Sunday, March 23, 2008

അഗസ്ത്യാര്‍കൂട യാത്ര-3


വീണ്ടും യാത്ര തുടങ്ങി. ഷെല്‍ട്ടറില്‍ നിന്നും അല്‍പം അകലെയായി അഗസ്ത്യാകൂടത്തിനു തിരിയുന്ന മുക്കില്‍ ഒരു ഫോറസ്റ്റ്‌ ഗാര്‍ഡ്‌ ഇരിക്കുന്നുണ്ട്‌. മറ്റു ചില ഗൈഡുകള്‍ അനുചരന്മാരായും.
രാജ്‌കുമാറേ സമയം എത്രയായി എന്നറിയാമോ? എന്ന് ഒരു മുന്നറിയിപ്പെന്നോണം ഗാര്‍ഡ്‌ ചോദിച്ചു. രാത്രിയില്‍ കിടന്ന് കൂക്കിവിളിച്ചാലൊന്നും വരാനിവിടെയാരുമില്ല എന്നായി കൂടെയുള്ള ഗൈഡുകള്‍. ഏതായാലും ടോര്‍ച്ചിന്റെ ബലത്തില്‍ ഞങ്ങളെ പോകാന്‍ അനുവദിച്ചു. ഒരു പത്തു മിനിറ്റ്‌ നടന്നു കാണും, ഞങ്ങളുടെ കൂട്ടു സംഘത്തിലെ ഒരാളുടെ കാലിന്റെ മസില്‍ പിടിച്ചു. അതോടെ അവര്‍ പിന്‍വാങ്ങുന്ന സ്ഥിതിയായി. കുട്ടപ്പന്‍ ഏതായാലും അവസരത്തിനൊത്തുയര്‍ന്നു, ജീപ്പാസ്‌ കുട്ടപ്പന്റെ കയ്യിലായി.

യാത്രയ്ക്ക്‌ ഞങ്ങളും രാജ്‌കുമാറും മാത്രമായി. വീണ്ടും കൊടും കാട്ടിലൂടെ ഒരു മണിക്കൂറോളം. മിക്കവാറും നല്ല കയറ്റം.അപ്പൊഴേക്കും ഈറ്റക്കാട്ടില്‍ എത്തി. അവിടെ നിന്നും താഴേക്കു നോക്കിയാല്‍ ദൂരെ ഒരു ചെറിയ രേഖ പോലെ ഷെല്‍ട്ടര്‍ കാണാം. ബാക്കി കിടക്കുന്ന ദൂരത്തെപ്പറ്റി ധാരണ ഒന്നും ഇല്ല. ഈറ്റക്കാട്ടിലെ യാത്ര ഒരു കല്ലില്‍ നിന്നും മറ്റൊന്നിലേക്കാണ്‌. ഇടയ്ക്കൊക്കെ ആനപ്പിണ്ഠം കിടക്കുന്നു. പഴയതാണ്‌ എന്നൊരു ആശ്വാസം മാത്രം. തുടര്‍ന്ന് ഒരു പാറപ്പുറത്ത്‌ എത്തി. അവിടെ ഒരു അരുവിയും ചെറിയ ഒരു ജലാശയവും ഉണ്ട്‌. മുകളില്‍ നിന്ന് മടങ്ങുന്ന ചിലര്‍ അവിടെ കുളിക്കുന്നു. ഇനി നിങ്ങള്‍ എപ്പോള്‍ പോയി വരും എന്ന് അവര്‍ ആശ്ചര്യപ്പെട്ടു. ദിലി സാമാന്യം അവശനായിരുന്നു. ഇനി അധികമുണ്ടോ എന്ന ചോദ്യത്തിന്‌, ഇനിയല്ലേ ദൂരം മുഴുവന്‍ എന്നൊരാള്‍. അവര്‍ മുകളില്‍ നിന്നിറങ്ങാന്‍ തുടങ്ങിയിട്ട്‌ രണ്ടു മണിക്കൂറായത്രെ!

ഇവിടെ നിന്ന് കൊടുമുടിയുടെ മുകള്‍വശത്തേക്ക്‌ ഒരേകദേശ കാഴ്ച കിട്ടും. കുറെ ദൂരം ചരിവും പരപ്പുമായി ഇരുന്നതിനു ശേഷം മുകളിലേക്ക്‌ പാറയുടെ ഒരു മകുടമാണ്‌. അതിന്റെ ഇടയ്ക്കുള്ള മടക്കുകളില്‍ ചോലക്കാടുകളും. അതിരുമലയില്‍ നിന്നും കാണുന്ന ഭാഗത്തിന്റെ മറുവശത്താണ്‌ നാമിപ്പോള്‍. അതായത്‌,അഗസ്ത്യകൂടത്തിന്റെ ഒരു പാതി പ്രതിക്ഷിണം കഴിഞ്ഞിരിക്കുന്നു. ഇനി നേരെ മുകളിലേക്ക്‌ കയറാം. ഈ വശത്തുകൂടിമാത്രമേ നടന്നു കയറാന്‍ കഴിയൂ. ഇപ്പോഴും മുകള്‍ഭാഗം ഒരു ദൂരക്കാഴ്ചയായി നില്‍ക്കുന്നു.എല്ലാവരും അവശരായിരുന്നു, ദിലി പ്രത്യേകിച്ച്‌. യാത്ര തീരെ സാവധാനത്തിലായി. അല്‍പം കൂടി കഴിഞ്ഞപ്പോള്‍ കുത്തനെയുള്ള ഭാഗത്തിന്റെ ചുവട്ടിലെത്തി. ഈ സ്ഥലമാണത്രെ പൊങ്കാലപ്പാറ. അത്യാവശ്യം വന്നാല്‍ ഇവിടെ രാത്രി തങ്ങാന്‍ പറ്റുമെന്ന് രാജ്‌കുമാര്‍ പറഞ്ഞു. മഴ കൊള്ളാതെ കിടക്കാന്‍ പറ്റുന്ന സ്ഥലമുണ്ടത്രെ.ദിലി മടിച്ചു തുടങ്ങി. തീരെ പറ്റില്ലെങ്കില്‍ നമുക്ക്‌ മടങ്ങാം, അതില്‍ നാണക്കേടൊന്നും കരുതാനില്ല എന്നു ഞങ്ങള്‍ പറഞ്ഞു. ഇത്രയും വന്നിട്ട്‌ കയറാതെ മടങ്ങാനോ എന്നായി രാജ്‌കുമാര്‍. ഏതായാലും കയറാതെ മടങ്ങാന്‍ ദിലിക്കും മനസ്സുണ്ടായിരുന്നില്ല.

പക്ഷെ ഇനിയും കയറി, ഈ ദൂരമത്രയും തിരിച്ചു നടന്ന് ക്യാമ്പിലെത്താന്‍ സാധിക്കുമോ എന്നൊരു സംശയം.ഏതായാലും ഇന്നിനി ക്യാമ്പിലേക്ക്‌ മടങ്ങണ്ട എന്നു തീരുമാനിച്ചു. സൗകര്യം പോലെ മുകളിലോ പൊങ്കാലപ്പറയിലോ രാത്രി കൂടാം. തിരിച്ചു ചെന്നില്ലെങ്കില്‍ ക്യാമ്പില്‍ പ്രശ്നം വല്ലതും ഉണ്ടാകുമോ എന്നു രാജ്‌കുമാറിനോട്‌ ചോദിച്ചു. അങ്ങിനത്തെ കുഴപ്പം ഒന്നും ഇല്ലെന്നു കക്ഷി. പക്ഷെ രാത്രി പട്ടിണി കിടക്കേണ്ടേ? സാരമില്ല, ബിസ്ക്കറ്റ്‌ ഉണ്ട്‌, അതുകൊണ്ട്‌ അഡ്ജസ്റ്റ്‌ ചെയ്യാം എന്നു ഞങ്ങള്‍ സമാധാനിപ്പിച്ചു.

ഇനി ചോലക്കാടു വഴി കുത്തനെ കയറ്റമാണ്‌. പാറയുടെ വിള്ളലിനുള്ളിലൂടെ ഒരാള്‍ക്ക്‌ കഷ്ടി കടന്നു പോകാവുന്ന വഴിയാണ്‌ പലയിടത്തും. ഇവിടെ കാടിനുള്ളില്‍ തീരെ ചെറിയ മരങ്ങളാണ്‌. എട്ടോ പത്തോ അടിയില്‍ കൂടുതല്‍ ഉയരമില്ല. ഇലകളും തീരെ ചെറുത്‌. അവയുടെ വേരിലും അതിനിടയിലെ ഒരു തരി മണ്ണിലും ചവിട്ടി ഗോവണി കയറുന്നതു പോലാണ്‌ യാത്ര.ആ ഘട്ടവും കടന്നു. മുന്‍പിലിനി കുത്തനെയുള്ള ഒരു ഉരുളന്‍ പാറയാണ്‌. പിടിച്ചു കയറാന്‍ ഒന്നുമില്ല. തീരെ പറ്റില്ലായെങ്കില്‍ കൈകള്‍ കൂടി കുത്തി കയറാം. ഏതായാലും അതു വേണ്ടി വന്നില്ല. ആ ഭാഗത്ത്‌, ഒരു പത്തടി ഇടത്തേക്ക്‌ മാറിയാല്‍ നോക്കെത്താ താഴ്ചയില്‍ കുത്തനെ കിടക്കുകയാണ്‌. അതിനും അപ്പുറത്തായി താഴെ നാലു മുടികളുള്ള ഒരു പര്‍വ്വതം കാണാം, പേരറിയില്ല.

കയറുന്ന ബുദ്ധിമുട്ടിനേക്കാള്‍ ഇതിനിയെങ്ങിനെ ഇറങ്ങും എന്നായി ചിന്ത. വലിയ ബുദ്ധിമുട്ടില്ലാതെ നടന്നു കയറാന്‍ പറ്റുന്ന സ്ഥലമാണ്‌ ഇനി കുറച്ച്‌. ആദ്യത്തതിലും ദുര്‍ഘടമായ ഒരു പാറയാണിനി മുന്‍പില്‍. പാറയുടെ കിടപ്പും ഒന്നു തെന്നിയാലുള്ള സ്ഥിതിയും ചിന്തിച്ചപ്പോള്‍ സ്നീക്കറില്‍ വിശ്വാസം തോന്നിയില്ല. അതഴിച്ചു വെച്ചു. വെറും പാദമാണ്‌ കൂടുതല്‍ സുരക്ഷിതം എന്നു തോന്നി. ഒറ്റ ശ്വാസത്തിന്‌ അതും അള്ളിപ്പിടിച്ചു കയറി.വീണ്ടും അല്‍പം കൂടി മുന്നോട്ട്‌, മുന്നില്‍ ഒരു പച്ചപ്പ്‌ തെളിഞ്ഞു. വിശ്വസിക്കാന്‍ ഒരു നിമിഷം എടുത്തു. ദൈവമേ! മുകളിലെത്തിക്കഴിഞ്ഞു.

സന്തോഷത്തിനെക്കാളേറെ ആശ്വാസമാണ്‌ തോന്നിയത്‌. നെഞ്ച്‌ നിറയെ രണ്ട്‌ മൂന്ന് ശ്വാസം വലിച്ചു വിട്ടു.മുന്നില്‍ അഗസ്ത്യന്റെ പ്രതിഷ്ട. രാജ്‌കുമാര്‍ വിളക്കു കൊളുത്തി. ഞങ്ങള്‍ ഒരു മിനുറ്റ്‌ വാക്കുകളില്ലാത്ത പ്രാര്‍ത്ഥനയില്‍ മുഴുകി, മഞ്ഞള്‍ പ്രസാദം തൊട്ടു. മണി മുഴക്കി.

പെട്ടെന്ന് തണുത്ത കാറ്റ്‌ വീശാന്‍ തുടങ്ങി. മുകളില്‍ മിനുറ്റ്‌ വെച്ച്‌ കാലാവസ്ഥ മാറിക്കൊണ്ടിരിക്കും എന്നാരോ താഴെ വെച്ച്‌ പറഞ്ഞതോര്‍ത്തു. ആകെ ദുര്‍ബലരായി നില്‍ക്കുന്ന ഞങ്ങള്‍ക്ക്‌, കാറ്റില്‍ ശരീരത്തിന്‌ നേരേ നില്‍ക്കാനുള്ള ശേഷി തന്നെ നഷ്ടപ്പെടുന്നതായി തോന്നി. അവിടെ എന്തോ സുരക്ഷിതമല്ല എന്നൊരു ഗട്ട്‌ ഫീലിംഗ്‌. മണി അഞ്ചേകാലേ ആയുള്ളൂ. നേരത്തെ കരുതിയതിലും 15 മിനുറ്റ്‌ നേരത്തെ. നമ്മുക്ക്‌ ക്യാമ്പിലേക്ക്‌ തിരിച്ചു പോയാലോ? കുട്ടപ്പനും ദിലിയും അതു തന്നെയാണ്‌ ചിന്തിച്ചതും.സാവധാനം മലയിറങ്ങാന്‍ തുടങ്ങി. ദിലി മിക്കവാറും റിക്കവര്‍ ചെയ്തിരുന്നു. താഴെ ഈറ്റക്കാടു വരെ വെളിച്ചം ഉണ്ടായിരുന്നു. അപ്പോഴേക്കും ഇരുട്ടായി. പിന്നെ ടോര്‍ച്ചിന്റെ ബലത്തില്‍ മലയിറക്കം. ഏതായാലും ജീപ്പാസ്‌ ചതിച്ചില്ല. എട്ടര കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ക്യാമ്പിലെത്തി. ക്യാന്റീനില്‍ കഞ്ഞി തയ്യാര്‍. നേരേ പോയി കഞ്ഞി കുടിച്ചു. ഒരു വിധം നേരെ നില്‍ക്കാം എന്നായി.

ആദ്യമേ മടങ്ങിയ സുഹൃത്തുക്കള്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ അല്‍പം പരിഭ്രമിച്ചിരുന്നു. ടോര്‍ച്ച്‌ മടക്കി നല്‍കി, നന്ദി പറഞ്ഞു. ആ ടോര്‍ച്ച്‌ ഇല്ലായിരുന്നു എങ്കില്‍ ഞങ്ങള്‍ക്കും മടങ്ങുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.പായ വിരിച്ചു, ബാഗ്‌ തലയിണയാക്കി കിടന്നു. രാത്രിയിലെപ്പഴോ ഉണര്‍ന്നു. തണുത്തു വിറച്ചിട്ടു വയ്യ. ഷെല്‍ട്ടറിനു പുറത്ത്‌ നല്ല ശീതക്കാറ്റ്‌. പുതച്ചിരുന്ന ഷീറ്റും ഭേദിച്ച്‌ തണുപ്പ്‌ തുളച്ചു കയറുകയാണ്‌. ഇക്കണക്കിന്‌ മലമുകളില്‍ കിടന്നിരുന്നെങ്കില്‍ എന്തായേനെ എന്നു ഞെട്ടലോടെ ഓര്‍ത്തു. ഒന്നു പുതയ്ക്കാന്‍ ഒരു കഷണം തുണി പോലുമില്ലാതെ! അപ്പോള്‍ തന്നെ മലയിറങ്ങാന്‍ തോന്നിച്ച സകല ദൈവങ്ങള്‍ക്കും നന്ദി പറഞ്ഞു.

5 comments:

ശ്രീ said...

വിവരണം നന്നായി മാഷേ..

വെള്ളെഴുത്ത് said...

കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ ഇത്തവനയും സീസണ്‍ തുടങ്ങിയപ്പോള്‍ പോകണം എന്നു വിചാരിച്ചതാണ്. ആദ്യത്തെ രണ്ടുഫോട്ടോകളും കണ്ടപ്പോള്‍ കാലിലൂടെ തണുപ്പരിച്ചുകയറുന്നതുപോലെ..അഗസ്ത്യമുനിയുടെ വിഗ്രഹമൊക്കെ കൊണ്ടു വച്ച് എന്തായാലും അവിടം ക്ഷേത്രമാക്കേണ്ടിയിരുന്നില്ല. മുകളിലാണെങ്കിലും അതെതോ ആല്‍ത്ത്ര പോലിരിക്കുന്നു.

Jayarajan said...

നല്ല വിവരണം! അഗസ്ത്യമല കയറിയ പ്രതീതി. നന്ദി!

ശ്രീവല്ലഭന്‍. said...

ബാബുരാജ്,
വളരെ നല്ല വിവരണം.വളരെ ഇഷ്ടപ്പെട്ടു.

അഗസ്ത്യമലയില്‍ പോയിട്ടില്ല.

aneeshans said...

ഇതൊക്കെ വായിക്കുമ്പോള്‍ പോകണം എന്ന് തോന്നല്‍ ശക്തിയായി വരും , പക്ഷേ എവിടെ :( എങ്ങോട്ടും പോവില്ല. ഈ യാത്രാ വിവരണം നന്നായി ഫീല്‍ ചെയ്തു. നന്ദി