Saturday, September 17, 2011

രജോദര്‍ശനപാപം. 2




വാസ്തവത്തില്‍ സ്ത്രീകളുടെ പ്രത്യുല്പാദനക്ഷമതയുടെ ലക്ഷണമാണ് രജോദര്‍ശനം അല്ലെന്കില്‍ ആര്‍ത്തവം. ആര്‍ത്തവാരംഭം മുതല്‍ ആര്‍ത്തവവിരാമം വരെ നീണ്ടു നില്ക്കുന്ന കാലഘട്ടമാണ് സ്ത്രീകളിലെ സന്താനോത്പാദനക്ഷമമായ സമയം. പ്രാചീന കാലം മുതല്‍ തന്നെ നമ്മള്‍ ഈ സത്യം മനസ്സിലാക്കിയിരുന്നു എന്നു വേണം കരുതാന്‍. ആര്‍ത്തവാരംഭം മിക്കവാറും എല്ലാ ഇന്‍ഡ്യന്‍ സമൂഹങ്ങളിലും ഒരു ആഘോഷമായിരുന്നു എന്നോര്‍ക്കുക.

ശരീരശാസ്ത്രം ആര്‍ത്തവത്തെ വിശദീകരിക്കുന്നത് എങ്ങിനെ എന്നു നോക്കാം. സ്ത്രീകളിലെ പ്രധാന പ്രത്യുത്പാദന അവയവങ്ങള്‍ ഗര്‍ഭപാത്രവും അണ്ഡാശയങ്ങളുമാണ്. ഗര്‍ഭ പാത്രത്തിനുള്‍ ഭിത്തിയിലെ 'എന്‍ഡോമെട്രിയം' എന്നു വിളിക്കപ്പെടുന്ന പ്രത്യേക തരം സ്ഥരമാണ് ആര്‍ത്തവത്തിന്റെ പ്രധാന നിര്‍ണ്ണായക ഘടകം. ഓരോരോ ഹോര്‍മോണുകളുടെ സ്വാധീനത്തില്‍ അണ്ഡാശയത്തിനും എന്‍ഡോമെട്രിയത്തിനും വരുന്ന മാറ്റങ്ങളാണ് ആര്‍ത്തവ ചക്രത്തിന്റെ കാതല്‍. ആര്‍ത്തവ ചക്രം വിശദീകരിക്കുന്നതിന് സൗകര്യം പരിഗണിച്ച് സാധാരണ ആര്‍ത്തവകാലം മുതലാണ് പറഞ്ഞു തുടങ്ങുക.

തലച്ചോറിലെ ഹൈപ്പോതലാമസ് എന്ന ഭാഗത്തു നിന്നും GnRH എന്ന ഒരു ഹോര്‍മോണ്‍ പുറപ്പെടുന്നതാണ് തുടക്കം. ഹൈപ്പോതലാമസിനെ തലച്ചോറിന്റെ മറ്റ് ഉപരി ഭാഗങ്ങള്‍ സ്വാധീനിക്കാം എന്നുള്ളതു കൊണ്ട് GnRH ന്റെ പ്രസരണം വ്യത്യാസപ്പെടാം. (അതുകൊണ്ടാണ് മാനസിക ശാരീരിക സമ്മര്‍ദ്ദങ്ങളുള്ളപ്പോള്‍ മാസമുറയ്ക്ക് വ്യതിയാനങ്ങള്‍ വരുന്നത്.) GnRH തലച്ചോറിലെ തന്നെ മറ്റോരു ഭാഗമായ പിറ്റ്യൂറ്ററി ഗ്രന്ഥിയില്‍ പ്രവര്‍ത്തിച്ച് അവിടെ നിന്നും FSH, LH എന്നീ രണ്ട് ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്നു. ഇവ രണ്ടും അണ്ഡാശയത്തില്‍ സ്വാധീനമുള്ളവയാണ്. പുരുഷന്മാരില്‍ നിന്നും വ്യത്യസ്തമായി സ്ത്രീകളില്‍, അവര്‍ ജനിക്കുമ്പോള്‍ തന്നെ ജീവിതകാലത്ത് ആവശ്യമായ മുഴുവന്‍ അണ്ഡവും പാതി വളര്‍ച്ചയെത്തിയ അവസ്ഥയില്‍ ഉണ്ടാകും. ഓരോ മാസവും ഇതില്‍ 10-20 എണ്ണം ഈ ഹോര്‍മോണുകളുടെ സ്വാധീനത്തില്‍ വികാസം പ്രാപിക്കാന്‍ തുടങ്ങും. ഇവയെ ഗ്രാഫിയന്‍ ഫോളിക്കിള്‍ എന്നു പറയും. ഈ ഫോളിക്കിളുകളില്‍ നിന്നും ഉണ്ടാകുന്ന ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ എന്‍ഡോമെട്രിയത്തെ സ്വാധീനിച്ച് അതിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തി കൂടുതല്‍ കട്ടിയുള്ളതാക്കും. ഈസ്ട്രജന്റെ അളവ് വര്‍ദ്ധിക്കുന്നതിനനുസരിച്ച് GnRHന്റെ അളവ് കുറയും, അതോടൊപ്പം തന്നെ വികസിക്കാന്‍ ആരംഭിച്ച ഫോളിക്കിളുകളില്‍ ഒന്നോ, അപൂര്‍വ്വമായി രണ്ടോ ഒഴികെ ബാക്കിയെല്ലാം ചുരുങ്ങിപ്പോവുകയും ചെയും. വളര്‍ച്ച തുടരുന്ന ഈ ഫോളിക്കിള്‍ പക്വമാവുമ്പോള്‍ പൊട്ടി അണ്ഡം പുറത്തു വരുന്നു. അണ്ഡവിസര്‍ജ്ജനത്തിനു ശേഷം ബാക്കി വരുന്ന ഫോളിക്കില്‍ ഭാഗം കോര്‍പ്പസ് ല്യൂട്ടിയം എന്ന പേരിലാണ് അറിയപ്പെടുന്നത്. അപ്പോഴേക്കും അതിന്റെ പ്രവര്‍ത്തനവും കാര്യമായി മാറിയിട്ടുണ്ടാവും. ഈസ്ട്രജനു പകരമായി പ്രൊജെസ്റ്റെറോണ്‍ എന്നൊരു ഹോര്‍മോണാവും ഈ സമയത്ത് അത് കൂടുതലായി ഉത്പാദിപ്പിക്കുക. പ്രൊജെസ്റ്റെറോണിന്റെ സ്വാധീന ഫലമായി എന്‍ഡോമെട്രിയത്തിനും മാറ്റങ്ങള്‍ വരും. ഈ മാറ്റങ്ങള്‍, ഗര്‍ഭധാരണം നടന്നാല്‍ ഭ്രൂണത്തെ സ്വീകരിക്കാനുള്ള ഗര്‍ഭപാത്രത്തിന്റെ തയ്യാറെടുപ്പാണ്. (ഈസ്ട്രജെനെ സ്ത്രീ ഹോര്‍മോണ്‍ എന്നു വിളിച്ചാല്‍ പ്രൊജെസ്റ്റെറോണ്‍ അമ്മ ഹോര്‍മോണ്‍ ആണ്.) കോര്‍പ്പസ് ല്യൂട്ടിയത്തിനു 14 ദിവസത്തെ ആയുസ്സേയുള്ളൂ. അപ്പോഴേക്കും അത് ശുഷ്കിച്ചു പോവുകയും പ്രൊജെസ്റ്റെറോണ്‍ ഉത്പാദനം നിന്ന് അളവ് തീരെ കുറയുകയും ചെയ്യും. ( ഗര്‍ഭധാരണം നടക്കുന്ന അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ ഭ്രൂണത്തില്‍ നിന്നുമുള്ള ഒരു ഹോര്‍മോണിന്റെ ബലത്തില്‍ കോര്‍പ്പസ് ല്യട്ടിയം നിലനില്‍ക്കുകയും പിന്നീട് മറുപിള്ള പ്രൊജെസ്റ്റെറോണ്‍ ഉത്പാദനം ഏറ്റെടുക്കുന്നതു വരെ പ്രവര്‍ത്തിക്കുകയും ചെയ്യും.) ഇങ്ങനെ പ്രൊജെസ്റ്റെറോണിന്റെ അളവ് വളരെ കുറയുമ്പോള്‍ എന്‍ഡോമെട്രിയത്തിന് തുടര്‍ന്ന് പിടിച്ചുനില്‍ക്കാനാവാതെ വരികയും അത് അടരാന്‍ തുടങ്ങുകയും ചെയ്യുന്നു. ഇപ്രകാരം പൊഴിയുന്ന ഗര്‍ഭാശയ സ്ഥരവും അതോടൊപ്പമുള്ള രക്തവുമാണ് ആര്‍ത്തവം. ശരീരം ഉപയോഗിക്കാതെ പോകുന്ന അല്പം കലകളും രക്തവും മാത്രം. അല്ലാതെ ഇതില്‍ വിഷമോ അഴുക്കോ ആയ ഒന്നുമില്ല. ശരീരത്തിന്റെ അഴുക്ക് പുറന്തള്ളാനുള്ള ഒരു മാര്‍ഗ്ഗവുമല്ല. (പുരുഷനില്ലാത്ത എന്ത് അഴുക്കാണ് സ്ത്രീക്കുള്ളത്?)

വേണമെന്കില്‍ ഒരു പ്രത്യുല്പാദനശ്രമപരാജയത്തിന്റെ ബാക്കിപത്രം എന്നു പറയാം. പക്ഷെ ഇവിടെ പരാജയമാണ് നിയമം. വിജയം അത്യപൂര്‍വ്വവും. അങ്ങിനെയെന്കില്‍ എന്തിനാണ് ഇത് മാസം തോറും ആവര്‍ത്തിക്കുന്നത്? കന്നുകാലികള്‍ക്ക് വര്‍ഷത്തിലൊന്നോ മറ്റോ തവണയേ അണ്ഡോല്പാദനം നടക്കാറുള്ളൂ. ആ സമയത്ത് ഗര്‍ഭധാരണം നടക്കും. മുയലുകള്‍ക്കാണെന്കില്‍ ലൈംഗിക ബന്ധത്തോട് പ്രതികരിച്ചാണ് അത് നടക്കുക. ചീറ്റപ്പുലികള്‍ക്ക്, ദിവസങ്ങളോളം ആണ്‍ പുലികള്‍ ഇണചേരാന്‍ ഓടിച്ചിടുമ്പോഴാണ് അണ്ഡോല്പാദനം നടക്കുക. പിന്നെ മനുഷ്യര്‍ക്ക് മാത്രം എന്തുകൊണ്ടാണ് എല്ലാ മാസവും ഈ പരാജയ കഥ ആവര്‍ത്തിക്കുന്നത്? പരിണാമത്തിന്റെ ഒരു പ്രധാന തത്വമായ 'ക്ഷമത'യ്ക്ക് കടകവിരുദ്ധവുമാണിത്! സാദ്ധ്യത രണ്ടു വിധത്തിലാവാം.

ഒന്ന്, മനുഷ്യരിലെ സന്തനോത്പാദനക്ഷമത വളരെ കുറവാണ്. എല്ലാം അനുകൂലമായ അവസ്ഥയിൽ പോലും ഒരു 30% ഗർഭധാരണശേഷിയേ മനുഷ്യനിലുള്ളൂ. ഇതു മറികടക്കാനുള്ള ഒരു മാർഗ്ഗമായാവാം തുടർച്ചയായുള്ള അണ്ഡോല്പാദനം. രണ്ടാമത്തെ സാദ്ധ്യത, മാസം തോറുമുള്ള അണ്ഡോല്പാദനം തന്നെ കൃത്രിമമായി രൂപപ്പെട്ടതാവാം എന്നതാണ്. ഇങ്ങനെ ഒരു സംശയം വരാനുള്ള കാരണം ചില നരവംശശാസ്ത്രപഠനങ്ങളാണ്. ആഫ്രിക്കയിലെ ബുഷ് മെൻ വിഭാഗത്തിലെ 'ക്ലങ്ങ്' വർഗ്ഗക്കാർ ആധുനിക സംസ്കൃതി ലേശം പോലുമേൽക്കാതെ തികച്ചും അടിസ്ഥാനജൈവാവസ്ഥയിൽ കഴിയുന്നവരാണ്. ( Gods must be crazy എന്ന ചിത്രം കണ്ടവർ ഇവരെ ഓർക്കും.) ഇവരിൽ മാസമുറ വളരെ അപൂർവ്വമാണ്. എന്നു കരുതി അവിടെ സ്ത്രീകൾ തുടർച്ചയായി പ്രസവിച്ചുകൊണ്ടിരിക്കുകയൊന്നുമല്ല. ശരാശരി 2-3 കുട്ടികളാണ് ഒരു സ്ത്രീക്ക് ജനിക്കുന്നത്. അവർ കുട്ടികളെ 3-4 വയസ്സു വരെ മുലയൂട്ടും. ഒരു പക്ഷെ, വേട്ടയാടി സംഭരിച്ച് നടന്ന രീതിയിൽ നിന്ന് മാറി സ്ഥിരമായ താമസവും, മറ്റ് പാരിസ്ഥിതിക സാമൂഹ്യമാറ്റങ്ങളുമാവാം ഇന്നത്തെ രീതിയിലുള്ള ആർത്തവചക്രത്തിലേക്ക് സ്ത്രീകളെ എത്തിച്ചത്. അത് പരിണാമപരമായ ഒരു മാറ്റമല്ല, മറിച്ച് കൃത്രിമമായ ഒരു പ്രവർത്തന വ്യതിയാനമാവാം.

ഇനി, ആർത്തവകാലത്ത് നിർബന്ധ വിശ്രമം ആവശ്യമുണ്ടോ? വിശ്രമം നല്ലതു തന്നെ, പ്രത്യേകിച്ച് ജോലിഭാരം അധികമുള്ള സ്ത്രീകൾക്ക്. അതിന് ആർത്തവം ഒരു കാരണം ആവേണ്ടതില്ല. മറ്റു സമയങ്ങളിൽ ചെയ്യുന്ന എല്ലാ പ്രവർത്തികളും ആർത്തവസമയത്തും തുടരാം. പക്ഷെ ആ സമയത്ത് പല സ്ത്രീകൾക്കും പലവിധ ബുദ്ധിമുട്ടുകളും അനുഭവപ്പെടാറുണ്ട്. സത്യത്തിൽ സ്ത്രീരോഗക്ലിനിക്കുകളിലെ പരാതികളിൽ ബഹു ഭൂരിപക്ഷവും ആർത്തവ സംബന്ധിയാണ്. അവയെപ്പറ്റി പിന്നീടൊരിക്കൽ.