Wednesday, June 03, 2009

ഡോ: റ്റില്ലര്‍. ദൈവപദ്ധതികള്‍ക്കായൊരു രക്തസാക്ഷി!

ഡോ: ജോര്‍ജ്ജ്‌ റ്റില്ലര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം കാന്‍സാസ്‌ പ്രവിശ്യയിലെ റിഫോര്‍മിസ്റ്റ്‌ ലൂഥറന്‍ പള്ളിയില്‍ ശുശ്രൂഷാസഹായിയായി ആരാധനയില്‍ പങ്കെടുക്കുമ്പോഴായിരുന്നു കൊലയാളി അദ്ദേഹത്തിന്റെ തലക്കു നേരെ നിറയൊഴിക്കുന്നത്‌.
ഡോ: റ്റില്ലറെപ്പറ്റി അല്‍പ്പം. എതിരാളികള്‍ക്ക്‌ അദ്ദേഹം ഒരു കൂട്ടക്കൊലയാളിയായിരുന്നു, (റ്റില്ലര്‍ ദ കില്ലര്‍) എന്നാല്‍ അദ്ദേഹത്തിന്റെ ക്ലിനിക്കില്‍ നിന്നു ചികില്‍സ തേടിയ ആയിരക്കണക്കിനു സ്ത്രീകള്‍ക്ക്‌ അദ്ദേഹം ദയാമയനായ ഒരു രക്ഷകനും. അമേരിക്കയില്‍, വളര്‍ച്ച കൂടിയ ഗര്‍ഭങ്ങള്‍ അലസിപ്പിച്ചു നല്‍കുന്ന വിരലിലെണ്ണവുന്ന ഡോക്ടര്‍മാരിലൊരാളായിരുന്നു, ഡോ:റ്റില്ലര്‍. കൃത്യമായി പറഞ്ഞാല്‍ കാന്‍സാസ്‌ വിചിതായിലെ റ്റില്ലറുടെ ക്ലിനിക്കല്ലാതെ വേറെ രണ്ടു ക്ലിനിക്കുകള്‍ മാത്രമേ ഈ സേവനം അമേരിക്കയില്‍ നല്‍കുന്നുള്ളു.
ഗര്‍ഭഛിദ്ര വിരുതനായ ഒരു ഡോക്ടറെപ്പറ്റി ഇത്ര പറയാനെന്ത്‌ എന്നു കരുതാന്‍ വരെട്ടെ. ഗുരുതരമായ ജന്മവൈകല്യങ്ങളുള്ള ഗര്‍ഭങ്ങളാണ്‌ അദ്ദേഹം അലസിപ്പിച്ചു നല്‍കിയിരുന്നത്‌. വൈദ്യ ശാസ്ത്രത്തിന്റെ പുരോഗമന ഫലമായി പല ജന്മവൈകല്യങ്ങളും ഗര്‍ഭാവസ്ഥയില്‍ തന്നെ കണ്ടെത്താമെന്നായിട്ടുണ്ട്‌. പക്ഷെ പലപ്പോഴും ശിശുവിന്റെ വളര്‍ച്ച കുറച്ചേറെ പുരോഗമിച്ചതിന്റെ ശേഷമായിരിക്കും അതു സാധിക്കുക. അപ്പോഴേക്കും സാധാരണ ഗതിയില്‍ നിയമം അനുശാസിച്ചിരിക്കുന്ന കാലയളവ്‌ കഴിഞ്ഞിരിക്കും. കാന്‍സാസില്‍ ഗര്‍ഭഛിദ്രത്തിനുള്ള നിയമാനുശൃത കാലവധി 22 ആഴ്ചയാണ്‌, അതിനു ശേഷം വേണ്ടി വരികയാണെങ്കില്‍ (അമ്മയുടെ ജീവന്‌ അപകടമുണ്ടാകുന്ന എന്തെങ്കിലും അവസ്ഥ) രണ്ടാമതൊരു ഡോക്ടറുടെ അനുവാദത്തോടെ ചെയ്യാം.
(ഇന്‍ഡ്യയിലെ അവസ്ഥ കുറച്ചു കൂടി പരിതാപകരമാണ്‌. ഇവിടെ, നിയമാനുശൃത കാലാവധി 12 ആഴ്ചയും, പരമാവധി കാലാവധി (അതായത്‌ രണ്ടു ഡോക്ടര്‍മാരുടെ തീരുമാനപ്രകാരം) 20 ആഴ്ചയുമാണ്‌. അതിനു ശേഷം ഒരു വിധത്തിലും അനുവദിക്കുന്നില്ല. പല വൈകല്യങ്ങളും കണ്ടു പിടിക്കാന്‍ അതിലേറെ കാലാവധി വേണ്ടിവരും എന്നിരിക്കെ ഈ 20 ആഴ്ച തികച്ചും അപര്യാപ്തമാണ്‌. അടുത്ത കാലത്ത്‌ ഈ ആവശ്യവുമായി ഒരു ദമ്പതികള്‍ കോടതിയെ സമീപിച്ചെങ്കിലും, കോടതി സാങ്കേതികതകള്‍ പറഞ്ഞ്‌ തടിയൂരുകയാണ്‌ ചെയ്തത്‌.)
മൂന്നു പതിറ്റാണ്ടിലേറെയായി എതിര്‍പ്പുകളേയും വധശ്രമങ്ങളേയും ധൈര്യപൂര്‍വ്വം നേരിട്ട ചരിത്രമാണ്‌ അദ്ദേഹത്തിന്റേത്‌. ഗര്‍ഭഛിദ്രവിരുദ്ധ സംഘടനകള്‍ അദ്ദേഹത്തിനും ക്ലിനിക്കിനും സ്ഥിരം പ്രതിരോധമുയര്‍ത്തി. ഒരു തവണ ക്ലിനിക്കിന്‌ ബോംബിട്ടു, മറ്റോരു തവണ അദ്ദേഹത്തിന്റെ രണ്ടു കൈകള്‍ക്കും വെടിയേറ്റു. ക്ലിനിക്കില്‍ വരുന്നവരെ വഴിയില്‍ തടയുകയും പുലഭ്യം പറയുകയും സ്ഥിരം പതിവായിരുന്നു.
പ്രത്യുല്‍പാദനപരമായ കാര്യങ്ങളില്‍ തന്റെ ശരീരത്തെപ്പറ്റി തീരുമാനമെടുക്കാനുള്ള സ്ത്രീയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്‌ അദ്ദേഹം നിലകൊണ്ടത്‌. അദ്ദേഹം ചെയ്യുന്നതെന്തെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. പല ഡോക്ടര്‍മാരേയും പോലെ സാമ്പത്തിക പരിഗണനകളായിരുന്നില്ല അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്ക്‌ പിന്നില്‍. വിരുദ്ധസംഘടനകള്‍ പലതവണ കോടതിയെ സമീപിച്ചെങ്കിലും, ഇതു വരെ വിധി വന്ന ഒരു കേസുകളിലും അദ്ദേഹത്തെ കുറ്റക്കാരനാക്കിയിട്ടില്ല. അതു തന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ നിയമസാധുതയ്ക്ക്‌ അടിവരയിടുന്നു. ഒരു തവണ അദ്ദേഹത്തിന്റെ ക്ലിനിക്കില്‍ നിന്ന് രോഗികളുടെ ചികില്‍സാ രേഖകള്‍ പിടിച്ചെടുക്കണം എന്ന ആവശ്യവുമായി എതിര്‍ സംഘം കോടതിയെ സമീപിച്ചപ്പോള്‍, അദ്ദേഹത്തിന്റെ രോഗികള്‍ തന്നെയാണ്‌ പ്രതിരോധിച്ചത്‌.
നിയമപരമായ മാര്‍ഗ്ഗങ്ങളാല്‍ അദ്ദേഹത്തെ തടയാനാവില്ല എന്നു മനസ്സിലായപ്പോഴാണ്‌, പ്രതിയോഗികള്‍ ഒരു വെടിയുണ്ടകൊണ്ട്‌ അതു സാധിക്കാന്‍ ശ്രമിച്ചതും വിജയിച്ചതും. ഹെമിംഗ്‌ വേ പറഞ്ഞത്‌ ഇവിടെ അര്‍ത്ഥവത്താകുന്നു,"നിങ്ങള്‍ക്ക്‌ ഒരാളെ നശിപ്പിക്കാനാവും പക്ഷെ തോല്‍പ്പിക്കാനാവില്ല."
ഡോ:റ്റില്ലറുടെ മരണം, ഈ വിഷയത്തില്‍ ലോകമെമ്പാടും ഒരു പുനര്‍ചിന്തയ്ക്ക്‌ വഴിയൊരുക്കും എന്നു കരുതാം. ലോകത്തിലെ ആളുകള്‍ മുഴുവന്‍ തങ്ങള്‍ തീരുമാനിക്കുന്നതു പോലെ പ്രവര്‍ത്തിക്കണം എന്നു ശാഠ്യം പിടിക്കുന്ന മതമന്ദബുദ്ധികളും ഒരു പുനരാലോചനയ്ക്ക്‌ തയ്യാറാവും എന്നും പ്രതീക്ഷിക്കാം.

5 comments:

Typist | എഴുത്തുകാരി said...

പത്രത്തില്‍ വായിച്ചപ്പോള്‍ ഗര്‍ഭഛിദ്ര വിരുതന്‍ എന്നേ കരുതിയുള്ളൂ. ഇപ്പോഴാണ് ശരിക്കും മനസ്സിലായതു്.

അനില്‍@ബ്ലോഗ് // anil said...

നല്ല കുറിപ്പ്.
വിശദാംശങ്ങള്‍ക്ക് നന്ദി.

പിള്ളാരുടെ എണ്ണം കൂട്ടണം എന്ന മത ശാസനകള്‍ വരുന്ന നാടാ നമ്മുടേത്.
:)

Manoj മനോജ് said...

“അവന്റെ കയ്യില്‍ കുട്ടികളുറ്റേ രക്തമാണ്” എന്ന് പ്രചരിപ്പിച്ച് ഒടുവില്‍ അവര്‍ അത് നേടിയെടുത്തു. അവര്‍ക്ക് വേണ്ടിയിരുന്നത് തങ്ങളെ എതിര്‍ക്കുന്നവന്റെ രക്തമായിരുന്നു. എന്നും അങ്ങിനെയായിരുന്നു. ഇനിയും അങ്ങിനെ തന്നെയായിരിക്കും... ചില മതപുരോഹിതര്‍ തങ്ങളുടെ സിംഹാസനം തകരാതിരിക്കുവാന്‍ മതത്തിന്റെ പേരില്‍ എന്തും ചെയ്യും, ചെയ്തിരുന്നു ഇനിയും തുടരും... അതിന് അറുതി വരുത്തുവാന്‍ ഏത് ഭരണകൂടത്തിന്യ്ണ്ട് ധൈര്യം? വോട്ടാണ് അവരുടെ ആയുധം അതിന് മുന്നില്‍ ഭരണകൂടങ്ങള്‍ കാഴ്ചയില്ലാത്തവരും!!!

Ashly said...

Thank you, from the news paper i thought he is just another abortion Doc, who does it for money. Thank a ton for the post !!

ഹന്‍ല്ലലത്ത് Hanllalath said...

..ഈ വാര്‍ത്ത അറിഞ്ഞിരുന്നില്ല..നന്ദി..