Thursday, November 27, 2008

മലബാര്‍ കലാപം. ഒരു വേറിട്ട വായന.

മലബാര്‍ കലാപം സത്യത്തില്‍ എന്തായിരുന്നു? പാഠപുസ്തകങ്ങള്‍ നമ്മെ ധരിപ്പിക്കാന്‍ ശ്രമിച്ചതുപോലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഒരു ഉജ്ജ്വല അദ്ധ്യായമോ?

ബ്രിട്ടീഷുകാര്‍ക്കെതിരായ ഒരു സമരം എന്നതുകൊണ്ട്‌, മലബാര്‍ കലാപത്തെ സ്വാതന്ത്ര്യ സമരമായി കാണുന്നത്‌ ഒരു അതി ലളിതവല്‍ക്കരണമാകും. വാസ്തവത്തില്‍, ഏവര്‍ക്കുമറിയാവുന്നതു പോലെ ഖിലാഫത്ത്‌ പ്രസ്ഥാനത്തിന്റെ ഒരു മലബാര്‍ പ്രകടനമായിരുന്നു, മലബാര്‍ കലാപം. ഖിലാഫത്ത്‌ പ്രസ്ഥാനം, കുറച്ചു നാള്‍ കോണ്‍ഗ്രസ്സിനൊപ്പം പ്രവര്‍ത്തിച്ചു എന്നതൊഴിച്ചാല്‍ ദേശീയ മുഖ്യധാരയുമായ്‌ ബന്ധപ്പെടുത്താന്‍ പറ്റുന്ന ഒന്നല്ല. തുര്‍ക്കിയിലെ ഓട്ടോമന്‍ സാമ്രാജ്യത്തിലെ ഖലീഫ ഭരണം നിലനിര്‍ത്തണം എന്ന ഉദ്ദേശത്തില്‍ സ്ഥാപിതമായ ഒരു കൂട്ടായ്മയായിരുന്നു അത്‌. അതിലെ താല്‍പര്യം തികച്ചും മതപരവും. മറ്റു രാജ്യങ്ങളിലൊന്നും കാര്യമായ വേരോട്ടം ഉണ്ടായില്ലെങ്കിലും, ഭാരതത്തില്‍ പ്രസ്ഥാനം സാമാന്യം ശക്തമായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ ഒരു ശക്തമായ ഹിന്ദു-മുസ്ലിം സൗഹൃദം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാവണം ഗാന്ധിജിയുടെ നേതൃത്തത്തിലുള്ള കോണ്‍ഗ്രസ്സ്‌ അവരുമായി സഹകരിച്ചത്‌. സ്വാഭാവികമായും ഈ ബാന്ധവം അധിക കാലം നീണ്ടു നിന്നില്ല. അതൊരു ചരിത്ര സത്യം. പ്രസ്ഥാനത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ മുസ്ലിം ലീഗു പോലും അതിനെ 'വര്‍ഗ്ഗിയ ഭ്രാന്ത്‌' എന്ന് അപഹസിക്കുകയാണ്‌ ചെയ്തത്‌. കോണ്‍ഗ്രസ്സ്‌ ബന്ധം പൊളിഞ്ഞതിനു ശേഷം അലി സഹോദരന്മാരെപ്പൊലുള്ള പല പ്രമുഖന്മാരും ലീഗില്‍ ചേക്കേറുകയും, വിഭജനത്തിന്റെ മുഖ്യ വക്താക്കളാവുകയും ചെയ്തു. മൗലാന ആസാദിനെപ്പോലുള്ള കുറച്ചു പേര്‍ കോണ്‍ഗ്രസ്സിനൊപ്പം നിലകൊണ്ടു.

1921 ആഗസ്റ്റ്‌ 20 നു തിരൂരങ്ങാടിയിലാണ്‌ ആദ്യം ലഹള പൊട്ടിപ്പുറപ്പെടുന്നത്‌. ആയുധങ്ങള്‍ കൈയ്യില്‍ വെച്ചിരുന്ന ചില മാപ്പിള നേതാക്കന്മാരെ അറസ്റ്റ്‌ ചെയ്യാന്‍ കോഴിക്കോട്‌ മജിസ്റ്റ്രേറ്റിന്റെ നേതൃത്തത്തില്‍ നീക്കമുണ്ടായതിനെ തുടര്‍ന്നായിരുന്നു അത്‌. ലഹള വളരെ വേഗം പടര്‍ന്നു പിടിക്കുകയും, ലഹളക്കാര്‍ മൊഹമ്മദ്‌ ഹാജി എന്നൊരാളെ നേതാവായി പ്ര്ഖ്യാപിച്ച്‌, ഏറനാട്‌ വള്ളുവനാട്‌ ഭാഗങ്ങളെ ഖിലാഫത്‌ രാജ്യങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു. അന്നത്തെ അവസ്ഥയെപ്പറ്റി ഡോ: ആനി ബസന്റ്‌ ഇങ്ങനെ എഴുതുന്നു: "മാപ്പിളമാര്‍ വ്യാപകമായി കൊലയും കൊള്ളയും നടത്തിക്കൊണ്ടിരുന്നു. മതപരിവര്‍ത്തനം നടത്താന്‍ വിസമ്മതിക്കുന്ന ഹിന്ദുക്കളെ കൊല്ലുകയോ ആട്ടിപ്പായിക്കുകയോ ചെയ്യുന്നു. അങ്ങിനെ ഒരു ലക്ഷം പേര്‍ക്കെങ്കിലും സര്‍വ്വസവും ഉപേക്ഷിച്ച്‌ ഉടുവസ്ത്രം മാത്രമായി പാലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്‌." (ആ സമയത്ത്‌ മലബാര്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ഒരു വ്യക്തിയായിരുന്നു ഡോ: ആനി ബസന്റ്‌. 1916 ല്‍ ആനി ബസന്റിന്റെ അദ്ധ്യക്ഷതയില്‍ പാലക്കാട്ട്‌ വെച്ചു നടന്ന മലബാര്‍ ജില്ല കോണ്‍ഗ്രസ്സ്‌ സമ്മേളനമായിരുന്നു മലബാറിലെ ആദ്യ രാഷ്ട്രീയ സമ്മേളനം.) മാപ്പിള ലഹള വാസ്തവത്തില്‍ 'കാഫിറുകള്‍'ക്കെതിരായ ഒരു അക്രമമായിരുന്നു. അത്‌ ബ്രിട്ടീഷുകാര്‍ക്കെതിരെ മാത്രമായിരുന്നില്ല!

ആത്മകഥാപരമായ തന്റെ 'ഒരു ദേശത്തിന്റെ കഥ'യില്‍ പൊറ്റക്കാടും 'ജഗള'യുടെ ഈ ചിത്രം വരച്ചു കാണിക്കുന്നുണ്ട്‌.

അന്നത്തെ വൈസ്രോയ്‌ ആയിരുന്ന റീഡിംഗ്‌ പ്രഭുവിന്റെ പത്നിക്ക്‌ നിലമ്പൂര്‍ റാണി എഴുതിയ ഒരു കത്തും ഈ ഭീകരാന്തരീക്ഷം വിവരിക്കുന്നു. വിശ്വാസം മാറാന്‍ വിസമ്മതിച്ചതിനാല്‍, കൊത്തിയരിയപ്പെട്ട ജഡങ്ങള്‍ കൊണ്ടു നിറഞ്ഞ കിണറുകളും, ഗര്‍ഭസ്ഥശിശുക്കള്‍ തുറിച്ചു നില്‍ക്കുന്ന വെട്ടിമുറിച്ച ഗര്‍ഭിണികളുടെ ശവങ്ങളും, പശുവിന്റെ കുടല്‍ മാല ചാര്‍ത്തിയ വിഗ്രഹങ്ങളും ഒക്കെ അതിലെ പ്രതിപാദ്യമാകുന്നു.
നിലമ്പൂര്‍ രാജാവിന്റെ തോക്ക്‌ മോഷ്ടിച്ചു എന്ന കുറ്റം ചുമത്തി, പൂക്കോട്ടൂര്‍ ഖിലാഫത്ത്‌ കമ്മറ്റി സെക്രട്ടറിയെ അറസ്റ്റ്‌ ചെയ്യാന്‍ ശ്രമിച്ചത്‌ മുസ്ലീംകളെ ചൊടിപ്പിച്ച ഒരു സംഭവം ആയിരുന്നു. പലരും അഭിപ്രായപ്പെട്ടിട്ടുള്ള പോലെ വ്യക്തി വൈരാഗ്യം തീര്‍ക്കലും ലഹളയുടെ ഒരു അജന്‍ഡ ആയിരുന്നോ എന്നും സംശയിക്കണം.

ലഹളബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച, കെ.പി. കേശവമേനോന്റെ നേതൃത്തത്തിലുള്ള സംഘം ഇങ്ങനെ നിരീക്ഷിക്കുന്നു. "നിര്‍ഭാഗ്യവശാല്‍ മാപ്പിളമാരുടെ അത്യാചാരങ്ങളെ സംബന്ധിച്ച വാര്‍ത്തകള്‍ തികച്ചും വാസ്തവമാണ്‌. അഹിംസയിലും, നിസ്സഹകരണത്തിലും വിശ്വസിക്കുന്ന ഒരാളെ സംബന്ധിച്ച്‌, അവര്‍ക്കനുകൂലമായി ചിന്തിക്കാന്‍ ഒന്നുമില്ല. കേവലം കാഫിറുകളായിപ്പോയി എന്ന കാരണത്താല്‍ നിസ്സഹായരായ പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും നിഷ്ഠൂരമായി കൊല ചെയ്യപ്പെടുന്നു."

തികച്ചും ക്രൂരമായ മാര്‍ഗ്ഗത്തില്‍ തന്നെ ലഹളയെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ്‌ ഭരണത്തിന്‌ കഴിഞ്ഞു. വാഗണ്‍ ട്രാജഡി അതിലെ ഒരു അദ്ധ്യായം. അതിനിരയായവരെ നമ്മള്‍ ധീരദേശാഭിമാനികളായി സ്മരിക്കുന്നു. ഒരു സ്മരണ കഴിഞ്ഞിട്ട്‌ ഒരാഴ്ചയായിട്ടില്ല. പക്ഷെ ലഹളയില്‍ കൊല്ലപ്പെട്ട, 'ധീര ദേശാഭിമാനികള്‍' ആകാന്‍ ഭാഗ്യം കിട്ടാതെ പോയ നൂറുകണക്കിനുള്ള പാവങ്ങള്‍ക്ക്‌ ചരിത്രത്തിലെ ഇടമെവിടെയാണ്‌?

Saturday, October 18, 2008

ശബരിമല അനുഭവങ്ങള്‍...ചില മുഖങ്ങള്‍.

ശബരിമല മേല്‍ശാന്തിക്കുള്ള നറുക്കെടുപ്പ്‌ കഴിഞ്ഞു. ഇത്തവണ ചില കോലാഹലങ്ങളൊക്കെയായിരുന്നല്ലോ? വാര്‍ത്ത കണ്ടപ്പോഴാണ്‌ പഴയ ചില ശബരിമല അനുഭവങ്ങള്‍ വീണ്ടും ഓര്‍മ്മ വരുന്നത്‌.

ചെറുപ്പത്തില്‍ വളരെ നിഷ്കര്‍ഷയോടും ഭക്തിയോടും കൂടി അനുഷ്ഠിച്ചിരുന്ന ഒന്നായിരുന്നു ശബരിമല തീര്‍ത്ഥാടനം. അഞ്ചെട്ടു തവണ പോയി. കുറച്ചു മുതിര്‍ന്നപ്പോള്‍ അവിടുത്തെ തിരക്കും, പരിസരവൃത്തികേടുകളും ഒരു വിധത്തിലും സഹിക്കാനാവതില്ല എന്നായപ്പോള്‍ യാത്ര നിര്‍ത്തി. ക്രമേണ ഭക്തിയും പോയി. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. അങ്ങിനെ ഇരിക്കുമ്പോഴാണ്‌ ശബരിമല യാത്ര ഔദ്യോഗികമായി വരുന്നത്‌. എന്റെ ആത്മമിത്രമായ സന്തോഷിനും മറ്റൊരാള്‍ക്കുമായിരുന്നു ഡ്യൂട്ടി. മറ്റേയാള്‍ക്ക്‌ എന്തോ അസൗകര്യമുണ്ടായിരുന്നതിനാല്‍ ഞാന്‍ പകരക്കാരനാവുകയായിരുന്നു. സന്തോഷിന്റെ നിര്‍ബന്ധവും, മാസപൂജയായതിനാല്‍ അധികം തിരക്കുണ്ടാവില്ല എന്ന ചിന്തയും കൊണ്ടാണ്‌ സമ്മതിച്ചത്‌.

ഡ്യൂട്ടി സന്നിധാനത്തില്‍ തന്നെയായിരുന്നു. അതാശ്വാസമായി. കാരണം ശബരിമല ഡ്യൂട്ടി മറ്റു പല സ്ഥലത്തുമാകാം. സന്നിധാനത്തില്‍ ഡ്യൂട്ടിയെടുക്കുന്ന അനുഭവം മറ്റെങ്ങും കിട്ടില്ലല്ലോ?

കന്നിമാസമായിരുന്നു എന്നാണോര്‍മ്മ. നല്ല കാലാവസ്ഥ. സന്തോഷും ഞാനും രാവിലെ തന്നെ മല കയറിത്തുടങ്ങി. അഞ്ചാറു ദിവസത്തേക്കുള്ള വസ്ത്രങ്ങളും കുറച്ചു പുസ്തകങ്ങളും ഒക്കെ കൈയ്യിലെ ബാഗിലുണ്ട്‌. സന്തോഷ്‌ വളരെ ദാനശീലനാണ്‌, അര കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ തന്നെ കക്ഷിയുടെ കൈലുണ്ടായിരുന്ന പണത്തിന്റെ പകുതിയും ഭിക്ഷക്കാര്‍ക്ക്‌ നല്‍കി തീര്‍ത്തു.

സന്നിധാനത്തില്‍ എത്തി, മറ്റു ജീവനക്കാരൊക്കെ എത്തിയിട്ടുണ്ട്‌. വര്‍ഷങ്ങളായി സ്ഥിരം ഡ്യൂട്ടി ചോദിച്ചു വാങ്ങി വരുന്ന ഒരു നമ്പൂതിരിയെ പരിചയപ്പെട്ടു. വളരെ നല്ല മനുഷന്‍. അദ്ദേഹത്തിന്‌ മേല്‍ശാന്തിയെ നേരിട്ടറിയാം, അകത്തൊക്കെ നല്ല പരിചയവും സ്വാധീനവുമാണ്‌. പോരുന്നതിനു മുന്‍പ്‌ സന്തോഷ്‌ അല്‍പ്പം ഗൃഹപാഠം ചെയ്തിരുന്നു. ഞങ്ങളുടെ സീനിയര്‍ ആയി ഒരു സുരേഷ്‌ സാറുണ്ട്‌, തിരുവല്ലാക്കാരന്‍. ഞങ്ങള്‍ തമ്പു എന്നു വിളിക്കും. അദ്ദേഹം വളരെ നാള്‍ ശബരിമല സ്പെഷ്യല്‍ ഓഫീസറായി (ഞങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്റിന്റെ) ഇരുന്നതാണ്‌. സന്നിധാനത്ത്‌ ചെന്നാല്‍ മുത്തു എന്ന ഒരു ദേവസ്വം സെക്യൂരിറ്റിയെ കാണാന്‍ അദ്ദേഹം പറഞ്ഞിരുന്നു. എല്ലാ സൗകര്യവും ചെയ്തു തരും.

വൈകുന്നേരമേ നട തുറക്കൂ. പ്രത്യേകിച്ച്‌ പണിയൊന്നുമില്ല. മറ്റവരൊക്കെ സ്റ്റോക്ക്‌ വെരിഫിക്കേഷനും മറ്റുമൊക്കെയാണ്‌. പുറത്തേക്കിറങ്ങാം എന്നു കരുതി. ഉരക്കുഴി തീര്‍ത്ഥം അടുത്താണ്‌. തീരെ ചെറുപ്പത്തില്‍ ഒരിക്കല്‍ പോയ ഓര്‍മ്മയുണ്ട്‌. നമ്പൂതിരി വഴി പറഞ്ഞു തന്നു. വനത്തിലൂടെ അരമുക്കാല്‍ കിലോമീറ്റര്‍ നടക്കണം. അട്ടയുണ്ട്‌, കുറച്ച്‌ ഉപ്പ്‌ കൈയ്യില്‍ കരുതാന്‍ പറഞ്ഞു. അട്ട കടിച്ചാല്‍ ഉപ്പിട്ടു കൊടുത്താല്‍ മതി, കടി വിടും. പമ്പ, സന്നിധാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഒരു തരി അഴുക്കില്ലാത്ത സ്ഥലം. നല്ല പോലെ നീരൊഴുക്കൊണ്ട്‌, ഒന്നൊന്നര മണിക്കൂര്‍ വെള്ളത്തില്‍ കിടന്നു.

വൈകിട്ട്‌ നട തുറക്കുന്ന സമയത്ത്‌, ക്ഷേത്രത്തില്‍ പോയി. സന്തോഷ്‌ മുത്തുപ്പോലീസിനെ തപ്പിയെടുത്തു. സുരേഷ്‌ സാറിന്റെ ആള്‍ക്കാരാണെന്നു പറഞ്ഞപ്പോള്‍ പുള്ളിക്ക്‌ വലിയ സ്നേഹം. നടയ്ക്കു മുന്നില്‍ തന്നെ നിര്‍ത്തി, മുഴുവന്‍ സമയവും. പതിനഞ്ച്‌ മിനിറ്റോളം ദര്‍ശനം നടത്തി. സാധാരണ ദര്‍ശനത്തിനു വരുമ്പോള്‍ ഒരു സെക്കന്‍ഡ്‌ ഒന്നു നിന്നു കാണാന്‍ പറ്റിയാല്‍ ഭംഗിയായി തൊഴാന്‍ പറ്റി എന്നു പറയുന്നതോര്‍ത്തു. ഇതിനിടെ 'രാജകീയമായി' ചമഞ്ഞ ഒരാള്‍ വളരെ അണ്‍സെറിമോണിയസ്‌ലി ഒരു ആയിരം രൂപ നോട്ട്‌ ഉരുളിയില്‍ ഇട്ടത്‌ ശ്രദ്ധിച്ചു. അടുത്ത ദിവസങ്ങളില്‍ ആളേ മനസ്സിലായി, ദേവസ്വം ബോര്‍ഡ്‌ സ്പെഷ്യല്‍ ആപ്പീസറാണ്‌. 'പങ്ക്‌' ഭഗവാനും കൊടുത്തിട്ടുണ്ട്‌ എന്ന് സമാധാനിക്കാനായിരിക്കും!

പിന്നീടുള്ള ദിവസങ്ങളില്‍ , നട തുറന്നിരിക്കുന്ന സമയത്തൊക്കെ സന്തോഷ്‌ ശ്രീ കോവിലിന്‌ മുന്നിലുണ്ട്‌. മുത്തുപ്പോലീസിന്റെ അനുഗ്രഹം.

മൂന്നാമത്തെ ദിവസം നമ്പൂതിരി ഞങ്ങളെ മേല്‍ശാന്തിയുടെ അടുത്ത്‌ കൊണ്ടുപോയി. നല്ല ശ്രീയുള്ള മുഖം. സ്പെഷ്യല്‍ പ്രസാദവും അനുഗ്രഹവും തന്നു. ദക്ഷിണ കൊടുത്തു. ഭിക്ഷക്കാര്‍ക്ക്‌ കൊടുത്ത്‌ കൊടുത്ത്‌ സന്തോഷിന്റെ പൈസ മുഴുവന്‍ തീര്‍ന്നിരുന്നു. കക്ഷിയുടെ കയ്യില്‍ ഇരുപതു രൂപയേ ബാക്കി ഉണ്ടായിരുന്നുള്ളൂ. അതു കൊടുത്തു. 'മാഷേ അതു മതിയായിരുന്നോ, മോശമായോ?' എന്നെന്നോടു ചോദിച്ചു. ഞാനിളക്കി; 'നിങ്ങള്‍ ധര്‍മ്മക്കാര്‍ക്ക്‌ ഇരുപതു രൂപ കൊടുക്കുന്നുണ്ടല്ലോ, എന്നിട്ട്‌ മേല്‍ശാന്തിക്കും അതാണോ കൊടുക്കുന്നത്‌? സന്തോഷിന്‌ സങ്കടമായി. പിറ്റേന്ന് എന്നോട്‌ കുറച്ചു പൈസ കടം വാങ്ങി വീണ്ടും പോയി ദക്ഷിണ കൊടുത്തു.

അന്നു രാത്രി നമ്പൂതിരി മനസ്സു തുറന്നു. ഒരിക്കല്‍ ശബരിമല മേല്‍ശാന്തി ആകണമെന്ന് അദ്ദേഹത്തിനും ആഗ്രഹമുണ്ട്‌. അതിന്‌ താങ്കള്‍ ശാന്തിക്കാരനല്ലല്ലോ എന്നു ഞാന്‍ ചോദിച്ചു. അദ്ദേഹത്തിന്‌ പൂജാവിധികളൊക്കെ അറിയാം, കുടുംബ ക്ഷേത്രത്തില്‍ പൂജ ചെയ്യാറുണ്ട്‌. അത്രയും യോഗ്യത മതി. മുഴുവന്‍ സമയ ശാന്തി ആകണമെന്നില്ല.
"പിന്നെന്താ അപേക്ഷിക്കാത്തത്‌?"
"വെറുതേ അപേക്ഷിച്ചിട്ട്‌ കാര്യമില്ല. ഒന്‍പത്‌ പേരുടെ ആദ്യ ലിസ്റ്റില്‍ കയറിപ്പറ്റാന്‍ ഒരു പത്തു പതിനഞ്ച്‌ ലക്ഷം മുടക്കണം. അതു കഴിഞ്ഞാല്‍ പിന്നെ ഭഗവാന്റെ ഇഷ്ടം."
ഞാനന്തിച്ചിരുന്നുപോയി.
"പണം അല്‍പ്പം കടോം വെലേം വാങ്ങിച്ചാണേലും ഒപ്പിച്ചാല്‍ കുഴപ്പമില്ല, എല്ലാ പിരിവും കഴിഞ്ഞ്‌ കുറഞ്ഞത്‌ ഒരു നാല്‍പ്പത്‌ രൂപയുമായി മലയിറങ്ങാം."

(കണക്കുകള്‍ ഒരു നാലഞ്ചു കൊല്ലം മുന്‍പത്തെയാണ്‌.)

മുഖങ്ങള്‍ ഇനിയുമുണ്ട്‌. ഇനി അടുത്ത പോസ്റ്റില്‍.

Tuesday, October 07, 2008

മലയാളത്തിന്റെ മഹാബാദ്ധ്യതകള്‍.

സമകാലിക മലയാളം വാരികയുടെ ഒക്ടോബര്‍ ലക്കം പതിപ്പില്‍ പ്രസിദ്ധീകരിച്ച, ഡി. വിനയചന്ദ്രന്റെ സം-ഗീതം എന്ന കവിത കാണൂ.

 ദോഷം പറയരുതല്ലോ പതിവു പോലെ സര്‍ റിയലിസവും ഷഹനായിയും ഒക്കെയുണ്ട്‌. അതൊക്കെയില്ലാതെ എന്തോന്ന് ആധുനികം. സമര്‍പ്പിച്ചിരിക്കുന്നത്‌ 'പാലക്കുന്നേലെ' കിന്നരര്‍ക്ക്‌. (അറിയില്ലാത്തവര്‍ക്ക്‌, പാലക്കുന്നേല്‍ ഏറ്റുമാനൂരും മറ്റു ചിലടത്തുമുള്ള ഒരു ബാര്‍ ശൃംഖലയാണ്‌.)

പ്രിയ പത്രാധിപര്‍ സര്‍, താങ്കള്‍ അവധിയിലോ മറ്റോ ആണോ? ഒരു മിനിമം പ്രതീക്ഷയില്‍ പണം കൊടുത്ത്‌ വാരിക വാങ്ങുന്ന വായനക്കാരന്റെ മുഖത്തേക്ക്‌ ദുര്‍ഗന്ധം വമിക്കുന്ന ഈ 'വാള്‌' കോരിയിടണമായിരുന്നോ?

മലയാളത്തിന്റെ മഹാബാദ്ധ്യതകള്‍.

Thursday, October 02, 2008

മതം മനുഷ്യന്‌ ആവശ്യമോ?

മതം മനുഷ്യന്‌ ആവശ്യമോ?

ബാലിശമായ ഒരു ധ്വനിയാണ്‌ ചോദ്യത്തിന്‌ എന്നറിയാം. അതിന്റെ ഉറവിടവും അങ്ങിനെ തന്നെ. ഞാന്‍ ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സന്മാര്‍ഗ്ഗപാഠ പരീക്ഷയുടെ ഒരു ചോദ്യമായിരുന്നു. (ഈ സന്മാര്‍ഗ്ഗപാഠം എന്നു പറയുന്നത്‌, ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വേദപാഠം പഠിക്കുന്ന സമയത്ത്‌, മറ്റുള്ളവരെ പഠിപ്പിക്കുന്ന ഒരു വിഷയം ആണ്‌. ഞാന്‍ പഠിച്ച സ്കൂളില്‍ അന്ന് ഏകദേശം മുപ്പതിനടുത്തേ അക്രൈസ്തവരുണ്ടായിരുന്നുള്ളൂ. അതിനാല്‍ അഞ്ചു മുതല്‍ പത്തുവരെയുള്ളവര്‍ക്ക്‌ സന്മാര്‍ഗ്ഗപാഠത്തിന്‌ ഒരു ക്ലാസ്സും ഒരു പരീക്ഷയുമായിരുന്നു. മാര്‍ക്കിടുന്നത്‌ ക്ലാസ്സ്‌ നിലവാരം വെച്ചും.) ഞങ്ങളുടെ പ്രിന്‍സിപ്പലായിരുന്ന ഫാ: വര്‍ഗ്ഗീസ്‌ മുഴുത്തേട്ട്‌ ആയിരുന്നു ചോദ്യ കര്‍ത്താവ്‌. എന്റെ സുഹൃത്തായ ഷാജിയും ഞാനും ഒറ്റ വാക്കില്‍ 'അല്ല' എന്നുത്തരമെഴുതി. ചേട്ടന്മാരും ചേച്ചിമാരും രണ്ടും മൂന്നും പേജ്‌ ഉപന്യസിച്ചെഴുതി. എല്ലാവരുടേയും ഉത്തരം അല്ല എന്നു തന്നെ. ഒരു വാക്കെഴുതിയവര്‍ക്കും, മൂന്നു പേജെഴുതിയവര്‍ക്കും അച്ചന്‍ നല്ല മാര്‍ക്കുനല്‍കി. പരമ സാത്വികനായിരുന്നു മുഴുത്തേട്ടച്ചന്‍. അടുത്ത ദിവസത്തെ ക്ലാസ്സില്‍ ഞങ്ങളുടെ ആരുടേയും ഉത്തരം ശരിയായിരുന്നില്ല എന്നു പറഞ്ഞ്‌ മതത്തിന്റെ ആവശ്യകതയെപ്പറ്റി അച്ചന്‍ ക്ലാസ്സെടുത്തു. അച്ചന്‍ പഠിപ്പിച്ചതില്‍ ഞങ്ങള്‍ക്ക്‌ മനസ്സിലാകാതെ പോയ അപൂര്‍വ്വം കാര്യങ്ങളിലൊന്നായിരുന്നത്‌. ഇന്നും എനിക്കതു മനസ്സിലാകുന്നില്ല. (അദ്ധ്യാപനം വിട്ടതിനുശേഷം അച്ചന്‍ അത്ഭുത രോഗശാന്തി ശുശ്രൂഷ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നറിഞ്ഞു. അച്ചനെപ്പോലെ നല്ലവനും സത്യസന്ധനുമായ ഒരാള്‍ക്ക്‌ എങ്ങനെ അതുമായി ഒത്തുപോകാനാവുന്നു എന്നും എനിക്കിതുവരെ മനസ്സിലാകുന്നില്ല.)

അതൊക്കെ പോകട്ടെ, മതം മനുഷ്യന്‌ ആവശ്യമോ എന്നു ചോദിക്കുമ്പോള്‍ അടിസ്ഥാനപരമായി മറ്റൊന്നറിയണം. ആരാണ്‌ മത വിശ്വാസി. ജനനം കൊണ്ട്‌ ഏതെങ്കിലും മതത്തിലായിപ്പോകുകയും, ചെറുപ്പം മുതലുള്ള മെന്റല്‍ പ്രൈമിംഗ്‌ കൊണ്ട്‌ അതില്‍ വിശ്വസിക്കുകയും, പരീക്ഷ പാസ്സാകാനും, ജോലി കിട്ടാനും, വിവാഹം നടക്കാനും നേര്‍ച്ചയോ വഴിപാടോ നടത്തുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന പാവത്താന്മാരെ ഞാന്‍ 'വിശ്വാസി'യായി കൂട്ടുന്നില്ല. ഇത്തരം ഉപരിപ്ലവ വിശ്വാസികളെ 'യഥാര്‍ത്ഥ' വിശ്വാസികളും വിശ്വാസികളായി കൂട്ടുന്നുണ്ടാവില്ല. അവര്‍ വിശ്വാസികളായതു കൊണ്ട്‌ ദേവാലയങ്ങള്‍ക്ക്‌ അല്‍പ്പം വരുമാനമുണ്ടാകും എന്നതില്‍ കവിഞ്ഞ്‌ ഗുണമൊന്നുമില്ല. 'കഷ്ടകാല'ത്തിന്‌ മതസ്ഥരില്‍ ബഹുഭൂരിഭാഗവും ഇത്തരം അല്‍പവിശ്വാസികളാണ്‌. എങ്കിലും ഭൂരിപക്ഷമായും, ന്യൂനപക്ഷമായും കരുത്തു കാണിക്കാന്‍ ഈ പാവങ്ങളേയും കൂടെ നിര്‍ത്തും.

മതത്തിന്റെ 'കാതല്‍'അറിഞ്ഞവരാണ്‌ യഥാര്‍ത്ഥ വിശ്വാസികള്‍. അവരാണ്‌ ശരിക്കും ലോകമംഗളാര്‍ത്ഥം സ്നേഹവും, ശാന്തിയും, സമാധാനവും, നമ്മളൊക്കെ നിനച്ചിരിക്കാത്ത നേരത്ത്‌ വിസ്ഫോടിപ്പിച്ച്‌ നമ്മളെയൊക്കെ അത്ഭുതപരതന്ത്രരാക്കുന്നത്‌. മറ്റു ചിലര്‍ ഇത്തരം നാടകീയതകളില്‍ വിശ്വസിക്കുന്നില്ല. പണ്ട്‌ 'മറ്റവര്‍ക്ക്‌' സമ്മാനമായി ഗന്ധകത്തീമഴയുമായി നടന്ന പരമകാരുണികന്‍ ഇപ്പോള്‍ കൂടെ കരുതുന്നത്‌ വരള്‍ച്ചയും സുനാമിയുമാണെന്ന് പഠിപ്പിക്കും. ചികില്‍സ സാവധാനമാണ്‌. ഇത്‌ അങ്ങിനെയല്ല എന്നു വാദിക്കുന്ന ശുദ്ധാത്മാക്കളായ ചില ചിന്തകരുണ്ട്‌. പുസ്തകത്തില്‍ അങ്ങിനെയല്ല എന്നാണവരുടെ വാദം. ഇവിടെ ഞാന്‍ ഒരു വലിയ സാദ്ധ്യത കാണുന്നുണ്ട്‌. ലോകത്തിലെ കൊള്ളക്കാരും, കൊലപാതകികളും, മാഫിയസംഘംങ്ങളും ഒരു നോട്ടുപുസ്തകം വാങ്ങി അതില്‍ 'ലോകാസമസ്ഥാ സുഖിനോ ഭവന്തു എന്നതാണ്‌ ഞങ്ങളുടെ ലക്ഷ്യം' എന്നെഴുതി വെച്ചാല്‍ ആ ഒരു നിമിഷം കൊണ്ട്‌ സകല തിന്മകളും അപ്രത്യക്ഷമാകും.

ഇനി ഈ മത നേതാക്കള്‍ ആരാണ്‌? അവര്‍ 90-95% വരുന്ന ഉപരിപ്ലവ വിശ്വാസികളെ ഏതെങ്കിലും വിധത്തില്‍ പ്രിതിനിധാനം ചെയ്യുന്നുണ്ടോ? കുമ്മനം രാജശേഖരന്‍ ഏതു ഹിന്ദുവിനെയാണ്‌ പ്രിതിനിധാനം ചെയ്യുന്നത്‌? പ്രവീണ്‍ തൊഗാഡിയ? ക്രിസ്തുമതത്തിലോ? പല പല കാരണങ്ങളാല്‍ സെമിനാരിയില്‍ ചേര്‍ന്നു പഠിച്ച്‌ വൈദികരാകുന്നവര്‍ ആരെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌? ബിഷപ്പുമാര്‍ വൈദികരുടെ പ്രതിനിധിയാണോ? ഞാന്‍ ക്രിസ്തുമതവുമായി ബന്ധപ്പെട്ടിരിക്കുന്ന പലരോടും ചോദിച്ചിട്ടുണ്ട്‌, ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്നത്‌ എന്ത്‌ അടിസ്ഥാനത്തിലാണെന്ന്. കഴിവ്‌ പരിഗണിച്ച്‌ എന്നു മറുപടി കിട്ടും. എന്തു കഴിവ്‌ എന്നു ചോദിച്ചാല്‍ അവര്‍ക്കും അറിയില്ല. ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും നല്ല് മനുഷ്യരില്‍ ഒരാളായ, ഒപ്പം ആത്മീയതയില്‍ അടിയുറച്ച വൈദികനുമായ മുഴുത്തേട്ടച്ചനെന്തേ ബിഷപ്പായില്ല? ജീവിത സായാഹ്നത്തില്‍ വിഢ്ഢിവേഷം കെട്ടാനായിരുന്നു ആ മഹാത്മാവിന്റെ നിയോഗം.

അതൊക്കെ പോകട്ടെ, മനുഷ്യനെന്നാണ്‌ ഉണ്ടായത്‌? മതങ്ങളെന്നാണ്‌ ഉണ്ടായത്‌?
ഏകദേശം 0.25 മില്യണ്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌ ഹോമോ സാപ്പിയന്‍സ്‌ എന്ന ഇപ്പോഴത്തെ മനുഷ്യന്‍ ഉണ്ടായതെന്ന് ശാസ്ത്രമതം. (1.25 മില്യണ്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ചിറ കെട്ടാന്‍ പോയ ആസ്റ്റ്രെലോപിഥക്കസുകള്‍ക്ക്‌ മേല്‍നോട്ടം വഹിക്കാന്‍ കുറച്ച്‌ ഹോമൊനോയ്ഡുകളെ സൃഷ്ടിച്ചിരുന്നു. അവയുടെ ഫോസ്സിലുകള്‍ ദുര്‍ലഭമത്രെ, പക്ഷെ യഥാര്‍ത്ഥ സ്പെസിമനുകള്‍ ഇന്‍ഡ്യന്‍ സബ്‌ കോണ്ടിനന്റില്‍ ഈയിടെ ധാരാളമായി കണ്ടു വരുന്നു.) ഉല്‍പ്പത്തിക്കു ശേഷം ഏകദേശം രണ്ടു ലക്ഷം വര്‍ഷത്തോളം വളരെ സാവധാനത്തിലായിരുന്നു പുരോഗമനം. എന്നാല്‍ 50,000 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ സംസ്കൃതിയില്‍ ഒരു കുതിച്ചു ചാട്ടം ഉണ്ടായി. അതു കൊണ്ട്‌, മൃഗതുല്ല്യ ജീവിതം നയിച്ചിരുന്ന പൂര്‍വ്വികരെ ഉള്‍ക്കൊള്ളാന്‍ പറ്റില്ലെങ്കിലും ഒരു അന്‍പതിനായിരം വര്‍ഷത്തെ പാരമ്പര്യം മനുഷ്യകുലത്തിനു സമ്മതിക്കണം.

ഒരു ഓഫ്‌.. മൃഗങ്ങള്‍ പോലും പരസ്പരം കൊല്ലുന്നില്ല എന്നു പറയും. (ടെറിട്ടറി, ഇണ തുടങ്ങിയ പ്രശ്നങ്ങളില്‍ അവ പരസ്പരം ആക്രമിക്കുന്നത്‌ വിടുക.) എന്തു കൊണ്ടാണ്‌ ഒരേ സ്പീഷീസിലുള്ള ജന്തുക്കള്‍ പരസ്പരം കൊല്ലാത്തത്‌? ആ സ്വഭാവം ഇല്ലാത്തത്‌ ഒരു സര്‍വൈവല്‍ അഡ്വാന്റേജ്‌ ആണ്‌. ആ സ്വഭാവം ഉള്ള ജീവികള്‍ ഉണ്ടായിരുന്നിരിക്കാം, പക്ഷെ അവയൊക്കെ ഒടുങ്ങിപ്പോയി. മനുഷ്യനും ഇത്തരം അടിസ്ഥാന ജൈവ നിയമങ്ങളില്‍ ബന്ധിതനാണ്‌.

മനുഷ്യന്‍ പരസ്പരം കൊല്ലാത്തത്‌, അതായത്‌ സ്നേഹം സമാധാനം എന്നൊക്കെ പറയുന്ന ഗുണങ്ങളുടെ ബഹിര്‍സ്പുരണം, ഒരു ജൈവ ഗുണമാണ്‌. അതായത്‌ 'നന്മ' ഒരു ജൈവപ്രത്യേകതയാണ്‌, അത്‌ ഉള്ളില്‍ ഉള്ളതാണ്‌, പ്രവാചകരോ, പുസ്തകങ്ങളോ ഉണ്ടാക്കിയെടുത്തതോ കണ്ടു പിടിച്ചതോ അല്ല. അതുള്ളതു കൊണ്ടാണ്‌ ഈ രണ്ടര ലക്ഷം വര്‍ഷം മനുഷ്യകുലം അതിജീവിച്ചത്‌.

എന്റെ ഈ വാദം വിഢ്ഢിത്തമായി കരുതുന്നവര്‍, സാവധാനം നിഷ്പക്ഷമായി ഒന്നു കൂടി ആലോചിച്ചു നോക്കൂ.
നമ്മുടെ പ്രചാരത്തിലുള്ള മതങ്ങളില്‍ പഴക്കമേറിയവ പോലും ഏതാനും അയിരം വര്‍ഷങ്ങളുടെ മാത്രം പഴക്കമുള്ളവയാണ്‌. (അതിലും പ്രാചീന മതങ്ങളുണ്ടെന്നറിയാം, പക്ഷെ അവയെന്തേ നശിച്ചു പോയി? പുതിയ മതങ്ങള്‍ എന്തു കൊണ്ട്‌ അവയെ നശിപ്പിച്ചു? മതങ്ങളൊക്കെ സ്നേഹവും സമാധാനവുമല്ലേ വിളമ്പുന്നത്‌?) രണ്ടര ലക്ഷം വര്‍ഷം സാമാന്യം സ്നേഹത്തോടും സമാധാനത്തോടും ജീവിച്ചതിനാലാണ്‌ മതങ്ങളുടെ ഉത്ഭവസ്ഥാനത്തെത്താന്‍ മനുഷ്യനായത്‌. കതിരില്‍ വളമിട്ടതു കൊണ്ടാണ്‌ വിള നന്നായത്‌ എന്നാണോ വാദിക്കുന്നത്‌?

ഇനി, മതങ്ങള്‍ വന്നപ്പോള്‍ എന്തു സംഭവിച്ചു? 'ചരിത്ര'ത്തിലെ ആദ്യത്തെ കൊലപാതകം, അതും സഹോദരന്‍ സഹോദരനെ, കാരണമെന്താ? ദൈവസ്നേഹത്തിലെ അതൃപ്തി, അസൂയ. അനാവശ്യ കൊലപാതകങ്ങള്‍ അവിടെ തുടങ്ങി.

ശേഷം ചരിത്രം.

Monday, September 29, 2008

സോണിയ ഗാന്ധി ആരാണ്‌?

സോണിയ ഗാന്ധി ആരാണ്‌?
സോണിയാ ഗാന്ധി ആരാണെന്ന് എനിക്കറിയായ്കയല്ല. എന്നാലും ഇന്നത്തെ ദീപിക പത്രം കണ്ടപ്പോള്‍ ഒരു സംശയം.

ക്രൈസ്തവര്‍ക്ക്‌ വേണ്ടി സോണിയ ശബ്ദമുയര്‍ത്തണം, ഡെല്‍ഹി ആര്‍ച്ച്‌ ബിഷപ്പ്‌.
രാജ്യത്ത്‌ ക്രൈസ്തവ പീഠനം രൂക്ഷമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയ ഗാന്ധി ക്രൈസ്തവര്‍ക്ക്‌ വേണ്ടി ശബ്ദമുയര്‍ത്തണമെന്ന് ഡെല്‍ഹി ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ: വിന്‍സെന്റ്‌ കോണ്‍സസാവോ. ഒരു വാര്‍ത്താചാനലിനു നല്‍കിയ പ്രത്യേക അഭിമുഘത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഏതു വാര്‍ത്താ ചാനലാണെന്ന് ദീപിക പറയുന്നില്ല. സംസാരത്തിനിടെ പറഞ്ഞത്‌ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി ദീപിക കുഞ്ഞാടുകളെ സുഖിപ്പിക്കാന്‍ റിപ്പോര്‍ട്ട്‌ ചെയ്തതാണോ എന്നും അറിയില്ല. ഏതായാലും വാര്‍ത്ത ഇതാണ്‌.

എന്തു കൊണ്ട്‌ സോണിയ? എന്റെ അറിവില്‍ സോണിയയുടെ സ്ഥാനത്തിനും മുകളിലായും ഒപ്പമായും പലരുമുണ്ട്‌. അവരൊന്നും ശബ്ദമുയര്‍ത്തണ്ടേ?

സോണിയ ആരാണെന്നാണ്‌ പിതാവ്‌ കരുതുന്നത്‌?
ഏറ്റവും ശക്തയായ രാഷ്ട്രീയ പ്രവര്‍ത്തകയോ?
അതോ, ഏറ്റവും ശക്തയായ ക്രിസ്ത്യാനിയോ?

Friday, September 26, 2008

വിഷ്ണുവിന്റെ അവതാരങ്ങള്‍ ഏതൊക്കെയാണ്‌?

വിഷ്ണുവിന്റെ അവതാരങ്ങള്‍ ഏതൊക്കെയാണ്‌?

മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലഭദ്രന്‍, കൃഷ്ണന്‍, കല്‍ക്കി ഇവയൊക്കെയെന്നാണ്‌ ഞാന്‍ ചെറുപ്പം മുതല്‍ കേട്ടിരുന്നത്‌.
 (അമ്മ പഠിപ്പിച്ചത്‌: മത്സ്യ, കൂര്‍മ്മ,  വരാഹോ, നരഹരി, വാമന, ഭാര്‍ഗ്ഗവ, രഘുവീര, ബലഭദ്രച്ച്യുത കല്‍ക്കിയതായിട്ടവതാരം ചെയ്തവനേ ജയ ജയ!)

 ഇപ്പൊഴത്തെ സംശയം പുതിയതല്ല. രണ്ടു വര്‍ഷത്തോളം മുന്‍പ്‌, ഉത്തരേന്‍ഡ്യയില്‍ നിന്നു കിട്ടിയ ഒരു ദശാവതാര ശില്‍പ്പത്തില്‍ ബലരാമനെ ഒഴിവാക്കി ബുദ്ധന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു! ആയിടക്കു തന്നെ, സംഘപരിവാര്‍ ശക്തികള്‍ ചരിത്രത്തില്‍ എങ്ങനെ ഇടപെടുന്നു എന്ന ഒരു ലേഖനത്തില്‍, ഇപ്പോള്‍ ബുദ്ധനെ അടിച്ചു മാറ്റി സ്വന്തമാക്കിയതിനെപ്പറ്റിയും ഉദാഹരിച്ചു കണ്ടു. അവിടം കൊണ്ട്‌ അത്‌ മറന്നിരിക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം മഹാകവി ഉള്ളൂരിന്റെ 'കപിലവസ്തുവിലെ കര്‍മ്മയോഗി' എന്ന കവിതയില്‍ ബുദ്ധനെ 'നാരായണന്റെ നവാവതാരം' എന്നു വിശേഷിപ്പിച്ചിരിക്കുന്നു കണ്ടു! മഹാപണ്ഡിതനായ കവിയ്ക്ക്‌ അബദ്ധം പിണയാന്‍ സാദ്ധ്യതയില്ല എന്നു വിശ്വസിച്ചതിനാലും, അദ്ദേഹവും പരിവാരവുമായി ബന്ധമൊന്നുമില്ലാത്തതിനാലും വീണ്ടും സംശയമായി.

സത്യത്തില്‍ ബുദ്ധനെ വിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്നത്‌ പുതിയ കാര്യമൊന്നുമല്ല. ദക്ഷിണേന്‍ഡ്യയില്‍ ഈ സങ്കല്‍പ്പം പ്രചാരപ്പെട്ടിരുന്നില്ല എന്നു മാത്രം. ഭാഗവതത്തില്‍ ബുദ്ധനെ അവതാരത്തിലൊന്നായാണ്‌ കാണുന്നത്‌. പക്ഷെ നമ്മള്‍ കരുതുന്നതു പോലെ അത്ര പ്രാചീനമൊന്നുമല്ല ഭാഗവതം. ഒന്‍പതാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ ആണ്‌ അത്‌ രചിക്കപ്പെട്ടത്‌. അതായത്‌ ബുദ്ധന്റെ കാലഘട്ടത്തിനും ഒരു 13-14 നൂറ്റാണ്ടു ശേഷം. ഒരു പക്ഷെ ബുദ്ധ മതത്തിന്റെ പുഷ്കല കാലഘട്ടത്തിനും ശേഷം. ബുദ്ധ മതത്തിന്റെ അസ്ഥിത്വം തന്നെ ഇല്ലാതാക്കാനുള്ള ഒരു ഗൂഢശ്രമം ഇതിനു പിന്നിലില്ലേ എന്നും സംശയിക്കാം. കാരണം, അപ്പോഴേക്കും ക്ഷയോന്മുഖമായിക്കഴിഞ്ഞിരുന്ന ബുദ്ധമതത്തിന്റെ ആചാര്യനെത്തന്നെ ഹിന്ദു സങ്കല്‍പ്പത്തിലേക്ക്‌ ചേര്‍ത്തെടുത്താല്‍ പിന്നെ ബുദ്ധ മതത്തിന്‌ സ്വന്തമായി ഒരു നില നില്‍പ്പ്‌ ഇല്ലാതാകുമല്ലോ?

അവതാരങ്ങള്‍ പത്തില്‍ നിലനിര്‍ത്താന്‍ സൗകര്യം പോലെ ബലരാമനേയോ കൃഷ്ണനേയോ ഒഴിവാക്കുന്നു. കൃഷ്ണന്‍ ഒരു അവതാരമല്ല, വിഷ്ണു തന്നെയാണ്‌ കൃഷ്ണന്‍ എന്ന ഒരു വാദവുമുണ്ട്‌.

ഇപ്പോള്‍ ഒരു കാര്യം ചോദിക്കട്ടെ? നമ്മളൊക്കെ അറിയുന്ന, എന്നാല്‍ ദശാവതാരങ്ങളില്‍ ഉള്‍പ്പെടുത്താത്ത ഒരു അവതാരമില്ലേ? മോഹിനി? അതു ഒരു സിമ്പിള്‍ ഫാന്‍സി ഡ്രസ്സ്‌ ആയിരുന്നു എന്നു വാദിക്കാന്‍ വരട്ടെ, ഭാഗവതത്തില്‍ അതും അവതാരം തന്നെ. ഭാഗവതത്തില്‍ അവതാരം പത്തല്ല, ഇരുപത്തിരണ്ടാണ്‌. ആദിപുരുഷന്റെ നാഭീകമലത്തില്‍ ഉരുവായ ബ്രഹ്മാവിന്റെ പുത്രന്മാരായ നാലു ബ്രഹ്മചാരികളാണ്‌ ആദ്യാവതാരം. അതിനു ശേഷം വരാഹം. പിന്നെ നാരദന്‍, നര നാരായണന്മാര്‍, കപിലന്‍, അത്രി, യജ്നന്‍, ഋഷഭന്‍, പൃതു തുടങ്ങിയവര്‍ക്കു ശേഷം മത്സ്യവും കൂര്‍മ്മവും. അപ്പൊഴേക്കും പലഴി മഥനം തുടങ്ങി. തുടര്‍ന്ന് ധന്വന്തരിയും മോഹിനിയും. പിന്നെ നരസിംഹം മുതല്‍ കല്‍ക്കി വരെ. ഇതിനിടെ പതിനേഴാമതായി വ്യാസനും ഇരുപത്തിയൊന്നാമതായി ബുദ്ധനും. 

ദശാവതാരം പരിണാമ സിദ്ധാന്തമാണെന്ന് വാദിക്കുന്ന ഗോപാലകൃഷ്ണ ശാസ്ത്രജ്ഞന്മാര്‍ ഒന്നു ശ്രദ്ധിക്കണേ, വരാഹത്തിനും വളരെ ശേഷമാണ്‌ മത്സ്യവും കൂര്‍മ്മവും.

പക്ഷെ അടിസ്ഥാന പ്രശ്നം ബുദ്ധന്‍ തന്നെ. അവതാരം പത്തായാലും ഇരുപത്തിരണ്ടായാലും, ബലരാമന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാം ഒന്നു തന്നെ. പക്ഷെ ബുദ്ധന്റെ കാര്യം അങ്ങിനല്ല. അദ്ദേഹം ഒരു ചരിത്ര പുരുഷനാണ്‌. ദൈവത്തിന്റെ സ്ഥാനം തള്ളിക്കളയുന്ന ഒരു വീക്ഷണം പഠിപ്പിച്ച ആളുമാണ്‌. അദ്ദേഹത്തെ തന്നെ ദൈവമാക്കിയാലോ?

(ഭാഷാ ഭാഗവതം വായിച്ചു മനസ്സിലാക്കാനുള്ള ബോധമില്ലാത്തതിനാല്‍ ഒരു ഇംഗ്ലീഷ്‌ സംഗ്രഹമാണ്‌ ഞാന്‍ വായിച്ചത്‌. പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ ദയവായ്‌ തിരുത്തുക.)

Saturday, September 20, 2008

ഇടുക്കിയിലെ ആനകള്‍..

ഇടുക്കിയിലെ ആനകള്‍..

തൊടുപുഴയില്‍ നിന്നും ഇടുക്കിക്കുള്ള ഓരോ യാത്രയും പുതുമനിറഞ്ഞതാണ്‌. മൂവാറ്റുപുഴയാറിന്റെ ഓരം പറ്റിയും വിട്ടും സഞ്ചരിച്ച്‌ മുട്ടം കഴിഞ്ഞാല്‍ പിന്നെ മൂലമറ്റത്തോളം കൂട്ട്‌ കാഞ്ഞാര്‍. സത്യത്തില്‍ മൂലമറ്റം പവ്വര്‍ഹൗസില്‍ നിന്നും പുറന്തള്ളുന്ന വെള്ളമാണ്‌ കാഞ്ഞാറ്റിലേത്‌. മൂലമറ്റത്തെ ഉല്‍പ്പാദനം അനുസരിച്ച്‌ കാഞ്ഞാറിന്‌ വൃദ്ധിക്ഷയങ്ങളുണ്ടാവും. ഇതറിയുന്നതിനു മുന്‍പ്‌ ഒരിക്കല്‍ കാഞ്ഞാര്‍ വരണ്ടു കിടക്കുന്നത്‌ കണ്ട്‌ മനസ്സു വിഷമിച്ചു. ഒരു യാത്രക്കിടയില്‍ കൂടെയുണ്ടായിരുന്ന ജോസഫ്‌ എന്ന സഹപ്രവര്‍ത്തകന്‍ വളരെ നിഷ്കളങ്കമായി പറഞ്ഞു, 'മാഷേ, ഈ വെള്ളം ഒരു കാശിനു കൊള്ളില്ല. അതിന്റെ സത്തെല്ലാം ഊറ്റിയെടുത്തതാണ്‌' എന്ന്.

മൂലമറ്റത്തുനിന്ന് 13 ഹെയര്‍പിന്‍ വളവു കയറിയെത്തുന്നത്‌ കുളമാവ്‌. (ഈ റൂട്ടില്‍ അസ്തമന സമയത്ത്‌ താഴേക്കിറങ്ങുന്നതാണ്‌ രസം.) വഴിയില്‍ ധാരാളമായുള്ള ഞാവല്‍ മരങ്ങളില്‍ സീസണില്‍ സമൃദ്ധമായി പഴങ്ങളുണ്ടാവും. ഇടക്ക്‌ ഇറങ്ങി ഞാവല്‍പഴം പറിച്ചു തിന്നുന്നതും ഒരു മധുരമായ അനുഭവം.

പക്ഷെ ഇടുക്കി യാത്രയുടെ യഥാര്‍ത്ഥ കൗതുകം ഇതൊന്നുമല്ല. ഇടുക്കിയിലെ ആനകളാണത്‌. കുളമാവ്‌ മുതല്‍ ചെറുതോണി വരെയുള്ള യാത്ര ശരിക്കും കാടിനുള്ളിലൂടെയാണ്‌. എപ്പൊഴെങ്കിലും ഇടുക്കിക്ക്‌ പോകുമ്പോള്‍ ഈ റൂട്ടിലെ യാത്ര അല്‍പ്പം രാവിലേയോ അല്ലെങ്കില്‍ സന്ധ്യയ്ക്കൊ ആക്കുക. നിങ്ങള്‍ക്ക്‌ വലിയ 'നിര്‍ഭാഗ്യ'മില്ലെങ്കില്‍ തീര്‍ച്ചയായും ഒരാനയുടെ മുന്‍പില്‍ ചെന്നു പെട്ടിരിക്കും. ഞാനിതിത്ര ലാഘവത്തോടെ പറയുന്നതിന്‌ കാരണമുണ്ട്‌. ഈ ഭാഗത്തുള്ള ആനകള്‍ ആരെയെങ്കിലും അപായപ്പെടുത്തുകയോ, അക്രമാസക്തരാവുകയോ ചെയ്തതായി അറിവില്ല. മൂന്നാലു വര്‍ഷം മുന്‍പ്‌ ഒരിക്കല്‍ ഒരാനയെ ലോറി തട്ടിയതില്‍ പ്രതിഷേധിച്ച്‌ അവര്‍ കുറേ സമയം റോഡ്‌ ഉപരോധിക്കുകയുണ്ടായി. (ഇപ്പറഞ്ഞത്‌ തമാശയല്ല. അന്നു വഴിയില്‍ കിടന്ന ഒരു സഹപ്രവര്‍ത്തക തന്നെ എന്നോട്‌ പറഞ്ഞതാണ്‌.)

ആദ്യമായി ഇടുക്കിക്ക്‌ പോകുമ്പോള്‍, കുളമാവിലെ വനം വകുപ്പിന്റെ മുന്നറിയിപ്പ്‌ ബോര്‍ഡ്‌ ഒരു തമാശയായാണ്‌ തോന്നിയത്‌. മുന്നിലെ വഴിയില്‍ ആനയുണ്ടാവാം എന്ന മുന്നറിയിപ്പും ആനയെ കണ്ടാല്‍ എന്തു ചെയ്യണം എന്ന ഉപദേശവുമായിരുന്നു അതില്‍. എന്നാല്‍ രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ഞാന്‍ ആനയുടെ മുന്‍പില്‍ ചെന്നു പെടുകതന്നെ ചെയ്തു. രാത്രി എട്ടു മണിയോളമായിക്കാണും. കൂടെ ഭാര്യയും കുട്ടികളുമുണ്ട്‌. ഒരു വളവു തിരിഞ്ഞു ചെല്ലുമ്പോള്‍, ദാ സകല ഗാംഭീര്യത്തോടെയും നില്‍ക്കുന്നു ഒരെണ്ണം ഒരന്‍പതടി മുന്‍പില്‍. കൊമ്പനായിരുന്നോ അല്ലായിരുന്നോ എന്നൊന്നും ഓര്‍മ്മയില്ല! ശരീരമാസകലം ഒരു വിറയല്‍. വനം വകുപ്പിന്റെ ബോര്‍ഡിലെ കാര്യങ്ങള്‍ ഓര്‍ത്തെടുത്തു. വണ്ടി നിര്‍ത്തി, എന്നാല്‍ എന്‍ജിന്‍ ഓഫ്‌ ചെയ്തില്ല. ലൈറ്റ്‌ ഡിം ചെയ്തു. ( എന്‍ജിന്‍ ഇരപ്പിക്കുകയോ, ഹോണടിക്കുകയോ ചെയ്യാന്‍ പാടില്ല.) ശ്വാസം പിടിച്ച്‌ ഒരു മിനിറ്റ്‌, അപ്പോഴേക്കും ഒന്നും സംഭവിക്കാത്ത മട്ടില്‍ ആശാന്‍ കാട്ടിനുള്ളിലേക്ക്‌ കയറിപ്പോയി. പിന്നേയും കുറച്ചു സമയം കൂടി കാത്തതിനു ശേഷം ഞങ്ങളും യാത്ര തുടര്‍ന്നു. ഏതായാലും അതോടെ ഞങ്ങളുടെയൊക്കെ ആനപ്പേടി മാറി. പിന്നീട്‌ ഓരോ യാത്രയിലും കുട്ടികള്‍ പ്രാര്‍ത്ഥിക്കുന്നതു കേള്‍ക്കാം, 'ദൈവമേ പ്ലീസ്‌ ഒരാനയെ കാണിച്ചു തരണേ'എന്ന്.
From Idukki
മീന്മുട്ടിയിലെ ആനക്കുടുംബം. മിക്കവാറും ആനയെ കാണാന്‍ പറ്റുന്ന സ്ഥലമാണ്‌ മീന്മുട്ടി. (ഡിജിറ്റല്‍ സൂം ഉപയോഗിച്ചിട്ടുണ്ട്‌, അതാണ്‌ തെളിച്ചം കുറവ്‌.)

അതിനു ശേഷം അടുത്തും അകന്നും എത്ര ആനക്കാഴ്ചകള്‍. ഒരിക്കല്‍ പകല്‍ സമയത്ത്‌ ഒരുമിച്ച്‌ മൂന്നു വാഹനങ്ങളുടെ മുന്‍പില്‍ പെട്ട ഒരാനയുടെ വെപ്രാളം , കക്ഷി റോഡില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി രക്ഷയില്ലാതെ അവസാനം ഒട്ടകപ്പക്ഷിയെപ്പോലെ പൊന്തക്കുള്ളില്‍ തലയൊളിപ്പിച്ച്‌ നിന്നു കളഞ്ഞു. ഈ വഴിയിലുള്ള ഡ്രൈവര്‍മാരും ആനകളോട്‌ ബഹുമാനത്തോടെയാണ്‌ പെരുമാറാറ്‌.

എന്റെ ഏറ്റവും മനോഹരമായ ആനക്കാഴ്ച ഒരു രാത്രിയിലായിരുന്നു. ചന്നം പിന്നം മഴയും നല്ല നിലാവും. യാത്ര പക്ഷെ ബൈക്കിലായിരുന്നു, അതുകൊണ്ടു തന്നെ ഭയവുമുണ്ട്‌. (ആനക്കാട്ടിലൂടെയുള്ള ബൈക്ക്‌ യാത്ര ഒട്ടും സുരക്ഷിതമല്ല, പ്രത്യേകിച്ച്‌ രാത്രിയില്‍.) ഓരോ വളവും സൂക്ഷിച്ചാണ്‌ തിരിയുന്നത്‌. കുയിലിമല (ഇവിടെയാണ്‌ കളട്രേറ്റ്‌) ആകാറായപ്പോള്‍ ഇനി പേടിക്കേണ്ട എന്നു കരുതിയതും ഒരാന മുന്‍പില്‍. സാധാരണ കാണുന്നതു പോലെ മണ്ണുപറ്റി മങ്ങിയതൊന്നുമല്ല. മഴയത്തു കുളിച്ച്‌ വൃത്തിയായി, നല്ല കരിംകല്ലില്‍ കൊത്തിയപോലൊരു കൊമ്പന്‍. മുന്‍കാലുകള്‍ റോഡില്‍ കയറ്റി വെച്ച്‌ നിലാവില്‍ കുളിച്ച്‌ നില്‍ക്കുന്ന കാഴ്ച കാണേണ്ടതു തന്നെ. സത്യം പറയട്ടെ, ആ ആനചന്തത്തില്‍ അലിഞ്ഞു പോയതിനാല്‍ ഭയമെന്ന വികാരമേ തോന്നിയില്ല. എന്നും മനസ്സില്‍ സൂക്ഷിക്കുന്ന ഒരു ചിത്രമാണത്‌.

ഇടുക്കി ജില്ലയിലെ മറ്റു സ്ഥലങ്ങളിലെ (മാട്ടുപ്പെട്ടി, ചിന്നാര്‍ മുതലായ) ആനകള്‍ ഇവിടുത്തുകാരെപ്പോലെ പാവത്താന്മാര്‍ ഒന്നുമല്ല. മൂന്നാര്‍ മേഖലയില്‍ ആനമൂലമുള്ള മരണങ്ങള്‍ സാധാരണം. ചിത്തിരപുരം ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന എന്റെ സുഹൃത്ത്‌ ഡോ: ജയദേവന്‍ തന്നെ ഇത്തരം നാലഞ്ച്‌ മരണങ്ങളുടെ ശവപരിശോധന നടത്തിയിട്ടുണ്ട്‌. ആ വൈരാഗ്യത്തിലോ എന്തോ, അദ്ദേഹത്തെ ചിന്നാറില്‍ വെച്ച്‌ ആന ഇട്ടോടിച്ചു. ബൈക്കില്‍ പോകുകയായിരുന്ന ജയദേവന്‍, ആക്സിലറേറ്റര്‍ വലിച്ചു പിടിച്ച നിലയില്‍ ഫ്രീസായി. പിന്നെ കിലോമീറ്ററുകള്‍ക്കു ശേഷമുള്ള ഒരു ചെക്ക്‌ പോസ്റ്റിലാണ്‌ ബോധം വീഴുന്നത്‌.
From Idukki

Friday, September 12, 2008

'ഈ കടമ്പയും കടന്ന്'.. ഒരു ചിത്രം.

From Chennai 08


മദ്രാസ്സ്‌, മറീന ബീച്ചില്‍ നിന്നുള്ള ഒരു കാഴ്ച. ഒരല്‍പ്പം പികാസാ പ്രയോഗം നടത്തിയിട്ടുണ്ട്‌.

എല്ലാവര്‍ക്കും എന്റെ ഓണാശംസകള്‍:)

Tuesday, September 02, 2008

മാര്‍ഗ്‌ ചെന്നൈ മാരത്തോണ്‍. ചില ദൃശ്യങ്ങള്‍.


നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിലും, വ്യക്തിത്വ വികസനത്തിലും, പോഷണത്തിലും ശ്രദ്ധിക്കുന്ന ഗിവ്‌-ലൈഫ്‌ ചാരിറ്റി എന്ന സംഘടനയുടെ ധനശേഖരണാര്‍ത്ഥം, ആഗസ്റ്റ്‌ 31 നു നടത്തിയ മാര്‍ഗ്‌-ചെന്നൈ മാരത്തോണിന്റെ ചില ദൃശ്യങ്ങള്‍.
ആ സമയത്ത്‌ മറ്റോരു ആവശ്യത്തിനായി ചെന്നെയില്‍ എത്തിപ്പെട്ടതായിരുന്നു. ഹോട്ടലില്‍ കിട്ടിയ പത്രത്തില്‍ നിന്നാണ്‌ സംഭവത്തെപ്പറ്റിയറിയുന്നത്‌. 21.09 കിലോമീറ്ററിന്റെ ഹാഫ്‌ മാരത്തോണ്‍, 7, 3 കിലോമീറ്ററിന്റെ സിറ്റി റണ്‍, 500 മീറ്റര്‍ വെറ്റെരന്‍ റണ്‍, വീല്‍ ചെയര്‍ റണ്‍ എന്നിങ്ങനെ പല വിഭാഗമുണ്ടായിരുന്നു.
അതിശയകരമായ ജനപ്രാതിനിധ്യമാണുണ്ടായത്‌. ജനങ്ങള്‍ അക്ഷരാര്‍ത്ഥില്‍ നദി പോലൊഴുകി. 7 km സിറ്റി റണ്ണില്‍ ഞാനും ഓടി :)
കുറച്ചു ദൃശ്യങ്ങള്‍.









ഗിവ്‌ ലൈഫിന്റെ പ്രവര്‍ത്തനത്തെപ്പറ്റി അവരുടെ സൈറ്റില്‍ http://www.GiveLife.in നിന്നറിയാം. താല്‍പര്യമുണ്ടെങ്കില്‍ ഒരു കുട്ടിയെ സ്പോണ്‍സര്‍ ചെയ്യുകയുമാവാം.

Sunday, August 17, 2008

ഗര്‍ഭച്ഛിദ്രം. ചില ചിന്തകള്‍.

നികിത ഹരേഷ്‌ ദമ്പതികളുടെ, ഗര്‍ഭച്ഛിദ്രം അനുവദിക്കണമെന്നുള്ള അപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയിരുന്നല്ലോ. 26 ആഴ്ചച്ചയോളം പ്രായമായ തങ്ങളുടെ ഗര്‍ഭസ്ഥശിശുവിന്‌ സാരമായ വൈകല്യങ്ങളുണ്ടെന്ന് സ്കാനിങ്ങില്‍ കണ്ടതിനെ തുടര്‍ന്നാണ്‌ അവര്‍ കോടതിയെ സമീപിച്ചത്‌.

ശിശുവിന്റെ ഹൃദയത്തിലെ പ്രധാന രക്തക്കുഴലുകള്‍ക്ക്‌ സ്ഥാനചലനമുണ്ടായിരുന്നു. മാത്രമല്ല, ഹൃദയമിടിപ്പിന്റെ തോത്‌ വളരെ കുറഞ്ഞുമിരുന്നു. ഹാര്‍ട്ട്‌ ബ്ലോക്ക്‌ ആയിരുന്നു പ്രശ്നം. ചുരുക്കത്തില്‍, കുട്ടി ജനിച്ചാലും, പുറമേ നിന്നും ഒരു ആശ്രയം ഇല്ലാതെ ജീവിക്കില്ലാത്ത അവസ്ഥ. ചികില്‍സ എന്നത്‌ പേസ്‌ മേക്കര്‍ ഘടിപ്പിക്കലാണ്‌. ആദ്യത്തെ കുറച്ചു നാള്‍ 2-3 വര്‍ഷം കൂടുമ്പോള്‍ പേസ്‌ മേക്കര്‍ മാറ്റണം. പിന്നീടത്‌ 5 വര്‍ഷം കൂടുമ്പോള്‍ മതിയാകും. ഓരോ പേസ്മേക്കറിനും ഏകദേശം ഒരു ലക്ഷത്തോളം രൂപ വരും. ഇതൊക്കെ ചെയ്താലും കുട്ടി സാധാരണ കുട്ടികളെപ്പോലെ ജീവിതം നയിക്കണമെന്നില്ല.

ഇനി ഇന്‍ഡ്യയിലെ ഗര്‍ഭച്ഛിദ്ര നിയമത്തെപ്പറ്റി അല്‍പ്പം. 1971 ലാണ്‌ ഈ നിയമം പ്രാബല്യത്തില്‍ വരുന്നത്‌. അതു പ്രകാരം, 12 ആഴ്ചവരെ ഗര്‍ഭച്ഛിദ്രം അനുവദനീയമാണ്‌. അമ്മയ്ക്കും കുഞ്ഞിനും ഉണ്ടായേക്കാവുന്ന ഗുരുതരമായ ഭവിഷ്യത്തുകള്‍ മുതല്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ പരാജയം വരെ ഗര്‍ഭച്ഛിദ്രത്തിനു ന്യായമായ കാരണമായി അനുവദിച്ചിട്ടുണ്ട്‌. ചുരുക്കത്തില്‍, ഉറ പൊട്ടിപ്പോയി എന്നു പറഞ്ഞു പോലും ഗര്‍ഭച്ഛിദ്രം ആവശ്യപ്പെടാം. രണ്ടാമതൊരു ഡോക്ടര്‍ കൂടി സമ്മതിക്കുകയാണെങ്കില്‍ ഈ 12 ആഴ്ച എന്നത്‌ 20 ആഴ്ചവരെയായി നീട്ടാം. ചുരുക്കത്തില്‍ ഏതൊരാള്‍ക്കും 20 ആഴ്ചവരെയുള്ള ഗര്‍ഭം അലസിപ്പിക്കല്‍ നിയമാനുസൃതമായി സാദ്ധ്യമാണ്‌.

പിന്നെന്തേ കോടതി ഈ അപേക്ഷ തള്ളാന്‍ കാരണം? ഒന്ന്, നിയമപ്രകാരമുള്ള കാലാവധി കഴിഞ്ഞു എന്നതാണ്‌ ഒന്നാമത്തെ കാരണമായി പറയുന്നത്‌. രണ്ടാമതായി, കുട്ടിയുടെ അവസ്ഥയ്ക്ക്‌ ചികില്‍സയുണ്ട്‌ എന്ന വിദദ്ധോപദേശം.

ഈയിടെയായി, സ്ഥാനത്തും അസ്ഥാനത്തും ഒക്കെ പരാമര്‍ശങ്ങള്‍ നടത്തുന്ന കോടതി ഇങ്ങിനെ തികച്ചും നിര്‍വികാരമായി, തികഞ്ഞ സാങ്കേതികതയില്‍ കടിച്ചു തൂങ്ങി ഒരു വിധി പ്രഖ്യാപിച്ചത്‌ തികച്ചും നിര്‍ഭാഗ്യകരമായിപ്പോയി എന്നെനിക്കു തോന്നുന്നു. ഈ വക നിയമങ്ങള്‍, പുതിയ ശാസ്ത്രവികാസങ്ങളുടെ വെളിച്ചത്തില്‍ പുനരവലോകനം ചെയ്യണം എന്നെങ്കിലും പറയാന്‍ കോടതിക്കു തോന്നിയില്ല.( നമ്മുടെ നിയമം വരുന്ന 1971 ല്‍ ജനനപൂര്‍വ്വ രോഗനിര്‍ണയങ്ങള്‍ക്ക്‌ സാദ്ധ്യത വളരെക്കുറവായിരുന്നു. സ്കാനിംഗ്‌ അപൂര്‍വ്വവും. ഹാര്‍ട്ട്‌ ബ്ലോക്ക്‌ പോലുള്ള അവസ്ഥകള്‍ 24 ആഴ്ചയ്ക്കു ശേഷമേ സാധാരണ ഗതിയില്‍ കണ്ടെത്താനാവുകയുള്ളൂ)

ചികില്‍സയുടെ സാദ്ധ്യത പരിഗണിച്ചാല്‍ തന്നെ, എത്ര പേര്‍ക്ക്‌ അത്തരം ഒരു ചികില്‍സ താങ്ങാന്‍ പറ്റും? ചികില്‍സിച്ചു ഭേദമാക്കാം എന്നു നിരീക്ഷിക്കുന്ന കോടതി, മാതാപിതാക്കള്‍ക്ക്‌ അതിനുള്ള ശേഷിയില്ലെങ്കില്‍ സ്റ്റേറ്റിനതു ചെയ്തു കൊടുക്കാന്‍ സംവിധാനമുണ്ടോ എന്നു അന്വേഷിച്ചിരുന്നോ? സര്‍ക്കാരിനങ്ങിനെ പദ്ധതികളൊന്നുമില്ലെന്നു എല്ലാവര്‍ക്കുമറിയാം. ഈയൊരു കേസില്‍ ഒരു സെന്‍സേഷന്റെ പേരില്‍ സര്‍ക്കാരോ, മറ്റാരെങ്കിലുമോ (അങ്ങിനെ ആളെത്തിയതായും നമ്മള്‍ വായിച്ചു)ആ ഒരു ഉത്തരവാദിത്വം ഏറ്റാല്‍ തന്നെ, ഭാവിയില്‍ ഇനിയുമുണ്ടാകാനിരിക്കുന്ന കുട്ടികളുടേയും ഉത്തരവാദിത്യം അവര്‍ ഏല്‍ക്കുമോ? ഇന്‍ഡ്യ പോലൊരു രാജ്യത്ത്‌, ഈ വിധത്തില്‍ റിസോഴ്സസ്‌ ഉപയോഗിക്കുന്നതിലെ സാദ്ധ്യത എത്രത്തോളമാണ്‌?

ഒന്നോ, രണ്ടോ കുട്ടികള്‍ മതി എന്നു സര്‍ക്കാര്‍ തന്നെ നിര്‍ദ്ദേശിക്കുമ്പോള്‍, ആ കുട്ടികള്‍ ആരോഗ്യവാന്മാരായിരിക്കണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിച്ചാല്‍ തെറ്റുണ്ടോ? ദൈവത്തിന്റെ പദ്ധതി പ്രകാരം ദൈവം തന്നത്‌ ഏറ്റുകൊള്ളണം എന്ന മത നിലപാട്‌ തന്നെയാണോ കോടതിക്കും?

ദൈവം തന്ന ജീവനെടുക്കാന്‍ ദൈവത്തിനേ അവകാശമുള്ളൂ എന്നു വാദിക്കുന്നവര്‍, എത്ര ജീവനെടുത്ത്‌ വറുത്തും പൊരിച്ചും മേശയില്‍ നിരത്തിയാണ്‌ ദൈവമഹത്വം ആഘോഷിക്കുന്നത്‌? മറ്റു ജീവികളുടെ ജീവനും മനുഷ്യ ജീവനും തമ്മിലുള്ള വ്യത്യാസം സാമൂഹ്യകതയുടെ പരിധിക്കു പുറത്ത്‌ എത്രമാത്രമുണ്ട്‌ എന്നാലോചിക്കുന്നത്‌ ഈ പോസ്റ്റിന്റെ സാദ്ധ്യതയ്ക്ക്‌ പുറത്തായതു കൊണ്ട്‌ അങ്ങോട്ട്‌ പോകുന്നില്ല.

*************************************************************************************

ഏതായാലും അധികം കോലാഹലങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇട നല്‍കാതെ സ്വാഭാവിക (?) ഗര്‍ഭച്ഛിദ്രം സംഭവിച്ചു.

"കോടതി ഞങ്ങളുടെ അപേക്ഷ കേട്ടില്ലെങ്കിലും ദൈവം കേട്ടു " എന്നാണ്‌ ഇതിനോട്‌ കുട്ടിയുടെ അഛന്‍ പ്രതികരിച്ചത്‌.

അപ്പോള്‍ സത്യത്തില്‍ ദൈവത്തിന്റെ നിലപാടെന്താണ്‌?

ഗര്‍ഭച്ഛിദ്രം. ചില ചിന്തകള്‍.

Thursday, August 07, 2008

IMAയുടെ സാമൂഹ്യ പ്രതിബദ്ധത.

IMAയുടെ സാമൂഹ്യ പ്രതിബദ്ധത.

ഇന്‍ഡ്യാ മഹാരാജ്യത്തിലെ സകലമാന അലോപ്പതി വൈദ്യന്മാരുടേയും (ചുരുക്കം ചില വിവര ദോഷികളെയൊഴിച്ച്‌) മഹത്തായ സംഘടനയാണ്‌ IMA, അഥവ ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. നമ്മുടെ രാജ്യത്തെ ജനസഹസ്രങ്ങളുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കു വേണ്ടി ധീര ഘോരം പോരാടുന്ന ഒരു സംഘടനയാണിത്‌. ചില ഉദാഹരണങ്ങള്‍ നോക്കൂ, നമ്മുടെ രാജ്യത്ത്‌ വര്‍ഷം തോറും ആയിരക്കണക്കിനാളുകളാണ്‌ ശുദ്ധജല ദൗര്‍ലഭ്യം മൂലം രോഗം വന്നു മരിക്കുന്നത്‌. ശുചിയായ ജലശ്രോതസുകളുണ്ടാകണമെന്നും വെള്ളം തിളപ്പിച്ചാറ്റി കുടിക്കണമെന്നുമൊക്കെ ചില വിവരം കെട്ട അംഗങ്ങള്‍ തന്നെ പറഞ്ഞെന്നാലും സംഘടന ആവക വിട്ടുവീഴ്ചകളില്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ്‌ എല്ലാ ഭാരതീയരും അക്വാഗാര്‍ഡ്‌ വാങ്ങി ഉപയോഗിക്കണമെന്ന് IMA അഭ്യര്‍ത്ഥിക്കുന്നത്‌. അസൂയക്കാര്‍ എന്തൊക്കെ പറഞ്ഞാലും ട്രോപ്പിക്കാന ജ്യൂസും, ക്വാക്കര്‍ ഓട്സും ഒക്കെ വാങ്ങിത്തിന്നണമെന്ന് സംഘടന അഭ്യര്‍ത്ഥിക്കുന്നതും ഓരോ ഭാരതീയന്റെയും ആയുരാരോഗ്യ സൗഖ്യത്തെക്കരുതി മാത്രമാണ്‌.

അതുപോലെ തന്നെ ഓരോ ഭാരതീയന്റേയും, വിശിഷ്യാ ഭാരതീയ രോഗിയുടേയും അവകാശ സംരക്ഷണത്തിലും സംഘടന പ്രതിജ്ഞാ ബദ്ധമാണ്‌. അവരുടെ നേര്‍ക്കുള്ള ഏതൊരു കടന്നാക്രമണവും IMA പല്ലും നഖവുമുപയോഗിച്ച്‌ പ്രതിരോധിക്കും. അടുത്തിടെ കേരള സര്‍ക്കാര്‍ അതി നീചമായൊരു നീക്കം നടത്തി. അര്‍ത്ഥപട്ടിണിക്കാരായ കേരളീയ രോഗികളുടെ വയറ്റത്തടിക്കുന്ന ഒരു നടപടിയാണിത്‌. ആശുപത്രികളിലെ, ദിവസം 1000 രൂപയില്‍ കൂടുതല്‍ വാടകയുള്ള മുറികള്‍ക്ക്‌ 10% ആഢംബര നികുതിയേര്‍പ്പെടുത്താനായിരുന്നു നീക്കം!!. 

എന്നാല്‍ ഈവക അവകാശലംഘനങ്ങള്‍ ഏതു സമയത്തും ഉണ്ടാകാം എന്നറിഞ്ഞ്‌ ജാഗരൂപരായിരിക്കുന്ന സംസ്ഥാന നേതാക്കള്‍ ഉടന്‍ തന്നെ ധനവകുപ്പു മന്ത്രിയെ നേരില്‍ കാണുകയും സംഘടനയുടെ ദുഃഖവും രോഷവും അമര്‍ഷവും പ്രകടിപ്പിക്കുകയും ചെയ്തു.
താഴെ പറയും പ്രകാരമൊരു നീട്ടും നല്‍കുകയുണ്ടായി. (അംഗങ്ങളുടെ അറിവിലേക്കായി IMA News Letter, July 2008ല്‍ പ്രസിദ്ധീകരിച്ച ആ കത്ത്‌ ഇപ്രകാരമാണ്‌.)

To

Dr Thomas Issac
Hon. Minister for Finance
State govenment of Kerala.

Respected Sir,

Sub:Levying Luxury Tax on Hospital Rooms reg.

The budget presented by the Hon. Minister, State Government of Kerala for the year 2008-09 has proposed a luxury tax of 10% on hospital room rent over Rs 1000.
The proposal is very unfortunate. The government is indirectly taxing the sick person and the Health care institutions.
The defenition of "Luxury" as per the Kerala Tax ob Luxuries Act, 1976 is a commodity or service that ministers comfort or pleasure. The word luxury means activity of enjoyment.
A sick person getting admitted in a health care institution does not do it for pleasure. Admission to hospital is also not an activity of enjoyment.
Moreover Hospitals were seriously ill patients are treated can not be clubbed along with other services and commodities like Hotels, House boats, Convention centers, Kalyanamandapams, Cable TV services etc which comes under the purview of Luxury tax as per the act as these are the institutions exclusively for the entertainement and comfort and fits in to the defenition of Luxury.
Indian Medical Association, Kerala State branch opposes the proposal of levying luxury tax on Hospital rooms which is against the defenition of Luxury as per the Kerala Tax on Luxuries act 1976 and also it amounts to indirectly tax the illness which is not humane.
We request your good office to look in to the matter and withdraw the proposal of taxing hospital rooms with rent above Rs 1000 immediately.

Thanking you,
Yours Sincerly,

Dr S Alex Franklin
State President.

Dr R Ramesh
State Secretary.

പ്രിയ സുഹൃത്തുക്കളെ, മേല്‍ കത്തില്‍ നിന്ന് നമ്മള്‍ IMA യുടെ സാമൂഹ്യ പ്രതിബദ്ധതയ്ക്ക്‌ ഉപരിയായി മറ്റു ചില കാര്യങ്ങള്‍ കൂടി മനസ്സിലാക്കേണ്ടതുണ്ട്‌.

ഒന്ന്, നമ്മുടെ ഡോക്ടര്‍ നേതാക്കന്മാര്‍ക്ക്‌ മരുന്നെഴുത്തു മാത്രമല്ല, നിയമം ഇഴകീറി വ്യാഖ്യാനിക്കാനും നല്ല സാമര്‍ത്ഥ്യം ഉണ്ട്‌. അടുത്ത തവണ ഭരണഘടനാഭേദഗതിയോ മറ്റോ വേണ്ടി വരുമ്പോള്‍ ഇവരുടെ സഹായം സര്‍ക്കാരിന്‌ അഭ്യര്‍ത്ഥിക്കാവുന്നതാണ്‌.

അതു മാത്രമല്ല, നിയമം അതിന്റെ നിര്‍വചനങ്ങളില്‍ നിന്നും അണുവിട മാറരുതെന്നു നിര്‍ബന്ധമുള്ളവരാണ്‌ ഈ നിയമജ്ഞന്മാര്‍. ഇനിയെപ്പോഴെങ്കിലും ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരുടെ ഒഴിവു വരുമ്പോള്‍ ഈ സാറന്മാരെ അങ്ങോട്ട്‌ പരിഗണിച്ചാല്‍ നമ്മുടെ ഭാരതം ഒരു രാമരാജ്യമായിത്തീരാന്‍ അധിക സമയം വേണ്ടി വരില്ല.

മൂന്നാമതായി, നിര്‍വചനപ്രകാരം സ്വാസ്ഥ്യമോ സന്തോഷമോ നല്‍കുന്ന വസ്തുവോ സേവനമോ (commodity or service that ministers comfort or pleasure) ആണ്‌ ലക്ഷ്വറി എന്നതു കൊണ്ട്‌ വിവക്ഷിക്കുന്നത്‌. ഈ സാറന്മാരുടെ ചികില്‍സകൊണ്ട്‌ ഇപ്പറഞ്ഞ രണ്ടും ഉണ്ടാകില്ല എന്ന് അവര്‍ക്ക്‌ ഉറപ്പുള്ളതു കൊണ്ടാണോ ഇത്രക്ക്‌ കണിശം പിടിക്കുന്നത്‌? ഇതിനാണ്‌ സത്യസന്ധത എന്നു പറയുന്നത്‌.

ജയ്‌ IMA

Sunday, August 03, 2008

ബൈബിളില്‍ പറയാത്തത്‌.

ഒരു പരിഭാഷ.


ഒരു വൈകുന്നേരം യേശു ബേത്‌സദായിലെത്തി. കുട്ടികള്‍ ഒലീവ്‌ മരക്കൊമ്പുകളുമായി അവിടുത്തെ സ്വീകരിക്കാനായെത്തി. വീട്ടമ്മമാര്‍ ഗൃഹജോലികള്‍ ഉപേക്ഷിച്ച്‌ ഒരു വാക്കു കേള്‍ക്കാന്‍ അദ്ദേഹത്തിന്റെ പിറകേയെത്തി. പുത്രന്മാര്‍ തളര്‍ന്ന മാതാപിതാക്കളെ ചുമലിലേറ്റിയും, കുട്ടികാള്‍ അന്ധരായ തങ്ങളുടെ മുത്തഛന്മാരെ കൈ പിടിച്ചും ഒപ്പം കൂടി. അദ്ദേഹം ഒന്നു തൊട്ടാല്‍ ഭേദപ്പെടും എന്ന പ്രതീക്ഷയില്‍ ചിലര്‍ പിശാചു ബാധിതരേയും കൊണ്ടു വന്നു.

തോമസ്‌ എന്ന വഴിക്കച്ചവടക്കാരനും ആ ഗ്രാമത്തില്‍ എത്തിയത്‌ അന്നാണ്‌. സൗന്ദര്യ സംവര്‍ധക വസ്തുക്കളും, ചീപ്പുകളും, നൂലും, വിവിധ തരം ആഭരണങ്ങളും അടങ്ങിയ തലച്ചുമടും പേറി കുഴല്‍ വിളിച്ചു നടക്കുന്നതിനിടയിലാണ്‌ അയാളെ യേശു കാണുന്നത്‌. ഒരു ചെറു കാറ്റു വീശി, ഒരു നിമിഷം- തോമസിപ്പോള്‍ വെറുമൊരു കോങ്കണ്ണന്‍ കച്ചവടക്കാരനല്ല. അയാളിപ്പോള്‍ തന്റെ കയ്യില്‍ ഒരു ആശാരിമാരുടെ മുഴക്കോല്‍ പിടിച്ചിരിക്കുന്നു. ഏതോ വിദൂര രാജ്യത്തെ ജനസഞ്ചയത്താല്‍ അയാള്‍ ചുറ്റപ്പെട്ടിരിക്കുന്നു. പണിക്കാര്‍ മണ്ണും കൂട്ടും ചുമക്കുന്നു, ആശാരിമാര്‍ വലിയൊരു ക്ഷേത്രം പണിയുന്നു. ഭീമാകാരമായ മാര്‍ബിള്‍ തൂണുകളോടു കൂടിയ ആ ക്ഷേത്രത്തിന്റെ മുഖ്യ ശില്‍പി തോമസാണ്‌. അയാള്‍ മറ്റുള്ളവരുടെ പണിക്ക്‌ മേല്‍നോട്ടം വഹിക്കുന്നു.... യേശു ഒന്നു കണ്ണു ചിമ്മി, തോമസ്‌ തിരിച്ചും.

യേശു അവന്റെ തോളില്‍ കൈ വെച്ചു, " തോമസ്‌ എന്റെ കൂടെ വരൂ, ഞാന്‍ നിന്നെ മറ്റു ചില ഭാരങ്ങള്‍ ഏല്‍പ്പിക്കാം, ആത്മാവിന്റെ സുഗന്ധങ്ങളും, ആഭരണങ്ങളും. നീ ലോകത്തിന്റെ അതിരുകള്‍ വരെ സഞ്ചരിക്കും, അവിടെ നീ ഈ പുതിയ വാണിഭങ്ങള്‍ പകര്‍ന്നു നല്‍കും."

" ഞാനാദ്യം ഇതൊക്കെയൊന്നു വിറ്റു തീര്‍ക്കട്ടെ, എന്നിട്ട്‌ നമുക്കു നോക്കാം."

തോമസ്‌ വീണ്ടും തന്റെ വാണിഭങ്ങള്‍ക്കായി ആളേ അന്വേഷിക്കാന്‍ തുടങ്ങി.

ഗ്രാമത്തിലെ, ധനികനും, ദുഷടനുമായ ഒരു പ്രമാണി തന്റെ വീട്ടു വാതില്‍ക്കല്‍ നിന്ന് നടന്നടുക്കുന്ന ജനസഞ്ചയത്തെ ശ്രദ്ധിച്ചു. ആള്‍ക്കൂട്ടത്തിനു മുന്‍പില്‍ കുരുത്തോലകളും ഒലിവിലകളുമായി തുള്ളിച്ചാടുന്ന കുട്ടികള്‍ ആര്‍ത്തു വിളിച്ചു, "അവന്‍ വരുന്നു, അവന്‍ വരുന്നു, ദാവീദിന്റെ പുത്രന്‍ വരുന്നു."അവര്‍ക്കു പിന്നിലായി വെളുത്ത കുപ്പായമിട്ട, തോളോളം മുടി നീട്ടിയ ഒരാള്‍ നടന്നു. സ്വഛന്തമായി പുഞ്ചിരിതൂകി അയാള്‍ തന്റെ ഇരു കൈകളും അനുഗ്രഹിക്കുന്ന പോലെ ഇരു വശത്തേക്കും വിടര്‍ത്തിപ്പിടിച്ചിരുന്നു. പുരുഷന്മാരും സ്ത്രീകളും അവനെയൊന്നു തൊടാന്‍ മല്‍സരിച്ചു. അവര്‍ക്കും പിന്നാലെയായി അന്ധരും തളര്‍ന്നവരും. ആ സഞ്ചാര വഴിയില്‍ പുതിയ വാതിലുകള്‍ തുറക്കപ്പെടുകയും കൂടുതല്‍ കൂടുതല്‍ ആളുകള്‍ പങ്കു ചേരുകയും ചെയ്തുകൊണ്ടിരുന്നു.
പ്രമുഖന്‍ അസ്വസ്ഥനായി. "ഇതാരപ്പാ?" ജനക്കൂട്ടം തന്റെ വീട്ടില്‍ ഇടിച്ചു കേറാതിരിക്കാനെന്ന വണ്ണം അയാള്‍ വാതില്‍ ചേര്‍ത്തു പിടിച്ചു.
കൂട്ടത്തിലാരോ വിളിച്ചു പറഞ്ഞു. "അനാനിയാസേ, ഇതാണു പുതിയ പ്രവാചകന്‍. ജീവനും മരണവുമൊക്കെ അദ്ദേഹത്തിന്റെ കയ്യിലാ. അദ്ദേഹത്തിനെ നേരേ ചൊവ്വേ കണക്കാക്കിയാല്‍ തനിക്കു നല്ലത്‌."
ഇതു കേട്ട്‌ അനാനിയാസ്‌ ശരിക്കും ഭയന്നു. അയാള്‍ക്ക്‌ മാനസികമായി ചില അസ്വസ്ഥതകള്‍ ആയിടെയുണ്ടായിരുന്നു. രാത്രിയില്‍ സ്ഥിരം ചില ദുസ്വപ്നങ്ങള്‍ കണ്ട്‌ ഉണരും. ആ സ്വപനങ്ങളില്‍ അയാള്‍ തന്നെ കഴ്ത്തറ്റം തീയില്‍ കിടന്നു പൊരിയുന്നതായി കണ്ടു.
ഒരു പക്ഷെ ഈ മനുഷ്യന്‌ എന്നെ രക്ഷിക്കാനായേക്കും. അയാള്‍ ചിന്തിച്ചു. ഈ ലോകമേ ഒരു മായയല്ലേ, ഇയാളാണെങ്കില്‍ ഒരു മാന്ത്രികനും. ആല്‍പം പണം ഇയ്യാള്‍ക്കു വേണ്ടി ചിലവിടാം, ഒരു പക്ഷേ ഇയാള്‍ എന്തെങ്കിലും അത്ഭുതം പ്രവര്‍ത്തിച്ചാലോ?

ഇങ്ങനെ തീരുമാനിച്ച്‌ അയാള്‍ വഴിയിലേക്കിറങ്ങി. "ദാവീദിന്റെ പുത്രാ, ഞാന്‍ പാപിയായ കിഴവന്‍ അനാനിയാസാണ്‌. നീയൊരു വിശുദ്ധനാണെന്നെനിക്കറിയാം. നീ ഈ വഴിക്ക്‌ വരുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ അവിടത്തേ സ്വീകരിക്കാനായി ഞാന്‍ തയ്യാറെടുക്കുകയായിരുന്നു. എന്നോടു കരുണയുണ്ടാകേണമേ, ദയവായി വരൂ, എന്റെ വീട്‌ അങ്ങയുടെ അനുഗ്രഹത്തിനായി വെമ്പുന്നു. ആല്ലെങ്കില്‍ തന്നെ ഞങ്ങളേപ്പോലുള്ള പാപികള്‍ക്കായാണല്ലോ, വിശുദ്ധന്മാര്‍ പിറക്കുന്നതു തന്നെ."

യേശു നിന്നു. " താങ്കളുടെ വാക്കുകള്‍ എന്നെ സന്തുഷ്ടനാക്കുന്നു."

അദ്ദേഹം ആ വീട്ടില്‍ പ്രവേശിച്ചു. അടിമകള്‍ അവര്‍ക്കായി മേശയൊരുക്കി. യേശു ഇരുന്നു. അദ്ദേഹത്തിനിരുവശവുമായി, ജോണും, ആന്‍ഡ്രുവും, ജുദാസും തോമസുമിരുന്നു. ( നല്ലൊരു ശാപ്പാട്‌ പ്രതീക്ഷിച്ച്‌ തോമസും കൂടെക്കൂടിയിരുന്നു.)

എങ്ങിനെയാണ്‌ വിഷയം എടുത്തിടുക എന്നാലോചിച്ച്‌ അവര്‍ക്കെതിരെ അനാനിയാസും ഇരുന്നു. ഭക്ഷണം എത്തി. രണ്ടു ഭരണി വീഞ്ഞും. ആളുകള്‍ പുറത്തു കാത്തു നിന്നു. യേശുവും ശിഷ്യന്മാരും ഭക്ഷണം കഴിക്കുന്നതും, ദൈവത്തേയും, കാലാവസ്ഥയേയും മുന്തിരിത്തോപ്പുകളേയും പറ്റി സംസാരിക്കുന്നതും അവര്‍ ശ്രദ്ധിച്ചു. ഭക്ഷണത്തിനു ശേഷം കൈകഴുകി അവര്‍ എണീക്കാനാഞ്ഞു. അപ്പോഴേക്കും അനാനിയാസിന്റെ ക്ഷമ കെട്ടു. "ഞാനിയാള്‍ക്കു ഭക്ഷണം നല്‍കി, ഇയാളും ശിങ്കിടികളും കഴിക്കുകയും ചെയ്തു. ഇനി ഇയാളൊരല്‍പ്പം പ്രത്യുപകാരം ചെയ്യുന്നതില്‍ കുഴപ്പമൊന്നുമില്ല."

" ഗുരോ, ഞാന്‍ ദുസ്വപ്നങ്ങള്‍ കാണുന്നു. താങ്കള്‍ മിടുക്കനായ ഒരു ഉച്ചാടകനാനെന്ന് ഞാനറിഞ്ഞു. എനിക്കാവുന്നതെല്ലാം ഞാന്‍ അങ്ങേക്കായി ചെയ്തില്ലേ? ഇനിയങ്ങ്‌ എനിക്കൊരുപകാരം ചെയ്യൂ. എന്നോട്‌ ദയവുണ്ടായി ഈ ദുസ്വപ്നങ്ങള്‍ ഒന്നു നീക്കിത്തരൂ. നീ ഉപമകളിലൂടെയാണ്‌ അത്ഭുതം പ്രവര്‍ത്തിക്കുന്നത്‌ എന്നു ഞാന്‍ കേട്ടിട്ടുണ്ട്‌. എന്നോട്‌ ഒരു ഉപമ പറയൂ, ഞാനതിന്റെ അര്‍ഥം മനസ്സിലാക്കി ഭേദമാവട്ടെ. ഈ ലോകം മൊത്തം ഒരു മാന്ത്രികവിദ്യല്ലേ, അല്ലേ? ഇനി നിന്റെ മാന്ത്രിക വിദ്യ കാണിക്കൂ."

യേശു പുഞ്ചിരിച്ചു കൊണ്ട്‌ വൃദ്ധന്റെ കണ്ണുകളില്‍ നോക്കി. ഇതാദ്യമല്ല അദ്ദേഹം ചീര്‍ത്ത താടിയെല്ലുകളും, കൊഴുപ്പു തൂങ്ങിയ കഴുത്തും, ആക്രാന്തത്തിന്റെ ചടുല താളങ്ങളോടു കൂടിയ കണ്ണുകളും കാണുന്നത്‌. അദേഹത്തിനു മടുപ്പു തോന്നി. ഈ മനുഷ്യര്‍ തിന്നുന്നു, കുടിക്കുന്നു, അട്ടഹസിക്കുന്നു. ലോകം മുഴുവന്‍ അവര്‍ക്കാണെന്നു കരുതുന്നു. അവര്‍ മോഷ്ടിക്കുന്നു, കുടിച്ചു കൂത്താടുന്നു, വ്യഭിചരിക്കുന്നു. എന്നാലൊരു നിമിഷം പോലും അറിയുന്നില്ല അവരപ്പോള്‍ നരകത്തീയില്‍ ഉരുകുകയാണെന്ന്‌. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മത്രം, ഇതുപോലെ ഉറങ്ങുമ്പോഴോ മറ്റോ മാത്രം, അവരൊന്നു കണ്ണു തുറക്കും, സത്യം കാണും�
യേശു തന്റെ മുന്നില്‍ നില്‍ക്കുന്ന തീറ്റപ്പണ്ടാരത്തിനെ ഒന്നുകൂടി നോക്കി, അയാളുടെ കണ്ണുകളില്‍, കൊഴുത്തുരുണ്ട ദേഹത്ത്‌, അയാളുടെ ഭീതിയില്‍� ...ഒരിക്കല്‍ കൂടി അവിടുത്തെയുള്ളിലെ സത്യങ്ങള്‍ ഒരു കഥയായി.

"കണ്ണുകള്‍ തുറക്കൂ, അനാനിയാസ്‌," അവിടുന്നു പറഞ്ഞു. "നിന്റെ ഹൃദയവും, ഞാന്‍ നിന്നോടു പറയട്ടെ."

"ഞാന്‍ കണ്ണുകളും ഹൃദയവും തുറന്നു തന്നെ വെച്ചിരിക്കുന്നു പ്രഭോ. ഞാന്‍ ശ്രവിക്കട്ടെ, ദൈവം വാഴ്ത്തപ്പെടട്ടെ."

"കേള്‍ക്കൂ, അനാനിയാസ്‌, ഒരിക്കല്‍ ഒരു ധനികന്‍ ഉണ്ടായിരുന്നു. അയാള്‍ സത്യസന്ധതയും നീതിയും ഇല്ലാത്തവനായിരുന്നു. ആവന്‍ തിന്നും കുടിച്ചും, പട്ടു വസ്ത്രങ്ങള്‍ അണിഞ്ഞും മദിച്ചു ജീവിച്ചു. വിശപ്പും തണുപ്പും ദാരിദ്ര്യവും കൊണ്ടു വലഞ്ഞ തന്റെ അയല്‍ക്കാരനായ ലാസറിനവന്‍ ഇരിലപോലും നല്‍കിയില്ല. ലാസര്‍ അവന്റെ മേശക്കു കീഴെ ഒരു റൊട്ടിക്കഷണത്തിനും, ഒരെല്ലിന്‍ തുണ്ടിനുമായി നിരങ്ങി. പക്ഷെ അവന്റെ അടിമകള്‍ അവനെ അടിച്ചു പുറത്താക്കി. ലാസര്‍ പുറത്തു കാത്തിരുന്നു, നായ്ക്കള്‍ വന്നവന്റെ വൃണങ്ങളില്‍ നക്കി. അങ്ങിനെ അവസാനം ആ ദിവസമെത്തി. ധനികനും ലാസറും മരിച്ചു. ഒരാള്‍ നിത്യമായ നരകാഗ്നിയിലേക്കും മറ്റെയാള്‍ അബ്രഹാമിന്റെ മടിയിലേക്കും. ഓരു ദിവസം ധനികന്‍ കണ്ണുയര്‍ത്തി നോക്കിയപ്പോള്‍, തന്റെ അയല്‍ക്കാരനായ ലാസര്‍ അബ്രഹാമിന്റെ മടിയിലിരുന്ന് ചിരിച്ചുല്ലസിക്കുന്നത്‌ കണ്ടു.

"പിതാവേ, പിതാവേ," അവന്‍ കരഞ്ഞു വിളിച്ചു. "അങ്ങ്‌ ലാസറിനെ ഇങ്ങോട്ടയക്കൂ, അവന്‍ തന്റെ വിരല്‍ നനച്ച്‌ എന്റെ ചുണ്ട്‌ ഒന്നു തണുപ്പിക്കട്ടേ, ഞാന്‍ പൊരിയുകയാണ്‌."

പക്ഷെ അബ്രഹം പറഞ്ഞു, "നീ തിന്നു കുടിച്ചു മദിച്ച ദിവസങ്ങള്‍ ഓര്‍ത്തു നോക്കൂ, അന്നു വിശപ്പാലും തണുപ്പാലും വലഞ്ഞിരുന്ന ലാസറിന്‌ നീയൊരു പച്ചിലക്കു പോലുമുപകാരം ചെയ്തില്ല. ഇനിയിപ്പോള്‍ സന്തോഷിക്കാനുള്ള അവസരം ലാസറിന്റേതാണ്‌, എന്നേയ്യ്ക്കുമായി തീയിലുരുകാനുള്ളത്‌ നിന്റേയും."

യേശു ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ത്തു. കിഴവന്‍ അനാനിയാസ്‌ വായ്‌ പിളര്‍ന്ന് നില്‍പ്പായി. അയാളുടെ തൊണ്ട വരണ്ടു, ചുണ്ടുകള്‍ ഉണങ്ങി. അയാള്‍ യേശുവിന്റെ കണ്ണുകളിലെ നിഗൂഢത ചുരുളഴിക്കാന്‍ ശ്രമിച്ചു.

"തീര്‍ന്നോ, ഇത്രയേയുള്ളോ?" അയാള്‍ വിറക്കാന്‍ തുടങ്ങി. "ഇനിയൊന്നുമില്ലേ?"

"അവനു കൊടുത്തത്‌ ഭേഷായി" ജൂദാസ്‌ ചിരിച്ചു. "ഈ ഭൂമിയില്‍ തിന്നും കുടിച്ചും മദിക്കുന്നവന്മാര്‍ നരകത്തില്‍ പോയി അതൊക്കെ കക്കാതിരിക്കാന്‍ പറ്റുമോ?"

പക്ഷെ സബദിയുടെ പുത്രന്‍ യേശുവിന്റെ നെഞ്ചിലേക്ക്‌ കണ്ണുപായിച്ച്‌ പറഞ്ഞു, 
" ഗുരോ, നിന്റെ വാക്കുകള്‍ എന്റെ വ്യഥകള്‍ അകറ്റുന്നില്ല. ശത്രുക്കളോട്‌ പൊറുക്കാന്‍ എത്ര തവണ നീ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നു. ശത്രുക്കളെ സ്നേഹിക്കൂ, അവര്‍ നിങ്ങളോട്‌ ഏഴല്ല, എഴുപത്തേഴ്‌ തവണ ദ്രോഹം ചെയ്താലും, നിങ്ങള്‍ ഏഴല്ല എഴുപത്തേഴു തവണ അവര്‍ക്ക്‌ നന്മ ചെയ്യണം എന്ന്‌ അങ്ങല്ലേ ഞങ്ങലെ പഠിപ്പിച്ചിരിക്കുന്നത്‌? ആങ്ങിനെ മാത്രമേ വെറുപ്പിനെ ഈ ലോകത്തുനിന്ന് മാറ്റിക്കളയാനാകൂ എന്നും. എന്നിട്ടിപ്പോള്‍�. ദൈവത്തിന്‌ ക്ഷമിക്കാനാവില്ലേ?"

"ദൈവം നീതിമാനാണ്‌" ജൂദാസ്‌ ഇടപെട്ടു. അയാള്‍ പുഛത്തോടെ അനാനിയാസിനെ നോക്കി.

"ദൈവം പരമമായ നന്മയാണ്‌." ജോണ്‍ എതിര്‍ത്തു.
"പ്രതീക്ഷിക്കാന്‍ ഇനി ഒന്നുമില്ലെന്നാണോ?" വൃദ്ധന്‍ വിക്കി. "ഉപമ ഇത്രയേയുള്ളോ?"

തോമസ്‌ എഴുനേറ്റു, കതകോളം നടന്നിട്ട്‌ തിരിഞ്ഞു നിന്നു. " ഇല്ല പ്രഭോ, തീര്‍ന്നിട്ടില്ല, കുറച്ചു കൂടിയുണ്ട്‌. "
"പറ കുഞ്ഞേ, നിന്നെ ഞാന്‍ അനുഗ്രഹിക്കട്ടെ."
" ആ ധനികന്റെ പേരാണ്‌ അനാനിയാസ്‌!" ഇതു പറഞ്ഞ്‌ തോമസ്‌ തന്റെ കെട്ടുമെടുത്ത്‌ പുറത്തിറങ്ങി ആള്‍ക്കൂട്ടത്തില്‍ ലയിച്ചു.

വൃദ്ധന്റെ തലയില്‍ രക്തം ഇരച്ചു കയറി. അയാളുടെ കണ്ണുകള്‍ മങ്ങി, അസ്തമയ സൂര്യനെപ്പോലെ.
യേശു തന്റെ വിശ്വസ്തനായ അനുയായിയുടെ മുടിയില്‍ തലോടി. 

"ജോണ്‍, എല്ലാവര്‍ക്കും കാതുകളുണ്ട്‌, കേള്‍ക്കുകയും ചെയ്തു. എല്ലാവര്‍ക്കും മനസ്സുമുണ്ട്‌, അവര്‍ വിധിക്കുകയും ചെയ്തു. ദൈവം നീതിമാനാണെന്നു അവര്‍ പറഞ്ഞു. അതിനപ്പുറം പോകാന്‍ അവര്‍ക്കായില്ല. നിനക്കും ഒരു മനസ്സുണ്ട്‌, പക്ഷെ നീ പറയുന്നു, ദൈവം നീതിമാന്‍ തന്നെ, പക്ഷെ അതു മാത്രം പോരാ എന്ന്‌. അവന്‍ പൂര്‍ണ്ണമായ നന്മയാണെന്ന്‌. അപ്പോള്‍ പിന്നെ ഈ ഉപമ ഇങ്ങനെയാവാന്‍ പറ്റില്ല ജോണ്‍, അതിന്‌ വേറൊരു അവസാനമാണ്‌ വേണ്ടത്‌."

"ക്ഷമിക്കൂ ഗുരോ" യുവാവ്‌ പറഞ്ഞു." പക്ഷെ എന്റെ മനസ്സില്‍ തോന്നിയത്‌ അങ്ങിനെയാണ്‌. മനുഷ്യര്‍ പോലും ക്ഷമിക്കുന്നു. ഏങ്കില്‍ പിന്നെ ദൈവം അങ്ങിനെയല്ല എന്നു വരുമോ? ഇല്ല, അതസാദ്ധ്യമാണ്‌, ഈ ഉപമ ഒരു വങ്കത്തരമാണ്‌, അതങ്ങിനെയാവാന്‍ പറ്റില്ല, അതിന്റെ അവസാനം വേറൊരു രീതിയിലായേ പറ്റൂ."

" അതിന്റെ അന്ത്യം വേറൊരു രീതിയില്‍ തന്നെയാണു കുഞ്ഞേ" യേശു പുഞ്ചിരിച്ചു. " ശ്രദ്ധിക്കൂ, അനാനിയാസിനും നിനക്കും ആശ്വസിക്കാം, ശ്രദ്ധിക്കൂ, കൂടി നില്‍ക്കുന്നവരേ, അയല്‍ക്കാരേ. ദൈവം നീതിമാന്‍ മാത്രമല്ല, നല്ലവനുമാണ്‌. ആവന്‍ നല്ലവന്‍ മാത്രമല്ല, നമ്മുടെയൊക്കെ പിതാവുമാണ്‌. 

ലാസര്‍, അബ്രഹാമിന്റെ വാക്കുകള്‍ കേട്ടപ്പോള്‍, മനസ്സില്‍ ദൈവത്തോട്‌ പറഞ്ഞു. ' ദൈവമേ, മറ്റൊരാള്‍, ആത്മാവ്‌ നരകത്തില്‍ ഉരുകുന്നു എന്നറിയുമ്പോള്‍ ഒരാള്‍ക്കെങ്ങിനെ സ്വര്‍ഗത്തില്‍ സന്തോഷത്തോടെയിരിക്കാന്‍ പറ്റും? അവനെ ഉയര്‍ത്തൂ പ്രഭോ, അങ്ങിനെ ഞാനും ഉയര്‍ത്തപ്പെടട്ടേ. അവനോട്‌ ക്ഷമിക്കൂ പ്രഭോ അങ്ങിനെ ഞാനും ക്ഷമിക്കപ്പെടട്ടെ. ആല്ലെങ്കില്‍ എനിക്കും ആ തീനാളങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങും.' ദൈവം അവന്റെ ചിന്തകള്‍ അറിഞ്ഞു സന്തുഷ്ടനായി.

"പ്രിയപ്പെട്ട ലാസര്‍," ദൈവം പറഞ്ഞു. "നീ ചെല്ലൂ, ദാഹിക്കുന്നവനെ നിന്റെ കൈകളില്‍ ഉയര്‍ത്തൂ. എന്റെ ഉറവകള്‍ ഒരിക്കലും വറ്റാത്തതാണ്‌. ആവനെ ഇവിടെ കൊണ്ടു വരൂ, അവന്‍ ഇവിടെ നിന്നു പാനം ചെയ്യ്തു ഉണര്‍വാകട്ടെ, അങ്ങിനെ നീയും."

"എന്നന്നേയ്ക്കുമായോ?" ലാസര്‍ ചോദിച്ചു.

"അതേ, എന്നെന്നേയ്ക്കുമായി!" ദൈവം പറഞ്ഞു.

കൂടുതല്‍ ഒന്നും പറയാതെ യേശു എഴുനേറ്റു. രാത്രിയായിരുന്നു. ആളുകള്‍ അവരവരുടെ വീടുകളിലേക്ക്‌ മടങ്ങിത്തുടങ്ങി. അവരുടെ ഹൃദയം നിറഞ്ഞിരുന്നു. ആ വാക്കുകള്‍ക്ക്‌ നമ്മെ പുഷ്ടിപ്പെടുത്താനാകുമോ? ആവര്‍ സ്വയം ചോദിച്ചു. അതെ, പറ്റും, അതൊരു സത്‌വചനമാകുമ്പോള്‍.

യേശു യാത്ര പറയാന്‍ വീട്ടുകാരന്റെ നേര്‍ക്ക്‌ കൈകള്‍ നീട്ടി, പക്ഷെ അനാനിയാസ്‌ ആ കാല്‍ക്കല്‍ വീണു.
" ഗുരോ," അയാള്‍ മന്ത്രിച്ചു, "എന്നോട്‌ ക്ഷമിക്കൂ" അനാനിയാസ്‌ ഒരു കരച്ചിലിലേക്ക്‌ വഴുതി.


നിക്കോസ്‌ കസന്ത്‌സാക്കീസിന്റെ ദ ലാസ്റ്റ്‌ റ്റെംപ്റ്റേഷന്‍ ഒഫ്‌ ക്രൈസ്റ്റിന്റെ ഒരു ഭാഗമാണിത്‌.
രാമനേയും, കൃഷ്ണനേയും പോലെ യേശുവും ഒരു സങ്കല്‍പ കഥാപാത്രമാണെന്നു വിശ്വസിക്കുന്നയാളാണു ഞാന്‍. എന്നിരിക്കിലും ആ സ്നേഹമയന്‍ എന്നെങ്കിലുമൊരിക്കല്‍ ഈ ഭൂമിയില്‍ പദമൂന്നി നടന്നിട്ടുണ്ടായിരുന്നുവെങ്കില്‍ ഈ ഉപമ ഇങ്ങനെ തന്നെ പൂര്‍ണമാക്കിയിട്ടുണ്ടാകും എന്നെനിക്കുറപ്പുണ്ട്‌. അതു ബൈബിള്‍ പറയാത്തതാണ്‌.

ഒന്നു കൂടി, ഇപ്പോള്‍ പാഠപുസ്തകം നിരോധിക്കണം എന്നാവശ്യപ്പെടുന്നവര്‍, ഒരു ഇരുപതോളം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഈ പുസ്തകവും നിരോധിക്കണം എന്നാവശ്യപ്പെട്ടു തെരുവിലിറങ്ങിയിരുന്നു.

ബൈബിളില്‍ പറയാത്തത്‌.

Thursday, July 17, 2008

ഒരു പരീക്ഷണവും ലോകാവസാനവും.



ഒരു ചിത്ര കഥയുടെ രൂപത്തില്‍ പറഞ്ഞാല്‍ സൂപ്പര്‍മാനോ, സ്പൈഡര്‍മാനോ കുറഞ്ഞത്‌ ജയിംസ്‌ബോണ്ടിനെങ്കിലും ഇടപെടാനുള്ള സാഹചര്യമുണ്ട്‌. പക്ഷെ ഇവിടെ കഥയിലെ കിറുക്കന്‍ പ്രൊഫസറും, ലോകത്തെ തന്നെ നശിപ്പിച്ചേക്കാവുന്ന പരീക്ഷണവും ഒക്കെ നായകസ്ഥാനത്താണ്‌. ഞാന്‍ പറഞ്ഞു വരുന്നത്‌ ലാര്‍ജ്‌ ഹാഡ്രോണ്‍ കൊള്ളൈഡറിനെപ്പറ്റിയാണ്‌. (LHC)

ഊര്‍ജ്ജതന്ത്രത്തിലെ കണികാ സിദ്ധാന്തത്തിന്റെ സാധുത പരീക്ഷിക്കാനുള്ള ഒരു സംവിധാനമാണിത്‌. പ്രധാന ഉദ്ദേശം ഹിഗ്ഗ്‌സ്‌ ബോസോണ്‍ കണികകള്‍ (ഇവയാണ്‌ അടിസ്ഥാന കണികകള്‍ക്ക്‌ പിണ്ഡം നല്‍കുന്നത്‌ എന്നു കരുതപ്പെടുന്നു) കണ്ടെത്താനാവുമോ എന്നു പരീക്ഷിക്കലാണ്‌.
ഏറ്റവും ലഘുവായിപ്പറഞ്ഞാല്‍ ഇവിടെ ചെയ്യുന്നത്‌ അതീവ ശക്തിയില്‍ പ്രോട്ടോണുകളെ കൂട്ടിയിടിപ്പിക്കുകയാണ്‌. ഇതില്‍ നിന്നും ഉരുത്തിരിയുന്ന വികിരണങ്ങളെ വിശകലനം ചെയ്യുന്നു. ഈ പരീക്ഷണത്തിനായി ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ ഇതുവരെ ഒരു പരീക്ഷണത്തിനും വേണ്ടി ചെയ്തിട്ടില്ലത്ത വിധം ബൃഹത്താണ്‌.

27 കിലോമീറ്റര്‍ ചുറ്റളവുള്ള ഒരു ഭൂഗര്‍ഭ തുരങ്കത്തിലാണ്‌ കൊളൈഡര്‍ സ്ഥാപിച്ചിരിക്കുന്നത്‌. അതിനുള്ളില്‍ രണ്ട്‌ പ്രോട്ടോണ്‍ രശ്മികള്‍ പരസ്പരം എതിര്‍ ദിശയില്‍ സഞ്ചരിക്കുന്നു. ഈ രശ്മികളെ വൃത്താകര തുരങ്കത്തിലൂടെ വളച്ചു കൊണ്ടു പോകാനും ഫോക്കസ്‌ ചെയ്യുവാനുമായി 1600 ഓളം അതിചാലക കാന്തങ്ങളാണ്‌ സ്ഥാപിച്ചിരിക്കുന്നത്‌. ഓരോന്നും 25 ടണ്ണിലേറെ തൂക്കമുള്ളത്‌. അതി ചാലകത സാധിക്കുന്നതിനായി 96 ടണ്‍ ദ്രവ ഹീലിയമാണ്‌ ഉപയോഗിക്കുന്നത്‌. 

കൊളൈഡറിലേക്ക്‌ ഇഞ്ചെക്റ്റ്‌ ചെയ്യുന്നതിനു മുന്‍പായി പ്രോട്ടോണ്‍ രശ്മികളെ ഘട്ടം ഘട്ടമായി ശക്തി കൂട്ടിയെടുക്കും. അവസാനം കൂട്ടിയിടിക്കലിനു തയ്യാറാവുമ്പൊഴേക്കും ഓരോ രശ്മികള്‍ക്കും 160 കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന ഒരു ബുള്ളറ്റ്‌ ട്രയിനിന്റെയത്ര ഊര്‍ജ്ജമുണ്ടാവും.

സധാരണ കമ്പ്യൂട്ടറുകള്‍ക്കും നെറ്റ്വര്‍ക്കുകള്‍ക്കും കൈകാര്യം ചെയ്യാന്‍ കഴിയുന്നതിലും അധികം ഡാറ്റയായിരിക്കും ഈ കൂട്ടിയിടിക്കലില്‍നിന്നും ശേഖരിക്കപ്പെടുന്നത്‌. അതിനായി ഒരു പ്രത്യേക ശൃഘലതന്നെ വികസിപ്പിച്ചുകഴിഞ്ഞു. സധാരണ ഇന്റര്‍നെറ്റിന്റെ അനേകായിരം മടങ്ങ്‌ വേഗത്തിലായിരിക്കും ഈ ഗ്രിഡ്‌ പ്രവര്‍ത്തിക്കുക.

അനേക രാജ്യങ്ങളില്‍ നിന്നായി 7000 ത്തിലധികം ശാസ്ത്രജ്നന്മാര്‍ ഈ പരീക്ഷണത്തില്‍ പങ്കെടുക്കും. മൊത്തം ചിലവ്‌ 10 ബില്ല്യണ്‍ ഡോളറോളം വരും! ചിലവ്‌ പല രാജ്യങ്ങള്‍ ചേര്‍ന്ന് വഹിക്കുന്നു.

ഫ്രെഞ്ച്‌ സ്വിസ്സ്‌ അതിര്‍ത്തി ജെനീവയില്‍ യൂറോപ്യന്‍ അണുശക്തി ഗവേഷണ കേന്ദ്രം (CERN) നിര്‍മ്മിക്കുന്ന ഈ സംവിധാനം ഏകദേശം പൂര്‍ത്തിയായി. ഇപ്പോള്‍ തണുപ്പിക്കല്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. മിക്കവാറും അടുത്ത മാസം പ്രോട്ടോണ്‍ ഇന്‍ജെക്ഷന്‍ ആരംഭിക്കും. ഒക്ടോബറോടെ ആദ്യ കൂട്ടിയിടി നടക്കും.

ഇത്രത്തോളം കാര്യമൊക്കെ മംഗളം. 

ദോഷൈകദൃക്കുകള്‍ ഇവിടെ അല്‍പ്പം പ്രശ്നം കാണുന്നു. ഈ കൂട്ടിയിടിക്കലില്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതും അല്ലാത്തതും ആയ പലതും രൂപപ്പെടാം. അതിലൊന്ന്, ചെറിയ തമോഗര്‍ത്തങ്ങള്‍. സ്ട്രേന്‍ജ്‌ലെറ്റ്‌സ്‌ എന്നു അറിയപ്പെടുന്ന ഒരു വിചിത്ര വസ്തുവാണ്‌ മറ്റൊന്ന്.

ഇങ്ങനെ രൂപപ്പെട്ടേക്കവുന്ന തമോഗര്‍ത്തങ്ങള്‍ ഭൂമിയെത്തന്നെ വിഴുങ്ങിക്കളഞ്ഞേക്കാം എന്നു ചിലര്‍ ഭയക്കുന്നു. എന്നാല്‍ തമോഗര്‍ത്തങ്ങള്‍ ഉണ്ടാകാന്‍ മാത്രം ശക്തമായ ഊര്‍ജ്ജം ഇവിടെ ഉപയോഗിക്കപ്പെടുന്നില്ല എന്നു മറു വിഭാഗം വാദിക്കുന്നു. പക്ഷെ സൂക്ഷ്മ തമോഗര്‍ത്തങ്ങള്‍ രൂപപ്പെടാനുള്ള സാദ്ധ്യത എല്ലാവരും അംഗീകരിക്കുന്നു. 'ഹോക്കിന്‍സ്‌ വികിരണങ്ങള്‍' മൂലം അവ പക്ഷെ വളരെ വേഗം ദ്രവിച്ചു പോകും എന്നതിനാല്‍ ഭയക്കാന്‍ ഒന്നുമില്ല എന്നു അനുഭാവികള്‍ വാദിക്കുന്നു. നമ്മുടെ അന്തരീക്ഷത്തില്‍ വര്‍ഷം തോറും നൂറുകണക്കിന്‌ ഇത്തരം സൂക്ഷ്മ തമോഗര്‍ത്തങ്ങള്‍ ഉണ്ടാകുന്നുണ്ടത്രേ! പക്ഷെ ഈ ഹോക്കിന്‍സ്‌ വികിരണങ്ങള്‍ മിക്കവാറും ശാസ്ത്രജ്നന്മാര്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല!

ഇനി മറ്റേ കക്ഷി, സ്ട്രേന്‍ജ്‌ലെറ്റ്‌സ്‌. ഇങ്ങേര്‍ ചില കുരുത്തം കെട്ട കുട്ടികളെപ്പോലെയാണ്‌. മറ്റുള്ളവരേയും തന്നെപ്പോലാക്കിക്കളയും. ഒരു സ്ട്രേന്‍ജ്‌ലെറ്റ്‌ ഒരു അണുവിലെ നൂക്ക്ലിയസുമായി കൂട്ടിയിടിച്ചാല്‍ അതിനെ വിഘടിപ്പിച്ച്‌ സ്ട്രേന്‍ജ്‌ലെറ്റുകളാക്കിക്കളയും. ഇവ കൂടുതല്‍ നൂക്ലിയസുകളെ വിഘടിപ്പിക്കും, അങ്ങിനെ, അങ്ങിനെ. അണുസ്ഫോടത്തില്‍ സംഭവിക്കുന്നപോലെ തന്നെ. ചുരുക്കത്തില്‍ കുറച്ചു സമയത്തിനുള്ളില്‍ ഭൂമിയൊരുണ്ട സ്ട്രേന്‍ജ്‌ലെറ്റായി മാറും. എന്നാല്‍ അതിന്റെ ഉപരിതലത്തില്‍ പോസിറ്റീവ്‌ ചാര്‍ജ്‌ ഉള്ളതിനാല്‍ അവ മറ്റു വസ്തുക്കളെ ആകര്‍ഷിക്കുകയില്ല എന്നൊരു വിഭാഗം വാദിക്കുന്നു. പക്ഷെ അതിശക്തമായ കൂട്ടിയിടിയില്‍ നെഗറ്റീവ്‌ ചാര്‍ജുള്ള സ്ട്രേന്‍ജ്‌ലെറ്റ്സുണ്ടാവാം എന്നു പുതിയ നിരീക്ഷണം.

ഏതായാലും ഒക്ടോബറിനു ശേഷം, ആരെന്നുമെന്തെന്നുമാര്‍ക്കറിയാം എന്നതാണവസ്ഥ. വലിയ ആഗ്രഹങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ സാധിച്ചു വെയ്ക്കുക!

ഈശ്വരോ രക്ഷതു!


Sunday, July 06, 2008

പീറ്റര്‍ സ്കോട്ടും ശോര്‍ശും പിന്നെ മറ്റുചിലരും.

ഇന്നത്തെ ഒരു ഇന്‍ഡ്യന്‍ എക്സ്പ്രസ്സ്‌ കോളത്തില്‍ നിന്നും അറിഞ്ഞതാണ്‌. ഇന്‍ഡ്യയിലെ പ്രമുഖ മദ്യവ്യവസായ സ്ഥാപനമായ ഖോഡേയ്സിനെതിരെ ഒരു കേസ്‌ ഉണ്ടായിരുന്നു. അവരുടെ അഭിമാന ഉല്‍പ്പന്നമായ പീറ്റര്‍ സ്കോട്ട്‌ വിസ്കിക്കെതിരെ. സ്കോച്ച്‌ വിസ്കിയാണ്‌ അത്‌ എന്ന തെറ്റിധാരണ ഉണ്ടാക്കാന്‍ വേണ്ടിയാണ്‌ ആ പേര്‌ എന്നതായിരുന്നു ആരോപണം. ആയതിനാല്‍ ആ പേര്‌ ഉപേക്ഷിക്കണം എന്നും. ഹൈക്കോടതിയില്‍ ഖോഡേയ്സ്‌ തോറ്റു. സ്വാഭാവികമായും കേസ്‌ സുപ്രീം കോടതിയില്‍ എത്തി. മേല്‍ക്കോടതിയുടെ നിരീക്ഷണം രസകരമാണ്‌. ബാറിനു മുന്‍പില്‍ നിന്ന് കൂട്ടുപിടിച്ച്‌, ഷെയറിട്ട്‌, ജവാന്‍ വാങ്ങി മുറിച്ച്‌ നിപ്പനടിക്കുന്ന മണ്ടകൊണാപ്പന്മാരല്ല പീറ്റര്‍സ്കോട്ടടിക്കുന്നതെന്നും, വിവരവും വിദ്യാഭ്യാസവും കൈയ്യില്‍ തുട്ടുമുള്ള വരേണ്യ കുടിയന്മാര്‍ സാധനത്തിന്റെ ഉല്‍പ്പത്തിയേയും പരിണാമത്തേയും പറ്റിയൊക്കെ അറിഞ്ഞിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടിരിക്കുന്നു. 

ചുരുക്കത്തില്‍ മല്ലയ്യ മോലാളി പറയുന്ന പോലെ "Enjoy it responsibly"

സുപ്രീം കോടതി ജഡ്ജി ഒരു പീറ്റര്‍സ്കോട്ട്‌ ഫാനാണോ എന്തോ?

ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത്‌ ഞങ്ങളുടെ നാട്ടുകാരനായ ഒരു ജോര്‍ജിനെയാണ്‌. പേരങ്ങിനെയാണെങ്കിലും ശോര്‍ശ്‌ എന്നു പറഞ്ഞാലേ നാലാളറിയൂ. റബ്ബറു വെട്ടും മണ്ണുപണിയുമോക്കെയായി നടക്കുന്ന ശോര്‍ശ്‌ വീട്ടില്‍ പൈസ കൊടുത്തില്ലെങ്കിലും കൃത്യമായി എന്നും ബാറില്‍ പണമടയ്ക്കും. അങ്ങിനെയിരിക്കെ വീട്ടില്‍ വളര്‍ത്തിയിരുന്ന ഒരു ആടിനെ വിറ്റു. രണ്ടായിരത്തോളം രൂപ കിട്ടി. ശോര്‍ശ്‌ നേരെ ബാറില്‍പോയി ഒരു മുറി വാടകയ്ക്ക്‌ എടുത്തു, കൂടിയതു നോക്കി ഒരു ഫുള്ളു വാങ്ങി അന്നു മുഴുവന്‍ അടിച്ചവിടെ കിടന്നു. രാവിലെ എഴുനേറ്റ്‌ വീട്ടില്‍ പോയി ബാക്കി പൈസ കൃത്യമായി ഭാര്യയെ ഏല്‍പ്പിക്കുകയും ചെയ്തു.

 "അതെന്റെയൊരു ആഗ്രഹമായിരുന്നു സാറേ, പേരൊന്നുമറിയേല, തൊള്ളായിരം രൂപയാ ഒരു ഫുള്ളിന്‌"

എന്തായാലും, ഷിവാസും ബ്ലാക്‌ക്‍ലേബലും ഒക്കെ മുക്കാല്‍ ഗ്ലാസ്സൊഴിച്ച്‌ മീതെ കോളയും നികത്തി ഒറ്റവലിക്ക്‌ വീക്കുന്ന ഏഭ്യന്മാരേക്കാളും എനിക്കിഷ്ടം ശോര്‍ശിലെ കുടിയനെത്തന്നെ.

പീറ്റര്‍ സ്കോട്ടും ശോര്‍ശും പിന്നെ മറ്റുചിലരും.

Friday, June 27, 2008

ബ്ലഡ്‌ ഡൈമണ്ട്‌. രത്നങ്ങളുടെ പിന്‍ വഴികള്‍.

1999 ല്‍, അഡിസ്‌ അബാബയിലെ ഒരു ട്രാന്‍സിറ്റ്‌ ട്രിപ്പിനിടയില്‍ ഒരു മലയാളി മുഖം കണ്ട്‌ കയറി പരിചയപ്പെട്ടു. പേരും നാട്ടിലെ സ്ഥലവും ഒന്നും ഓര്‍മ്മയിലില്ല. അദ്ദേഹം സിറാ ലിയോണില്‍ ഒരു വിമാന കമ്പനി നടത്തുകയാണെന്ന് പറഞ്ഞു. മങ്ങിയ ബുഷ്‌ ഷര്‍ട്ടും തോള്‍ സഞ്ചിയുമായി നില്‍ക്കുന്ന ആ മനുഷ്യന്‍ ഒരു വിമാന കമ്പനി ഉടമയാണെന്ന് വിശ്വസിക്കാന്‍ വിഷമം തോന്നി. അദ്ദേഹം വേറെ നാലുപേരും കൂടിച്ചേര്‍ന്നാണ്‌ നടത്തുന്നത്‌. ഇപ്പോള്‍ വാടകയ്ക്കെടുത്ത ഒരു ചെറിയ പ്രൊപ്പല്ലര്‍ വിമാനമാണ്‌ ഉള്ളത്‌, ഒരെണ്ണം കൂടി കിട്ടാന്‍ ശ്രമിക്കുന്നു. പക്ഷെ ഇപ്പോള്‍ അവിടെ ചില പ്രശ്നങ്ങള്‍ ഉള്ളതു കൊണ്ട്‌ വിമാനം ഗ്രൗന്‍ഡ്‌ ചെയ്തിരിക്കുകയാണ്‌. ആ സാവകാശത്തില്‍ ഒന്നു നാട്ടില്‍ പോയി വരാം എന്നു കരുതിയതാണ്‌. അപ്പോഴേക്കും ഞങ്ങളില്‍ ആരുടേയോ വിമാനത്തിനു സമയമായതു കൊണ്ട്‌ പിരിഞ്ഞു. പിന്നീട്‌ അദ്ദേഹത്തെപ്പറ്റിയോ, സീറാ ലിയോണിലെ പ്രശ്നത്തെപ്പറ്റിയോ ചിന്തിച്ചില്ല.

ഇപ്പോള്‍ ഇതോര്‍ക്കാന്‍ കാരണമുണ്ട്‌. ബ്ലഡ്‌ ഡൈമണ്ടെന്ന ചിത്രം കണ്ടു. 2006 ല്‍ ഇറങ്ങിയതാണെങ്കിലും ഇപ്പോഴാണ്‌ കാണാന്‍ തരപ്പെട്ടത്‌.
1999 ലെ സീറാ ലിയോണിലെ പ്രശ്നം ചെറുതായിരുന്നില്ല. അവിടെ പുതുതായി കണ്ടെത്തിയ രത്ന ഖനികളുടെ ആധിപത്യത്തിനായി നിരവധി കൊള്ളസംഘങ്ങള്‍, വിമോചനമുന്നണികള്‍ എന്ന നാട്യത്തില്‍ അറുംകൊലകള്‍ നടത്തുകയായിരുന്നു. RUF എന്ന ഒരു ഗ്രൂപ്പായിരുന്നു പ്രധാനം. തങ്ങളുടെ അധീനതയിലുള്ള ഖനികളിലെ രത്നം ഉപയോഗിച്ച്‌ ( "അവ കണ്ടമാനമുണ്ട്‌, എന്താ ചെയ്യുകയെന്നു പോലും എനിക്കറിയില്ല" സിനിമയില്‍ ഒരു RUF കമാന്‍ഡര്‍ പരാതിപ്പെടുന്നു.) അവര്‍ കൂടുതല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയും കൂടുതല്‍ അക്രമകാരികളാവുകയും ചെയ്യുന്നു. കീഴടക്കിയ ഒരു ഗ്രാമത്തിലെ ഇരയോട്‌ കൈ വെട്ടിമാറ്റാന്‍ പോകുന്നതിനു മുന്‍പ്‌ അക്രമി നേതാവ്‌ ചോദിക്കുന്നു- "long sleev or short sleev?"
സ്വാഭാവികമായും തീവ്രവാദികളും, ആയുധക്കച്ചവടക്കാരും, രത്നവ്യാപാരികളും ഒത്തു കൂടുന്ന ഒരു അവിശുദ്ധകൂട്ടുകെട്ട്‌ രൂപപ്പെടുന്നു. ഈ പശ്ചാത്തലമാണ്‌ ചിത്രത്തിന്‌.

അക്രമികളാല്‍ ചിതറിക്കപ്പെട്ടു പോകുന്ന ഒരു കുടുംബമുണ്ടിതില്‍. ( അങ്ങിനത്തെ അനേകായിരത്തിലൊന്ന്) ഗൃഹനാഥന്‍ ഒരു മീന്‍പിടുത്തക്കാരനാണ്‌. ഭാര്യയും പെണ്‍കുട്ടികളും അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തിപ്പെടുന്നു, ഡോക്ടര്‍ ആക്കണം എന്നയാള്‍ ആഗ്രഹിച്ചിരുന്ന മകന്‍ അക്രമി സംഘത്തില്‍ അംഗമാകുന്നു, അയാളോ ഖനിയില്‍ അടിമപ്പണിക്ക്‌ നിയോഗിക്കപ്പെടുന്നു. അവിടെ വെച്ച്‌ അയാള്‍ക്കു കിട്ടുന്ന ഒരു വലിയ രത്നക്കല്ലുവെച്ച്‌ അയാള്‍ തന്റെ ലോകം തിരിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്‌. ഈ ശ്രമത്തില്‍ അയാള്‍ പ്രകടമാക്കുന്നത്‌ അനാദൃശ്യമായ മാനുഷിക മൂല്യങ്ങളും നിശ്ചയദാര്‍ഢ്യവുമാണ്‌. സോളമന്‍ വാന്‍ഡി എന്ന ആ കഥാപാത്രത്തിനെ ജിമൊന്‍ ഹണ്‍സൂ ഗംഭീരമാക്കിയിരിക്കുന്നു. (അദ്ദേഹത്തെ നിങ്ങളറിയും, ഗ്ലാഡിയേറ്റര്‍, ആംസ്റ്റഡ്‌ എന്ന ചിത്രങ്ങളിലെ ബലിഷ്ടകായനായ കറുമ്പനെ?)

രത്ന ആയുധ കള്ളക്കടത്തുകാരനായ ഡാനി ആര്‍ച്ചര്‍ ആണ്‌ മറ്റൊരു പ്രധാന കഥാപാത്രം. ഒരു വെളുമ്പന്‍ ആഫ്രിക്കക്കാരനായ അയാള്‍ക്കും വാന്‍ഡിയുടെ രത്നം വേണം. "ദൈവം എന്നേ ഉപേക്ഷിച്ചു പോയ ഈ നശിച്ച ഭൂഖണ്ഡത്തില്‍ നിന്നുള്ള അയാളുടെ വിസയാണ്‌" അയാള്‍ക്കത്‌. ഒരു പരിധിയിലധികം നല്ലവനാകാന്‍ സാധിക്കാത്ത ഒരു ശരാശരി ആഫ്രിക്കന്‍ വെളുമ്പന്റെ നിസ്സഹായതകളൊക്കെ അയാള്‍ക്കുമുണ്ട്‌. (മാതാപിതാക്കളുടെ മരണത്തെപ്പറ്റി ആര്‍ച്ചര്‍: "മാന്യമായ ഭാഷയില്‍ അങ്ങിനെ പറയാം, അമ്മയെ ബലാല്‍സംഗം ചെയ്തിട്ട്‌ വെടിവെയ്ക്കുകയായിരുന്നു, അഛനെ തലവെട്ടി മാറ്റിയിട്ട്‌ ഒരു കൊളുത്തില്‍ തൂക്കി. ഇതെല്ലാം കണ്ടു നിന്ന എനിക്കന്ന് 9 വയസ്സ്‌.") ലേണാര്‍ഡോ ഡി കാപ്ര്യോ ആര്‍ച്ചറെ അവതരിപ്പിക്കുന്നു. റ്റൈറ്റാനിക്കിലേയും ദ്‌ ബീച്ചിലേയും നമുക്കു പരിചിതമായ ചോക്കലേറ്റ്‌ ബേബിയില്‍ നിന്നും ലേണാര്‍ഡോ എത്ര വളര്‍ന്നു എന്നത്‌ നമ്മെ അത്ഭുതപ്പെടുത്തും.

അക്കാലത്ത്‌ ലോക രത്ന വിപണിയിലെ 15% ത്തോളം രത്നങ്ങള്‍ ഇത്തരം സംഘര്‍ഷ രത്നങ്ങളയിരുന്നത്രെ! (conflict diamonds). പിന്നീടുണ്ടായ കിംബെര്‍ലീ ട്രീറ്റി പ്രകാരം ഇതിന്റെ അളവ്‌ കുറക്കാനായിട്ടുണ്ട്‌. എങ്കിലും ഇപ്പോഴും കോണ്‍ഫ്ലിറ്റ്‌ ഡൈമണ്ട്‌ വിപണി സജീവം തന്നെ."രണ്ടോ മൂന്നോ മാസത്തെ ശമ്പളം കൊണ്ട്‌ നമ്മള്‍ വാങ്ങുന്ന ഒരു രത്ന മോതിരത്തിനു വിലയായി മറ്റൊരു മനുഷ്യന്‍ തന്റെ ജീവനോ കൈയ്യോ കൊടുത്തിട്ടുണ്ട്‌ എന്നതൊരു നടുക്കുന്ന അറിവാണ്‌". ഈ ഡലോഗ്‌ ഓരോ ഉപഭോക്താവും ഓര്‍ക്കുക.
ഹൃദയസ്പര്‍ശിയായ മനുഷ്യ കഥ പറയുന്നതിനൊപ്പം, യഥാര്‍ത്ഥ സംഭവങ്ങള്‍ കൃത്യതയോടെ ആവിഷ്കരിക്കുകയും ചെയ്യുന്നു ഈ ചിത്രത്തില്‍. ഈ കഥയും സംഭവങ്ങളും സാങ്കല്‍പികമാണെന്ന് ഒരു ഡിസ്‌ക്ലൈമര്‍ ചേര്‍ക്കാന്‍ ഡി ബീയേര്‍സ്‌ സമ്മര്‍ദ്ദം ചെലുത്തിയിരുന്നത്രെ!

ഈ ചിത്രം 5 അക്കാഡമി അവാര്‍ഡുകള്‍ക്ക്‌ നോമിനേറ്റ്‌ ചെയ്യപ്പെട്ടിരുന്നു. ജിമൊന്‍ ഹണ്‍സൂ മികച്ച സഹനടനുള്ള നിരവധി അവാര്‍ഡുകള്‍ നേടി.തീര്‍ച്ചയായും കാണേണ്ട ഒരു ചിത്രമാണിത്‌.

സിറാ ലിയോണ്‍ ഇപ്പോള്‍ ശാന്തമാണ്‌.

എങ്കിലും ആഫ്രിക്കയില്‍ ഇപ്പോഴും 200000 ബാലപോരാളികളുണ്ട്‌.

നമ്മുടെ അഡിസ്‌ അബാബയിലെ സുഹൃത്തിന്റെ വിമാനകമ്പനിക്ക്‌ എന്തു സംഭവിച്ചോ ആവോ!

Monday, June 23, 2008

സ്റ്റാന്‍ഡാര്‍ഡ്‌ 7. സാമൂഹ്യ പാഠം. മതമുള്ള ജീവന്‍.

മത നിഷേധം നടത്തുന്നു എന്ന പേരില്‍ പ്രശ്നത്തില്‍ പെട്ട ഭാഗത്തിന്‌ ഒരു പാഠഭേദം. മത വിശ്വാസികള്‍ക്ക്‌ ഇത്‌ സ്വീകാര്യമാകും എന്നു കരുതുന്നു.


സ്കൂളില്‍ ചേര്‍ക്കാനായി കുട്ടിയോടൊപ്പം എത്തിയ രക്ഷിതാക്കളുടെ മുന്‍പില്‍ കസേരയില്‍ ഇരുന്ന് ഹെഡ്‌മാസ്റ്ററച്ചന്‍ അപേക്ഷ പൂരിപ്പിക്കാന്‍ തുടങ്ങി.

"ഇവന്റെ പേരെന്താ?"

"ജീവന്‍"

"കൊള്ളാം, പറ്റിയ പേര്‌. തന്റെയോ?"

"ഔസേപ്പ്‌ മത്തായി"

"കെട്ടിയവളുടെ പേര്‌?"

"ലക്ഷ്മീദേവി"

ഹെഡ്‌മാസ്റ്റെറച്ചന്‍ മുഖമുയര്‍ത്തി രക്ഷിതാക്കളെ നോക്കി.

"എന്റച്ചോ, പണ്ടങ്ങിനെയൊരബദ്ധം പിണഞ്ഞതാ."

"ഇവന്റെ മതം ഏതാ ചേര്‍ക്കണ്ടേ?"

"അതു പിന്നെ ചോദിക്കാനുണ്ടോ, അച്ചോ? നമ്മടെ തന്നെ!"

ഹെഡ്‌മാസ്റ്റെറച്ചന്‍ കസേരയിലേക്ക്‌ ചാരിയിരുന്ന് അല്‍പ്പം ഗൗരവത്തോടെ ചോദിച്ചു.

"വലുതാകുമ്പോള്‍ ഇവനു മതം മാറണം എന്നു തോന്നിയാലോ?"

"ആ പൂതി അവന്റെ മനസ്സീ ഇരിക്കത്തേയൊള്ളൂ."

അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍.

ഒരു ക്രിസ്ത്യാനി എന്ന നിലക്ക്‌ വഞ്ചിക്കപ്പെടാനായി നിന്നു കൊടുക്കേണ്ട ബാദ്ധ്യതയൊന്നുമെനിക്കില്ല, മറിച്ച്‌ സത്യത്തിനും നീതിക്കും വേണ്ടി പോരാടാനുള്ള ഉത്തരവാദിത്വം ഉണ്ട്‌.

മനുഷ്യത്വം എന്നു പറയുന്നത്‌ വിഢ്ഢിത്തരത്തിന്റെയും ഭീരുത്വത്തിന്റെയും പ്രകടനം മാത്രമാണ്‌.

ഒരു നുണയെ വലുതാക്കുക, പറഞ്ഞാല്‍ മനസ്സിലാകുന്ന രീതിയില്‍ പറയുക, പറഞ്ഞു കൊണ്ടേയിരിക്കുക, ക്രമേണ അവരതു വിശ്വസിക്കും.

നന്മയിലേക്കുണരുക.

ജാതിയുടേയും വിശ്വാസത്തിന്റേയും പേരില്‍ മനുഷ്യര്‍ തമ്മിലടിക്കുന്ന പല സന്ദര്‍ഭങ്ങള്‍ ഇന്നും നാം പത്രങ്ങളില്‍ വയിച്ചു കൊണ്ടേയിരിക്കുന്നു. മനുഷ്യ സ്നേഹം ലക്ഷ്യമാക്കി രൂപപ്പെട്ട മതങ്ങള്‍ മനുഷ്യന്‍ എങ്ങിനെ പെരുമാറണമെന്നാണ്‌ വിവക്ഷിച്ചിരിക്കുന്നത്‌? ചില സൂക്തങ്ങള്‍ ശ്രദ്ധിക്കുക.

അനുവര്‍ത്തിക്കാന്‍ വിധിച്ചിട്ടുള്ള കര്‍മ്മങ്ങള്‍ ചെയ്യാതെ ജന്മം വൃഥാവിലാക്കിയവര്‍ക്കും, അനുവദിച്ചിട്ടില്ലാത്ത വിധം ഭിന്ന ജാതികള്‍ ചേര്‍ന്ന് ജനിച്ചവര്‍ക്കും, അവിശ്വാസികള്‍ക്കും, ആത്മഹത്യചെയ്തവര്‍ക്കും മരണാനന്തരം തര്‍പ്പണം ചെയ്യാന്‍ പാടുള്ളതല്ല.
മനുസ്മൃതി, അദ്ധ്യായം 5.89


അവിടെയുണ്ടായിരുന്ന സകല ജീവജാലങ്ങളേയും,പുരുഷന്മാരേയും,സ്ത്രീകളേയും,യവ്വനയുക്തരേയും,വൃദ്ധരേയും,കാളകളേയും, ആടുകളേയും, കഴുതകളേയും അവര്‍ വാളിനിരയാക്കി.
അനന്തരം, കര്‍ത്താവിന്റെ ഭണ്ഡാഗാരത്തില്‍ നിക്ഷേപിച്ച സ്വര്‍ണ്ണവും, വെള്ളിയും, പിച്ചളപ്പാത്രങ്ങളും, ഇരുമ്പുപാത്രങ്ങളുമൊഴികെ പട്ടണവും അതിലുള്ള സമസ്ഥവും അവര്‍ അഗ്നിക്ക്‌ ഇരയാക്കി.
ബൈബിള്‍, ജ്വോഷ്വ 6:21, 24


വിശ്വാസികളെ, നിങ്ങളുടെ സ്വന്തം ആളുകളല്ലാതെ ആരുമായും സൗഹൃദത്തില്‍ പെടാതിരിക്കുക. നിങ്ങളെ നശിപ്പിക്കാന്‍ അവര്‍ (അവിശ്വാസികള്‍) ഒരു മാര്‍ഗ്ഗവും ഉപയോഗിക്കാതിരിക്കില്ല. നിങ്ങളുടെ നാശമാണ്‌ അവര്‍ക്ക്‌ വേണ്ടത്‌. വായാലുരുവിടുന്ന വാക്കുകളില്‍ നിന്ന് അവരുടെ വെറുപ്പ്‌ പ്രകടമാണ്‌, എന്നാല്‍ അതിലും എത്രയോ വലുതാണ്‌ അവര്‍ നെഞ്ചിലൊളിക്കുന്നത്‌.

ഖുറാന്‍, ഇമ്രാന്‍ 3:118

Tuesday, April 29, 2008

സീറ്റ്‌ ബെല്‍റ്റും സ്ത്രീ ശാക്തീകരണവും.

മൂന്നാഴ്ച മുന്‍പാണ്‌. തൃശൂര്‌ പെങ്ങളുടെ വീട്ടില്‍ പോയി മടങ്ങുമ്പോള്‍ കുട്ടികള്‍ക്ക്‌ നിര്‍ബന്ധം, ആതിരപ്പള്ളിക്ക്‌ പോണം എന്ന്. വെക്കേഷനല്ലേ, ഇതുവരെ ഒരിടത്തും കൊണ്ടു പോയില്ല, എന്നാലങ്ങിനെയാവട്ടെ എന്നു വെച്ചു. കുറേ നാള്‍ കൂടിയാണ്‌ ആതിരപ്പള്ളിക്ക്‌ പോകുന്നത്‌. നല്ല തിരക്ക്‌, പൊരിവെയിലും. പോരാഞ്ഞ്‌ സത്യാഗ്രഹക്കാരുടെ താനാരോ... തന്തയാരോ പാട്ട്‌ ലൗഡ്‌ സ്പീക്കറില്‍ ചെവി പൊട്ടുമാറ്‌ വെച്ചു സന്ദര്‍ശകരെ പീഠിപ്പിക്കുകയും. അധികം നില്‍ക്കാനാകാതെ മടങ്ങി.
വഴിയില്‍ പോലീസ്‌ ചെക്കിങ്‌. ഒരു പോലീസുകാരന്‍ കൈ കാണിച്ചു. "ഇതെന്താ, ഫാമിലിയാണേല്‍ ചെക്ക്‌ ചെയ്യരുതെന്നല്ലേ" ഭാര്യ എന്നൊട്‌ പരിഭവിച്ചു. (അങ്ങിനെ വല്ല നിയമവും ഉണ്ടോ?) ഏതായാലും വണ്ടിയുടെ കടലാസുകളും ലൈസന്‍സും ഒക്കെയായി ഇറങ്ങിച്ചെന്നു. ഏമാന്‍ന്‌ അതൊന്നും കാണണ്ട. "വണ്ടി ഏതാ മോഡല്‍?" വളരെ കാര്യമായുള്ള അന്വേഷണം. "2004" ഞാന്‍. "അയ്യോ! അപ്പം രക്ഷയില്ല. 2002 വരെ കുഴപ്പമില്ല. ബെല്‍റ്റിടാത്തതിന്‌ ഫൈനുണ്ട്‌. ഒരു നൂറു രൂപ അടയ്ക്കാമല്ലോ?" എന്റെ ഭാര്യ പോലും എന്നോട്‌ ഇത്ര സ്നേഹത്തിലും സഹതാപത്തിലും സംസാരിക്കാറില്ല. ഫൈനടച്ചു. ചെറിയ വിഷമം തോന്നി, കാരണം ആദ്യമായാണ്‌ വണ്ടിക്കാര്യത്തില്‍ ഫൈനടയ്ക്കുന്നത്‌. എന്തായാലും ഇടയ്ക്കുപേക്ഷിച്ച ഒരു നല്ല ശീലം തിരിച്ചു കിട്ടി. (നേരത്തെ കൃത്യമായി ബെല്‍റ്റ്‌ ഉപയോഗിക്കുമായിരുന്നു. കൂടെ കയറുന്നവര്‍ കമന്റാന്‍ തുടങ്ങിയപ്പോള്‍ ഉപേക്ഷിച്ചതാണ്‌.)

ഭാര്യയുടെ അടുത്ത കൂട്ടുകാരിയാണ്‌ സൂര്യ. സൂര്യ അടുത്തിടെയാണ്‌ ഡ്രൈവിംഗ്‌ പഠിച്ചത്‌. കഴിഞ്ഞ ദിവസം കക്ഷിയെ വഴിയില്‍ വെച്ചു പോലീസ്‌ പിടിച്ചു. ആളാകെ വിരണ്ടു, കടലാസുകളുമായി ചെന്നപ്പോഴാണ്‌ പറയുന്നത്‌, സീറ്റ്‌ ബെല്‍റ്റില്ലാത്തതാണ്‌ പ്രശ്നം. ഫൈനടയ്ക്കണം.
"അയ്യോ സര്‍, ഞാന്‍ പ്രെഗ്നന്റ്‌ ആണ്‌. അതുകൊണ്ടാണ്‌ ബെല്‍റ്റിടാഞ്ഞത്‌."
"ഉവ്വോ! സോറി മാഡം. പൊയ്യ്ക്കോളൂ."
ഏമാനറിയുന്നുണ്ടോ തന്നെ വിറ്റ കാശുമായാണ്‌ ചില പെണ്ണുങ്ങള്‍ ഇറങ്ങിയിരിക്കുന്നതെന്ന്?

Wednesday, April 23, 2008

അസുഖകരമായ ഒരു സത്യം.


അല്‍ ഗോറിനെ നാമാരും മറന്നിട്ടില്ല. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍, കുറച്ചേറെ നാള്‍ അമേരിക്കയുടെ വരും പ്രസിഡെന്റ്‌ ആയിരുന്നയാള്‍. പിന്നെ 2007 ലെ നോബല്‍ സമ്മാന ജേതാവ്‌, ഏറ്റവും പ്രധാനമായി ഒരു മുന്‍നിര പരിസ്ഥിതി പോരാളി.
ഇപ്പോള്‍ അദ്ദേഹത്തെ ഓര്‍ക്കാന്‍ കാര്യമുണ്ട്‌. ഇന്നലത്തെ HBOയിലെ രാത്രിപ്പടം അദ്ദേഹത്തിന്റെ An Incovenient Truth അയിരുന്നു. ആഗോളതാപനത്തെ പറ്റി അദ്ദേഹം നടത്തുന്ന സ്ലൈഡ്‌ പ്രസന്റേഷന്റെ ഒരു ചലച്ചിത്രാവിഷ്കരണം. കുറച്ചു പേരെങ്കിലും ആ ചിത്രം കണ്ടിട്ടുണ്ടാകും എന്നു കരുതുന്നു. കാണാത്തവര്‍ക്കായി ഒരു പരിചയപ്പെടുത്തല്‍.
"നമുക്കു നേരിടേണ്ടി വരുന്ന അത്യാപത്ത്‌ തീവ്രവാദം മാത്രമല്ല." അല്‍ ഗോര്‍ ഓര്‍മിപ്പിക്കുന്നു. ആഗോള താപനത്തിന്റെ ഗുരുതരാവസ്ഥ അദ്ദേഹം സ്ഥിതിവിവരക്കണക്കുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ വിവരിക്കുമ്പോള്‍ നമുക്ക്‌ അസ്വസ്ഥരാവാതെ വയ്യ. ആഗോളതാപനം ഒരു ഒരു ബുദ്ധിജീവി പേച്ചാണെന്നു ധരിച്ചു വെച്ചിരിക്കുന്ന നമ്മളില്‍ പലര്‍ക്കും അതൊരു നടുക്കുന്ന സത്യമായി വെളിവാകുന്നു. സംഖ്യകളും ഗ്രാഫുകളും പവര്‍പോയിന്റ്‌ സ്ലൈഡുകളും ഇവിടെ പക്ഷെ പതിവുപോലെ നമ്മളെ ബോറടിപ്പിക്കുന്നില്ല, മറിച്ച്‌ വിശ്വാസ്യതയെ എന്നപോലെ തന്നെ ഇരിപ്പിടങ്ങളിലേക്കും അവ നമ്മെ ഉറപ്പിക്കുന്നു.
ഇതെല്ലാം പറഞ്ഞ്‌ ഭയപ്പെടുത്തി നമ്മെ വഴിയില്‍ ഉപേക്ഷിച്ചു പോകുന്നില്ല അല്‍ ഗോര്‍. നമുക്ക്‌ എന്തു ചെയ്യാനാവും എന്നും അദ്ദേഹം പറഞ്ഞു തരുന്നു. അത്തരം ഇടപെടലുകള്‍ എത്രമാത്രം ഫലപ്രദമാണെന്നും അദ്ദേഹം പറയുന്നു. കാര്യക്ഷമമായി നാമോരുരുത്തരും പ്രവര്‍ത്തിച്ചാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ നമുക്ക്‌ 1970 നു മുന്‍പുള്ള പാരിസ്ഥിതിക അവസ്ഥയിലേക്ക്‌ മടങ്ങാനാവും. ഓസോണ്‍ പാളിയിലുണ്ടായ ക്ഷതത്തെ നമ്മള്‍ ഫലപ്രദമായി ഭേദപ്പെടുത്തിയത്‌ ഉദാഹരണമായി പറയുമ്പോള്‍ നമുക്കല്‍പ്പം ആശ്വാസം തോന്നും.
"ഒരു തിരുത്തലിനു വേണ്ട എല്ലാ സാമഗ്രികളും നമുക്കുണ്ട്‌, ഒരു പക്ഷെ ഇല്ലാത്തത്‌ രാഷ്ട്രീയ ഇച്ഛാശക്തി മാത്രമാണ്‌." "But political will is a renewable resource." എന്നദ്ദേഹം പറയുന്നത്‌ അമേരിക്കയെപ്പറ്റിയാണെങ്കിലും നമുക്കും ചിലതൊക്കെ തോന്നേണ്ടതല്ലേ?
തീര്‍ച്ചയായും ഈ ചിത്രം കാണണം. ഇന്‍ഡ്യയിലുള്ളവര്‍ക്ക്‌ വരും ദിവസങ്ങളില്‍ HBO യില്‍ പുനര്‍ പ്രക്ഷേപണം ഉണ്ടാവും.

Thursday, March 27, 2008

ഹോമിയോ ചികില്‍സയും ജീരകമിഠായിയും

കേരളത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ KGMOA യുടെ ജേണലില്‍, മാര്‍ച്ച്‌ ലക്കം, KGMOA കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌ ഡോ: എം. മുരളീധരന്‍ എഴുതിയ ലേഖനം.

ഹോമിയോ ചികില്‍സയും ജീരകമിഠായിയും.

കേന്ദ്ര ആരോഗ്യ മന്ത്രാലയം അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യ സംരക്ഷണത്തിന്‌ ഹോമിയോ ചികില്‍സ ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചതായി ഹിന്ദു പത്രം റിപ്പോര്‍ട്‌ ചെയ്തിരുന്നു. ഹോമിയൊ മരുന്നുകല്‍ സുരക്ഷിതമാണെന്നും ഗര്‍ഭകാലത്തും, പ്രസവാനന്തരവും ഉപയോഗിക്കാന്‍ ഉത്തമമാണെന്നും ഇതു സംബന്ധിച്ചിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.സര്‍വോപരി, pills are sweet and thus child friendly എന്ന സ്വീറ്റ്‌ ഐഡിയ!

പ്രതി പ്രവര്‍ത്തനം/ എതിര്‍ പ്രവര്‍ത്തനമില്ലാത്തവയാണെന്നും സുരക്ഷിതമാണെന്നും പറയുമ്പോള്‍ ഇതെത്രമാത്രം സത്യമാണെന്ന് സംശയം ഉയരാറുണ്ട്‌. ആക്ഷന്‍ ഉണ്ടായിട്ടു വേണ്ടെ റിയാക്ഷന്‍ എന്ന് പറയുന്നത്‌ വിരുദ്ധന്മാരാണ്‌ എന്ന് ഹോമിയോ വിശ്വാസികള്‍ കണ്ണടച്ച്‌ ആണയിടും. ഹോമിയോ ചികില്‍സയുടെ റിയാക്ഷന്‍ എത്ര തവണ കണ്ടിട്ടുള്ളവരാണ്‌ ഇവിടെ ചികില്‍സ ചെയ്യുന്ന ഡോക്ടര്‍മാരില്‍ ഭൂരിപക്ഷവും എന്നത്‌ കളവാകുമോ?

സാമുവല്‍ ഹാനിമാന്‍ എന്ന ജര്‍മന്‍ ഡോക്ടര്‍, മോഡേണ്‍ മെഡിസിന്റെ ദൂഷ്യഫലങ്ങള്‍ എല്ലാം മാറ്റി തൊലികളഞ്ഞുണ്ടാക്കിയ ഒന്നാംതരം മധുര ചികില്‍സാ സമ്പ്രദായമാണ്‌ ഹോമിയോപ്പതി! പേരില്‍ തന്നെ മോഡേണ്‍ മെഡിസിനെ താഴ്ത്തിക്കെട്ടാന്‍ ഹാനിമാന്‍സായിപ്പ്‌ ശ്രദ്ധിച്ചിട്ടുണ്ട്‌. അലോപ്പതി എങ്ങിനെ വന്നാലും ഭാഷാശാസ്ത്രപരമായി ഹോമിയോപ്പതിക്ക്‌ താഴയേ വരൂ. പക്ഷെ ഭാഷയും ശാസ്ത്രവും രണ്ടാണെന്ന് പാവം ജനം മനസ്സിലാക്കി എന്നത്‌ മറ്റൊരു കാര്യം.

സമം സമത്തെ ഭേദമാക്കും എന്നതാണ്‌ ഹോമിയോപ്പതിയുടെ ശാസ്തീയ അടിസ്ഥാനം.സിങ്കോണ നല്‍കുമ്പോള്‍ വിറക്കുന്നു. അതുകൊണ്ട്‌ മലമ്പനിക്ക്‌ സിങ്കോണ! മരുന്നുകളുടെ ശക്തിയെക്കുറിച്ച്‌ പറയുമ്പോഴാണ്‌ പഞ്ചാരിമേളം അരങ്ങേറുന്നത്‌. മരുന്നുകള്‍ വെള്ളം ചേര്‍ത്ത്‌ നേര്‍പ്പിക്കുംത്തോറും അതിന്റെ രോഗശമനശേഷി കൂടുന്നു എന്ന് ഹോമിയോ വിശ്വാസികള്‍. അതെങ്ങിനെ എന്നു ചോദിച്ചാല്‍, അതങ്ങിനെതന്നെ എന്ന ശക്തമായ മറുപടി കിട്ടും. അത്ര മാത്രം. സംവാദം അവസാനിച്ചു. ആ കാഴ്ചപ്പാടിന്‌ ശാസ്ത്രീയ പിന്‍ബലമുണ്ടോ എന്നു ചോദിച്ചാല്‍ ഹോമിയോ വിനീതനാവും. സയന്‍സ്‌ അത്‌ കണ്ടു പിടിക്കാന്‍ മാത്രം വളര്‍ന്നിട്ടില്ലെന്ന മറ്റൊരു വിനീതമായ മറുപടിയും ലഭിക്കും. ഒരു വിധക്കാര്‍ എല്ലാം സംശയം നിര്‍ത്തി വീട്ടില്‍ പോകും. അഥവ, കൂടുതല്‍ സംശയിച്ചാല്‍ വിവരമറിയും.

എങ്ങിയാണ്‌ നേര്‍പ്പിക്കുമ്പോള്‍ മരുന്നിന്റെ ശക്തികൂടുന്നതെന്നു ചോദിക്കുമ്പോഴാണ്‌ potentiation എന്ന ഭീകരനെ അവര്‍ അവതരിപ്പിക്കുക. എത്ര നേര്‍പ്പിച്ചാലും വെള്ളത്തിന്റെ മോളിക്ക്യൂളുകള്‍ മരുന്നിനെ ഓര്‍മ്മിക്കും. മോളിക്ക്യൂളുകളുടെ ഓര്‍മ്മശക്തി അപാരമാണത്രെ! നേര്‍പ്പിക്കുംതോറും ഓര്‍മ്മ കൂടിക്കൂടി മരുന്നിന്റെ ശക്തി വര്‍ദ്ധിക്കുന്നു. ശാസ്ത്രീയമായി തെളിയിക്കാമോ എന്നു ചോദിച്ചാല്‍ നേരത്തെ കിട്ടിയതും മറ്റു ചിലതും കൂടി കിട്ടും.ഒരു മരുന്ന് ശാസ്ത്രീയമായി വിലയിരുത്തപ്പെടുന്നതു വരെ വ്യാജ മരുന്നായിരിക്കുമെന്നത്‌ പ്രാഥമിക ഫാര്‍മക്കോളജി നിയമമാണ്‌. ഇവിടെയാവട്ടെ ഒരു മരുന്നിന്റെയും ശക്തി ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നില്ല. രോഗം മാറുന്നില്ലേ എന്നു കടുത്ത വിശ്വാസി അല്‍പം നീരസത്തോടെ നിങ്ങളോട്‌ ചോദിക്കും. മാറാത്ത രോഗിയുടെ കാര്യങ്ങള്‍ പറയുമ്പോള്‍ പഥ്യത്തിന്റെയും ജീവിത ശൈലിയുടേയും കടുത്ത പ്രശ്നങ്ങള്‍ അവര്‍ ദാര്‍ശനികമായി അവതരിപ്പിക്കും. മന്ത്രിച്ചൂതിയ ചരട്‌ കെട്ടിയാലും ചിലതൊക്കെ രോഗങ്ങള്‍ മാറുന്ന കാര്യം നിങ്ങള്‍ ഒട്ടൊരു സംശയത്തോടെ ചോദിക്കാനാഞ്ഞാല്‍, സംവാദം മറ്റു ചില തലങ്ങളിലേക്കുയരും.

ഡെങ്കിക്കും ചിക്കുന്‍ ഗുനിയക്കും മറ്റും ഇവര്‍ മാസ്‌-മെഡിസിന്‍ നല്‍കുന്നു. ഓരോ രോഗിക്കും വ്യത്യസ്ഥ മരുന്നുകള്‍ വേണമെന്നും, ഒരു രോഗിക്കു തന്നെ വ്യത്യസ്ഥസമയങ്ങളില്‍ വ്യത്യസ്ഥ മരുന്നാണ്‌ വേണ്ടത്‌ എന്നും ആണയിടുന്നവരാണിവര്‍ എന്ന് ഓര്‍ക്കണം. അപ്പോള്‍ ഈ മാസ്‌-മെഡിസിന്റെ അടിസ്ഥാനമെന്താണ്‌? ഇവരുടെ മരുന്ന് കഴിച്ചിട്ടും ഡെങ്കിയും ചിക്കുന്‍ ഗുനിയയും വന്നവരുടെ കഥകള്‍ അസൂയാലുക്കള്‍ പറഞ്ഞുണ്ടാക്കുന്നതായിരിക്കാം.

പള്‍സ്‌ പോളിയോ നടക്കുമ്പോഴാണ്‌ ഇവരുടെ യഥാര്‍ത്ഥ മുഖം പുറത്തു വരുന്നത്‌. ഇന്ത്യാ ഗവര്‍മ്മെന്റ്‌ നിരവധി പഠന-ഗവേഷണങ്ങള്‍ക്ക്വ്‌ ശേഷമാണ്‌ പള്‍സ്‌ പോളിയോ എന്ന പദ്ധതി പോളിയോ രോഗത്തെ നിര്‍മാര്‍ജ്ജനം ചെയ്യാനായി ഇന്ത്യയില്‍ അവതരിപ്പിച്ചത്‌. ലോകത്തിലെ 100- ലേറെ രാഷ്ട്രങ്ങള്‍ ഈ രീതിശാസ്ത്രം ഉപയോഗിച്ച്‌ പോളിയോ രോഗം അതതു രാഷ്ട്രങ്ങളില്‍ ഇല്ലായ്മ ചെയ്തുകഴിഞ്ഞു. 1962- ല്‍ ഫിഡല്‍കാസ്റ്റ്രോയുടെ ക്യൂബയില്‍ തുടങ്ങിയ ഈ യജ്ഞം ഇനി മൂന്നോ നാലോ രാജ്യങ്ങളില്‍ മാത്രമേ പൂര്‍ത്തീകരിക്കപ്പെടാനുള്ളൂ. അങ്ങനെയിരിക്കേ, കേരളത്തില്‍ പള്‍സ്‌ പോളിയോ വരുമ്പോഴൊക്കെ ഹോമിയോ ചികില്‍സകര്‍ വഴി മുടക്കാന്‍ വൃഥാശ്രമിക്കുന്നത്‌ എന്തിനായിരിക്കും? സത്യത്തില്‍ അവരുടേത്‌ ഒരു ദേശ വിരുദ്ധ പ്രവര്‍ത്തനമാണെന്ന് അവര്‍ തിരിച്ചറിയുന്നില്ലേ? തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടം ആ നാട്ടിലെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി നിരവധി പഠനങ്ങളുടെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഒരു രോഗ പ്രതിരോധപദ്ധതി തുരങ്കം വെയ്ക്കാന്‍ ശ്രമിക്കുന്നത്‌ ഒരഞ്ചാറു വര്‍ഷമെങ്കിലും സുഖവാസം ലഭിക്കാവുന്ന കടുത്ത ദേശദ്രോഹ പ്രവര്‍ത്തനമാണെന്ന് ഇതുവരെ ആരും ഇവരെ ബോദ്ധ്യപ്പെടുത്തിയതായി കാണുന്നില്ല. അഥവ അവര്‍ക്ക്‌ ഈ പദ്ധതിയോട്‌ ശാസ്ത്രീയമായ വിയോജിപ്പുണ്ടെങ്കില്‍ അത്‌ കൃത്യമായി ഭാരത സര്‍ക്കാരിനെ അറിയിക്കുകയും ബോദ്ധ്യപ്പെടുത്തുകയും ഈ പദ്ധതി പിന്‍വലിപ്പിക്കുകയും ആണു വേണ്ടത്‌. അതിനു പകരം ഇവര്‍ ചെയ്യുന്നത്‌ ഒളിഞ്ഞും തെളിഞ്ഞുമുള്ള കുപ്രചരണം!

ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നതു കൊണ്ട്‌ കര്‍ത്താവിനോട്‌ മനസ്സറിഞ്ഞ്‌ പ്രാര്‍ത്ഥിക്കാന്‍ പോലും കഴിയാതെ പോകുന്നതിന്റെ ഖേദം ആരോട്‌ പറയും?കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്‌ മധുരമുള്ളതും ചൈല്‍ഡ്‌ഫ്രന്‍ഡ്‌ലിയുമായ ഹോമിയോ മരുന്ന് ശുപാര്‍ശ ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ അവരുടെ ഈ നയം എങ്ങിനെ കാണുമെന്നറിയാന്‍ താല്‍പര്യമുണ്ട്‌.

നമ്മുടെ അമ്മമാരുടേയും കുട്ടികളുടേയും ആരോഗ്യസ്ഥിതി തികച്ചും ആശാവഹം തന്നെ!

Sunday, March 23, 2008

അഗസ്ത്യാര്‍കൂട യാത്ര-3


വീണ്ടും യാത്ര തുടങ്ങി. ഷെല്‍ട്ടറില്‍ നിന്നും അല്‍പം അകലെയായി അഗസ്ത്യാകൂടത്തിനു തിരിയുന്ന മുക്കില്‍ ഒരു ഫോറസ്റ്റ്‌ ഗാര്‍ഡ്‌ ഇരിക്കുന്നുണ്ട്‌. മറ്റു ചില ഗൈഡുകള്‍ അനുചരന്മാരായും.
രാജ്‌കുമാറേ സമയം എത്രയായി എന്നറിയാമോ? എന്ന് ഒരു മുന്നറിയിപ്പെന്നോണം ഗാര്‍ഡ്‌ ചോദിച്ചു. രാത്രിയില്‍ കിടന്ന് കൂക്കിവിളിച്ചാലൊന്നും വരാനിവിടെയാരുമില്ല എന്നായി കൂടെയുള്ള ഗൈഡുകള്‍. ഏതായാലും ടോര്‍ച്ചിന്റെ ബലത്തില്‍ ഞങ്ങളെ പോകാന്‍ അനുവദിച്ചു. ഒരു പത്തു മിനിറ്റ്‌ നടന്നു കാണും, ഞങ്ങളുടെ കൂട്ടു സംഘത്തിലെ ഒരാളുടെ കാലിന്റെ മസില്‍ പിടിച്ചു. അതോടെ അവര്‍ പിന്‍വാങ്ങുന്ന സ്ഥിതിയായി. കുട്ടപ്പന്‍ ഏതായാലും അവസരത്തിനൊത്തുയര്‍ന്നു, ജീപ്പാസ്‌ കുട്ടപ്പന്റെ കയ്യിലായി.

യാത്രയ്ക്ക്‌ ഞങ്ങളും രാജ്‌കുമാറും മാത്രമായി. വീണ്ടും കൊടും കാട്ടിലൂടെ ഒരു മണിക്കൂറോളം. മിക്കവാറും നല്ല കയറ്റം.അപ്പൊഴേക്കും ഈറ്റക്കാട്ടില്‍ എത്തി. അവിടെ നിന്നും താഴേക്കു നോക്കിയാല്‍ ദൂരെ ഒരു ചെറിയ രേഖ പോലെ ഷെല്‍ട്ടര്‍ കാണാം. ബാക്കി കിടക്കുന്ന ദൂരത്തെപ്പറ്റി ധാരണ ഒന്നും ഇല്ല. ഈറ്റക്കാട്ടിലെ യാത്ര ഒരു കല്ലില്‍ നിന്നും മറ്റൊന്നിലേക്കാണ്‌. ഇടയ്ക്കൊക്കെ ആനപ്പിണ്ഠം കിടക്കുന്നു. പഴയതാണ്‌ എന്നൊരു ആശ്വാസം മാത്രം. തുടര്‍ന്ന് ഒരു പാറപ്പുറത്ത്‌ എത്തി. അവിടെ ഒരു അരുവിയും ചെറിയ ഒരു ജലാശയവും ഉണ്ട്‌. മുകളില്‍ നിന്ന് മടങ്ങുന്ന ചിലര്‍ അവിടെ കുളിക്കുന്നു. ഇനി നിങ്ങള്‍ എപ്പോള്‍ പോയി വരും എന്ന് അവര്‍ ആശ്ചര്യപ്പെട്ടു. ദിലി സാമാന്യം അവശനായിരുന്നു. ഇനി അധികമുണ്ടോ എന്ന ചോദ്യത്തിന്‌, ഇനിയല്ലേ ദൂരം മുഴുവന്‍ എന്നൊരാള്‍. അവര്‍ മുകളില്‍ നിന്നിറങ്ങാന്‍ തുടങ്ങിയിട്ട്‌ രണ്ടു മണിക്കൂറായത്രെ!

ഇവിടെ നിന്ന് കൊടുമുടിയുടെ മുകള്‍വശത്തേക്ക്‌ ഒരേകദേശ കാഴ്ച കിട്ടും. കുറെ ദൂരം ചരിവും പരപ്പുമായി ഇരുന്നതിനു ശേഷം മുകളിലേക്ക്‌ പാറയുടെ ഒരു മകുടമാണ്‌. അതിന്റെ ഇടയ്ക്കുള്ള മടക്കുകളില്‍ ചോലക്കാടുകളും. അതിരുമലയില്‍ നിന്നും കാണുന്ന ഭാഗത്തിന്റെ മറുവശത്താണ്‌ നാമിപ്പോള്‍. അതായത്‌,അഗസ്ത്യകൂടത്തിന്റെ ഒരു പാതി പ്രതിക്ഷിണം കഴിഞ്ഞിരിക്കുന്നു. ഇനി നേരെ മുകളിലേക്ക്‌ കയറാം. ഈ വശത്തുകൂടിമാത്രമേ നടന്നു കയറാന്‍ കഴിയൂ. ഇപ്പോഴും മുകള്‍ഭാഗം ഒരു ദൂരക്കാഴ്ചയായി നില്‍ക്കുന്നു.എല്ലാവരും അവശരായിരുന്നു, ദിലി പ്രത്യേകിച്ച്‌. യാത്ര തീരെ സാവധാനത്തിലായി. അല്‍പം കൂടി കഴിഞ്ഞപ്പോള്‍ കുത്തനെയുള്ള ഭാഗത്തിന്റെ ചുവട്ടിലെത്തി. ഈ സ്ഥലമാണത്രെ പൊങ്കാലപ്പാറ. അത്യാവശ്യം വന്നാല്‍ ഇവിടെ രാത്രി തങ്ങാന്‍ പറ്റുമെന്ന് രാജ്‌കുമാര്‍ പറഞ്ഞു. മഴ കൊള്ളാതെ കിടക്കാന്‍ പറ്റുന്ന സ്ഥലമുണ്ടത്രെ.ദിലി മടിച്ചു തുടങ്ങി. തീരെ പറ്റില്ലെങ്കില്‍ നമുക്ക്‌ മടങ്ങാം, അതില്‍ നാണക്കേടൊന്നും കരുതാനില്ല എന്നു ഞങ്ങള്‍ പറഞ്ഞു. ഇത്രയും വന്നിട്ട്‌ കയറാതെ മടങ്ങാനോ എന്നായി രാജ്‌കുമാര്‍. ഏതായാലും കയറാതെ മടങ്ങാന്‍ ദിലിക്കും മനസ്സുണ്ടായിരുന്നില്ല.

പക്ഷെ ഇനിയും കയറി, ഈ ദൂരമത്രയും തിരിച്ചു നടന്ന് ക്യാമ്പിലെത്താന്‍ സാധിക്കുമോ എന്നൊരു സംശയം.ഏതായാലും ഇന്നിനി ക്യാമ്പിലേക്ക്‌ മടങ്ങണ്ട എന്നു തീരുമാനിച്ചു. സൗകര്യം പോലെ മുകളിലോ പൊങ്കാലപ്പറയിലോ രാത്രി കൂടാം. തിരിച്ചു ചെന്നില്ലെങ്കില്‍ ക്യാമ്പില്‍ പ്രശ്നം വല്ലതും ഉണ്ടാകുമോ എന്നു രാജ്‌കുമാറിനോട്‌ ചോദിച്ചു. അങ്ങിനത്തെ കുഴപ്പം ഒന്നും ഇല്ലെന്നു കക്ഷി. പക്ഷെ രാത്രി പട്ടിണി കിടക്കേണ്ടേ? സാരമില്ല, ബിസ്ക്കറ്റ്‌ ഉണ്ട്‌, അതുകൊണ്ട്‌ അഡ്ജസ്റ്റ്‌ ചെയ്യാം എന്നു ഞങ്ങള്‍ സമാധാനിപ്പിച്ചു.

ഇനി ചോലക്കാടു വഴി കുത്തനെ കയറ്റമാണ്‌. പാറയുടെ വിള്ളലിനുള്ളിലൂടെ ഒരാള്‍ക്ക്‌ കഷ്ടി കടന്നു പോകാവുന്ന വഴിയാണ്‌ പലയിടത്തും. ഇവിടെ കാടിനുള്ളില്‍ തീരെ ചെറിയ മരങ്ങളാണ്‌. എട്ടോ പത്തോ അടിയില്‍ കൂടുതല്‍ ഉയരമില്ല. ഇലകളും തീരെ ചെറുത്‌. അവയുടെ വേരിലും അതിനിടയിലെ ഒരു തരി മണ്ണിലും ചവിട്ടി ഗോവണി കയറുന്നതു പോലാണ്‌ യാത്ര.ആ ഘട്ടവും കടന്നു. മുന്‍പിലിനി കുത്തനെയുള്ള ഒരു ഉരുളന്‍ പാറയാണ്‌. പിടിച്ചു കയറാന്‍ ഒന്നുമില്ല. തീരെ പറ്റില്ലായെങ്കില്‍ കൈകള്‍ കൂടി കുത്തി കയറാം. ഏതായാലും അതു വേണ്ടി വന്നില്ല. ആ ഭാഗത്ത്‌, ഒരു പത്തടി ഇടത്തേക്ക്‌ മാറിയാല്‍ നോക്കെത്താ താഴ്ചയില്‍ കുത്തനെ കിടക്കുകയാണ്‌. അതിനും അപ്പുറത്തായി താഴെ നാലു മുടികളുള്ള ഒരു പര്‍വ്വതം കാണാം, പേരറിയില്ല.

കയറുന്ന ബുദ്ധിമുട്ടിനേക്കാള്‍ ഇതിനിയെങ്ങിനെ ഇറങ്ങും എന്നായി ചിന്ത. വലിയ ബുദ്ധിമുട്ടില്ലാതെ നടന്നു കയറാന്‍ പറ്റുന്ന സ്ഥലമാണ്‌ ഇനി കുറച്ച്‌. ആദ്യത്തതിലും ദുര്‍ഘടമായ ഒരു പാറയാണിനി മുന്‍പില്‍. പാറയുടെ കിടപ്പും ഒന്നു തെന്നിയാലുള്ള സ്ഥിതിയും ചിന്തിച്ചപ്പോള്‍ സ്നീക്കറില്‍ വിശ്വാസം തോന്നിയില്ല. അതഴിച്ചു വെച്ചു. വെറും പാദമാണ്‌ കൂടുതല്‍ സുരക്ഷിതം എന്നു തോന്നി. ഒറ്റ ശ്വാസത്തിന്‌ അതും അള്ളിപ്പിടിച്ചു കയറി.വീണ്ടും അല്‍പം കൂടി മുന്നോട്ട്‌, മുന്നില്‍ ഒരു പച്ചപ്പ്‌ തെളിഞ്ഞു. വിശ്വസിക്കാന്‍ ഒരു നിമിഷം എടുത്തു. ദൈവമേ! മുകളിലെത്തിക്കഴിഞ്ഞു.

സന്തോഷത്തിനെക്കാളേറെ ആശ്വാസമാണ്‌ തോന്നിയത്‌. നെഞ്ച്‌ നിറയെ രണ്ട്‌ മൂന്ന് ശ്വാസം വലിച്ചു വിട്ടു.മുന്നില്‍ അഗസ്ത്യന്റെ പ്രതിഷ്ട. രാജ്‌കുമാര്‍ വിളക്കു കൊളുത്തി. ഞങ്ങള്‍ ഒരു മിനുറ്റ്‌ വാക്കുകളില്ലാത്ത പ്രാര്‍ത്ഥനയില്‍ മുഴുകി, മഞ്ഞള്‍ പ്രസാദം തൊട്ടു. മണി മുഴക്കി.

പെട്ടെന്ന് തണുത്ത കാറ്റ്‌ വീശാന്‍ തുടങ്ങി. മുകളില്‍ മിനുറ്റ്‌ വെച്ച്‌ കാലാവസ്ഥ മാറിക്കൊണ്ടിരിക്കും എന്നാരോ താഴെ വെച്ച്‌ പറഞ്ഞതോര്‍ത്തു. ആകെ ദുര്‍ബലരായി നില്‍ക്കുന്ന ഞങ്ങള്‍ക്ക്‌, കാറ്റില്‍ ശരീരത്തിന്‌ നേരേ നില്‍ക്കാനുള്ള ശേഷി തന്നെ നഷ്ടപ്പെടുന്നതായി തോന്നി. അവിടെ എന്തോ സുരക്ഷിതമല്ല എന്നൊരു ഗട്ട്‌ ഫീലിംഗ്‌. മണി അഞ്ചേകാലേ ആയുള്ളൂ. നേരത്തെ കരുതിയതിലും 15 മിനുറ്റ്‌ നേരത്തെ. നമ്മുക്ക്‌ ക്യാമ്പിലേക്ക്‌ തിരിച്ചു പോയാലോ? കുട്ടപ്പനും ദിലിയും അതു തന്നെയാണ്‌ ചിന്തിച്ചതും.സാവധാനം മലയിറങ്ങാന്‍ തുടങ്ങി. ദിലി മിക്കവാറും റിക്കവര്‍ ചെയ്തിരുന്നു. താഴെ ഈറ്റക്കാടു വരെ വെളിച്ചം ഉണ്ടായിരുന്നു. അപ്പോഴേക്കും ഇരുട്ടായി. പിന്നെ ടോര്‍ച്ചിന്റെ ബലത്തില്‍ മലയിറക്കം. ഏതായാലും ജീപ്പാസ്‌ ചതിച്ചില്ല. എട്ടര കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ക്യാമ്പിലെത്തി. ക്യാന്റീനില്‍ കഞ്ഞി തയ്യാര്‍. നേരേ പോയി കഞ്ഞി കുടിച്ചു. ഒരു വിധം നേരെ നില്‍ക്കാം എന്നായി.

ആദ്യമേ മടങ്ങിയ സുഹൃത്തുക്കള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ അല്‍പം പരിഭ്രമിച്ചിരുന്നു. ടോര്‍ച്ച്‌ മടക്കി നല്‍കി, നന്ദി പറഞ്ഞു. ആ ടോര്‍ച്ച്‌ ഇല്ലായിരുന്നു എങ്കില്‍ ഞങ്ങള്‍ക്കും മടങ്ങുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.പായ വിരിച്ചു, ബാഗ്‌ തലയിണയാക്കി കിടന്നു. രാത്രിയിലെപ്പഴോ ഉണര്‍ന്നു. തണുത്തു വിറച്ചിട്ടു വയ്യ. ഷെല്‍ട്ടറിനു പുറത്ത്‌ നല്ല ശീതക്കാറ്റ്‌. പുതച്ചിരുന്ന ഷീറ്റും ഭേദിച്ച്‌ തണുപ്പ്‌ തുളച്ചു കയറുകയാണ്‌. ഇക്കണക്കിന്‌ മലമുകളില്‍ കിടന്നിരുന്നെങ്കില്‍ എന്തായേനെ എന്നു ഞെട്ടലോടെ ഓര്‍ത്തു. ഒന്നു പുതയ്ക്കാന്‍ ഒരു കഷണം തുണി പോലുമില്ലാതെ! അപ്പോള്‍ തന്നെ മലയിറങ്ങാന്‍ തോന്നിച്ച സകല ദൈവങ്ങള്‍ക്കും നന്ദി പറഞ്ഞു.

Tuesday, March 18, 2008

അഗസ്ത്യാര്‍കൂട യാത്ര - 2


യാത്രയെപ്പറ്റി രാജ്‌കുമാര്‍ ചെറിയൊരു വിവരണം തന്നു. ബോണക്കാട്ടുനിന്ന് ഏകദേശം 5 മണിക്കൂര്‍ നടന്നാല്‍ അതിരു മലയെത്തും. അവിടെ നിന്ന് പിന്നെയും മൂന്നു മണിക്കൂര്‍ മല കയറിയാല്‍ അഗസ്ത്യകൂട നിറുകയിലെത്താം. രാത്രിയില്‍ അതിരുമലയില്‍ കിടക്കാം. അവിടെ ഷെല്‍റ്റര്‍ ഉണ്ട്‌ ക്യാന്റീനും. അഗസ്ത്യമലയില്‍ രാത്രി കിടന്നൂടേ? അതു പറ്റില്ല, അതിനവിടെ സൗകര്യം ഇല്ല എന്നു രാജ്‌കുമാര്‍. എന്നാലും ഒരു ഏകദേശ മനക്കണക്കില്‍ ഉത്സാഹിച്ചു നടന്നാല്‍ ഇന്നു തന്നെ മലകയറാം എന്നു കരുതി.

യാത്ര തുടങ്ങി.അധികം കഴിയുന്നതിനു മുന്‍പ്‌ തന്നെ സംഘാംഗങ്ങള്‍ മുന്‍പിലും പിന്‍പിലുമായി പിരിഞ്ഞു. ഞങ്ങളോടൊത്ത്‌ രാജ്‌കുമാര്‍ കൂടി. ഏകദേശം ജീപ്പ്‌ പോയേക്കുമെന്നു തോന്നുന്ന വഴി ഒന്നൊന്നര കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ഒറ്റയടിപ്പാതയായി. യാത്ര കാടിനുള്ളിലൂടെയാണെങ്കിലും അത്ര വൃക്ഷ നിബിഡമല്ല. ഇതിനിടെ എബണി എന്ന ബോര്‍ഡുമായി ഒരു മരം കണ്ടു. എബണി നമ്മുടെ നാട്ടില്‍ ഉണ്ടെന്നുള്ളത്‌ ഒരു പുതിയ അറിവായിരുന്നു. ചെറുതും ഇടത്തരവും വെള്ളച്ചാട്ടങ്ങളോടു കൂടിയ അഞ്ചാറു അരുവികള്‍ കടന്നു പോയി. ഇറങ്ങി കുളിക്കണമെന്നു ആഗ്രഹിച്ചു പോകും, പക്ഷെ അവിടെ അധികം സമയം പാഴാക്കിയാല്‍ ഇന്നത്തെ മലകയറ്റം മുടങ്ങും. അതിനാല്‍ നടത്തം തുടര്‍ന്നു. ബോണക്കാടുനിന്ന് അതിരുമലയ്ക്ക്‌ 17 കിലോമീറ്റര്‍ എന്നാണ്‌ ഗൈഡ്‌ പറഞ്ഞത്‌. പക്ഷെ ഏകദേശം 3 മണിക്കൂര്‍ നടന്നു കഴിഞ്ഞപ്പോഴും രാജ്‌കുമാര്‍ പറയുന്നത്‌ ഇനിയും 2 മണിക്കൂര്‍ കൂടിയുണ്ടെന്നാണ്‌. അപ്പോഴേക്കും ശരിക്കുള്ള കാടിന്റെ രീതി വിട്ട്‌ ഒരു തരം പുല്‍മേടിലെത്തി. ഇവിടെ അവിടവിടെ ഓരോ മരങ്ങളേയുള്ളൂ. ഇവിടെ നിന്ന് നോക്കിയാല്‍ അഗസ്ത്യകൂടത്തിന്റെ ഒരു ദൂരവീക്ഷണം കിട്ടും.

ഇവിടെ തുടക്കത്തില്‍, കല്‍ക്കെട്ടുള്ള ചതുരാകൃതിയിലുള്ള ഒരു നിര്‍മിതി കണ്ടു. പഴയ കുളമോ കെട്ടിടത്തിന്റെ അവശിഷ്ടമോ പോലെ തോന്നി. അതെന്താണെന്നു രാജ്‌കുമാറിനും അറിയില്ല. പ്രാചീന നിര്‍മ്മിതിയാണോ അതൊ വല്ല സമീപകാല സൃഷ്ടിയാണോ എന്നും തിട്ടമില്ല.സമയം എകദേശം പന്ത്രണ്ടര. ഊണു കഴിച്ചാലോ എന്നു രാജ്‌കുമാര്‍. കൈയിലുള്ള വെള്ളക്കുപ്പികള്‍ പലതവണ കാലിയാവുകയും അരുവികളില്‍ നിന്നും നിറക്കപ്പെടുകയും ചെയ്തു കഴിഞ്ഞിരുന്നു. പക്ഷെ ഊണു കഴിക്കാനുള്ള വിശപ്പ്‌ തോന്നിയില്ല. നമുക്ക്‌ അതിരു മലയില്‍ ചെന്ന് ഊണുകഴിക്കാം, അതിനു ശേഷം യാത്ര തുടരാം എന്നു പറഞ്ഞപ്പോള്‍ അയാള്‍ പറയുന്നു ഉച്ചയ്ക്ക്‌ 2 മണിക്കുശേഷം അതിരുമലയില്‍ നിന്നും യാത്ര അനുവദിക്കുകയില്ല എന്ന്. ഇനിയേതായാലും 2 മണിക്കുമുന്‍പ്‌ നമ്മള്‍ അവിടെ എത്തുകയും ഇല്ല എന്നും. അപ്പോള്‍ ചുരുക്കത്തില്‍, ഇന്നു ഉച്ചയ്ക്ക്‌ ശേഷം നാളെ രാവിലെ വരെ അതിരുമലയില്‍ കുടുങ്ങിയതു തന്നെ! പിന്നെന്തിനാണ്‌ ഇയാള്‍ നമ്മളെ ഇത്ര ശ്വാസം വലിച്ച്‌ ഓടിച്ചു കൊണ്ടു വന്നത്‌? അരുവിയിലൊക്കെ ഇറങ്ങി കുളിച്ച്‌ സാവകാശം പോന്നാല്‍ പോരായിരുന്നോ? അതും മിസ്‌ ചെയ്തു. രാജകുമാരനിട്ട്‌ അലക്കാനാണ്‌ തോന്നിയത്‌, ഇയാള്‍ ഗൈഡോ മിസ്ഗൈഡോ?

അടുത്ത്‌ വെള്ളം കിട്ടുന്ന സ്ഥലത്തു ഊണു കഴിക്കാം എന്നു കുട്ടപ്പന്‍ ഗൈഡിനെ സമാധാനിപ്പിച്ചു. അങ്ങേര്‍ക്ക്‌ സമാധാനമായി. പുല്‍മേട്‌ തീര്‍ന്നു, വീണ്ടും കാടായി. പക്ഷെ ഇപ്പോള്‍ മുന്‍പിലത്തെ പോലെയല്ല. നല്ല നിബിഢ വനം. മോശമല്ലാത്ത കയറ്റവും. ഏതാണ്ട്‌ അര കിലോമീറ്ററോളംകഴിഞ്ഞപ്പോള്‍ ഒരു ചെറിയ അരുവി കണ്ടു. അതിനരുകില്‍ ഉണ്ണാനിരുന്നു. വനം വകുപ്പിന്റെ ഊണ്‌ തീരെ മോശമല്ല. ചോറ്‌ വളരെയധികം. രണ്ടു പൊതി മതി മൂന്നുപേര്‍ക്ക്‌ ഭംഗിയായി കഴിക്കാന്‍. സാമ്പാറും രസവും പ്ലാസ്റ്റിക്‌ കൂടുകളിലാണ്‌, അതിലൊരു മാറ്റം വേണം എന്നു തോന്നി.

കാട്ടിലൂടുള്ള യാത്ര കൂടുതല്‍ ദുഷ്കരമായി തുടങ്ങി. കുത്തനെയുള്ള കയറ്റമാണ്‌. തലേന്ന് മഴ പെയ്തിരുന്നു. ഒറ്റയടിപ്പാതയില്‍ ചിലടത്തൊക്കെ സാമാന്യം വഴുക്കുണ്ട്‌. ഇന്നിനി യാത്ര തുടരാനാകില്ല എന്ന ചിന്ത കൊണ്ടും, പാതയുടെ കാഠിന്യം കൊണ്ടും ഉത്സാഹവും കുറഞ്ഞു. ഏതായാലും കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ കയറ്റം തീര്‍ന്നു. മടങ്ങി വരുന്നവരുടെ കൂടെ കുട്ടപ്പന്റെ ഒരു സുഹൃത്തിനെ കണ്ടു. ഇന്നലെ കാലാവസ്ഥ മോശമായിരുന്നു എന്നും, ഇന്നിപ്പോള്‍ നല്ല കാലാവസ്ഥയായതു കൊണ്ട്‌ വനം ഉദ്യോഗസ്ഥന്മാര്‍ യാത്രക്കാരെ പറഞ്ഞു മുകളിലേക്കു വിടുന്നുണ്ടെന്നും പറഞ്ഞു. ഞങ്ങള്‍ക്ക്‌ ഒരു ചെറിയ പ്രതീക്ഷയായി. ഉത്സാഹിച്ചു നടന്നു, രണ്ടേകാലോടെ അതിരുമലയെത്തി.അവിടുത്തെ സാഹചര്യത്തിനും അന്തരീക്ഷത്തിനും തീരെ ചേരാത്തവിധത്തില്‍ ഒരു പക്കാ കോണ്‍ക്രീറ്റ്‌ കെട്ടിടമാണ്‌ ഷെല്‍ട്ടര്‍. ഒരു ഇടത്തരം ഓഡിറ്റോറിയത്തിന്റെ വലിപ്പമുണ്ട്‌. അതിനോട്‌ ചേര്‍ന്ന് പുല്ലുമേഞ്ഞ്‌ ഉണ്ടാക്കിയ ക്യാന്റീന്‍. അതിനും സാമാന്യം വലിപ്പമുണ്ട്‌. അവിടെ നിന്നു നോക്കിയാല്‍ അഗസ്ത്യകൂടം ഭംഗിയായി കാണാം. പക്ഷെ ആ കാഴ്ചയില്‍ നമുക്ക്‌ മുകളില്‍ കയറാന്‍ പറ്റുന്ന ഒരു വഴി രൂപപ്പെടുന്നില്ല. മാത്രമല്ല പറഞ്ഞതു പോലെ രണ്ടര മണിക്കൂര്‍ കൊണ്ട്‌ മുകളിലെത്തും എന്നും കരുതാന്‍ വയ്യ.

അപ്പോള്‍ തന്നെ യാത്ര തുടരാന്‍ താല്‍പര്യമുള്ള ഒരു ഐവര്‍ സംഘത്തെ കണ്ടു പിടിച്ചു. ഇപ്പോള്‍ തന്നെ പുറപ്പെട്ടാല്‍ ഒരു അഞ്ചരയോടെ മുകളിലെത്താം. കുറച്ചു സമയം അവിടെ ചിലവഴിച്ചാലും ഒരു ഒന്‍പതു മണിയോടേ തിരിച്ചെത്താം. പക്ഷെ വെളിച്ചം വേണം. ഞങ്ങളുടെ കയ്യില്‍ ആകപ്പാടെയുള്ളത്‌ വേണാടില്‍ വെച്ച്‌ ഒരു കൗതുകത്തിന്‌ വാങ്ങിയ ഒരു LED റ്റോര്‍ച്ചാണ്‌. കുഴപ്പമില്ല നല്ലൊരു ടോര്‍ച്ച്‌ ഞങ്ങളുടെ കയ്യിലുണ്ട്‌, അഞ്ചിലൊരാള്‍ ഉത്സാഹിച്ചു. അവര്‍ പക്ഷെ ഉണ്ടിട്ടില്ല. അവരുണ്ണുന്ന സമയത്ത്‌ ദിലി പോയി മൂന്നു കഞ്ഞിക്ക്‌ കൂപ്പണ്‍ വാങ്ങി, പിന്നെ രണ്ട്‌ പ്ലാസ്റ്റിക്‌ പായയും. പ്ലാസ്റ്റിക്‌ പായ വാടകയ്ക്ക്‌ കിട്ടും, ഒരെണ്ണം 5 രൂപ, പക്ഷെ നമ്മുടെ പാസ്‌ ഗാരെണ്ടി നല്‍കണം. ഷെല്‍ട്ടറില്‍ പായ വിരിച്ച്‌ ബാഗോക്കെ വെച്ചു. രണ്ട്‌ വെള്ളക്കുപ്പിയും ബിസ്ക്കറ്റും ക്യാമെറയും മാത്രം എടുത്തു. ഊണു കഴിഞ്ഞപ്പോഴേക്കും മറ്റവരുടെ ഉത്സാഹം ഏതാണ്ട്‌ ആവിയായ മട്ടായി. ഒന്നു രണ്ടാള്‍ക്ക്‌ വന്നാല്‍ കൊള്ളാം എന്നുണ്ട്‌. രാജ്‌കുമാറും മുങ്ങാനുള്ള ശ്രമത്തിലാണ്‌. കുട്ടപ്പനിലെ സംഘാടകന്‍ പുറത്തിറങ്ങി. രാജ്‌കുമാറിനെ പിടിച്ച പിടിയാലെ പൊക്കി, മറ്റവരും ജീപ്പാസ്‌ ടോര്‍ച്ച്‌ സഹിതം റെഡി.

Friday, March 14, 2008

ആഗസ്ത്യാര്‍കൂട യാത്ര.


ദിലി, രാജ്‌കുമാര്‍, കുട്ടപ്പന്‍

അഗസ്ത്യാര്‍കൂട യാത്രയുടെ ആശയം ആദ്യം കൊണ്ടുവന്നത്‌ കുട്ടപ്പനാണ്‌. കുട്ടപ്പന്‍ എന്നു വെച്ചാല്‍ വിജയകുമാര്‍. ആള്‍ റെയില്‍വേയില്‍ സ്റ്റേഷന്‍ മാസ്റ്ററാണ്‌. ആഗസ്ത്യാര്‍കൂടം സംരക്ഷിത മേഖലയാണെന്നും, വര്‍ഷത്തില്‍ കുറച്ചു സമയം വനം വകുപ്പ്‌ അവിടെ നിയന്ത്രിത രീതിയില്‍ പ്രവേശനം അനുവദിക്കുന്നുണ്ടെന്നും കേട്ടിരുന്നു. ഇപ്പൊള്‍ ആ സമയമാണെന്ന് മറ്റൊരു സുഹൃത്ത്‌ പറഞ്ഞാണ്‌ വിജയകുമാര്‍ അറിഞ്ഞത്‌. എനിക്ക്‌ സമ്മതം പറയാന്‍ അര നിമിഷം വേണ്ടിവന്നില്ല.

ശരി നമുക്ക്‌ ദിലിയോടുകൂടി ചോദിക്കാം. ദിലി എന്നു വിളിക്കുന്ന ദിലീപ്‌ ഫുഢ്‌ ഇന്‍സ്പെക്റ്റര്‍ ആണ്‌. ഞങ്ങള്‍ മൂന്നും ബാല്യകാല സുഹൃത്തുക്കളും.കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കറക്കം രണ്ടു കഴിഞ്ഞതാണ്‌. ആദ്യം പീരുമേടിനടുത്ത്‌ പരുന്തുംപാറയിലേക്കും പിന്നെ രണ്ടാമതായി തേക്കടി റിസര്‍വിനുള്ളിലെ അധികമാരും അറിയാത്ത ഇടത്താവളം എന്ന ഫോറസ്റ്റ്‌ ഹൈഡൗട്ടിലേക്കും. അതു കൊണ്ട്‌ ദിലി ഒന്നറച്ചു. എന്നാലും ഇനിയൊരു അവസരത്തിനു ഒരു വര്‍ഷം കാക്കേണ്ടി വരും എന്നൊര്‍ത്തപ്പോള്‍ മടി മാറി.
അഗസ്ത്യാര്‍കൂട സന്ദര്‍ശനത്തിന്‌ മുന്‍കൂട്ടി രെജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്‌. അതും തിരുവനന്തപുരത്ത്‌ നേരില്‍ ചെന്ന്. അതു ചെയ്തു കൊള്ളാമെന്ന് കുട്ടപ്പന്‍ ഏറ്റു. പുള്ളിക്ക്‌ സൗകര്യമാണ്‌, ഡ്യൂട്ടി കഴിഞ്ഞ്‌ അടുത്ത ട്രെയിനില്‍ കയറിയിരിക്കുക, കാര്യം സാധിച്ച്‌ അതിനടുത്ത ട്രെയിനില്‍ കയറി അടുത്ത ഡ്യൂട്ടിക്ക്‌ കയറാം.

ഒരാഴ്ച്ച കഴിഞ്ഞ്‌ കുട്ടപ്പന്റെ കോള്‍ വന്നു. മാര്‍ച്ച്‌ 3 ഉം 4ഉം ഫ്രീയാക്കി വെച്ചു കൊള്ളുക എന്നു പറഞ്ഞ്‌. ഏകദേശ പരിപാടി ഇങ്ങനെയാണ്‌, മൂന്നാം തീയതി രാവിലെ ഒന്‍പത്‌ മണിക്ക്‌ ബോണക്കാട്‌ എന്ന സ്ഥലത്തെ ഫോറസ്റ്റ്‌ ഓഫീസില്‍ നമ്മള്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. അന്നു ട്രക്കിംഗ്‌ തുടങ്ങിയാല്‍ പിറ്റേന്ന് വൈകിട്ട്‌ തിരിച്ചെത്താം.

ഇനി ഈ ബോണക്കാട്‌ എവിടെയാണ്‌? ബോണക്കാട്‌ ഒരു റ്റീ എസ്റ്റേറ്റ്‌ ഉള്ളതായി കേട്ടപൊലുണ്ട്‌. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വന്നു. സ്ഥലം നെടുമങ്ങാട്‌ കഴിഞ്ഞാണ്‌, രാവിലെ അഞ്ചരയ്ക്ക്‌ തമ്പാനൂരില്‍ നിന്നൊരു ബസ്സുണ്ട്‌. (വിക്കിമാപ്പിയായില്‍ ഒന്നു തപ്പി, പക്ഷെ ബോണക്കാടിന്റെ സ്പെല്ലിംഗ്‌ പിശകിയയതു കൊണ്ട്‌ പിന്നെയും താമസിച്ചാണ്‌ സ്ഥലം കിട്ടിയത്‌.)

ഇനിയും പത്തിരുപത്‌ ദിവസം ഉണ്ട്‌. ദിലിയും കുട്ടപ്പനും പതുക്കെ മോര്‍ണിംഗ്‌ വാക്ക്‌ ഒക്കെ തുടങ്ങി. എനിക്ക്‌ നേരത്തേ തന്നെ അല്‍പസ്വല്‍പം നടപ്പ്‌ ഒക്കെയുണ്ട്‌. ഓരോ ചെറിയ ബാക്‌ക്‍പാക്ക്‌ വാങ്ങി. അതില്‍ അത്യാവശ്യം രണ്ടു ജോടി ഡ്രെസ്സും, രണ്ടു ഷീറ്റും സോപ്പു ചീപ്പ്‌ ടൂത്ത്‌ ബ്രഷും ഒക്കെയായി മാര്‍ച്ച്‌ 2 ഞായറാഴ്ചത്തെ തിരുവനന്തപുരത്തിനുള്ള വേണാടില്‍ കയറിപ്പറ്റി. ഞായറാഴ്ച്ചയായതിനാല്‍ തിരക്കൊന്നുമില്ല. സുഖമായി ഒരുമിച്ചു തന്നെ സീറ്റു കിട്ടി. രാത്രി പത്തരയായപ്പൊള്‍ തിരുവനന്തപുരത്തെത്തി. തമ്പാനൂരു തന്നെയുള്ള ഒരു ഹോട്ടലില്‍ മുറിയെടുത്തു, ഒരു അഞ്ചു മണിക്കൂറെങ്കിലും ഉറങ്ങാന്‍ പറ്റിയാല്‍ അത്രയും ആയല്ലോ. രാവിലെ ഫ്രഷ്‌ ആയി യാത്ര ആരംഭിക്കുകയുമാകാം.

രാവിലെ മൊബൈല്‍ അലാറം അടിക്കുന്നതിനു മുന്‍പ്‌ തന്നെ ഉറക്കം തെളിഞ്ഞു. കുളിച്ച്‌ റെഡിയായി തമ്പാനൂര്‍ സ്റ്റാന്‍ഡിലേക്ക്‌. അഞ്ചേകാലിനു തന്നെ ബോണക്കാട്‌ ബസ്‌ സ്റ്റാന്‍ഡിലെത്തി. കയറാന്‍ ധാരാളം പേര്‍, കാണുമ്പോള്‍ തന്നെയാറിയാം മിക്കവരും അഗസ്ത്യാര്‍കൂട യാത്രികര്‍ തന്നെയെന്ന്. അവിടെയും ഭാഗ്യം, സീറ്റ്‌ കിട്ടി. ബാക്കിയുണ്ടായിരുന്ന ഉറക്കം ബസ്സില്‍ ഉറങ്ങിത്തീര്‍ത്തു. ഇടയ്ക്ക്‌ ഉണര്‍ന്നപ്പോള്‍ ഒരു ഫോറസ്റ്റ്‌ ചെക്ക്‌ പോസ്റ്റ്‌, അവിടെ നമ്മുടെ പാസ്സ്‌ പരിശോധിച്ചു. വീണ്ടും യാത്ര. ഏകദേശം ഏഴേമുക്കാല്‍ ആയപ്പോള്‍ ഒരു തകര്‍ന്നു കിടക്കുന്ന തേയില ഫാക്ടറിക്കു മുന്‍പില്‍ ബസ്സ്‌ നിന്നു. അതു തന്നെ ബോണക്കാട്‌ സ്റ്റോപ്പ്‌. അവിടെ ഫോറസ്റ്റ്‌ ഓഫീസ്‌ എവിടെയെന്നു കൂടെയുള്ള ആര്‍ക്കും തന്നെ അറിവുള്ളതായി തോന്നിയില്ല. മുന്നോട്ടു നടന്നു. ക്യാന്റീന്‍ എന്നെഴുതിയ ഒരു ചെറിയ കെട്ടിടം കണ്ടു. ഫോറെസ്റ്റ്‌ ക്യാന്റീനെപ്പറ്റി നേരത്തേതന്നെ സൂചനയുണ്ടായിരുന്നതു കൊണ്ട്‌ അതു തന്നെ സ്ഥലം എന്നു കരുതി. എന്തായാലും രാവിലെ ഭക്ഷണം കഴിക്കണമല്ലോ? മാത്രമല്ല വളരെ പ്രധാനപ്പെട്ട ഒരു കാര്യം മറന്നിരുന്നു. വെള്ളം. തലേന്നു വാങ്ങിയതില്‍ അര കുപ്പി വെള്ളം ബാക്കിയുണ്ട്‌. രാവിലെ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നു വാങ്ങാം എന്നു കരുതിയതാണ്‌. ബസ്‌ വന്ന തിരക്കില്‍ അതു മറന്നു.ഞങ്ങളുടെ പിറകെ ബാക്കിയുള്ളവരും ക്യാന്റീനില്‍ കയറി. ഫോറെസ്റ്റ്‌ ക്യാന്റീന്‍ അതല്ല എന്നു മനസ്സിലായി. കുപ്പി വെള്ളം കിട്ടില്ല, പക്ഷെ ദോശയും കടലയും ചായയും കിട്ടും. കിട്ടിയത്‌ കഴിച്ചു. അവിടെ നിന്ന് രണ്ടേമുക്കാല്‍ കിലോമീറ്റര്‍ അകലെയാണ്‌ ഫോറെസ്റ്റ്‌ ഓഫീസ്‌. വാഹനം ഉണ്ടെങ്കില്‍ അവിടെ വരെ പോകാം. ബസ്സില്‍ വന്നവര്‍ക്ക്‌ മറ്റു മാര്‍ഗം ഇല്ല. നടന്നു. ഒന്‍പത്‌ മണിക്ക്‌ മുന്‍പ്‌ തന്നെ അവിടെത്തി.

യാത്രാനുമതിയുടെ നിബന്ധനകള്‍ കര്‍ക്കശമാണ്‌. തീപ്പെട്ടി, ലൈറ്റര്‍ മുതലായ തീ പിടിപ്പിക്കുന്ന വസ്തുക്കള്‍ക്ക്‌ വിലക്കുണ്ട്‌. മദ്യം ബീഡി സിഗററ്റ്‌ മുതലായവ പാടില്ല. ഇത്യാദി സാധനങ്ങള്‍ കൈയ്യിലുണ്ടെങ്കില്‍, മുന്‍കൂട്ടി പറഞ്ഞാല്‍ അവരവിടെ സൂക്ഷിച്ച്‌ തിരിച്ചു വരുമ്പോള്‍ തിരികെ ഏല്‍പ്പിക്കും. അതല്ലാതെ അവരുടെ പരിശോധനയില്‍ പിടിക്കപ്പെടുകയാണെങ്കില്‍ തിരിച്ചു കിട്ടില്ല. ഏതായാലും ഫോറസ്റ്റുകാര്‍ക്‌ മോശമല്ലാത്ത പിടിച്ചെടുക്കല്‍ ഉണ്ടെന്നു തോന്നുന്നു. ഓഫീസിനു ചുറ്റും ധാരാളം മദ്യക്കുപ്പികള്‍ ചിതറിക്കിടന്നിരുന്നു.പാസ്സു കാണിച്ചു. എന്തോ എഴുത്തു കുത്തുകള്‍ നടന്നു. ഉച്ചയ്ക്കുള്ള ഊണ്‌ ഇവിടെ നിന്നു വാങ്ങിക്കൊണ്ട്‌ പോകാം. ഒരു പൊതി 30 രൂപ. ക്യാമറയ്ക്ക്‌ 50 രൂപയുടെ പാസ്സ്‌ എടുക്കണം. വീഡിയോയാണെങ്കില്‍ 300 രൂപ. മൂന്നു പൊതി ചോറു വാങ്ങി. ഇവിടെയും കുപ്പി വെള്ളം ഇല്ല. പൈപ്പില്‍ വരുന്നത്‌ നല്ല വെള്ളമാണെന്നു പറഞ്ഞു. കാലിക്കുപ്പികള്‍ കൂട്ടിവെച്ചിട്ടുണ്ട്‌, അതെടുക്കാം. മൂന്നു കുപ്പി നിറച്ചു.

അടുത്തത്‌ ബാഗ്‌ പരിശോധന. ഫോറസ്റ്റ്‌ ഉദ്യോഗസ്ഥന്മാരുടെ സൗഹൃദപൂര്‍ണമായ നല്ല പെരുമാറ്റം. ആദ്യമായുള്ള യാത്രയെന്നു പറഞ്ഞപ്പോള്‍ അല്‍പ്പം കാക്കൂ, ഗൈഡിനെക്കൂട്ടി വിടാം എന്നു പറഞ്ഞു. ഞങ്ങള്‍ പന്ത്രണ്ട്‌ പേരായപ്പോള്‍ ഗൈഡെത്തി. മെലിഞ്ഞ്‌ അല്‍പം കോങ്കണ്ണുള്ള ഒരു താടിക്കാരന്‍. പേര്‌ രാജ്‌കുമാര്‍. ഫോറസ്റ്റ്‌ വാച്ചര്‍മാരെയാണ്‌ ഗൈഡായി വിടുന്നത്‌. അവര്‍ ശരിക്കും വനം വകുപ്പിന്റെ നേരിട്ടുള്ള ജീവനക്കാരല്ല. ഗൈഡായി വരുമ്പോള്‍ ഒരു ദിവസത്തിന്‌ 150 രൂപാ വെച്ചു കിട്ടും എന്നു രാജ്‌കുമാര്‍ പിന്നീട്‌ പറഞ്ഞു. പക്ഷെ നമ്മള്‍ കൊടുക്കുന്ന അതേ വില കൊടുത്ത്‌ അവരും ഭക്ഷണം വാങ്ങേണ്ടി വരുമത്രേ. അതു ശരിയെങ്കില്‍ കഷ്ടം തന്നെ.