Saturday, January 17, 2009

ചിത്രകലയുടെ ജൈവ ശാസ്ത്രം.

രവിവര്‍മ്മ, കലണ്ടര്‍ ചിത്രകാരനെന്ന സാക്ഷാല്‍ ചിത്രകാരന്റെ കമന്റ്‌ സന്ദര്‍ഭവശാല്‍ എന്റെ സഹപ്രവര്‍ത്തകയായ കന്നടക്കാരിയോട്‌ പറയാനിടയായി. രവി വര്‍മ്മ മലയാളിയുടെ സ്വകാര്യ അഹങ്കാരമാണെന്ന് ധരിച്ചിരുന്ന എന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു അവരുടെ പ്രതികരണം. ചിത്രകാരന്‍ അടുത്തുണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും മംഗളഗൗരിയുടെ അടി വാങ്ങിയേനേ. മൈസൂര്‍ പാലസിലെ രവിവര്‍മ്മ ഗാലറി അനവധി തവണ സന്ദര്‍ശിച്ചിട്ടുണ്ട്‌ അവര്‍. ഒരു ചോദ്യവും, ദെന്‍, വാട്ട്‌ ദറ്റ്‌ ഗെ വുഡ്‌ ബി സെയിംഗ്‌ അബൗട്ട്‌ മൊണാലിസാ. ഷി ഡസിന്റ്‌ ഇവെന്‍ ലുക്‌ ലൈക്‌ എ വുമണ്‍. കുഴഞ്ഞില്ലേ കാര്യങ്ങള്‍?
മൊണാലിസ അത്ര മോശക്കാരിയാണെന്ന് എനിക്കഭിപ്രായമില്ല. ലുവര്‍ മ്യൂസിയത്തില്‍ സ്വന്തമായി ഒരു ക്യുറേറ്റര്‍ വരെയുള്ള കക്ഷിയാണ്‌. പക്ഷെ സത്യസന്ധമായിപ്പറഞ്ഞാല്‍ നമ്മള്‍ ഇന്‍ഡ്യക്കാര്‍ക്ക്‌ അതൊരു ദീപസ്തംഭം മഹാശ്ചര്യം എന്നതു പോലെയല്ലേ? ഇതാണു കലയുടെയും ആസ്വാദനത്തിന്റെയും സാംസ്കാരിക വ്യതിയാനങ്ങള്‍. ഇതുകൊണ്ടു തന്നെയാണ്‌ നടരാജ ശില്‍പത്തെ "മള്‍ട്ടി ലിംബ്ഡ്‌ മോണ്‍സ്റ്റ്രോസിറ്റി" എന്നു സായിപ്പ്‌ വിലയിരുത്തിയതും.
പക്ഷെ ഈ സാംസ്കാരിക പരിമിതികള്‍ക്ക്‌ വെളിയില്‍, മോണാലിസയും, നടരാജനും, രവിവര്‍മ്മചിത്രങ്ങളും, വിക്റ്റോറിയന്‍ രചനകളും, വാന്‍ഗോഗും ഒക്കെ നമ്മെ ആനന്ദിപ്പിക്കുന്നു. ആസ്വാദന തീവ്രതയില്‍ വ്യതിയാനമുണ്ടായാലും. എന്തു കൊണ്ടാണിത്‌?
അതിനു മുന്‍പ്‌ എന്താണ്‌ കല എന്ന് ഒരു നിമിഷം.
വസ്തുക്കളുടെ/സംഭവങ്ങളുടെ നേര്‍പ്പതിപ്പാണോ അത്‌? അല്ല തന്നെ. ഇവിടെയാണ്‌ ക്യാമറയുടെ ഉദാഹരണം വരുന്നത്‌.(ക്യാമറയും കലയുടെ മാദ്ധ്യമമല്ലേ?) ക്യാമറ നേര്‍ക്കാഴ്ചകള്‍ സമ്മാനിക്കുമ്പോള്‍, ചിത്രകല 'രസ'മുണര്‍ത്തുന്ന കാഴ്ചയാണ്‌ നല്‍കുന്നത്‌. (രസം എന്ന പ്രയോഗം ഒന്നു ശ്രദ്ധിച്ചോളൂ) ചിത്രങ്ങളില്‍ നിന്ന് ഈ രസം ഊര്‍ന്നു പോകുമ്പോഴാണ്‌ ചിത്രങ്ങള്‍ വെറും കലണ്ടര്‍ ചിത്രങ്ങളാകുന്നത്‌. ചിത്രകാരന്മാര്‍ കലണ്ടര്‍ ചിത്രകാരന്മാരാകുന്നതും, അല്ലാതെ അത്‌ സങ്കേതങ്ങളുടെ പ്രശ്നമല്ല. താഴത്തെ രണ്ട്‌ ചിത്രങ്ങള്‍ കാണൂ. രണ്ടും വാട്ടര്‍ ലില്ലി. ഒന്ന് വിന്‍ഡോസ്‌ സാമ്പിള്‍, മറ്റേത്‌ ക്ലോദ്‌ മോണേയുടെ. 'രസ'ത്തിന്റെ വ്യത്യാസം വ്യക്തമായില്ലേ?
നമുക്ക്‌ തിരിച്ചു വരാം. ഇങ്ങനെ വൈവിദ്ധ്യമാര്‍ന്ന സംസ്കാരത്തിലും, സങ്കേതത്തിലും, കാലഘട്ടത്തിലും ചിത്രകല വ്യവഹരിക്കുന്നുവെങ്കിലും, നല്ല ചിത്രങ്ങള്‍ പൊതുവായി നമ്മെ ആകര്‍ഷിക്കുന്നതെന്തുകൊണ്ടാണ്‌? ഈ വൈവിദ്ധ്യങ്ങള്‍ക്കെല്ലാം ഉപരിയായി ഒരു പൊതു ഘടകം ഇവയെ ബന്ധിപ്പിക്കുണ്ടോ? ഒരു ജൈവഘടകം?
ഇവിടെ നമുക്ക്‌ ആസ്വാദനത്തെപ്പറ്റി ചിന്തിക്കണം. എന്താണ്‌ ആസ്വാദനം? കൃത്യമായി എനിക്കറിയില്ല, പക്ഷെ അടിസ്ഥാനപരമായി ഒരു കാര്യം തീര്‍ച്ചയാണ്‌. നമ്മുടെ തലച്ചോറിനെ ത്രസിപ്പിക്കുന്ന സിഗ്നലുകള്‍ ഉണര്‍ത്തുന്ന ഒന്നാണത്‌. തലച്ചോറിലെ ലിംബിക്‌ ഏരിയ എന്ന ഭാഗമാണ്‌ നമ്മുടെ വികാര സംബന്ധിയായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നിടം. ലിംബിക്‌ ഏരിയായെ കൂടുതല്‍ ത്രസിപ്പിക്കുന്നത്‌ എന്തോ അതാണ്‌ കൂടുതല്‍ വൈകാരികം. അതായത്‌ മുന്‍പിലത്തെ രണ്ടു ചിത്രങ്ങളില്‍ വിന്‍ഡോസിന്റെ വാട്ടര്‍ ലില്ലി ഉണര്‍ത്തുന്നതില്‍ കൂടുതല്‍ ഉദ്ദീപനം മോണേയുടെ വാട്ടര്‍ ലില്ലി ലിംബിക്‌ ഏരിയായില്‍ ഉണ്ടാക്കുന്നു. അതായത്‌ മോണേയുടെ ചിത്രം കൂടുതല്‍ ആസ്വാദ്യകരമാകുന്നു.
കലയേയും ജീവശാസ്ത്രത്തേയും ഇങ്ങനെ കൂട്ടിപ്പിടിപ്പിക്കാന്‍ പറ്റുമോ? നമുക്കൊരു ജീവശാസ്ത്ര പരീക്ഷണം പഠിക്കാം. അര നൂറ്റാണ്ടോളം മുന്‍പ്‌ ഓക്സ്‌ഫോഡ്‌ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയതാണ്‌, നിക്കോ റ്റിംബര്‍ഗന്‍ എന്ന ശാസ്ത്രജ്ഞന്‍. അദ്ദേഹത്തിന്റെ സംഘം ഒരു തരം കടല്‍ പക്ഷിക്കുഞ്ഞുങ്ങളുടെ പെരുമാറ്റ രീതി പഠിക്കുകയായിരുന്നു. തള്ള പക്ഷികള്‍ക്ക്‌ നീണ്ട മഞ്ഞ കൊക്കും അതിലൊരു ചുവന്ന പൊട്ടും ഉണ്ട്‌. പക്ഷിക്കുഞ്ഞുങ്ങള്‍ ആ ചുവന്ന പൊട്ടില്‍ കൊത്തും, അപ്പോള്‍ തള്ളപ്പക്ഷി അവയുടെ വായില്‍ തീറ്റ നിക്ഷേപിക്കും. അതാണവയുടെ സ്വഭാവം. പ്രത്യേകിച്ച്‌ പരിശീലനം ഒന്നുമില്ലാതെ, ജനിതക ഓര്‍മ്മയില്‍ നിന്നാണ്‌ പക്ഷിക്കുഞ്ഞുങ്ങള്‍ ഇതു ചെയ്യുന്നത്‌. ഗവേഷകര്‍ ഒരു ചത്ത തള്ളപ്പക്ഷിയുടെ കൊക്ക്‌ മാത്രം നീക്കിയടുത്ത്‌ അത്‌ കുഞ്ഞുങ്ങളുടെ മുന്‍പില്‍ കാണിച്ചു. അപ്പോഴും കുഞ്ഞുങ്ങള്‍ അതില്‍ കൊത്തി. അതായത്‌ തള്ളപ്പക്ഷിയല്ല മറിച്ച്‌ മഞ്ഞ കൊക്കും അതിലെ ചുവന്ന പൊട്ടുമാണ്‌ കുഞ്ഞുങ്ങളുടെ തലച്ചോറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌. ആ കൊക്കിന്റെ അറ്റത്ത്‌ അമ്മയുണ്ടാകും എന്നു സങ്കല്‍പ്പം. അടുത്ത ഘട്ടമായി ഗവേഷകര്‍, കൊക്കിനോട്‌ സാമ്യമൊന്നുമില്ലാത്ത ഒരു നീണ്ട മഞ്ഞ വസ്തുവില്‍ മൂന്ന് ചുവന്ന പൊട്ടുകള്‍ അടയാളപ്പെടുത്തി കുഞ്ഞുങ്ങളുടെ മുന്‍പില്‍ വെച്ചു. പ്രതീക്ഷിച്ചതിനു വിരുദ്ധമായി കുഞ്ഞുങ്ങള്‍ കൂടുതല്‍ ആവേശത്തോടെ അതില്‍ കൊത്തുകയാണ്‌ ചെയ്തത്‌!
അതായത്‌, പക്ഷിക്കുഞ്ഞുങ്ങള്‍ക്ക്‌ ഭക്ഷണം ലഭിക്കുവാനായുള്ള ഒരു നാഢീസംവിധാനം, അതിന്റെ സ്വാഭാവിക ഉത്തേജകത്തിനോട്‌ പ്രതികരിക്കുന്നതുപോലെ തന്നെ തനിപ്പകര്‍പ്പിനോടും പ്രതികരിച്ചു. (ഇവിടെ ഫോട്ടോയോട്‌ താരതമ്യപ്പെടുത്താം.) എന്നാല്‍ വ്യത്യസ്തതയുള്ള ഒരു പകര്‍പ്പിനോട്‌ (ഇവിടെ ഭാഗ്യവശാല്‍ പോസിറ്റീവായ) കൂടുതലായി പ്രതികരിക്കുന്നു. നല്ലൊരു ചിത്രത്തോട്‌ താരതമ്യപ്പെടുത്തിക്കൂടേ?
നമ്മളിവിടെ മനസ്സിലാക്കുന്നത്‌ ഇതാണ്‌. നാഢീസംവിധാനങ്ങളെ, ഇന്‍പുട്ടുകളുടെ (ഇവിടെ കാഴ്ച) കൗശലകരമായ കൈകാര്യം വഴി വ്യത്യസ്തമായി ഉത്തേജിപ്പിക്കാന്‍ പറ്റും. അതായത്‌ കാഴ്ചയുടെ വ്യത്യസ്തതവഴി വൈകാരികതയുടെ ഏറ്റക്കുറച്ചിലുകള്‍ സൃഷ്ടിക്കാനാവുന്ന രീതിയിലാണ്‌ നാഢീഘടന.
ചുരുക്കത്തില്‍ നല്ല ചിത്രകാരന്‍ സ്വന്തം അറിവു വെച്ചോ, അല്ലെങ്കില്‍ ജീനിയസ്‌ എന്നു നമ്മള്‍ വിളിക്കുന്ന സംഭവത്തിന്റെ മികവുകൊണ്ട്‌ അറിഞ്ഞോ, അറിയാതെയോ നമ്മുടെ ലിംബിക്‌ ഘടനയെ അധികമായി ഉത്തേജിപ്പിക്കുന്ന വിഷ്വല്‍ ഇന്‍പുട്ടുകള്‍ തന്റെ ചിത്രത്തില്‍ നല്‍കുന്നു. അത്തരം ചിത്രങ്ങള്‍ നമുക്കാസ്വാദ്യമാകുന്നു.
നേര്‍പ്പകര്‍പ്പുകള്‍ സാധാരണമായ പ്രതികരണമേ ഉണ്ടാക്കുന്നുള്ളൂ എന്നു നാം കണ്ടു. സ്വാഭാവികതയില്‍ നിന്നുള്ള വ്യതിചലനം ആണ്‌ അധികഉത്തേജനം നല്‍കുന്നത്‌. തീര്‍ച്ചയായും എല്ലാ വ്യതിചലനങ്ങളും പോസിറ്റീവായ ഫലമല്ല നല്‍കുന്നത്‌. അതുകൊണ്ടു തന്നെയാണ്‌ ഏതൊക്കെ പേരിട്ടു വിളിച്ചാലും ചില ചിത്രങ്ങള്‍ അരോചകമാകുന്നതും, ആസ്വാദകന്റെ 'വിവരക്കേടി'നെപ്പഴിച്ച്‌ ചിത്രകാരന്‌ സായൂജ്യമടയേണ്ടി വരുന്നതും.
ഇനി ഏതൊക്കെ രീതിയിലുള്ള വ്യതിചലനങ്ങളാണ്‌ നല്ല ഫലം നല്‍കുന്നത്‌? അതിന്‌ വല്ല പൊതു നിയമവും ഉണ്ടോ? ഉണ്ടെന്നാണ്‌ പുതിയ നിരീക്ഷങ്ങള്‍. നൂറോഏസ്തെറ്റിക്സ്‌ എന്ന ഒരു പുതിയ ശാസ്ത്രശാഖ തന്നെ ആരംഭിച്ചുകഴിഞ്ഞു.
പ്രൊ: രാമചന്ദ്രന്റെ പത്തു കല്‍പ്പനകള്‍, അടുത്ത പോസ്റ്റില്‍.
ചിത്രകലയുടെ ജൈവ ശാസ്ത്രം.

4 comments:

Haree said...

“ചുരുക്കത്തില്‍ നല്ല ചിത്രകാരന്‍ സ്വന്തം അറിവു വെച്ചോ, അല്ലെങ്കില്‍ ജീനിയസ്‌ എന്നു നമ്മള്‍ വിളിക്കുന്ന സംഭവത്തിന്റെ മികവുകൊണ്ട്‌ അറിഞ്ഞോ, അറിയാതെയോ നമ്മുടെ ലിംബിക്‌ ഘടനയെ അധികമായി ഉത്തേജിപ്പിക്കുന്ന വിഷ്വല്‍ ഇന്‍പുട്ടുകള്‍ തന്റെ ചിത്രത്തില്‍ നല്‍കുന്നു. അത്തരം ചിത്രങ്ങള്‍ നമുക്കാസ്വാദ്യമാകുന്നു.” - ആശയം വളരെ ലളിതമായി, മനസിലാവുന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു.

‘കലണ്ടര്‍ ചിത്രങ്ങള്‍’ അത്ര മോശം സംഗതിയാണോ? ഒരു ചിത്രത്തിന്റെ ഏറ്റവും മോശമായ അവസ്ഥ എന്ന രീതിയിലാണല്ലോ ഈ പ്രയോഗം!

വിന്‍ഡോസിന്റെ വാട്ടര്‍ ലില്ലിയേക്കാള്‍ മികച്ച അനുഭവം മുകളിലെ ചിത്രം നല്‍കുന്നുണ്ടെന്നതു ശരി. പക്ഷെ, അതിലും മികച്ച വാട്ടര്‍ ലില്ലി ഫോട്ടോഗ്രാഫുകളുണ്ടാവാം (പെട്ടെന്ന് ഫ്ലിക്കറില്‍ നോക്കിയിട്ട് കിട്ടിയില്ല! (-:), ചിത്രത്തേക്കാള്‍ അനുഭവം നല്‍കുവാന്‍ പ്രാപ്തിയുള്ളത്. ഫോട്ടോഗ്രഫിയെ നേര്‍പ്പകര്‍പ്പ് എന്ന രീതിയില്‍ വിലകുറച്ചു കാണേണ്ടതില്ല.
--

Soha Shameel said...

ഹരീ, ഇവിടെ 'ഫോട്ടോഗ്രാഫി'യെയല്ല, 'നേര്‍പ്പകര്‍പ്പിനെ'യാണു പരാമര്‍ശിക്കുന്നത്.

അനില്‍@ബ്ലോഗ് // anil said...

യോജിക്കുന്നു ബാബുരാജ്.
ഇന്ന രീതി നല്ലത് ഇന്നത് മോശം എന്ന്‍ പറയുന്നത് ശരിയുമല്ല എന്നൊരു കൂട്ടിച്ചേര്‍ക്കല്‍ കൂടിയും. താരതമ്യത്തിന് സ്പേസ് ഇല്ല എന്നാണ് ഞാന്‍ കരുതുന്നത്.

ബാബുരാജ് said...

ഹരി,
കലണ്ടര്‍ ചിത്രം എന്ന ഒരു പ്രയോഗം മലയാളം ബ്ലോഗുകളില്‍ വന്നതിനാലാണ്‌ അങ്ങനെ പറഞ്ഞത്‌. ഫോട്ടോഗ്രാഫി മോശമാണെന്ന അഭിപ്രായം എനിക്ക്‌ തീരെയില്ല. മാത്രമല്ല വളരെ താല്‍പര്യവുമുണ്ട്‌. ആല്‍ബര്‍ട്ട് റീഡ്ന്റെ അഭിപ്രായം ശ്രദ്ധിക്കുമല്ലോ. ഫോട്ടോയില്‍ പോലും നമ്മള്‍ ഇഷ്ടപ്പെടുന്നത്‌ നേര്‍ക്കാഴ്ചകളല്ല എന്നു ശ്രദ്ധിച്ചിരിക്കുമല്ലോ.

ആല്‍ബര്‍ട്ട് റീഡ്,
നന്ദി:)

അനില്‍,
രീതികളേയും സങ്കേതങ്ങളേയും താരതമ്യപ്പെടുത്തുകയെന്ന ഉദ്ദേശമേയില്ല. മറിച്ച്‌ ഈ വ്യത്യസ്തതയിലും ചില ചിത്രങ്ങള്‍ എന്തുകൊണ്ട്‌ മനോഹരമാവുന്നു എന്ന അന്വേഷണത്തെ പരിചയപ്പെടുത്തുകയാണ്‌. നന്ദി:)

അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. കാണുമല്ലോ.