Wednesday, April 22, 2009

വയാനാട്‌ കാഴ്ചകള്‍. 2 കുറുവ ദ്വീപ്‌.

വയനാട്‌ യാത്രക്ക്‌ പുറപ്പെടുന്നതു വരെ കുറുവ ദ്വീപിനെപ്പറ്റി വലിയ ധാരണയുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ വലിയ പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഡി.റ്റി.പി.സിയുടെ ബ്രോഷറില്‍ നിന്നും അല്‍പ്പം വിവരം കിട്ടി, ഭവാനി നദിയിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു ദ്വീപാണ്‌, ഏകദേശം 900 ഏക്കര്‍ വരും എന്നിങ്ങനെ. ഏതായാലും ഒന്നു പോകുക തന്നെ എന്നു വെച്ചു.


ഞങ്ങള്‍ തങ്ങിയ മീനങ്ങാടി എന്ന സ്ഥലത്തുനിന്നും മാപ്പ്‌ നോക്കിയാണ്‌ യാത്ര ആരംഭിച്ചത്‌. ഏകദേശം സമീപ പ്രദേശത്ത്‌ എത്തിയപ്പോള്‍ വഴി അന്വേഷിച്ചു. ഈ വഴിക്കും പോകാം, ആ വഴിക്കും പോകാം എന്ന രീതിയിലുള്ള വ്യക്തമല്ലാത്ത മറുപടികളാണ്‌ കിട്ടിയത്‌. ഏതായാലും അധികം ചുറ്റാതെ സ്ഥലം പറ്റി. വണ്ടി ചെന്നെത്തുന്ന സ്ഥലത്ത്‌ ടൂറിസം പ്രൊമോഷന്റെ വക ഓഫീസും, കുറച്ചു കടകളും മറ്റും ഉണ്ട്‌. ഹോട്ടലുകളില്‍ ഉച്ചക്കത്തേക്കുള്ള ഭക്ഷണം പറഞ്ഞ്‌ ഏര്‍പ്പാടാക്കിയിട്ട്‌ പോകാം, തിരിച്ചെത്തുമ്പോഴേക്ക്‌ തയ്യാറായിരിക്കും.
ഇവിടെ നിന്ന് പുഴ്യുടെ ഒരു കൈവഴി കടന്നു വേണം ദ്വീപിലെത്താന്‍. പുഴ ഇവിടെ അധികം ആഴമില്ലാതെ പരന്നൊഴുകുകയാണ്‌. നിറയെ പാറകളും, ഇടയ്ക്കൊക്കെ ചെടികള്‍ വളര്‍ന്നു നില്‍ക്കുന്ന തുരുത്തുകളും. ഒരു രൂപ കൊടുത്താല്‍ വള്ളത്തില്‍ കടത്തി തരും. അതു വേണ്ട എന്നു വെച്ചു, അതിലെന്താണൊരു ത്രില്‍? വെള്ളമുള്ള ഭാഗം വഴി കടക്കുമ്പോള്‍ സൂക്ഷിക്കണം, നല്ല വഴുക്കലാണ്‌. അത്യാവശ്യം മനുഷ്യച്ചങ്ങല പിടിച്ചും മറ്റും മറുകര പറ്റി.

ദ്വീപില്‍ പ്രവേശിക്കുന്ന ഭാഗത്താണ്‌ ടിക്കറ്റ്‌ കൗണ്ടര്‍. കച്ചി മേഞ്ഞ്‌ ചെറിയ കുടില്‍ പോലെ. വലിയവര്‍ക്ക്‌ 10 രൂപ, കുട്ടികള്‍ക്ക്‌ 5, ക്യാമറ 25, വീഡിയോ 100 എന്നിങ്ങനെ നിരക്ക്‌. (വീഡിയോ കയ്യിലുണ്ടെങ്കില്‍ പിശുക്കണ്ട!) അവിടെ നിന്ന് ഏകദേശം അര മണിക്കൂറോളം നടക്കാം. നിരപ്പാണ്‌ നടവഴി. പലതരത്തിലുള്ള വൃക്ഷങ്ങളാണ്‌ ഇവിടത്തെ ആകര്‍ഷണം. ഇതിനു മുന്‍പ്‌ കണ്ടിട്ടില്ലാത്ത തരം പല തരം വന്മരങ്ങള്‍. ഇവിടെ അടിക്കാട്‌ പൊതുവേ കുറവാണ്‌. ഇതിനിടെ മുളംകാടുകളുമുണ്ട്‌. കുറച്ചു കഴിഞ്ഞാല്‍ യാത്ര പുഴയോരം വഴിയാകും. കണ്ടല്‍ കാടുകളും ഉണ്ട്‌.

കുറച്ചു കൂടി നടന്നാല്‍ ആദ്യത്തെ അരുവിയായി. ഒരു ഇരുപത്‌ മുപ്പതടി വീതിയില്‍ പരന്നൊഴുകുകയാണ്‌. മുട്ടിനു മീതെ വെള്ളമില്ല, എന്നാലും സൂക്ഷിക്കണം. കാരണം ഇവിടേയും നല്ല വഴുക്കലാണ്‌. സാമാന്യം സാമര്‍ത്ഥ്യം ഇല്ലങ്കില്‍ വീണതു തന്നെ. വെള്ളത്തിനു താഴെയുള്ള പാറയില്‍ ചവിട്ടാതിരിക്കുന്നതാണ്‌ ബുദ്ധി. അരുവിക്കിരുവശവും അധികം വലിപ്പമില്ലാത്ത മരങ്ങളാണ്‌.

ഈ സ്ഥലത്തിന്റെ മനോഹാരിത കണ്ടു തന്നെ മനസ്സിലാക്കണം. തിരക്കില്ലെങ്കില്‍ കുറച്ചു സമയം വെള്ളത്തില്‍ കിടക്കാം. ( ഒരിക്കലും തിരക്കിട്ട്‌ വയനാട്‌ കാണാന്‍ പോകല്ലേ!) യാത്ര തുടര്‍ന്നാലും കുഴപ്പമില്ല, കാരണം ഇത്തരം രണ്ട്‌ അരുവികല്‍ കൂടി മുന്നിലുണ്ട്‌.

കുറുവ ദ്വീപ്‌ കാണുമ്പോള്‍ അവിടുത്തെ അതി മനോഹാരിതയ്ക്കൊപ്പം, മനുഷ്യന്റെ എല്ലാ കയ്യേറ്റങ്ങളും അതിക്രമങ്ങളും ഈ സ്ഥലമെങ്ങനെ അതി ജീവിച്ചു എന്ന ചിന്തയും നമ്മളെ അത്ഭുതപ്പെടുത്തും. ആരുടെയൊക്കെയോ പുണ്യമാവാം. ഏതായാലും അവിടുത്തെ ഉത്തരവാദിത്വപ്പെട്ടവര്‍ ആ സ്ഥലത്തോട്‌ നീതി പുലര്‍ത്തുന്നുണ്ട്‌, ഒരു കുപ്പിയോ ഒരു പ്ലാസ്റ്റിക്‌ വേസ്റ്റോ അവിടെങ്ങും കാണാനില്ല. വളരെ സന്തോഷം തോന്നി. (ഇപ്പോള്‍ ഓര്‍മ്മ വരുന്നത്‌ തൊടുപുഴയ്ക്കടുത്ത തൊമ്മന്‍ കുത്താണ്‌. ഇതിനോട്‌ കിടനില്‍ക്കുന്ന ഒരു സ്ഥലമായിരുന്നു, പക്ഷെ ഇപ്പോള്‍, ഭാവനയില്ലാത്ത അധികാരികളുടേയും ഉത്തരവാദിത്വമില്ലാത്ത സന്ദര്‍ശകരുടേയും അക്ഷീണശ്രമഫലമായി അവിടം ഒരു കുപ്പത്തൊട്ടിയായിട്ടുണ്ട്‌. ഹരീഷ്‌ കേള്‍ക്കുന്നുണ്ടോ?)

ജീവിതത്തില്‍ ഒരിക്കലെങ്കിലും തീര്‍ച്ചയായും പോയിരിക്കേണ്ട സ്ഥലമാണ്‌ കുറുവ ദ്വീപ്‌. വരും തലമുറകള്‍ക്കു വേണ്ടിയും ഇതേ ഭംഗിയില്‍ അവിടം നിലനില്‍ക്കട്ടെ.

"Take nothing, but memories. Leave nothing, but foot prints"

11 comments:

ഞാനും എന്‍റെ ലോകവും said...

കൊള്ളാം ,പക്ഷെ തൊള്ളായിരം ഏക്കര്‍ വരുന്ന ദ്വീപ് എവിടെ പുഴ മാത്രമേ ഒള്ളോ .

കുമാരന്‍ said...

നല്ല പടങ്ങള്‍!

Areekkodan | അരീക്കോടന്‍ said...

999 ഏക്കര്‍ വരുന്ന ദ്വീപ്‌ ആണ്‌.അതിണ്റ്റെ ഒരു ഭാഗത്ത്‌ കൂടി പ്രവേശിച്ച്‌ അല്‍പം ചില ഫൊട്ടോകള്‍ എടുക്കുമ്പോഴേക്കും സമയം അതിക്രമിക്കും.ഏഴ്‌ വരിയായി പുഴകള്‍ ഒഴുകുന്നുണ്ട്‌ എന്ന് പറയുന്നു.അതില്‍ മൂന്നോ നാലോ മാത്രമെ സഞ്ചാരികള്‍ ക്രോസ്‌ ചെയ്യാറുള്ളൂ.ഞാന്‍ കുറുവയില്‍ അഞ്ചോ ആറോ പ്രാവശ്യം പോയിട്ടും ഇനിയും പുഴ താണ്ടാനുണ്ടെന്ന് അറിയുന്നത്‌ തന്നെ അവസാനമായി പോയപ്പോഴാണ്‌.ഇനി കുറുവയില്‍ പോകാന്‍ സാധിക്കും എന്ന് തോന്നുന്നില്ല.അതിനാല്‍ അതൊരു നഷ്ടമായി തോന്നുന്നു.

പി.സി. പ്രദീപ്‌ said...

കുറുവ ദ്വീപിനെ പരിചയപ്പെടുത്തിയതില്‍ നന്ദി.

അനില്‍@ബ്ലോഗ് said...

ഒരുപാട് തവണ വയനാട് പോയിട്ടുണ്ടെങ്കിലും ഇവിടെ പോകാനായില്ല. അടുത്ത തവണ പോകണം.

നിരക്ഷരന്‍ said...

ഒരിക്കല്‍ പോയിട്ടുണ്ട്. ഒരു പോസ്റ്റും ഇട്ടിട്ടുണ്ടായിരുന്നു. ഒന്നുകൂടെ പോകണമെന്ന് ഈ പോസ്റ്റ് കണ്ടപ്പോള്‍ തോന്നുന്നു. നന്ദി:)

ഓഫ് ടോപ്പിക്ക് :- താങ്കളുടെ ടെമ്പ്ലേറ്റ് ഏതാണ്. നല്ലതാണ്. എനിക്കതിലേക്ക് മാറാന്‍ വേണ്ടിയാണ് ചോദിക്കുന്നത്.

ബാബുരാജ് said...

പ്രിയ 'ഞാന്‍', കുമാരന്‍, അരീക്കോടന്‍ മാഷ്‌, പ്രദീപ്‌, അനില്‍, നിരക്ഷരന്‍ നന്ദി!

അരീക്കോടന്‍ മാഷ്‌ നല്‍കിയ വിവരങ്ങള്‍ എനിക്കും പുതുതാണ്‌. നന്ദി. ഇനി എപ്പോഴെങ്കിലും പോകാനായാല്‍ മുഴുവന്‍ കാണണമെന്നുണ്ട്‌.

പ്രിയ നിരക്ഷരന്‍ മാഷേ, താങ്കള്‍ പഴയ പോസ്റ്റുകളിലേക്ക്‌ ഒന്നു ലിങ്ക്‌ ചെയ്യുമോ? അന്ന് വായിക്കാനാവാതെ പോയവര്‍ക്ക്‌ ഉപകാരമായേനെ. എന്റെ ടേമ്പ്ലേറ്റ്‌ ബ്ലോഗ്‌സ്പോട്ടിലെ സ്റ്റോക്ക്‌ ടെമ്പ്ലേറ്റ്‌ ആണ്‌, - Minima stretch

നിരക്ഷരന്‍ said...

എന്റെ കുറുവ ദ്വീപ് ടെമ്പ്ലേറ്റ് പറഞ്ഞ് തന്നതിന് നന്ദി മാഷേ.

Rakesh said...
This comment has been removed by the author.
സുേമഷ് said...
This comment has been removed by the author.
സുേമഷ് said...

കുറച്ചു കൂടി ചിത്രങല്‍ ആകാമായിരുന്നു