Friday, August 14, 2009

പന്നിപ്പനി. അറിയേണ്ട കാര്യങ്ങള്‍.

പന്നിപ്പനി തുടക്കത്തില്‍ പ്രധാനമായും പന്നികളില്‍ ഉണ്ടാകുന്ന ഒരു തരം ശ്വാസകോശ രോഗമായിരുന്നു. റ്റൈപ്പ്‌ A ഇന്‍ഫ്ലുവന്‍സ എന്നൊരു വൈറസാണ്‌ രോഗകാരണം. എന്നാല്‍ മുന്‍പും ഈ രോഗം മനുഷ്യരില്‍ കണ്ടിരുന്നു. അപ്പോള്‍ പക്ഷെ, ഇതിന്റെ പടരാനുള്ള ശേഷി തുലോം കുറവായിരുന്നു.
എന്നാല്‍ ഇന്‍ഫ്ലുവന്‍സ വൈറസുകളുടെ ഒരു പ്രത്യേകത, അവയ്ക്ക്‌ രൂപ സ്വഭാവ പരിണാമങ്ങള്‍ എളുപ്പത്തില്‍ സംഭവിക്കുന്നു എന്നതാണ്‌. ഇങ്ങനെ പുതുതായ്‌ രൂപമെടുത്ത ഒരിനമാണ്‌ ഇപ്പോഴത്തെ H1N1 വൈറസുകള്‍. ഇവയ്ക്ക്‌ മുന്‍ വൈറസുകളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യരുടെ ഇടയില്‍ വളരെ വേഗം പടരാന്‍ സാധിക്കും. ഈ വൈറസിനെ ആദ്യം കണ്ടെത്തുന്നത്‌ ഏപ്രില്‍ 2009 ല്‍ അമേരിക്കയിലാണ്‌.
രോഗലക്ഷണങ്ങള്‍:
സാധാരണ ഫ്ലൂ പോലെ തന്നെ ഇതിന്റെയും ലക്ഷണങ്ങള്‍ പനി, തലവേദന, ശരീരവേദന, തൊണ്ടവേദന, ചുമ, കുളിരും വിറയലും ഒക്കെതന്നെയാണ്‌. ചിലര്‍ക്ക്‌ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാവാം. പനി വരുന്ന സമയത്ത്‌, രോഗിക്ക്‌ ഒരു പക്ഷെ മുന്‍പേ തന്നെയുണ്ടായിരുന്ന മറ്റു രോഗങ്ങള്‍ വഷളായെന്നും വരാം. പനി ഗുരുതരമാവുന്ന പക്ഷം, ന്യുമോണിയായോ ശ്വാസപരാജയമോ സംഭവിക്കാവുന്നതാണ്‌, തന്മൂലം മരണവും.
പനി പടരുന്ന വിധം.
സാധാരണ ഫ്ലൂ പോലെ തന്നെ, പന്നിപ്പനിയും പകരുന്നത്‌ വായുവിലൂടെയാണ്‌. അസുഖം ബാധിച്ച വ്യക്തി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും രോഗകാരിയായ വൈറസ്‌ വായുവിലെത്തുകയും അത്‌ ശ്വസിക്കുന്ന മറ്റൊരാള്‍ക്ക്‌ രോഗം കിട്ടുകയും ചെയ്യുന്നു. ചിലപ്പോള്‍ സ്പര്‍ശനം വഴിയും പകരാം. സ്പര്‍ശനം മൂലം കൈയ്യിലോ മറ്റോ വൈറസ്‌ എത്തുകയും അറിയാതെ ആ കൈ കൊണ്ട്‌ കണ്ണിലോ വായിലോ മൂക്കിന്നുള്ളിലോ സ്പര്‍ശിക്കുമ്പോള്‍ വൈറസ്‌ ശരീരത്തിനുള്ളില്‍ കയറിപ്പറ്റുകയും ചെയ്യുന്നു.
പനി പകരുന്നതെപ്പോള്‍?
വൈറസ്‌ ബാധ ഉള്ള ഒരാളില്‍ നിന്ന് രോഗലക്ഷണം തുടങ്ങുന്നതിന്‌ ഒരു ദിവസം മുന്‍പ്‌ മുതല്‍ ലക്ഷണം തുടങ്ങി ഏഴു ദിവസം വരെ മറ്റുള്ളവരിലേക്ക്‌ രോഗം പകരാം. ചെറിയ കുട്ടികളില്‍ 10 ദിവസം വരെ പകര്‍ച്ച നീളാം. ലക്ഷണം തുടങ്ങുന്നതിനു മുന്‍പ്‌ തന്നെ പകരാന്‍ തുടങ്ങും എന്നതുകൊണ്ട്‌, രോഗികളായിട്ടുള്ളവരെ ഒഴിവാക്കുന്നതു കൊണ്ടു മാത്രം രോഗം ഒഴിവായിക്കിട്ടുന്നില്ല. പൊതുവായ മുന്‍കരുതലുകള്‍ പ്രധാനമാണ്‌.
രോഗം ബാധിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യാം?
രോഗം ബാധിച്ചവരുമായി, മുഖാമുഖം സംസാരിക്കുന്നതു പോലുള്ള അടുത്തിടപിഴകല്‍ ഒഴിവാക്കുക. കഴിയുമെങ്കില്‍ റ്റൗവലോ മാസ്കോ ഉപയോഗിച്ച്‌ മൂക്കും വായും മറയ്ക്കുക.
സ്പര്‍ശനം വഴി പകരാം എന്നു പറഞ്ഞു. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തു വരുന്ന വൈറസുകള്‍ 2 മണിക്കൂറോ അതിലധികമോ സമയം പുറത്ത്‌ ജീവനോടിരിക്കാം. ഈ രീതിയില്‍ ഫോണ്‍, വാതില്‍ പിടി, കളിപ്പാട്ടങ്ങള്‍ മുതലായവയൊക്കെ രോഗഹേതുവാകാം, ഹസ്തദാനം വരെ. കൈ കൊണ്ട്‌ കണ്ണു തിരുമ്മുകയോ വായില്‍ തൊടുകയോ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇടക്കിടെ കൈ കഴുകുന്നത്‌ ശീലമാക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച്‌ കൈ കഴുകുക. കഴുകുമ്പോള്‍ 15-20 സെക്കന്‍ഡ്‌ എങ്കിലും കൂട്ടിത്തിരുമ്മണം. വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ (ഉദാ: യാത്രക്കിടെ) ആല്‍ക്കഹോള്‍ അടങ്ങിയ ജെല്‍ ഹാന്‍ഡ്‌ വാഷ്‌ ഇപ്പോള്‍ ലഭ്യമാണ്‌. അതുപയോഗിക്കുക.
രോഗം ബാധിച്ചവര്‍ കഴിവതും വീട്ടില്‍ തന്നെ യിരിക്കുക. മറ്റുള്ളവരുമായി അധികം സഹവസിക്കാതിരിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമൊക്കെ ടൗവലോ ടിഷ്യൂവോ ഉപയോഗിച്ച്‌ വായു മൂക്കും മറയ്ക്കുക. അല്ലെങ്കില്‍ കൈ കൊണ്ട്‌ മറച്ചതിനു ശേഷം നന്നായി കൈ കഴുകുക.
അപകട ലക്ഷണങ്ങള്‍.
ഇനി പറയുന്ന എന്തെങ്കിലും ലക്ഷണങ്ങള്‍ പ്രകടമാകുന്ന പക്ഷം അത്യാഹിത വൈദ്യസഹായം തേടുക.
കുട്ടികളില്‍,
ശ്വാസം മുട്ടല്‍, അതി വേഗത്തിലുള്ള ശ്വാസോച്ഛ്വാസം.
ശരീരത്തിന്‌ നീല നിറഭേദം.
ശരീരത്ത്‌ ചുവന്ന അടയാളങ്ങള്‍ പ്രത്യക്ഷപ്പെടല്‍.
ആവശ്യത്തിന്‌ വെള്ളവും മറ്റു ദ്രാവകങ്ങളും കുടിക്കാതിരിക്കുക.
അതിയായ അസ്വസ്തത പ്രകടിപ്പിക്കുക, എടുക്കാന്‍ സമ്മതിക്കാതിരിക്കുക.
മാറിയ പനി ശക്തമായ ചുമയോടെ തിരിച്ചു വരുക.
എപ്പോഴും ഉറക്കം തൂങ്ങിയിരിക്കുക, സംസാരിക്കാന്‍ വിമുഖത കാണിക്കുക.
വലിയവരില്‍,
ശ്വാസതടസ്സം, വളരെവേഗത്തില്‍ ശ്വാസമെടുപ്പ്‌.
നെഞ്ചു വേദന, വിമ്മിഷ്ടം, ശക്തമായ വയറുവേദന.
അധികമായ ഛര്‍ദ്ദി.
പെട്ടന്നുണ്ടാകുന്ന തലചുറ്റല്‍.
ഓര്‍മ്മപ്പിശക്‌, സ്ഥലകാലബോധം നഷ്ടപ്പെട്ടപോലുള്ള പെരുമാറ്റം.
ചികില്‍സ.
വൈറസുകളെ കുറയൊക്കെ പ്രതിരോധിക്കുന്ന മരുന്നുകള്‍ ലഭ്യമാണ്‌. (ഒസല്‍റ്റാമിവിര്‍, സനാമിവിര്‍ മുതലായവ). ഈ മരുന്നുകള്‍ രോഗത്തിന്റെ തീവ്രത കുറക്കുന്നതിനും, പെട്ടന്ന് രോഗശാന്തി ലഭിക്കുന്നതിനും, ഗുരുതര പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിനും സഹായിക്കും. രോഗം അപകടാവസ്ഥയിലെത്തിയാല്‍ തീവ്രപരിചരണം ആവശ്യമാണ്‌.
പ്രതിരോധമരുന്നുകള്‍.
നിലവില്‍ ഫലപ്രദമായി പന്നിപ്പനിയെ പ്രതിരോധിക്കുന്ന മരുന്നുകളോ വാക്സിനുകളോ ലഭ്യമല്ല. നിലവിലുള്ള ഫ്ലൂ വാക്സിനുകള്‍ ഉപയോഗപ്പെടില്ല. H1N1 വൈറസിനുള്ള വാക്സിന്‍ ലഭ്യമാകാന്‍ 6-12 മാസം വരെ താമസം വന്നേക്കാം.
പ്രതിരോധമരുന്നുകളെപ്പറ്റി പല ഭാഗത്തുനിന്നും അവകാശവാദങ്ങളുണ്ടെങ്കിലും അവയൊന്നും ഒരു രീതിയിലും ഫലസിദ്ധി തെളിയിച്ചിട്ടുള്ളതല്ല. അത്‌ ഉപയോഗിക്കുന്നവര്‍ മറ്റു മുന്‍കരുതലുകളില്‍ (മുന്‍പ്‌ പറഞ്ഞ) ഒരു തരത്തിലുമുള്ള ഉപേക്ഷയും വരുത്തുവാന്‍ പാടില്ല.

Sunday, August 09, 2009

കോളറക്കാലത്തെ പ്രണയം.

കോളറക്കാലത്തെ പ്രണയം ആദ്യം വായിക്കുന്നത്‌ ഒരു ഇരുപത്‌ വര്‍ഷത്തോളം മുന്‍പാണ്‌. അന്നൊരിക്കല്‍ സാഹിത്യ വരഫലത്തില്‍ ശ്രീ എം. കൃഷ്ണന്‍ നായര്‍ എഴുതിയിരുന്നു, കഴിഞ്ഞ 30 വര്‍ഷത്തില്‍ ലോകത്തിലിറങ്ങിയ ഏറ്റവും നല്ല രണ്ടോ മൂന്നോ നോവലുകളിലൊന്നാണത്‌ എന്ന്. അതുകൊണ്ടു തന്നെ കോളറക്കാലത്തെ പ്രണയം വായിക്കണം എന്ന് ആഗ്രഹിച്ച്‌ നടക്കുമ്പോഴാണ്‌ യാദൃശ്ചികമായി ആ പുസ്തകം മുന്‍പില്‍ വന്നു പെടുന്നത്‌.

അന്ന് ഞാന്‍ കോളേജില്‍ നാലാം വര്‍ഷം പഠിക്കുകയാണ്‌. താമസം പാകിസ്താന്‍ എന്നു വിളിച്ചിരുന്ന ഒരു ലോഡ്ജില്‍. (കുറച്ചു നാള്‍ മുന്‍പ്‌ വരെ അവിടുത്തെ അന്തേവാസികളെല്ലാം മുസ്ലീംങ്ങള്‍ ആയിരുന്നത്രെ!) അവിടുത്തെ സഹവാസികളില്‍ ഒരാളായിരുന്നു ജയകുമാര്‍ (എന്നാണെന്റെ ഓര്‍മ്മ).അദ്ദേഹം അന്ന് മനോരാജ്യം വാരികയിലെ സഹപത്രാധിപരായിരുന്നു. മറ്റൊരാള്‍ ഇന്ന് അറിയപ്പെടുന്ന കവിയായ അന്‍വറും. അന്‍വറന്ന് മഹാത്മാ ഗാന്ധി യൂണിവാഴ്സിറ്റിയിലെ സ്കൂള്‍ ഒാഫ്‌ ലെറ്റേഴ്സില്‍ പഠിക്കുകയാണ്‌. അന്‍വറിന്റെ സഹപാഠിയായ ഒരു ജോര്‍ജ്ജ്‌ തോമസ്‌ പാകിസ്താനിലെ നിത്യസന്ദര്‍ശകനായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ അണ്ണന്‍ എന്നാണ്‌ വിളിച്ചിരുന്നത്‌. അണ്ണന്‌ അന്ന് തേക്കടി ആരണ്യാനിവാസില്‍ മാനേജരൊ മറ്റോ ആയി നല്ലൊരു ജോലിയുണ്ടായിരുന്നു. സാഹിത്യത്തിലെ അസ്കിത ഒന്നു കൊണ്ടാണ്‌ അതിട്ടിട്ട്‌ പഠിക്കാന്‍ വന്നിരിക്കുന്നത്‌.

ഒരു ദിവസം ജയകുമാറിന്റെ കൈയ്യില്‍ ഈ പുസ്തകം കണ്ടു. അദ്ദേഹം ആരോടോ വാങ്ങി വായിച്ചിട്ട്‌ തിരിച്ചു കൊടുക്കാന്‍ തുടങ്ങുകയായിരുന്നു. നാലഞ്ച്‌ ദിവസത്തിനുള്ളില്‍ വായിച്ച്‌ തിരിച്ചു നല്‍കാം എന്ന് ഉറപ്പില്‍ എനിക്കു തന്നു.

അതു വരെ കിട്ടിയിട്ടില്ലാത്ത ഒരു വായനാനുഭവം ആയിരുന്നത്‌. ക്ലാസ്സില്‍ പോകാതിരുന്നു പോലും പറഞ്ഞ സമയത്ത്‌ വായിച്ചു തീര്‍ത്തു. തിരിച്ചു കൊടുക്കണം എന്നതിനെക്കാള്‍ ആ പുസ്തകം താഴെ വെയ്ക്കാനായില്ല എന്നതായിരുന്നു സത്യം.

അന്നൊരിക്കല്‍ രാത്രിയിലെ ചര്‍ച്ചക്കിടയില്‍ ഞാന്‍ അണ്ണനോട്‌ ചോദിച്ചു, എന്തു കൊണ്ടാണ്‌ ഇത്ര മനോഹരമായ ഭാഷ മലയാള കൃതികളില്‍ വരാത്തതെന്ന്.
അണ്ണന്‍ പറഞ്ഞു, "ബാബുരാജ്‌ ധര്‍മ്മരാജ ഒന്നു വായിച്ചു നോക്കൂ, അല്ലെങ്കില്‍ മാര്‍ത്താണ്ഡവര്‍മ്മ." ധര്‍മ്മരാജ തപ്പിയ്യെടുത്തു വായിച്ചു, ബോദ്ധ്യപ്പെട്ടു. സി.വി, അങ്ങേയ്ക്കു പ്രണാമം. അതിനും ശേഷമാണ്‌ രണ്ടാമൂഴം വായിക്കുന്നത്‌.

കോളറക്കാലത്തെ പ്രണയം പിന്നീട്‌ മലയാളത്തില്‍ പരിഭാഷപ്പെടുത്തി ഇറങ്ങിയിരിക്കുന്നതു കണ്ടു. വായിച്ചു നോക്കാനായില്ല.


***                                              ***                                  ***                                         ***


ഇതൊക്കെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണമുണ്ട്‌. ഒരു സുഹൃത്തിനുവേണ്ടി, കഴിഞ്ഞ ദിവസം കോളറക്കാലത്തെ പ്രണയം കറണ്ട്‌ ബുക്ക്സില്‍ നിന്നും വാങ്ങിച്ചു. പെന്‍ഗ്വിന്‍ ബുക്ക്സ്‌ പ്രസിദ്ധീകരിച്ചത്‌. രാമായണവും ബൈബിളും തുറക്കുന്നതു പോലെ, വെറുതേ ഒരു പേജ്‌ തുറന്നു വായിച്ചു.


ഡോ:ജുവനാല്‍ ആബിനോ മനോഹരമായ മാര്‍ബിള്‍ പടികള്‍ ചവിട്ടി രണ്ടാം നിലയിലേക്ക്‌ കയറുമ്പോള്‍ ചിന്തിച്ചു ഇത്തരം സ്ഥലങ്ങളിലും കോളറ എത്തുമോ? പ്രകാശം കുറവായിരുന്ന മുറിയില്‍ കട്ടിലില്‍ ഫേമിന ദാസ ഇരുന്നിരുന്നു. ഡോക്റ്റര്‍ പരിശോധന തുടങ്ങി. അവളുടെ ആകാശനീലിമയാര്‍ന്ന നിശാവസ്ത്രത്തിന്റെ കുടുക്കുകള്‍ അഴിച്ച്‌, തന്റെ ചെവി അവളുടെ നെഞ്ചോട്‌ ചേര്‍ത്ത്‌ ഡോ: ആബിനോ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും സംഗീതം ശ്രവിച്ചു.

മകള്‍ക്ക്‌ കോളറയല്ല എന്ന വിവരം ലോറന്‍സോ ദാസയ്ക്ക്‌ വളരെ ആശ്വാസം നല്‍കി. അദ്ദേഹം വണ്ടിയുടെ അടുത്തുവരെ ഡോക്ടറെ അനുധാവനം ചെയ്തു. ഒരു സ്വര്‍ണ്ണനാണയം ഫീസും നല്‍കി. ധനികരുടെ കണക്കില്‍ പോലും അത്‌ വലിയ ഒരു ഫീസായിരുന്നു.

ഒരാഴ്ച കഴിഞ്ഞ്‌ തികച്ചും അപ്രതീക്ഷിതമായി ഡോക്ടര്‍ ദാസഭവനത്തില്‍ എത്തി. അപ്പോള്‍ ഫേമിന രണ്ട്‌ കൂട്ടുകാരികളുമൊത്ത്‌ ചിത്രരചനയിലായിരുന്നു. ഡോക്റ്റര്‍ പുറത്തു നിന്ന് ജനലിലൂടെ അവളോട്‌ അടുത്തേക്ക്‌ വരാന്‍ ആംഗ്യം കാണിച്ചു. ചിത്രരചനയ്ക്കായ്‌ ഒരു വിരുന്നിനു പോകാനെന്ന പോലെ ഒരുങ്ങിനിന്ന അവള്‍ പാവാട തട്ടാതിരിക്കാന്‍ അതല്‍പ്പം ഉയര്‍ത്തിപ്പിടിച്ച്‌ പെരുവിരല്‍ കുത്തി അവന്റെ അടുത്തേക്ക്‌ ചെന്നു. അയാള്‍ ജനലിലൂടെ അവളുടെ ഹൃദയസ്പന്ദനവും, വിളര്‍ച്ചയും, നാവും ഒക്കെ പരിശോധിച്ചു. എന്നിട്ട്‌ പറഞ്ഞു,"നീയൊരു വിടര്‍ന്നു വരുന്ന റോസമൊട്ടാണ്‌"

എന്നിട്ട്‌ വിശുദ്ധ തോമസിന്റെ വാക്യം തെറ്റിച്ച്‌ വിളമ്പുകയും ചെയ്തു. " മനോഹരമായ കാര്യങ്ങള്‍ എന്തുമാകട്ടെ, അതെല്ലാം പരിശുദ്ധാരൂപിയില്‍ നിന്നാണ്‌ ഉറവെടുക്കുന്നത്‌. ആട്ടേ, നിനക്ക്‌ സംഗീതം ഇഷ്ടമാണോ?"

ഫേമിന അന്തിച്ചു പോയി. അവള്‍ തന്റെ സഖികളെ നോക്കി, അവരാകട്ടെ കാര്യങ്ങള്‍ മനസ്സിലാകുന്ന രീതിയില്‍ അവളെ കളിയാക്കി ചിരിക്കുകയും, ചായത്തളികകൊണ്ട്‌ മുഖം മറയ്ക്കുകയും ചെയ്തു. അവള്‍ ജനല്‍ വലിച്ചടച്ചു.


ഡോക്ടര്‍ പോകാന്‍ തിരിഞ്ഞപ്പോള്‍ മുകളില്‍ നിന്നും ഒരു ആഞ്ജ കേട്ടു. 'ഡോക്ടര്‍ നില്‍ക്കൂ!' പാതി മുടങ്ങിയ ഉച്ചയുറക്കത്തില്‍ നിന്നും ഉണര്‍ന്ന് ലോറന്‍സോ ദാസ മുകളില്‍ നിന്നും ഇറങ്ങി വരുന്നു. 'ഞാന്‍.. ഞാന്‍ .. മോളോട്‌ നീയൊരു റോസപ്പൂപോലാണെന്ന് പറഞ്ഞതേയുള്ളൂ." ആബിനോ വിഷണ്ണനായി. "ഞാന്‍ എല്ലാം കാണുന്നുണ്ടായിരുന്നു. വരൂ" ലോറന്‍സോ ഫേമിന നിന്നിരുന്ന തയ്യല്‍ മുറിയിലേക്ക്‌ തിരക്കിട്ടു. "ഫേമിന ഇവിടെ വരൂ, നീ ഡോക്ടറോട്‌ ക്ഷമ പറയൂ" അയാള്‍ അഞ്ജാപിച്ചു. " ഹേയ്‌ അതിന്റെ ആവശ്യമൊന്നുമില്ല.." ആബിനോ ഫേമിനയെ രക്ഷിക്കാന്‍ ശ്രമിച്ചു. " അതിന്‌ ഞാനൊന്നും ചെയ്തില്ലല്ലോ"ഫേമിനയും പ്രതിഷേധിച്ചു. " ഒന്നും പറയണ്ട, ക്ഷമ പറയൂ!" ലൊറന്‍സോ ഉറച്ചു തന്നെ.

അവള്‍ തന്റെ വലതുകാല്‍ നീട്ടി വെച്ച്‌, പാവാടത്തുന്‍പ്‌ വിരല്‍ കൊണ്ട്‌ അല്‍പ്പമുയര്‍ത്തി ഉപചാരപൂര്‍വ്വം പറഞ്ഞു, " സംഭവിച്ചു പോയതിന്‌ ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു." " അതു സാരമില്ല, പോട്ടെ." അവളുടെ കണ്ണില്‍ സ്നേഹത്തിന്റെ ഒരു തുടിപ്പുണ്ടാകുമെന്ന് ആബിനോ പ്രതീക്ഷിച്ചു. പക്ഷെ അതുണ്ടായില്ല.


"ഡോക്ടര്‍, ഒരു കാപ്പി കുടിച്ചിട്ട്‌ പോകാം." ലൊറന്‍സോ നടന്നു. രാവിലത്തെ ഒരു കപ്പൊഴികെ, കാപ്പി കുടിക്കുന്ന സ്വഭാവം ഡോ: ജുവനാല്‍ ആബിനോയ്ക്കുണ്ടായിരുന്നില്ല. വളരെ അപൂര്‍വ്വമായി മാത്രം ഭക്ഷണത്തിനൊപ്പം അല്‍പ്പം വീഞ്ഞ്‌. എന്നാലന്ന് ലൊറന്‍സൊ ഒന്നിനു പിന്നാലെയായ്‌ ഒഴിച്ചു കൊടുത്ത അനവധി കപ്പ്‌ കാപ്പിയും അനവധി ഗ്ലാസ്സ്‌ വീഞ്ഞും ആബിനോ അകത്താക്കി.

Wednesday, August 05, 2009

പൊക്കിള്‍ക്കൊടി രക്ത ബാങ്കിങ്ങും മൂലകോശങ്ങളും. (Cord blood banking and stem cells) ..3

ഞാന്‍ പൊക്കിള്‍ക്കൊടി രക്ത ബാങ്കിംഗില്‍ ഏര്‍പ്പെടേണ്ടതുണ്ടോ?
സ്വകാര്യബാങ്കുകള്‍ ആവശ്യപ്പെടുന്ന തുക നിങ്ങളെ സംബന്ധിച്ച്‌ നിസ്സാരമാണെങ്കില്‍ അവരുമായൊരു കരാറില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റില്ല. പക്ഷെ അത്‌ ശാസ്ത്രീയമായി ന്യായീകരിക്കപ്പെടുന്നില്ല. എന്നാല്‍ ഗര്‍ഭസ്ഥശിശുവിന്റെ സഹോദരങ്ങള്‍ക്കോ, മാതാപിതാക്കള്‍ക്കോ, മറ്റു ബന്ധുക്കള്‍ക്കോ (അവര്‍ക്കോക്കെ ഈ മൂലകോശങ്ങള്‍ ഉപയോഗപ്പെട്ടേക്കും എന്നു നമ്മള്‍ നേരത്തേ പറഞ്ഞു) മൂലകോശ ചികില്‍സകൊണ്ട്‌ ഉപയോഗമുള്ള ഒരു അവസ്ഥ ഉണ്ടെങ്കില്‍ തീര്‍ച്ചയായും നല്ലതു തന്നെ.
മൂലകോശ ചികില്‍സയുടെ എല്ലാ ശാഖകളും ഇപ്പോള്‍ ശൈശവാവസ്ഥയിലാണ്‌. മറ്റു ശാഖകളെ അപേക്ഷിച്ച്‌ പൊക്കിള്‍ക്കൊടി മൂലകോശങ്ങള്‍ക്ക്‌ പ്രകടമായ മുന്‍കൈയൊന്നുമില്ല. മറിച്ച്‌ മറ്റു ശാഖകളാണ്‌ കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത്‌. അതു കൊണ്ട്‌ ഇരുപതോ മുപ്പതോ വര്‍ഷം കഴിയുമ്പോള്‍ ഇപ്പോള്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന ഈ കോശങ്ങള്‍ക്ക്‌ എന്തെങ്കിലും പ്രാധാന്യം ഉണ്ടാകുമോ എന്നു കണ്ടറിയണം. മിക്കവാറും അപ്പോഴേക്കും ഇതൊരു പഴഞ്ചന്‍ സാങ്കേതികതയാവാനാണു സാദ്ധ്യത.
നിലവിലുള്ള സാങ്കേതിക വിദ്യയനുസരിച്ചാണ്‌ മൂലകോശങ്ങളെ സൂക്ഷിക്കുന്നത്‌. ശീതാവസ്ഥയില്‍ നിന്ന് ചൂടാക്കിയെടുക്കുമ്പോള്‍ അവയ്ക്ക്‌ ജീവനുണ്ടാകുമെന്നേ ഉറപ്പുള്ളൂ. വീണ്ടും വിഘടിക്കുകയും പരിവര്‍ത്തനം വരികയും ചെയ്യുക എന്നത്‌ അത്യന്തം സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാണ്‌. ഈ കോശങ്ങള്‍ നാലോ അഞ്ചോ പതിറ്റാണ്ടുകള്‍ക്കു ശേഷം തൃപ്തികരമായി പ്രവര്‍ത്തിക്കുമോ എന്നതിന്‌ യാതൊരു ഉറപ്പുമില്ല.
ഈ സാങ്കേതികവിദ്യ ഉപയോഗപ്രദമാണെങ്കില്‍ തന്നെ നിങ്ങള്‍ക്ക്‌ ഇത്‌ എത്രമാത്രം ആവശ്യം വരും? അമേരിക്കയില്‍ നടന്ന പഠനങ്ങളില്‍ നിങ്ങള്‍ക്ക്‌ സ്വന്തം മൂലകോശങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യം (70 വയസ്സ്‌ വരെ ആയുസ്സ്‌ കൂട്ടുമ്പോള്‍) 435ല്‍ ഒന്നു മാത്രമാണ്‌. നിങ്ങളുടെ കുട്ടി അതില്‍ പെടുമെന്ന് ഉറപ്പുണ്ടോ?
ശരീരത്തിന്റെ പ്രതിരോധശേഷിക്ക്‌ ഭംഗം വരുന്നതു മൂലമുള്ള രോഗങ്ങളില്‍ മൂലകോശ ചികില്‍സ ഉപയോഗപ്പെട്ടേക്കില്ല. കാരണം രോഗത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ മൂലകോശങ്ങളിലും പ്രകടമായേക്കും. ഇതു തന്നെയാണ്‌ അര്‍ബുദത്തിന്റെ കാര്യത്തിലും. ആര്‍ബുദത്തിനു കാരണമായ ജീനുകള്‍ മൂലകോശങ്ങളിലും കാണുമല്ലോ.
പൊക്കിള്‍ക്കൊടിയില്‍ നിന്നും സംഭരിച്ച്‌ സംസ്കരിക്കുന്ന മൂലകോശങ്ങള്‍ പലപ്പോഴും (75% സന്ദര്‍ഭങ്ങള്‍ വരെ) ആവശ്യത്തിനു തികയാറില്ല.
പ്രധാനപ്പെട്ട ഒരു കാര്യം കൂടിയുണ്ട്‌. പൊക്കിള്‍ക്കൊടിയില്‍ ഇത്രമാത്രം മൂലകോശങ്ങള്‍ ഉള്ളത്‌ വെറുതെയാകുമോ? അത്‌ നവജാതശിശുവിന്റെ സ്വാഭാവിക ആവശ്യത്തിനുള്ളതാവില്ലേ? അങ്ങിനെയെങ്കില്‍ അത്‌ ഊറ്റിയെടുക്കുന്നത്‌ ശിശുവിനെ വിപരീതമായി ബാധിക്കില്ലേ? ഈ സംശയങ്ങളും ന്യായം തന്നെ.
 അമേരിക്കയിലേയും ഇംഗ്ലണ്ടിലേയും മെഡിക്കല്‍ സംഘടനകള്‍ സ്വകാര്യ പൊക്കിള്‍ക്കൊടി രക്ത ബാങ്കിങ്ങിനെ അനുകൂലിക്കുന്നില്ല. ഇറ്റലി, ഫ്രാന്‍സ്‌ മുതലായ രാജ്യങ്ങള്‍ അത്‌ നിരോധിച്ചിട്ടുമുണ്ട്‌. ഏതായാലും നിലവിലുള്ള പൊക്കിള്‍ക്കൊടി രക്ത ബാങ്കിംഗ്‌ വാണിജ്യലക്ഷ്യങ്ങള്‍ മാത്രം മുന്‍ നിറുത്തിയുള്ളതാണ്‌.

Monday, August 03, 2009

പൊക്കിള്‍ക്കൊടി രക്ത ബാങ്കിങ്ങും മൂലകോശങ്ങളും. (Cord blood banking and stem cells) ..2

മൂലകോശ ചികില്‍സയിലെ പ്രശ്നങ്ങള്‍.
മൂലകോശങ്ങളുടെ തരം അനുസരിച്ച്‌ അവയെ വിഭിന്ന കോശങ്ങളാക്കി മാറ്റാന്‍ സാധിക്കും എന്നു നാം മനസ്സിലാക്കി. ആദിഭ്രൂണ കോശങ്ങളെ ഏതു തരത്തിലുള്ള കോശങ്ങളുമാക്കാം. പൊക്കിള്‍ക്കൊടി മൂലകോശങ്ങളെയും മനുഷ്യമൂലകോശങ്ങളേയും അതതു വിഭാഗത്തിലുള്ള കോശമാക്കാം. ഒന്നേ വേണ്ടൂ, മൂലകോശങ്ങളുടെ ഭാഷ മനസ്സിലാക്കണം. മൂലകോശങ്ങള്‍ക്ക്‌ മനസ്സിലാകുന്ന വിധത്തില്‍ അവയോട്‌ പരിവര്‍ത്തനം വരുത്താന്‍ പറയാന്‍ നമുക്ക്‌ കഴിയണം. ഈ വിഷയത്തിലാണ്‌ പ്രധാന പരീക്ഷണങ്ങള്‍ നടക്കുന്നത്‌. സമീപ ഭാവിയില്‍ മൂലകോശങ്ങളുമായി ഫലപ്രദമായി സംവദിക്കാന്‍ നമുക്കു സാധിക്കും എന്നു പ്രതീക്ഷിക്കുന്നു.
ഇത്രത്തോളം ഒക്കെ ശുഭകരം. ഏറ്റവും പരിവര്‍ത്തന സാദ്ധ്യതയുള്ളത്‌ ആദി ഭ്രൂണകോശങ്ങള്‍ക്കാണെന്നു നമ്മള്‍ കണ്ടു. പക്ഷെ അവയുടെ ലഭ്യത ഒരു പ്രശ്നം തന്നെയാണ്‌. ഈ ഭ്രൂണങ്ങള്‍ സാധാരണമായി ലഭിക്കുന്നത്‌ ടെസ്റ്റ്‌ റ്റൂബ്ശിശു പരീക്ഷണങ്ങളില്‍ അധികമായി വരുന്ന ഭ്രൂണങ്ങളില്‍ നിന്നാണ്‌. എന്നാല്‍ ഇതു ഉപയോഗിക്കുന്നതില്‍ നിന്നും മതഭ്രാന്തന്മാരില്‍ നിന്നും ശക്തമായ പ്രതിഷേധമുണ്ട്‌. മതം ഇന്നത്തെ രീതിയില്‍ ഒരു ശക്തമായ തടസ്സമായി നില്‍ക്കുന്നിടത്തോളം ഈ രീതിയിലുള്ള പരീക്ഷണങ്ങള്‍ അധികം മുന്നോട്ട്‌ പോകാന്‍ സാദ്ധ്യതയില്ല.
സാധാരണ മൂലകോശങ്ങളെ ആവശ്യാനുസരണം കണ്ടെത്തുകയും അവയുടെ ഒരു പിന്തുടര്‍ച്ചയുണ്ടാക്കുകയും ആവശ്യാവസരങ്ങളില്‍ അവശ്യസ്ഥലങ്ങളില്‍ നല്‍കി ഫലം നേടാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്‌ ഒരു വിഭാഗം ഗവേഷകര്‍. ഇതു വളരെ പ്രതീക്ഷ നല്‍കുന്ന ഒരു രംഗമാണ്‌. പ്രമേഹം, മസ്തിഷ്കാഘാതം, ഹൃദയാഘാതം, പാര്‍ക്കിന്‍സോണിസം എന്നീ രോഗങ്ങളില്‍ ഇത്‌ വളരെ ഗുണം ചെയ്യും. അതു പോലെ തന്നെ പ്രതീക്ഷ നല്‍കുന്ന ഒരു രംഗമാണ്‌ സാധാരണ കോശങ്ങളെ അനുനയിപ്പിച്ച്‌ മൂലകോശങ്ങളക്കുന്ന രീതി.
പൊക്കിള്‍ക്കൊടി രക്തത്തിലെ മൂലകോശങ്ങള്‍.
ഇനിയുള്ള മൂലകോശ ശ്രോതസ്സാണ്‌ പൊക്കിള്‍ക്കൊടി രക്തം. അതില്‍ വളരെ നല്ല തോതില്‍ രക്തനിര്‍മ്മാണത്തിനാവശ്യമുള്ള മൂലകോശങ്ങളുണ്ട്‌. മറ്റു കോശങ്ങള്‍ക്കുള്ള മൂലകോശങ്ങള്‍ അതില്‍ അത്ര ഫലപ്രദമല്ല. എന്നാല്‍ നമുക്ക്‌ മനസ്സിലാക്കാവുന്ന പോലെ തന്നെ വളരെ വാണിജ്യ സാദ്ധ്യതയുള്ള ഒന്നാണത്‌. അതു കൊണ്ടു തന്നെയാണ്‌ ലൈഫ്‌ സെല്ലും അതുപോലുള്ള അനേകം കമ്പനികളും ആ രംഗത്ത്‌ നില്‍ക്കുന്നതും മല്‍സരിക്കുന്നതും.
പൊക്കിള്‍ക്കൊടി രക്തമൂലകോശങ്ങള്‍ പ്രധാനമായും രക്തനിര്‍മ്മാണത്തിനുള്ളതാണെന്ന് നാം കണ്ടു. അതു കൊണ്ടു തന്നെ, ഭാവിയിലുണ്ടായേക്കാവുന്ന രക്തസംബന്ധിയായ രോഗങ്ങളില്‍ അത്‌ ഉപയോഗപ്പെട്ടേക്കാം. താലസ്സീമിയ, രക്താര്‍ബുദം, വിവിധ തരത്തിലുള്ള വിളര്‍ച്ചകള്‍ എന്നിവയൊക്കെ അതില്‍ വരും. അതു കൊണ്ട്‌ പൊക്കിള്‍ക്കൊടി രക്ത മൂലകോശങ്ങള്‍ സൂക്ഷിച്ചു വെച്ചാല്‍ അതു കൊണ്ട്‌ ഭാവിയില്‍ ഒരു പക്ഷെ ഉപയോഗമുണ്ടായെന്നു വരാം. ഇതിന്റെ മറ്റൊരു ഗുണം ഇങ്ങനെ സൂക്ഷിച്ചു വെയ്ക്കുന്ന കോശങ്ങള്‍ അതിന്റെ ഉടമസ്ഥനു മാത്രമല്ല, സഹോദരങ്ങള്‍ക്കും, മാതാപിതാക്കള്‍ക്കും ഒരു പക്ഷെ മറ്റു കുടുംബാംങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും. ഇതു തീര്‍ച്ചയായും ഒരു പ്രധാന ഗുണം തന്നെയാണ്‌.
പൊക്കിള്‍ക്കൊടി രക്ത ബാങ്കിംഗ്‌.
ലൈഫ്‌ സെല്‍ പോലുള്ള കമ്പനികള്‍ നമുക്ക്‌ നല്‍കുന്നത്‌ വലിയ സുന്ദരമോഹന വാഗ്ദാനങ്ങളാണ്‌. ഒരു നിസ്സാര തുകയ്ക്ക്‌ ('വെറും 80,000 രൂപ'. അതിനവര്‍ ലോണ്‍ വരെ ഏര്‍പ്പാടാക്കി തരും) നിങ്ങളുടെ കുട്ടിയുടെ സകല ആരോഗ്യ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്ന രീതിയിലാണ്‌ ബ്രോഷര്‍. അവരുമായി ഒരു കരാറിലേര്‍പ്പെട്ടാല്‍ അവര്‍ ചെയ്യുന്നത്‌ ഇതാണ്‌.
കുട്ടി ജനിച്ചു കഴിഞ്ഞാല്‍ ഉടന്‍ പൊക്കിള്‍കൊടിയില്‍ നിന്നും രക്തം ശേഖരിക്കും. ഇത്‌ ഏകദേശം 75 മുതല്‍ 100 ml വരെ ഉണ്ടാകും. ഈ രക്തം അവരുടെ ലാബോര്‍ട്ടറിയില്‍ എത്തിച്ച്‌ എയ്ഡ്സ്‌, മഞ്ഞപ്പിത്തം തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കും. തുടര്‍ന്ന് ചില രാസവസ്തുക്കള്‍ ചേര്‍ത്ത്‌ ചുറ്റിച്ച്‌ രക്തത്തിലെ ശ്വേതാണുക്കള്‍ തിരിച്ചെടുക്കുന്നു. അവയില്‍ നിന്ന് മൂലകോശങ്ങളെ തിരിച്ചെടുത്ത്‌ മറ്റു ചില രാസവസ്തുക്കള്‍ ചേര്‍ത്ത്‌ ശിതീകരിക്കുന്നു. ഇതിനെ ഏകദേശം -190 ഡിഗ്രിയില്‍ കാലാകാലത്തോളം സൂക്ഷിക്കും. അഗ്നിബാധ, വെള്ളപ്പൊക്കം, ഭൂകമ്പം, ബോംബുകള്‍ ഇവയൊന്നും ബാധിക്കാത്ത രീതിയിലാണ്‌ സൂക്ഷിക്കുന്നതെന്നാണ്‌ ലൈഫ്‌ സെല്ലിന്റെ അവകാശവാദം.
പൊക്കിള്‍ക്കൊടി രക്തബാങ്കുകള്‍ രണ്ടു വിധത്തിലുണ്ട്‌. പൊതുമേഖലയിലേയും സ്വകാര്യ മേഖലയിലേയും. പൊതു മേഖലാ ബാങ്കുകളില്‍ നിങ്ങള്‍ക്ക്‌ സ്വന്ത ഇഷ്ടപ്രകാരം രക്തം ദാനം ചെയ്യാം. അത്‌ നിങ്ങളുടെ പേരിലാവില്ല സൂക്ഷിക്കുന്നത്‌. പിന്നീട്‌ ഒരിക്കല്‍ നിങ്ങള്‍ക്ക്‌ അത്‌ ആവശ്യമായി വന്നാല്‍ നിങ്ങള്‍ നല്‍കിയ മൂലകോശങ്ങള്‍ തന്നെ തിരിച്ചു കിട്ടുമെന്ന് ഉറപ്പുമില്ല. കോശങ്ങളുടെ ചേര്‍ച്ച പരിശോധിച്ച്‌ ചേരുന്ന ഒന്ന് നിങ്ങള്‍ക്ക്‌ ലഭിക്കും എന്നു മാത്രം. എന്നാല്‍ പൊതു മേഖല ബാങ്കുകളുടെ സേവനം നമുക്ക്‌ ഇന്‍ഡ്യയില്‍ ലഭ്യമല്ല താനും. വിദേശത്തു പോലും ഈ ബാങ്കുകളുടെ പ്രവര്‍ത്തന ചിലവ്‌ അധികമായതിനാല്‍ അധികം ബാങ്കുകളില്ല.
സ്വകാര്യ ബാങ്കുകളില്‍ നിങ്ങള്‍ പണം നല്‍കേണ്ടതുണ്ട്‌. എന്നാലിവിടെ നിങ്ങള്‍ നല്‍കുന്ന കോശങ്ങള്‍ നിങ്ങളുടെ പേരില്‍ തന്നെയാണ്‌ സൂക്ഷിക്കുന്നത്‌. നിങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം നിങ്ങള്‍ക്കു തന്നെ അതു തിരിച്ചു കിട്ടും.
അടുത്ത ഭാഗം:
ഞാന്‍ പൊക്കിള്‍ക്കൊടി രക്ത ബാങ്കിംഗില്‍ ഏര്‍പ്പെടേണ്ടതുണ്ടോ?

Sunday, August 02, 2009

പൊക്കിള്‍ക്കൊടി രക്ത ബാങ്കിങ്ങും മൂലകോശങ്ങളും. (Cord blood banking and stem cells) ..1

ലൈഫ്‌ സെല്‍ എന്ന സ്ഥാപനം കേരളത്തിലും പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. നവജാത ശിശുക്കളുടെ പൊക്കിള്‍ക്കൊടിയിലെ രക്തസംഭരണവും സൂക്ഷിക്കലുമാണ്‌ അവരുടെ പ്രവര്‍ത്തന രംഗം. ഒരു ശിശു ജനിക്കുമ്പോള്‍ തന്നെ അതിന്റെ പൊക്കിള്‍ കൊടിയില്‍ നിന്ന് രക്തം ശേഖരിച്ച്‌,സംസ്കരിച്ച്‌ ദീര്‍ഘകാലം സൂക്ഷിച്ചു വെയ്ക്കുകയും ആവശ്യം വരുമ്പോള്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നതിന്റെ ആവശ്യം എന്താണ്‌? പൊക്കിള്‍ക്കൊടി രക്തത്തില്‍ വലിയ തോതില്‍ മൂലകോശങ്ങള്‍ (stem cells) അടങ്ങിയിരിക്കുന്നു. ഈ മൂലകോശങ്ങള്‍ ഭാവിയില്‍ ഈ കുട്ടിക്കുണ്ടായേക്കാവുന്ന പല രോഗങ്ങളുടേയും ചികില്‍സക്കുപയോഗപ്പെടുത്താം എന്നാണ്‌ പ്രതീക്ഷ. 75 ല്‍ അധികം രോഗങ്ങള്‍ക്ക്‌ ഇത്‌ പ്രയോജനപ്പെട്ടേക്കും എന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്‌. അതായത്‌ ഈ മൂലകോശങ്ങള്‍ ആ കുട്ടിക്ക്‌ ഒരു മൃതസഞ്ജീവനിയാകും എന്നു ചുരുക്കം.
എന്താണ്‌ ഈ മൂലകോശങ്ങള്‍?
നമുക്കറിയാം നമ്മുടെ ശരീരം പലതരം കോശങ്ങള്‍ കൊണ്ടാണ്‌ നിര്‍മ്മിതമായിട്ടുള്ളത്‌. ത്വക്കിനൊരുതരം, മസിലുകള്‍ക്ക്‌ വേറൊന്ന്, ഹൃദയത്തിനൊന്ന്, തലച്ചോറിന്‌ ഇനി വേറൊരു തരം അങ്ങിനെ അങ്ങിനെ. അതില്‍ തന്നെ അനേകതരം ഉപ വിഭാഗങ്ങളുമുണ്ട്‌. എന്നാല്‍ ഈ വ്യത്യസ്ഥ കലകളെല്ലാം തന്നെ ഒരു അടിസ്ഥാന കോശത്തില്‍ (അണ്ഠവും ബീജവും ചേര്‍ന്നുണ്ടായ) നിന്നാണല്ലോ തുടക്കം. ഈ അടിസ്ഥാന കോശത്തില്‍ നിന്ന് ഈ പലതരം, -അതും ഒന്നോടൊന്ന് യാതൊരു സാമ്യവുമില്ലാത്ത - വ്യത്യസ്ഥ കോശങ്ങള്‍ എങ്ങനെയുണ്ടാവുന്നു? വാസ്തവം ഇതാണ്‌, ഈ എല്ലാ കോശങ്ങളുടേയും അടിസ്ഥാന ജനിതകവസ്തു (gene) ഒരേ പോലെയാണ്‌. അവയില്‍ ചിലവ ചില പ്രത്യേക സൂചനകളുടേയോ സംഞ്ജകളുടേയോ അടിസ്ഥാനത്തില്‍ ചില സവിശേഷ പ്രോട്ടീനുകള്‍ ഉല്‍പ്പാദിപ്പിക്കുകയും തല്‍ഫലമായി ചില പ്രത്യേക സ്വഭാവം കൈവരിക്കുകയും ചെയ്യുന്നു. വളരെയധികം തരത്തിലുള്ള പ്രോട്ടീനുകള്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ ഉള്ള സൂചകങ്ങള്‍ അടങ്ങുന്നതാണ്‌ ഓരോ കോശത്തിലുമുള്ള ജനിതക വസ്തു. എന്നാല്‍ എല്ലാ കോശങ്ങളും എല്ലാ പ്രോട്ടീനുകളും ഉല്‍പ്പാദിപ്പിക്കുന്നില്ല. ഓരോ കോശങ്ങളും അവയ്ക്ക്‌ സവിശേഷമായ ചില പ്രോട്ടീനുകള്‍ മാത്രമാണ്‌ ഉണ്ടാക്കുന്നത്‌. അതാണ്‌ അവയെ വ്യത്യസ്ഥമാക്കുന്നതും. അതായത്‌ അടിസ്ഥാന കോശങ്ങള്‍ക്ക്‌ കിട്ടുന്ന സവിശേഷ സൂചനകളുടെ അല്ലെങ്കില്‍ സംഞ്ജകളുടെ അടിസ്ഥാനത്തില്‍ അവ സവിശേഷ രൂപം പ്രാപിക്കുന്നു. എന്നാല്‍ ഈ കഴിവ്‌ എല്ലാ കോശങ്ങള്‍ക്കുമില്ല. ഉദാഹരണമായി മസിലുകളിലെ കോശത്തിന്‌ രൂപാന്തരം പ്രാപിച്ച്‌ തലച്ചോറിലെ കോശമാകാന്‍ കഴിയില്ല. ഇത്‌ ചില പ്രത്യേക കോശങ്ങള്‍ക്ക്‌ മാത്രമുള്ള കഴിവാണ്‌. ഇങ്ങനെ പല തരത്തില്‍ രൂപാന്തരം പ്രാപിക്കാന്‍ കഴിവുള്ള കോശങ്ങളാണ്‌ മൂലകോശങ്ങള്‍.
മൂലകോശങ്ങള്‍ പല തരം.
മേല്‍ പറഞ്ഞതില്‍ നിന്നു തന്നെ നമുക്കറിയാം, ബീജ സങ്കലനം നടന്ന അണ്ഠത്തില്‍ നിന്നുരുവായ ആദി കോശങ്ങള്‍ മൂലകോശങ്ങളാവണം, കാരണം അതില്‍ നിന്നാണല്ലോ സകല ശരീര കോശങ്ങളും ഉണ്ടാകുന്നത്‌. ഇവയ്ക്ക്‌ ആദി ഭ്രൂണ മൂലകോശങ്ങള്‍ എന്നു പറയാം. ഏതൊരു തരം കോശമായും രൂപാന്തരം പ്രാപിക്കാന്‍ കഴിയുന്നവയാണ്‌ അവ. കുറച്ചു കഴിയുമ്പോള്‍ ഈ ആദി കോശങ്ങള്‍ രണ്ടു വിഭാഗമായി മാറുന്ന ഒരു അവസ്ഥയിലെത്തും, അതിലൊരു ഭാഗം മറു പിള്ളയായും മറ്റേ ഭാഗം ശിശുവായും രൂപാന്തരം പ്രാപിക്കാന്‍ തയ്യാറാകും. ശിശുവാകുന്ന ഭാഗവും മൂലകോശങ്ങളുടെ ഒരു കൂട്ടമാണ്‌, പക്ഷെ അവയ്ക്ക്‌ ശിശുവായി തീരാനുള്ള കോശങ്ങളെ ഉല്‍പ്പാദിപ്പിക്കാനാവൂ. അതിനു ശേഷം ഭ്രൂണ മൂലകോശങ്ങള്‍ ഉണ്ടാകും. നാലാമതൊരു വിഭാഗം മൂലകോശങ്ങള്‍ കാണുന്നത്‌ പൊക്കിള്‍ക്കൊടി രക്തത്തിലാണ്‌. സാധാരണ മനുഷ്യ ശരീരത്തിലും മൂലകോശങ്ങള്‍ ഉണ്ട്‌, അതാണ്‌ അഞ്ചാമത്തെ തരം. പൊക്കിള്‍ക്കൊടിയിലുള്ളവയ്ക്കും സാധാരണ ശരീരത്തിലുള്ളവയ്ക്കും അതിനു മുന്‍ പറഞ്ഞവയെ അപേക്ഷിച്ച്‌ രൂപാന്തരം പ്രാപിക്കാനുള്ള കഴിവ്‌ പരിമിതമാണ്‌. ഉദാഹരണമായി, രക്തത്തിന്റെ അണുക്കളായി മാറാന്‍ കഴിവുള്ള മൂലകോശങ്ങള്‍ക്ക്‌ ഹൃദയപേശികളായി മാറാനാവില്ല. അതു പോലെ ഹൃദയപേശികളാകാന്‍ കഴിയുന്നവര്‍ക്ക്‌ തലച്ചോറിലെ കോശങ്ങള്‍ ആകാനാവില്ല.
മൂല കോശങ്ങളുടെ പ്രാധാന്യം.
മനുഷ്യശരീരം രൂപപ്പെടുത്തുന്നതില്‍ മൂലകോശങ്ങള്‍ക്കുള്ള പ്രാധാന്യം മനുക്ക്‌ മനസ്സിലായി. പക്ഷെ അതൊക്കെ ഭ്രൂണകോശങ്ങള്‍ക്ക്‌ ബാധകമാകുന്നതല്ലേ? വിവിധ കോശങ്ങളും കലകളും രൂപപ്പെട്ടതിനു ശേഷമുള്ള കാലത്തെ, അതായത്‌ പൊക്കിള്‍ക്കൊടിയിലേയും സാധാരണ ശരീരത്തിലേയും മൂലകോശങ്ങളുടെ പ്രവര്‍ത്തനമെന്താണ്‌? പ്രധാനമായും, രൂപപ്പെടുകയും നശിക്കുകയും ചെയ്യുന്ന ശരീര കലകളുടെ (ഉദാഹരണമായി രക്ത കോശങ്ങള്‍) ഉല്‍പ്പാദനം. പിന്നെ നാശം സംഭവിക്കുന്ന കലകളുടെ പുനര്‍ നിര്‍മ്മാണം. ഈ പുനര്‍നിര്‍മ്മാണ പ്രക്രിയ അടുത്ത കാലത്തു വരെ ശാസ്ത്രലോകത്തിന്‌ വലിയ ഗ്രാഹ്യമൊന്നുമില്ലാതിരുന്ന ഒരു കാര്യമാണ്‌. കേവലം 20 വര്‍ഷം മുന്‍പ്‌ വരെ തലച്ചോറിലെ കോശങ്ങള്‍ ഒരിക്കല്‍ നശിച്ചാല്‍ പിന്നെ ഒരിക്കലും നന്നാക്കപ്പെടുന്നില്ല എന്നാണ്‌ നാം ധരിച്ചിരുന്നത്‌. പക്ഷെ ചില വിഭാഗം മൂല കോശങ്ങള്‍ ആ പ്രവര്‍ത്തനത്തിലുണ്ട്‌. സത്യത്തില്‍ നാം കരുതിയിരുന്നതിലും വളരെയധികം തരം മൂലകോശങ്ങള്‍ നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തനക്ഷമമാണ്‌.
നമ്മുടെ ശരീരത്തിലെ കലകള്‍ക്ക്‌ ക്ഷതം സംഭവിക്കുമ്പോള്‍, ആ കലകളോട്‌ ബന്ധപ്പെട്ട മൂലകോശങ്ങള്‍ അത്‌ ഗ്രഹിക്കുകയും പുനര്‍നിര്‍മ്മാണത്തിന്‌ ശ്രമിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്‌ ഹൃദയാഘാതം എടുക്കാം. ഹൃദയാഘാതം എന്നു പറയുന്നത്‌, ഹൃദയത്തിലെ പേശികള്‍ക്ക്‌ ആവശ്യമായ ഓക്സിജന്‍ കിട്ടാതെ വരുന്നതും തല്‍ഫലമായി ക്ഷതം സംഭവിക്കുന്ന പേശികള്‍ നശിച്ചു പോകുന്നതും ആണ്‌. ഹൃദയത്തില്‍ ഹൃദയ പേശികളായി മാറാന്‍ കഴിവുള്ള മൂലകോശങ്ങളുണ്ട്‌. സാധാരണ ഹൃദയപേശികള്‍ക്ക്‌ നാശം സംഭവിക്കുമ്പോള്‍ ബന്ധപ്പെട്ട മൂലകോശങ്ങള്‍ അതറിയുകയും പുതിയ ഹൃദയപേശികളായി രൂപം മാറി പരുക്ക്‌ തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഇപ്പോള്‍ നമ്മള്‍ ശ്രദ്ധിക്കുന്ന ചില കാര്യങ്ങളുണ്ട്‌. ഈ മൂല കോശങ്ങള്‍ക്ക്‌ പരിക്കിനെ പറ്റിയും അതിന്റെ തീവ്രതയെപ്പറ്റിയും അറിവു കിട്ടുന്നത്‌ എങ്ങിനെയാണ്‌? പരിക്കുകള്‍ പരിഹരിക്കാന്‍ അവ ശ്രമിക്കുന്നുണ്ടെന്നു പറഞ്ഞാലും അതൊരിക്കലും പൂര്‍ണ്ണതോതിലാവുന്നില്ല എന്നും നമുക്കറിയാം. അങ്ങിനെയെങ്കില്‍ ഏതെങ്കിലും രീതിയില്‍ മൂലകോശങ്ങളെക്കൊണ്ട്‌ അധികമായി പണിയെടുപ്പിച്ചാല്‍ ഈ പരിക്ക്‌ കുറച്ചു കൂടി നല്ല രീതിയില്‍ ഭേദപ്പെടുത്താനാവില്ലേ? അതിനായി മൂലകോശങ്ങള്‍ക്ക്‌ എങ്ങനെയാണ്‌ വിവരം ലഭിക്കുന്നത്‌ എന്നറിയണം, അവയെ ഉദ്ദീപിപ്പിക്കുന്നതും എങ്ങനെയാണെന്നറിയണം. ചുരുക്കത്തില്‍ മൂലകോശങ്ങളുടെ ഭാഷ പഠിക്കണം. അതിനുള്ള ഭഗീരഥശ്രമത്തിലാണ്‌ ശാസ്ത്രഞ്ജന്മാര്‍.
പരിക്കുകള്‍ കൂടുതല്‍ മെച്ചമായി പരിഹരിക്കാന്‍ മറ്റോരു മാര്‍ഗ്ഗം കൂടിയുണ്ട്‌. കൂടുതല്‍ ജോലിക്കാരെ ഏര്‍പ്പെടുത്തുക, അതായത്‌ സ്ഥലത്ത്‌ ലഭ്യമായതിലും കൂടുതല്‍ മൂലകോശങ്ങളെ ഏര്‍പ്പെടുത്തുക. മൂലകോശങ്ങളെ മറ്റെവിടെയെങ്കിലും നിന്ന് എടുത്തിട്ട്‌ പരുക്കേറ്റ ഭാഗത്ത്‌ കുത്തിവെയ്ക്കുകയോ മറ്റോ ചെയ്യുക. അതും ഒരു മാര്‍ഗ്ഗമാണ്‌.
കൗതുകകരമെന്നു പറയട്ടെ, നിലവിലുള്ള മൂലകോശങ്ങളെക്കൊണ്ടു അമിതാദ്ധ്വാനം ചെയ്യിക്കുന്നതിലും എളുപ്പം കൂടുതല്‍ കോശങ്ങളെ ആ ഭാഗത്തു നല്‍കുന്നതാണു ഉദ്ദേശിച്ച കാര്യം നടത്താന്‍ കൂടുതല്‍ ഫലപ്രദം.
മൂന്നാമത്‌ ഒരു മാര്‍ഗ്ഗം കൂടിയുണ്ട്‌. നിലവിലുള്ള സാധാരണ കോശങ്ങളെ പറഞ്ഞു മനസ്സിലാക്കി (ഇവിടെയും കോശങ്ങളുടെ ഭാഷ മനസ്സിലാക്കണം)അവയെ മൂലകോശങ്ങളാക്കണം. ഈ കാര്യത്തില്‍ ശാസ്ത്രഞ്ജന്മാര്‍ ചില നേട്ടങ്ങളൊക്കെ കണ്ടെത്തിയിട്ടുണ്ട്‌. പ്രമേഹത്തിന്റെ അടിസ്ഥാനകാരണമായ അഗ്നേയഗ്രന്ഥിയിലെ ബീറ്റാ സെല്ലിന്റെ നാശം ഈ രീതിയില്‍ പരിഹരിക്കുന്നതില്‍ ചില വിജയങ്ങളൊക്കെ നേടിയിട്ടുണ്ട്‌. നിലവിലുള്ള അഗ്നേയ കോശങ്ങളെ അനുനയിപ്പിച്ച്‌ ഇന്‍സുലിന്‍ പുറപ്പെടുവിക്കാന്‍ സാധിച്ചിട്ടുണ്ട്‌.
ചുരുക്കത്തില്‍, മൂലകോശ പഠനം വൈദ്യ ശാസ്ത്രത്തിന്റെ ഒരു പ്രധാന ഘടകമായി തീര്‍ന്നിരിക്കുന്നു. ഭാവിയിലെ രോഗചികില്‍സക്ക്‌ മൂലകോശങ്ങള്‍ ഒരു സുപ്രധാന പങ്കായിരിക്കും വഹിക്കാന്‍ പോകുന്നത്‌.
അടുത്ത ഭാഗം:
മൂലകോശ ചികില്‍സയിലെ പ്രശ്നങ്ങള്‍.