Thursday, July 07, 2011

മതസഹിഷ്ണുതയുടെ ശാസ്ത്രം.


മുന്‍ ഭാഗങ്ങള്‍ ഇവിടെ: 1, 2,    3.

മതസഹിഷ്ണുതയുടെ ശാസ്ത്രത്തെപ്പറ്റി ചർച്ച ചെയ്യുമ്പോൾ ആദ്യം നമ്മൾ മീമുകളെ പരിചയപ്പെടണം

മീമുകള്‍ (Memes)
(മെറിയം വെബ്സ്റ്റർ നിഘണ്ടു മീംസ് എന്നാണ് ഉച്ചാരണം നൽകുന്നത്.)

ആവര്‍ത്തിച്ച് അനുകരിക്കപ്പെടുന്ന ആശയമോ, രീതിയോ, അല്ലെങ്കില്‍ ഒരു സാംസ്കാരിക ഘടകമോ ആണ് മീം. ഉദാഹരണത്തിന്, നമ്മള്‍ മുതിര്‍ന്നവരെ കാണുമ്പോള്‍ എഴുനേല്ക്കുന്നു. അത് ഒരു ബഹുമാനപ്രകടനമായി പല കാലങ്ങളും പല തലമുറകളുമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന ഒരു സംഗതിയാണ്. ജീവന്റെ അടിസ്ഥാന ഘടകം 'ജീനുകള്‍' എന്നപോലെ സംസ്കാരത്തിന്റെ അടിസ്ഥാന ഘടകം എന്ന തരത്തില്‍ മീമുകളെ ആദ്യം നിര്‍വചിച്ചത് പ്രമുഖ പരിണാമശാസ്ത്രജ്ഞനായ റിച്ചഡ് ഡോക്കിന്‍സ് ആണ്.

ജീനുകളും മീമുകളും തമ്മില്‍ അനവധി സാദൃശ്യങ്ങളും അതു പോലെ വൈരുദ്ധ്യങ്ങളും ഉണ്ട്. ജീനുകള്‍ പ്രോട്ടീനുകള്‍ നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശങ്ങളും അതിന്‍ പ്രകാരം ജീവികളുടെ ജൈവഗുണം നിര്‍ണ്ണയിക്കുകയും ചെയ്യുന്നവയാണെന്നിരിക്കെ, മീമുകള്‍ പെരുമാറ്റങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും അങ്ങിനെ മനുഷ്യരുടെ സംസ്കാരം നിര്‍ണ്ണയിക്കുകയും ചെയ്യുന്ന ഘടകവുമാവുന്നു. ജീനുകളുടെ വ്യതിയാനങ്ങള്‍ ജൈവ പരിണാമത്തിന് കാരണമാകുമ്പോള്‍ മീമുകളുടെ വ്യതിയാനം സാംസ്കാരിക പരിണാമത്തിന് കാരണമാകുന്നു.

ജീനുകളും മീമുകളും ഒരു പോലെ അതിജീവനത്തിനാണ് ശ്രമിക്കുന്നത്. ജീനുകള്‍ സ്വയം പതിപ്പുകള്‍ നിര്‍മ്മിച്ച് തുടര്‍ച്ച നിലനിര്‍ത്തുമ്പോള്‍ മീമുകള്‍ അനുകരിക്കപ്പെട്ടാണ് തുടര്‍ച്ച സാധിക്കുന്നത്. ജീനുകളെപ്പോലെ തന്നെ മീമുകളും വ്യതിയാനങ്ങള്‍ക്ക് (മ്യുട്ടേഷന്‍ ) വിധേയമാണ്. വ്യതിയാനങ്ങള്‍ ജീനുകളുടേയും മീമുകളുടേയും അതിജീവനത്തെ സ്വാധീനിക്കുന്നു. എന്നാല്‍ ജീനുകള്‍ കൃത്യമായ ഒരു ഡാര്‍വീനിയന്‍ തത്വം പിന്തുടരുമ്പോള്‍ മീമുകള്‍ ലമാര്‍ക്കിയന്‍ തത്വവും അനുസരിക്കുന്നു. ജീനുകളുടെ കാര്യത്തിലെന്ന പോലെ മീമുകളും വ്യത്യസ്ഥ പരിസ്ഥിതികളില്‍ വ്യത്യസ്ഥമായ അതിജീവനശേഷിയാണ് പ്രകടിപ്പിക്കുന്നത്. നിലവിലെ പരിസ്ഥിതിയില്‍ അനുയോജ്യമായ ജീനുകളും മീമുകളും അതിജീവിക്കും. അനുയോജ്യമല്ലാത്തവ അതിജീവനത്തിനുള്ള മത്സരത്തില്‍ പിന്തള്ളപ്പെടുകയും നശിച്ചുപോവുകയും ചെയ്യും .
മീമുകളുടെ സാദ്ധ്യതകള്‍ അതി വിശാലമാണ്. ഭാഷയുടെ ഉത്ഭവം മുതല്‍ ബൃഹത്തായ വര്‍ത്തമാനകാല സാംസ്കാരിക വൈവിദ്ധ്യം വരെ മീമുകളുടെ പരിധിയില്‍ വരും.

മതങ്ങള്‍ എന്ന മീംപ്ലക്സസ്

പല വിധ മീമുകളുടെ ഒരു സംഘാതമായാണ് (മീംപ്ലക്സ്) മതങ്ങളെ, മനശാസ്ത്രജ്ഞയും ഗവേഷകയുമായ ഡോ: സൂസന്‍ ബ്ലാക് മോര്‍ വിലയിരുത്തുന്നത്. ഈ മീമുകളുടെ അതിജീവനശേഷിയാണ് മതങ്ങളുടെ ശക്തി. എന്നു വെച്ചാല്‍ മതസ്ഥാപകര്‍ അത്ര ഫലവത്തായ മീമുകള്‍ ഉള്‍പ്പെടുത്തിയാണ് മതങ്ങള്‍ സ്ഥാപിച്ചത് എന്നല്ല, മറിച്ച് കാലാന്തരങ്ങളായി പരിണമിച്ച് അതിജീവന ശേഷി തെളിയിച്ച മീമുകള്‍ മതങ്ങളില്‍ ഒത്തു ചേര്‍ന്നിരിക്കുന്നു. എല്ലാ മതങ്ങളുടേയും ഉത്ഭവം വളരെ എളിയ രീതിയില്‍, കുറച്ച് അനുയായികളും വൈകാരികത ഉണര്‍ത്താന്‍ കഴിവുള്ള ഒരു നേതാവും എന്ന രീതിയിലൊക്കെ തന്നെയാണ്. ഉള്‍പ്പെടുന്ന മീമുകളും കുറവായിരിക്കും. എന്നാല്‍ മീമുകളും അതിജീവനത്തിനാണ് ശ്രമിക്കുന്നത് എന്നു നാം നേരത്തെ തന്നെ കണ്ടു. ഈ അതിജീവനം സാധിക്കുന്നത് അതിന്റെ വാഹനത്തിന്റെ (ഇവിടെ മതം അല്ലെങ്കില്‍ മത വിശ്വാസി.) പ്രകട ഗുണങ്ങള്‍ കൊണ്ടാണ്. അതിനാല്‍ ക്രമേണ മീമുകള്‍ സ്വയം പരിവര്‍ത്തനപ്പെടുത്തി വാഹനത്തിന്റെ പ്രകട ഗുണങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി മാറ്റുന്നു. ഇതേ ആവശ്യത്തിനായി മറ്റു മീമുകളെ കൂടെ ചേര്‍ക്കുകയും ചെയ്യും. ഇങ്ങനെയാണ് താരതമ്യേന ലളിതമായി തുടങ്ങുന്ന മതങ്ങളും വിശ്വാസരീതികളും കാലക്രമേണ സങ്കീർണ്ണമായ ചടങ്ങുകളിലേക്കും ആചാരങ്ങളിലേക്കും മാറുന്നത്.

സത്യത്തില്‍ മീമുകളെ വിശദീകരിക്കാന്‍ ഏറ്റവും നല്ല ഒരു ഉദാഹരണമാണ് മതങ്ങള്‍. മതങ്ങള്‍ക്ക് മനുഷ്യ ജീവിതത്തില്‍ ഇത്ര സ്വധീനം വരാന്‍ എന്താണ് കാരണം? മനുഷ്യനെ കുഴക്കിയിരുന്ന പല അസ്തിത്വ പ്രശ്നങ്ങള്‍ക്കും മതങ്ങള്‍ ഉത്തരം നല്കി. ഞാനാരാണ്? ജീവിതം എന്താണ്? മരണം, മരണ ശേഷം എന്താവും? ഇത്തരം ചോദ്യങ്ങള്‍. ഉത്തരങ്ങള്‍ മിക്കവാറും ഒക്കെ അര്‍ത്ഥരഹിതവും അയഥാര്‍ത്ഥവും ആയിരുന്നു എങ്കിലും അവയേയും രക്ഷിച്ചെടുക്കാന്‍ പുതിയ മീമുകള്‍ കൂടെക്കൂടി. അത്തരത്തിലൊന്നാണ് വിശ്വാസം (faith) എന്ന മീം. മതങ്ങള്‍ നല്കുന്ന ഉത്തരങ്ങള്‍ വിശ്വസിച്ചുകൊള്ളണം, അവയെ സംശയിക്കാനോ ചോദ്യം ചെയ്യാനോ പാടില്ല എന്ന് ഈ പുതിയ മീം നിർബന്ധിച്ചു. മറ്റൊന്ന്, മതവിശ്വാസങ്ങളെ കേവലസത്യങ്ങളായി  (truth) തുല്യപ്പെടുത്തുന്ന മീമുകള്‍. ക്രിസ്ത്യന്‍ വിശ്വാസത്തില്‍ ക്രിസ്ത്യന്‍ ദൈവത്തെ ഏകസത്യമായും വിശ്വാസത്തെ സത്യവിശ്വാസമായും വിശേഷിപ്പിക്കുന്നത് ഓര്‍ക്കുക. സ്ഥാപനവല്ക്കരിച്ച പ്രാര്‍ത്ഥനകള്‍ മറ്റൊരുതരം മീമാണ്. ദൈവം സര്‍വ്വവ്യാപിയാണെന്ന് മതങ്ങള്‍ പറയുമ്പോഴും ഒരു സ്ഥാപനത്തെ കേന്ദ്രീകരിച്ചുള്ള അഭ്യര്‍ത്ഥനകള്‍ (ആരാധന) മതങ്ങള്‍ ഉപദേശിക്കുന്നു. ഇങ്ങനെ ഒരു ആരാധനാലയത്തെ കേന്ദ്രീകരിച്ച് അനുയായികള്‍ ഒത്തുകൂടുന്നത്, മതമെന്ന മീംപ്ലക്സിന് പൊതുവായി ഒരു അതിജീവനഗുണം നല്കുന്ന മീമാണ്.

ജീനുകളും മീമുകളും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ എപ്പോഴും ഉയര്‍ന്നു വരുന്ന ഒരു വ്യത്യാസം അവയുടെ പുനസൃഷ്ടിയിലെ വ്യത്യാസമാണ്. ജീന്‍ കോഡിങ്ങ് ഡിജിറ്റല്‍ എന്നു തന്നെ പറയാവുന്ന കൃത്യതയില്‍ ഉള്ളവയാണ്. എന്നാല്‍ മീമുകള്‍ അനുകരണം വഴിയാണ് മിക്കവാറും പുനസൃഷ്ടിക്കപ്പെടുന്നത്. അതിനാല്‍ കൃത്യത കുറയും. അതു കൊണ്ടു തന്നെ അവയുടെ അതിജീവനം അപകടത്തിലാവാന്‍ സാദ്ധ്യതയുണ്ട്. മതം അതിനും മാര്‍ഗ്ഗം കണ്ടെത്തി. അതിന്റെ മീമുകള്‍ നേര്‍ത്തു പോകുന്നതു തടയുവാന്‍ അവയെ രേഖപ്പെടുത്തി വെച്ചു. സംശയിക്കണ്ട, അവ തന്നെ വിശുദ്ധ ഗ്രന്ഥങ്ങള്‍. അവയില്‍ തന്നെ പലതിലും, ആ ഗ്രന്ഥങ്ങളില്‍ മാറ്റം വരുത്തുന്നത് ദൈവകോപത്തിന് വഴിവെക്കും എന്നൊരു മീം കൂടെ ഉള്‍പ്പെടുത്തി കാര്യങ്ങള്‍ ഇരട്ടി ദൃഢതയില്‍ ഉറപ്പാക്കി. അതുപോലെ നേര്‍ത്തു പോകലിനെ പ്രതിരോധിക്കുന്ന ഒരു തന്ത്രമാണ് മീമുകളുടെ കൃത്യമായ വിശദീകരണം. ക്രിസ്തു ശിഷ്യന്മാരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചതായി പറയുന്നത്, മുസ്ലീങ്ങളുടെ നിസ്കാരം ഇതൊക്കെ ഉദാഹരണം.

പ്രകൃതിനിര്‍ധാരണത്തില്‍ ജീവികള്‍ ജീനുകളൂടെ വ്യതിയാനമനുസരിച്ച് പരിസ്ഥിതി സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുകയോ നശിച്ചുപോവുകയോ ചെയ്യുന്നതു പോലെ തന്നെ മീംപ്ലക്സുകളും ബാഹ്യസമ്മര്‍ദ്ദങ്ങളെ അതി ജീവിക്കാന്‍ മീമുകളെ രൂപം മാറ്റുകയോ, പുതിയ മീമുകളെ ഉള്‍ക്കൊള്ളുകയോ, നിലവിലുള്ളതിനെ തിരസ്കരിക്കുകയോ ചെയ്യും. വിഭിന്ന മതങ്ങളില്‍ നിലവിലിരുന്ന മൃഗബലി തന്നെ ഉദാഹരണം. മനുഷ്യന്റെ 'മാനുഷിക ബോധം'വികാസം പ്രാപിച്ചതോടെ ഇത്തരം ആവശ്യങ്ങള്‍ക്കായി മൃഗങ്ങളെ കൊല്ലുന്നത് അംഗീകരിക്കാനാവാതെ വന്നു. ആ സമ്മര്‍ദ്ദം മൃഗബലി എന്ന മീമിനെ ഉപേക്ഷിക്കാന്‍ മതങ്ങളെ പ്രേരിപ്പിച്ചു. (ഈ ഉദാഹരണം തന്നെ, മാനുഷികത മതങ്ങളുടെ ഉപോത്പന്നമല്ല എന്നും വളര്‍ന്നു വരുന്ന മാനുഷിക മൂല്യങ്ങള്‍ക്ക് അനുസൃതമായി മതങ്ങള്‍ രൂപം മാറുകയുമാണെന്ന് വ്യക്തമാക്കുന്നു.)

ആത്യന്തികമായി മീമുകളുടെ വിജയം നിര്‍വചിക്കുന്നത് കൂടുതല്‍ കൂടുതല്‍ വാഹകര്‍ ഉണ്ടാകുമ്പോഴാണ്. മത പ്രചരണത്തിന്റെ ആവശ്യകത അവിടെയാണ്. മത പ്രചരണം (അതും ഒരു മീം തന്നെ.) ഈ മീംപ്ലക്സ് കൂടുതല്‍ പടരാന്‍ സഹായിക്കുന്നു. വാഹക സംഘങ്ങള്‍ക്കുള്ളിലെ സുരക്ഷിതത്വം അത്യാവശ്യമാണ്. അതുപോലെ തന്നെ വിഭിന്ന മീംപ്ലക്സ് വാഹകരുടെ നാശവും. അതുകൊണ്ടാണ് അയല്‍ക്കാരനെ സ്നേഹിക്കണം എന്നു പറയുന്ന വേദപുസ്തകം തന്നെ കീഴടക്കുന്ന നാടുകളിലെ 'ശ്വസിക്കുന്ന ഒന്നിനേയും' ജീവനോടെ ബാക്കി വെയ്ക്കരുത് എന്നും അനുശാസിക്കുന്നത്.

മുന്‍പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് മത പീഢനങ്ങളുടേയും അടിസ്ഥാനം. തങ്ങളോട് മത്സരിക്കുന്ന വ്യത്യസ്ഥ മീമുകളെ പരാജയപ്പെടുത്തുവാനുള്ള ഒരു തന്ത്രമാണത്. ഇവിടെ ഒരു ലാഭ നഷ്ട സന്തുലനം  (trade off)പരിഗണിക്കപ്പെടുന്നുണ്ട്. മത്സരത്തില്‍ ജയം നേടാന്‍ തക്ക അധികാരവും ശക്തിയുമുള്ള വിഭാഗം എതിര്‍ വിഭാഗത്തിനെ നിര്‍ദാക്ഷണ്യം അമര്‍ച്ച ചെയ്യും. ഒരു മത്സരത്തിനു സാദ്ധ്യമേ അല്ലാത്ത വിധം ദുര്‍ബലമായ പാശ്ചാത്തലം ഉള്ള വിഭാഗങ്ങള്‍ വഴങ്ങി നില്‍ക്കും. അവരുടെ അതിജീവനത്തിന് അല്പമെന്കിലും ഒരു സാദ്ധ്യത നല്കുന്ന കാര്യമാണത്. (ഉദാ: ഗോവന്‍ ഇന്‍ക്വിസിഷന്‍ കാലത്ത് അതിശക്തരായിരുന്ന പോര്‍ച്ചുഗീസുകാരോട് ഹിന്ദുക്കള്‍ മത്സരിക്കാന്‍ നിന്നിരുന്നെങ്കില്‍ മിക്കവാറും തന്നെ അവര്‍ ആ ഭൂപ്രദേശത്തു നിന്ന് ഉള്‍മൂലനം ചെയ്യപ്പെട്ടേനെ.) എന്നാല്‍ രണ്ടു വിഭാഗവും പ്രബലമാവുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്ഥമാവും. പൂര്‍ണമായും കീഴടക്കാനുള്ള വ്യഗ്രതയില്‍ മത്സരങ്ങളും അത്യാചാരങ്ങളും തുടര്‍ക്കഥയാവും. പഴയ കുരിശു യുദ്ധങ്ങള്‍ തന്നെ ഉദാഹരണം. എന്നാല്‍ ആധുനിക കാലത്ത്, മുൻപറഞ്ഞ മാനുഷിക ബോധം ശക്തി പ്രാപിച്ചതോടെ മതങ്ങള്‍ക്ക് മറ്റു മതവിശ്വാസങ്ങളെ കൂടാതെ ഇപ്പറഞ്ഞ ഒരു ഘടകത്തെക്കൂടി നേരിടേണ്ടി വരുന്നു. മാത്രമല്ല മതാതിഷ്ഠിതം എന്നതു മാറി വാണിജ്യ സാമ്പത്തികാധിഷ്ടിതമായ പുതിയ ലോകക്രമം വ്യത്യസ്ഥ മതങ്ങളെ ഒരുമിച്ച് ഒരു ഭൂമിശാസ്ത്ര പരിധിയില്‍ ജീവിക്കാനും പൊതു സമൂഹത്തിലേക്ക് സംഭാവന ചെയ്യുവാനും നിര്‍ബന്ധിതരാക്കുന്നു. ഇതൊക്കെ മതങ്ങളുടെ മുന്‍കാലത്തെ അപ്രമാദിത്വവും അധീശത്വവും എടുത്തു കളഞ്ഞു. മാറിയ സാഹചര്യങ്ങളില്‍, അസഹിഷ്ണുതാപരമായ സ്വഭാവങ്ങൾ സ്വന്തം നിലപാടുകളെ ദുര്‍ബലപ്പെടുത്താനെ ഉപകരിക്കൂ. അങ്ങിനെ പുതിയ സാഹചര്യങ്ങളിലെ സമ്മര്‍ദ്ദം അതിജീവിക്കാനുള്ള മീംപ്ലക്സിലെ ഒരു ലമാര്‍ക്കിയന്‍ പരിണാമമാണ് ഈ പുതിയ മതസഹിഷ്ണുത.

നമ്മള്‍ ചര്‍ച്ച ചെയ്ത പുതിയ സാഹചര്യങ്ങള്‍ അത്ര തന്നെ പ്രയോഗത്തില്‍ വരാത്ത മുസ്ലീം രാഷ്ട്രങ്ങളിലെ കാര്യം എടുക്കൂ. അവിടെയാരും മത സഹിഷ്ണുതയെപ്പറ്റി സംസാരിക്കുന്നില്ലല്ലോ? അതു പോലെ തന്നെ മത മൗലിക വാദികളുടെ കാര്യമെടുക്കൂ. ലോകമെമ്പാടും അത്തരക്കാര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ നിലനില്‍പ്പ് അപകടത്തിലും. (നല്ല കാര്യം തന്നെ)

നമ്മൾ ഇവിടെ പരിഗണിക്കേണ്ടുന്ന ഒരു കാര്യം കൂടിയുണ്ട്. വ്യത്യസ്ഥ മതങ്ങൾ വ്യത്യസ്ഥ മീംപ്ലക്സുകൾ ആണെന്ന് നാം കണ്ടു. എന്നാൽ ഇവയെല്ലാം പൊതുവായി പങ്കുവെയ്ക്കുന്ന ചില മീമുകൾ ഉണ്ട്. സർവ്വശക്തനായ ദൈവം, മരണാനന്തര ജീവിതം, ആചാരാനുഷ്ടാനങ്ങൾ തുടങ്ങിയവ. ഇങ്ങനെ ഒരു പിന്നാമ്പുറബന്ധം ഉള്ളതു കൊണ്ടു തന്നെയാണ് മതങ്ങൾക്ക് അടിസ്ഥാനപരമായി ഒരു വെല്ലുവിളി ഉണ്ടാകുമ്പോൾ അവയെല്ലാം ഒറ്റക്കെട്ടാകുന്നത്. (പഴയ മതമില്ലാത്ത ജീവൻ സംഭവം ഓർക്കുക.) സഹിഷ്ണുത എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന മതനേതാക്കൾ ആരും തന്നെ ആ സഹിഷ്ണുതയുടെ പരിധിയിൽ യുക്തിവാദത്തേയോ നിരീശ്വരവാദത്തേയോ കമ്യൂണിസത്തേയോ ഉൾപ്പെടുത്താത്തതും.

ചുരുക്കത്തിൽ മതസഹിഷ്ണുത എന്നത് മതങ്ങളുടെ ഒരു ഗുണവിശേഷമല്ല, മറിച്ച് അവയുടെ അതിജീവനതന്ത്രത്തിന്റെ ഒരു ഭാഗം മാത്രമാണ്.


അവലംബം:
ഗോഡ് ഡെലൂഷൻ, റിച്ചഡ് ഡോക്കിൻസ്.
ദ് മീം മെഷീൻ, സൂസൻ ബ്ലാക്ക്മോർ.
സ്ട്രഗിൾസ് ഫോർ എക്സിസ്റ്റൻസ്, ജോൺ ഹാർട്ടങ്ങ്.
ദ് ബിലീവിങ്ങ് ബ്രയിൻ, മൈക്കിൾ ഷെർമർ.

Saturday, July 02, 2011

മതസഹിഷ്ണുത: കൃസ്ത്യന്‍ രീതി.

പോസ്റ്റിന്റെ ആദ്യഭാഗം ഇവിടെ. രണ്ടാം ഭാഗം ഇവിടെ."ഇതുവരെ ഈ വിഗ്രഹങ്ങളെ ആരാധിച്ചിരുന്ന അതേ ആളുകള്‍ തന്നെ അവയെ തള്ളിയിട്ട് തകര്‍ക്കുന്നത് കാണുമ്പോഴുണ്ടാകുന്ന സന്തോഷം എങ്ങിനെ പറഞ്ഞറിയിക്കണമെന്ന് എനിക്കറിയില്ല. “

വി. ഫ്രാന്‍സിസ് സേവ്യര്‍.

1498 ല്‍ വാസ്കോ ഡി ഗാമ കോഴിക്കോട്ട് കപ്പലിറങ്ങിയതോടെ ഭാരതത്തില്‍ പുതിയ പോര്‍ച്ചുഗീസ് യുഗം ആരംഭിച്ചു. പോര്‍ച്ചുഗീസ് സാന്നിദ്ധ്യം കേരള ചരിത്രത്തെ അത്യന്തം പ്രതിലോമകരമായി ബാധിച്ചുവെന്കിലും, അവരുടെ ശക്തികേന്ദ്രമായി മാറിയത് ഗോവയായിരുന്നു. ഏഷ്യയിലെ വാണിജ്യത്തിനും കൃസ്തുമത പ്രചരണത്തിനുമുള്ള കുത്തകാവകാശം ഒരുത്തരവു വഴി മാര്‍പാപ്പയില്‍ നിന്നും പോര്‍ച്ചുഗീസുകാര്‍ കരസ്ഥമാക്കിയിരുന്നു. ജസ്യൂട്ട് പാതിരിമാരും തുടര്‍ന്ന് ഫ്രാന്‍സിസ്കന്‍ പാതിരിമാരും പോര്‍ച്ചുഗീസ് സ്വാധീന മേഖലകളില്‍ മതപരിവര്‍ത്തനം തുടങ്ങി. പരിവര്‍ത്തിതരാകുന്ന നിര്‍ധനര്‍ക്ക് ഭക്ഷണത്തിനുള്ള അരിയും മറ്റും സര്‍ക്കാരില്‍ നിന്നും സഹായമായി നല്കി വന്നു. ഭേദപ്പെട്ട സാമൂഹ്യ നിലവാരത്തിലുള്ള പരിവര്‍ത്തിതര്‍ക്ക് സര്‍ക്കാര്‍ ജോലികളും മറ്റു സ്ഥാനമാനങ്ങളും നല്കപ്പെട്ടു. ആയതിനാല്‍ ആദ്യകാലങ്ങളില്‍ വളരെയധികം പേര്‍ കൃസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു.

പിന്നീട് വിശുദ്ധനാക്കപ്പെട്ട ഫ്രാന്‍സിസ് സേവ്യര്‍ ആയിരുന്നു പരിവര്‍ത്തന പ്രവര്‍ത്തനങ്ങളിലെ പ്രമുഖന്‍. “സാത്താന്റെ" ഉപാസകരായ തദ്ദേശീയരെ സത്യവിശ്വാസത്തിലേക്ക് മാറ്റുന്നതിനോടൊപ്പം തന്നെ അവരുടെ ആരാധനാലയങ്ങളും പൂജാബിംബങ്ങളും തച്ചുടക്കുന്നതിലും അദ്ദേഹം ആനന്ദം കണ്ടെത്തി. ഹിന്ദു ദൈവങ്ങളെ പരാമര്‍ശിക്കുമ്പോഴൊക്കെ അത്യന്തം നിന്ദാപരമായ വാക്കുകളാണ് ഫ്രാന്‍സിസ് സേവ്യര്‍ ഉപയോഗിച്ചിരുന്നത്. ആ ബിംബങ്ങളെപ്പോലെ തന്നെ കറുത്തതും വൃത്തികെട്ടതും.... എന്ന രീതിയില്‍. ആരാധന സ്ഥലങ്ങളും ബിംബങ്ങളും തകര്‍ക്കുന്നതിനായി കുട്ടികളുടെ സംഘങ്ങളേയും അദ്ദേഹം നിലനിര്‍ത്തിയിരുന്നു. (കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് യാദൃശ്ചികമായി 1956 ല്‍ പ്രസിദ്ധീകരിച്ച ഒരു പുസ്തകം കാണാനിടയായി. പഴമയുടെ കൗതുകം കൊണ്ട് കുറച്ചു വായിച്ചു. അതില്‍ "ശൗര്യാര്‍ പുണ്യാളന്‍" ക്ഷേത്രങ്ങളും വിഗ്രഹങ്ങളും തകര്‍ക്കുന്നത് ചിത്ര സഹിതം വളരെ ആരാധനാഭാവത്തില്‍ വര്‍ണ്ണിച്ചിരുന്നു. ഈ പോസ്റ്റിനെപ്പറ്റി ആലോചിച്ചപ്പോള്‍ ആ പുസ്തകം അന്വേഷിച്ചെന്കിലും കണ്ടെത്താനായില്ല.)

ദ്രവ്യലാഭത്തിനായി പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ തങ്ങളുടെ പൂര്‍വ്വവിശ്വാസങ്ങളൊന്നും ഉപേക്ഷിച്ചില്ല. മിക്കവാറും പേര്‍ പഴയ വിശ്വാസങ്ങളും ആരാധനാരീതികളും തുടര്‍ന്നു. ഇത് പാതിരിമാരെ ക്ഷുഭിതരാക്കി. യൂറോപ്പിലെ പോലെ ഇവിടേയും ഇന്‍ക്വിസിഷന്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് സേവ്യര്‍ 1545 ല്‍ പോര്‍ച്ചുഗല്‍ രാജാവിന് കത്തയച്ചു.

നിര്‍ബന്ധിത പരിവര്‍ത്തനവും വലിയ തോതില്‍ നടന്നു. ഹിന്ദുക്കള്‍ കുടിവെള്ളമെടുക്കുന്ന കിണറുകളില്‍ വിശുദ്ധ അപ്പം ഇടും, അതറിയാതെ അവര്‍ വെള്ളം കുടിക്കുമ്പോള്‍ അവരുടെ ജ്ഞാനസ്നാനം കഴിഞ്ഞതായി പ്രഖ്യാപിക്കും. സെന്റ്: പോളിന്റെ തിരുനാളിന് കൂടുതല്‍ പരിവര്‍ത്തിതരെ ആവശ്യമായതിനാല്‍ അതിനു രണ്ടു ദിവസം മുമ്പ് പാതിരി, ഭൃത്യരുമായി ഹിന്ദുക്കള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ചെല്ലും. ഭൃത്യര്‍ വീടുകളില്‍ കടന്ന് ആളുകളെ പിടിച്ചിറക്കി, വായില്‍ പശുമാംസം തേയ്ക്കും. അതോടെ ഹിന്ദുമതത്തില്‍ നിന്നും ബഹിഷ്കൃതരാവുന്ന അവര്‍ക്ക് കൃസ്ത്യാനിയാവുക എന്നതു മാത്രമാവും ആശ്രയം.

ഗോവന്‍ ഇന്‍ക്വിസിഷന്‍

ഫ്രാന്‍സിസ് സേവ്യറിന്റെ ആഗ്രഹപ്രകാരംതന്നെ ഇന്‍ക്വിസിഷന്‍ ആരംഭിച്ചെന്കിലും അതിനു സാക്ഷിയാവാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. അദ്ദേഹത്തിന്റെ മരണത്തിന് 8 വര്‍ഷത്തിനു ശേഷം 1560 ല്‍ ആണ് ഗോവയില്‍ ഇന്‍ക്വിസിഷന്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് 1812 വരെ 252 വര്‍ഷം നീണ്ടുനിന്ന ഈ ഭീകരത യൂറോപ്യന്‍ ഇന്‍ക്വിസിഷനെപ്പോലും കാലദൈര്‍ഘ്യം കൊണ്ട് വെല്ലും. 1812 ല്‍ ഇന്‍ക്വിസിഷന്‍ നിര്‍ത്തലാക്കിയതോടെ അതു സംബന്ധിച്ച രേഖകള്‍ എല്ലാം തന്നെ നശിപ്പിച്ചു കളഞ്ഞു. ആയതിനാല്‍ അതിനിരയായവരെപ്പറ്റി കൃത്യമായ കണക്കുകളില്ല. ലഭ്യമായ കണക്കുകള്‍ വെച്ചു പോലും പതിനാറായിരത്തിലധികം പേര്‍ കുറ്റവിചാരണയ്ക്ക് വിധേയരായി. ഇതില്‍ ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലീങ്ങളും ജൂതന്മാരും മറ്റു കൃസ്ത്യന്‍ വിഭാഗങ്ങളും വിദേശികളും ഉള്‍പ്പെടും. കൃസ്ത്യാനിയായതിനു ശേഷം മറ്റാചാരങ്ങള്‍ തുടരുന്നവരെ ശിക്ഷിക്കലായിരുന്നു പ്രധാന ഉദ്ദേശം എന്കിലും മറ്റു മതങ്ങളെ തകര്‍ക്കുക അവരുടെ സ്വത്തുക്കള്‍ തട്ടിയെടുക്കുക എന്നിവയും ലക്ഷ്യമിട്ടു.

കുറ്റം ആരോപിക്കപ്പെടുന്നവരെ ഇന്‍ക്വിസിഷന്‍ നടത്തിപ്പുകാരുടെ കൊട്ടാരത്തിനോട് ചേര്‍ന്നു തന്നെയുള്ള തടവറയില്‍ അടയ്ക്കും. ചോദ്യം ചെയ്യലിന്റെ ഭാഗമായി അതിക്രൂരമായ പീഢനങ്ങളാണ് ഇരകള്‍ അനുഭവിക്കേണ്ടിവരുന്നത്. കൈ പുറകിലേക്ക് കെട്ടി കപ്പി വഴി ഉയര്‍ത്തുകയും താഴ്തുകയും ചെയ്യുക, തീയ്ക്ക് മുകളില്‍ കെട്ടിതൂക്കിയിടുക കമ്പിപ്പാരകളില്‍ കിടത്തി നടുവൊടിയുന്നതുവരെ നിര്‍ത്താതെ വെള്ളം കുടിപ്പിക്കുക തുടങ്ങിയവയായിരുന്നു പതിവ് നടപടികള്‍. ചിലരെ ബന്ധുക്കളുടെ സാക്ഷ്യത്തില്‍ അംഗഛേദം നടത്തിയിരുന്നു. കൈകാലുകള്‍ മുഴുവന്‍ മുറിച്ചു മാറ്റുന്നതുവരെ ഇര മരിക്കുകയോ ബോധം നശിക്കുകയോ ചെയ്യാതെ വിദദ്ധമായാണ് ഇത് ചെയ്തിരുന്നത്. ഇന്‍ക്വിസിഷന്‍ മേലാളന്മാരുടെ അത്താഴശേഷ വിനോദപരിപാടി എന്ന നിലയില്‍ സ്ത്രീ തടവുകാരെ പലപ്പോഴും അവരുടെ സാക്ഷ്യത്തിലാണ് പീഢിപ്പിച്ചിരുന്നത്.

ധാരാളം പേര്‍ ഇന്‍ക്വിസിഷന്‍ കോടതിയില്‍ എത്തുന്നതിനു മുമ്പ് തന്നെ കൊല്ലപ്പെടും. അവരുടെ മൃതദേഹം മറവു ചെയ്തതിനു ശേഷം വിചാരണ സമയമാവുമ്പോള്‍ അസ്ഥി കുഴിച്ചെടുത്ത് ഹാജരാക്കി പരേതനെ വിചാരണ ചെയ്യും. കുറ്റവാളിയെന്നു വിധിച്ചാല്‍ ആ അസ്ഥി അഗ്നിക്കിരയാക്കും. ഇനി ഏതെന്കിലും നിര്‍ഭാഗ്യവാന് ജീവനോടെ തന്നെ വധശിക്ഷ ലഭിച്ചാല്‍ കോടതി കനിയും. അയാള്‍ക്ക് വേണ്ടി വാദിക്കാന്‍ കോടതി ആളെ ഏര്‍പ്പാടാക്കും. അപ്രകാരം ഏര്‍പ്പാടാക്കുന്ന ആള്‍, കുറ്റവാളിയോട് കരുണ കാട്ടണമെന്നും രക്തം ചിന്താതെ മരിക്കാന്‍ അനുവദിക്കണമെന്നും കോടതിയോട് അപേക്ഷിക്കും. അപ്പോള്‍ കോടതി കനിഞ്ഞ്, രക്തം ചിന്താതെ ജീവനോടെ കത്തിച്ചു കൊല്ലാന്‍ ഉത്തരവാകും.

ഒരാള്‍ കുറ്റവാളിയാണെന്ന് വിധിച്ചാല്‍, അയാള്‍ കുറ്റം ചെയ്യുമ്പോള്‍ (ദൈവദൂഷണം പറയുക, കേള്‍ക്കുക മുതലായവ തന്നെ ഗുരുതര കുറ്റങ്ങള്‍) ആരൊക്കെ കൂടെ ഉണ്ടായിരുന്നു എന്നു പറയാന്‍ കോടതി നിര്‍ബന്ധിക്കും. ആരും ഇല്ലെന്കില്‍ പോലും പലപ്പോഴും ഗത്യന്തരമില്ലാതെ ഇര ബന്ധുക്കളുടേയോ പരിചയക്കാരുടേയോ പേരു പറയും. തുടര്‍ന്ന് പുതിയ ഇരകളെ പിടികൂടി പീഢനവും വിചാരണയും തുടരും.

ഇവ കൂടാതെ ഇന്‍ക്വിസിഷന്‍ ഓഫീസ് പല വിധ നിയമങ്ങളും ഏര്‍പ്പെടുത്തി. പോര്‍ച്ചുഗീസ് ഭരണപരിധിയില്‍ ഉള്ള സ്ഥലങ്ങളില്‍ പുതിയ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയോ പഴയവ കേടുപാടുകള്‍ തീര്‍ക്കുകയോ ചെയ്യാന്‍ പാടില്ല. ഏകാദശി, മരണാനന്തര കര്‍മ്മങ്ങള്‍ മുതലായ അനുഷ്ടാനങ്ങള്‍ പാടില്ല. ഹിന്ദു വിവാഹത്തിന് ദക്ഷിണ, സ്വീകരണം, സദ്യ, മംഗല്യസൂത്രം മുതലായവ പാടില്ല. വിവാഹ തലേന്ന് ധാന്യങ്ങള്‍ പൊടിക്കുക, കറിക്കൂട്ടുകള്‍ ഉണ്ടാക്കുക എന്നിവ പാടില്ല. വീടുകളില്‍ തുളസി വളര്‍ത്തുന്നത് നിരോധിച്ചു. ബ്രാഹ്മണര്‍ കുടുമ വെയ്ക്കുന്നതും പൂണൂല്‍ ധരിക്കുന്നതും ശിക്ഷാര്‍ഹമാക്കി. കൃസ്ത്യാനികളല്ലാത്ത പുരുഷന്മാര്‍ മുണ്ട് ധരിക്കുന്നതും സ്ത്രീകള്‍ മേല്‍വസ്ത്രം ധരിക്കുന്നതും വിലക്കി. ഹിന്ദുക്കള്‍ പട്ടണത്തിലൂടെ കുതിരപ്പുറത്തോ പല്ലക്കിലോ സഞ്ചരിക്കുന്നത് വിലക്കി. കൃസ്ത്യാനികള്‍ ഹിന്ദുക്കള്‍ക്ക് ജോലി നല്‍കുന്നതും ഹിന്ദുക്കള്‍ക്ക് കീഴില്‍ കൃസ്ത്യാനികള്‍ ജോലി ചെയ്യുന്നതും നിരോധിച്ചു. അതുപോലെ ഹിന്ദുക്കള്‍ ഇടയ്ക്കിടെ പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കും സുവിശേഷം കേള്‍ക്കലിനും പന്കുകൊള്ളണമെന്നും നിഷ്കര്‍ഷിച്ചു.


ഈ മൂന്നു ഭാഗങ്ങളിലായി പരാമര്‍ശിച്ച സംഭവങ്ങളൊന്നും ഏതെന്കിലും മതവിഭാഗത്തെ പുകഴ്ത്താനോ ഇകഴ്ത്താനോ ഉദ്ദേശിച്ചല്ല. മറിച്ച്, സഹിഷ്ണുത എന്നത് ഒരു മതത്തിന്റെയും അടിസ്ഥാന ഗുണമല്ല എന്ന് ഉദാഹരിക്കാനാണ്. 'ആരെന്കിലും' ചെയ്ത കുറ്റങ്ങള്‍ മതത്തിന്റെ പേരില്‍ ചാര്‍ത്തണോ എന്ന ചോദ്യം സാധുവല്ല. കാരണം മതത്തിന്റെ പേരില്‍ ചെയ്യുന്നതു തന്നെയാണ് മതത്തിന്റെ ചെയ്തികള്‍. മതത്തിന്റെ പേരില്‍ അത്യാചാരങ്ങള്‍ ചെയ്യുന്നവര്‍ 'ശരിയായ അര്‍ത്ഥങ്ങള്‍' മനസ്സിലാക്കാത്തവരല്ല, മറിച്ച് 'പട്ടിയെ വ്യാഖ്യാനിച്ച് ആടാക്കാന്‍' മിനക്കെടാതെ സത്യസന്ധമായി നേരെ ചിന്തിക്കുന്ന മതഭക്തര്‍ മാത്രമാണ്.

പക്ഷെ വര്‍ത്തമാന കാലത്ത് മത സഹിഷ്ണുത എന്നത് ഒരു സത്യം തന്നെയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് എല്ലാ മതങ്ങളും ഏറിയും കുറഞ്ഞും സഹിഷ്ണുത പ്രകടിപ്പിക്കുന്നുണ്ട്. പണ്ടില്ലാതിരുന്ന ഈ ഗുണം എങ്ങിനെയുണ്ടായി?

അടുത്ത ഭാഗം : മതസഹിഷ്ണുതയുടെ ശാസ്ത്രം.

മതസഹിഷ്ണുത 2. ഭാരതത്തിലെ ഇസ്ലാം ചരിത്രം.

ആദ്യ ഭാഗം ഇവിടെ: മതസഹിഷ്ണുതയുടെ ചരിത്രവും ശാസ്ത്രവും.


ഏഴാം നൂറ്റാണ്ടു മുതല്‍ തന്നെ ഇന്ഡ്യന്‍ ഉപഭൂഗണ്ഡത്തില്‍ മുസ്ലീം ലോകത്തു നിന്നുള്ള ആക്രമണം ആരംഭിച്ചുവെന്കിലും 1193 -ല്‍ മുഹമ്മദ് ഗോറി, പൃഥിരാജ് ചൗഹാനെ പരാജയപ്പെടുത്തുന്നതോടെയാണ് സുസ്ഥിരമായ ഒരു ഇസ്ലാമിക ഭരണം ഭാരതത്തില്‍ തുടങ്ങുന്നത്. തുടര്‍ന്നുള്ള മുസ്ലിം ഭരണകാലത്തും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ തുടര്‍ന്നിരുന്നു, 1739 -ല്‍ നാദിര്‍ ഷായുടെ ആക്രമണം വരെ. എന്നാല്‍ ഇസ്ലാമിക ഭരണത്തിനും ആക്രമണങ്ങള്‍ക്കും കീഴില്‍ ഏറ്റവും ദുരിതങ്ങള്‍ അനുഭവിച്ചത് ഹിന്ദുക്കള്‍ ആയിരുന്നു.

എന്നാൽ മുഗൾ കാലഘട്ടം മുതല്‍ ചരിത്രം കുറച്ചുകൂടി വ്യക്തമാണ്. തന്റെ തൈമൂര്‍ ജെന്കിസ്ഖാന്‍ പാരമ്പര്യത്തിന് ചേര്‍ന്നവിധം ആദി മുഗളനായ ബാബര്‍ യുദ്ധത്തില്‍ തോറ്റ രജപുത്ര പോരാളികളുടെ ശിരസ്സുകൊണ്ട് സ്തൂപങ്ങള്‍ തീര്‍ത്തിരുന്നു.1527 -ല്‍ രണസംഘയെ പരാജയപ്പെടുത്തിയപ്പോഴും പിന്നീട് ചന്ദേരി കോട്ട കീഴടക്കിയപ്പോഴും ബാബര്‍ ഇത് ആവര്‍ത്തിച്ചു.

പ്രൊ: കെ. എസ്. ലാല്‍ തന്റെ 'മദ്ധ്യകാല ഭാരതത്തിലെ മുസ്ലിം ജനസംഖ്യാ വളര്‍ച്ച' എന്ന പുസ്തകത്തില്‍ കൃസ്തുവര്‍ഷം 1000-നും 1525-നും (മുഗള്‍ ഭരണം തുടങ്ങുന്നതു വരെ) ഇടയ്ക്ക് ഏകദേശം 80 ദശലക്ഷം ഹിന്ദുക്കള്‍ക്ക് തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെടുകയുണ്ടായി എന്നു പറയുന്നു. (ഈ സംഖ്യ ഊതിപ്പെരുപ്പിച്ചതാണെന്ന് ആക്ഷേപമുണ്ട്. എന്കിലും പ്രൊ: ലാലിന്റെ നിഗമനങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് എതിര്‍ഭാഗവും പറയുന്നില്ല.)


മുഗള്‍ ചക്രവര്‍ത്തിമാരുടെ ഇടയിലെ പ്രജാതല്പരനും മതസഹിഷ്ണുവുമായി അറിയപ്പെടുന്ന അക്ബര്‍ ചക്രവര്‍ത്തിയുടെ കാര്യമെടുക്കാം. അക്ബര്‍ ഒരു കൗമാരക്കാരനായിരിക്കുന്ന സമയത്താണ് ഹിന്ദു രാജാവായ ഹേമുവിനെതിരെ രണ്ടാം പാനിപ്പട്ട് (1556) യുദ്ധം നടക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന ബൈറാം ഖാനായിരുന്നു അക്ബറിന്റെ രക്ഷിതാവും ഗുരുവും. യുദ്ധത്തില്‍ ഗുരുതരമായി പരുക്കേറ്റ ഹേമുവിനെ പടയാളികള്‍ അക്ബറിന്റെ മുന്നിലെത്തിച്ചു. 'കാഫിറുകളെ നശിപ്പിക്കുന്നവന്‍' എന്നര്‍ത്ഥം വരുന്ന 'ഘാസി' പദവി ലഭിക്കാന്‍ അക്ബര്‍ അബോധാവസ്ഥയിലായിരുന്ന ഹേമുവിനെ ഗളശ്ചേദം ചെയ്തു. തുടര്‍ന്ന് ബൈറാം ഖാന്റെ നിര്‍ദ്ദേശാനുസരണം പതിനായിരക്കണക്കിനു വരുന്ന രജപുത്ര പോരാളികളെ വധിക്കുകയും അവരുടെ തലയുപയോഗിച്ച് കീര്‍ത്തിസ്തംഭം നിര്‍മ്മിക്കുകയും ചെയ്തു. ഹേമുവിന്റെ പിതാവ് ഇസ്ലാമിലേക്ക് മതം മാറാന്‍ വിസമ്മതിച്ചപ്പോള്‍ അദ്ദേഹത്തേയും വധിച്ചു.

ഇതേ ക്രൂരത പിന്നീട് 1568 -ല്‍ ചിത്തോര്‍ കോട്ട കീഴടക്കിയപ്പോഴും അക്ബര്‍ ആവര്‍ത്തിച്ചു. കോട്ടയിലുണ്ടായിരുന്ന 30,000 സാധാരണ ജനങ്ങളെ വധിക്കാന്‍ അക്ബര്‍ ഉത്തരവു നല്കി.

എന്നാല്‍ മറ്റു മുസ്ലിം ഭരണാധികാരികളെ അപേക്ഷിച്ച്, മുതിര്‍ന്ന അക്ബര്‍ ഹിന്ദുക്കളോട് താരതമ്യേന മൃദുനിലപാടാണ് സ്വീകരിച്ചിരുന്നത്. ആരാധനാവകാശത്തിന് അമുസ്ലീംങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന അധികനികുതി അദ്ദേഹം നിര്‍ത്തലാക്കി. അതുപോലെ മറ്റു ചക്രവര്‍ത്തിമാരില്‍ നിന്നും വിഭിന്നമായി തന്റെ സദസ്സിലും സര്‍ക്കാരിലും അമുസ്ലീംങ്ങള്‍ക്ക് സാമാന്യം പ്രാതിനിധ്യം നല്കുകയുമുണ്ടായി. എന്നാലിതൊക്കെ ഒരു മുസ്ലീം ഭരണാധികാരിയുടെ സഹിഷ്ണുത എന്നതിനേക്കാള്‍, അദ്ദേഹത്തിന് ഇസ്ലാമിലുള്ള തീവ്രവിശ്വാസം നഷ്ടമായതിന്റെ ഫലമായാണെന്നു വേണം കരുതാന്‍. അദ്ദേഹത്തിന്റെ ഇസ്ലാമിക വിശ്വാസം കുറഞ്ഞു എന്നു കരുതാന്‍ പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്ന്: അദ്ദേഹം സ്വന്തമായി ഒരു മതം സ്ഥാപിച്ചു. (ദില്‍ ഇലാഹി) ഇതിന് എന്തൊക്കെ ന്യായീകരണങ്ങള്‍ ഉന്നയിച്ചാലും ഒരു ഇസ്ലാം വിശ്വാസി പുതിയ വിശ്വാസം സ്വീകരിക്കുന്നത് അനിസ്ലാമികമായേ കരുതാനാവൂ. രണ്ട്: ഭാര്യമാരുടെ കാര്യത്തില്‍ മത നേതൃത്വവുമായുണ്ടായ ഇടച്ചിലുകള്‍. അക്ബറിന് സാന്കേതികമായുള്ള ഭാര്യാപദത്തില്‍ 300 ഉം അതു കൂടാതെ അന്തപ്പുരത്തില്‍ അയ്യായിരത്തോളവും സ്ത്രീകള്‍ ഉണ്ടായിരുന്നു. ശരി-അത്ത് നിയമപ്രകാരം അത് അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന സുന്നി വിഭാഗക്കാരനായ കാസിയെ പുറത്താക്കി പകരം ഒരു ഷിയ പുരോഹിതനെ നിയമിച്ചു.

അക്ബറിനു ശേഷം വന്ന മുഗള്‍ ചക്രവര്‍ത്തിമാരൊക്കെ, ഹിന്ദു വിവേചനം തുടരുകയാണ് ചെയ്തത്. ആരാധനാ സ്വാതന്ത്ര്യത്തിന് നികുതി പുനസ്ഥാപിച്ചു. സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ നിന്ന് അമുസ്ലീംങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കി. സാധാരണ നികുതികള്‍ മുസ്ലീമുകള്‍ക്ക് ഒഴിവാക്കി നല്കിയപ്പോള്‍ ഹിന്ദുക്കള്‍ക്ക് അധികനികുതികള്‍ ചുമത്തി. ഹിന്ദുക്കളായ കുറ്റവാളികള്‍ക്ക് ഇസ്ലാം സ്വീകരിച്ചാല്‍ കുറ്റവിമോചനം, അതുപോലെ മതം മാറിയാല്‍ കരം പിരിക്കാനുള്ള അധികാരം മുതലായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു.

ഉത്തര ഭാരതത്തില്‍ മുസ്ലിം ഭരണകൂട ഭീകരത അസ്തമിച്ചു തുടങ്ങിയപ്പോള്‍ ദക്ഷിണഭാരതത്തില്‍ അതു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. 1782 മുതല്‍ 1799 വരെ പതിനാറര വര്‍ഷമേ ഭരണത്തില്‍ ഉണ്ടായിരുന്നുള്ളൂ എന്കിലും മൈസൂറിലെ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്‍ അനുവര്‍ത്തിച്ചിരുന്ന മത പീഢനം എല്ലാ ക്രൂരതകളേയും അതിലംഘിക്കുന്നതാണ്. സമകാലികരായ ഹൈദ്രാബാദിലെ നൈസാമിനെപ്പോലെ തന്നെ ഹിന്ദുക്കള്‍ക്കുള്ള അധിക നികുതികളും അവരെ ഔദ്യോഗികസ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കലും വിവേചനത്തിന്റെ ചെറിയ വശങ്ങള്‍ മാത്രം. തന്റെ ആക്രമണ ഭരണപ്രദേശങ്ങളിലെ ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ടിപ്പുവിന്റെ പതിവായിരുന്നു. ടിപ്പുവിന്റെ ഭരണത്തിന്‍ കീഴില്‍ ശ്രീരംഗപട്ടണത്ത് രണ്ടേ രണ്ടു ക്ഷേത്രങ്ങളിലേ ദിവസപൂജയുണ്ടായിരുന്നുള്ളൂ. അത്ഭുതകരമെന്നു പറയട്ടെ, ടിപ്പുവിന്റെ പ്രധാനമന്ത്രി പൂര്‍ണ്ണയ്യ എന്നൊരു ബ്രഹ്മണനായിരുന്നു. പൂര്‍ണ്ണയ്യയുടെ സ്വാധീനം മൂലമുണ്ടായ ജ്യോതിഷവിശ്വാസമാണ് ഈ രണ്ടു ക്ഷേത്രങ്ങളെ നിലനിര്‍ത്താനും സാമ്പത്തിക സഹായം നല്കാനും (ടിപ്പുവിന്റെ മതസഹിഷ്ണുതയ്ക്ക് പലരും ഉയര്‍ത്തിക്കാട്ടുന്ന ഉദാഹരണം.) ടിപ്പുവിനെ പ്രേരിപ്പിച്ചത്.

പടയോട്ടം എന്ന് അറിയപ്പെടുന്ന ടിപ്പുവിന്റെ കേരളാധിനിവേശം കേരള ചരിത്രത്തിലെ ഏറ്റവും ഭീകരമായ കാലഘട്ടമാണ്. പിതാവ് ഹൈദര്‍ അലിയുടെ ആക്രമണങ്ങളുടെ തുടര്‍ച്ചയായാണ് ടിപ്പുവിന്റെ പടയോട്ടം. അക്രമണ വഴിയിലുള്ള എല്ലാ ക്ഷേത്രങ്ങളും കൃസ്ത്യന്‍ പള്ളികളും തകര്‍ക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. ഉത്തര കേരളത്തിലെ പ്രസിദ്ധമായ എല്ലാ ക്ഷേത്രങ്ങളും തന്നെ ടിപ്പുവിന്റെ ആക്രമണത്തിനു ഇരയായതാണ്. പാലയൂര്‍ പള്ളിയും മമ്മിയൂര്‍ ക്ഷേത്രവും തകര്‍ത്ത് ടിപ്പുവിന്റെ പട ഗുരുവായൂര്‍ ക്ഷേത്രം വരെ എത്തിയെന്കിലും ഹൈദരാലിയുടെ അനുചരനും തദ്ദേശവാസിയുമായ ഒരു ഹൈദ്രോസ് കുട്ടിയുടെ ഇടപെടല്‍ മൂലം ആക്രമണം ഒഴിവാക്കാപ്പെട്ടു. (എന്കിലും രക്ഷയെക്കരുതി ഗുരുവായൂരെ വിഗ്രഹം അമ്പലപ്പുഴയ്ക്ക് ഒളിച്ചു കടത്തുകയും നാളുകളോളം അവിടെ സൂക്ഷിക്കുകയും ചെയ്തെന്ന് പറയുന്നു.)

ഹിന്ദു പുരുഷന്മാരെ നിര്‍ബന്ധിതമായി സുന്നത്തിന് വിധേയമാക്കുക ടിപ്പുവിന്റെ ഒരു രീതിയായിരുന്നു. ഇസ്ലാം മതം സ്വീകരിക്കുക അല്ലെന്കില്‍ മരിക്കുക, ഇതായിരുന്നു പടയോട്ടക്കാലത്ത് അമുസ്ലീംങ്ങള്‍ക്ക് തിരഞ്ഞെടുക്കുവാനുണ്ടായിരുന്നത്. ബ്രഹ്മണ ഭൂരിപക്ഷ പ്രദേശമായിരുന്ന കോഴിക്കോട് മാത്രം ഏതാണ്ട് 2000 കുടുംബങ്ങള്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ കൂട്ടക്കൊല ചെയ്യപ്പെട്ടു. മംഗലാപുരം ഭാഗത്ത് കൃസ്ത്യാനികളായിരുന്നു പ്രധാന ഇരകള്‍.

പശുക്കളെ കശാപ്പ് ചെയ്യുക, പ്രത്യേകിച്ച് ക്ഷേത്രങ്ങളില്‍ വെച്ച് കശാപ്പ് ചെയ്ത് ആ രക്തം കൊണ്ട് വിഗ്രഹങ്ങളില്‍ അഭിഷേകം നടത്തുക, കുടല്‍ വിഗ്രഹങ്ങളില്‍ ചാര്‍ത്തുക മുതലായവയും ടിപ്പുവിന്റെയും സൈനികരുടേയും ഇഷ്ട വിനോദങ്ങളായിരുന്നു. ഹിന്ദുക്കളെ നിര്‍ബന്ധമായി ഗോമാംസം ഭക്ഷിപ്പിച്ചു. മതപീഢനം ഭയന്ന് പല ഹിന്ദു കുടുംബങ്ങളും സര്‍വ്വതും ഉപേക്ഷിച്ച് മറുനാടുകളിലേക്ക് പലായനം ചെയ്തു. അങ്ങിനെ ഉപേക്ഷിക്കപ്പെട്ട വസ്തുവകകള്‍ തദ്ദേശീയരായ മുസ്ലീമുകള്‍ കൈവശപ്പെടുത്തി. ടിപ്പുവിന്റെ പടയോട്ടത്തിനു ശേഷം ഇങ്ങിനെ നഷ്ടപ്പെട്ട സ്വത്തുക്കള്‍ക്ക് ഹിന്ദുക്കള്‍ പുനരവകാശം ഉന്നയിച്ചത് (മിക്കവാറും നിയമപരമായി തന്നെ) പലപ്പോഴും മതസ്പര്‍ദ്ധയക്കും ലഹളകള്‍ക്കും കാരണമായി. ഇപ്രകാരം, മലബാര്‍ ഭാഗത്ത് 1921 ലെ മാപ്പിള ലഹള വരെയുള്ള കാലത്തിനോടിടയ്ക്ക് നാല്പതോളം ചെറുതും വലുതുമായ വര്‍ഗ്ഗീയ ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടു.


അടുത്ത ഭാഗം : മത സഹിഷ്ണുത, കൃസ്ത്യന്‍ രീതി.