന്ന ലേബലിനുള്ളില്‍ അതി സാധാരണമായ ഉള്ളടക്കങ്ങള്‍ മാത്രം ആണ് ഉണ്ടാവുക. പക്ഷെ അവര്‍ അത്തരത്തിലുള്ള തിരിച്ചറിവുകളില്‍ നിന്ന് അതിസമര്‍ത്ഥമായി രക്ഷപെട്ടുനില്ക്കുകയും ചെയ്യും. മഹാന്മാര്‍ അവരുടെ നേട്ടങ്ങള്‍ കൊണ്ടാണ് അറിയപ്പെടുന്നതെന്‍കില്‍ പ്രശസ്തര്‍ അവരുടെ പ്രതിശ്ചായ കൊണ്ടാണ് അത് സാധിക്കുന്നത്.

ശ്രീ മള്ളിയൂര്‍ ശന്കരന്‍ നമ്പൂതിരി
നാളുകളായി, കോട്ടയം എഡിഷന്‍ ഉള്ള ഒരു പത്രവും ഒരു ദിവസവും അദ്ദേഹത്തെക്കുറിച്ച് ഉള്ള വാര്‍ത്തകളില്ലാതെ ഇറങ്ങുന്നില്ല. പഞ്ചായത്ത് വാര്‍ഡ് സ്ഥാനാര്‍ത്ഥി മുതല്‍ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി വരെ ഇലക്ഷന്‍ പ്രചരണം തുടങ്ങുന്നത് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിക്കൊണ്ടാണ്. സിനിമാലോകത്തെ പ്രമുഖര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചും ഒപ്പം ഇരുന്ന് ഫോട്ടോ എടുത്ത് പത്രത്തിനു നല്കിയും സായൂജ്യം കൊള്ളുന്നു. ദക്ഷിണേന്ഡ്യയിലെ മിക്കവാറും സംഗീതജ്ഞര്‍ മള്ളിയൂര്‍ നടയില്‍ ഒരു പരിപാടിക്കായി മത്സരിക്കുന്നു. ഞാനല്ലാതെ മറ്റൊരു ദൈവമില്ല എന്നു വിശ്വസിക്കാന്‍ ബാദ്ധ്യതയുള്ള പരിശുദ്ധപിതാക്കന്മാര്‍ നമ്പൂതിരിപ്പാടിന്റെ ഭക്തിയേയും ആത്മീയതയേയും വാനോളം പുകഴ്തുന്നു. കഴിഞ്ഞ രണ്ട് ആഴ്ചക്കുള്ളില്‍ മള്ളിയൂര്‍ സന്ദര്‍ശിച്ചത് ഒരു കേന്ദ്രമന്ത്രിയും, ഒരു മുന്‍ രാഷ്ട്രപതിയും ഒരു മുന്‍ കേന്ദ്രമന്ത്രിയുമാണ്.

സത്യത്തില്‍ ഇത്രയധികം ആദരവും പ്രശസ്തിയും അദ്ദേഹത്തിനു ലഭിക്കുന്നതിന്റെ കാരണമെന്താണ്? അദ്ദേഹത്തിന്റെ മാഹാത്മ്യം എന്താണ്? തന്റെ കറതീര്‍ന്ന ഭക്തിയിലൂടെ ദൈവത്തെ തൊട്ടറിഞ്ഞ ആളാണ് അദ്ദേഹം. അത്യപൂരവ്വമായ വൈഷ്ണവ ഗണപതി സന്കല്പത്തില്‍ പണ്ഡിതനാണ്. 70 വര്ഷത്തിനുള്ളില്‍ 2500 ലധികം ഭാഗവതസപ്താഹങ്ങള്‍ നടത്തിയ ആളാണ്.

ദൈവത്തെ അനുഭവിച്ചറിയുക തുടങ്ങിയ അലന്കാരങ്ങള്‍ വിടുക. (അങ്ങിനെ പറയുന്നതിന്റെ അര്ത്ഥം എന്താണ്?) ഭക്തി അത്രമേല്‍ വലിയ ഒരു മാനുഷിക മൂല്യമാണോ? ഒരാളുടെ ഭക്തികൊണ്ട് മാനവികതയ്ക്കോ സഹജീവികള്‍ക്കോ എന്താണ് പ്രയോജനം? ഭക്തിയുടെ അളവുകോല്‍ എന്താണ്? ഭക്തിയുടെ പാരമ്യം ദൈവം ഭക്തന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നതില്‍ ആണെന്നു ഐതിഹ്യങ്ങള്‍ പറയുന്നു. അങ്ങിനെ വല്ലതും സംഭവിച്ചുവോ ആവോ? അറിയില്ല. കറതീര്‍ന്ന ഭക്തിയാണ് മഹത്വത്തിന്റെ മാനദണ്ഡമെന്‍കില്‍ ഇത്തരം വി..പി ക്യൂവുകള്‍ കേരളത്തിലെ എല്ലാ കന്യാസ്ത്രീ മഠങ്ങളുടെ മുന്പിലും ഉണ്ടാവേണ്ടതാണ്. (ഞാനൊരു കറുത്ത തമാശ പറഞ്ഞതല്ല, സത്യം.)

ഒരാളുടെ പ്രവര്‍ത്തനകാലത്ത് ഉപജീവനമാര്ഗ്ഗമായി ചെയ്യുന്ന തൊഴിലിന്റെ എണ്ണക്കണക്കെടുക്കുന്നതില്‍ അര്‍ത്ഥമുണ്ടൊ? ഉണ്ട്, അത് സമൂഹത്തിനും ഭൂമിക്കും ഗുണകരമായിട്ടുള്ളതായിരുന്നുവെന്‍കില്‍. 2500 ഭാഗവതസപ്താഹങ്ങള്‍ക്ക് അങ്ങിനെ എന്താണ് അവകാശപ്പെടാനുള്ളത്? (അതിന്റെ സാമ്പത്തിക ഗുണഭോക്താക്കള്‍ക്ക് ഉണ്ടായിട്ടുള്ള മെച്ചങ്ങളല്ലാതെ?) ഒരു ജീവിതകാലത്ത് ഒരു തെങ്ങുകയറ്റ തൊഴിലാളി എത്ര തെങ്ങു കയറി എന്നതോ അല്ലെന്കില്‍ ഒരു ഡോക്ടര്‍ എത്ര ശസ്ത്രക്രിയ ചെയ്തെന്നോ ചിന്തിക്കുന്നതാവില്ലേ കുറച്ചു കൂടി അര്ത്ഥപൂര്‍ണ്ണം?

ചുരുക്കത്തില്‍ ഡാനിയേല്‍ ബൂഴ്സ്റ്റിന്‍ നിരീക്ഷിക്കുന്നതു പോലെ, 'സൂപ്പര്‍ കൊളോഷല്‍ ലേബലി'നുള്ളിലെ ഉള്ളടക്കം വെറും അതിസാധാരണം മാത്രമാണ്.

കേവലം ഒരു 15 വര്‍ഷങ്ങള്‍ക്ക് മുന്പ് സമീപവാസികള്‍ക്ക് പോലും അറിവില്ലാതിരുന്ന ഒരു കുടുംബ ക്ഷേത്രമായിരുന്നു മള്ളിയൂര്‍ ഗണപതി ക്ഷേത്രം. പെട്ടെന്ന് ഒരു ദിവസം ശ്രീ യേശുദാസ് ക്ഷേത്രം സന്ദര്‍ശിക്കുന്നു. ക്ഷേത്രത്തേയും അതിന്റെ ഉടമസ്ഥാവകാശിയായ ശ്രീ മള്ളിയൂര്‍ നമ്പൂതിരിയേയും വാനോളം പുകഴ്തിയതായി പത്രങ്ങളില്‍ വാര്‍ത്ത വരുന്നു. വാര്‍ത്ത കണ്ട് ഗ്രാമവാസികള്‍ പോലും അമ്പരക്കുന്നു, ഇതേതമ്പലം? ഏതായാലും വരും നാളുകളില്‍ ഒരു ചെയിന്‍ റിയാക്ഷന്‍ പോലെ കൂടുതല്‍ കൂടുതല്‍ പ്രമുഖര്‍ മള്ളിയൂര്‍ തേടിയെത്തിത്തുടങ്ങി. ഇവരൊക്കെ വരുമ്പോള്‍ എന്തെന്കിലും കാര്യമുണ്ടാകുമല്ലോ എന്നു കരുതി പൊതു ജനവും. പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കാന്‍ നമ്പൂതിരിയും ക്ഷേത്ര ട്രസ്റ്റും അതീവ സാമര്‍ത്ഥ്യം കാണിച്ചു. ക്ഷേത്രവും നമ്പൂതിരിയും അങ്ങിനെ പ്രസിദ്ധി കൊണ്ടു മാത്രം പ്രസിദ്ധമായി.

താമസിക്കാതെ ആദ്യത്തെ ഭാഗവതസത്രം നടന്നു. കോടമ്പാക്കത്ത് സിനിമാസെറ്റിടുന്നവര്‍ വന്ന് സത്രശാലയും മൂന്നുനാലു നില കെട്ടിടത്തിന്റെ ഉയരത്തില്‍ മധുരമീനാക്ഷി ശൈലിയില്‍ അലന്കാരഗോപുരവും നിര്‍മ്മിച്ചു. ഗ്രാമത്തില്‍ ഇത്തരത്തില്‍ ഒരു മാമാന്കം നടക്കുന്നതില്‍ ഉത്സാഹം കയറിയ നാട്ടുകാര്‍ ജാതിമത ഭേദമന്യേ സഹകരിച്ചു. (അഷ്ടിക്കു വകയില്ലാത്ത ചില ഹിന്ദു സന്യാസിമാര്‍ക്ക് ഇതത്ര സുഖിച്ചില്ല, അവര്‍ അവരുടെ 'കര്‍മ്മഫലം ' മാസികയില്‍ 'കുറുപ്പന്തറയിലെ കൃസ്ത്യാനി ഭാഗവതസത്രം' എന്നു ഹസിച്ചു സമാധാനിച്ചു.) ഏതായാലും മള്ളിയൂരിന്റെ പ്രശസ്തി ജില്ലയും സംസ്ഥാനവും കടന്നു. ശബരിമലയ്ക്കുള്ള വഴിയിലായതും തന്ത്രപ്രധാനമായി. മണ്ഡലകാലത്ത് തമിഴ്നാട് ഭക്തന്മാര്‍ നിറഞ്ഞൊഴുകി. അടുത്ത വര്‍ഷവും അവരെ എത്തിക്കുന്ന കാര്യം മറക്കാതിരിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് വസ്ത്രവും പണവും ക്ഷേത്രം വക. അങ്ങിനെ ഒരു മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ എല്ലാ കൗശലത്തോടും കൂടി കൃത്രിമമായി വളര്‍ത്തിയെടുത്ത ഒരു പ്രസ്ഥാനമാണ് മള്ളിയൂര്‍.

ജീവിത സായാഹ്നത്തിലെത്തിയ ശേഷം ഒരാള്‍ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ കുളിച്ചു നില്ക്കാന്‍ ഇത്രമേല്‍ ശ്രമപ്പെടുന്നത് എന്തിനാണ്? അതോ അദ്ദേഹം മറ്റാരുടേയെന്കിലും തിരക്കഥയ്ക്കും സംവിധാനത്തിനും വഴങ്ങിക്കൊടുക്കുകയാണോ? രണ്ടാമത്തേതാകാം സത്യമെന്ന് എനിക്ക് തോന്നുന്നു. ഏതാണ്ട് എഴുപത്തഞ്ച് വയസ്സു വരെ ഭാഗവതസപ്താഹങ്ങളുമായി ഒതുങ്ങിക്കഴിഞ്ഞ ആളാണ് അദ്ദേഹം.
എന്നാല്‍ അദ്ദേഹത്തിന്റെ ചില ഉന്നതവ്യക്തി ബന്ധങ്ങളും, അസാധാരണ മൂര്‍ത്തീസന്‍കല്പ്പവുമുള്ള കുടുംബക്ഷേത്രവും അസാമാന്യ സാദ്ധ്യതകളാണ് നല്കുന്നത് എന്ന് ചിലര്‍ക്കെന്കിലും തോന്നിക്കാണണം. (ഒരു പക്ഷെ അദ്ദേഹത്തിനു തന്നെയാണെന്നും വരാം.) ഒരു വയോവൃദ്ധന്‍ ബഹുമാനിക്കപ്പെടുന്നത് എല്ലാവര്‍ക്കും സന്തോഷമുള്ള കാര്യം തന്നെ. പക്ഷെ അദ്ദേഹമോ, അദ്ദേഹത്തിന്റെ പിന്നിലുള്ളവരോ ലക്ഷ്യമിടുന്ന ആ സാദ്ധ്യതകളെ നമ്മള്‍ സൂക്ഷിക്കേണ്ടതുണ്ട്.

വിദ്യാഭ്യാസ പുരോഗതിയുടേയും നിരന്തരമായ സാമൂഹ്യപരിഷ്കരണത്തിന്റെയും ഫലമായി ഹിന്ദുസമൂഹത്തില്‍ നിന്നും ഏതാണ്ട് പൂര്‍ണ്ണമായും നിഷ്കാസനം ചെയ്യപ്പെട്ട പൗരോഹിത്യമേല്‍ക്കോയ്മയെ പുനരുദ്ദ്വീപിക്കുക എന്ന ലക്ഷ്യമാണോ അത്? എനിക്ക് തോന്നുന്നത്, മറ്റു മതങ്ങളെ അപേക്ഷിച്ച് ഹിന്ദു മതത്തിനുള്ള ഏക ഗുണം, ആ വിഭാഗത്തിന്റെ ചിന്തയേയും പ്രവര്‍ത്തനത്തേയും സ്വാധീനിക്കാന്‍ കെല്പ്പുള്ള ഒരു പുരോഹിത സമൂഹം ഇല്ല എന്നുള്ളതാണ്. ആ ഏക നന്മയെ ഇല്ലാതാക്കാനാണ് ഹിന്ദുത്വവാദികള്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന സംഘങ്ങള്‍ ശ്രമിക്കുന്നത് എന്നതാണ് അതിലെ ഏറ്റവും വലിയ പാരഡോക്സ്. പൗരോഹിത്യസ്വാധീനത്തിന്റെ അപകടങ്ങള്‍ ഞാന്‍ വിശദീകരിക്കേണ്ടതില്ല. ന്യൂനപക്ഷാവകാശങ്ങള്‍ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള സംവിധാനമല്ല എന്നും ഞങ്ങളൂടെ തോന്ന്യാസങ്ങള്‍ സാധിച്ചെടുക്കുന്നതിന് ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശങ്ങളാണ് അവ എന്നും അത് കൈവിട്ടുപോകാതിരിക്കാന്‍ കുഞ്ഞാടുകള്‍ ഏതറ്റം വരേയും പോകണമെന്നും ഒരിടയന്‍ ഉത്തരവിട്ടിട്ട് ഒരാഴ്ചയായിട്ടില്ല. ( ഏതായാലും ഇടയന്മാര്‍ക്ക് ചില സമയത്തുള്ള ഭരണഘടനാപ്രേമം കണ്ടാല്‍ ഏതു ദേശസ്നേഹിക്കും രോമാഞ്ചമുണ്ടാവാതിരിക്കില്ല.) അതു പോകട്ടെ, നമുക്ക് വിഷയത്തിലേക്ക് തിരിച്ചു വരാം.

പക്ഷെ ഇത്ര വിശാലമായ ഒരു അജെന്ഡ മള്ളിയൂരിന്റെ കാര്യത്തില്‍ ഉണ്ടാവാന്‍ സാദ്ധ്യത കുറവാണ്. ഇതിലെ സാമ്പത്തിക സാദ്ധ്യതകളാവണം തല്പരകക്ഷികളുടെ ലക്ഷ്യം. ആ ലക്ഷ്യം കാണുന്നതില്‍ അവര്‍ ഭംഗിയായി വിജയിച്ചു എന്നതും നിസ്തര്‍ക്കമാണ്. എന്നാല്‍ കാര്യങ്ങള്‍ ഇവിടേയും തീരുന്നില്ല. ഈയിടെ മള്ളിയൂര്‍ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി ശ്രീ വേണുഗോപാല്‍, മള്ളിയൂരിനെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമാക്കുന്ന കാര്യം ഗൗരവപൂര്‍വ്വം പരിഗണിക്കും എന്നാണ് പ്രസ്താവിച്ചത്. ദേശീയ തീര്‍ത്ഥാടന കേന്ദ്രം എന്ന ആശയം മന്ത്രിയുടേതാവാന്‍ വഴിയില്ല, അങ്ങനെയൊരു ആഗ്രഹം തിരുമേനി ഉണര്‍ത്തിച്ചതാവണം. 'ആശ പാശം പോലെ'യാണെന്നാണല്ലോ പഴമൊഴി. അതങ്ങനെ നീണ്ടു നീണ്ടു കിടക്കും. അതായത് ഇനിയും കാണാന്‍ ധാരാളം ബാക്കിയുണ്ടെന്നു ചുരുക്കം.