Showing posts with label Incarnations. Show all posts
Showing posts with label Incarnations. Show all posts

Friday, September 26, 2008

വിഷ്ണുവിന്റെ അവതാരങ്ങള്‍ ഏതൊക്കെയാണ്‌?

വിഷ്ണുവിന്റെ അവതാരങ്ങള്‍ ഏതൊക്കെയാണ്‌?

മത്സ്യം, കൂര്‍മ്മം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലഭദ്രന്‍, കൃഷ്ണന്‍, കല്‍ക്കി ഇവയൊക്കെയെന്നാണ്‌ ഞാന്‍ ചെറുപ്പം മുതല്‍ കേട്ടിരുന്നത്‌.
 (അമ്മ പഠിപ്പിച്ചത്‌: മത്സ്യ, കൂര്‍മ്മ,  വരാഹോ, നരഹരി, വാമന, ഭാര്‍ഗ്ഗവ, രഘുവീര, ബലഭദ്രച്ച്യുത കല്‍ക്കിയതായിട്ടവതാരം ചെയ്തവനേ ജയ ജയ!)

 ഇപ്പൊഴത്തെ സംശയം പുതിയതല്ല. രണ്ടു വര്‍ഷത്തോളം മുന്‍പ്‌, ഉത്തരേന്‍ഡ്യയില്‍ നിന്നു കിട്ടിയ ഒരു ദശാവതാര ശില്‍പ്പത്തില്‍ ബലരാമനെ ഒഴിവാക്കി ബുദ്ധന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു! ആയിടക്കു തന്നെ, സംഘപരിവാര്‍ ശക്തികള്‍ ചരിത്രത്തില്‍ എങ്ങനെ ഇടപെടുന്നു എന്ന ഒരു ലേഖനത്തില്‍, ഇപ്പോള്‍ ബുദ്ധനെ അടിച്ചു മാറ്റി സ്വന്തമാക്കിയതിനെപ്പറ്റിയും ഉദാഹരിച്ചു കണ്ടു. അവിടം കൊണ്ട്‌ അത്‌ മറന്നിരിക്കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം മഹാകവി ഉള്ളൂരിന്റെ 'കപിലവസ്തുവിലെ കര്‍മ്മയോഗി' എന്ന കവിതയില്‍ ബുദ്ധനെ 'നാരായണന്റെ നവാവതാരം' എന്നു വിശേഷിപ്പിച്ചിരിക്കുന്നു കണ്ടു! മഹാപണ്ഡിതനായ കവിയ്ക്ക്‌ അബദ്ധം പിണയാന്‍ സാദ്ധ്യതയില്ല എന്നു വിശ്വസിച്ചതിനാലും, അദ്ദേഹവും പരിവാരവുമായി ബന്ധമൊന്നുമില്ലാത്തതിനാലും വീണ്ടും സംശയമായി.

സത്യത്തില്‍ ബുദ്ധനെ വിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്നത്‌ പുതിയ കാര്യമൊന്നുമല്ല. ദക്ഷിണേന്‍ഡ്യയില്‍ ഈ സങ്കല്‍പ്പം പ്രചാരപ്പെട്ടിരുന്നില്ല എന്നു മാത്രം. ഭാഗവതത്തില്‍ ബുദ്ധനെ അവതാരത്തിലൊന്നായാണ്‌ കാണുന്നത്‌. പക്ഷെ നമ്മള്‍ കരുതുന്നതു പോലെ അത്ര പ്രാചീനമൊന്നുമല്ല ഭാഗവതം. ഒന്‍പതാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ ആണ്‌ അത്‌ രചിക്കപ്പെട്ടത്‌. അതായത്‌ ബുദ്ധന്റെ കാലഘട്ടത്തിനും ഒരു 13-14 നൂറ്റാണ്ടു ശേഷം. ഒരു പക്ഷെ ബുദ്ധ മതത്തിന്റെ പുഷ്കല കാലഘട്ടത്തിനും ശേഷം. ബുദ്ധ മതത്തിന്റെ അസ്ഥിത്വം തന്നെ ഇല്ലാതാക്കാനുള്ള ഒരു ഗൂഢശ്രമം ഇതിനു പിന്നിലില്ലേ എന്നും സംശയിക്കാം. കാരണം, അപ്പോഴേക്കും ക്ഷയോന്മുഖമായിക്കഴിഞ്ഞിരുന്ന ബുദ്ധമതത്തിന്റെ ആചാര്യനെത്തന്നെ ഹിന്ദു സങ്കല്‍പ്പത്തിലേക്ക്‌ ചേര്‍ത്തെടുത്താല്‍ പിന്നെ ബുദ്ധ മതത്തിന്‌ സ്വന്തമായി ഒരു നില നില്‍പ്പ്‌ ഇല്ലാതാകുമല്ലോ?

അവതാരങ്ങള്‍ പത്തില്‍ നിലനിര്‍ത്താന്‍ സൗകര്യം പോലെ ബലരാമനേയോ കൃഷ്ണനേയോ ഒഴിവാക്കുന്നു. കൃഷ്ണന്‍ ഒരു അവതാരമല്ല, വിഷ്ണു തന്നെയാണ്‌ കൃഷ്ണന്‍ എന്ന ഒരു വാദവുമുണ്ട്‌.

ഇപ്പോള്‍ ഒരു കാര്യം ചോദിക്കട്ടെ? നമ്മളൊക്കെ അറിയുന്ന, എന്നാല്‍ ദശാവതാരങ്ങളില്‍ ഉള്‍പ്പെടുത്താത്ത ഒരു അവതാരമില്ലേ? മോഹിനി? അതു ഒരു സിമ്പിള്‍ ഫാന്‍സി ഡ്രസ്സ്‌ ആയിരുന്നു എന്നു വാദിക്കാന്‍ വരട്ടെ, ഭാഗവതത്തില്‍ അതും അവതാരം തന്നെ. ഭാഗവതത്തില്‍ അവതാരം പത്തല്ല, ഇരുപത്തിരണ്ടാണ്‌. ആദിപുരുഷന്റെ നാഭീകമലത്തില്‍ ഉരുവായ ബ്രഹ്മാവിന്റെ പുത്രന്മാരായ നാലു ബ്രഹ്മചാരികളാണ്‌ ആദ്യാവതാരം. അതിനു ശേഷം വരാഹം. പിന്നെ നാരദന്‍, നര നാരായണന്മാര്‍, കപിലന്‍, അത്രി, യജ്നന്‍, ഋഷഭന്‍, പൃതു തുടങ്ങിയവര്‍ക്കു ശേഷം മത്സ്യവും കൂര്‍മ്മവും. അപ്പൊഴേക്കും പലഴി മഥനം തുടങ്ങി. തുടര്‍ന്ന് ധന്വന്തരിയും മോഹിനിയും. പിന്നെ നരസിംഹം മുതല്‍ കല്‍ക്കി വരെ. ഇതിനിടെ പതിനേഴാമതായി വ്യാസനും ഇരുപത്തിയൊന്നാമതായി ബുദ്ധനും. 

ദശാവതാരം പരിണാമ സിദ്ധാന്തമാണെന്ന് വാദിക്കുന്ന ഗോപാലകൃഷ്ണ ശാസ്ത്രജ്ഞന്മാര്‍ ഒന്നു ശ്രദ്ധിക്കണേ, വരാഹത്തിനും വളരെ ശേഷമാണ്‌ മത്സ്യവും കൂര്‍മ്മവും.

പക്ഷെ അടിസ്ഥാന പ്രശ്നം ബുദ്ധന്‍ തന്നെ. അവതാരം പത്തായാലും ഇരുപത്തിരണ്ടായാലും, ബലരാമന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാം ഒന്നു തന്നെ. പക്ഷെ ബുദ്ധന്റെ കാര്യം അങ്ങിനല്ല. അദ്ദേഹം ഒരു ചരിത്ര പുരുഷനാണ്‌. ദൈവത്തിന്റെ സ്ഥാനം തള്ളിക്കളയുന്ന ഒരു വീക്ഷണം പഠിപ്പിച്ച ആളുമാണ്‌. അദ്ദേഹത്തെ തന്നെ ദൈവമാക്കിയാലോ?

(ഭാഷാ ഭാഗവതം വായിച്ചു മനസ്സിലാക്കാനുള്ള ബോധമില്ലാത്തതിനാല്‍ ഒരു ഇംഗ്ലീഷ്‌ സംഗ്രഹമാണ്‌ ഞാന്‍ വായിച്ചത്‌. പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ ദയവായ്‌ തിരുത്തുക.)