Monday, August 03, 2009

പൊക്കിള്‍ക്കൊടി രക്ത ബാങ്കിങ്ങും മൂലകോശങ്ങളും. (Cord blood banking and stem cells) ..2

മൂലകോശ ചികില്‍സയിലെ പ്രശ്നങ്ങള്‍.
മൂലകോശങ്ങളുടെ തരം അനുസരിച്ച്‌ അവയെ വിഭിന്ന കോശങ്ങളാക്കി മാറ്റാന്‍ സാധിക്കും എന്നു നാം മനസ്സിലാക്കി. ആദിഭ്രൂണ കോശങ്ങളെ ഏതു തരത്തിലുള്ള കോശങ്ങളുമാക്കാം. പൊക്കിള്‍ക്കൊടി മൂലകോശങ്ങളെയും മനുഷ്യമൂലകോശങ്ങളേയും അതതു വിഭാഗത്തിലുള്ള കോശമാക്കാം. ഒന്നേ വേണ്ടൂ, മൂലകോശങ്ങളുടെ ഭാഷ മനസ്സിലാക്കണം. മൂലകോശങ്ങള്‍ക്ക്‌ മനസ്സിലാകുന്ന വിധത്തില്‍ അവയോട്‌ പരിവര്‍ത്തനം വരുത്താന്‍ പറയാന്‍ നമുക്ക്‌ കഴിയണം. ഈ വിഷയത്തിലാണ്‌ പ്രധാന പരീക്ഷണങ്ങള്‍ നടക്കുന്നത്‌. സമീപ ഭാവിയില്‍ മൂലകോശങ്ങളുമായി ഫലപ്രദമായി സംവദിക്കാന്‍ നമുക്കു സാധിക്കും എന്നു പ്രതീക്ഷിക്കുന്നു.
ഇത്രത്തോളം ഒക്കെ ശുഭകരം. ഏറ്റവും പരിവര്‍ത്തന സാദ്ധ്യതയുള്ളത്‌ ആദി ഭ്രൂണകോശങ്ങള്‍ക്കാണെന്നു നമ്മള്‍ കണ്ടു. പക്ഷെ അവയുടെ ലഭ്യത ഒരു പ്രശ്നം തന്നെയാണ്‌. ഈ ഭ്രൂണങ്ങള്‍ സാധാരണമായി ലഭിക്കുന്നത്‌ ടെസ്റ്റ്‌ റ്റൂബ്ശിശു പരീക്ഷണങ്ങളില്‍ അധികമായി വരുന്ന ഭ്രൂണങ്ങളില്‍ നിന്നാണ്‌. എന്നാല്‍ ഇതു ഉപയോഗിക്കുന്നതില്‍ നിന്നും മതഭ്രാന്തന്മാരില്‍ നിന്നും ശക്തമായ പ്രതിഷേധമുണ്ട്‌. മതം ഇന്നത്തെ രീതിയില്‍ ഒരു ശക്തമായ തടസ്സമായി നില്‍ക്കുന്നിടത്തോളം ഈ രീതിയിലുള്ള പരീക്ഷണങ്ങള്‍ അധികം മുന്നോട്ട്‌ പോകാന്‍ സാദ്ധ്യതയില്ല.
സാധാരണ മൂലകോശങ്ങളെ ആവശ്യാനുസരണം കണ്ടെത്തുകയും അവയുടെ ഒരു പിന്തുടര്‍ച്ചയുണ്ടാക്കുകയും ആവശ്യാവസരങ്ങളില്‍ അവശ്യസ്ഥലങ്ങളില്‍ നല്‍കി ഫലം നേടാന്‍ ശ്രമിക്കുകയും ചെയ്യുകയാണ്‌ ഒരു വിഭാഗം ഗവേഷകര്‍. ഇതു വളരെ പ്രതീക്ഷ നല്‍കുന്ന ഒരു രംഗമാണ്‌. പ്രമേഹം, മസ്തിഷ്കാഘാതം, ഹൃദയാഘാതം, പാര്‍ക്കിന്‍സോണിസം എന്നീ രോഗങ്ങളില്‍ ഇത്‌ വളരെ ഗുണം ചെയ്യും. അതു പോലെ തന്നെ പ്രതീക്ഷ നല്‍കുന്ന ഒരു രംഗമാണ്‌ സാധാരണ കോശങ്ങളെ അനുനയിപ്പിച്ച്‌ മൂലകോശങ്ങളക്കുന്ന രീതി.
പൊക്കിള്‍ക്കൊടി രക്തത്തിലെ മൂലകോശങ്ങള്‍.
ഇനിയുള്ള മൂലകോശ ശ്രോതസ്സാണ്‌ പൊക്കിള്‍ക്കൊടി രക്തം. അതില്‍ വളരെ നല്ല തോതില്‍ രക്തനിര്‍മ്മാണത്തിനാവശ്യമുള്ള മൂലകോശങ്ങളുണ്ട്‌. മറ്റു കോശങ്ങള്‍ക്കുള്ള മൂലകോശങ്ങള്‍ അതില്‍ അത്ര ഫലപ്രദമല്ല. എന്നാല്‍ നമുക്ക്‌ മനസ്സിലാക്കാവുന്ന പോലെ തന്നെ വളരെ വാണിജ്യ സാദ്ധ്യതയുള്ള ഒന്നാണത്‌. അതു കൊണ്ടു തന്നെയാണ്‌ ലൈഫ്‌ സെല്ലും അതുപോലുള്ള അനേകം കമ്പനികളും ആ രംഗത്ത്‌ നില്‍ക്കുന്നതും മല്‍സരിക്കുന്നതും.
പൊക്കിള്‍ക്കൊടി രക്തമൂലകോശങ്ങള്‍ പ്രധാനമായും രക്തനിര്‍മ്മാണത്തിനുള്ളതാണെന്ന് നാം കണ്ടു. അതു കൊണ്ടു തന്നെ, ഭാവിയിലുണ്ടായേക്കാവുന്ന രക്തസംബന്ധിയായ രോഗങ്ങളില്‍ അത്‌ ഉപയോഗപ്പെട്ടേക്കാം. താലസ്സീമിയ, രക്താര്‍ബുദം, വിവിധ തരത്തിലുള്ള വിളര്‍ച്ചകള്‍ എന്നിവയൊക്കെ അതില്‍ വരും. അതു കൊണ്ട്‌ പൊക്കിള്‍ക്കൊടി രക്ത മൂലകോശങ്ങള്‍ സൂക്ഷിച്ചു വെച്ചാല്‍ അതു കൊണ്ട്‌ ഭാവിയില്‍ ഒരു പക്ഷെ ഉപയോഗമുണ്ടായെന്നു വരാം. ഇതിന്റെ മറ്റൊരു ഗുണം ഇങ്ങനെ സൂക്ഷിച്ചു വെയ്ക്കുന്ന കോശങ്ങള്‍ അതിന്റെ ഉടമസ്ഥനു മാത്രമല്ല, സഹോദരങ്ങള്‍ക്കും, മാതാപിതാക്കള്‍ക്കും ഒരു പക്ഷെ മറ്റു കുടുംബാംങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കും. ഇതു തീര്‍ച്ചയായും ഒരു പ്രധാന ഗുണം തന്നെയാണ്‌.
പൊക്കിള്‍ക്കൊടി രക്ത ബാങ്കിംഗ്‌.
ലൈഫ്‌ സെല്‍ പോലുള്ള കമ്പനികള്‍ നമുക്ക്‌ നല്‍കുന്നത്‌ വലിയ സുന്ദരമോഹന വാഗ്ദാനങ്ങളാണ്‌. ഒരു നിസ്സാര തുകയ്ക്ക്‌ ('വെറും 80,000 രൂപ'. അതിനവര്‍ ലോണ്‍ വരെ ഏര്‍പ്പാടാക്കി തരും) നിങ്ങളുടെ കുട്ടിയുടെ സകല ആരോഗ്യ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്ന രീതിയിലാണ്‌ ബ്രോഷര്‍. അവരുമായി ഒരു കരാറിലേര്‍പ്പെട്ടാല്‍ അവര്‍ ചെയ്യുന്നത്‌ ഇതാണ്‌.
കുട്ടി ജനിച്ചു കഴിഞ്ഞാല്‍ ഉടന്‍ പൊക്കിള്‍കൊടിയില്‍ നിന്നും രക്തം ശേഖരിക്കും. ഇത്‌ ഏകദേശം 75 മുതല്‍ 100 ml വരെ ഉണ്ടാകും. ഈ രക്തം അവരുടെ ലാബോര്‍ട്ടറിയില്‍ എത്തിച്ച്‌ എയ്ഡ്സ്‌, മഞ്ഞപ്പിത്തം തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കും. തുടര്‍ന്ന് ചില രാസവസ്തുക്കള്‍ ചേര്‍ത്ത്‌ ചുറ്റിച്ച്‌ രക്തത്തിലെ ശ്വേതാണുക്കള്‍ തിരിച്ചെടുക്കുന്നു. അവയില്‍ നിന്ന് മൂലകോശങ്ങളെ തിരിച്ചെടുത്ത്‌ മറ്റു ചില രാസവസ്തുക്കള്‍ ചേര്‍ത്ത്‌ ശിതീകരിക്കുന്നു. ഇതിനെ ഏകദേശം -190 ഡിഗ്രിയില്‍ കാലാകാലത്തോളം സൂക്ഷിക്കും. അഗ്നിബാധ, വെള്ളപ്പൊക്കം, ഭൂകമ്പം, ബോംബുകള്‍ ഇവയൊന്നും ബാധിക്കാത്ത രീതിയിലാണ്‌ സൂക്ഷിക്കുന്നതെന്നാണ്‌ ലൈഫ്‌ സെല്ലിന്റെ അവകാശവാദം.
പൊക്കിള്‍ക്കൊടി രക്തബാങ്കുകള്‍ രണ്ടു വിധത്തിലുണ്ട്‌. പൊതുമേഖലയിലേയും സ്വകാര്യ മേഖലയിലേയും. പൊതു മേഖലാ ബാങ്കുകളില്‍ നിങ്ങള്‍ക്ക്‌ സ്വന്ത ഇഷ്ടപ്രകാരം രക്തം ദാനം ചെയ്യാം. അത്‌ നിങ്ങളുടെ പേരിലാവില്ല സൂക്ഷിക്കുന്നത്‌. പിന്നീട്‌ ഒരിക്കല്‍ നിങ്ങള്‍ക്ക്‌ അത്‌ ആവശ്യമായി വന്നാല്‍ നിങ്ങള്‍ നല്‍കിയ മൂലകോശങ്ങള്‍ തന്നെ തിരിച്ചു കിട്ടുമെന്ന് ഉറപ്പുമില്ല. കോശങ്ങളുടെ ചേര്‍ച്ച പരിശോധിച്ച്‌ ചേരുന്ന ഒന്ന് നിങ്ങള്‍ക്ക്‌ ലഭിക്കും എന്നു മാത്രം. എന്നാല്‍ പൊതു മേഖല ബാങ്കുകളുടെ സേവനം നമുക്ക്‌ ഇന്‍ഡ്യയില്‍ ലഭ്യമല്ല താനും. വിദേശത്തു പോലും ഈ ബാങ്കുകളുടെ പ്രവര്‍ത്തന ചിലവ്‌ അധികമായതിനാല്‍ അധികം ബാങ്കുകളില്ല.
സ്വകാര്യ ബാങ്കുകളില്‍ നിങ്ങള്‍ പണം നല്‍കേണ്ടതുണ്ട്‌. എന്നാലിവിടെ നിങ്ങള്‍ നല്‍കുന്ന കോശങ്ങള്‍ നിങ്ങളുടെ പേരില്‍ തന്നെയാണ്‌ സൂക്ഷിക്കുന്നത്‌. നിങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം നിങ്ങള്‍ക്കു തന്നെ അതു തിരിച്ചു കിട്ടും.
അടുത്ത ഭാഗം:
ഞാന്‍ പൊക്കിള്‍ക്കൊടി രക്ത ബാങ്കിംഗില്‍ ഏര്‍പ്പെടേണ്ടതുണ്ടോ?

1 comment:

ചാണക്യന്‍ said...

അടിയന്തിര ശ്രദ്ധപതിയേണ്ട വിഷയമാണല്ലോ മാഷെ....ദുരുപയോഗപ്പെടുത്തലുകള്‍ ഉണ്ടാവാം അല്ലെ?