Thursday, July 17, 2008

ഒരു പരീക്ഷണവും ലോകാവസാനവും.ഒരു ചിത്ര കഥയുടെ രൂപത്തില്‍ പറഞ്ഞാല്‍ സൂപ്പര്‍മാനോ, സ്പൈഡര്‍മാനോ കുറഞ്ഞത്‌ ജയിംസ്‌ബോണ്ടിനെങ്കിലും ഇടപെടാനുള്ള സാഹചര്യമുണ്ട്‌. പക്ഷെ ഇവിടെ കഥയിലെ കിറുക്കന്‍ പ്രൊഫസറും, ലോകത്തെ തന്നെ നശിപ്പിച്ചേക്കാവുന്ന പരീക്ഷണവും ഒക്കെ നായകസ്ഥാനത്താണ്‌. ഞാന്‍ പറഞ്ഞു വരുന്നത്‌ ലാര്‍ജ്‌ ഹാഡ്രോണ്‍ കൊള്ളൈഡറിനെപ്പറ്റിയാണ്‌. (LHC)

ഊര്‍ജ്ജതന്ത്രത്തിലെ കണികാ സിദ്ധാന്തത്തിന്റെ സാധുത പരീക്ഷിക്കാനുള്ള ഒരു സംവിധാനമാണിത്‌. പ്രധാന ഉദ്ദേശം ഹിഗ്ഗ്‌സ്‌ ബോസോണ്‍ കണികകള്‍ (ഇവയാണ്‌ അടിസ്ഥാന കണികകള്‍ക്ക്‌ പിണ്ഡം നല്‍കുന്നത്‌ എന്നു കരുതപ്പെടുന്നു) കണ്ടെത്താനാവുമോ എന്നു പരീക്ഷിക്കലാണ്‌.
ഏറ്റവും ലഘുവായിപ്പറഞ്ഞാല്‍ ഇവിടെ ചെയ്യുന്നത്‌ അതീവ ശക്തിയില്‍ പ്രോട്ടോണുകളെ കൂട്ടിയിടിപ്പിക്കുകയാണ്‌. ഇതില്‍ നിന്നും ഉരുത്തിരിയുന്ന വികിരണങ്ങളെ വിശകലനം ചെയ്യുന്നു. ഈ പരീക്ഷണത്തിനായി ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ ഇതുവരെ ഒരു പരീക്ഷണത്തിനും വേണ്ടി ചെയ്തിട്ടില്ലത്ത വിധം ബൃഹത്താണ്‌.

27 കിലോമീറ്റര്‍ ചുറ്റളവുള്ള ഒരു ഭൂഗര്‍ഭ തുരങ്കത്തിലാണ്‌ കൊളൈഡര്‍ സ്ഥാപിച്ചിരിക്കുന്നത്‌. അതിനുള്ളില്‍ രണ്ട്‌ പ്രോട്ടോണ്‍ രശ്മികള്‍ പരസ്പരം എതിര്‍ ദിശയില്‍ സഞ്ചരിക്കുന്നു. ഈ രശ്മികളെ വൃത്താകര തുരങ്കത്തിലൂടെ വളച്ചു കൊണ്ടു പോകാനും ഫോക്കസ്‌ ചെയ്യുവാനുമായി 1600 ഓളം അതിചാലക കാന്തങ്ങളാണ്‌ സ്ഥാപിച്ചിരിക്കുന്നത്‌. ഓരോന്നും 25 ടണ്ണിലേറെ തൂക്കമുള്ളത്‌. അതി ചാലകത സാധിക്കുന്നതിനായി 96 ടണ്‍ ദ്രവ ഹീലിയമാണ്‌ ഉപയോഗിക്കുന്നത്‌. 

കൊളൈഡറിലേക്ക്‌ ഇഞ്ചെക്റ്റ്‌ ചെയ്യുന്നതിനു മുന്‍പായി പ്രോട്ടോണ്‍ രശ്മികളെ ഘട്ടം ഘട്ടമായി ശക്തി കൂട്ടിയെടുക്കും. അവസാനം കൂട്ടിയിടിക്കലിനു തയ്യാറാവുമ്പൊഴേക്കും ഓരോ രശ്മികള്‍ക്കും 160 കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന ഒരു ബുള്ളറ്റ്‌ ട്രയിനിന്റെയത്ര ഊര്‍ജ്ജമുണ്ടാവും.

സധാരണ കമ്പ്യൂട്ടറുകള്‍ക്കും നെറ്റ്വര്‍ക്കുകള്‍ക്കും കൈകാര്യം ചെയ്യാന്‍ കഴിയുന്നതിലും അധികം ഡാറ്റയായിരിക്കും ഈ കൂട്ടിയിടിക്കലില്‍നിന്നും ശേഖരിക്കപ്പെടുന്നത്‌. അതിനായി ഒരു പ്രത്യേക ശൃഘലതന്നെ വികസിപ്പിച്ചുകഴിഞ്ഞു. സധാരണ ഇന്റര്‍നെറ്റിന്റെ അനേകായിരം മടങ്ങ്‌ വേഗത്തിലായിരിക്കും ഈ ഗ്രിഡ്‌ പ്രവര്‍ത്തിക്കുക.

അനേക രാജ്യങ്ങളില്‍ നിന്നായി 7000 ത്തിലധികം ശാസ്ത്രജ്നന്മാര്‍ ഈ പരീക്ഷണത്തില്‍ പങ്കെടുക്കും. മൊത്തം ചിലവ്‌ 10 ബില്ല്യണ്‍ ഡോളറോളം വരും! ചിലവ്‌ പല രാജ്യങ്ങള്‍ ചേര്‍ന്ന് വഹിക്കുന്നു.

ഫ്രെഞ്ച്‌ സ്വിസ്സ്‌ അതിര്‍ത്തി ജെനീവയില്‍ യൂറോപ്യന്‍ അണുശക്തി ഗവേഷണ കേന്ദ്രം (CERN) നിര്‍മ്മിക്കുന്ന ഈ സംവിധാനം ഏകദേശം പൂര്‍ത്തിയായി. ഇപ്പോള്‍ തണുപ്പിക്കല്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. മിക്കവാറും അടുത്ത മാസം പ്രോട്ടോണ്‍ ഇന്‍ജെക്ഷന്‍ ആരംഭിക്കും. ഒക്ടോബറോടെ ആദ്യ കൂട്ടിയിടി നടക്കും.

ഇത്രത്തോളം കാര്യമൊക്കെ മംഗളം. 

ദോഷൈകദൃക്കുകള്‍ ഇവിടെ അല്‍പ്പം പ്രശ്നം കാണുന്നു. ഈ കൂട്ടിയിടിക്കലില്‍ നമ്മള്‍ പ്രതീക്ഷിക്കുന്നതും അല്ലാത്തതും ആയ പലതും രൂപപ്പെടാം. അതിലൊന്ന്, ചെറിയ തമോഗര്‍ത്തങ്ങള്‍. സ്ട്രേന്‍ജ്‌ലെറ്റ്‌സ്‌ എന്നു അറിയപ്പെടുന്ന ഒരു വിചിത്ര വസ്തുവാണ്‌ മറ്റൊന്ന്.

ഇങ്ങനെ രൂപപ്പെട്ടേക്കവുന്ന തമോഗര്‍ത്തങ്ങള്‍ ഭൂമിയെത്തന്നെ വിഴുങ്ങിക്കളഞ്ഞേക്കാം എന്നു ചിലര്‍ ഭയക്കുന്നു. എന്നാല്‍ തമോഗര്‍ത്തങ്ങള്‍ ഉണ്ടാകാന്‍ മാത്രം ശക്തമായ ഊര്‍ജ്ജം ഇവിടെ ഉപയോഗിക്കപ്പെടുന്നില്ല എന്നു മറു വിഭാഗം വാദിക്കുന്നു. പക്ഷെ സൂക്ഷ്മ തമോഗര്‍ത്തങ്ങള്‍ രൂപപ്പെടാനുള്ള സാദ്ധ്യത എല്ലാവരും അംഗീകരിക്കുന്നു. 'ഹോക്കിന്‍സ്‌ വികിരണങ്ങള്‍' മൂലം അവ പക്ഷെ വളരെ വേഗം ദ്രവിച്ചു പോകും എന്നതിനാല്‍ ഭയക്കാന്‍ ഒന്നുമില്ല എന്നു അനുഭാവികള്‍ വാദിക്കുന്നു. നമ്മുടെ അന്തരീക്ഷത്തില്‍ വര്‍ഷം തോറും നൂറുകണക്കിന്‌ ഇത്തരം സൂക്ഷ്മ തമോഗര്‍ത്തങ്ങള്‍ ഉണ്ടാകുന്നുണ്ടത്രേ! പക്ഷെ ഈ ഹോക്കിന്‍സ്‌ വികിരണങ്ങള്‍ മിക്കവാറും ശാസ്ത്രജ്നന്മാര്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല!

ഇനി മറ്റേ കക്ഷി, സ്ട്രേന്‍ജ്‌ലെറ്റ്‌സ്‌. ഇങ്ങേര്‍ ചില കുരുത്തം കെട്ട കുട്ടികളെപ്പോലെയാണ്‌. മറ്റുള്ളവരേയും തന്നെപ്പോലാക്കിക്കളയും. ഒരു സ്ട്രേന്‍ജ്‌ലെറ്റ്‌ ഒരു അണുവിലെ നൂക്ക്ലിയസുമായി കൂട്ടിയിടിച്ചാല്‍ അതിനെ വിഘടിപ്പിച്ച്‌ സ്ട്രേന്‍ജ്‌ലെറ്റുകളാക്കിക്കളയും. ഇവ കൂടുതല്‍ നൂക്ലിയസുകളെ വിഘടിപ്പിക്കും, അങ്ങിനെ, അങ്ങിനെ. അണുസ്ഫോടത്തില്‍ സംഭവിക്കുന്നപോലെ തന്നെ. ചുരുക്കത്തില്‍ കുറച്ചു സമയത്തിനുള്ളില്‍ ഭൂമിയൊരുണ്ട സ്ട്രേന്‍ജ്‌ലെറ്റായി മാറും. എന്നാല്‍ അതിന്റെ ഉപരിതലത്തില്‍ പോസിറ്റീവ്‌ ചാര്‍ജ്‌ ഉള്ളതിനാല്‍ അവ മറ്റു വസ്തുക്കളെ ആകര്‍ഷിക്കുകയില്ല എന്നൊരു വിഭാഗം വാദിക്കുന്നു. പക്ഷെ അതിശക്തമായ കൂട്ടിയിടിയില്‍ നെഗറ്റീവ്‌ ചാര്‍ജുള്ള സ്ട്രേന്‍ജ്‌ലെറ്റ്സുണ്ടാവാം എന്നു പുതിയ നിരീക്ഷണം.

ഏതായാലും ഒക്ടോബറിനു ശേഷം, ആരെന്നുമെന്തെന്നുമാര്‍ക്കറിയാം എന്നതാണവസ്ഥ. വലിയ ആഗ്രഹങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ സാധിച്ചു വെയ്ക്കുക!

ഈശ്വരോ രക്ഷതു!


8 comments:

Unknown said...

കൊള്ളാം; ന്തായാലും എനിക്കു വല്യ ആഗ്രഹങ്ങളൊന്നുമില്ലാത്തത് നന്നായിപ്പോയി

Rajeeve Chelanat said...

ബാബുരാജ്

മനുഷ്യന്റെ അന്വേഷണത്വരകളുടെ ഒരു പോക്കു കണ്ടിട്ട് അതിശയമാണോ, ഭയമാണോ, നിസ്സംഗതയാണോ തോന്നുന്നത് എന്ന് നല്ല നിശ്ചയം പോരാ.

ഏതായാലും ഇത് ഒരു പുതിയ അറിവുതന്നെ.

ഒടുവിലത്തെ ആ പ്രയോഗം. ഇന്ന് വ്യാഴാഴ്ച. ഞങ്ങള്‍ പ്രവാസികള്‍ക്ക് ആഗ്രഹപൂര്‍ത്തീകരണങ്ങള്‍ക്ക് ഉത്തമം.

അഭിവാദ്യങ്ങളോടെ

ഗുപ്തന്‍ said...

ഡാന്‍ ബ്രൌണിന്റെ ഏന്‍‌ജത്സ് ആന്ഡ് ഡീമണ്‍സില്‍ പതിവുപോലെ അതിശയോക്തികലര്‍ത്തി ചിലസൂചനക്കള്‍ ഇതിനെക്കുറിച്ചും ഉണ്ടായിരുന്നൂ.

നല്ല കുറിപ്പ്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അയ്യോ, എനിയ്ക് ഒരു കടലമുട്ടായീം നാരങ്ങമിട്ടായ്യീം തിന്നാന്‍ തോന്നണു

( ആ‍ത്മഗതം: കശ്മലന്‍)

Unknown said...

ഞാനാണെല്‍ ഒരു പെണ്ണൂ പോലും കെട്ടിട്ടില്ല

ബാബുരാജ് said...

ബോണ്ട്സ്‌, ചന്ദൂട്ടി, രാജീവ്‌, ഗുപ്തന്‍, പ്രിയ, അനൂപ്‌ എല്ലാവര്‍ക്കും നന്ദി.

Suraj said...

ഇങ്ങനെ മനുഷമ്മാരെ പേടിപ്പിക്കാതെ മാഷേ... ;))

ഈ ലക്കം ഡിസ്കവര്‍ മാഗസീന്‍ ഇത് ചര്‍ച്ച ചെയ്യുന്നുണ്ട്.

ഇതൊരു ഉണ്ടയില്ലാ വെടിയാണ് ;)
ഒരു ചുക്കും സംഭവിക്കില്ല.
ഇത്ര ഹാഡ്രോണ്‍ കൊളൈഡറില്‍ പാര്‍ട്ടിക്കിള്‍ കൊളീഷന്‍ മൂലം ഇങ്ങനൊരു തമോഗര്‍ത്ത സൃഷ്ടി നടക്കാനുള്ള സാധ്യതയുണ്ടെങ്കില്‍ ഭൌമാന്തരീക്ഷത്തില്‍ ചറപറാ വീഴുന്ന കോസ്മിക് കിരണങ്ങള്‍ കൊണ്ടുതന്നെ തമോഗര്‍ത്തങ്ങള്‍ മിനിറ്റ് വച്ച് ഉണ്ടാകേണ്ടതാണ്.
ഇനി അഥവാ അങ്ങനെ മൈക്രോ(കുഞ്ഞ്) തമോഗര്‍ത്തങ്ങളുണ്ടായാല്‍ തന്നെ ഹോക്കിംഗ് റേഡിയേഷന്‍ പ്രതിഭാസം വഴി അവ ഛടേന്ന് ‘ആവി’യാകുകയും ചെയ്യും. ഭൂമിയെ വിഴുങ്ങാന്‍ പോയിട്ട് ഒരു വളിവിടാനുള്ള ടൈം കിട്ടില്ല ഓന് ;)

പി.എസ്: കുഞ്ഞു ബ്ലാക് ഹോള്‍ ആണെങ്കില്‍ അതിന്റെ പിണ്ഡം അതനുസരിച്ച് ചെറുതാകുമല്ലൊ. അതിനനുസരിച്ച് ആ ഗര്‍ത്തത്തില്‍ നിന്നും ഉത്സര്‍ജ്ജിക്കുന്ന ഹോക്കിംഗ് റേഡിയേഷന് തീവ്രതയും കൂടും. വലിയ ബ്രഹ്മാണ്ഡന്‍ തമോഗര്‍ത്തങ്ങളുടേ ഹോക്കിംഗ് വികിരണനവും ‘ആവി’യാകലും അതുകൊണ്ടാണ് അത്ര എളുപ്പം കാണാത്തത്. അതുകൊണ്ടു തന്നെ ഈ ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണത്തില്‍ കുറച്ച് ബ്ലാക് ഹോളുകള്‍ ഉണ്ടായെങ്കില്‍ എന്നു പ്രാര്‍ത്ഥിക്കുന്നവരാണ് മിക്ക ഭൌതിക ശാസ്ത്രജ്ഞരും. അങ്ങനെയായാല്‍ ഹോക്കിംഗ് റേഡിയേഷന്റെ സാധുതമാത്രമല്ല പരീക്ഷിക്കാനാവുക, ക്വാണ്ടം തിയറിയുടെ അടിസ്ഥാനത്തില്‍ ഗുരുത്വാകര്‍ഷണബലത്തിന് തൃപ്തികരമായ ഒരു തിയറി ഉണ്ടാക്കാനും അത് സഹായിക്കും... ദൈവമേ നാല് ബ്ലാക്ക് ഹോളുണ്ടാവണേ.. നിനക്ക് 100 മെഴുകുതിരി നേര്‍ച്ച... ;)

Phenomenal one said...

എങ്ങനെയാണ ഇത്രയും ചെറിയ പ്രോട്ടോണ്‍ വേര്‍തിരിച്ചു LHC യില് ഇടുന്നത്?