Sunday, August 09, 2009

കോളറക്കാലത്തെ പ്രണയം.

കോളറക്കാലത്തെ പ്രണയം ആദ്യം വായിക്കുന്നത്‌ ഒരു ഇരുപത്‌ വര്‍ഷത്തോളം മുന്‍പാണ്‌. അന്നൊരിക്കല്‍ സാഹിത്യ വരഫലത്തില്‍ ശ്രീ എം. കൃഷ്ണന്‍ നായര്‍ എഴുതിയിരുന്നു, കഴിഞ്ഞ 30 വര്‍ഷത്തില്‍ ലോകത്തിലിറങ്ങിയ ഏറ്റവും നല്ല രണ്ടോ മൂന്നോ നോവലുകളിലൊന്നാണത്‌ എന്ന്. അതുകൊണ്ടു തന്നെ കോളറക്കാലത്തെ പ്രണയം വായിക്കണം എന്ന് ആഗ്രഹിച്ച്‌ നടക്കുമ്പോഴാണ്‌ യാദൃശ്ചികമായി ആ പുസ്തകം മുന്‍പില്‍ വന്നു പെടുന്നത്‌.

അന്ന് ഞാന്‍ കോളേജില്‍ നാലാം വര്‍ഷം പഠിക്കുകയാണ്‌. താമസം പാകിസ്താന്‍ എന്നു വിളിച്ചിരുന്ന ഒരു ലോഡ്ജില്‍. (കുറച്ചു നാള്‍ മുന്‍പ്‌ വരെ അവിടുത്തെ അന്തേവാസികളെല്ലാം മുസ്ലീംങ്ങള്‍ ആയിരുന്നത്രെ!) അവിടുത്തെ സഹവാസികളില്‍ ഒരാളായിരുന്നു ജയകുമാര്‍ (എന്നാണെന്റെ ഓര്‍മ്മ).അദ്ദേഹം അന്ന് മനോരാജ്യം വാരികയിലെ സഹപത്രാധിപരായിരുന്നു. മറ്റൊരാള്‍ ഇന്ന് അറിയപ്പെടുന്ന കവിയായ അന്‍വറും. അന്‍വറന്ന് മഹാത്മാ ഗാന്ധി യൂണിവാഴ്സിറ്റിയിലെ സ്കൂള്‍ ഒാഫ്‌ ലെറ്റേഴ്സില്‍ പഠിക്കുകയാണ്‌. അന്‍വറിന്റെ സഹപാഠിയായ ഒരു ജോര്‍ജ്ജ്‌ തോമസ്‌ പാകിസ്താനിലെ നിത്യസന്ദര്‍ശകനായിരുന്നു. ഞങ്ങള്‍ അദ്ദേഹത്തെ അണ്ണന്‍ എന്നാണ്‌ വിളിച്ചിരുന്നത്‌. അണ്ണന്‌ അന്ന് തേക്കടി ആരണ്യാനിവാസില്‍ മാനേജരൊ മറ്റോ ആയി നല്ലൊരു ജോലിയുണ്ടായിരുന്നു. സാഹിത്യത്തിലെ അസ്കിത ഒന്നു കൊണ്ടാണ്‌ അതിട്ടിട്ട്‌ പഠിക്കാന്‍ വന്നിരിക്കുന്നത്‌.

ഒരു ദിവസം ജയകുമാറിന്റെ കൈയ്യില്‍ ഈ പുസ്തകം കണ്ടു. അദ്ദേഹം ആരോടോ വാങ്ങി വായിച്ചിട്ട്‌ തിരിച്ചു കൊടുക്കാന്‍ തുടങ്ങുകയായിരുന്നു. നാലഞ്ച്‌ ദിവസത്തിനുള്ളില്‍ വായിച്ച്‌ തിരിച്ചു നല്‍കാം എന്ന് ഉറപ്പില്‍ എനിക്കു തന്നു.

അതു വരെ കിട്ടിയിട്ടില്ലാത്ത ഒരു വായനാനുഭവം ആയിരുന്നത്‌. ക്ലാസ്സില്‍ പോകാതിരുന്നു പോലും പറഞ്ഞ സമയത്ത്‌ വായിച്ചു തീര്‍ത്തു. തിരിച്ചു കൊടുക്കണം എന്നതിനെക്കാള്‍ ആ പുസ്തകം താഴെ വെയ്ക്കാനായില്ല എന്നതായിരുന്നു സത്യം.

അന്നൊരിക്കല്‍ രാത്രിയിലെ ചര്‍ച്ചക്കിടയില്‍ ഞാന്‍ അണ്ണനോട്‌ ചോദിച്ചു, എന്തു കൊണ്ടാണ്‌ ഇത്ര മനോഹരമായ ഭാഷ മലയാള കൃതികളില്‍ വരാത്തതെന്ന്.
അണ്ണന്‍ പറഞ്ഞു, "ബാബുരാജ്‌ ധര്‍മ്മരാജ ഒന്നു വായിച്ചു നോക്കൂ, അല്ലെങ്കില്‍ മാര്‍ത്താണ്ഡവര്‍മ്മ." ധര്‍മ്മരാജ തപ്പിയ്യെടുത്തു വായിച്ചു, ബോദ്ധ്യപ്പെട്ടു. സി.വി, അങ്ങേയ്ക്കു പ്രണാമം. അതിനും ശേഷമാണ്‌ രണ്ടാമൂഴം വായിക്കുന്നത്‌.

കോളറക്കാലത്തെ പ്രണയം പിന്നീട്‌ മലയാളത്തില്‍ പരിഭാഷപ്പെടുത്തി ഇറങ്ങിയിരിക്കുന്നതു കണ്ടു. വായിച്ചു നോക്കാനായില്ല.


***                                              ***                                  ***                                         ***


ഇതൊക്കെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണമുണ്ട്‌. ഒരു സുഹൃത്തിനുവേണ്ടി, കഴിഞ്ഞ ദിവസം കോളറക്കാലത്തെ പ്രണയം കറണ്ട്‌ ബുക്ക്സില്‍ നിന്നും വാങ്ങിച്ചു. പെന്‍ഗ്വിന്‍ ബുക്ക്സ്‌ പ്രസിദ്ധീകരിച്ചത്‌. രാമായണവും ബൈബിളും തുറക്കുന്നതു പോലെ, വെറുതേ ഒരു പേജ്‌ തുറന്നു വായിച്ചു.


ഡോ:ജുവനാല്‍ ആബിനോ മനോഹരമായ മാര്‍ബിള്‍ പടികള്‍ ചവിട്ടി രണ്ടാം നിലയിലേക്ക്‌ കയറുമ്പോള്‍ ചിന്തിച്ചു ഇത്തരം സ്ഥലങ്ങളിലും കോളറ എത്തുമോ? പ്രകാശം കുറവായിരുന്ന മുറിയില്‍ കട്ടിലില്‍ ഫേമിന ദാസ ഇരുന്നിരുന്നു. ഡോക്റ്റര്‍ പരിശോധന തുടങ്ങി. അവളുടെ ആകാശനീലിമയാര്‍ന്ന നിശാവസ്ത്രത്തിന്റെ കുടുക്കുകള്‍ അഴിച്ച്‌, തന്റെ ചെവി അവളുടെ നെഞ്ചോട്‌ ചേര്‍ത്ത്‌ ഡോ: ആബിനോ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും സംഗീതം ശ്രവിച്ചു.

മകള്‍ക്ക്‌ കോളറയല്ല എന്ന വിവരം ലോറന്‍സോ ദാസയ്ക്ക്‌ വളരെ ആശ്വാസം നല്‍കി. അദ്ദേഹം വണ്ടിയുടെ അടുത്തുവരെ ഡോക്ടറെ അനുധാവനം ചെയ്തു. ഒരു സ്വര്‍ണ്ണനാണയം ഫീസും നല്‍കി. ധനികരുടെ കണക്കില്‍ പോലും അത്‌ വലിയ ഒരു ഫീസായിരുന്നു.

ഒരാഴ്ച കഴിഞ്ഞ്‌ തികച്ചും അപ്രതീക്ഷിതമായി ഡോക്ടര്‍ ദാസഭവനത്തില്‍ എത്തി. അപ്പോള്‍ ഫേമിന രണ്ട്‌ കൂട്ടുകാരികളുമൊത്ത്‌ ചിത്രരചനയിലായിരുന്നു. ഡോക്റ്റര്‍ പുറത്തു നിന്ന് ജനലിലൂടെ അവളോട്‌ അടുത്തേക്ക്‌ വരാന്‍ ആംഗ്യം കാണിച്ചു. ചിത്രരചനയ്ക്കായ്‌ ഒരു വിരുന്നിനു പോകാനെന്ന പോലെ ഒരുങ്ങിനിന്ന അവള്‍ പാവാട തട്ടാതിരിക്കാന്‍ അതല്‍പ്പം ഉയര്‍ത്തിപ്പിടിച്ച്‌ പെരുവിരല്‍ കുത്തി അവന്റെ അടുത്തേക്ക്‌ ചെന്നു. അയാള്‍ ജനലിലൂടെ അവളുടെ ഹൃദയസ്പന്ദനവും, വിളര്‍ച്ചയും, നാവും ഒക്കെ പരിശോധിച്ചു. എന്നിട്ട്‌ പറഞ്ഞു,"നീയൊരു വിടര്‍ന്നു വരുന്ന റോസമൊട്ടാണ്‌"

എന്നിട്ട്‌ വിശുദ്ധ തോമസിന്റെ വാക്യം തെറ്റിച്ച്‌ വിളമ്പുകയും ചെയ്തു. " മനോഹരമായ കാര്യങ്ങള്‍ എന്തുമാകട്ടെ, അതെല്ലാം പരിശുദ്ധാരൂപിയില്‍ നിന്നാണ്‌ ഉറവെടുക്കുന്നത്‌. ആട്ടേ, നിനക്ക്‌ സംഗീതം ഇഷ്ടമാണോ?"

ഫേമിന അന്തിച്ചു പോയി. അവള്‍ തന്റെ സഖികളെ നോക്കി, അവരാകട്ടെ കാര്യങ്ങള്‍ മനസ്സിലാകുന്ന രീതിയില്‍ അവളെ കളിയാക്കി ചിരിക്കുകയും, ചായത്തളികകൊണ്ട്‌ മുഖം മറയ്ക്കുകയും ചെയ്തു. അവള്‍ ജനല്‍ വലിച്ചടച്ചു.


ഡോക്ടര്‍ പോകാന്‍ തിരിഞ്ഞപ്പോള്‍ മുകളില്‍ നിന്നും ഒരു ആഞ്ജ കേട്ടു. 'ഡോക്ടര്‍ നില്‍ക്കൂ!' പാതി മുടങ്ങിയ ഉച്ചയുറക്കത്തില്‍ നിന്നും ഉണര്‍ന്ന് ലോറന്‍സോ ദാസ മുകളില്‍ നിന്നും ഇറങ്ങി വരുന്നു. 'ഞാന്‍.. ഞാന്‍ .. മോളോട്‌ നീയൊരു റോസപ്പൂപോലാണെന്ന് പറഞ്ഞതേയുള്ളൂ." ആബിനോ വിഷണ്ണനായി. "ഞാന്‍ എല്ലാം കാണുന്നുണ്ടായിരുന്നു. വരൂ" ലോറന്‍സോ ഫേമിന നിന്നിരുന്ന തയ്യല്‍ മുറിയിലേക്ക്‌ തിരക്കിട്ടു. "ഫേമിന ഇവിടെ വരൂ, നീ ഡോക്ടറോട്‌ ക്ഷമ പറയൂ" അയാള്‍ അഞ്ജാപിച്ചു. " ഹേയ്‌ അതിന്റെ ആവശ്യമൊന്നുമില്ല.." ആബിനോ ഫേമിനയെ രക്ഷിക്കാന്‍ ശ്രമിച്ചു. " അതിന്‌ ഞാനൊന്നും ചെയ്തില്ലല്ലോ"ഫേമിനയും പ്രതിഷേധിച്ചു. " ഒന്നും പറയണ്ട, ക്ഷമ പറയൂ!" ലൊറന്‍സോ ഉറച്ചു തന്നെ.

അവള്‍ തന്റെ വലതുകാല്‍ നീട്ടി വെച്ച്‌, പാവാടത്തുന്‍പ്‌ വിരല്‍ കൊണ്ട്‌ അല്‍പ്പമുയര്‍ത്തി ഉപചാരപൂര്‍വ്വം പറഞ്ഞു, " സംഭവിച്ചു പോയതിന്‌ ഞാന്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു." " അതു സാരമില്ല, പോട്ടെ." അവളുടെ കണ്ണില്‍ സ്നേഹത്തിന്റെ ഒരു തുടിപ്പുണ്ടാകുമെന്ന് ആബിനോ പ്രതീക്ഷിച്ചു. പക്ഷെ അതുണ്ടായില്ല.


"ഡോക്ടര്‍, ഒരു കാപ്പി കുടിച്ചിട്ട്‌ പോകാം." ലൊറന്‍സോ നടന്നു. രാവിലത്തെ ഒരു കപ്പൊഴികെ, കാപ്പി കുടിക്കുന്ന സ്വഭാവം ഡോ: ജുവനാല്‍ ആബിനോയ്ക്കുണ്ടായിരുന്നില്ല. വളരെ അപൂര്‍വ്വമായി മാത്രം ഭക്ഷണത്തിനൊപ്പം അല്‍പ്പം വീഞ്ഞ്‌. എന്നാലന്ന് ലൊറന്‍സൊ ഒന്നിനു പിന്നാലെയായ്‌ ഒഴിച്ചു കൊടുത്ത അനവധി കപ്പ്‌ കാപ്പിയും അനവധി ഗ്ലാസ്സ്‌ വീഞ്ഞും ആബിനോ അകത്താക്കി.

15 comments:

ഗുപ്തന്‍ said...

കുറിപ്പിന്റെ ഒരു സ്പിരിറ്റ് മനസ്സിലാവുന്നുണ്ടെങ്കിലും ധര്‍മ്മരാജയും കോളറക്കാലത്തെ പ്രണയവും തമ്മിലുള്ള കമ്പാരിസണ്‍ അക്രമമായിപ്പോയി. ഞാന്‍ മര്‍കേസിന്റെ ആരാധകനൊന്നും ആയിരുന്നില്ല. മുന്‍പ് അദ്ദേഹത്തിന്റെ ഒന്നു രണ്ടു ചെറിയ കൃതികള്‍ വായിച്ചിട്ടും ഇഷ്ടപ്പെട്ടിട്ടും ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ മികച്ച എഴുത്തുകാരുടെ കൂട്ടത്തിലല്ലാതെ അദ്ദേഹത്തെ പ്രത്യേകമായി ഇഷ്ടപ്പെട്ടിരുന്നുമില്ല. കോളറക്കാലത്തെ പ്രണയം ഈ വര്‍ഷമാണ് വായിച്ചത്.

മാന്ത്രികമായ വിവരണമാണത്. ഇംഗ്ലീഷ് തന്നെ ഭാഷാന്തരമായതുകൊണ്ട് എത്രത്തോള്‍ മാര്‍കേസ് ഉണ്ടെന്ന് അറിയില്ല അതില്‍. എന്നിട്ടുപോലും ഞാന്‍ അടിപ്പെട്ടുപോയി. കഥയെഴുത്തില്‍ നടത്തിയിരുന്ന സര്‍ക്കസുകള്‍ നിര്‍ത്തിവയ്ക്കാന്‍ എന്നെ പ്രേരിപ്പിച്ചതാണ് ആ വായന. നാരറ്റീവ് ആര്‍ട്ടില്‍ അതിനൊപ്പം വരുന്ന അധികമൊന്നും ഞാന്‍ കണ്ടിട്ടില്ല. ചുരുക്കം ചില ക്ലാസിക്കുകളിലും ചില കവിതകളിലും അല്ലാതെ. മാര്‍കേസ് സൃഷ്ടിക്കുന്ന ഇന്ദ്രജാ‍ലം അനന്യമാണ്. അതിനു തുല്യമായി മലയാളത്തില്‍ ഒന്നുമുണ്ടായിട്ടില്ല ഇതുവരെ. ത്രിമാനസ്വഭാവമുള്ള തോന്നുന്ന ചിത്രങ്ങള്‍ വരച്ചുവച്ച ഒരു ഇടനാഴിയില്‍ സ്വപ്നലോകത്തെന്നപോലെ കുരുങ്ങി നിന്ന ഒരു അനുഭവം ഉണ്ടായിട്ടുണ്ടെനിക്ക് മുന്‍പ് വത്തിക്കാന്‍ മ്യൂസിയത്തിലൂടെ ഒരു ആര്‍ക്കിയോളജി ഗൈഡിനൊപ്പം നടക്കുമ്പോള്‍. ഒരു പുസ്തകത്തിനുള്ളില്‍ അതുപോലെ കുരുങ്ങിപ്പോയത് കോളറക്കാലത്തെ പ്രണയം വായിച്ചപ്പോള്‍ മാത്രമാണെന്ന് തോന്നുന്നു. ക്ലാസ്സിക്കലെന്നോ നവീനമെന്നോ വേര്‍തിരിക്കാനാവാത്ത --കാലാതീതമായ-- ഒരു മൂല്യമുണ്ടതിന്.

നാരറ്റീവിന്റെ കാര്യത്തില്‍ ധര്‍മ്മരാജയെ അതിശയിക്കുന്ന കൃതികള്‍ മലയാളത്തില്‍ തന്നെ ഉണ്ടായിട്ടില്ലേ. വിജയന്റെ ഖസ്സാക്കും ആനന്ദിന്റെ ഗോവര്‍ധനും ഒക്കെ ആ കൂട്ടത്തില്‍ പെടുത്തും ഞാന്‍.

വായനയിലേത് വ്യക്തിപരമായ തെരഞ്ഞെടുപ്പുകളാണ്. എനിക്ക് വൈക്കം ചന്ദ്രശേഖരന്‍ നായരരുടെ ചില നോവലുകള്‍ വലിയ ഇഷ്ടമായിരുന്നു ചെറുപ്പത്തില്‍. മാധവിക്കുട്ടിയുടെയും കോവിലന്റെയും രചനാശൈലിയും വല്ലാതെ ഇഷ്ടമാണ്. ഇതൊക്കെ വ്യക്തിപരമായ ടേസ്റ്റുകളായിട്ടേ കാണുന്നുള്ളൂ ഞാന്‍. എങ്കില്പോലും മലയാളത്തിലെ മികച്ച നാരറ്റീവ് ആയി ധര്‍മ്മരാജയെ എങ്ങനെ കൊളോക്കേറ്റ് ചെയ്യണം എന്ന് മനസ്സിലാവുന്നില്ല.

ബാബുരാജ് said...

പ്രിയ ഗുപ്തന്‍,
താങ്കളുടെ പ്രതികരണത്തിന്‌ വളരെ നന്ദി!. കോളറക്കാലത്തെ പ്രണയത്തിനെ സംബന്ധിച്ചുള്ള അത്ഭുതാധിരേകം തന്നയാണ്‌ ഈ കുറിപ്പിന്റെ അടിസ്ഥാനവും. പക്ഷെ ഞാന്‍ ഈ നോവലിനെ ധര്‍മ്മരാജയുമായി താരതമ്യപ്പെടുത്തുകയോ, ധര്‍മ്മരാജ മലയാളത്തിലെ ഏറ്റവും നല്ല നരേറ്റീവ്‌ ആണെന്നു അവകാശപ്പെടുകയോ ചെയ്യുന്നില്ലെന്ന് അത്‌ വായിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. താങ്കള്‍ക്ക്‌ അങ്ങിനെ തോന്നിയത്‌ എന്നെ അത്ഭുതപ്പെടുത്തുന്നു. ഒരിക്കല്‍ കൂടി നന്ദി!

ഗുപ്തന്‍ said...

അന്നൊരിക്കല്‍ രാത്രിയിലെ ചര്‍ച്ചക്കിടയില്‍ ഞാന്‍ അണ്ണനോട്‌ ചോദിച്ചു, എന്തു കൊണ്ടാണ്‌ ഇത്ര മനോഹരമായ ഭാഷ മലയാള കൃതികളില്‍ വരാത്തതെന്ന്.
അണ്ണന്‍ പറഞ്ഞു, "ബാബുരാജ്‌ ധര്‍മ്മരാജ ഒന്നു വായിച്ചു നോക്കൂ, അല്ലെങ്കില്‍ മാര്‍ത്താണ്ഡവര്‍മ്മ." ധര്‍മ്മരാജ തപ്പിയ്യെടുത്തു വായിച്ചു, ബോദ്ധ്യപ്പെട്ടു. സി.വി, അങ്ങേയ്ക്കു പ്രണാമം. അതിനും ശേഷമാണ്‌ രണ്ടാമൂഴം വായിക്കുന്നത്‌.ഈ പാരഗ്രാഫ് കണ്ടിട്ടാണ് ‘പ്രണയവും’ ധര്‍മ്മ രാജയും തമ്മില്‍ ഒരു താരതമ്യം വരുന്നുണ്ടെന്ന് തോന്നിയത്. മനസ്സിലാക്കിയതിലെ വ്യത്യാസമാവാം. ഒരു മാസ്റ്റര്‍പീസുമായി താരതമ്യം ചെയ്യുമ്പോള്‍ മികവുവഴി പാതിനിധ്യസ്വഭാവം വരുന്ന ഒരു വര്‍ക്കാണ് സാധാരണ തിരഞ്ഞെടുക്കുക. നെരൂദക്കവിതയുമായിട്ട് മലയാളത്തില്‍ താരതമ്യത്തിന് ആരെങ്കിലും ഏതെങ്കിലും ഗുപ്തന്റെ കവിത തിരഞ്ഞെടുക്കുമോ --ഇല്ല. മലയാളത്തിലെ ഒരു കാലഘട്ടത്തിലെ എങ്കിലും മികച്ച കവിതയുമായിട്ടേ താരതമ്യം ഉണ്ടാവൂ. പ്രാതിനിധ്യസ്വഭാവം അര്‍ഹിക്കുന്ന മികവ് ധര്‍മരാജയ്ക്കുണ്ടോ എന്നതായിരുന്നു അക്കാര്യത്തിലെന്റെ സംശയം.

Typist | എഴുത്തുകാരി said...

ഞാന്‍ വായിച്ചിട്ടില്ല്ല ഈ പുസ്തകം. ഒന്നു വായിച്ചുനോക്കണമല്ലോ.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഞാന്‍ വായിച്ച മാര്‍ക്കേസിന്റെ മൂന്ന് നോവലുകളില്‍ (ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍, പ്രവചിക്കപ്പെട്ട മരണത്തിന്റെ പുരാവൃത്തം,)എനിക്കിന്നും പ്രിയപ്പെട്ടത് കോളറാക്കാലത്തെ പ്രണയം തന്നെ. അസാധാരണ വായനാനുഭവം തരുന്ന നോവലാണത്.

ഓര്‍മ്മപ്പെടുത്തലിന് നന്ദി.

ബാബുരാജ് said...

പ്രിയ,

എഴുത്തുകാരി,
തീര്‍ച്ചയായും വായിക്കണം. അല്ലെങ്കില്‍ ഒരു നഷ്ടം തന്നെയാണ്‌.

രാമചന്ദ്രന്‍,
എന്റെ കാര്യത്തില്‍ ഏകാന്തതയുടെ നൂറുവര്‍ഷമാണോ എന്ന് സംശയമുണ്ട്‌. സംശയം പറയുന്നതിന്റെ കാരണം അത്‌ മലയാളത്തിലാണ്‌ വായിച്ചത്‌. സ്പാനിഷില്‍ നിന്നും ഇംഗ്ലീഷിലെത്തി പിന്നെ മലയാളത്തിലെത്തുമ്പോള്‍ ഗുപ്തന്‍ പറഞ്ഞതു പോലെ എത്ര മാത്രം മാര്‍കേസ്‌ അവശേഷിക്കുന്നു എന്നറിയില്ല. ഏതായാലും ഇംഗ്ലീഷ്‌ വായിക്കണം എന്നു കരുതുന്നു.

ഗുപ്തന്‍,
താങ്കളുടെ മനസ്സിലാക്കലിന്റെ പിശകു തന്നെയാണ്‌. മനോഹരമായ ഭാഷയുള്ള ഒരു മലയാള കൃതി അണ്ണന്‍ അദ്ദേഹത്തിന്റെ അറിവ്‌ വെച്ചു പറഞ്ഞു എന്നു മാത്രം. അതന്നെനിക്ക്‌ ബോദ്ധ്യപ്പെടുകയും ചെയ്തു. അത്ര തന്നെ. പിന്നെ സി വി യേയും ഇപ്പറഞ്ഞ ഗുപ്തനേയും താരതമ്യപ്പെടുത്തിയത്‌ ക്ഷായി രസിച്ചിരിക്കുണു.

ഗുപ്തന്‍ said...

മനസ്സിലാക്കലിന്റെ പ്രശ്നം വലിയൊരു പ്രശ്നം തന്നെ അല്ല്യോ അണ്ണാ.. ദാ ഞാന്‍ തന്നെ ഇപ്പം പറഞ്ഞത് ഗുപ്തന്റെ കവിത എന്നല്ല ഏതെങ്കിലും ഒരു ഗുപ്തന്റെ കവിത എന്നല്ല്യോ... അപ്പം അണ്ണന്‍ പറഞ്ഞ കമ്പാരിസണ്‍ അണ്ണന്‍ പറഞ്ഞപോലെ അല്ലാന്നു ചുരുക്കം. ദാ ഇസ്മായിലി :-) :-)

ബാബുരാജ് said...

ലതു തന്നെ പ്രശ്നം അണ്ണാ! ഞാനും പറഞ്ഞത്‌ ഗുപ്തന്റെ കവിത എന്നല്ല, ഇപ്പറഞ്ഞ ഗുപ്തന്‍ - അതായത്‌ താങ്കള്‍ പറഞ്ഞ ഗുപ്തന്‍- എന്നല്ലേ? ദേ എന്റെ വക സ്മൈലി :)

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ബാബുരാജ്,

തീർച്ചയായും പറഞ്ഞത് ശരിയാണ്.മാർക്കേസിന്റെ അത്ഭുത ലോകം തന്നെ..”ഏകാന്തതയുടെ നൂറു വർഷങ്ങളും “ ‘കോളറക്കാലത്തെ പ്രണയവും” വായിച്ചവർക്ക് നമ്മുടെ നാട്ടിൽ ഇറങ്ങുന്ന പല കൃതികളും വായിക്കാൻ തന്നെ തോന്നിയെന്നു വരില്ല.

അഖിലന്റെ ജ്ഞാനപീഠം അവാർഡ് കിട്ടിയ “ചിത്തിരപ്പാവൈ” മാർക്കേസിനുള്ള ഒരു ഇൻ‌ഡ്യൻ മറുപടി എന്ന് വേണമെങ്കിൽ പറയാം...രണ്ടും രണ്ടു രീതിയിലാണെങ്കിലും!(ഇപ്പോൾ ഡി.സി അത് വീണ്ടും പ്രസിദ്ധീകരിച്ചിട്ടുണ്ട്)

ചാണക്യന്‍ said...

മാഷെ,
കുറിപ്പ് ഇഷ്ടായി......
കോളറാ കാലത്തെ പ്രണയം ഒരിക്കല്‍ വായിച്ചതാണ്....ഒന്നൂടെ വായിക്കാന്‍ കുറിപ്പ് പ്രേരിപ്പിക്കുന്നു....നന്ദി...

ബാബുരാജ് said...

നന്ദി സുനി ൽ കൃഷ്ണൻ,
ചിത്തിരപ്പാവൈ തീര്‍ച്ചയായും വായിക്കുന്നുണ്ട്‌. അടുത്തുള്ള കറണ്ട്‌ ബുക്ക്സില്‍ തിരക്കി, ഇപ്പോള്‍ അവിടില്ല.
നന്ദി ചാണക്യന്‍.

ജ്വാല said...

കാലത്തിനും ജരനരകള്‍ക്കും സദാചാര തത്ത്വശാസ്ത്രത്തിനും അതീതമായ ഒരു പ്രണയസങ്കല്പത്തിലേക്ക് നമ്മുടെ സങ്കുചിതമായ മനസ്സിനെ നയിക്കുന്ന ഈ നോവല്‍ ഒരു അത്ഭുതസൃഷ്ടി തന്നെ. ഏതാനും ദിവസം മുമ്പു വായിച്ചുതീര്‍ത്ത ഈ പുസ്തകത്തിന്റെ മാന്ത്രിക സൌന്ദര്യത്തില്‍ നിന്നും ഞാന്‍ ഇപ്പോഴും മോചിതയായിട്ടില്ല.
ഈ അസ്വാദനകുറിപ്പിന് നന്ദി

ശാന്ത കാവുമ്പായി said...

വായനയിൽ കുറച്ചു നാളായി പിറകോട്ടാണ്‌.വായിക്കാൻ പ്രേരിപ്പിച്ചതിനു നന്ദി.

ചാർ‌വാകൻ‌ said...

ഞാന്‍ വായിച്ചത് ഇം ഗ്ളിഷിലാണ്-എന്റെ പാണ്ഡിത്യകൂടുതല്‍ കാരണം അങ്ങനെ തോന്നിയിരുന്നില്ല.ഇനി മലയാളത്തില്‍ വായിക്കണം .പ്രേരിപ്പിച്ചതിനു നന്ദി.

Joseph Antony said...

"നാരറ്റീവ് ആര്‍ട്ടില്‍ അതിനൊപ്പം വരുന്ന അധികമൊന്നും ഞാന്‍ കണ്ടിട്ടില്ല. ചുരുക്കം ചില ക്ലാസിക്കുകളിലും ചില കവിതകളിലും അല്ലാതെ. മാര്‍കേസ് സൃഷ്ടിക്കുന്ന ഇന്ദ്രജാ‍ലം അനന്യമാണ്. അതിനു തുല്യമായി മലയാളത്തില്‍ ഒന്നുമുണ്ടായിട്ടില്ല ഇതുവരെ".....ഗുപ്തന്റെ അഭിപ്രായം തികച്ചും ശരി. മാര്‍കേസ് തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നിയ സംഗതികളിലൊന്ന്, 'ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളു'ടെ തൊണ്ണൂറുകളിലിറങ്ങിയ പതിപ്പിന്റെ പിന്‍കവറില്‍ പ്രസാധകര്‍ ഇങ്ങനെ നല്‍കിയത് കണ്ടതാണെന്ന്: Author of Love in the Times of Cholera.

മാര്‍കേസിന്റെ അത്മകഥയടക്കം അദ്ദേഹത്തിന്റെ ഒട്ടുമിക്ക ഗ്രന്ഥങ്ങളും വായിച്ചിട്ടുള്ളതില്‍ എനിക്ക് തോന്നിയത്, കോളറാക്കാലത്തെ പ്രണയം തന്നെയാണ് മാക്വേസിന്റെ ക്ലാസിക് എന്നാണ്. തന്റെ മാതാപിതാക്കളുടെ പ്രണയകഥയാണ് മാര്‍കേസ് കോളറാക്കാലത്തെ പ്രണയമാക്കിയത്.

ആത്മകഥയില്‍ ആ പുസ്തകം എഴുതിയതുമായി ബന്ധപ്പെട്ട ഒരു കാര്യം അദ്ദേഹം പറയുന്നുണ്ട്. മാര്‍കേസിന്റെ പിതാവിനോട് ഒരു പത്രലേഖകന്‍ ഒരിക്കല്‍ ചോദിച്ചു, താങ്കളുടെ മകന്‍ ലോകം അറിയുന്ന നോവലിസ്റ്റാണ്, എന്തുകൊണ്ട് താങ്കള്‍ ഒരു നോവല്‍ എഴുതുന്നില്ല എന്ന്. അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, 'ഞാനൊരു നോവല്‍ എഴുതാന്‍ ഒരുങ്ങിയതാണ്. പക്ഷേ, ഒരു ദിവസം മകന്‍ ഫോണ്‍ ചെയ്ത് എന്നോട് ചോദിച്ചു, ഞാന്‍ ടെലഗ്രാഫ് ജീവനക്കാരനായിരുന്ന കാലത്ത് ടെലഗ്രാഫ് സന്ദേശങ്ങള്‍ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് കൈമാറുന്നതിനെ വിശേഷിപ്പിച്ചിരുന്നതെങ്ങനെയാണെന്ന്. അപ്പോള്‍ എനിക്ക് മനസിലായി, ഞാന്‍ എഴുതാനുദ്ദേശിച്ച നോവല്‍ അവന്‍ എഴുതുകയാണെന്ന്, അങ്ങനെ ഞാന്‍ പിന്‍മാറി'.

ഏതായാലും മനോഹരമായ ആ കൃതിയെക്കുറിച്ച് വീണ്ടുമോര്‍ക്കാനും ചര്‍ച്ചചെയ്യാനും അവസരം നല്‍കിയ ഈ പോസ്റ്റിനും ബാബുരാജിനും നന്ദി.