Sunday, December 13, 2009

ഫ്രാന്‍സിസ്‌ ഇട്ടിക്കോര എന്ന കുന്നംകുളം കോരപ്പാപ്പന്‍

ആദ്യമായി ഹൈപ്പേഷ്യയെപ്പറ്റി കേള്‍ക്കുന്നത്‌ 85-86 കാലത്ത്‌ പരിഷത്ത്‌ തലയ്ക്ക്‌ പിടിച്ചു നടക്കുമ്പോഴാണ്‌. പിന്നെ ആ പേര്‌ മറന്നു. അതിനു ശേഷം പിന്നെ കഴിഞ്ഞ വര്‍ഷം യാദൃശ്ചികമായി ഹൈപ്പേഷ്യയുടെ മുന്‍പില്‍ ചെന്നുപെടുകയായിരുന്നു, നെറ്റില്‍ അലഞ്ഞു തിരിയുന്നതിനിടെ. അഞ്ചെട്ടു ലിങ്കില്‍ കയറി വായിച്ചു. അനിതരസധാരണമായ ബുദ്ധിയും സൗന്ദര്യവും ഉണ്ടായിരുന്ന അവര്‍ അലക്സാന്‍ഡ്രിയായിലെ ഗണിത ശാസ്ത്രജ്ഞയും അദ്ധ്യാപികയുമായിരുന്നു.(AD നാലം നൂറ്റാണ്ട്‌) അവരുടെ ചിന്തകള്‍ കൃസ്തീയസഭയ്ക്ക്‌ വെല്ലുവിളിയായി തോന്നിയതും, അവര്‍ക്ക്‌ റോമന്‍ പ്രിഫക്റ്റ്‌ ഒറസ്റ്റേസില്‍ ഉണ്ടായിരുന്ന സ്വാധീനവും ബിഷപ്പ്‌ സിറിളിന്റെ നേതൃത്വത്തിലുള്ള സഭയെ വിളറിപിടിപ്പിച്ചു. ഒരു ദിവസം ഒരു സംഘം മതഭ്രാന്തന്മാര്‍ അവരെ തെരുവില്‍ വെച്ച്‌ ആക്രമിക്കുകയും ജീവനോടെ കക്കത്തോട്‌ കൊണ്ട്‌ അവരുടെ മാംസം വാര്‍ന്നെടുത്ത്‌ അഗ്നിക്കിരയാക്കുകയും ചെയ്തു. (ബിഷപ്പ്‌ സിറിള്‍ പിന്നീട്‌ വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ടു.) പക്ഷെ അന്നു വായിച്ച ഒരു ലിങ്കിലും, അവിവാഹിതാവസ്ഥയുടെ സ്വാതന്ത്ര്യം ആസ്വദിക്കുന്നതിനൊപ്പം ആഗ്രഹം തോന്നിയ പുരുഷന്മാര്‍ക്കെല്ലാമൊപ്പം ശയിച്ച ഒരു കാമഭ്രാന്തിയാണെന്നു പറഞ്ഞു കണ്ടില്ല. ഒരു പക്ഷെ അത്‌ അങ്ങിനെയായിരുന്നിരിക്കാം അല്ലെങ്കില്‍ ശക്തരായ എതിരാളികള്‍ അങ്ങിനെ ഒരു പ്രചാരണം നടത്തിയിരുന്നിരിക്കാം.

അതെന്തെങ്കിലുമാവട്ടെ, ഞാന്‍ ചിന്തിക്കുന്നത്‌ അംഗീകരിക്കപെട്ട ചരിത്ര നാള്‍വഴികളില്‍ നമുക്ക്‌ എന്തുമാത്രം തന്നിഷ്ടപരമായ ഇടപെടലുകള്‍ അനുവദനീയമായിട്ടുണ്ട്‌ എന്നതാണ്‌. പ്രത്യേകിച്ച്‌ ഹൈപ്പേഷ്യ മുതല്‍ മൈക്കലാന്‍ജലോയും സാമൂതിരിയും എഴുത്തച്ഛനുമുള്‍പ്പടെ (രാജന്‍?)ഗുരുക്കള്‍ വരെയുള്ള ഒരു നാള്‍വഴിയില്‍? ഫിഷന്റെ സ്വാതന്ത്ര്യത്തോടു കൂടിയാണെങ്കില്‍ പോലും?കഴിഞ്ഞ ദിവസം വായിച്ച, ശ്രീ ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ്‌ ഇട്ടിക്കോര എന്ന നോവലാണ്‌ (ഡി.സി ബുക്സ്‌, ആദ്യ പ്രസാധനം ആഗസ്റ്റ്‌ 2009. രൂപ 150) ഈ ചിന്തകളൊക്കെ ഉയര്‍ത്തിയത്‌. കഥാനായകനായ ഇട്ടിക്കോര പതിനഞ്ചാം നൂറ്റാണ്ടിലെ പ്രബലനായ ഒരു കുന്നംകുളം കുരുമുളക്‌ കച്ചവടക്കാരനായിരുന്നു. അദ്ദേഹം കുന്നംകുളത്തും ഫ്ലോറന്‍സിലും മാറി മാറി താമസിച്ചു തന്റെ അനവധി വരുന്ന കപ്പലുകളില്‍ കുരുമുളക്‌ തൊട്ട്‌ അടിമപ്പെണ്ണുങ്ങളെ വരെ കച്ചവടം നടത്തി, ഫ്ലോറന്‍സിലെ പ്രബലരായ മെഡിചികളുടേയും, കോഴിക്കോട്ടെ സാമൂതിരിമാരുടേയും അടുത്തയാളായി. മൈക്കലാന്‍ജലോയുടേയും റാഫേലിന്റെയും ഉപദേഷ്ടാവായി. ഫ്ലോറന്‍സിലെ വരേണ്യ സമൂഹത്തില്‍ ഒരു ലൈംഗിക വിപ്ലവത്തിന്‌ തുടക്കമിട്ടു. ഇതിനെല്ലാമുപരിയായി ഗൂഢമായ ഹൈപ്പേഷ്യന്‍ ഗണിതശാഖയുടെ ഒരു പ്രമുഖ വക്താവുമായിരുന്നു. യൂറോപ്പിലെ ഹൈപ്പേഷ്യന്‍ സ്കൂളുകളില്‍ നിന്നു പഠിച്ച കാര്യങ്ങള്‍ ഇട്ടിക്കോര കേരളത്തിലെത്തിക്കുകയും ഇവിടെ അദ്ദേഹത്തിന്റെ ആശ്രിതര്‍ അവയെ പുനരവതരിപ്പിക്കുകയും ചെയ്തു. ഇവയൊക്കെയാണ്‌ നാമിന്ന് അഭിമാനപൂര്‍വ്വം കേരളത്തിന്റെ ഗണിതശാസ്ത്ര സംഭവനകളായി അവതരിപ്പിക്കുന്നത്‌. ഇപ്രകാരം ഒരു അമാനുഷിക പരിവേഷമുള്ള ഇട്ടിക്കോര ഒരു പക്ഷെ ഏറ്റവുമധികം ക്രിയാത്മകമായത്‌ സ്ത്രീ വിഷയത്തിലായിരുന്നു. ഉപയോഗിച്ചു തള്ളിയ അനവധി സ്ത്രീകളെക്കൂടാതെയുള്ള അദ്ദേഹത്തിന്റെ അംഗീകൃതരായ 18 ഭാര്യമാരിലായി 79 മക്കളും ഇദ്ദേഹത്തിനുണ്ടായിരുന്നു.ചരിത്രത്തിന്റെ ഫ്രേമില്‍ നിന്ന് അമിത സ്വാതന്ത്രമെടുക്കുന്ന ഈ നോവലില്‍ പതിനെട്ടാം കൂറ്റുകാര്‍ എന്നൊരു ക്ലാനെയും നോവലിസ്റ്റ്‌ അവതരിപ്പിക്കുന്നു. പ്രയറി ഒഫ്‌ സയണേയും ഫ്രീ മേസന്‍സിനേയും അനുസ്മരിപ്പിക്കുന്ന ഒന്ന്. പക്ഷെ ഈ ഗ്രൂപ്പുകളുടെ, നിഗൂഢത എന്ന പൊതു സ്വഭാവം കഴിഞ്ഞാല്‍ സാമ്യം അവസാനിക്കുകയാണ്‌. പ്രയറിയില്‍ നഗ്ന പൂജ പ്രകൃതിയുടെ ഉര്‍വ്വരതയെ പ്രഘോഷിക്കുന്നുവെങ്കില്‍ പതിനെട്ടാം കുറ്റുകാര്‍ക്കിടയില്‍ അത്‌ പൈശാചികതയിലും ചൂഷണത്തിലുമാണ്‌ ഉറപ്പിച്ചിരിക്കുന്നത്‌. ( പക്ഷെ എതിരാളികളെ സംബന്ധിച്ച്‌ രണ്ടും തമ്മില്‍ വ്യത്യാസമേതുമില്ല. നോവലിസ്റ്റും അങ്ങിനെ തന്നെയാണോ ചിന്തിക്കുന്നത്‌?)

ചരിത്രവും മിത്തും സങ്കല്‍പവും ഇണപിരിയുന്ന വേറെ അധികം നോവലുകള്‍ മലയാളത്തിലുണ്ടെന്നു തോന്നുന്നില്ല. എക്കോയും മാര്‍ക്കേസും ഒക്കെ വായിക്കുമ്പോള്‍ എന്തേ ഇങ്ങിനൊരെണ്ണം മലയാളത്തിലില്ലാത്തത്‌ എന്നു നമ്മള്‍ സങ്കടപ്പെടുന്ന പോലൊന്നിനുള്ള ശ്രമം. പക്ഷെ ലോകനിലവാരത്തില്‍ നിന്ന് മലയാളത്തിന്റെ ചെറു വൃത്തത്തിലേക്കൊതുക്കിയാലും ആനുപാതികമായിപ്പോലും മാര്‍ക്കേസിന്റെ കാവ്യഭംഗിയോ, എക്കോയുടെ ധിഷണാ വൈഭവമോ ഡാന്‍ ബ്രൗണിന്റെ കഥനചാതുരിയോ നോവലിനോ നോവലിസ്റ്റിനോ അവകാശപ്പെടാനാവില്ല.വളരെ കൃത്രിമമായി തോന്നുന്ന ഒരു ക്രാഫ്റ്റാണ്‌ രചനയ്ക്ക്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഒരു ഫ്ലോചാര്‍ട്ട്‌ രൂപപ്പെടുത്തിയിട്ട്‌ അതിന്റെ ഓരോ പോയിന്റും സ്ഥൂലീകരിച്ച്‌ കട്ടന്‍പേസ്റ്റ്‌ ചെയ്തപോലെ. പോസ്റ്റ്ഗ്രാജ്വേറ്റ്‌ തിസീസിനുപയോഗിക്കുന്ന അതേ തന്ത്രം. ഒരു നല്ല രചന ഒരു പെയിന്റിംഗ്‌ ആണെങ്കില്‍, ഇട്ടിക്കോര ഒരു ഫോട്ടോഷോപ്‌ കൊളാഷ്‌ ആണ്‌. അത്ര കൃത്രിമം. തന്റെ പരന്ന വായനയുടെ മുഴുവന്‍ വിശേഷങ്ങളും ഒരുമിച്ച്‌ വായനക്കാര്‍ക്കെത്തിക്കണം എന്നു നോവലിസ്റ്റിന്‌ നിര്‍ബന്ധമുള്ളപോലെ. എന്നാലാവട്ടെ, ഇവയൊക്കെ തമ്മില്‍ യുക്തിഭദ്രമായ ഒരു ബന്ധപ്പെടുത്തലിനോ കാരണവിശദീകരനത്തിനോ നോവലിസ്റ്റ്‌ മിനക്കെടുന്നുമില്ല. ഇതുമൊരു സങ്കേതമാവാം!ഹൈപ്പേഷ്യന്‍ സ്കൂളിനും ഗണിതശാസ്ത്രത്തിനും ലൈംഗികതയുമായി എന്തു ബന്ധം എന്നു നമ്മള്‍ സംശയിച്ചു നില്‍ക്കുമ്പോഴും കഥയില്‍ ലൈംഗികതയുടെ ഘോഷയാത്രയാണ്‌. കഥാ തന്തുവും ലൈംഗിക ആഘോഷങ്ങളും തമ്മില്‍ ഒരു ലോജിക്കും രൂപപ്പെടുന്നുമില്ല. മാത്രമല്ല, കഥാകൃത്തിന്റെ ലൈംഗികസങ്കല്‍പ്പങ്ങള്‍ ഒരു പോണൊഗ്രഫി നിലവാരത്തിലുള്ളതുമാണ്‌. അതു കൊണ്ടു തന്നെയാണ്‌ അതിഭാവുക അവതരണത്തിനു ശേഷവും ഫ്രാന്‍സിസ്‌ ഇട്ടിക്കോര സഹസ്ര ഭഗനെപ്പോലെ ഒരശ്ലീല ബിംബമായി അപഹാസ്യമാകുന്നത്‌


*********************************************************************************

ആഷാമേനോന്റെ അവതാരികയുമുണ്ട്‌. അവതാരികകളുടെ ആവശ്യമെന്താണെന്ന് എനിക്കൊരിക്കലും മനസ്സിലായിട്ടില്ല. മാധവിക്കുട്ടിയുടെ സമ്പൂര്‍ണ്ണകൃതികളില്‍ അഴീക്കോടിന്റെ അവതാരിക കണ്ടു. മനോഹരമായ ഒരു ശില്‍പ്പത്തില്‍ കാക്ക കാഷ്ഠിച്ചു വെച്ചതു പോലെ തോന്നി.
18 comments:

APARAJITHO said...

ബാബുരാജിന്റെ അഭിപ്രായം ശ്രദ്ധേയമായി തോന്നി.ഈ പുസ്തകം എനിക്കു വായിക്കണമെന്നുണ്ട്. ചരിത്രവ്യാഖ്യാനങ്ങള്‍ ഇനിയും മലയാളത്തില്‍ വരാനുണ്ട്.എസ്. ഹരീഷിന്റെ രസവിദ്യയുടെ ചരിത്രം എന്ന കഥാസമാഹാരം കൂടി വായിച്ചുനോക്കൂ.

Typist | എഴുത്തുകാരി said...

വാ‍യിച്ചിട്ടില്ല ഈ പുസ്തകം.ഇപ്പഴാണ് ഇതിനേപ്പറ്റി കേട്ടതും.

“മാധവിക്കുട്ടിയുടെ സമ്പൂര്‍ണ്ണകൃതികളില്‍ അഴീക്കോടിന്റെ അവതാരിക കണ്ടു. മനോഹരമായ ഒരു ശില്‍പ്പത്തില്‍ കാക്ക കാഷ്ഠിച്ചു വെച്ചതു പോലെ തോന്നി.“
ഇതെനിക്കിഷ്ടായി.

Anil cheleri kumaran said...

ഇപ്പോള്‍ മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു നോവലാണിത്. ബൂലോകത്തിനു പരിചയപ്പെടുത്തിയതില്‍ നന്ദി..

“മനോഹരമായ ഒരു ശില്‍പ്പത്തില്‍ കാക്ക കാഷ്ഠിച്ചു വെച്ചതു പോലെ തോന്നി.“

അതു കലക്കി..

Santosh said...

മാധവിക്കുട്ടിയുടെ സമ്പൂര്‍ണ്ണകൃതികളില്‍ അഴീക്കോടിന്റെ അവതാരിക കണ്ടു. മനോഹരമായ ഒരു ശില്‍പ്പത്തില്‍ കാക്ക കാഷ്ഠിച്ചു വെച്ചതു പോലെ തോന്നി!

ഹഹഹ

മണിഷാരത്ത്‌ said...

ഫ്രാന്‍സ്സിസ്‌ ഇട്ടിക്കോരയെ പരിചയപ്പെടുത്തിയതിന്‌ നന്ദി.മിത്തും സങ്കല്‍പ്പവും ഇണപിരിയുന്ന നോവലുകള്‍ മലയാളത്തില്‍ ഇല്ലാതില്ല.സേതുവിന്റെ നോവലുകള്‍ മലയാളസാഹിത്യത്തിലെ ഈ വിഭാഗത്തില്‍ പെടുത്താന്‍ സാധിക്കും എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.പാണ്ഡവപുരം മനോഹരമല്ലേ? മലയാളത്തിലെ നോവല്‍ ശഖ വരണ്ടുപോയില്ലേ എന്ന് സംശയിക്കാം.അതേപോലെ ഹൈപ്പേഷ്യയെ പരിചയപ്പെടുത്തിയതിനും നന്ദി.

ബാബുരാജ് said...

അപരാജിതോ,
രസവിദ്യയുടെ ചരിത്രം അന്വേഷിച്ചുകൊണ്ടിരിക്കുന്നു, വായിക്കണം.

എഴുത്തുകാരിച്ചേച്ചി, കുമാരന്‍, സന്തോഷ്‌,
"മാധവിക്കുട്ടിയെന്ന, കമലദാസ്‌ എന്ന, കമലാസുരയ്യ" എന്നു പറഞ്ഞു തുടങ്ങുന്ന ആ അവതാരിക കണ്ടപ്പോള്‍ സത്യത്തില്‍ അതു തന്നെയാണ്‌ തോന്നിയത്‌.

മണിസാര്‍,
പാണ്ഡവപുരം ഖണ്ഢശ്ശ: പ്രസിദ്ധീകരിച്ചപ്പോള്‍ കുറച്ചൊക്കെ വായിച്ചിരുന്നു. അല്ലാതെ സേതുവുമായി വലിയ പരിചയമില്ല. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നിന്നു പോയ വായന തുടങ്ങണമെന്നു കരുതുന്നു. വിട്ടു പോയ ഒത്തിരിയുണ്ട്‌.

എല്ലാവര്‍ക്കും നന്ദി!

Pintu said...

baburaj..... nannayitund...

ezhuthukari chechi kalakki...

കാട്ടിപ്പരുത്തി said...

മാധവിക്കുട്ടിയുടെ സമ്പൂര്‍ണ്ണകൃതികളില്‍ അഴീക്കോടിന്റെ അവതാരിക കണ്ടു. മനോഹരമായ ഒരു ശില്‍പ്പത്തില്‍ കാക്ക കാഷ്ഠിച്ചു വെച്ചതു പോലെ തോന്നി.
---ഇതൊരു മുതലാണല്ലോ!!!!

Manoraj said...

suhrththe,

njan ippol ittikora vayikkunna avasaramanu. bloger kumaranumayi athinepati samsarichappol adehamanu enikk i postinte link thanaath. ittikora muzhuvan vayana kazhiyaththath kond njan athine patiyulla abhipryam ippol parayunnilla.

pakshe, thangalute randamathe point.. ellavarum chundi katiyapole.. sukumar azhikotinte avatharika.. ath kakka kashtichchathupole.. ath eshtayi.. iviteyum anavasarathil kamant parayunna oralayi azhikot mariyathil malayali khedikendi irikkunnu

Calicocentric കാലിക്കോസെന്‍ട്രിക് said...

ഈ പോസ്റ്റ് ഇതുവരെ കണ്ടിരുന്നില്ല. ഫ്രാന്‍സിസ് ഇട്ടിക്കോര ചരിത്രപുരുഷനാണെന്നും നോവല്‍ ചരിത്രവും വിജ്ഞാനവും നോവലിസ്റ്റിന്റെ ലെജിറ്റിമേറ്റ് ഭാവനയോടെ കഥിക്കുന്നെന്നുമാണ് നിരൂപകവങ്കന്മാര്‍ പറഞ്ഞുവെച്ചിരിക്കുന്നത്. ആഷാമേനോന്റെ വങ്കത്തരത്തെ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കൊണ്ട് ഇതിലെ തട്ടിപ്പു ചരിത്രത്തിന്റെ മറശ്ശീല നീക്കിയതു നന്നായി. വെറും പരട്ടക്കമ്പിപ്പുസ്തകത്തിന്റെ ഭാവുകത്വം പേറുന്ന രതിവര്‍ണ്ണനകളുടെ വൃത്തികേടും ബാബുരാജ് പരാമര്‍ശിച്ചിട്ടുണ്ട്. നന്ന്.

ravivarma said...

valare nalla vilayiruthal babu .as usual your note helped clear the air

ravivarma said...

babu ,i am talking about ittikkora ..azheekkodine kollu,kollu

തിരുവല്ലഭൻ said...

well said

അബ്ദുണ്ണി said...

പത്താം പതിപ്പ് വന്നത് രതിവർണന കാരണമാവാനേ വഴിയുള്ളൂ. വായിച്ചപ്പോൾ അങ്ങനെയാണ് തോന്നിയത്

അബ്ദുണ്ണി said...

പത്താം പതിപ്പ് വന്നത് രതിവർണന കാരണമാവാനേ വഴിയുള്ളൂ. വായിച്ചപ്പോൾ അങ്ങനെയാണ് തോന്നിയത്

Unknown said...

ഫ്രാന്‍സിസ് ഈടിക്കൊരയില്‍ എവിടെയാണ് രതിയുടെ അതിപ്രസരം ഉള്ളത്... ?? ചരിത്രത്തെ എത്രത്തോളം വളച്ചൊടിക്കാം എന്ന സംശയം എനിക്കും തോന്നി.. മുകുന്ദന്റെ ഡല്‍ഹി ഗാഥകളില്‍ ഒക്കെ ചരിത്രത്തെ മനോഹരമായി കഥയുമായി ഇണക്കി ചേര്‍ത്തിട്ടുണ്ട്..പക്ഷെ ഇട്ടിക്കോര വളരെ വ്യത്യസ്തമായ ഒരു രചനയാണ്..മലയാളത്തില്‍ ഇന്ന് വരെ ഇങ്ങനെ ഒരു നോവല്‍ വന്നിട്ടില്ല...

ananthapadmanabhan said...

ഡാവിഞ്ചി കോഡിലെ പലതും പകർത്തിയിട്ടുണ്ട്.

Vijai Sankar said...

രതിയുടെ അതിപ്രസരം വന്നാൽ എന്താണ് കുഴപ്പം? രതി സങ്കൽപ്പങ്ങൾ പോര്ണോഗ്രാഫി പോലെ വന്നാൽ എന്താണ് കുഴപ്പം? നിന്റെ സദാചാര കുരു മുഴച്ചു നിൽക്കുന്ന തലച്ചോറിനല്ലാതെ മറ്റാർക്കും ഒരു കുഴപ്പവുമില്ല.

പിന്നെ നിന്റെ ഭാര്യയോട്‌ ചോദിച്ചാൽ രതി സങ്കല്പങ്ങളിൽ ഇട്ടിക്കൊരയൊക്കെ നിന്റെ മുൻപിൽ വെറും ശിശു എന്നു ചിലപ്പോ മനസ്സിലായേക്കാം. (അങ്ങനെ പറഞ്ഞത് നിനക്കുള്ള കോംപ്ലിമെന്റ് അല്ല 🤣)