Sunday, August 17, 2008

ഗര്‍ഭച്ഛിദ്രം. ചില ചിന്തകള്‍.

നികിത ഹരേഷ്‌ ദമ്പതികളുടെ, ഗര്‍ഭച്ഛിദ്രം അനുവദിക്കണമെന്നുള്ള അപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയിരുന്നല്ലോ. 26 ആഴ്ചച്ചയോളം പ്രായമായ തങ്ങളുടെ ഗര്‍ഭസ്ഥശിശുവിന്‌ സാരമായ വൈകല്യങ്ങളുണ്ടെന്ന് സ്കാനിങ്ങില്‍ കണ്ടതിനെ തുടര്‍ന്നാണ്‌ അവര്‍ കോടതിയെ സമീപിച്ചത്‌.

ശിശുവിന്റെ ഹൃദയത്തിലെ പ്രധാന രക്തക്കുഴലുകള്‍ക്ക്‌ സ്ഥാനചലനമുണ്ടായിരുന്നു. മാത്രമല്ല, ഹൃദയമിടിപ്പിന്റെ തോത്‌ വളരെ കുറഞ്ഞുമിരുന്നു. ഹാര്‍ട്ട്‌ ബ്ലോക്ക്‌ ആയിരുന്നു പ്രശ്നം. ചുരുക്കത്തില്‍, കുട്ടി ജനിച്ചാലും, പുറമേ നിന്നും ഒരു ആശ്രയം ഇല്ലാതെ ജീവിക്കില്ലാത്ത അവസ്ഥ. ചികില്‍സ എന്നത്‌ പേസ്‌ മേക്കര്‍ ഘടിപ്പിക്കലാണ്‌. ആദ്യത്തെ കുറച്ചു നാള്‍ 2-3 വര്‍ഷം കൂടുമ്പോള്‍ പേസ്‌ മേക്കര്‍ മാറ്റണം. പിന്നീടത്‌ 5 വര്‍ഷം കൂടുമ്പോള്‍ മതിയാകും. ഓരോ പേസ്മേക്കറിനും ഏകദേശം ഒരു ലക്ഷത്തോളം രൂപ വരും. ഇതൊക്കെ ചെയ്താലും കുട്ടി സാധാരണ കുട്ടികളെപ്പോലെ ജീവിതം നയിക്കണമെന്നില്ല.

ഇനി ഇന്‍ഡ്യയിലെ ഗര്‍ഭച്ഛിദ്ര നിയമത്തെപ്പറ്റി അല്‍പ്പം. 1971 ലാണ്‌ ഈ നിയമം പ്രാബല്യത്തില്‍ വരുന്നത്‌. അതു പ്രകാരം, 12 ആഴ്ചവരെ ഗര്‍ഭച്ഛിദ്രം അനുവദനീയമാണ്‌. അമ്മയ്ക്കും കുഞ്ഞിനും ഉണ്ടായേക്കാവുന്ന ഗുരുതരമായ ഭവിഷ്യത്തുകള്‍ മുതല്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ പരാജയം വരെ ഗര്‍ഭച്ഛിദ്രത്തിനു ന്യായമായ കാരണമായി അനുവദിച്ചിട്ടുണ്ട്‌. ചുരുക്കത്തില്‍, ഉറ പൊട്ടിപ്പോയി എന്നു പറഞ്ഞു പോലും ഗര്‍ഭച്ഛിദ്രം ആവശ്യപ്പെടാം. രണ്ടാമതൊരു ഡോക്ടര്‍ കൂടി സമ്മതിക്കുകയാണെങ്കില്‍ ഈ 12 ആഴ്ച എന്നത്‌ 20 ആഴ്ചവരെയായി നീട്ടാം. ചുരുക്കത്തില്‍ ഏതൊരാള്‍ക്കും 20 ആഴ്ചവരെയുള്ള ഗര്‍ഭം അലസിപ്പിക്കല്‍ നിയമാനുസൃതമായി സാദ്ധ്യമാണ്‌.

പിന്നെന്തേ കോടതി ഈ അപേക്ഷ തള്ളാന്‍ കാരണം? ഒന്ന്, നിയമപ്രകാരമുള്ള കാലാവധി കഴിഞ്ഞു എന്നതാണ്‌ ഒന്നാമത്തെ കാരണമായി പറയുന്നത്‌. രണ്ടാമതായി, കുട്ടിയുടെ അവസ്ഥയ്ക്ക്‌ ചികില്‍സയുണ്ട്‌ എന്ന വിദദ്ധോപദേശം.

ഈയിടെയായി, സ്ഥാനത്തും അസ്ഥാനത്തും ഒക്കെ പരാമര്‍ശങ്ങള്‍ നടത്തുന്ന കോടതി ഇങ്ങിനെ തികച്ചും നിര്‍വികാരമായി, തികഞ്ഞ സാങ്കേതികതയില്‍ കടിച്ചു തൂങ്ങി ഒരു വിധി പ്രഖ്യാപിച്ചത്‌ തികച്ചും നിര്‍ഭാഗ്യകരമായിപ്പോയി എന്നെനിക്കു തോന്നുന്നു. ഈ വക നിയമങ്ങള്‍, പുതിയ ശാസ്ത്രവികാസങ്ങളുടെ വെളിച്ചത്തില്‍ പുനരവലോകനം ചെയ്യണം എന്നെങ്കിലും പറയാന്‍ കോടതിക്കു തോന്നിയില്ല.( നമ്മുടെ നിയമം വരുന്ന 1971 ല്‍ ജനനപൂര്‍വ്വ രോഗനിര്‍ണയങ്ങള്‍ക്ക്‌ സാദ്ധ്യത വളരെക്കുറവായിരുന്നു. സ്കാനിംഗ്‌ അപൂര്‍വ്വവും. ഹാര്‍ട്ട്‌ ബ്ലോക്ക്‌ പോലുള്ള അവസ്ഥകള്‍ 24 ആഴ്ചയ്ക്കു ശേഷമേ സാധാരണ ഗതിയില്‍ കണ്ടെത്താനാവുകയുള്ളൂ)

ചികില്‍സയുടെ സാദ്ധ്യത പരിഗണിച്ചാല്‍ തന്നെ, എത്ര പേര്‍ക്ക്‌ അത്തരം ഒരു ചികില്‍സ താങ്ങാന്‍ പറ്റും? ചികില്‍സിച്ചു ഭേദമാക്കാം എന്നു നിരീക്ഷിക്കുന്ന കോടതി, മാതാപിതാക്കള്‍ക്ക്‌ അതിനുള്ള ശേഷിയില്ലെങ്കില്‍ സ്റ്റേറ്റിനതു ചെയ്തു കൊടുക്കാന്‍ സംവിധാനമുണ്ടോ എന്നു അന്വേഷിച്ചിരുന്നോ? സര്‍ക്കാരിനങ്ങിനെ പദ്ധതികളൊന്നുമില്ലെന്നു എല്ലാവര്‍ക്കുമറിയാം. ഈയൊരു കേസില്‍ ഒരു സെന്‍സേഷന്റെ പേരില്‍ സര്‍ക്കാരോ, മറ്റാരെങ്കിലുമോ (അങ്ങിനെ ആളെത്തിയതായും നമ്മള്‍ വായിച്ചു)ആ ഒരു ഉത്തരവാദിത്വം ഏറ്റാല്‍ തന്നെ, ഭാവിയില്‍ ഇനിയുമുണ്ടാകാനിരിക്കുന്ന കുട്ടികളുടേയും ഉത്തരവാദിത്യം അവര്‍ ഏല്‍ക്കുമോ? ഇന്‍ഡ്യ പോലൊരു രാജ്യത്ത്‌, ഈ വിധത്തില്‍ റിസോഴ്സസ്‌ ഉപയോഗിക്കുന്നതിലെ സാദ്ധ്യത എത്രത്തോളമാണ്‌?

ഒന്നോ, രണ്ടോ കുട്ടികള്‍ മതി എന്നു സര്‍ക്കാര്‍ തന്നെ നിര്‍ദ്ദേശിക്കുമ്പോള്‍, ആ കുട്ടികള്‍ ആരോഗ്യവാന്മാരായിരിക്കണമെന്ന് മാതാപിതാക്കള്‍ ആഗ്രഹിച്ചാല്‍ തെറ്റുണ്ടോ? ദൈവത്തിന്റെ പദ്ധതി പ്രകാരം ദൈവം തന്നത്‌ ഏറ്റുകൊള്ളണം എന്ന മത നിലപാട്‌ തന്നെയാണോ കോടതിക്കും?

ദൈവം തന്ന ജീവനെടുക്കാന്‍ ദൈവത്തിനേ അവകാശമുള്ളൂ എന്നു വാദിക്കുന്നവര്‍, എത്ര ജീവനെടുത്ത്‌ വറുത്തും പൊരിച്ചും മേശയില്‍ നിരത്തിയാണ്‌ ദൈവമഹത്വം ആഘോഷിക്കുന്നത്‌? മറ്റു ജീവികളുടെ ജീവനും മനുഷ്യ ജീവനും തമ്മിലുള്ള വ്യത്യാസം സാമൂഹ്യകതയുടെ പരിധിക്കു പുറത്ത്‌ എത്രമാത്രമുണ്ട്‌ എന്നാലോചിക്കുന്നത്‌ ഈ പോസ്റ്റിന്റെ സാദ്ധ്യതയ്ക്ക്‌ പുറത്തായതു കൊണ്ട്‌ അങ്ങോട്ട്‌ പോകുന്നില്ല.

*************************************************************************************

ഏതായാലും അധികം കോലാഹലങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഇട നല്‍കാതെ സ്വാഭാവിക (?) ഗര്‍ഭച്ഛിദ്രം സംഭവിച്ചു.

"കോടതി ഞങ്ങളുടെ അപേക്ഷ കേട്ടില്ലെങ്കിലും ദൈവം കേട്ടു " എന്നാണ്‌ ഇതിനോട്‌ കുട്ടിയുടെ അഛന്‍ പ്രതികരിച്ചത്‌.

അപ്പോള്‍ സത്യത്തില്‍ ദൈവത്തിന്റെ നിലപാടെന്താണ്‌?

ഗര്‍ഭച്ഛിദ്രം. ചില ചിന്തകള്‍.

12 comments:

ബാബുരാജ് said...

അപ്പോള്‍ സത്യത്തില്‍ ദൈവത്തിന്റെ നിലപാടെന്താണ്‌?

ajeeshmathew karukayil said...

god knows everything.he will take action on its proper time...

PIN said...

ഗർഭചിദ്രം.. വളരെ വെല്ലുവിളി ഉയർത്തുന്ന ഒരു പാതകമാണ്‌.

ഭൂമിൽ ഉടലെടുത്ത്‌ കളങ്കിതമാകാത്ത, ദൈവതുല്ല്യം പരിശുധമായ ഒരു മനുഷ്യജീവനെ സ്വാർത്ഥതയുടെ പേരിൽ ഉന്മൂലനം ചെയ്യലാണ്‌ അത്‌.

കളകളും മറ്റ്‌ ചെടികളും പിഴുതുമാറ്റി ഇഷ്ഠമുള്ള ചെടികൾ മാത്രം വെച്ച്‌ പൂന്തോട്ടം ഒരുക്കുന്തുപോലയോ, ബ്രീഡിഗിലൂടെ മെച്ചപ്പെട്ട വളർത്തു ജന്തുക്കളെ ഉൽപാദിപ്പിക്കുന്നതുപോലെയോ, മനുഷ്യജീവനെ തിരഞ്ഞെടുക്കുക്കയോ നശിപ്പിക്കുകയോ ആണല്ലോ അതിന്റെ ഉദ്ദേശ്യം...

ഇവിടെ മനുഷ്യൻ മനുഷ്യൻ അല്ലാതാവുന്നു...പ്രകൃതിയിൽനിന്നും വ്യതിചലിക്കുന്നു...ക്രമേണ ഗർഭചിദ്രങ്ങളും,കൊലപാതകങ്ങളും,അൽമഹത്യകളും ന്യായീകരിക്കപ്പെടുകയും പരിപോഷിക്കപ്പെടുകയും ചെയ്തേക്കാവുന്ന ഒരു കിരാത സംസ്ക്കരം ഉടലെടുത്തുകൊണ്ടിരിക്കുന്നു. സൗകര്യവും സുഖവും മാത്രം നോക്കുന്ന മനുഷ്യൻ അതെല്ലാം ന്യായീകരിച്ചുകൊള്ളും..

Nachiketh said...

അറിഞ്ഞു കൊണ്ട് ഒരമ്മയും ഒരിക്കലും വൈകല്യങ്ങളുള്ള ഒരു കുഞ്ഞിനെ പ്രസവിയ്ക്കാനിഷ്ടപ്പെടില്ല, അതിനവര്‍ നിയമപരമായ നടപടികള്‍ക്കു തയ്യാറായി എന്നൊരു മര്യാദ കാണിച്ചു ,കോടതിയ്കും സമൂഹത്തിനും അതൊരു വലിയ തെറ്റായി പോയി, കോടതികള്‍ നമ്മുടെ സാമൂഹ്യസുരക്ഷയ്ക്കാണോയെന്നു അതോ ചില മത താല്പര്യങ്ങള്‍ക്കാണോയെന്നു ചിന്തിച്ചു പോകുന്നു.

മലമൂട്ടില്‍ മത്തായി said...

കോടതികള്‍ക്ക് നിയമപരിപാലനമേ സാധിക്കൂ. ഇപ്പോള്‍ ഉള്ള നിയമ പ്രകാരം അവര്‍ വിധി പ്രസ്താവിച്ചു. നിയമ നിര്‍മാണം എന്നത് പാര്‍ലിമെന്റിന്റെ കടമയും കര്‍ത്തവ്യവും ആണ്. ആവശ്യം കാണുകയെങ്ങില്‍ താങ്ങളുടെ MLA/ MP എന്നിവരെ കണ്ടു കാര്യങ്ങള്‍ അവരെ ബോധിപിക്കണം, അല്ലാതെ ജുഡീഷ്യറി മതത്തിന്റെ പിടികളില്‍ ആണെന്ന് ചുമ്മാ തട്ടി വിടരുത്.

പിന്നെ ഒരു കാര്യം കൂടി - മനുഷ്യന് എപ്പോള്‍ എന്ത് വേണമെങ്ങിലും സംഭവിക്കാം, അതെല്ലാം മുന്‍കൂട്ടി കണ്ടിട്ട് പ്രസവം വേണമോ വേണ്ടയോ എന്ന് വെക്കാന്‍ പറ്റുമോ? അതോ ഇനി 'ഡിസൈനര്‍ ബേബി' യുഗം ആണോ വേണ്ടത്?

കിരണ്‍ തോമസ് തോമ്പില്‍ said...

മത്തായി പറഞ്ഞതാണ്‌ അതിലെ ശരി. കോടതി പറഞ്ഞത്‌ നിയമം ഉണ്ടാക്കിയവരോട്‌ തന്നെ ചോദിക്കൂ എന്നതാണ്‌ 25 ആഴ്ക പ്രായമായ കുഞ്ഞിനെ ഗര്‍ഭചിദ്രം ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല എന്നതാണ്‌ കോടതി എടുത്തു കാട്ടിയത്‌. യാതിരുവിധ നിയമ വ്യാഖ്യാനവും ആവശ്യമില്ലാത്ത ഒന്നാണ്‌ ഇത്‌. കോടതി വിഷയം വളരെ ലളിതമായി വ്യാഖ്യാനിച്ചു. ആവശ്യമെങ്കില്‍ പുതിയ നിയമ നിര്‍മ്മാണത്തിന്‌ ശ്രമിക്കുക

Nachiketh said...

അതു തന്നെയാണു മത്തായി പറഞ്ഞത്, നിയമമുണ്ടാക്കേണ്ടവര്‍ മതതാല്‍പര്യങ്ങള്‍ക്കനുസരിച്ചാണു പ്രവര്‍ത്തിയ്കുന്നത്, അതില്‍ ഒരു ammendment വേണമെങ്കില്‍ case to case ആയി ഹൈകോടതിയ്കു നടത്താമായിരുന്നു അതിനവര്‍ തയ്യാറായില്ല എന്തു കൊണ്ട്?

ബാബുരാജ് said...

അജീഷ്‌, PIN, നചികേതസ്‌, മത്തായി, കിരണ്‍ തോമസ്‌ നന്ദി.

ഹരേഷ്‌ മേത്തയുടേയും അജീഷിന്റെയും ദൈവസങ്കല്‍പ്പം PINന്റെ വിശ്വാസവുമായി ഒക്കുന്നില്ലല്ലോ? ഏതായാലും നിങ്ങള്‍ വിശ്വാസികള്‍ കൂടി അതിനു തീര്‍പ്പാക്കുക.

പിന്നെ, മത്തായി, കിരണ്‍
അപേക്ഷകരെ ആക്റ്റ്‌ വായിച്ചു കേള്‍പ്പിക്കാനേ കോടതിക്ക്‌ കഴിയൂ എന്നു ഞാന്‍ കരുതുന്നില്ല. (നചികേതസ്സിന്റെ മറുപടി കാണൂ.) അങ്ങിനെയായിരുന്നെങ്കില്‍ വാദവും, എക്സ്‌പെര്‍ട്ട്‌ ഒപ്പീനിയനും ഒന്നും വേണ്ടിയിരുന്നില്ലല്ലോ, കേസ്‌ സ്വീകരിക്കാതെ തള്ളാമായിരുന്നില്ലേ?

മലമൂട്ടില്‍ മത്തായി said...

കോടതികല്ക് നിയമം വ്യാഖ്യാനിക്കാന്‍ പരിമിതമായ അധികാരമേ ഉള്ളു. ഓരോ കേസിലും ഓരോ രീതിയില്‍ വിധി പ്രഖ്യാപിക്കാന്‍ കോടതിക്ക് വലിയ അവകാശം ഒന്നും ഇല്ല - നീതിന്യായ വ്യവസ്ഥിയുടെ കാതല്‍ എന്ന് പറയുന്നതു തന്നെ മുഖം നോക്കാതെ നടപടിയെടുക്കുക എന്നതാണ്. അതിനാലാണ് നിയമ ദേവത കണ്ണ് മൂടികെട്ടി നില്കുന്നത്.

പിന്നെ ഈ കേസെന്ന് പറയുന്നതു, ദൂര വ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കാന്‍ പറ്റുന്ന ഒന്നാണ്. കേസിന്റെ കാതല്‍ രോഗമുണ്ടെന്ന് തീര്‍ച്ചയായ ഒരു കുഞ്ഞിന്നെ പ്രസവിക്കാനും അതിന്റെ നരകതുല്യമായ ഭാവി ജീവിതം കാണാനോ, രോഗം മൂലം ഉണ്ടായേക്കാവുന്ന സാമ്പത്തിക കഷ്ടനഷ്ടങ്ങള്‍ സഹിക്കാനോ കുട്ടിയുടെ മതാപിതാകള്‍ തയ്യാര്‍ അല്ലെന്നുല്ലതിനാല്‍ കുട്ടിയെ ഗര്‍ഭാവസ്ഥയില്‍ തന്നെ കൊല്ലുന്നു എന്നതാണ്.

ഈ തത്വ പ്രകാരം പെണ്‍കുഞ്ഞുങ്ങളെ കൊല്ലുനത് ഒരു കുറ്റമല്ല. കുട്ടിയുടെ നിറം കറുതാല്, സ്ത്രീധന പീഡനത്തില്‍ നിന്നും രക്ഷപെടുത്താന്‍, ഭാവിയില്‍ അവളെ പീടിപിക്കാന്‍ സധ്യധയുള്ള കഷ്മലന്മാരില്‍ നിന്നും രക്ഷപെടുത്താന്‍, ഇവയൊക്കെ മതി ഒരു പെണ്‍കുഞ്ഞിനെ ഗര്‍ഭാവസ്ഥയില്‍ തന്നെ കൊല ചെയാന്‍.

അതുകൊണ്ടാണ് വ്യക്തമായ നിയമ നിര്‍മാണം ആവശ്യമാണെന്ന് പറയുന്നതു. കോടതികളില്‍ "precedent" എന്ന് പറയുന്നതു വലിയ കാര്യമാണ്. അതിനാല്‍ വ്യക്തതയില്ലാത്ത നിയമങ്ങള്‍ കോടതി വ്യാഖ്യാനിച്ചു precedent ഉണ്ടാക്കുന്നതിനേക്കാള്‍ നല്ലത് പുതിയതും വ്യക്തതയുല്ലതുമായ നിയമങ്ങള്‍ കൊണ്ടു വരിക എന്താണ് പോംവഴി.

Nachiketh said...

ഈ മത്തായിയ്കു കാര്യം പറഞ്ഞാല്‍ മനസ്സിലാവില്ലാനു വെച്ചാല്‍ എന്താ ചെയ്യാ, ഈ നിയമത്തില്‍ 2001-ല്‍ ഒരു ammendment ഉണ്ടായിട്ടുണ്ട് വിശദവിവരങ്ങള്‍ തരാം , വൈകല്യമുള്ള കുഞ്ഞ് , ഇഷ്ടമില്ലാതെ പ്രസവിയ്ക്കേണ്ടിവരുന്ന അമ്മ, ഗര്‍ഭസമയത്ത് അമ്മയുടെ മനസ്സിനെ ബാധിയ്കുന്നെതെല്ലാം കുഞ്ഞിനെ എത്രത്തോളം ഗൌരവമായി സ്വാധീനിയ്കൂന്നു വെന്നു മനസ്സിലാക്കാനോ, അതോ അറിയാത്തഭാവം നടിയ്കാനോ കോടതി നടത്തിയ നാടകം , അല്ലെങ്കില്‍ ഇങ്ങനെ ammendment ഉണ്ടായാല്‍ അതിനെ ചോദ്യം ചെയ്യാന്‍ തല്പരകക്ഷികള്‍ മേല്‍ കോടതിയെ സമീപിയ്ക്കും എന്നു തീര്‍ച്ച, തുടര്‍ന്നു അതിനുള്ള സ്റ്റേ..ഏതൊരു കോടതിയ്കും താല്പര്യമില്ലാത്ത വിഷയം രാഷ്ട്രീയ പരമായ യാതൊരു പിന്തുണയും കോടതിയ്കു കിട്ടാതെ വരുന്ന സാഹചര്യം അതുകൊണ്ടാണ് കോടതി പന്ത് പുതിയ നിയമത്തിന്റെ സാധ്യതയിലേയ്ക്കിട്ടത് കാരണം മതമേലധ്യക്ഷന്മാരുടെ സംരക്ഷണയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ പാര്‍ലിമെന്റില്‍ നിന്നും ഇത്തരമൊരു നിയമത്തിനു സാധ്യതയുമില്ലെന്നു കോടതിയ്കും നന്നായിട്ടറിയാം .........അതു കൊണ്ടാണവര്‍ കൈകഴുകി കാര്യം സാധിച്ചത്...


പുതിയ നിയമത്തിന്റെ സഹായമില്ലാതെ ഇതിനേക്കാള്‍ ഗൌരവമുള്ള എത്രയെത്രെ നിയമങ്ങള്‍ ammendment ചെയ്യുന്നു, പ്രത്യേകിച്ചും സമയബന്ധിതമല്ലാത്ത നിരവധി കാര്യങ്ങള്‍ അതിനൊന്നും ആര്‍ക്കും ആക്ഷേപമില്ല,

Unknown said...

ഏതായാലും നികിതയ്ക്ക് ഒരു സ്വാഭാവിക ഗര്‍ഭച്ഛിദ്രം സംഭവിച്ചത് നികിത ഹരേഷ്‌ ദമ്പതികള്‍ക്ക് ആശ്വാസമായി . അല്ലായിരുന്നെങ്കില്‍ ആ കുട്ടിയുടെ ദൈന്യാവസ്ഥ ആ ദമ്പതികളെ ആയുഷ്ക്കാലം വേട്ടയാടുമായിരുന്നു . അവരുടെ കാലശേഷവും ആ കുട്ടി ജീവിച്ചിരുന്നുവെങ്കില്‍ ഒരു ജീവിതം മുഴുവന്‍ ദുരിതം പേറി ജീവശ്ചവമായി കഴിയേണ്ടിയിരുന്നു . ഒരു ദൈവവും മരണം വരെ സഹായത്തിനുണ്ടാവുമായിരുന്നില്ല .

ദൈവം എന്നത് ഓരോരുത്തരുടെയും താല്പര്യവും സ്വാര്‍ത്ഥതയും സാഹചര്യവും അനുസരിച്ച് വ്യാഖ്യാനിക്കാവുന്ന ഒരു സാങ്കല്പികകഥാപാത്രമാണെന്ന് ഇവിടെ വ്യക്തമാവുന്നു . ഗര്‍ഭച്ഛിദ്രം തനിയെ നടന്നപ്പോള്‍ അത് ദൈവത്തിന്റെ കരുണയാണെന്ന് ഹരേഷിന് തോന്നുന്നു . അങ്ങനെയെങ്കില്‍ ദൈവം എന്തിനീ പൊല്ലാപ്പ് ഉണ്ടാക്കി . ഹൃദയവൈകല്യമുള്ള ശിശുവിനെ ഗര്‍ഭം ധരിക്കാനിടയായതില്‍ ദൈവത്തിന് പങ്കില്ലെന്നാണോ ഹരേഷ് കരുതുന്നത് . ഇവിടെ ഹരേഷിന് ഭാര്യയുടെ ഗര്‍ഭച്ഛിദ്രം അനിവാര്യമായിരുന്നു . നിയമം അതിനെ തുണച്ചില്ല . എങ്ങനെയോ ആവട്ടെ അത് നടന്നു . അപ്പോള്‍ ദൈവം തുണച്ചു എന്ന് ഹരേഷ് കരുതുന്നു . മറ്റൊന്നും അയാള്‍ക്ക് ബാധകമല്ല . എന്നാല്‍ ഒന്നും ബാധിക്കപ്പെടാനിടയില്ലാത്തവര്‍ക്ക് ആ ശിശു ദൈവത്തിന്റെ സൃഷ്ടിയും ദൈവതുല്യം പരിശുദ്ധവുമാണ് . ദൈവം എന്തിനീ ശിശുവിനെ ഹൃദയവൈകല്യത്തോടെ ജന്മം നല്‍കുന്നു എന്ന് ബാധിക്കപ്പെടാത്തവര്‍ക്ക് തോന്നുകയുമില്ല . ഇതിനെയാണ് കണ്‍‌വീനിയന്‍സ് ഓഫ് ഗോഡ് എന്ന് പറയുന്നത് . തനിക്കേതാണോ സൌകര്യം അത് തന്നെ ദൈവം . അല്ലാതെ നീതിയും ന്യായവും നോക്കി എല്ലാം നടത്തുന്ന ഒരു ദൈവം ആര്‍ക്കുമില്ല . ഞാനും എന്റെ ദൈവവും . എന്റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും സമ്പത്തിനും പ്രശസ്തിക്കും കാരണം ദൈവം . അത് നല്‍കിക്കൊണ്ടിരിക്കുന്ന ദൈവത്തിന് മാത്രം നന്ദി . എന്റെ ഉയര്‍ച്ചയില്‍ സമൂഹത്തിന്റെ ഒരു പങ്കുമില്ല . എന്തൊരു നല്ല ദൈവം !

സന്ദര്‍ഭവശാല്‍ നികിത ഹരേഷ്‌ ദമ്പതികള്‍ രക്ഷപ്പെട്ടു . എന്നാല്‍ ഇനിയും ഇത്തരം പ്രശ്നങ്ങള്‍ മറ്റ് ദമ്പതികള്‍ക്ക് സംഭവിച്ചാല്‍ അവരുടെ ഗതി ? ദൈവം സഹായിച്ച് സ്വാഭാവികച്ഛിദ്രം നടക്കുമെന്ന് കാത്തിരിക്കണോ ? അതോ ദൈവതുല്യം പരിശുദ്ധമാ‍യ ആ ശിശുവിനെ നരകതുല്യമായ ജീവിതത്തിലേക്ക് ജനിക്കാന്‍ അനുവദിക്കണോ ? ഇവിടെയാണ് ബാബുരാജിന്റെ ഈ പോസ്റ്റിന്റെ പ്രസക്തി . പക്ഷെ ഇത്തരം പ്രശ്നങ്ങള്‍ മാനവികമായ തലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ മാത്രം സമൂഹം ഇനിയും വളര്‍ച്ച പ്രാപിച്ചിട്ടില്ല എന്നതാണ് സത്യം . ഇത് പോലെ തന്നെ മറ്റൊരു പ്രധാനപ്രശ്നവും ചര്‍ച്ചയ്ക്ക് വിധേയമാവാത്തതായുണ്ട് , അതാണ് ദയാവധം . ഇവിടെയും ജീവന്റെ പരിശുദ്ധി എന്ന വാദവുമായാണ് വിശ്വാസികള്‍ പ്രതിരോധിക്കുക . എനിക്കിവരോട് ചോദിക്കാനുള്ളത് , ഓരോ സെക്കന്റിലും ജന്മം പ്രാപിക്കാതെ പോകുന്ന കോടാനുകോടി ബീജകോശങ്ങളെയും അണ്ഡകോശങ്ങളെയും നിങ്ങള്‍ ഏത് കണക്കില്‍ എഴുതിത്തള്ളും എന്നാണ് . ദൈവഹിതത്തില്‍ ഈ ചോദ്യത്തിനുത്തരം ഒളിഞ്ഞിരുപ്പുണ്ടോ ?

നികിത ഹരേഷ്‌ ദമ്പതികളുടെ കാര്യത്തില്‍ സങ്കേതികയില്‍ തൂങ്ങി നിര്‍വികാരമായ വിധി കോടതി പ്രഖ്യാപിച്ചത് ദൌര്‍ഭാഗ്യകരമായിപ്പോയി . ജൂഡീഷ്യല്‍ ഏക്റ്റീവിസം എന്നും കോടതി പരിധി ലംഘിക്കുന്നു എന്നും ഭരണ-പ്രതിപക്ഷഭേദമെന്യേ സകല രാഷ്ട്രീയക്കാരും വിമര്‍ശിക്കുന്ന തരത്തില്‍ എത്ര വിധികള്‍ കോടതികള്‍ നടത്തിയിട്ടുണ്ട് . ചെറിയ ഒരാനുകൂല്യം കോടതി ഇക്കാര്യത്തില്‍ നല്‍കിയിരുന്നുവെങ്കില്‍ ഭാവിയില്‍ സമാനപ്രശ്നം നേരിടുന്നവര്‍ക്കും ആശ്വാസപ്രദമായേനേ . ഇത്തരം ഘട്ടങ്ങളില്‍ കോടതിയെ സമീപിക്കാനല്ലാതെ രാജ്യത്തിലെ നിയമസാമാജികരെ കണ്ട് നിയമനിര്‍മ്മാണം നടത്തിച്ച് ഗര്‍ഭച്ഛിദ്രം അനുവദിച്ചു കിട്ടിക്കാന്‍ ആര്‍ക്കെങ്കിലുമാവുമോ ?

Anonymous said...

ഞാ‍ൻ ഈ ബ്ലൊഗിങ് രങ്കത്ത് ഒരു ‘പൊടിക്കൊച്ചാണു‘ അധികം കാര്യങ്ങൾ എനിക്കു അറിയില്ല. എന്നേക്കാൾ സീനിയർ ബ്ലോഗന്മാരായ നിങൾ എന്റെ ബ്ലോഗ് വ്വായിച്ച്, മാറ്റങൽ നിർദെശിക്കണം………. പ്ലീ….സ്….. എറ്ന്റെ ബ്ലോഗ് അഡ്രസ് ഇതാനു… http://punarnavaayurveda.blogspot.com