Friday, December 18, 2009

കാലം മറുപടി നല്‍കുമ്പോള്‍.


       വൈയ്ക്കം സത്യഗ്രഹത്തിന്റെ സമയം. അക്കാലത്ത്‌ വൈയ്ക്കം ക്ഷേത്രത്തിന്റെ അധികാരവും ദേശവാഴ്ചയും അവിടത്തെ പ്രമുഖ ബ്രാഹ്മണ കുടുംബമായ ഇണ്ടംതുരുത്തി മനയ്ക്കായിരുന്നു. കാരണവര്‍ ഉഗ്രപ്രതാപിയും.


     സത്യാഗ്രഹം മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ ഗാന്ധിജി വൈയ്ക്കം സന്ദര്‍ശിക്കാനെത്തുന്നു. ഇണ്ടംതുരുത്തി കാരണവര്‍ ഒന്നു മനസ്സു വെയ്ച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളല്ലോ? അദ്ദേഹവുമായി നേരില്‍ കാണാന്‍ ഗാന്ധിജി താല്‍പര്യം പ്രകടിപ്പിച്ചു. മനയില്‍ വാര്‍ത്തയെത്തി. പക്ഷെ, ഇണ്ടംതുരുത്തി കാരണവര്‍ ആരെയെങ്കിലും അങ്ങോട്ട്‌ ചെന്നു കാണുകയോ? തന്നെ കാണെണ്ടവര്‍ക്ക്‌ ഇങ്ങോട്ട്‌ വരാം എന്നായി തിരുമേനി. ആയിക്കോട്ടെ, എന്നു ഗാന്ധിജി.

        പക്ഷെ പ്രശ്നം തീരുന്നില്ല. അബ്രാഹ്മണനായ ഗാന്ധിയെ മനയില്‍ കയറ്റുകയോ? അതു പറ്റില്ല. ഏതായലും മനയില്‍ നിന്നു തന്നെ പ്രശ്ന പരിഹാരവും വന്നു. മനയ്ക്കു പുറത്ത്‌ ഒരു പടിപ്പുര പണിതു, അവിടെ വച്ച്‌ കാരണവര്‍ ഗാന്ധിജിയുമായി സംസാരിച്ചു.

(എന്തു സംസാരിച്ചാലും അതുകൊണ്ട്‌ ഗുണം ഒന്നും ഉണ്ടായില്ലെന്ന് ചരിത്രം വായിക്കുന്നവര്‍ക്ക്‌ അറിയാം.)

ഈ കഥ നേരത്തെ പോസ്റ്റണമെന്ന് കരുതിയതാണ്‌. മടി കാരണം നടന്നില്ല. ഇന്നു പത്രത്തില്‍ വന്ന ഈ വാര്‍ത്ത കണ്ടപ്പോള്‍ ഇനിയും മടിക്കരുതെന്ന് തോന്നി.

കാലം മറുപടി നല്‍കുന്നതെങ്ങിനെയെന്ന് പൂര്‍ണ്ണമായും മനസ്സിലാകാന്‍ ഈ പത്രവാര്‍ത്ത കൂടി വായിക്കൂ.



Sunday, December 13, 2009

ഫ്രാന്‍സിസ്‌ ഇട്ടിക്കോര എന്ന കുന്നംകുളം കോരപ്പാപ്പന്‍





ആദ്യമായി ഹൈപ്പേഷ്യയെപ്പറ്റി കേള്‍ക്കുന്നത്‌ 85-86 കാലത്ത്‌ പരിഷത്ത്‌ തലയ്ക്ക്‌ പിടിച്ചു നടക്കുമ്പോഴാണ്‌. പിന്നെ ആ പേര്‌ മറന്നു. അതിനു ശേഷം പിന്നെ കഴിഞ്ഞ വര്‍ഷം യാദൃശ്ചികമായി ഹൈപ്പേഷ്യയുടെ മുന്‍പില്‍ ചെന്നുപെടുകയായിരുന്നു, നെറ്റില്‍ അലഞ്ഞു തിരിയുന്നതിനിടെ. അഞ്ചെട്ടു ലിങ്കില്‍ കയറി വായിച്ചു. അനിതരസധാരണമായ ബുദ്ധിയും സൗന്ദര്യവും ഉണ്ടായിരുന്ന അവര്‍ അലക്സാന്‍ഡ്രിയായിലെ ഗണിത ശാസ്ത്രജ്ഞയും അദ്ധ്യാപികയുമായിരുന്നു.(AD നാലം നൂറ്റാണ്ട്‌) അവരുടെ ചിന്തകള്‍ കൃസ്തീയസഭയ്ക്ക്‌ വെല്ലുവിളിയായി തോന്നിയതും, അവര്‍ക്ക്‌ റോമന്‍ പ്രിഫക്റ്റ്‌ ഒറസ്റ്റേസില്‍ ഉണ്ടായിരുന്ന സ്വാധീനവും ബിഷപ്പ്‌ സിറിളിന്റെ നേതൃത്വത്തിലുള്ള സഭയെ വിളറിപിടിപ്പിച്ചു. ഒരു ദിവസം ഒരു സംഘം മതഭ്രാന്തന്മാര്‍ അവരെ തെരുവില്‍ വെച്ച്‌ ആക്രമിക്കുകയും ജീവനോടെ കക്കത്തോട്‌ കൊണ്ട്‌ അവരുടെ മാംസം വാര്‍ന്നെടുത്ത്‌ അഗ്നിക്കിരയാക്കുകയും ചെയ്തു. (ബിഷപ്പ്‌ സിറിള്‍ പിന്നീട്‌ വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ടു.) പക്ഷെ അന്നു വായിച്ച ഒരു ലിങ്കിലും, അവിവാഹിതാവസ്ഥയുടെ സ്വാതന്ത്ര്യം ആസ്വദിക്കുന്നതിനൊപ്പം ആഗ്രഹം തോന്നിയ പുരുഷന്മാര്‍ക്കെല്ലാമൊപ്പം ശയിച്ച ഒരു കാമഭ്രാന്തിയാണെന്നു പറഞ്ഞു കണ്ടില്ല. ഒരു പക്ഷെ അത്‌ അങ്ങിനെയായിരുന്നിരിക്കാം അല്ലെങ്കില്‍ ശക്തരായ എതിരാളികള്‍ അങ്ങിനെ ഒരു പ്രചാരണം നടത്തിയിരുന്നിരിക്കാം.

അതെന്തെങ്കിലുമാവട്ടെ, ഞാന്‍ ചിന്തിക്കുന്നത്‌ അംഗീകരിക്കപെട്ട ചരിത്ര നാള്‍വഴികളില്‍ നമുക്ക്‌ എന്തുമാത്രം തന്നിഷ്ടപരമായ ഇടപെടലുകള്‍ അനുവദനീയമായിട്ടുണ്ട്‌ എന്നതാണ്‌. പ്രത്യേകിച്ച്‌ ഹൈപ്പേഷ്യ മുതല്‍ മൈക്കലാന്‍ജലോയും സാമൂതിരിയും എഴുത്തച്ഛനുമുള്‍പ്പടെ (രാജന്‍?)ഗുരുക്കള്‍ വരെയുള്ള ഒരു നാള്‍വഴിയില്‍? ഫിഷന്റെ സ്വാതന്ത്ര്യത്തോടു കൂടിയാണെങ്കില്‍ പോലും?



കഴിഞ്ഞ ദിവസം വായിച്ച, ശ്രീ ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ്‌ ഇട്ടിക്കോര എന്ന നോവലാണ്‌ (ഡി.സി ബുക്സ്‌, ആദ്യ പ്രസാധനം ആഗസ്റ്റ്‌ 2009. രൂപ 150) ഈ ചിന്തകളൊക്കെ ഉയര്‍ത്തിയത്‌. കഥാനായകനായ ഇട്ടിക്കോര പതിനഞ്ചാം നൂറ്റാണ്ടിലെ പ്രബലനായ ഒരു കുന്നംകുളം കുരുമുളക്‌ കച്ചവടക്കാരനായിരുന്നു. അദ്ദേഹം കുന്നംകുളത്തും ഫ്ലോറന്‍സിലും മാറി മാറി താമസിച്ചു തന്റെ അനവധി വരുന്ന കപ്പലുകളില്‍ കുരുമുളക്‌ തൊട്ട്‌ അടിമപ്പെണ്ണുങ്ങളെ വരെ കച്ചവടം നടത്തി, ഫ്ലോറന്‍സിലെ പ്രബലരായ മെഡിചികളുടേയും, കോഴിക്കോട്ടെ സാമൂതിരിമാരുടേയും അടുത്തയാളായി. മൈക്കലാന്‍ജലോയുടേയും റാഫേലിന്റെയും ഉപദേഷ്ടാവായി. ഫ്ലോറന്‍സിലെ വരേണ്യ സമൂഹത്തില്‍ ഒരു ലൈംഗിക വിപ്ലവത്തിന്‌ തുടക്കമിട്ടു. ഇതിനെല്ലാമുപരിയായി ഗൂഢമായ ഹൈപ്പേഷ്യന്‍ ഗണിതശാഖയുടെ ഒരു പ്രമുഖ വക്താവുമായിരുന്നു. യൂറോപ്പിലെ ഹൈപ്പേഷ്യന്‍ സ്കൂളുകളില്‍ നിന്നു പഠിച്ച കാര്യങ്ങള്‍ ഇട്ടിക്കോര കേരളത്തിലെത്തിക്കുകയും ഇവിടെ അദ്ദേഹത്തിന്റെ ആശ്രിതര്‍ അവയെ പുനരവതരിപ്പിക്കുകയും ചെയ്തു. ഇവയൊക്കെയാണ്‌ നാമിന്ന് അഭിമാനപൂര്‍വ്വം കേരളത്തിന്റെ ഗണിതശാസ്ത്ര സംഭവനകളായി അവതരിപ്പിക്കുന്നത്‌. ഇപ്രകാരം ഒരു അമാനുഷിക പരിവേഷമുള്ള ഇട്ടിക്കോര ഒരു പക്ഷെ ഏറ്റവുമധികം ക്രിയാത്മകമായത്‌ സ്ത്രീ വിഷയത്തിലായിരുന്നു. ഉപയോഗിച്ചു തള്ളിയ അനവധി സ്ത്രീകളെക്കൂടാതെയുള്ള അദ്ദേഹത്തിന്റെ അംഗീകൃതരായ 18 ഭാര്യമാരിലായി 79 മക്കളും ഇദ്ദേഹത്തിനുണ്ടായിരുന്നു.



ചരിത്രത്തിന്റെ ഫ്രേമില്‍ നിന്ന് അമിത സ്വാതന്ത്രമെടുക്കുന്ന ഈ നോവലില്‍ പതിനെട്ടാം കൂറ്റുകാര്‍ എന്നൊരു ക്ലാനെയും നോവലിസ്റ്റ്‌ അവതരിപ്പിക്കുന്നു. പ്രയറി ഒഫ്‌ സയണേയും ഫ്രീ മേസന്‍സിനേയും അനുസ്മരിപ്പിക്കുന്ന ഒന്ന്. പക്ഷെ ഈ ഗ്രൂപ്പുകളുടെ, നിഗൂഢത എന്ന പൊതു സ്വഭാവം കഴിഞ്ഞാല്‍ സാമ്യം അവസാനിക്കുകയാണ്‌. പ്രയറിയില്‍ നഗ്ന പൂജ പ്രകൃതിയുടെ ഉര്‍വ്വരതയെ പ്രഘോഷിക്കുന്നുവെങ്കില്‍ പതിനെട്ടാം കുറ്റുകാര്‍ക്കിടയില്‍ അത്‌ പൈശാചികതയിലും ചൂഷണത്തിലുമാണ്‌ ഉറപ്പിച്ചിരിക്കുന്നത്‌. ( പക്ഷെ എതിരാളികളെ സംബന്ധിച്ച്‌ രണ്ടും തമ്മില്‍ വ്യത്യാസമേതുമില്ല. നോവലിസ്റ്റും അങ്ങിനെ തന്നെയാണോ ചിന്തിക്കുന്നത്‌?)

ചരിത്രവും മിത്തും സങ്കല്‍പവും ഇണപിരിയുന്ന വേറെ അധികം നോവലുകള്‍ മലയാളത്തിലുണ്ടെന്നു തോന്നുന്നില്ല. എക്കോയും മാര്‍ക്കേസും ഒക്കെ വായിക്കുമ്പോള്‍ എന്തേ ഇങ്ങിനൊരെണ്ണം മലയാളത്തിലില്ലാത്തത്‌ എന്നു നമ്മള്‍ സങ്കടപ്പെടുന്ന പോലൊന്നിനുള്ള ശ്രമം. പക്ഷെ ലോകനിലവാരത്തില്‍ നിന്ന് മലയാളത്തിന്റെ ചെറു വൃത്തത്തിലേക്കൊതുക്കിയാലും ആനുപാതികമായിപ്പോലും മാര്‍ക്കേസിന്റെ കാവ്യഭംഗിയോ, എക്കോയുടെ ധിഷണാ വൈഭവമോ ഡാന്‍ ബ്രൗണിന്റെ കഥനചാതുരിയോ നോവലിനോ നോവലിസ്റ്റിനോ അവകാശപ്പെടാനാവില്ല.



വളരെ കൃത്രിമമായി തോന്നുന്ന ഒരു ക്രാഫ്റ്റാണ്‌ രചനയ്ക്ക്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഒരു ഫ്ലോചാര്‍ട്ട്‌ രൂപപ്പെടുത്തിയിട്ട്‌ അതിന്റെ ഓരോ പോയിന്റും സ്ഥൂലീകരിച്ച്‌ കട്ടന്‍പേസ്റ്റ്‌ ചെയ്തപോലെ. പോസ്റ്റ്ഗ്രാജ്വേറ്റ്‌ തിസീസിനുപയോഗിക്കുന്ന അതേ തന്ത്രം. ഒരു നല്ല രചന ഒരു പെയിന്റിംഗ്‌ ആണെങ്കില്‍, ഇട്ടിക്കോര ഒരു ഫോട്ടോഷോപ്‌ കൊളാഷ്‌ ആണ്‌. അത്ര കൃത്രിമം. തന്റെ പരന്ന വായനയുടെ മുഴുവന്‍ വിശേഷങ്ങളും ഒരുമിച്ച്‌ വായനക്കാര്‍ക്കെത്തിക്കണം എന്നു നോവലിസ്റ്റിന്‌ നിര്‍ബന്ധമുള്ളപോലെ. എന്നാലാവട്ടെ, ഇവയൊക്കെ തമ്മില്‍ യുക്തിഭദ്രമായ ഒരു ബന്ധപ്പെടുത്തലിനോ കാരണവിശദീകരനത്തിനോ നോവലിസ്റ്റ്‌ മിനക്കെടുന്നുമില്ല. ഇതുമൊരു സങ്കേതമാവാം!



ഹൈപ്പേഷ്യന്‍ സ്കൂളിനും ഗണിതശാസ്ത്രത്തിനും ലൈംഗികതയുമായി എന്തു ബന്ധം എന്നു നമ്മള്‍ സംശയിച്ചു നില്‍ക്കുമ്പോഴും കഥയില്‍ ലൈംഗികതയുടെ ഘോഷയാത്രയാണ്‌. കഥാ തന്തുവും ലൈംഗിക ആഘോഷങ്ങളും തമ്മില്‍ ഒരു ലോജിക്കും രൂപപ്പെടുന്നുമില്ല. മാത്രമല്ല, കഥാകൃത്തിന്റെ ലൈംഗികസങ്കല്‍പ്പങ്ങള്‍ ഒരു പോണൊഗ്രഫി നിലവാരത്തിലുള്ളതുമാണ്‌. അതു കൊണ്ടു തന്നെയാണ്‌ അതിഭാവുക അവതരണത്തിനു ശേഷവും ഫ്രാന്‍സിസ്‌ ഇട്ടിക്കോര സഹസ്ര ഭഗനെപ്പോലെ ഒരശ്ലീല ബിംബമായി അപഹാസ്യമാകുന്നത്‌


*********************************************************************************

ആഷാമേനോന്റെ അവതാരികയുമുണ്ട്‌. അവതാരികകളുടെ ആവശ്യമെന്താണെന്ന് എനിക്കൊരിക്കലും മനസ്സിലായിട്ടില്ല. മാധവിക്കുട്ടിയുടെ സമ്പൂര്‍ണ്ണകൃതികളില്‍ അഴീക്കോടിന്റെ അവതാരിക കണ്ടു. മനോഹരമായ ഒരു ശില്‍പ്പത്തില്‍ കാക്ക കാഷ്ഠിച്ചു വെച്ചതു പോലെ തോന്നി.




Saturday, November 21, 2009

സ്വയം പ്രഖ്യാപിത പ്രഗത്ഭരും സ്വകാര്യ പ്രാക്റ്റീസും.


സ്വകാര്യ പ്രാക്റ്റീസ്‌ നിരോധിച്ചതിനെത്തുടര്‍ന്ന് രാജി വെച്ചിറങ്ങിയ രണ്ടു ജന്മങ്ങള്‍ പാവപ്പെട്ട രോഗികളെമുതല്‍ ആരോഗ്യമന്ത്രിയെ വരെ പഴി പറഞ്ഞും അലമുറയിട്ടും മാദ്ധ്യമങ്ങളില്‍ ഒഴിയാബാധ പോലെ കൂടിയിട്ട്‌ കുറച്ചായിരിക്കുന്നു. "വര്‍ഷങ്ങള്‍ കൊണ്ട്‌ പടുത്തുയര്‍ത്തിയ സ്വകാര്യ പ്രാക്ടീസ്‌ ഒരു ദിവസം കൊണ്ട്‌ പ്രൈവറ്റ്‌ ഡോക്ടര്‍മാര്‍ക്ക്‌ അടിയറ വെയ്ക്കേണ്ടി വരുന്നതിന്റെ" വിഷമം ഒരാള്‍ മറച്ചു വെയ്ക്കുന്നില്ല. ഞാന്‍ രാജിവെച്ചിറങ്ങിയതു കൊണ്ട്‌ ഇനി വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു മിടുക്കരാക്കാന്‍ ആളില്ലാതെ പോകുമല്ലോ എന്ന വിഷമമാണ്‌ മറ്റേയാള്‍ക്ക്‌. അതു കൊണ്ട്‌ ഇനി ശമ്പളമില്ലാതെ പിള്ളാരെ പഠിപ്പിച്ചു കൊള്ളാമെന്ന് മഹതി. പക്ഷെ കിരീടവും ചെങ്കോലും തിരിച്ചു കൊടുക്കണം. അതേതായാലും നല്ല ഒരു കീഴ്‌ വഴക്കമാണ്‌. കൂടുതല്‍ പേര്‍ ശമ്പളമില്ലാതെ ( പ്രത്യേകിച്ച്‌ ഉത്തരവാദിത്വവും ഇല്ലാതെ) കളക്ടറും, പോലീസ്‌ സൂപ്രണ്ടും, ട്രാന്‍സ്പോര്‍ട്ട്‌ ഓഫീസറും ഒക്കെയായി വോളണ്ടിയര്‍ ചെയ്താല്‍ ഖജനാവിനെത്രയാ ലാഭം! അതെന്തായാലും രണ്ടു പേരുടേയും വിഷമം, ഞങ്ങളേപ്പോലെ കൂടുതല്‍ പേര്‍ രാജി വെച്ച്‌ അവസാനം മെഡിക്കല്‍ കോളേജില്‍ പ്രഗത്ഭരാരും ഇല്ലാതായിത്തീരും എന്നതു തന്നെ. ഇതിനാണു പറയുന്നത്‌ ആത്മാര്‍ത്ഥത എന്ന്!




സത്യത്തില്‍ സ്വകാര്യ പ്രാക്ടീസ്‌ നിരോധം കൊണ്ട്‌ ആര്‍ക്കാണ്‌ ദോഷം സംഭവിച്ചിരിക്കുന്നത്‌? ആര്‍ക്കൊക്കെയാണ്‌ സ്വകാര്യ പ്രാക്ടീസ്‌ ഉള്ളത്‌? മെഡിക്കല്‍ കോളേജ്‌ അദ്ധ്യാപകരില്‍ പകുതിയിലധികം വരുന്ന പ്രി-ക്ലിനിക്കല്‍ പാരാക്ലിനിക്കല്‍ അദ്ധ്യാപകര്‍ക്ക്‌ മുന്‍പ്‌ തന്നെ സ്വകാര്യ പ്രാക്റ്റീസ്‌ നിരോധനമുണ്ട്‌. ക്ലിനിക്കല്‍ വിഭാഗത്തില്‍ തന്നെ സര്‍ജിക്കല്‍ സൈഡില്‍ സ്വകാര്യപ്രാക്ടീസ്‌, യൂണിറ്റിലെ ഒന്നാമനോ രണ്ടാമനോ മാത്രമാണ്‌. കാരണം മറ്റൊന്നുമല്ല, അതിലും ജൂനിയറായിട്ടുള്ള ഡോക്ടര്‍മാര്‍ക്ക്‌ തങ്ങളുടെ രോഗികളെ ശസ്ത്രക്രിയ ചെയ്യാന്‍ ഈ സീനിയര്‍ മഹാനുഭാവന്മാര്‍ സമ്മതിക്കാറില്ല. (തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഒരു പൂര്‍വ്വവിദ്യാര്‍ത്ഥിയായ എന്റെ സുഹൃത്ത്‌ തന്റെ ഭാര്യയെ കാണിച്ചിരുന്നത്‌ അവിടെ തന്നെ, പക്ഷെ താരതമ്യേന ജൂനിയറായ ഒരു ഡോക്ടറെയായിരുന്നു. ഇരട്ടക്കുട്ടികളായിരുന്നു. വളര്‍ച്ചക്കുറവിന്റെ പ്രശ്നം ഒക്കെയുണ്ടായിരുന്നതു കൊണ്ട്‌ അവസാനം സിസേറിയന്‍ നിശ്ചയിച്ചു.എന്നാല്‍ യൂണിറ്റ്‌ ചീഫ്‌ സമ്മതിക്കാഞ്ഞതു കൊണ്ട്‌ അവസാന നിമിഷം കെട്ടിപ്പറുക്കി സ്വകാര്യ ആശുപത്രിയില്‍ പോകേണ്ടി വന്നു. അവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഒരു ഡോക്ടറുടെ അനുഭവമിതാണ്‌!)

പിന്നെ മെഡിസിന്‍ പീഡിയാട്രിക്സ്‌ അനുബന്ധ വിഭാഗങ്ങളിലുള്ള കുറച്ചു ഡോക്ടര്‍മാര്‍ക്കാണ്‌ സത്യത്തില്‍ സ്വകാര്യ പ്രാക്ടീസിന്റെ ഗുണം കിട്ടുന്നത്‌. ഈ വിഭാഗമാവട്ടെ മൊത്തം അദ്ധ്യാപകരുടെ 20 ശതമാനത്തിലധികം വരില്ല. ദേശീയ സ്ഥാപനങ്ങള്‍ക്ക്‌ തുല്യമല്ലെങ്കിലും സാമാന്യം നല്ലൊരു വര്‍ദ്ധന മെഡിക്കല്‍ കോളേജ്‌ അദ്ധ്യാപകര്‍ക്ക്‌ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്‌. അതായത്‌, 80 ശതമാനത്തിലധികം വരുന്ന അദ്ധ്യാപകര്‍ക്ക്‌ സ്വകാര്യ പ്രാക്ടീസ്‌ നിരോധനം കൊണ്ട്‌ ഗുണമാണുണ്ടായിട്ടുള്ളത്‌. എന്നാല്‍ അതി സാമര്‍ത്ഥ്യമുള്ള ഒരു ന്യൂനപക്ഷം തെറ്റിദ്ധാരണ പടര്‍ത്തുന്നതാണ്‌ ഇപ്പോഴത്തെ പ്രശ്നം.



സര്‍ക്കാര്‍ കൊടുക്കുന്ന ശമ്പളം കൊണ്ട്‌ റേഷനരിയും മണ്ണെണ്ണയും വാങ്ങാന്‍ പറ്റാത്തതു കൊണ്ടാണല്ലോ ഈ വിഭാഗം അലമുറയിടുന്നതും രാജി വെയ്ക്കുന്നതും.സ്വകാര്യ പ്രാക്ടീസിന്റെ വരുമാനത്തില്‍ അവര്‍ തൃപ്തരായിരുന്നതിനാല്‍ എനിക്കൊരു പരിഹാരം തോന്നുന്നു. അവര്‍ക്ക്‌ വര്‍ദ്ധിപ്പിച്ച ശമ്പളം കൊടുക്കേണ്ടതില്ല, പകരം സ്വകാര്യ പ്രാക്ടീസ്‌ വഴി സമ്പാദിച്ചിരുന്ന സംഖ്യ സര്‍ക്കാര്‍ കൊടുക്കട്ടെ. പ്രശ്നം തീരേണ്ടതല്ലേ? ഇനി ആ തുക എങ്ങിനെ നിശ്ചയിക്കും എന്നാണോ? വളരെ എളുപ്പം. വര്‍ഷാവര്‍ഷം ഇന്‍കം ടാക്സ്‌ റിട്ടേണ്‍ നല്‍കുന്നതല്ലേ, അതില്‍ കൃത്യമായി, ശമ്പളമല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്‍ നിന്നുമുള്ള വരുമാനം (അതായത്‌ സ്വകാര്യ പ്രാക്ടീസില്‍ നിന്നുള്ള വരുമാനം) പറയാറുണ്ടല്ലോ. (ഈ ഉത്തമ പൗരന്മാര്‍ അവിടെ കള്ളത്തരം ഒന്നും ചെയ്യില്ല എന്ന് നമുക്കൊക്കെ അറിയാവുന്നതല്ലേ?) ആ തുക സര്‍ക്കാര്‍ നല്‍കട്ടെ.



ഇത്ര നാള്‍ കണ്ടിരുന്ന രോഗികള്‍ക്ക്‌ ഇനി ഡോക്ടറെ കാണാന്‍ പറ്റാതെ വരുന്നതിലുള്ള ഹൃദയ വേദനയാണ്‌ ചില പ്രഗത്ഭരെ അലട്ടുന്നത്‌. വിഷമിക്കേണ്ട സര്‍, താങ്കള്‍ കൃത്യമായി ഒ.പി യില്‍ വന്നിരുന്നാല്‍ മതി അവര്‍ താങ്കളെ തന്നെ വന്നു കണ്ടു കൊള്ളും. പിന്നെ കോഴിക്കോട്‌ ജോലിയുള്ള സാര്‍ കോട്ടയത്ത്‌ വന്നു താമസിക്കുന്നതില്‍ ഒരു സര്‍വ്വീസ്‌ ചട്ടലംഘനമില്ലേ സാര്‍. അതില്‍ സര്‍ക്കാരിന്‌ എന്തു ചെയ്യാനാകും?



ചെയ്യുന്ന ജോലിക്ക്‌ കിട്ടുന്ന പ്രതിഫലം പോരെങ്കില്‍ രാജിവെച്ചു പോകാനുള്ള സ്വാതന്ത്ര്യം ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷെ അത്‌ എന്റെ ഒഴികെ ബാക്കി എല്ലാവരുടേയും കുറ്റമാണെന്നു പറയുന്നത്‌ ചെറ്റത്തരമാണ്‌ സര്‍. പണത്തിലും വലുതായി മറ്റു പലതും ഉണ്ടെന്ന് വിശ്വസിക്കുന്ന ധാരാളം ആള്‍ക്കാര്‍ മെഡിക്കല്‍ കോളേജ്‌ അദ്ധ്യാപകരുടെ ഇടയില്‍ മാത്രമല്ല, എല്ലാ തുറകളിലുമുണ്ട്‌. അതുകൊണ്ടാണ്‌ ലോകം ഇങ്ങനെയൊക്കെയെങ്കിലും മുന്നോട്ട്‌ തന്നെ പോകുന്നത്‌! അതു കൊണ്ട്‌ തനിക്കു ശേഷമുണ്ടാകാന്‍ പോകുന്ന പ്രളയത്തില്‍ ബാക്കി മനുഷ്യകീടങ്ങള്‍ എന്തു ചെയ്യുമെന്നോര്‍ത്ത്‌ വിഷമിക്കരുത്‌ മാഡം/സര്‍.

*          *          *          *            *              *                *             *               *            *

മെഡിക്കല്‍ കോളേജിലെ ഒരു പ്രഗത്ഭന്റെ അടുത്ത്‌ കൈമുട്ട്‌ വേദനയുമായെത്തിയതാണ്‌ രോഗി. കൈമുട്ട്‌ വേദനയെന്നു പറയുമ്പോള്‍ എന്തൊക്കെ കാരണം കൊണ്ടാവാം? ക്യാന്‍സര്‍ പോലുമാവാം. എം.ആര്‍.ഐ സ്കാന്‍ തന്നെ വേണം.

" അയ്യോ! അതിനൊത്തിരി ചിലവു വരുമോ സാര്‍?"

"ഇയ്യാള്‌ വിഷമിക്കേണ്ട. ഞാന്‍ ഏര്‍പ്പാടാക്കാം"

പ്രഗത്ഭന്‍ സ്വന്തം ഫോണെടുത്ത്‌ നമ്പരു കുത്തി.

" ഹലോ, ******* സ്കാന്‍ സെന്ററല്ലേ? ഞാന്‍ ഡോ:*******. എല്‍ബോ എമ്മാറൈ ചെയ്യാനെത്രയാ ചാര്‍ജ്ജ്‌?"

"രണ്ടായിരത്തഞ്ഞൂറ്‌, സര്‍"- ഫോണിന്റെ മറുതല.

"ങേ? നാലായിരത്തഞ്ഞൂറോ? അത്രയ്ക്കൊന്നും പറ്റില്ല. പുവര്‍ പേഷ്യന്റാണ്‌, ഒരായിരം കുറച്ചു കൊടുക്കണം.

"ശരി സര്‍." മറുതല ഇതൊക്കെ എത്ര കണ്ടതാ.

"ശരി ഞാന്‍ ലെറ്റര്‍ കൊടുത്തു വിട്ടേക്കാം. വേണ്ട പോലെ ചെയ്തേക്കണം."

ഫോണ്‍ വെച്ചു. " ഞാന്‍ പറഞ്ഞ്‌ ആയിരം കുറച്ചിട്ടുണ്ട്‌, നാളെ തന്നെ പോയി ചെയ്തോളൂ."


Friday, August 14, 2009

പന്നിപ്പനി. അറിയേണ്ട കാര്യങ്ങള്‍.

പന്നിപ്പനി തുടക്കത്തില്‍ പ്രധാനമായും പന്നികളില്‍ ഉണ്ടാകുന്ന ഒരു തരം ശ്വാസകോശ രോഗമായിരുന്നു. റ്റൈപ്പ്‌ A ഇന്‍ഫ്ലുവന്‍സ എന്നൊരു വൈറസാണ്‌ രോഗകാരണം. എന്നാല്‍ മുന്‍പും ഈ രോഗം മനുഷ്യരില്‍ കണ്ടിരുന്നു. അപ്പോള്‍ പക്ഷെ, ഇതിന്റെ പടരാനുള്ള ശേഷി തുലോം കുറവായിരുന്നു.
എന്നാല്‍ ഇന്‍ഫ്ലുവന്‍സ വൈറസുകളുടെ ഒരു പ്രത്യേകത, അവയ്ക്ക്‌ രൂപ സ്വഭാവ പരിണാമങ്ങള്‍ എളുപ്പത്തില്‍ സംഭവിക്കുന്നു എന്നതാണ്‌. ഇങ്ങനെ പുതുതായ്‌ രൂപമെടുത്ത ഒരിനമാണ്‌ ഇപ്പോഴത്തെ H1N1 വൈറസുകള്‍. ഇവയ്ക്ക്‌ മുന്‍ വൈറസുകളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യരുടെ ഇടയില്‍ വളരെ വേഗം പടരാന്‍ സാധിക്കും. ഈ വൈറസിനെ ആദ്യം കണ്ടെത്തുന്നത്‌ ഏപ്രില്‍ 2009 ല്‍ അമേരിക്കയിലാണ്‌.
രോഗലക്ഷണങ്ങള്‍:
സാധാരണ ഫ്ലൂ പോലെ തന്നെ ഇതിന്റെയും ലക്ഷണങ്ങള്‍ പനി, തലവേദന, ശരീരവേദന, തൊണ്ടവേദന, ചുമ, കുളിരും വിറയലും ഒക്കെതന്നെയാണ്‌. ചിലര്‍ക്ക്‌ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാവാം. പനി വരുന്ന സമയത്ത്‌, രോഗിക്ക്‌ ഒരു പക്ഷെ മുന്‍പേ തന്നെയുണ്ടായിരുന്ന മറ്റു രോഗങ്ങള്‍ വഷളായെന്നും വരാം. പനി ഗുരുതരമാവുന്ന പക്ഷം, ന്യുമോണിയായോ ശ്വാസപരാജയമോ സംഭവിക്കാവുന്നതാണ്‌, തന്മൂലം മരണവും.
പനി പടരുന്ന വിധം.
സാധാരണ ഫ്ലൂ പോലെ തന്നെ, പന്നിപ്പനിയും പകരുന്നത്‌ വായുവിലൂടെയാണ്‌. അസുഖം ബാധിച്ച വ്യക്തി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗകാരിയായ വൈറസ്‌ വായുവിലെത്തുകയും അത്‌ ശ്വസിക്കുന്ന മറ്റൊരാള്‍ക്ക്‌ രോഗം കിട്ടുകയും ചെയ്യുന്നു. ചിലപ്പോള്‍ സ്പര്‍ശനം വഴിയും പകരാം. സ്പര്‍ശനം മൂലം കൈയ്യിലോ മറ്റോ വൈറസ്‌ എത്തുകയും അറിയാതെ ആ കൈ കൊണ്ട്‌ കണ്ണിലോ വായിലോ മൂക്കിന്നുള്ളിലോ സ്പര്‍ശിക്കുമ്പോള്‍ വൈറസ്‌ ശരീരത്തിനുള്ളില്‍ കയറിപ്പറ്റുകയും ചെയ്യുന്നു.
പനി പകരുന്നതെപ്പോള്‍?
വൈറസ്‌ ബാധ ഉള്ള ഒരാളില്‍ നിന്ന് രോഗലക്ഷണം തുടങ്ങുന്നതിന്‌ ഒരു ദിവസം മുന്‍പ്‌ മുതല്‍ ലക്ഷണം തുടങ്ങി ഏഴു ദിവസം വരെ മറ്റുള്ളവരിലേക്ക്‌ രോഗം പകരാം. ചെറിയ കുട്ടികളില്‍ 10 ദിവസം വരെ പകര്‍ച്ച നീളാം. ലക്ഷണം തുടങ്ങുന്നതിനു മുന്‍പ്‌ തന്നെ പകരാന്‍ തുടങ്ങും എന്നതുകൊണ്ട്‌, രോഗികളായിട്ടുള്ളവരെ ഒഴിവാക്കുന്നതു കൊണ്ടു മാത്രം രോഗം ഒഴിവായിക്കിട്ടുന്നില്ല. പൊതുവായ മുന്‍കരുതലുകള്‍ പ്രധാനമാണ്‌.
രോഗം ബാധിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യാം?
രോഗം ബാധിച്ചവരുമായി, മുഖാമുഖം സംസാരിക്കുന്നതു പോലുള്ള അടുത്തിടപിഴകല്‍ ഒഴിവാക്കുക. കഴിയുമെങ്കില്‍ റ്റൗവലോ മാസ്കോ ഉപയോഗിച്ച്‌ മൂക്കും വായും മറയ്ക്കുക.
സ്പര്‍ശനം വഴി പകരാം എന്നു പറഞ്ഞു. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തു വരുന്ന വൈറസുകള്‍ 2 മണിക്കൂറോ അതിലധികമോ സമയം പുറത്ത്‌ ജീവനോടിരിക്കാം. ഈ രീതിയില്‍ ഫോണ്‍, വാതില്‍ പിടി, കളിപ്പാട്ടങ്ങള്‍ മുതലായവയൊക്കെ രോഗഹേതുവാകാം, ഹസ്തദാനം വരെ. കൈ കൊണ്ട്‌ കണ്ണു തിരുമ്മുകയോ വായില്‍ തൊടുകയോ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇടക്കിടെ കൈ കഴുകുന്നത്‌ ശീലമാക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച്‌ കൈ കഴുകുക. കഴുകുമ്പോള്‍ 15-20 സെക്കന്‍ഡ്‌ എങ്കിലും കൂട്ടിത്തിരുമ്മണം. വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ (ഉദാ: യാത്രക്കിടെ) ആല്‍ക്കഹോള്‍ അടങ്ങിയ ജെല്‍ ഹാന്‍ഡ്‌ വാഷ്‌ ഇപ്പോള്‍ ലഭ്യമാണ്‌. അതുപയോഗിക്കുക.
രോഗം ബാധിച്ചവര്‍ കഴിവതും വീട്ടില്‍ തന്നെ യിരിക്കുക. മറ്റുള്ളവരുമായി അധികം സഹവസിക്കാതിരിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമൊക്കെ ടൗവലോ ടിഷ്യൂവോ ഉപയോഗിച്ച്‌ വായു മൂക്കും മറയ്ക്കുക. അല്ലെങ്കില്‍ കൈ കൊണ്ട്‌ മറച്ചതിനു ശേഷം നന്നായി കൈ കഴുകുക.
അപകട ലക്ഷണങ്ങള്‍.
ഇനി പറയുന്ന എന്തെങ്കിലും ലക്ഷണങ്ങള്‍ പ്രകടമാകുന്ന പക്ഷം അത്യാഹിത വൈദ്യസഹായം തേടുക.
കുട്ടികളില്‍,
ശ്വാസം മുട്ടല്‍, അതി വേഗത്തിലുള്ള ശ്വാസോച്ഛ്വാസം.
ശരീരത്തിന്‌ നീല നിറഭേദം.
ശരീരത്ത്‌ ചുവന്ന അടയാളങ്ങള്‍ പ്രത്യക്ഷപ്പെടല്‍.
ആവശ്യത്തിന്‌ വെള്ളവും മറ്റു ദ്രാവകങ്ങളും കുടിക്കാതിരിക്കുക.
അതിയായ അസ്വസ്തത പ്രകടിപ്പിക്കുക, എടുക്കാന്‍ സമ്മതിക്കാതിരിക്കുക.
മാറിയ പനി ശക്തമായ ചുമയോടെ തിരിച്ചു വരുക.
എപ്പോഴും ഉറക്കം തൂങ്ങിയിരിക്കുക, സംസാരിക്കാന്‍ വിമുഖത കാണിക്കുക.
വലിയവരില്‍,
ശ്വാസതടസ്സം, വളരെവേഗത്തില്‍ ശ്വാസമെടുപ്പ്‌.
നെഞ്ചു വേദന, വിമ്മിഷ്ടം, ശക്തമായ വയറുവേദന.
അധികമായ ഛര്‍ദ്ദി.
പെട്ടന്നുണ്ടാകുന്ന തലചുറ്റല്‍.
ഓര്‍മ്മപ്പിശക്‌, സ്ഥലകാലബോധം നഷ്ടപ്പെട്ടപോലുള്ള പെരുമാറ്റം.
ചികില്‍സ.
വൈറസുകളെ കുറയൊക്കെ പ്രതിരോധിക്കുന്ന മരുന്നുകള്‍ ലഭ്യമാണ്‌. (ഒസല്‍റ്റാമിവിര്‍, സനാമിവിര്‍ മുതലായവ). ഈ മരുന്നുകള്‍ രോഗത്തിന്റെ തീവ്രത കുറക്കുന്നതിനും, പെട്ടന്ന് രോഗശാന്തി ലഭിക്കുന്നതിനും, ഗുരുതര പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിനും സഹായിക്കും. രോഗം അപകടാവസ്ഥയിലെത്തിയാല്‍ തീവ്രപരിചരണം ആവശ്യമാണ്‌.
പ്രതിരോധമരുന്നുകള്‍.
നിലവില്‍ ഫലപ്രദമായി പന്നിപ്പനിയെ പ്രതിരോധിക്കുന്ന മരുന്നുകളോ വാക്സിനുകളോ ലഭ്യമല്ല. നിലവിലുള്ള ഫ്ലൂ വാക്സിനുകള്‍ ഉപയോഗപ്പെടില്ല. H1N1 വൈറസിനുള്ള വാക്സിന്‍ ലഭ്യമാകാന്‍ 6-12 മാസം വരെ താമസം വന്നേക്കാം.
പ്രതിരോധമരുന്നുകളെപ്പറ്റി പല ഭാഗത്തുനിന്നും അവകാശവാദങ്ങളുണ്ടെങ്കിലും അവയൊന്നും ഒരു രീതിയിലും ഫലസിദ്ധി തെളിയിച്ചിട്ടുള്ളതല്ല. അത്‌ ഉപയോഗിക്കുന്നവര്‍ മറ്റു മുന്‍കരുതലുകളില്‍ (മുന്‍പ്‌ പറഞ്ഞ) ഒരു തരത്തിലുമുള്ള ഉപേക്ഷയും വരുത്തുവാന്‍ പാടില്ല.

Sunday, August 09, 2009

കോളറക്കാലത്തെ പ്രണയം.

കോളറക്കാലത്തെ പ്രണയം ആദ്യം വായിക്കുന്നത്‌ ഒരു ഇരുപത്‌ വര്‍ഷത്തോളം മുന്‍പാണ്‌. അന്നൊരിക്കല്‍ സാഹിത്യ വരഫലത്തില്‍ ശ്രീ എം. കൃഷ്ണന്‍ നായര്‍ എഴുതിയിരുന്നു, കഴിഞ്ഞ 30 വര്‍ഷത്തില്‍ ലോകത്തിലിറങ്ങിയ ഏറ്റവും നല്ല രണ്ടോ മൂന്നോ നോവലുകളിലൊന്നാണത്‌ എന്ന്. അതുകൊണ്ടു തന്നെ കോളറക്കാലത്തെ പ്രണയം വായിക്കണം എന്ന് ആഗ്രഹിച്ച്‌ നടക്കുമ്പോഴാണ്‌ യാദൃശ്ചികമായി ആ പുസ്തകം മുന്‍പില്‍ വന്നു പെടുന്നത്‌.

അന്ന് ഞാന്‍ കോളേജില്‍ നാലാം വര്‍ഷം പഠിക്കുകയാണ്‌. താമസം പാകിസ്താന്‍ എന്നു വിളിച്ചിരുന്ന ഒരു ലോഡ്ജില്‍. (കുറച്ചു നാള്‍ മുന്‍പ്‌ വരെ അവിടുത്തെ അന്തേവാസികളെല്ലാം മുസ്ലീംങ്ങള്‍ ആയിരുന്നത്രെ!) അവിടുത്തെ സഹവാസികളില്‍ ഒരാളായിരുന്നു ജയകുമാര്‍ (എന്നാണെന്റെ ഓര്‍മ്മ).അദ്ദേഹം അന്ന് മനോരാജ്യം വാരികയിലെ സഹപത്രാധിപരായിരുന്നു. മറ്റൊരാള്‍ ഇന്ന് അറിയപ്പെടുന്ന കവിയായ അന്‍വറും. അന്‍വറന്ന് മഹാത്മാ ഗാന്ധി യൂണിവാഴ്സിറ്റിയിലെ സ്കൂള്‍ ഒാഫ്‌ ലെറ്റേഴ്സില്‍ പഠിക്കുകയാണ്‌. അന്‍വറിന്റെ സഹപാഠിയായ ഒരു ജോര്‍ജ്ജ്‌ തോമസ്‌ പാകിസ്താനിലെ നിത്യസന്ദര്‍ശകനായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ അണ്ണന്‍ എന്നാണ്‌ വിളിച്ചിരുന്നത്‌. അണ്ണന്‌ അന്ന് തേക്കടി ആരണ്യാനിവാസില്‍ മാനേജരൊ മറ്റോ ആയി നല്ലൊരു ജോലിയുണ്ടായിരുന്നു. സാഹിത്യത്തിലെ അസ്കിത ഒന്നു കൊണ്ടാണ്‌ അതിട്ടിട്ട്‌ പഠിക്കാന്‍ വന്നിരിക്കുന്നത്‌.

ഒരു ദിവസം ജയകുമാറിന്റെ കൈയ്യില്‍ ഈ പുസ്തകം കണ്ടു. അദ്ദേഹം ആരോടോ വാങ്ങി വായിച്ചിട്ട്‌ തിരിച്ചു കൊടുക്കാന്‍ തുടങ്ങുകയായിരുന്നു. നാലഞ്ച്‌ ദിവസത്തിനുള്ളില്‍ വായിച്ച്‌ തിരിച്ചു നല്‍കാം എന്ന് ഉറപ്പില്‍ എനിക്കു തന്നു.

അതു വരെ കിട്ടിയിട്ടില്ലാത്ത ഒരു വായനാനുഭവം ആയിരുന്നത്‌. ക്ലാസ്സില്‍ പോകാതിരുന്നു പോലും പറഞ്ഞ സമയത്ത്‌ വായിച്ചു തീര്‍ത്തു. തിരിച്ചു കൊടുക്കണം എന്നതിനെക്കാള്‍ ആ പുസ്തകം താഴെ വെയ്ക്കാനായില്ല എന്നതായിരുന്നു സത്യം.

അന്നൊരിക്കല്‍ രാത്രിയിലെ ചര്‍ച്ചക്കിടയില്‍ ഞാന്‍ അണ്ണനോട്‌ ചോദിച്ചു, എന്തു കൊണ്ടാണ്‌ ഇത്ര മനോഹരമായ ഭാഷ മലയാള കൃതികളില്‍ വരാത്തതെന്ന്.
അണ്ണന്‍ പറഞ്ഞു, "ബാബുരാജ്‌ ധര്‍മ്മരാജ ഒന്നു വായിച്ചു നോക്കൂ, അല്ലെങ്കില്‍ മാര്‍ത്താണ്ഡവര്‍മ്മ." ധര്‍മ്മരാജ തപ്പിയ്യെടുത്തു വായിച്ചു, ബോദ്ധ്യപ്പെട്ടു. സി.വി, അങ്ങേയ്ക്കു പ്രണാമം. അതിനും ശേഷമാണ്‌ രണ്ടാമൂഴം വായിക്കുന്നത്‌.

കോളറക്കാലത്തെ പ്രണയം പിന്നീട്‌ മലയാളത്തില്‍ പരിഭാഷപ്പെടുത്തി ഇറങ്ങിയിരിക്കുന്നതു കണ്ടു. വായിച്ചു നോക്കാനായില്ല.


***                                              ***                                  ***                                         ***


ഇതൊക്കെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണമുണ്ട്‌. ഒരു സുഹൃത്തിനുവേണ്ടി, കഴിഞ്ഞ ദിവസം കോളറക്കാലത്തെ പ്രണയം കറണ്ട്‌ ബുക്ക്സില്‍ നിന്നും വാങ്ങിച്ചു. പെന്‍ഗ്വിന്‍ ബുക്ക്സ്‌ പ്രസിദ്ധീകരിച്ചത്‌. രാമായണവും ബൈബിളും തുറക്കുന്നതു പോലെ, വെറുതേ ഒരു പേജ്‌ തുറന്നു വായിച്ചു.


ഡോ:ജുവനാല്‍ ആബിനോ മനോഹരമായ മാര്‍ബിള്‍ പടികള്‍ ചവിട്ടി രണ്ടാം നിലയിലേക്ക്‌ കയറുമ്പോള്‍ ചിന്തിച്ചു ഇത്തരം സ്ഥലങ്ങളിലും കോളറ എത്തുമോ? പ്രകാശം കുറവായിരുന്ന മുറിയില്‍ കട്ടിലില്‍ ഫേമിന ദാസ ഇരുന്നിരുന്നു. ഡോക്റ്റര്‍ പരിശോധന തുടങ്ങി. അവളുടെ ആകാശനീലിമയാര്‍ന്ന നിശാവസ്ത്രത്തിന്റെ കുടുക്കുകള്‍ അഴിച്ച്‌, തന്റെ ചെവി അവളുടെ നെഞ്ചോട്‌ ചേര്‍ത്ത്‌ ഡോ: ആബിനോ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും സംഗീതം ശ്രവിച്ചു.

മകള്‍ക്ക്‌ കോളറയല്ല എന്ന വിവരം ലോറന്‍സോ ദാസയ്ക്ക്‌ വളരെ ആശ്വാസം നല്‍കി. അദ്ദേഹം വണ്ടിയുടെ അടുത്തുവരെ ഡോക്ടറെ അനുധാവനം ചെയ്തു. ഒരു സ്വര്‍ണ്ണനാണയം ഫീസും നല്‍കി. ധനികരുടെ കണക്കില്‍ പോലും അത്‌ വലിയ ഒരു ഫീസായിരുന്നു.

ഒരാഴ്ച കഴിഞ്ഞ്‌ തികച്ചും അപ്രതീക്ഷിതമായി ഡോക്ടര്‍ ദാസഭവനത്തില്‍ എത്തി. അപ്പോള്‍ ഫേമിന രണ്ട്‌ കൂട്ടുകാരികളുമൊത്ത്‌ ചിത്രരചനയിലായിരുന്നു. ഡോക്റ്റര്‍ പുറത്തു നിന്ന് ജനലിലൂടെ അവളോട്‌ അടുത്തേക്ക്‌ വരാന്‍ ആംഗ്യം കാണിച്ചു. ചിത്രരചനയ്ക്കായ്‌ ഒരു വിരുന്നിനു പോകാനെന്ന പോലെ ഒരുങ്ങിനിന്ന അവള്‍ പാവാട തട്ടാതിരിക്കാന്‍ അതല്‍പ്പം ഉയര്‍ത്തിപ്പിടിച്ച്‌ പെരുവിരല്‍ കുത്തി അവന്റെ അടുത്തേക്ക്‌ ചെന്നു. അയാള്‍ ജനലിലൂടെ അവളുടെ ഹൃദയസ്പന്ദനവും, വിളര്‍ച്ചയും, നാവും ഒക്കെ പരിശോധിച്ചു. എന്നിട്ട്‌ പറഞ്ഞു,"നീയൊരു വിടര്‍ന്നു വരുന്ന റോസമൊട്ടാണ്‌"

എന്നിട്ട്‌ വിശുദ്ധ തോമസിന്റെ വാക്യം തെറ്റിച്ച്‌ വിളമ്പുകയും ചെയ്തു. " മനോഹരമായ കാര്യങ്ങള്‍ എന്തുമാകട്ടെ, അതെല്ലാം പരിശുദ്ധാരൂപിയില്‍ നിന്നാണ്‌ ഉറവെടുക്കുന്നത്‌. ആട്ടേ, നിനക്ക്‌ സംഗീതം ഇഷ്ടമാണോ?"

ഫേമിന അന്തിച്ചു പോയി. അവള്‍ തന്റെ സഖികളെ നോക്കി, അവരാകട്ടെ കാര്യങ്ങള്‍ മനസ്സിലാകുന്ന രീതിയില്‍ അവളെ കളിയാക്കി ചിരിക്കുകയും, ചായത്തളികകൊണ്ട്‌ മുഖം മറയ്ക്കുകയും ചെയ്തു. അവള്‍ ജനല്‍ വലിച്ചടച്ചു.


ഡോക്ടര്‍ പോകാന്‍ തിരിഞ്ഞപ്പോള്‍ മുകളില്‍ നിന്നും ഒരു ആഞ്ജ കേട്ടു. 'ഡോക്ടര്‍ നില്‍ക്കൂ!' പാതി മുടങ്ങിയ ഉച്ചയുറക്കത്തില്‍ നിന്നും ഉണര്‍ന്ന് ലോറന്‍സോ ദാസ മുകളില്‍ നിന്നും ഇറങ്ങി വരുന്നു. 'ഞാന്‍.. ഞാന്‍ .. മോളോട്‌ നീയൊരു റോസപ്പൂപോലാണെന്ന് പറഞ്ഞതേയുള്ളൂ." ആബിനോ വിഷണ്ണനായി. "ഞാന്‍ എല്ലാം കാണുന്നുണ്ടായിരുന്നു. വരൂ" ലോറന്‍സോ ഫേമിന നിന്നിരുന്ന തയ്യല്‍ മുറിയിലേക്ക്‌ തിരക്കിട്ടു. "ഫേമിന ഇവിടെ വരൂ, നീ ഡോക്ടറോട്‌ ക്ഷമ പറയൂ" അയാള്‍ അഞ്ജാപിച്ചു. " ഹേയ്‌ അതിന്റെ ആവശ്യമൊന്നുമില്ല.." ആബിനോ ഫേമിനയെ രക്ഷിക്കാന്‍ ശ്രമിച്ചു. " അതിന്‌ ഞാനൊന്നും ചെയ്തില്ലല്ലോ"ഫേമിനയും പ്രതിഷേധിച്ചു. " ഒന്നും പറയണ്ട, ക്ഷമ പറയൂ!" ലൊറന്‍സോ ഉറച്ചു തന്നെ.

അവള്‍ തന്റെ വലതുകാല്‍ നീട്ടി വെച്ച്‌, പാവാടത്തുന്‍പ്‌ വിരല്‍ കൊണ്ട്‌ അല്‍പ്പമുയര്‍ത്തി ഉപചാരപൂര്‍വ്വം പറഞ്ഞു, " സംഭവിച്ചു പോയതിന്‌ ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു." " അതു സാരമില്ല, പോട്ടെ." അവളുടെ കണ്ണില്‍ സ്നേഹത്തിന്റെ ഒരു തുടിപ്പുണ്ടാകുമെന്ന് ആബിനോ പ്രതീക്ഷിച്ചു. പക്ഷെ അതുണ്ടായില്ല.


"ഡോക്ടര്‍, ഒരു കാപ്പി കുടിച്ചിട്ട്‌ പോകാം." ലൊറന്‍സോ നടന്നു. രാവിലത്തെ ഒരു കപ്പൊഴികെ, കാപ്പി കുടിക്കുന്ന സ്വഭാവം ഡോ: ജുവനാല്‍ ആബിനോയ്ക്കുണ്ടായിരുന്നില്ല. വളരെ അപൂര്‍വ്വമായി മാത്രം ഭക്ഷണത്തിനൊപ്പം അല്‍പ്പം വീഞ്ഞ്‌. എന്നാലന്ന് ലൊറന്‍സൊ ഒന്നിനു പിന്നാലെയായ്‌ ഒഴിച്ചു കൊടുത്ത അനവധി കപ്പ്‌ കാപ്പിയും അനവധി ഗ്ലാസ്സ്‌ വീഞ്ഞും ആബിനോ അകത്താക്കി.

Wednesday, August 05, 2009

പൊക്കിള്‍ക്കൊടി രക്ത ബാങ്കിങ്ങും മൂലകോശങ്ങളും. (Cord blood banking and stem cells) ..3

ഞാന്‍ പൊക്കിള്‍ക്കൊടി രക്ത ബാങ്കിംഗില്‍ ഏര്‍പ്പെടേണ്ടതുണ്ടോ?
സ്വകാര്യബാങ്കുകള്‍ ആവശ്യപ്പെടുന്ന തുക നിങ്ങളെ സംബന്ധിച്ച്‌ നിസ്സാരമാണെങ്കില്‍ അവരുമായൊരു കരാറില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റില്ല. പക്ഷെ അത്‌ ശാസ്ത്രീയമായി ന്യായീകരിക്കപ്പെടുന്നില്ല. എന്നാല്‍ ഗര്‍ഭസ്ഥശിശുവിന്റെ സഹോദരങ്ങള്‍ക്കോ, മാതാപിതാക്കള്‍ക്കോ, മറ്റു ബന്ധുക്കള്‍ക്കോ (അവര്‍ക്കോക്കെ ഈ മൂലകോശങ്ങള്‍ ഉപയോഗപ്പെട്ടേക്കും എന്നു നമ്മള്‍ നേരത്തേ പറഞ്ഞു) മൂലകോശ ചികില്‍സകൊണ്ട്‌ ഉപയോഗമുള്ള ഒരു അവസ്ഥ ഉണ്ടെങ്കില്‍ തീര്‍ച്ചയായും നല്ലതു തന്നെ.
മൂലകോശ ചികില്‍സയുടെ എല്ലാ ശാഖകളും ഇപ്പോള്‍ ശൈശവാവസ്ഥയിലാണ്‌. മറ്റു ശാഖകളെ അപേക്ഷിച്ച്‌ പൊക്കിള്‍ക്കൊടി മൂലകോശങ്ങള്‍ക്ക്‌ പ്രകടമായ മുന്‍കൈയൊന്നുമില്ല. മറിച്ച്‌ മറ്റു ശാഖകളാണ്‌ കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത്‌. അതു കൊണ്ട്‌ ഇരുപതോ മുപ്പതോ വര്‍ഷം കഴിയുമ്പോള്‍ ഇപ്പോള്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന ഈ കോശങ്ങള്‍ക്ക്‌ എന്തെങ്കിലും പ്രാധാന്യം ഉണ്ടാകുമോ എന്നു കണ്ടറിയണം. മിക്കവാറും അപ്പോഴേക്കും ഇതൊരു പഴഞ്ചന്‍ സാങ്കേതികതയാവാനാണു സാദ്ധ്യത.
നിലവിലുള്ള സാങ്കേതിക വിദ്യയനുസരിച്ചാണ്‌ മൂലകോശങ്ങളെ സൂക്ഷിക്കുന്നത്‌. ശീതാവസ്ഥയില്‍ നിന്ന് ചൂടാക്കിയെടുക്കുമ്പോള്‍ അവയ്ക്ക്‌ ജീവനുണ്ടാകുമെന്നേ ഉറപ്പുള്ളൂ. വീണ്ടും വിഘടിക്കുകയും പരിവര്‍ത്തനം വരികയും ചെയ്യുക എന്നത്‌ അത്യന്തം സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്‌. ഈ കോശങ്ങള്‍ നാലോ അഞ്ചോ പതിറ്റാണ്ടുകള്‍ക്കു ശേഷം തൃപ്തികരമായി പ്രവര്‍ത്തിക്കുമോ എന്നതിന്‌ യാതൊരു ഉറപ്പുമില്ല.
ഈ സാങ്കേതികവിദ്യ ഉപയോഗപ്രദമാണെങ്കില്‍ തന്നെ നിങ്ങള്‍ക്ക്‌ ഇത്‌ എത്രമാത്രം ആവശ്യം വരും? അമേരിക്കയില്‍ നടന്ന പഠനങ്ങളില്‍ നിങ്ങള്‍ക്ക്‌ സ്വന്തം മൂലകോശങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യം (70 വയസ്സ്‌ വരെ ആയുസ്സ്‌ കൂട്ടുമ്പോള്‍) 435ല്‍ ഒന്നു മാത്രമാണ്‌. നിങ്ങളുടെ കുട്ടി അതില്‍ പെടുമെന്ന് ഉറപ്പുണ്ടോ?
ശരീരത്തിന്റെ പ്രതിരോധശേഷിക്ക്‌ ഭംഗം വരുന്നതു മൂലമുള്ള രോഗങ്ങളില്‍ മൂലകോശ ചികില്‍സ ഉപയോഗപ്പെട്ടേക്കില്ല. കാരണം രോഗത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ മൂലകോശങ്ങളിലും പ്രകടമായേക്കും. ഇതു തന്നെയാണ്‌ അര്‍ബുദത്തിന്റെ കാര്യത്തിലും. ആര്‍ബുദത്തിനു കാരണമായ ജീനുകള്‍ മൂലകോശങ്ങളിലും കാണുമല്ലോ.
പൊക്കിള്‍ക്കൊടിയില്‍ നിന്നും സംഭരിച്ച്‌ സംസ്കരിക്കുന്ന മൂലകോശങ്ങള്‍ പലപ്പോഴും (75% സന്ദര്‍ഭങ്ങള്‍ വരെ) ആവശ്യത്തിനു തികയാറില്ല.
പ്രധാനപ്പെട്ട ഒരു കാര്യം കൂടിയുണ്ട്‌. പൊക്കിള്‍ക്കൊടിയില്‍ ഇത്രമാത്രം മൂലകോശങ്ങള്‍ ഉള്ളത്‌ വെറുതെയാകുമോ? അത്‌ നവജാതശിശുവിന്റെ സ്വാഭാവിക ആവശ്യത്തിനുള്ളതാവില്ലേ? അങ്ങിനെയെങ്കില്‍ അത്‌ ഊറ്റിയെടുക്കുന്നത്‌ ശിശുവിനെ വിപരീതമായി ബാധിക്കില്ലേ? ഈ സംശയങ്ങളും ന്യായം തന്നെ.
 അമേരിക്കയിലേയും ഇംഗ്ലണ്ടിലേയും മെഡിക്കല്‍ സംഘടനകള്‍ സ്വകാര്യ പൊക്കിള്‍ക്കൊടി രക്ത ബാങ്കിങ്ങിനെ അനുകൂലിക്കുന്നില്ല. ഇറ്റലി, ഫ്രാന്‍സ്‌ മുതലായ രാജ്യങ്ങള്‍ അത്‌ നിരോധിച്ചിട്ടുമുണ്ട്‌. ഏതായാലും നിലവിലുള്ള പൊക്കിള്‍ക്കൊടി രക്ത ബാങ്കിംഗ്‌ വാണിജ്യലക്ഷ്യങ്ങള്‍ മാത്രം മുന്‍ നിറുത്തിയുള്ളതാണ്‌.

Monday, August 03, 2009

പൊക്കിള്‍ക്കൊടി രക്ത ബാങ്കിങ്ങും മൂലകോശങ്ങളും. (Cord blood banking and stem cells) ..2

മൂലകോശ ചികില്‍സയിലെ പ്രശ്നങ്ങള്‍.
മൂലകോശങ്ങളുടെ തരം അനുസരിച്ച്‌ അവയെ വിഭിന്ന കോശങ്ങളാക്കി മാറ്റാന്‍ സാധിക്കും എന്നു നാം മനസ്സിലാക്കി. ആദിഭ്രൂണ കോശങ്ങളെ ഏതു തരത്തിലുള്ള കോശങ്ങളുമാക്കാം. പൊക്കിള്‍ക്കൊടി മൂലകോശങ്ങളെയും മനുഷ്യമൂലകോശങ്ങളേയും അതതു വിഭാഗത്തിലുള്ള കോശമാക്കാം. ഒന്നേ വേണ്ടൂ, മൂലകോശങ്ങളുടെ ഭാഷ മനസ്സിലാക്കണം. മൂലകോശങ്ങള്‍ക്ക്‌ മനസ്സിലാകുന്ന വിധത്തില്‍ അവയോട്‌ പരിവര്‍ത്തനം വരുത്താന്‍ പറയാന്‍ നമുക്ക്‌ കഴിയണം. ഈ വിഷയത്തിലാണ്‌ പ്രധാന പരീക്ഷണങ്ങള്‍ നടക്കുന്നത്‌. സമീപ ഭാവിയില്‍ മൂലകോശങ്ങളുമായി ഫലപ്രദമായി സംവദിക്കാന്‍ നമുക്കു സാധിക്കും എന്നു പ്രതീക്ഷിക്കുന്നു.
ഇത്രത്തോളം ഒക്കെ ശുഭകരം. ഏറ്റവും പരിവര്‍ത്തന സാദ്ധ്യതയുള്ളത്‌ ആദി ഭ്രൂണകോശങ്ങള്‍ക്കാണെന്നു നമ്മള്‍ കണ്ടു. പക്ഷെ അവയുടെ ലഭ്യത ഒരു പ്രശ്നം തന്നെയാണ്‌. ഈ ഭ്രൂണങ്ങള്‍ സാധാരണമായി ലഭിക്കുന്നത്‌ ടെസ്റ്റ്‌ റ്റൂബ്ശിശു പരീക്ഷണങ്ങളില്‍ അധികമായി വരുന്ന ഭ്രൂണങ്ങളില്‍ നിന്നാണ്‌. എന്നാല്‍ ഇതു ഉപയോഗിക്കുന്നതില്‍ നിന്നും മതഭ്രാന്തന്മാരില്‍ നിന്നും ശക്തമായ പ്രതിഷേധമുണ്ട്‌. മതം ഇന്നത്തെ രീതിയില്‍ ഒരു ശക്തമായ തടസ്സമായി നില്‍ക്കുന്നിടത്തോളം ഈ രീതിയിലുള്ള പരീക്ഷണങ്ങള്‍ അധികം മുന്നോട്ട്‌ പോകാന്‍ സാദ്ധ്യതയില്ല.
സാധാരണ മൂലകോശങ്ങളെ ആവശ്യാനുസരണം കണ്ടെത്തുകയും അവയുടെ ഒരു പിന്തുടര്‍ച്ചയുണ്ടാക്കുകയും ആവശ്യാവസരങ്ങളില്‍ അവശ്യസ്ഥലങ്ങളില്‍ നല്‍കി ഫലം നേടാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്‌ ഒരു വിഭാഗം ഗവേഷകര്‍. ഇതു വളരെ പ്രതീക്ഷ നല്‍കുന്ന ഒരു രംഗമാണ്‌. പ്രമേഹം, മസ്തിഷ്കാഘാതം, ഹൃദയാഘാതം, പാര്‍ക്കിന്‍സോണിസം എന്നീ രോഗങ്ങളില്‍ ഇത്‌ വളരെ ഗുണം ചെയ്യും. അതു പോലെ തന്നെ പ്രതീക്ഷ നല്‍കുന്ന ഒരു രംഗമാണ്‌ സാധാരണ കോശങ്ങളെ അനുനയിപ്പിച്ച്‌ മൂലകോശങ്ങളക്കുന്ന രീതി.
പൊക്കിള്‍ക്കൊടി രക്തത്തിലെ മൂലകോശങ്ങള്‍.
ഇനിയുള്ള മൂലകോശ ശ്രോതസ്സാണ്‌ പൊക്കിള്‍ക്കൊടി രക്തം. അതില്‍ വളരെ നല്ല തോതില്‍ രക്തനിര്‍മ്മാണത്തിനാവശ്യമുള്ള മൂലകോശങ്ങളുണ്ട്‌. മറ്റു കോശങ്ങള്‍ക്കുള്ള മൂലകോശങ്ങള്‍ അതില്‍ അത്ര ഫലപ്രദമല്ല. എന്നാല്‍ നമുക്ക്‌ മനസ്സിലാക്കാവുന്ന പോലെ തന്നെ വളരെ വാണിജ്യ സാദ്ധ്യതയുള്ള ഒന്നാണത്‌. അതു കൊണ്ടു തന്നെയാണ്‌ ലൈഫ്‌ സെല്ലും അതുപോലുള്ള അനേകം കമ്പനികളും ആ രംഗത്ത്‌ നില്‍ക്കുന്നതും മല്‍സരിക്കുന്നതും.
പൊക്കിള്‍ക്കൊടി രക്തമൂലകോശങ്ങള്‍ പ്രധാനമായും രക്തനിര്‍മ്മാണത്തിനുള്ളതാണെന്ന് നാം കണ്ടു. അതു കൊണ്ടു തന്നെ, ഭാവിയിലുണ്ടായേക്കാവുന്ന രക്തസംബന്ധിയായ രോഗങ്ങളില്‍ അത്‌ ഉപയോഗപ്പെട്ടേക്കാം. താലസ്സീമിയ, രക്താര്‍ബുദം, വിവിധ തരത്തിലുള്ള വിളര്‍ച്ചകള്‍ എന്നിവയൊക്കെ അതില്‍ വരും. അതു കൊണ്ട്‌ പൊക്കിള്‍ക്കൊടി രക്ത മൂലകോശങ്ങള്‍ സൂക്ഷിച്ചു വെച്ചാല്‍ അതു കൊണ്ട്‌ ഭാവിയില്‍ ഒരു പക്ഷെ ഉപയോഗമുണ്ടായെന്നു വരാം. ഇതിന്റെ മറ്റൊരു ഗുണം ഇങ്ങനെ സൂക്ഷിച്ചു വെയ്ക്കുന്ന കോശങ്ങള്‍ അതിന്റെ ഉടമസ്ഥനു മാത്രമല്ല, സഹോദരങ്ങള്‍ക്കും, മാതാപിതാക്കള്‍ക്കും ഒരു പക്ഷെ മറ്റു കുടുംബാംങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും. ഇതു തീര്‍ച്ചയായും ഒരു പ്രധാന ഗുണം തന്നെയാണ്‌.
പൊക്കിള്‍ക്കൊടി രക്ത ബാങ്കിംഗ്‌.
ലൈഫ്‌ സെല്‍ പോലുള്ള കമ്പനികള്‍ നമുക്ക്‌ നല്‍കുന്നത്‌ വലിയ സുന്ദരമോഹന വാഗ്ദാനങ്ങളാണ്‌. ഒരു നിസ്സാര തുകയ്ക്ക്‌ ('വെറും 80,000 രൂപ'. അതിനവര്‍ ലോണ്‍ വരെ ഏര്‍പ്പാടാക്കി തരും) നിങ്ങളുടെ കുട്ടിയുടെ സകല ആരോഗ്യ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്ന രീതിയിലാണ്‌ ബ്രോഷര്‍. അവരുമായി ഒരു കരാറിലേര്‍പ്പെട്ടാല്‍ അവര്‍ ചെയ്യുന്നത്‌ ഇതാണ്‌.
കുട്ടി ജനിച്ചു കഴിഞ്ഞാല്‍ ഉടന്‍ പൊക്കിള്‍കൊടിയില്‍ നിന്നും രക്തം ശേഖരിക്കും. ഇത്‌ ഏകദേശം 75 മുതല്‍ 100 ml വരെ ഉണ്ടാകും. ഈ രക്തം അവരുടെ ലാബോര്‍ട്ടറിയില്‍ എത്തിച്ച്‌ എയ്ഡ്സ്‌, മഞ്ഞപ്പിത്തം തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കും. തുടര്‍ന്ന് ചില രാസവസ്തുക്കള്‍ ചേര്‍ത്ത്‌ ചുറ്റിച്ച്‌ രക്തത്തിലെ ശ്വേതാണുക്കള്‍ തിരിച്ചെടുക്കുന്നു. അവയില്‍ നിന്ന് മൂലകോശങ്ങളെ തിരിച്ചെടുത്ത്‌ മറ്റു ചില രാസവസ്തുക്കള്‍ ചേര്‍ത്ത്‌ ശിതീകരിക്കുന്നു. ഇതിനെ ഏകദേശം -190 ഡിഗ്രിയില്‍ കാലാകാലത്തോളം സൂക്ഷിക്കും. അഗ്നിബാധ, വെള്ളപ്പൊക്കം, ഭൂകമ്പം, ബോംബുകള്‍ ഇവയൊന്നും ബാധിക്കാത്ത രീതിയിലാണ്‌ സൂക്ഷിക്കുന്നതെന്നാണ്‌ ലൈഫ്‌ സെല്ലിന്റെ അവകാശവാദം.
പൊക്കിള്‍ക്കൊടി രക്തബാങ്കുകള്‍ രണ്ടു വിധത്തിലുണ്ട്‌. പൊതുമേഖലയിലേയും സ്വകാര്യ മേഖലയിലേയും. പൊതു മേഖലാ ബാങ്കുകളില്‍ നിങ്ങള്‍ക്ക്‌ സ്വന്ത ഇഷ്ടപ്രകാരം രക്തം ദാനം ചെയ്യാം. അത്‌ നിങ്ങളുടെ പേരിലാവില്ല സൂക്ഷിക്കുന്നത്‌. പിന്നീട്‌ ഒരിക്കല്‍ നിങ്ങള്‍ക്ക്‌ അത്‌ ആവശ്യമായി വന്നാല്‍ നിങ്ങള്‍ നല്‍കിയ മൂലകോശങ്ങള്‍ തന്നെ തിരിച്ചു കിട്ടുമെന്ന് ഉറപ്പുമില്ല. കോശങ്ങളുടെ ചേര്‍ച്ച പരിശോധിച്ച്‌ ചേരുന്ന ഒന്ന് നിങ്ങള്‍ക്ക്‌ ലഭിക്കും എന്നു മാത്രം. എന്നാല്‍ പൊതു മേഖല ബാങ്കുകളുടെ സേവനം നമുക്ക്‌ ഇന്‍ഡ്യയില്‍ ലഭ്യമല്ല താനും. വിദേശത്തു പോലും ഈ ബാങ്കുകളുടെ പ്രവര്‍ത്തന ചിലവ്‌ അധികമായതിനാല്‍ അധികം ബാങ്കുകളില്ല.
സ്വകാര്യ ബാങ്കുകളില്‍ നിങ്ങള്‍ പണം നല്‍കേണ്ടതുണ്ട്‌. എന്നാലിവിടെ നിങ്ങള്‍ നല്‍കുന്ന കോശങ്ങള്‍ നിങ്ങളുടെ പേരില്‍ തന്നെയാണ്‌ സൂക്ഷിക്കുന്നത്‌. നിങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം നിങ്ങള്‍ക്കു തന്നെ അതു തിരിച്ചു കിട്ടും.
അടുത്ത ഭാഗം:
ഞാന്‍ പൊക്കിള്‍ക്കൊടി രക്ത ബാങ്കിംഗില്‍ ഏര്‍പ്പെടേണ്ടതുണ്ടോ?

Sunday, August 02, 2009

പൊക്കിള്‍ക്കൊടി രക്ത ബാങ്കിങ്ങും മൂലകോശങ്ങളും. (Cord blood banking and stem cells) ..1

ലൈഫ്‌ സെല്‍ എന്ന സ്ഥാപനം കേരളത്തിലും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. നവജാത ശിശുക്കളുടെ പൊക്കിള്‍ക്കൊടിയിലെ രക്തസംഭരണവും സൂക്ഷിക്കലുമാണ്‌ അവരുടെ പ്രവര്‍ത്തന രംഗം. ഒരു ശിശു ജനിക്കുമ്പോള്‍ തന്നെ അതിന്റെ പൊക്കിള്‍ കൊടിയില്‍ നിന്ന് രക്തം ശേഖരിച്ച്‌,സംസ്കരിച്ച്‌ ദീര്‍ഘകാലം സൂക്ഷിച്ചു വെയ്ക്കുകയും ആവശ്യം വരുമ്പോള്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നതിന്റെ ആവശ്യം എന്താണ്‌? പൊക്കിള്‍ക്കൊടി രക്തത്തില്‍ വലിയ തോതില്‍ മൂലകോശങ്ങള്‍ (stem cells) അടങ്ങിയിരിക്കുന്നു. ഈ മൂലകോശങ്ങള്‍ ഭാവിയില്‍ ഈ കുട്ടിക്കുണ്ടായേക്കാവുന്ന പല രോഗങ്ങളുടേയും ചികില്‍സക്കുപയോഗപ്പെടുത്താം എന്നാണ്‌ പ്രതീക്ഷ. 75 ല്‍ അധികം രോഗങ്ങള്‍ക്ക്‌ ഇത്‌ പ്രയോജനപ്പെട്ടേക്കും എന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്‌. അതായത്‌ ഈ മൂലകോശങ്ങള്‍ ആ കുട്ടിക്ക്‌ ഒരു മൃതസഞ്ജീവനിയാകും എന്നു ചുരുക്കം.
എന്താണ്‌ ഈ മൂലകോശങ്ങള്‍?
നമുക്കറിയാം നമ്മുടെ ശരീരം പലതരം കോശങ്ങള്‍ കൊണ്ടാണ്‌ നിര്‍മ്മിതമായിട്ടുള്ളത്‌. ത്വക്കിനൊരുതരം, മസിലുകള്‍ക്ക്‌ വേറൊന്ന്, ഹൃദയത്തിനൊന്ന്, തലച്ചോറിന്‌ ഇനി വേറൊരു തരം അങ്ങിനെ അങ്ങിനെ. അതില്‍ തന്നെ അനേകതരം ഉപ വിഭാഗങ്ങളുമുണ്ട്‌. എന്നാല്‍ ഈ വ്യത്യസ്ഥ കലകളെല്ലാം തന്നെ ഒരു അടിസ്ഥാന കോശത്തില്‍ (അണ്ഠവും ബീജവും ചേര്‍ന്നുണ്ടായ) നിന്നാണല്ലോ തുടക്കം. ഈ അടിസ്ഥാന കോശത്തില്‍ നിന്ന് ഈ പലതരം, -അതും ഒന്നോടൊന്ന് യാതൊരു സാമ്യവുമില്ലാത്ത - വ്യത്യസ്ഥ കോശങ്ങള്‍ എങ്ങനെയുണ്ടാവുന്നു? വാസ്തവം ഇതാണ്‌, ഈ എല്ലാ കോശങ്ങളുടേയും അടിസ്ഥാന ജനിതകവസ്തു (gene) ഒരേ പോലെയാണ്‌. അവയില്‍ ചിലവ ചില പ്രത്യേക സൂചനകളുടേയോ സംഞ്ജകളുടേയോ അടിസ്ഥാനത്തില്‍ ചില സവിശേഷ പ്രോട്ടീനുകള്‍ ഉല്‍പ്പാദിപ്പിക്കുകയും തല്‍ഫലമായി ചില പ്രത്യേക സ്വഭാവം കൈവരിക്കുകയും ചെയ്യുന്നു. വളരെയധികം തരത്തിലുള്ള പ്രോട്ടീനുകള്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ ഉള്ള സൂചകങ്ങള്‍ അടങ്ങുന്നതാണ്‌ ഓരോ കോശത്തിലുമുള്ള ജനിതക വസ്തു. എന്നാല്‍ എല്ലാ കോശങ്ങളും എല്ലാ പ്രോട്ടീനുകളും ഉല്‍പ്പാദിപ്പിക്കുന്നില്ല. ഓരോ കോശങ്ങളും അവയ്ക്ക്‌ സവിശേഷമായ ചില പ്രോട്ടീനുകള്‍ മാത്രമാണ്‌ ഉണ്ടാക്കുന്നത്‌. അതാണ്‌ അവയെ വ്യത്യസ്ഥമാക്കുന്നതും. അതായത്‌ അടിസ്ഥാന കോശങ്ങള്‍ക്ക്‌ കിട്ടുന്ന സവിശേഷ സൂചനകളുടെ അല്ലെങ്കില്‍ സംഞ്ജകളുടെ അടിസ്ഥാനത്തില്‍ അവ സവിശേഷ രൂപം പ്രാപിക്കുന്നു. എന്നാല്‍ ഈ കഴിവ്‌ എല്ലാ കോശങ്ങള്‍ക്കുമില്ല. ഉദാഹരണമായി മസിലുകളിലെ കോശത്തിന്‌ രൂപാന്തരം പ്രാപിച്ച്‌ തലച്ചോറിലെ കോശമാകാന്‍ കഴിയില്ല. ഇത്‌ ചില പ്രത്യേക കോശങ്ങള്‍ക്ക്‌ മാത്രമുള്ള കഴിവാണ്‌. ഇങ്ങനെ പല തരത്തില്‍ രൂപാന്തരം പ്രാപിക്കാന്‍ കഴിവുള്ള കോശങ്ങളാണ്‌ മൂലകോശങ്ങള്‍.
മൂലകോശങ്ങള്‍ പല തരം.
മേല്‍ പറഞ്ഞതില്‍ നിന്നു തന്നെ നമുക്കറിയാം, ബീജ സങ്കലനം നടന്ന അണ്ഠത്തില്‍ നിന്നുരുവായ ആദി കോശങ്ങള്‍ മൂലകോശങ്ങളാവണം, കാരണം അതില്‍ നിന്നാണല്ലോ സകല ശരീര കോശങ്ങളും ഉണ്ടാകുന്നത്‌. ഇവയ്ക്ക്‌ ആദി ഭ്രൂണ മൂലകോശങ്ങള്‍ എന്നു പറയാം. ഏതൊരു തരം കോശമായും രൂപാന്തരം പ്രാപിക്കാന്‍ കഴിയുന്നവയാണ്‌ അവ. കുറച്ചു കഴിയുമ്പോള്‍ ഈ ആദി കോശങ്ങള്‍ രണ്ടു വിഭാഗമായി മാറുന്ന ഒരു അവസ്ഥയിലെത്തും, അതിലൊരു ഭാഗം മറു പിള്ളയായും മറ്റേ ഭാഗം ശിശുവായും രൂപാന്തരം പ്രാപിക്കാന്‍ തയ്യാറാകും. ശിശുവാകുന്ന ഭാഗവും മൂലകോശങ്ങളുടെ ഒരു കൂട്ടമാണ്‌, പക്ഷെ അവയ്ക്ക്‌ ശിശുവായി തീരാനുള്ള കോശങ്ങളെ ഉല്‍പ്പാദിപ്പിക്കാനാവൂ. അതിനു ശേഷം ഭ്രൂണ മൂലകോശങ്ങള്‍ ഉണ്ടാകും. നാലാമതൊരു വിഭാഗം മൂലകോശങ്ങള്‍ കാണുന്നത്‌ പൊക്കിള്‍ക്കൊടി രക്തത്തിലാണ്‌. സാധാരണ മനുഷ്യ ശരീരത്തിലും മൂലകോശങ്ങള്‍ ഉണ്ട്‌, അതാണ്‌ അഞ്ചാമത്തെ തരം. പൊക്കിള്‍ക്കൊടിയിലുള്ളവയ്ക്കും സാധാരണ ശരീരത്തിലുള്ളവയ്ക്കും അതിനു മുന്‍ പറഞ്ഞവയെ അപേക്ഷിച്ച്‌ രൂപാന്തരം പ്രാപിക്കാനുള്ള കഴിവ്‌ പരിമിതമാണ്‌. ഉദാഹരണമായി, രക്തത്തിന്റെ അണുക്കളായി മാറാന്‍ കഴിവുള്ള മൂലകോശങ്ങള്‍ക്ക്‌ ഹൃദയപേശികളായി മാറാനാവില്ല. അതു പോലെ ഹൃദയപേശികളാകാന്‍ കഴിയുന്നവര്‍ക്ക്‌ തലച്ചോറിലെ കോശങ്ങള്‍ ആകാനാവില്ല.
മൂല കോശങ്ങളുടെ പ്രാധാന്യം.
മനുഷ്യശരീരം രൂപപ്പെടുത്തുന്നതില്‍ മൂലകോശങ്ങള്‍ക്കുള്ള പ്രാധാന്യം മനുക്ക്‌ മനസ്സിലായി. പക്ഷെ അതൊക്കെ ഭ്രൂണകോശങ്ങള്‍ക്ക്‌ ബാധകമാകുന്നതല്ലേ? വിവിധ കോശങ്ങളും കലകളും രൂപപ്പെട്ടതിനു ശേഷമുള്ള കാലത്തെ, അതായത്‌ പൊക്കിള്‍ക്കൊടിയിലേയും സാധാരണ ശരീരത്തിലേയും മൂലകോശങ്ങളുടെ പ്രവര്‍ത്തനമെന്താണ്‌? പ്രധാനമായും, രൂപപ്പെടുകയും നശിക്കുകയും ചെയ്യുന്ന ശരീര കലകളുടെ (ഉദാഹരണമായി രക്ത കോശങ്ങള്‍) ഉല്‍പ്പാദനം. പിന്നെ നാശം സംഭവിക്കുന്ന കലകളുടെ പുനര്‍ നിര്‍മ്മാണം. ഈ പുനര്‍നിര്‍മ്മാണ പ്രക്രിയ അടുത്ത കാലത്തു വരെ ശാസ്ത്രലോകത്തിന്‌ വലിയ ഗ്രാഹ്യമൊന്നുമില്ലാതിരുന്ന ഒരു കാര്യമാണ്‌. കേവലം 20 വര്‍ഷം മുന്‍പ്‌ വരെ തലച്ചോറിലെ കോശങ്ങള്‍ ഒരിക്കല്‍ നശിച്ചാല്‍ പിന്നെ ഒരിക്കലും നന്നാക്കപ്പെടുന്നില്ല എന്നാണ്‌ നാം ധരിച്ചിരുന്നത്‌. പക്ഷെ ചില വിഭാഗം മൂല കോശങ്ങള്‍ ആ പ്രവര്‍ത്തനത്തിലുണ്ട്‌. സത്യത്തില്‍ നാം കരുതിയിരുന്നതിലും വളരെയധികം തരം മൂലകോശങ്ങള്‍ നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തനക്ഷമമാണ്‌.
നമ്മുടെ ശരീരത്തിലെ കലകള്‍ക്ക്‌ ക്ഷതം സംഭവിക്കുമ്പോള്‍, ആ കലകളോട്‌ ബന്ധപ്പെട്ട മൂലകോശങ്ങള്‍ അത്‌ ഗ്രഹിക്കുകയും പുനര്‍നിര്‍മ്മാണത്തിന്‌ ശ്രമിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്‌ ഹൃദയാഘാതം എടുക്കാം. ഹൃദയാഘാതം എന്നു പറയുന്നത്‌, ഹൃദയത്തിലെ പേശികള്‍ക്ക്‌ ആവശ്യമായ ഓക്സിജന്‍ കിട്ടാതെ വരുന്നതും തല്‍ഫലമായി ക്ഷതം സംഭവിക്കുന്ന പേശികള്‍ നശിച്ചു പോകുന്നതും ആണ്‌. ഹൃദയത്തില്‍ ഹൃദയ പേശികളായി മാറാന്‍ കഴിവുള്ള മൂലകോശങ്ങളുണ്ട്‌. സാധാരണ ഹൃദയപേശികള്‍ക്ക്‌ നാശം സംഭവിക്കുമ്പോള്‍ ബന്ധപ്പെട്ട മൂലകോശങ്ങള്‍ അതറിയുകയും പുതിയ ഹൃദയപേശികളായി രൂപം മാറി പരുക്ക്‌ തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഇപ്പോള്‍ നമ്മള്‍ ശ്രദ്ധിക്കുന്ന ചില കാര്യങ്ങളുണ്ട്‌. ഈ മൂല കോശങ്ങള്‍ക്ക്‌ പരിക്കിനെ പറ്റിയും അതിന്റെ തീവ്രതയെപ്പറ്റിയും അറിവു കിട്ടുന്നത്‌ എങ്ങിനെയാണ്‌? പരിക്കുകള്‍ പരിഹരിക്കാന്‍ അവ ശ്രമിക്കുന്നുണ്ടെന്നു പറഞ്ഞാലും അതൊരിക്കലും പൂര്‍ണ്ണതോതിലാവുന്നില്ല എന്നും നമുക്കറിയാം. അങ്ങിനെയെങ്കില്‍ ഏതെങ്കിലും രീതിയില്‍ മൂലകോശങ്ങളെക്കൊണ്ട്‌ അധികമായി പണിയെടുപ്പിച്ചാല്‍ ഈ പരിക്ക്‌ കുറച്ചു കൂടി നല്ല രീതിയില്‍ ഭേദപ്പെടുത്താനാവില്ലേ? അതിനായി മൂലകോശങ്ങള്‍ക്ക്‌ എങ്ങനെയാണ്‌ വിവരം ലഭിക്കുന്നത്‌ എന്നറിയണം, അവയെ ഉദ്ദീപിപ്പിക്കുന്നതും എങ്ങനെയാണെന്നറിയണം. ചുരുക്കത്തില്‍ മൂലകോശങ്ങളുടെ ഭാഷ പഠിക്കണം. അതിനുള്ള ഭഗീരഥശ്രമത്തിലാണ്‌ ശാസ്ത്രഞ്ജന്മാര്‍.
പരിക്കുകള്‍ കൂടുതല്‍ മെച്ചമായി പരിഹരിക്കാന്‍ മറ്റോരു മാര്‍ഗ്ഗം കൂടിയുണ്ട്‌. കൂടുതല്‍ ജോലിക്കാരെ ഏര്‍പ്പെടുത്തുക, അതായത്‌ സ്ഥലത്ത്‌ ലഭ്യമായതിലും കൂടുതല്‍ മൂലകോശങ്ങളെ ഏര്‍പ്പെടുത്തുക. മൂലകോശങ്ങളെ മറ്റെവിടെയെങ്കിലും നിന്ന് എടുത്തിട്ട്‌ പരുക്കേറ്റ ഭാഗത്ത്‌ കുത്തിവെയ്ക്കുകയോ മറ്റോ ചെയ്യുക. അതും ഒരു മാര്‍ഗ്ഗമാണ്‌.
കൗതുകകരമെന്നു പറയട്ടെ, നിലവിലുള്ള മൂലകോശങ്ങളെക്കൊണ്ടു അമിതാദ്ധ്വാനം ചെയ്യിക്കുന്നതിലും എളുപ്പം കൂടുതല്‍ കോശങ്ങളെ ആ ഭാഗത്തു നല്‍കുന്നതാണു ഉദ്ദേശിച്ച കാര്യം നടത്താന്‍ കൂടുതല്‍ ഫലപ്രദം.
മൂന്നാമത്‌ ഒരു മാര്‍ഗ്ഗം കൂടിയുണ്ട്‌. നിലവിലുള്ള സാധാരണ കോശങ്ങളെ പറഞ്ഞു മനസ്സിലാക്കി (ഇവിടെയും കോശങ്ങളുടെ ഭാഷ മനസ്സിലാക്കണം)അവയെ മൂലകോശങ്ങളാക്കണം. ഈ കാര്യത്തില്‍ ശാസ്ത്രഞ്ജന്മാര്‍ ചില നേട്ടങ്ങളൊക്കെ കണ്ടെത്തിയിട്ടുണ്ട്‌. പ്രമേഹത്തിന്റെ അടിസ്ഥാനകാരണമായ അഗ്നേയഗ്രന്ഥിയിലെ ബീറ്റാ സെല്ലിന്റെ നാശം ഈ രീതിയില്‍ പരിഹരിക്കുന്നതില്‍ ചില വിജയങ്ങളൊക്കെ നേടിയിട്ടുണ്ട്‌. നിലവിലുള്ള അഗ്നേയ കോശങ്ങളെ അനുനയിപ്പിച്ച്‌ ഇന്‍സുലിന്‍ പുറപ്പെടുവിക്കാന്‍ സാധിച്ചിട്ടുണ്ട്‌.
ചുരുക്കത്തില്‍, മൂലകോശ പഠനം വൈദ്യ ശാസ്ത്രത്തിന്റെ ഒരു പ്രധാന ഘടകമായി തീര്‍ന്നിരിക്കുന്നു. ഭാവിയിലെ രോഗചികില്‍സക്ക്‌ മൂലകോശങ്ങള്‍ ഒരു സുപ്രധാന പങ്കായിരിക്കും വഹിക്കാന്‍ പോകുന്നത്‌.
അടുത്ത ഭാഗം:
മൂലകോശ ചികില്‍സയിലെ പ്രശ്നങ്ങള്‍.

Wednesday, June 10, 2009

കല്ലാനയ്ക്ക് ശേഷം കല്‍തവള.

കല്ലാനകളുടെ ആവാസ കേന്ദ്രമായ അഗത്യാര്‍കൂടമലകളില്‍ നിന്നു തന്നെയാണ് കല്‍തവളയേയും കണ്ടെത്തിയിരിക്കുന്നത്. സുപ്രസിദ്ധ പര്യവേഷകനായ ഈ ഞാന്‍ അഗസ്ത്യാര്‍കൂട യാത്രയ്ക്കിടയിലാണ് ഇവയെ കണ്ടെത്തിയത്.
(അല്ല സാറ്, ഇനി ഇവനൊരു പുതിയ കക്ഷിയാണെങ്കില്‍ എന്റെ പേരിടണേ. പ്ലീസ്!:

Wednesday, June 03, 2009

ഡോ: റ്റില്ലര്‍. ദൈവപദ്ധതികള്‍ക്കായൊരു രക്തസാക്ഷി!

ഡോ: ജോര്‍ജ്ജ്‌ റ്റില്ലര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം കാന്‍സാസ്‌ പ്രവിശ്യയിലെ റിഫോര്‍മിസ്റ്റ്‌ ലൂഥറന്‍ പള്ളിയില്‍ ശുശ്രൂഷാസഹായിയായി ആരാധനയില്‍ പങ്കെടുക്കുമ്പോഴായിരുന്നു കൊലയാളി അദ്ദേഹത്തിന്റെ തലക്കു നേരെ നിറയൊഴിക്കുന്നത്‌.
ഡോ: റ്റില്ലറെപ്പറ്റി അല്‍പ്പം. എതിരാളികള്‍ക്ക്‌ അദ്ദേഹം ഒരു കൂട്ടക്കൊലയാളിയായിരുന്നു, (റ്റില്ലര്‍ ദ കില്ലര്‍) എന്നാല്‍ അദ്ദേഹത്തിന്റെ ക്ലിനിക്കില്‍ നിന്നു ചികില്‍സ തേടിയ ആയിരക്കണക്കിനു സ്ത്രീകള്‍ക്ക്‌ അദ്ദേഹം ദയാമയനായ ഒരു രക്ഷകനും. അമേരിക്കയില്‍, വളര്‍ച്ച കൂടിയ ഗര്‍ഭങ്ങള്‍ അലസിപ്പിച്ചു നല്‍കുന്ന വിരലിലെണ്ണവുന്ന ഡോക്ടര്‍മാരിലൊരാളായിരുന്നു, ഡോ:റ്റില്ലര്‍. കൃത്യമായി പറഞ്ഞാല്‍ കാന്‍സാസ്‌ വിചിതായിലെ റ്റില്ലറുടെ ക്ലിനിക്കല്ലാതെ വേറെ രണ്ടു ക്ലിനിക്കുകള്‍ മാത്രമേ ഈ സേവനം അമേരിക്കയില്‍ നല്‍കുന്നുള്ളു.
ഗര്‍ഭഛിദ്ര വിരുതനായ ഒരു ഡോക്ടറെപ്പറ്റി ഇത്ര പറയാനെന്ത്‌ എന്നു കരുതാന്‍ വരെട്ടെ. ഗുരുതരമായ ജന്മവൈകല്യങ്ങളുള്ള ഗര്‍ഭങ്ങളാണ്‌ അദ്ദേഹം അലസിപ്പിച്ചു നല്‍കിയിരുന്നത്‌. വൈദ്യ ശാസ്ത്രത്തിന്റെ പുരോഗമന ഫലമായി പല ജന്മവൈകല്യങ്ങളും ഗര്‍ഭാവസ്ഥയില്‍ തന്നെ കണ്ടെത്താമെന്നായിട്ടുണ്ട്‌. പക്ഷെ പലപ്പോഴും ശിശുവിന്റെ വളര്‍ച്ച കുറച്ചേറെ പുരോഗമിച്ചതിന്റെ ശേഷമായിരിക്കും അതു സാധിക്കുക. അപ്പോഴേക്കും സാധാരണ ഗതിയില്‍ നിയമം അനുശാസിച്ചിരിക്കുന്ന കാലയളവ്‌ കഴിഞ്ഞിരിക്കും. കാന്‍സാസില്‍ ഗര്‍ഭഛിദ്രത്തിനുള്ള നിയമാനുശൃത കാലവധി 22 ആഴ്ചയാണ്‌, അതിനു ശേഷം വേണ്ടി വരികയാണെങ്കില്‍ (അമ്മയുടെ ജീവന്‌ അപകടമുണ്ടാകുന്ന എന്തെങ്കിലും അവസ്ഥ) രണ്ടാമതൊരു ഡോക്ടറുടെ അനുവാദത്തോടെ ചെയ്യാം.
(ഇന്‍ഡ്യയിലെ അവസ്ഥ കുറച്ചു കൂടി പരിതാപകരമാണ്‌. ഇവിടെ, നിയമാനുശൃത കാലാവധി 12 ആഴ്ചയും, പരമാവധി കാലാവധി (അതായത്‌ രണ്ടു ഡോക്ടര്‍മാരുടെ തീരുമാനപ്രകാരം) 20 ആഴ്ചയുമാണ്‌. അതിനു ശേഷം ഒരു വിധത്തിലും അനുവദിക്കുന്നില്ല. പല വൈകല്യങ്ങളും കണ്ടു പിടിക്കാന്‍ അതിലേറെ കാലാവധി വേണ്ടിവരും എന്നിരിക്കെ ഈ 20 ആഴ്ച തികച്ചും അപര്യാപ്തമാണ്‌. അടുത്ത കാലത്ത്‌ ഈ ആവശ്യവുമായി ഒരു ദമ്പതികള്‍ കോടതിയെ സമീപിച്ചെങ്കിലും, കോടതി സാങ്കേതികതകള്‍ പറഞ്ഞ്‌ തടിയൂരുകയാണ്‌ ചെയ്തത്‌.)
മൂന്നു പതിറ്റാണ്ടിലേറെയായി എതിര്‍പ്പുകളേയും വധശ്രമങ്ങളേയും ധൈര്യപൂര്‍വ്വം നേരിട്ട ചരിത്രമാണ്‌ അദ്ദേഹത്തിന്റേത്‌. ഗര്‍ഭഛിദ്രവിരുദ്ധ സംഘടനകള്‍ അദ്ദേഹത്തിനും ക്ലിനിക്കിനും സ്ഥിരം പ്രതിരോധമുയര്‍ത്തി. ഒരു തവണ ക്ലിനിക്കിന്‌ ബോംബിട്ടു, മറ്റോരു തവണ അദ്ദേഹത്തിന്റെ രണ്ടു കൈകള്‍ക്കും വെടിയേറ്റു. ക്ലിനിക്കില്‍ വരുന്നവരെ വഴിയില്‍ തടയുകയും പുലഭ്യം പറയുകയും സ്ഥിരം പതിവായിരുന്നു.
പ്രത്യുല്‍പാദനപരമായ കാര്യങ്ങളില്‍ തന്റെ ശരീരത്തെപ്പറ്റി തീരുമാനമെടുക്കാനുള്ള സ്ത്രീയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്‌ അദ്ദേഹം നിലകൊണ്ടത്‌. അദ്ദേഹം ചെയ്യുന്നതെന്തെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. പല ഡോക്ടര്‍മാരേയും പോലെ സാമ്പത്തിക പരിഗണനകളായിരുന്നില്ല അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്ക്‌ പിന്നില്‍. വിരുദ്ധസംഘടനകള്‍ പലതവണ കോടതിയെ സമീപിച്ചെങ്കിലും, ഇതു വരെ വിധി വന്ന ഒരു കേസുകളിലും അദ്ദേഹത്തെ കുറ്റക്കാരനാക്കിയിട്ടില്ല. അതു തന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നിയമസാധുതയ്ക്ക്‌ അടിവരയിടുന്നു. ഒരു തവണ അദ്ദേഹത്തിന്റെ ക്ലിനിക്കില്‍ നിന്ന് രോഗികളുടെ ചികില്‍സാ രേഖകള്‍ പിടിച്ചെടുക്കണം എന്ന ആവശ്യവുമായി എതിര്‍ സംഘം കോടതിയെ സമീപിച്ചപ്പോള്‍, അദ്ദേഹത്തിന്റെ രോഗികള്‍ തന്നെയാണ്‌ പ്രതിരോധിച്ചത്‌.
നിയമപരമായ മാര്‍ഗ്ഗങ്ങളാല്‍ അദ്ദേഹത്തെ തടയാനാവില്ല എന്നു മനസ്സിലായപ്പോഴാണ്‌, പ്രതിയോഗികള്‍ ഒരു വെടിയുണ്ടകൊണ്ട്‌ അതു സാധിക്കാന്‍ ശ്രമിച്ചതും വിജയിച്ചതും. ഹെമിംഗ്‌ വേ പറഞ്ഞത്‌ ഇവിടെ അര്‍ത്ഥവത്താകുന്നു,"നിങ്ങള്‍ക്ക്‌ ഒരാളെ നശിപ്പിക്കാനാവും പക്ഷെ തോല്‍പ്പിക്കാനാവില്ല."
ഡോ:റ്റില്ലറുടെ മരണം, ഈ വിഷയത്തില്‍ ലോകമെമ്പാടും ഒരു പുനര്‍ചിന്തയ്ക്ക്‌ വഴിയൊരുക്കും എന്നു കരുതാം. ലോകത്തിലെ ആളുകള്‍ മുഴുവന്‍ തങ്ങള്‍ തീരുമാനിക്കുന്നതു പോലെ പ്രവര്‍ത്തിക്കണം എന്നു ശാഠ്യം പിടിക്കുന്ന മതമന്ദബുദ്ധികളും ഒരു പുനരാലോചനയ്ക്ക്‌ തയ്യാറാവും എന്നും പ്രതീക്ഷിക്കാം.

Wednesday, May 27, 2009

ശാര്‍ങധരന്‍ , താങ്കള്‍ എവിടെയാണ്?

ഞാന്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നത് തൊടുപുഴ അര്‍ബ്ബന്‍ ബാങ്ക് ഓഡിറ്റോറിയത്തിനു മുന്‍പില്‍ വെച്ചാണ്, ആരെയോ കാത്തുനില്‍ക്കുന്നതു പോലെ. ബ്ലോഗ് മീറ്റിനല്‍പ്പം താമസിച്ചിരുന്നതു കൊണ്ടും മുന്‍ പരിചയം ഇല്ലാതിരുന്നതു കൊണ്ടും അദ്ദേഹത്തെ ശ്രദ്ധിക്കാതെ ഞാന്‍ ഓഡിറ്റോറിയത്തിലേക്ക് കടന്നു. അദ്ദേഹവും പിന്നാലെ അകത്തേക്ക് വന്നപ്പൊള്‍ എനിക്ക് ഒരല്‍പ്പം കുണ്ഠിതം തോന്നി, ആദ്യമായ് കണ്ട ഒരു സഹബ്ലോഗ്ഗറെ അവഗണിച്ചതില്‍ .

സ്വയം പരിചയപ്പെടുത്തല്‍ സമയത്താണ് അദ്ദേഹത്തെ കൂടുതലറിഞത്. ജീവിതത്തില്‍ പല വേഷം കെട്ടിയാടേണ്ടി വന്നെങ്കിലും അന്തിമമായി ജീവിതവിജയം നേടിയ ഒരു വ്യക്തി. ചെറുപ്പത്തില്‍ ആനക്കാരനാവണമെന്ന ആഗ്രഹത്തില്‍ വീട്ടില്‍ നിന്നും ഓടിപ്പോയി, ആറുവര്‍ഷത്തോളം ആനയെ മേയ്ച്ചു. പിന്നെ തയ്യല്‍ക്കാരനായി. (ഒരു വി.എസ് ലൈന്‍ ) പിന്നെ പിന്നെ പല ജോലികള്‍ക്കും ശേഷം സ്റ്റേറ്റ് ബാങ്ക് ജീവനക്കാരനായി, മനസ്സു നിറഞ്ഞ് രണ്ട് മാ‍സം മുന്‍പ് അടുത്തൂണായി. ഇപ്പോള്‍ സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ ഏതോ ഒരു സംഘടനയുടെ സംസ്ഥാന സെക്രട്ടറി. ഇതിനിടെ പല തവണ പോലീസിന്റെ ക്രൂരമര്‍ദ്ദനങള്‍ വാങ്ങിയിട്ടുണ്ട്, ലോക്കപ്പില്‍ കിടന്നിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അദ്ദേഹത്തോട് നിസ്സീമമായ ബഹുമാനം തോന്നി. ഇങ്ങനെ അനുഭവ സമ്പത്തുള്ള ഒരാള്‍ ബൂലോകത്തുള്ളത് നമുക്കൊക്കെ അഭിമാനമല്ലേ?


അദ്ദേഹത്തിന്റെ നാട് എന്റേതിന്റെ അടുത്തായതിനാല്‍ ഞാന്‍ സ്വകാര്യമായി പരിചയം പുതുക്കി. സ്ഥിരമായി ബ്ലോഗ് ചെയ്യാറുണ്ടോ എന്നു ചോദിച്ചപ്പോള്‍ , അതിനെവിടെയാണ് സമയം എന്നദ്ദേഹം പരിഭവപ്പെട്ടു. ശരിയാണ്, യാതൊരു ഭാരവാഹിത്വവും ഇല്ലാത്ത എനിക്കു പോലും അത് സാദ്ധ്യമാവാറില്ല. (അനിലോ മറ്റോ അദ്ദേഹത്തിന്റെ ബ്ലോഗിന്റെ പേര്‍ അന്വേഷിച്ചപ്പോള്‍ , “അങ്ങിനെയൊന്നും പറഞ്ഞിട്ടില്ലല്ലോ“ എന്നായിരുന്നു ആ നിഷ്കളങ്കന്റെ മറുപടി. )


ഉച്ചഭക്ഷണത്തിനു ശേഷം ഉല്ലാസ യാത്രയ്ക്കൊന്നും നില്‍ക്കാതെ അദ്ദേഹം യാത്രയായി. തിരക്കുള്ള മനുഷ്യനല്ലേ, പക്ഷെ ഞങ്ങളൊക്കെ തൊമ്മന്‍ കുത്തിനു മുങ്ങിയതിനാല്‍ അദ്ദേഹത്തോട് യാത്ര പറയാനുള്ള മര്യാദ കാട്ടാനായില്ല. അതില്‍ ഞങ്ങള്‍ക്കൊക്കെ പിന്നീട് ഖേദം തോന്നി.


തൊമ്മന്‍ കുത്ത് യാത്രയ്ക്ക് ശേഷം തിരിച്ചു വന്ന് കാന്താരി ചമ്മന്തി കൂട്ടിയാണ് ഞങ്ങള്‍ ‘അടിച്ചമര്‍ത്തല്‍കാരായ പിന്തിരിപ്പന്‍ ഭരണകൂടത്തിനെതിരെ ബൂലോകത്ത് ഒരു പ്രതിരോധനിര പടുത്തുയത്തുന്നതിന്റെ സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്തത്. പറയുന്നതില്‍ ഖേദമുണ്ട് , ശാര്‍ങധരന്‍, "You missed it!"


പിറ്റേന്ന് വഹാബിന്റെ വക ബ്ലോഗ് മീറ്റ് റിപ്പോര്‍ട്ടില്‍ , ശാര്‍ങധരന്‍ ഒരു പിടികിട്ടാപ്പുള്ളിയായിരിക്കുന്നത് കണ്ടു. പാവം വഹാബ്, “കണ്ടവരുണ്ടെങ്കില്‍ പറയണേ“ എന്ന് കക്ഷിയുടെ അഭ്യര്‍ത്ഥനയും. അതു കൊണ്ട് അദ്ദേഹം പറഞ്ഞ സ്ഥലത്ത് ഒന്ന് അന്വേഷിക്കാം എന്നു കരുതി, എന്റെ ഒരു പൊതു പ്രവര്‍ത്തകനായ ബന്ധുവിനെ വിളിച്ചു. ( “ചോരവീണമണ്ണില്‍ നിന്നുയര്‍ന്നു വന്ന പൂമരം” ; ഡയലര്‍ ടോണ്‍ ).


അദ്ദേഹം അന്വേഷിച്ച് തിരിച്ചു വിളിച്ചു. “ആള്‍ നമ്മുടെ കക്ഷിയാ, ഏടപെടാന്‍ പറ്റിയ ഡീസന്റ് പാര്‍ട്ടി. എന്താ സംഭവം?”


     ************************************************************

പണ്ടോരിക്കല്‍ ശാര്‍ങധരന്‍ (ഈ ശാര്‍ങധരന്‍ ആണോ അതോ വേറേ ശാര്‍ങധരന്‍ ആണോ എന്നറിയില്ല.) കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് വന്നു. ചീ‍ട്ട് എഴുതാനിരുന്ന കക്ഷിക്ക് എത്ര ശ്രമിച്ചിട്ടും പേരെഴുതാന്‍ പറ്റുന്നില്ല. അവസാനം ചീട്ട് സാറു പറഞ്ഞു, “ എന്തൊരു പേരാടോ, ഞാനേതായാലും ബാബു എന്നെഴുതിയിട്ടുണ്ട്, സാബു എന്നു വിളിച്ചാലും കേറിക്കോണം.”

Saturday, May 16, 2009

വയനാട്‌ കാഴ്ചകള്‍. 4 തോല്‍പ്പെട്ടി വന്യജീവി സംരക്ഷണ കേന്ദ്രം.




തോല്‍പ്പെട്ടി വന്യജീവി സംരക്ഷണകേന്ദ്രം രണ്ടു ദിവസം മുന്‍പ്‌ വരെ അടച്ചിട്ടിരിക്കുകയായിരുന്നു. അതു കൊണ്ടു തന്നെ മൃഗങ്ങള്‍ കണ്ടേക്കുമെന്ന് ഫോറസ്റ്റുകാര്‍ പറഞ്ഞു.

തോല്‍പ്പെട്ടിയില്‍ രാവിലേയും വൈകുന്നേരവും രണ്ടു മണിക്കൂറാണ്‌ സന്ദര്‍ശനം അനുവദിച്ചിരിക്കുന്നത്‌. നമുക്ക്‌ വാഹനത്തില്‍ കാടിന്റെ ഉള്ളിലേക്ക്‌ പോകാം. ട്രാവലറും സുമോയും പോലുള്ള വാഹനങ്ങളാണ്‌ അനുവദിച്ചിരിക്കുന്നത്‌. അല്ലെങ്കില്‍ അവിടെ തന്നെ ജീപ്പുകള്‍ വാടകയ്ക്ക്‌ കിട്ടും. നമുക്ക്‌ സ്വന്തം വാഹനം ഉണ്ടായിരിക്കുന്നതാണ്‌ നല്ലത്‌, കാരണം വാടകയ്ക്ക്‌ വരുന്ന വണ്ടിക്കാര്‍ക്ക്‌ എത്രയും പെട്ടെന്ന് ഓടിച്ച്‌ തീര്‍ക്കാനാണ്‌ താല്‍പര്യം. അപ്പോള്‍ കാഴ്ച മുടങ്ങും.

ഞങ്ങള്‍ വൈകുന്നേരമാണ്‌ ചെന്നത്‌. മൂന്നര മുതല്‍ സഫാരി തുടങ്ങും. ടിക്കറ്റ്‌എടുക്കുമ്പോള്‍ ഗൈഡ്‌ ഫീസും നിര്‍ബന്ധമായ്‌ നല്‍കണം. ഓരോ വണ്ടിയിലും ഗൈഡ്‌ ഉണ്ടാവും. വാഹനങ്ങള്‍ അഞ്ചു പത്ത്‌ മിനുറ്റ്‌ ഇടവിട്ടാണ്‌ വിടുന്നത്‌.

തോല്‍പ്പെട്ടി വനത്തിനുള്‍വശം ശരിക്കും വൈവിദ്ധ്യം കൊണ്ട്‌ നമ്മെ അത്ഭുതപ്പെടുത്തും. ഓരോ ഭാഗത്തും കാട്‌ ഓരോ വിധമാണ്‌. ചിലടത്ത്‌ നിബിഢ വനമാണെങ്കില്‍ മറ്റു ചിലടത്ത്‌ കുറ്റിക്കാടുകള്‍, മറ്റു ചിലടത്ത്‌ പ്ലന്റേഷന്‍ പോലെ. നാലാമതൊരിടത്ത്‌ ഇല്ലിക്കാട്‌. ഓരോ തരം കാടുകളുടെ മാതൃകകള്‍ ഉണ്ടാക്കി വെച്ചിരിക്കുകയാണോ എന്നു തോന്നിപ്പോകും.

ഞങ്ങള്‍ക്ക്‌ സാമാന്യം ഭാഗ്യമുണ്ടായിരുന്നു. ധാരാളം മൃഗങ്ങളെ കാണാനായി, ആനയുള്‍പ്പടെ. ആനയെക്കണ്ടത്‌ ഭാഗ്യമായി എന്നു ഗൈഡ്‌ പറഞ്ഞു, അത്‌ അപൂര്‍വ്വമാണത്രെ!
സാവകാശം പോകുകയാണെങ്കില്‍ ഒന്നരമണിക്കൂറോളം യാത്രയുണ്ട്‌.

Sunday, May 10, 2009

തൊമ്മന്‍കുത്ത്‌ കാഴ്ചകള്‍.

തൊടുപുഴ ബ്ലോഗ്‌ മീറ്റിനു പങ്കെടുക്കാന്‍ സംശയിച്ചു നില്‍ക്കുന്നവര്‍ക്ക്‌ ഒരു പ്രലോഭനമായി കുറച്ചു ഫോട്ടോകള്‍ പോസ്റ്റുന്നു. ഇപ്പോള്‍ വെള്ളം കുറവാണ്‌, എങ്കിലും ഈ ദിവസങ്ങളില്‍ അല്‍പ്പസ്വല്‍പ്പം മഴ ഉള്ളതിനാല്‍ മെച്ചപ്പെട്ടേക്കും

Saturday, April 25, 2009

വയനാട്‌ കാഴ്ചകള്‍. 3 എടയ്ക്കല്‍ ഗുഹ.



ഒരു പക്ഷെ വയനാട്ടിലെ ഏറ്റവും പ്രസിദ്ധമായ കാഴ്ചയാവണം എടയ്ക്കല്‍ ഗുഹ. നവീന ശിലായുഗ ചിത്രങ്ങള്‍ കോറിയിട്ടിരിക്കുന്ന ഈ ഗുഹ 1890 ല്‍ പുറംലോകത്തിനു വെളിപ്പെടുമ്പോള്‍ ഇന്‍ഡ്യയിലെ ഇത്തരത്തിലുള്ള ആദ്യ പൗരാണിക ശേഷിപ്പായിരുന്നു അത്‌.

ഏടക്കല്‍ ഗുഹ അമ്പലവയലിനടുത്തുള്ള അമ്പുകുത്തി മലകളിലാണ്‌. ശ്രീ രാമന്‍ നിഗ്രഹിച്ച ശൂര്‍പ്പണഖയുടെ ശരീരം ഉറഞ്ഞതാണ്‌ അമ്പുകുത്തിമല എന്നൊരു വിശ്വാസം ഉണ്ട്‌. അമ്പിന്റെ മുറിവാണത്രെ ഗുഹ. (ശ്രീ രാമന്റെ കാലം നവീനശിലയുഗത്തിനു മുന്‍പോ, അതോ പിന്‍പോ? :)) ഏതായാലും ഒരു കിടക്കുന്ന സ്ത്രീരൂപത്തിന്റെ ഏകദേശരൂപമുണ്ട്‌ മലയ്ക്ക്‌. വണ്ടിയോടുന്നതിനിടയില്‍ കിട്ടിയ ആ നിമിഷക്കാഴ്ച ഒരു ഫ്രയിമില്‍ ഒതുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

നമ്മുടെ വാഹനം പാര്‍ക്കു ചെയ്യുന്ന ഇടത്തുനിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ കയറണം ഗുഹയിലെത്താന്‍. ഗുഹാമുഖത്തിന്റെ ഏകദേശം സമീപം വരെ ജീപ്പ്‌ കിട്ടും. നടക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ജീപ്പിലാവാം യാത്ര. വഴി സാമാന്യം കുത്തനെയാണെങ്കിലും, കോണ്‍ക്രീറ്റ്‌ ചെയ്ത്‌ ഭംഗിയാക്കിയിട്ടുണ്ട്‌. ഇടക്ക്‌ റിസോര്‍ട്ടൊക്കെ പൊങ്ങിയിരിക്കുന്നു. അവസാനത്തെ ഒരു 200 മീറ്റര്‍ നടക്കുക തന്നെ വേണം.
ഗുഹ സന്ദര്‍ശിക്കാന്‍ പാസ്സ്‌ എടുക്കണം. അടുങ്ങിയിരിക്കുന്ന പാറകളുടെ ഇടയ്ക്കുള്ള അല്‍പ്പം വിടവിലൂടെ വേണം അകത്തു കടക്കാന്‍.



 സത്യത്തില്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നത്‌ തുരങ്കം പോലുള്ള ഒന്നാണ്‌. ഇതങ്ങിനെയല്ല, വിണ്ടുപൊട്ടി മാറിയ (ഭൂകമ്പത്തിലോ മറ്റോ) വമ്പന്‍ പാറകളുടെ ഇടയിലുള്ള സ്ഥലമാണ്‌ ഗുഹയായി രൂപപ്പെട്ടിരിക്കുന്നത്‌.
ആദ്യം നമ്മള്‍ പ്രവേശിക്കുന്നത്‌ അധികം വലിപ്പമില്ലാത്ത ഒരു അറയിലാണ്‌. അവിടെ നിന്ന് മറുവശം വഴി പുറത്തിറങ്ങി വീണ്ടും കുത്തനെ മുകളിലേക്ക്‌ കയറിയാല്‍ പ്രധാന അറയായി. ഇടയക്കുള്ള ഈ കയറ്റം അല്‍പം ആയാസകരം തന്നെയാണ്‌. ഇവിടെ ഇരുമ്പുകൊണ്ടുള്ള ഗോവണികള്‍ ഘടിപ്പിച്ചിട്ടുണ്ട്‌.



പ്രധാന അറ സാമാന്യം വലിപ്പമുള്ളതാണ്‌



അറയുടെ എതിര്‍വശത്ത്‌ മേല്‍ഭാഗം പൂര്‍ണ്ണമായി മറഞ്ഞിട്ടില്ല. അതു വഴി പ്രകാശം ഉള്ളിലെത്തുന്നുണ്ട്‌ 



ഈ അറയിലെ ഭിത്തികളിലാണ്‌ ചിത്രങ്ങളുള്ളത്‌. ചിത്രങ്ങളെന്നാല്‍ ഒരു വക റിലീഫ്‌ പോലെയാണ്‌ ചെയ്തിരിക്കുന്നത്‌, പാറയില്‍ കോറി വെച്ചതു മാതിരി. പ്രധാനമായും എടുത്തു കാണുന്ന ഒരു രൂപം ശിരോലങ്കാരം ധരിച്ച ഒരു പുരുഷന്റേതാണ്‌



 ഒരു പക്ഷെ ദൈവ സങ്കല്‍പ്പമോ അല്ലെങ്കില്‍ ഗോത്രമുഖ്യനോ ആവാം. അടുത്തു തന്നെ ഒരു സ്ത്രീ രൂപവുമുണ്ട്‌. പിന്നെ മറ്റ്‌ അനേകം മനുഷ്യരൂപങ്ങളും, മൃഗ രൂപങ്ങളും ശ്രദ്ധിച്ചാല്‍ മനസ്സിലാകും




div

(ചിത്രം6).
 ഏകദേശം കന്നഡ പോലെ തോന്നിക്കുന്ന ചില ലിപികള്‍ ഒരു വശത്തായുണ്ട്‌. ബ്രഹ്മി ലിപിയാണെന്ന് ഗൈഡ്‌ പറയുന്നു. എടക്കലെ ലിഖിതങ്ങള്‍ പല കാലഘട്ടങ്ങളിലേതാണെന്ന് വിദദ്ധര്‍ പറയുന്നത്‌, BC രണ്ടാം നൂറ്റാണ്ടിലെ വരെ ലിഖിതങ്ങള്‍ ഉണ്ടത്രെ, ഒരു പക്ഷെ അതാവുമിത്‌.
മറു വശത്തെ ഭിത്തിയില്‍ ഒരു സ്ത്രീ രൂപം വരഞ്ഞിരിക്കുന്നതു കണ്ടു. അതു മിക്കവാറും ആധുനിക യുഗത്തിലെ ഏതെങ്കിലും മാനസിക രോഗിയുടേതാവാനാണ്‌ സാദ്ധ്യത



 (ചിത്രം7).

ഗുഹാമുഖത്തു നിന്ന് വീണ്ടും മുകളിലേക്ക്‌ കയറാം, അമ്പുകുത്തി മലയുടെ മുകള്‍ ഭാഗം വരെ. പക്ഷെ ഗൈഡുകളുടെ നിരുത്സാഹപ്പെടുത്തലും, ഒപ്പമുള്ളവരുടെ നിര്‍ബന്ധത്തിനും വഴങ്ങി കയറണ്ട എന്നു വെച്ചു.



ഗുഹാമുഖത്തു നിന്നുമുള്ള കാഴ്ച.

എടയ്ക്കല്‍ ഗുഹാസന്ദര്‍ശനം നല്ലൊരനുഭവമാണെങ്കിലും ഒട്ടും സുരക്ഷിതമല്ല. ഗോവണികള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയും അത്ര സുരക്ഷിതം ആണെന്നു തോന്നിയില്ല. കയറ്റത്തിനിടെ ഒരാള്‍ തെന്നുകയോ പിടിവിടുകയോ ചെയ്താല്‍ വലിയൊരു അത്യാഹിതമായിരിക്കും സംഭവിക്കുക. അത്‌ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം എന്നു ഭയക്കുന്നു. സത്യത്തില്‍ ഏടയ്ക്കല്‍ പോലുള്ള ഒരു സ്ഥലം ഇങ്ങനെ പൊതു സന്ദര്‍ശനത്തിന്‌ തുറന്നു വെയ്ക്കണൊ എന്നു തന്നെ ഒന്നു കൂടി ചിന്തിക്കേണ്ടതാണ്‌. (ലെസ്കോയിലും മറ്റും പൊതു ജനത്തിന്‌ പ്രവേശനമുള്ളത്‌ ചിത്രങ്ങള്‍ പുനസൃഷ്ടിച്ചിരിക്കുന്നിടത്താണ്‌. സാക്ഷാല്‍ സ്ഥലം പരിരക്ഷിച്ചിരിക്കുകയാണ്‌.)

Wednesday, April 22, 2009

വയാനാട്‌ കാഴ്ചകള്‍. 2 കുറുവ ദ്വീപ്‌.

വയനാട്‌ യാത്രക്ക്‌ പുറപ്പെടുന്നതു വരെ കുറുവ ദ്വീപിനെപ്പറ്റി വലിയ ധാരണയുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ വലിയ പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഡി.റ്റി.പി.സിയുടെ ബ്രോഷറില്‍ നിന്നും അല്‍പ്പം വിവരം കിട്ടി, ഭവാനി നദിയിലെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു ദ്വീപാണ്‌, ഏകദേശം 900 ഏക്കര്‍ വരും എന്നിങ്ങനെ. ഏതായാലും ഒന്നു പോകുക തന്നെ എന്നു വെച്ചു.


ഞങ്ങള്‍ തങ്ങിയ മീനങ്ങാടി എന്ന സ്ഥലത്തുനിന്നും മാപ്പ്‌ നോക്കിയാണ്‌ യാത്ര ആരംഭിച്ചത്‌. ഏകദേശം സമീപ പ്രദേശത്ത്‌ എത്തിയപ്പോള്‍ വഴി അന്വേഷിച്ചു. ഈ വഴിക്കും പോകാം, ആ വഴിക്കും പോകാം എന്ന രീതിയിലുള്ള വ്യക്തമല്ലാത്ത മറുപടികളാണ്‌ കിട്ടിയത്‌. ഏതായാലും അധികം ചുറ്റാതെ സ്ഥലം പറ്റി. വണ്ടി ചെന്നെത്തുന്ന സ്ഥലത്ത്‌ ടൂറിസം പ്രൊമോഷന്റെ വക ഓഫീസും, കുറച്ചു കടകളും മറ്റും ഉണ്ട്‌. ഹോട്ടലുകളില്‍ ഉച്ചക്കത്തേക്കുള്ള ഭക്ഷണം പറഞ്ഞ്‌ ഏര്‍പ്പാടാക്കിയിട്ട്‌ പോകാം, തിരിച്ചെത്തുമ്പോഴേക്ക്‌ തയ്യാറായിരിക്കും.
ഇവിടെ നിന്ന് പുഴ്യുടെ ഒരു കൈവഴി കടന്നു വേണം ദ്വീപിലെത്താന്‍. പുഴ ഇവിടെ അധികം ആഴമില്ലാതെ പരന്നൊഴുകുകയാണ്‌. നിറയെ പാറകളും, ഇടയ്ക്കൊക്കെ ചെടികള്‍ വളര്‍ന്നു നില്‍ക്കുന്ന തുരുത്തുകളും. ഒരു രൂപ കൊടുത്താല്‍ വള്ളത്തില്‍ കടത്തി തരും. അതു വേണ്ട എന്നു വെച്ചു, അതിലെന്താണൊരു ത്രില്‍? വെള്ളമുള്ള ഭാഗം വഴി കടക്കുമ്പോള്‍ സൂക്ഷിക്കണം, നല്ല വഴുക്കലാണ്‌. അത്യാവശ്യം മനുഷ്യച്ചങ്ങല പിടിച്ചും മറ്റും മറുകര പറ്റി.

ദ്വീപില്‍ പ്രവേശിക്കുന്ന ഭാഗത്താണ്‌ ടിക്കറ്റ്‌ കൗണ്ടര്‍. കച്ചി മേഞ്ഞ്‌ ചെറിയ കുടില്‍ പോലെ. വലിയവര്‍ക്ക്‌ 10 രൂപ, കുട്ടികള്‍ക്ക്‌ 5, ക്യാമറ 25, വീഡിയോ 100 എന്നിങ്ങനെ നിരക്ക്‌. (വീഡിയോ കയ്യിലുണ്ടെങ്കില്‍ പിശുക്കണ്ട!) അവിടെ നിന്ന് ഏകദേശം അര മണിക്കൂറോളം നടക്കാം. നിരപ്പാണ്‌ നടവഴി. പലതരത്തിലുള്ള വൃക്ഷങ്ങളാണ്‌ ഇവിടത്തെ ആകര്‍ഷണം. ഇതിനു മുന്‍പ്‌ കണ്ടിട്ടില്ലാത്ത തരം പല തരം വന്മരങ്ങള്‍. ഇവിടെ അടിക്കാട്‌ പൊതുവേ കുറവാണ്‌. ഇതിനിടെ മുളംകാടുകളുമുണ്ട്‌. കുറച്ചു കഴിഞ്ഞാല്‍ യാത്ര പുഴയോരം വഴിയാകും. കണ്ടല്‍ കാടുകളും ഉണ്ട്‌.

കുറച്ചു കൂടി നടന്നാല്‍ ആദ്യത്തെ അരുവിയായി. ഒരു ഇരുപത്‌ മുപ്പതടി വീതിയില്‍ പരന്നൊഴുകുകയാണ്‌. മുട്ടിനു മീതെ വെള്ളമില്ല, എന്നാലും സൂക്ഷിക്കണം. കാരണം ഇവിടേയും നല്ല വഴുക്കലാണ്‌. സാമാന്യം സാമര്‍ത്ഥ്യം ഇല്ലങ്കില്‍ വീണതു തന്നെ. വെള്ളത്തിനു താഴെയുള്ള പാറയില്‍ ചവിട്ടാതിരിക്കുന്നതാണ്‌ ബുദ്ധി. അരുവിക്കിരുവശവും അധികം വലിപ്പമില്ലാത്ത മരങ്ങളാണ്‌.

ഈ സ്ഥലത്തിന്റെ മനോഹാരിത കണ്ടു തന്നെ മനസ്സിലാക്കണം. തിരക്കില്ലെങ്കില്‍ കുറച്ചു സമയം വെള്ളത്തില്‍ കിടക്കാം. ( ഒരിക്കലും തിരക്കിട്ട്‌ വയനാട്‌ കാണാന്‍ പോകല്ലേ!) യാത്ര തുടര്‍ന്നാലും കുഴപ്പമില്ല, കാരണം ഇത്തരം രണ്ട്‌ അരുവികല്‍ കൂടി മുന്നിലുണ്ട്‌.

കുറുവ ദ്വീപ്‌ കാണുമ്പോള്‍ അവിടുത്തെ അതി മനോഹാരിതയ്ക്കൊപ്പം, മനുഷ്യന്റെ എല്ലാ കയ്യേറ്റങ്ങളും അതിക്രമങ്ങളും ഈ സ്ഥലമെങ്ങനെ അതി ജീവിച്ചു എന്ന ചിന്തയും നമ്മളെ അത്ഭുതപ്പെടുത്തും. ആരുടെയൊക്കെയോ പുണ്യമാവാം. ഏതായാലും അവിടുത്തെ ഉത്തരവാദിത്വപ്പെട്ടവര്‍ ആ സ്ഥലത്തോട്‌ നീതി പുലര്‍ത്തുന്നുണ്ട്‌, ഒരു കുപ്പിയോ ഒരു പ്ലാസ്റ്റിക്‌ വേസ്റ്റോ അവിടെങ്ങും കാണാനില്ല. വളരെ സന്തോഷം തോന്നി. (ഇപ്പോള്‍ ഓര്‍മ്മ വരുന്നത്‌ തൊടുപുഴയ്ക്കടുത്ത തൊമ്മന്‍ കുത്താണ്‌. ഇതിനോട്‌ കിടനില്‍ക്കുന്ന ഒരു സ്ഥലമായിരുന്നു, പക്ഷെ ഇപ്പോള്‍, ഭാവനയില്ലാത്ത അധികാരികളുടേയും ഉത്തരവാദിത്വമില്ലാത്ത സന്ദര്‍ശകരുടേയും അക്ഷീണശ്രമഫലമായി അവിടം ഒരു കുപ്പത്തൊട്ടിയായിട്ടുണ്ട്‌. ഹരീഷ്‌ കേള്‍ക്കുന്നുണ്ടോ?)

ജീവിതത്തില്‍ ഒരിക്കലെങ്കിലും തീര്‍ച്ചയായും പോയിരിക്കേണ്ട സ്ഥലമാണ്‌ കുറുവ ദ്വീപ്‌. വരും തലമുറകള്‍ക്കു വേണ്ടിയും ഇതേ ഭംഗിയില്‍ അവിടം നിലനില്‍ക്കട്ടെ.

"Take nothing, but memories. Leave nothing, but foot prints"

Saturday, April 18, 2009

വയനാട്‌ കാഴ്ചകള്‍. 1. പൂക്കോട്‌ തടാകം.

ഊട്ടിയിലേയോ കൊഡൈക്കനാലിലേയോ തടാകങ്ങളുടെയത്ര വിസ്‌തൃതിയില്ലെങ്കിലും അവയെക്കാളൊക്കെ ഹൃദയഹാരിയാണ്‌ വയനാട്ടിലെ പൂക്കോട്‌ തടാകം. പ്രധാന കാരണം, പൂക്കോട്‌ കാര്യമായി വാണിജ്യവല്‍ക്കരിക്കപ്പെട്ടിട്ടില്ല എന്നതും ഒട്ടും മലിനീകരിക്കപ്പെട്ടിട്ടില്ല എന്നതുമാണ്‌. ഏറ്റവും സന്താഷകരം, പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ കാണാന്‍ തന്നെയില്ല എന്നതാണ്‌. അവിടുത്തെ നടത്തിപ്പുകാരെ ആ കാര്യത്തില്‍ അഭിനന്ദിക്കണം.
തടാകത്തില്‍ ബോട്ട്‌ യാത്രയാവാം. തുഴയുന്ന തരവും, ചവിട്ടുന്ന തരവും ബോട്ടുകള്‍ ലഭ്യമാണ്‌. യന്ത്രം ഘടിപ്പിച്ചവയില്ല, നല്ല കാര്യം. ഊഴത്തിനായി അധികസമയം കാത്തുനില്‍ക്കേണ്ടിയും വരുന്നില്ല.
തടാകത്തിനു ചുറ്റും നടവഴിയുണ്ട്‌. കാടും തടാകവും അതിരിടുന്ന വഴിയിലൂടുള്ള യാത്ര നല്ല ഒരു അനുഭവം തന്നെ.
പ്രകൃതിയുടെ പാശ്ചാത്തലം നോക്കിയാല്‍ ഇതിലും മനോഹരമാവണം മൂന്നാറിലെ കുണ്ടള തടാകം. പക്ഷെ അവിടം വേണ്ടുംവണ്ണം പരിപാലിക്കപെടുന്നില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ പൂക്കോട്‌ തന്നെയാവണം കേരളത്തിലെ ഏറ്റവും നല്ല തടാകം.











Sunday, March 22, 2009

വ്യത്യസ്തനായൊരു ചിത്രകാരന്‍.

വ്യത്യസ്തനായൊരു ചിത്രകാരന്‍.
എറണാകുളം മറൈന്‍ ഡ്രൈവില്‍ നിന്നൊരു കാഴ്ച.


Wednesday, March 18, 2009

ചിരിക്കുന്ന യേശു.

വളരെ ചെറുപ്പത്തിലേ പരിചയപ്പെട്ട ബാലമാസികയായ സ്നേഹസേനയില്‍ പോലും യേശുവിനെ ചിരിച്ചു കണ്ടിട്ടില്ല. അതിനുള്ള അവസരം ആദ്യമുണ്ടായത്‌ പാഷന്‍ ഒഫ്‌ ദ ക്രൈസ്റ്റിലാണെന്നു തോന്നുന്നു. പിന്നെയിപ്പോഴിതാ യാദൃശ്ചികമായി കണ്ട ഈ കലണ്ടര്‍ ചിത്രത്തിലും! അപൂര്‍വ്വത കൊണ്ടോ ആ ചിരിയുടെ ഭംഗി കൊണ്ടോ, എന്തോ വിട്ടുപോരാനായില്ല, മൊബൈലില്‍ പകര്‍ത്തി.


ഈ ചിത്രത്തെപ്പറ്റി കൂടുതലറിയുന്നവര്‍ പറയണേ.