Tuesday, May 18, 2010

എക്സ്പര്‍ട്ട് വിറ്റ്നെസ്സ്

ഡോ: പരാധീനൻ*, തിങ്കളാഴ്ച ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് ഒന്നു മയങ്ങി തുടങ്ങുമ്പോഴാണ് വാതിൽക്കൽ മണിയടിക്കുന്നത്. പതിവില്ലാതെന്താ ഇങ്ങനെ എന്നാലോചിച്ച് ചെന്ന് കതക് തുറന്നപ്പോൾ കാക്കി പാന്റ്സും, വെള്ള ചെക്ക് ഷർട്ടും കൈയ്യിലൊരു ബ്ലേഡ് ബാഗുമായി മുടി പറ്റെ വെട്ടിയ ഒരാൾ. ‘സമൻസ്’, പരാധീനൻ മനസ്സിൽ പറഞ്ഞു.
“പരാധീനൻ സാറല്ലേ?” ആഗതൻ ചോദിച്ചു.
“അതെ”
“സർ, ഒരു സമൻസുണ്ട്, 27 ആം തീയതി” പരാധീനന് തന്റെ ലക്ഷണശാസ്ത്ര വൈദദ്ധ്യത്തിൽ അഭിമാനം തോന്നി.
“എവിടെയാണ്?”
“ഇടിക്കുഴി കോടതിയിലാണ് സർ”
ഡോ: പരാധീനൻ സമൻസ് ഒപ്പിട്ടു വാങ്ങി. കഴിഞ്ഞ രണ്ടു മാസത്തിനിടയ്ക്ക് ഇത് മൂന്നാമത്തേതാണ്. സാരമില്ല, സമയമുണ്ട്. മയക്കം പതുക്കെ വിട്ടു തുടങ്ങുന്നതേയുള്ളൂ. പെട്ടെന്ന് ആലോചിച്ചു, ഇന്നെത്രയാ തീയതി? “ദൈവമെ, 25. അതായത് നാളെ കഴിഞ്ഞ്! കൊള്ളാം.” പോകണ്ട എന്നു വെച്ചാലോ? പരാധീനൻ മനസ്സിൽ കരുതി.
“സാറേ വരാതിരിക്കരുത്, വാറണ്ടാണ്.” (പോലീസുകാർ അല്ലെങ്കിലും മനസ്സു വായിക്കാൻ മിടുക്കരാണ്.)
“വാറണ്ടോ? അതിനെനിക്ക് ഇതിന്റെ സമൻസൊന്നും ഇതുവരെ കിട്ടിയിട്ടില്ലല്ലോ?”
“ അറിയില്ല സാർ, ഞങ്ങൾക്കും ഇതാണു കിട്ടിയത്.” പോലീസുകാരൻ കടലാസ്സെല്ലാം ബ്ലേഡ് ബാഗിൽ തിരുകി യാത്രയായി.

ഇടിക്കുഴി സർക്കാരാശുപത്രിയിൽ ഡോ: പരധീനൻ, ഒന്നും രണ്ടുമല്ല ഏഴുവർഷമാണ് സേവനം നടത്തിയത്. മൂന്നാം വർഷം മുതൽ എല്ലാ ട്രാൻസ്ഫർ സമയത്തും ഇരുനൂറ്റൻപത് കിലോമീറ്റർ അകലെയുള്ള നാട്ടിലേക്ക് സ്ഥലം മാറ്റത്തിന് അപേക്ഷ വെച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. അവസാനം കുടുംബത്ത് ആഭ്യന്തരകലഹലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോഴാണ് അത്ര പ്രോപ്പറല്ലാത്ത ചാനലിനെപ്പറ്റി പരാധീനൻ ചിന്തിച്ചു തുടങ്ങിയത്. ഡി.എം. ഒ ഓഫീസിലെ ഒരു എൻ.ജി.ഓ നേതാവായിരുന്നു മാർഗ്ഗദർശി. എത്സി നേതാവ് തൊട്ട് പിടിച്ച് മുകളിൽ ചെന്ന് ഒരു മൂന്നുമാസശമ്പളത്തുക ‘പാർട്ടിഫണ്ടി‘ലുമടച്ചുകഴിഞ്ഞപ്പോൾ അടുത്ത ലിസ്റ്റിൽ ഡോ: പരാധീനന്റെയും പേരുവന്നു. (അതിനു വേണ്ടി വന്ന പി.എഫ് ലോൺ ഇതുവരെ തീർന്നിട്ടില്ല.) കുഴപ്പമില്ല, ഇപ്പോൾ വീട്ടിൽ നിന്നും പോയി വരാം. പക്ഷെ ഇടിക്കുഴിയുടെ വാങ്ങലുകൾ ഇപ്പോഴും മാസം ഒന്നും രണ്ടും തവണ വീതം ‘എം.എൽ.സി’ (മെഡിക്കോലീഗൽ കേസ്) യുടെ രൂപത്തിൽ പരാധീനന്റെ പുറകേ കൂടിയിരിക്കുകയാണ്.

പിറ്റേന്ന്, ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ആശുപത്രിയിൽ നിന്നും ഇറങ്ങാൻ തുടങ്ങുമ്പോൾ പരാധീനൻ സിസ്റ്ററിനെ വിളിച്ചു നാളെ സ്ഥലത്തുണ്ടാവില്ല എന്ന കാര്യം പറഞ്ഞു. “അയ്യോ സാറേ, നാളെ ഇമ്മുണൈസേഷൻ ഉള്ളതല്ലേ? സാറില്ലാതെങ്ങിനെയാ?”
“എന്തു ചെയ്യാനാ സിസ്റ്ററേ, കോർട്ട് ഡ്യൂട്ടിയാ. അതും വാറണ്ട്. ഞാൻ മദർ പി.എച്.സി എമ്മോയെ വിളിച്ചു പറഞ്ഞിട്ടുണ്ട്. ആരെയെങ്കിലും വിടാൻ ശ്രമിക്കാം എന്നു പറഞ്ഞു. അവിടേയും ആളില്ല.”
“ഡോക്ടർ ഇല്ലാതെ ഞങ്ങൾ കുത്തിയേല കേട്ടോ?” സിസ്റ്ററുടെ ഭീഷണി.

രാത്രി പന്ത്രണ്ടരക്ക് സിറ്റിയിൽ നിന്ന് ഒറ്റ ബസ്സുണ്ട്. രാവിലെ സ്ഥലത്തെത്താം. പക്ഷെ, ആ സമയത്ത് സിറ്റിയിലെത്താൻ ബസ്സില്ല. അല്ലെങ്കിൽ രാത്രി ഒൻപതുമണി മുതൽ സ്റ്റാൻഡിൽ പോയി കുത്തിപ്പിടിച്ചിരിക്കണം. അതിലും ഭേദം നൂറ്റീരുപതു രൂപ കൊടുത്ത് ഒരു ഓട്ടോ പിടിക്കുന്നതാണ്. ങാ! എല്ലാം ചിലവല്ലേ?
അത്താഴം കഴിച്ച് കുറേ നേരം റ്റീവി കണ്ടിരുന്നു, ഇപ്പോൾ കിടന്നാൽ ശരിയാവില്ല. പറഞ്ഞേപ്പിച്ചിരുന്നതിനാൽ പതിനൊന്നായപ്പോൾ ഓട്ടോക്കാരനെത്തി. അയാൾക്കും അതൊരു പതിവായിരിക്കുന്നു. സ്റ്റാൻഡിലെത്തിയപ്പോൾ ബസ് പിടിച്ചിട്ടുണ്ട്, ഭാഗ്യം.

രാവിലെ ഇടിക്കുഴി ആശുപത്രിക്കുമുൻപിൽ ബസ്സിറങ്ങി. അതാണ് പതിവ്, പഴയ പരിചയക്കാരൊക്കെയുണ്ട്. ഡ്യൂട്ടി റൂമിൽ പോയി ഒന്നു ഫ്രഷായി, എല്ലവരോടുമൊന്നു കുശലം പറഞ്ഞ് അടുത്ത ബസ്സിനു കയറി കോടതിയിലേക്ക്. മണി പത്തേ ആയിട്ടുള്ളൂ, സിവിൽ സ്‌റ്റേഷൻ ക്യാന്റീനിൽ പോയി കാപ്പി കുടിച്ച്, കോടതി വരാന്തയിലെത്തി.
“ങാ, സാറെത്തിയല്ലേ?” തിരിഞ്ഞു നോക്കി, പരിചയമുള്ളൊരു പോലീസുകാരൻ. “വലിയ കാര്യമൊന്നുമില്ല സാറേ, ഡ്രങ്കൺനെസ്സാ.” “വെരി ഗുഡ്” പരാധീനൻ മനസ്സിൽ പറഞ്ഞു. കോടതിക്കകത്തു കയറി വാറണ്ട് ബെഞ്ച് ക്ലർക്കിനെ കാണിച്ചു. അയാൾ നമ്പരു നോക്കി നേരത്തെ വിളിച്ചേക്കാം എന്നു തലകുലുക്കി.  പരാധീനൻ മൊബൈൽ സൈലന്റ് മോഡിലേക്ക് മാറ്റി കാത്തു നിന്നു.

പതിനൊന്നു പത്തായി, ബെല്ലടിച്ചു. മജിസ്ട്രേട്ട് രംഗപ്രവേശനം ചെയ്യുന്നു. അദ്ദേഹം സദസ്യരേയും, സദസ്യർ മജിസ്ട്രേട്ടിനേയും വണങ്ങുന്ന ചടങ്ങാണ് ആദ്യം. തുരുപ്പു ഗുലാൻ സിനിമ കണ്ടതിനു ശേഷം, ഈ സന്ദർഭങ്ങളിൽ പരാധീനന് ഓർമ്മ വരുന്നത് അതിലെ മമ്മൂട്ടിയുടെ ഡാൻസ് ക്ലാസ്സാണ്. കുറച്ചു പെറ്റിക്കേസുകൾക്ക് ശേഷം, ഡോ: പരാധീനന്റെ പേര് വിളിച്ചു.
അദ്ദേഹം കൂട്ടിൽ കയറി ഒരിക്കൽ കൂടി മജിസ്ട്രേട്ടിനെ താണുവണങ്ങി. മജിസ്ട്രേട്ട് അതു കണ്ടില്ല. ഒരിക്കലും കാണാറുമില്ല. അതിനാൽ ഈ വണക്കം വേണ്ടെന്നു വെച്ചാലോ എന്നു പലപ്പോഴും പരാധീനൻ ആലോചിചിട്ടുണ്ട്, പക്ഷെ അപ്പോൾ അദ്ദേഹം അത് തീർച്ചയായും കാണും എന്നുറപ്പുള്ളതു കൊണ്ട് അങ്ങനത്തെ സാഹസം ഒന്നും വേണ്ടെന്നു വെയ്ക്കുകയായിരുന്നു.
“ഞാൻ കോടതി മുൻപാകെ സത്യം ബോധിപ്പിച്ചു കൊള്ളാം, സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ” എന്ന് പരാധീനൻ ഗീതയും ബൈബിളും ഒന്നുമില്ലാതെ തന്നെ ഉറപ്പു കൊടുത്തു.

ബെഞ്ച് ക്ലർക്ക് ഫയലിൽ നിന്നും ഒരു പേജ് എടുത്ത് പരാധീനന്റെ കൈയ്യിൽ കൊടുത്തു. മൂന്നു കൊല്ലം മുൻപ് എഴുതിയ ഒരു ഡ്രങ്കൺനെസ്സ് സർട്ടിഫിക്കറ്റാണ്. ഡോക്ടർ ചിട്ടപ്രകാരം വായന തുടങ്ങി, “While I was working as an Assistant Surgeon at................and issued this certificate bearing my signature. And the examination findings are.....”
“ഓക്കെ ഡോക്ടർ, വാട്ടീസ് യുവർ ഇൻഫറൻസ്? “മജിസ്ട്രേട്ട്.
“ദ പേർസൻ ഹാസ് കൺസ്യൂംഡ് അൽക്കഹോൾ, ബട്ട് നോട്ട് അണ്ടർ ദ ഇൻഫ്ലുവൻസ്” (എവൻ വീശിയിട്ടുണ്ട് പക്ഷെ വെളിവുകെട്ടിട്ടില്ല ഏമാന്‍‌നേ!)
“ക്രോസ്സ്?” മജിസ്‌ട്രേട്ട് പ്രതിഭാഗം വക്കീലിനോട് ചോദിച്ചു.
‘ദാ വരുന്നു അരിഷ്ടം” ഡോ: പരാധീനന്‍ അടുത്ത ലക്ഷണശാസ്ത്ര നിഗമനം നടത്തി. പ്രതിഭാഗം വക്കീല്‍ എഴുനേറ്റ് പരാധീനന്റെ നേരെ തിരിഞ്ഞു. “ ആട്ടെ ഡോക്ടറേ, ഈ ഹോമിയോ മരുന്നു കഴിച്ചാല്‍ ആല്‍ക്കഹോളിന്റെ മണം വന്നു കൂടേ?”
(ഓ ഇയ്യാള്‍ ഹോമിയോയുടെ ആളാണ്.)
“ഹോമിയോ മരുന്നുകളെപ്പറ്റി എനിക്കൊന്നുമറിഞ്ഞു കൂടാ.” ഡോക്ടര്‍ തന്റെ അജ്ഞത സമ്മതിച്ചു. പിന്നെ താനെങ്ങനെ ഡോക്ടറായി എന്നു ചോദിക്കും മട്ടില്‍ വക്കീല്‍ പരാധീനനെ ഒന്നു നോക്കി. പരാധീനന്റെ നെഞ്ചൊന്നു വിറച്ചു. “ദൈവമേ എമ്മൈ വല്ലതുമാണോ?” ഓ സോറി, സോറി, മൊബൈല്‍ സൈലന്റില്‍ മിസ് അടിച്ചതാണ്.
“എനിതിങ്ങ് മോറ്?” മജിസ്‌ട്രേട്ട് അക്ഷമനായി. “നത്തിങ്ങ്, ദാറ്റ്സ് ആള്‍” മംഗളം ശുഭം! മജിസ്‌ട്രേട്ട് കുത്തിക്കുറിച്ചിരുന്ന കടലാസ് ബെഞ്ച് ക്ലര്‍ക്കിന്റെ നേരെ എറിഞ്ഞു, അയാളത് പരാധീനന്റെ നേരെ നീട്ടി. ‘ഇതിലെഴുതിയിരിക്കുന്നതെല്ലാം വായിച്ചു കേള്‍പ്പിച്ചു, എല്ലാം ശരി‘. എന്ന് ഇംഗ്ലീഷിലെഴുതി അടിയില്‍ ഒപ്പും വെച്ചു. ആദ്യമൊക്കെ ക്ലാര്‍ക്കോ, അല്ലെങ്കില്‍ മജിസ്‌ട്രേട്ട് തന്നെയോ അത് വായിച്ചു കേള്‍പ്പിക്കും എന്ന് പരാധീനന്‍ കരുതിയിരുന്നു, ഒരിക്കല്‍ ചോദിക്കണം എന്നും കരുതിയതാണ്‍. പക്ഷെ കോടതി പിരിയും വരെ പുറകില്‍ പോയി നിന്നോളാന്‍ പറഞ്ഞാല്‍ പണിയായില്ലേ? അതുകൊണ്ട് നീതിനിര്‍വഹണത്തിനായ് ഒരു ചെറിയ നുണ പറയുന്നതില്‍ കുഴപ്പമില്ല എന്നു വിട്ടുവീഴ്ചയായി.

കോടതിയില്‍ നിന്നും പുറത്തിറങ്ങിയപ്പോളാണ്‍ മിസ്‌കോളിന്റെ കാര്യം ഓര്‍ത്തത്. എടുത്തു നോക്കി. സിസ്റ്ററാണ്‍. തിരിച്ചു വിളിച്ചു.
“സാറേ, പത്തെണ്‍പത് ഓപ്പിയുണ്ടായിരുന്നു. കൊറേപ്പേറ്ക്ക് അവിലും പാരസെറ്റമോളും കൊടുത്തു വിട്ടു. ഇരുപത്തിയേഴ് പിള്ളേര്‍ വന്നിട്ടുണ്ട് ഇമ്മുണൈസേഷന്, ഡോക്ടര്‍മാര്‍ ആരും ഇതുവരെ വന്നിട്ടില്ല. എന്തു ചെയ്യണം?”
“അവരോട് അടുത്ത തവണ വരാന്‍ പറഞ്ഞു വിട്. അല്ലാതെന്തു ചെയ്യും.”
“ങാ സാറേ, പിന്നെ ആ എപ്പോഴും വലിച്ചു വരുന്ന ആ നാരായണിയമ്മയില്ലേ, അവരു വന്നായിരുന്നു. ഇത്തിരി സീരിയസ്സായിരുന്നു, കൂടെ ഒരു കൊച്ച് മാത്രമേയുണ്ടായിരുന്നുള്ളൂ. ഞങ്ങളു പിന്നെ ആ സുരേഷിന്റെ ഓട്ടോ വിളിച്ച് താലൂക്കിലേക്ക് വിട്ടു, അവിടെ എത്തുമോന്ന് സംശയമാ.”

സാരമില്ല, ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം! പക്ഷെ നീതി നിര്‍വഹണം അങ്ങിനെയല്ല, അത് അനുസ്യൂതം, അഭംഗുരം നടക്കേണ്ടതാണ്. ഡോ: പരാധീനന്റെ മനസ്സ് അഭിമാന പുളകിതമായി.

 *************************************************************************************************************
*ഡോ: പരാധീനന്‍ എന്ന പേര്‍ കെ.ജി.എം.ഒ. എ ജേണലിന്റെ സ്വന്തമാണ്. ഞാനത് കടമെടുത്തതാണ്. കാരണം കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിനിധിയാണയാള്‍. മുകളിലെഴുതിയിരിക്കുന്നത് ‘ഒരു’ സംഭവകഥയല്ല, നമ്മുടെ നാട്ടിലെ മിക്കവാറും കോടതികളില്‍ സ്ഥിരമായി അരങ്ങേറുന്ന അസംബന്ധനാടകത്തിന്റെ തിരക്കഥയാണ്.





    Tuesday, May 04, 2010

    ഗവി - ദൈവത്തിന്റെ സ്വന്തം ഗ്രാമം. 2

    വൈകിട്ട് അഞ്ചരയായപ്പോള് കുമാറെത്തി. ഞങ്ങള്‍ ‘അമ്പലം കാണിക്കുന്ന്’ കാണാന്‍ തിരിച്ചു. നമ്മള്‍ താമസിക്കുന്ന സ്ഥലം ഇരിക്കുന്ന മലയുടെ മറുവശം ചുറ്റി മുകളിലേക്ക് കയറിയാല്‍ അമ്പലം കാണിക്കുന്നായി. അവിടെ നിന്നു നോക്കിയാല്‍ ശബരിമല ക്ഷേത്രവും പൊന്നമ്പലമേടും കാണാം. മലയുടെ ആ ഭാഗം മുന്‍‌വശത്തുനിന്ന് വ്യത്യസ്തമായി പുല്‍മേടാണ്‍. ഞങ്ങള്‍ പക്ഷെ ചെന്നപ്പോള്‍ അന്തരീക്ഷം ആകെ മൂടിക്കിടക്കുകയായിരുന്നു. ഒന്നും തന്നെ കാണുവാന്‍ പാടില്ല. പൊന്നമ്പലമേടിന്റെ സ്ഥാനം കുമാര്‍ കാണിച്ചു തന്നു. ഇവിടെ അന്തരീക്ഷം പെട്ടെന്നു മാറുമത്രെ. കുറച്ചു സമയം കൂടി കാത്തിരുന്നാല്‍ ഒരു പക്ഷെ ശബരിമല കാണുവാന്‍ സാധിച്ചേക്കും. ഞങ്ങള്‍ സൂര്യാസ്തമയം വരെ കാത്തു, പക്ഷെ നിരാശയായിരുന്നു ഫലം.

    From Gavi
    അമ്പലം കാണിക്കുന്ന്

    രാത്രിയില്‍ തടാകത്തില്‍ ചൂണ്ടയിടാം എന്നു പറഞ്ഞ് കുമാര്‍ ഞങ്ങളുടെ നിരാശ മാറ്റി. അതിനുള്ള സാമഗ്രികളൊക്കെ പുള്ളി സംഘടിപ്പിച്ചോളാം എന്നേറ്റു. ഞങ്ങള്‍ മുറിയിലേക്ക് മടങ്ങി. ഒരു കുളിയൊക്കെ കഴിഞ്ഞപ്പോഴേക്കും നല്ല വിശപ്പായി. താഴെ റെസ്റ്റുറാന്റിലേക്ക് നടന്നു, പക്ഷെ അവിടെ അത്താഴത്തിന് സമയമായിട്ടില്ല. സമയം കളയാ‍ന്‍ തടാകക്കരയിലേക്ക് നീങ്ങി. അവിടെ കുറച്ചു ചൂണ്ടക്കാര്‍ കൂടിയിട്ടുണ്ട്. സ്ഥലവാസികളായ ചെറുപ്പക്കാരും കുട്ടികളുമാണ്. ഒരു പയ്യന്‍ കൂളിങ് ഗ്ലസ്സൊക്കെ വെച്ച് സ്റ്റൈലായാണ് മീന്‍പിടുത്തം. ഒരു ചെറിയ പാട്ടുപെട്ടിയില്‍ നിന്നും തമിഴ് പാട്ടുകള്‍ ഒഴുകുന്നു. പക്ഷെ കാര്യമായ കൊത്തില്ല. കുറുവ പരല്‍ പോലത്തെ മൂന്നു നാലു ചെറിയ മീന്‍ കുടുങ്ങി, അത്ര മാത്രം. അതു കണ്ട് ഞങ്ങള്‍ രാത്രിയില്‍ ഇനി വെറുതെ മഞ്ഞു കൊള്ളെണ്ട എന്നു തീരുമാനിച്ചു. (അതിനുള്ള ‘സ്പിരിറ്റും’ ഞങ്ങള്‍ കരുതിയിരുന്നില്ല! J)

    From Gavi
    ഗവിയിലെ ചൂണ്ടക്കാര്‍

    ഭക്ഷണത്തിനു സമയമായി. ഉച്ചയ്ക്കത്തതില്‍ നിന്നും വ്യത്യസ്തമായി നോണ്‍ വെജ് ആണ്‌. ചപ്പാത്തിയും, ദാലും, പുലാവും, ചിക്കനും പിന്നെ വേറേയും മൂന്നാല്‍ വിഭവങ്ങള്‍. പുലാവ് വളരെ നന്നായി ഉണ്ടാക്കിയിരിക്കുന്നു. ഭക്ഷണത്തിനു ശേഷം കുറച്ചു സമയം കൂടി ഗാര്‍ഡനില്‍ ഇരുന്നിട്ട് ഞങ്ങള്‍ മുറിയിലേക്ക് തിരിച്ചു.

    From Gavi
    ഗവി രാത്രിയില്‍

    അനെക്സില്‍ ചെന്നപ്പോള്‍ മുറ്റത്ത് സ്റ്റേറ്റ്  കാറു കിടക്കുന്നു. സംസാരിച്ചു നിന്ന ഡ്രൈവര്‍മാരോട് ആരാണെന്നു തിരക്കി. വകുപ്പു മന്ത്രി ശ്രീ ബിനോയ് വിശ്വമാണ്‍.  നാളെ പൊന്നമ്പലമേട് സന്ദര്‍ശനമുണ്ട്, അതിനാണ് തങ്ങുന്നത്. രാവിലെ ആറു മണിക്ക് വൈല്‍ഡ് ലൈഫ് സഫാരിയുണ്ട്, തയ്യാറായിരിക്കാന്‍ ഓര്‍മ്മിപ്പിച്ച് കുമാര്‍ പോയി. രാവിലത്തെ കുമളി പത്തനംതിട്ട ബസ്സിനു മുന്‍പേ പോയാല്‍ മൃഗങ്ങളെ കാണാന്‍ സാധിച്ചേക്കും. ബസ്സിന്റെ ശബ്ദം കേട്ട് മൃഗങ്ങള്‍ ഉള്ളിലേക്ക് പോയ്ക്കളയും.

    പിറ്റേന്ന് രാവിലേ തന്നെ ഉണര്‍ന്ന് തയ്യാറായി. പുറത്തു വന്നപ്പോള്‍  മന്ത്രിയും യാത്രയ്ക്ക് തയ്യാറായി ഇറങ്ങിയിരിക്കുന്നു. നമ്മളെപ്പറ്റി അന്വേഷിച്ചിരിക്കുന്നു എന്നു തോന്നി. കോട്ടയത്തു എവിടെയാണ്‍? എന്നു സ്നേഹാന്വേഷണം.

    From Gavi
    ഗവി- പ്രഭാതം

    വൈല്‍ഡ് ലൈഫ് സഫാരി ഫോറസ്റ്റുകാര്‍ ഏറ്പ്പെടുത്തുന്ന ജീപ്പിലാണ്‍. ഗവിയില്‍ നിന്നും പത്തനന്തിട്ട വശത്തേക്കാണ്‍ പോകുന്നത്. ഒന്നു രണ്ടു കിലോമീറ്ററുകള്‍ കഴിഞ്ഞാല്‍ പിന്നെ റോഡ് മോശമാണ്‍. പക്ഷെ പുറംകാഴ്ചകള്‍ കൂടുതല്‍ കൂടുതല്‍ മനോഹരമാകുന്നു. ഒരു കുന്നിന്‍ ചെരുവില്‍ കുറെ മാനിനെ കണ്ടു. വാഹനത്തിന്റെ ശബ്ദം കേട്ടപ്പോള്‍ അവ ഓടിഒളിച്ചു. സ്ഥിരം കാട്ടു പോത്തിനേയും ആനയേയും കാണാന്‍ സാധിക്കുന്ന ഒരു താഴ്‌വരയുണ്ടെന്നു പറഞ്ഞു. അതിനടുത്ത് ജീപ്പ് നിറുത്തി ഒരു   ഗൈഡ് പോയി നോക്കി. നിരാശയായിരുന്നു ഫലം. പക്ഷെ ജീപ്പ് നിറുത്തിയ സ്ഥലത്ത് നിറയെ പഴങ്ങളുമായി കുറച്ച് പേരച്ചെടികള്‍ ഉണ്ടായിരുന്നു. മൃഗങ്ങളെ കാണാനാവാഞ്ഞ സങ്കടം പേരക്കാപ്പഴം തിന്നു തീര്‍ത്തു.

    From Gavi
    സഫാരിക്കിടയില്‍

    കാര്യമായി മൃഗങ്ങളെയൊന്നും കാണാന്‍ സാധിക്കാതിരുന്നതിനാല്‍ യാ‍ത്ര കുറച്ചു കൂടി മുന്നോട്ട് നീട്ടി. മുന്നോട്ട് പോയപ്പോള്‍ വഴിസൈഡില്‍ ഒരു പേരത്തോട്ടം കണ്ടു, വണ്ടി നിറുത്തി ഞങ്ങള്‍ ഇറങ്ങി.  പക്ഷെ അവിടെ പാകമായ പേരക്ക ഒന്നുമുണ്ടായിരുന്നില്ല. റോഡിന്റെ എതിര്‍വശത്ത് ഒരു തകര്‍ന്നടിഞ്ഞ കെട്ടിടം കണ്ടു. അത് പഴയ ഒരു സിനിമാ തിയേറ്റര്‍ ആയിരുന്നത്രെ! ആനത്തോട് ഡാം പണി നടക്കുന്ന സമയത്ത് ഈ പ്രദേശം ഒരു ജനവാസകേന്ദ്രമായിരുന്നു. തൊഴിലാളികള്‍ ഇവിടെയാണ്‍ താമസിച്ചിരുന്നത്. പേരത്തോട്ടവും അന്നത്തെ ബാക്കിയാവണം. ഇപ്പോള്‍ അവിടങ്ങും ആള്‍താമസമില്ല.

    From Gavi
    ആനത്തോട് ഡാം

    അല്‍പം കൂടി മുന്നോട്ട് പോയപ്പോള്‍ ആനത്തോട് ഡാം ആയി. ജീപ്പ് നിറുത്തി ഞങ്ങള്‍ ഇറങ്ങി നടന്നു. ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ മാത്രമാണ്‍ അവിടുള്ളത്. അതിലൊരാള്‍ ഡാമിന്റെ വശത്തെ തിട്ടയുടെ താഴേക്ക് ചൂണ്ടി അവിടെ ഒരു കാട്ടുപോത്തുണ്ടെന്നു പറഞ്ഞു. ഞങ്ങള്‍ ശബ്ദമുണ്ടാക്കാതെ പതുക്കെ നടന്ന് തിട്ടയുടെ വക്കത്തെത്തി താഴേക്ക് നോക്കുമ്പോഴുണ്ട് ഒരു കാട്ടുപോത്തിന്റെ ശവം ഉണങ്ങി ദ്രവിച്ച് കിടക്കുന്നു!
    ഏതായാലും അതോടെ സഫാരി മതിയാക്കി മടങ്ങി.

    തിരിച്ച് ഗവിയിലെത്തിയപ്പോള്‍ ഒരിക്കല്‍ കൂടി അമ്പലം കാണിക്കുന്നില്‍ പോയാലോ എന്ന് കുമാര്‍ ചോദിച്ചു. അപ്പോഴേക്കും നല്ല വെയില്‍ ആയി തുടങ്ങിയിരുന്നു. അതു കൊണ്ട് വേണ്ട എന്നു വെച്ചു.

    പ്രഭാതഭക്ഷണം കഴിഞ്ഞു വന്നപ്പോഴേക്കും പത്തു മണിയായി. നമ്മുടെ സമയം തീരുന്നു. ഇനിയും തീര്‍ച്ച്യായും വരും എന്ന് മനസ്സിലുറപ്പിച്ച് കുമാറിന്‍ നന്ദി പറഞ്ഞ് ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു.

    From Gavi


    ജീവിതത്തിലൊരിക്കലെങ്കിലും തീര്‍ച്ചയായും നമ്മള്‍ കേരളീയര്‍ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ്‍ ഗവി. ഊട്ടിയക്കാളും കൊഡൈക്കനാലിനേക്കാളും മനോഹരി. എന്നാല്‍ അവയെപ്പോലെ നാഗരികത ഒട്ടും തന്നെ ഗവിയെ ആക്രമിച്ചിട്ടില്ല. അതാണതിന്റെ ഭംഗിയും. കേരളത്തിലെ മറ്റു ടൂറിസ്റ്റ് സ്ഥലങ്ങളില്‍ നിന്നുംവിഭിന്നമായി ദീര്‍ഘവീക്ഷണമില്ലാത്ത വികലമായ വികസനവും ഗവിയിലില്ല. എക്കോ ടൂറിസം അതിന്റെ പൂറ്ണ്ണ അര്‍ത്ഥത്തില്‍ അവിടെ കാണാനാവും. മുതിര്‍ന്ന വനം വകുപ്പുദ്യോഗസ്ഥന്മാര്‍ മുതല്‍ ഗൈഡുകള്‍ വരെ ഏറ്റവും സൌഹൃദമായും ആത്മാര്‍ത്ഥമായും ഇടപെടുന്നു. അപ്പോള്‍ നമ്മള്‍ സന്ദര്‍ശകര്‍ക്കും ചില ഉത്തരവാദിത്വങ്ങളുണ്ട്. പ്രകൃതിയെ ബഹുമാനിക്കുക, അതിനെ മലിനപ്പെടതെ സംരക്ഷിക്കുക.

    Sunday, May 02, 2010

    ‘ഗവി’ ദൈവത്തിന്റെ സ്വന്തം ഗ്രാമം

    വളരെ നാളായി ഗവി ഒരു മോഹമായി മനസ്സില്‍ കൂടിയിട്ട്. സമയക്കുറവും പിന്നെ പ്രത്യേക യാത്രാനുമതി വേണമെന്ന അറിവും ഒക്കെ യാത്ര നീട്ടി നീട്ടിക്കൊണ്ടുപോയി. അവസാനം അവിടെ പോയിട്ടു തന്നെ കാര്യം എന്നു നിശ്ചയിക്കുകയായിരുന്നു. എന്നാലും എങ്ങിനെയാണ്‍ പോകുന്നത് എന്നതു സംബന്ധിച്ച് ഒരു വിവരവുമില്ല. അപ്പോഴാണ്‍ പഴയൊരു മാതൃഭൂമി യാത്രയില്‍ ഗവിയെപ്പറ്റിയൊരു ലേഖനം ഉണ്ടായിരുന്നത് ഓര്‍ത്തത്. കൈയ്യിലിരുന്ന പഴയ മാഗസീനുകള്‍ തപ്പി. ഉദ്ദേശിച്ച ‘യാത്ര’ കിട്ടിയില്ല. പക്ഷെ. അതിന്റെ അടുത്ത ലക്കം ലഭിച്ചു. ഭാഗ്യം. അതിലൊരു ഗവി ‘കോണ്ടാക്റ്റ് നമ്പര്‍’ ഉണ്ടായിരുന്നു. വൈകിട്ട് അഞ്ചിനും ഏഴിനുമിടയ്‌ക്കേ പക്ഷേ വിളിക്കാന്‍ പറ്റൂ. ഗവിയില്‍ ഫോണ്‍ റേഞ്ചില്ല. അതിനാല്‍ വൈകിട്ട് ആരെങ്കിലും റേഞ്ചുള്ള സ്ഥലത്ത് വന്നു നില്‍ക്കും.

    ‘യാത്ര’ സാമാന്യം പഴയത് ആയിരുന്നതിനാല്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. വൈകിട്ട് ഒരു അഞ്ചരയായപ്പോള്‍ വിളിച്ചു, രക്ഷയില്ല. വീണ്ടും ആറു കഴിഞ്ഞപ്പോള്‍ ശ്രമിച്ചു. ഭാഗ്യം ആളുണ്ട്. സാധാരണ പല കസ്റ്റമര്‍ സര്‍വീസില്‍ വിളിച്ചാല്‍ കിട്ടുന്നതിലും കൃത്യവും മാന്യവുമായ മറുപടി. നമ്മളുദ്ദേശിച്ച ദിവസം അവിടെ മുറി ഒഴിവുണ്ട്. സ്വാഗതം. കുമളിയിലുള്ള അവരുടെ ഫ്രണ്ട് ഓഫീസിന്റെ നമ്പറ് തന്നു. അവിടെ വിളിച്ച് ബുക്ക് ചെയ്യണം.

    (ഒരു കാര്യം പറയാന്‍ വിട്ടു. ഗവിയിലെ സന്ദര്‍ശനത്തിന്റെ ചുമതല വനം വകുപ്പിന്റെ ഉപ വിഭാഗമായ വനം വികസന കോര്‍പ്പറേഷനാണ്‍. അവരുടെ വക ഗ്രീന്‍ മാന്‍ഷന്‍ എന്നൊരു റിസോര്‍ട്ടുണ്ട്. അതു കേന്ദ്രമാക്കിയാണ്‍ ഗവി ടൂറിസം പ്രവര്‍ത്തിക്കുന്നത്.)
    From Gavi
    ഗ്രീന്‍ മാന്‍ഷന്‍

    കുമളിയില്‍ വിളിച്ചു. വളരെ നല്ല പ്രതികരണം. രണ്ടു മൂന്നു തരം പാക്കേജ് ഉണ്ട്, പകല്‍ സമയം മാത്രം തങ്ങാം, അല്ലെങ്കില്‍ ഒരു മുഴുവന്‍ ദിവസമാകാം, അതു വേണമെങ്കില്‍ കാട്ടിനുള്ളിലെ ഫോറസ്റ്റ് റ്റെന്റിലുമാകാം. മുഴുവന്‍ ദിവസ പാക്കേജ് ആകാമെന്നു വെച്ചു. കാട്ടിലെ ട്രക്കിങ്ങ്, ബോട്ടിങ്ങ്, പ്ലാന്റേഷന്‍ സന്ദര്‍ശനം, വൈല്‍ഡ് ലൈഫ് സഫാരി, മൂന്ന് നേരത്തെ ഭക്ഷണം, വെല്‍കം ഡ്രിങ്ക്, ഗൈഡ് എല്ലാം ഉള്‍പ്പടെ യാണ്‍ പാക്കെജ്. സന്ദര്‍ശകരുടെ വിവരങ്ങള്‍ നേരത്തെ നല്‍കണം. നമ്മള്‍ ചെല്ലുന്ന വാഹനത്തിന്റെ നമ്പരും മുങ്കൂട്ടി കൊടുക്കണം. (ചെക്ക് പോസ്റ്റില്‍ ഏര്‍പ്പാടാക്കാനാണ്‍.) പകുതി തുക ബാങ്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും വേണം.

    ( ഇവ്വിധമല്ലാതെ, ചെക്ക് പോസ്റ്റില്‍ അനുവാദം വാങ്ങിയും ഗവി സന്ദര്‍ശിക്കാം. പക്ഷെ അതത്ര എളുപ്പമാണെന്നു തോന്നുന്നില്ല. ‘കണക്ഷന്‍സ്’ വേണ്ടി വരും. പിന്നെ ഒരു മാര്‍ഗ്ഗമുള്ളത് - കുമളി പത്തനംതിട്ട റൂട്ടില്‍, ഗവി വഴി കെ. എസ്. ആറ്. ടി. സി ബസ്സുണ്ട്. ദിവസം നാല്‍ സര്‍വ്വീസ്. അതും ഗവി കാണാനുള്ള നല്ലൊരു വഴി തന്നെ, തീര്‍ച്ചയായും ആ യാത്ര ഒരു അനുഭവമാകും)


    ഗവി പത്തനംതിട്ട ജില്ലയില്‍ ആണെങ്കിലും, അവിടെ എത്താന്‍ നല്ലത് ഇടുക്കി ജില്ല്ലയിലെ വണ്ടിപെരിയാര്‍ വഴിയാണ്‍. വണ്ടിപെരിയാറ് നിന്ന് ഏകദേശം 26 കിലോമീറ്റര്‍ വള്ളക്കടവ് വഴി ഉള്ളിലേക്ക് സഞ്ചരിച്ചാല്‍ സ്ഥലമായി. റോഡ് മോശമില്ല, കാറുകള്‍ക്ക് സുഖമായി സഞ്ചരിക്കാം. എന്നാല്‍ പത്തനംതിട്ട വഴിയാണ്‍ വരാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ജീപ്പ് പോലത്തെ വാഹനങ്ങള്‍ വേണ്ടിവരും.

    ഗവിയിലെ ഗ്രീന്‍ മാന്‍ഷനില്‍ രാവിലേയും വൈകിട്ടും ചെക്കിന്‍ ചെയ്യാം. രാവിലേ തന്നെ എത്താം എന്നു കരുതി ഞങ്ങള്‍ വെളുപ്പിനേ പുറപ്പെട്ടു. ഏകദേശം എട്ടുമണിയായപ്പോള്‍ വണ്ടിപ്പെരിയാറെത്തി. ടൌണ്‍ കഴിഞ്ഞ് തൊട്ടടുത്ത ജങ്ഷനില്‍ നിന്ന് വലതു തിരിഞ്ഞ് വള്ളക്കടവ് വഴി യാത്ര തുടര്‍ന്നു. വള്ളക്കടവ് ചെക്ക് പോസ്റ്റ് വരെ ജനവാസപ്രദേശം വഴിയാണ്‍ യാത്ര. പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് സ്വാഗതം ചെയ്യുന്ന ഒരു വലിയ കമാനം ചെക്ക്പോസ്റ്റിലുണ്ട്. ഇതു വഴിയുള്ള പ്രവേശനം വളരെ നിയ്ന്ത്രിച്ചാണ്‍. സന്ദര്‍ശകരുടെ വിശദവിവരങ്ങള്‍ ചെക്ക്പോസ്റ്റില്‍ നല്‍കി യാ‍ത്ര തുടര്‍ന്നു.




    From Gavi

    വള്ളക്കടവ് ചെക്ക് പോസ്റ്റ്


    കാട്ടിനുള്ളില്‍ കൂടിയാണ്‍‍ ഇനി യാത്ര. വീതി കുറവും വളവും തിരിവും ഉണ്ടെങ്കിലും നല്ല വഴി. കുണ്ടും കുഴിയും ഒന്നും ഇല്ല. വളരെ ഭംഗിയുള്ള പല സ്ഥലങ്ങളും കണ്ടു, പക്ഷെ പത്തു മണിക്ക് മുന്‍പ് സ്ഥലത്തെത്തണമെന്ന് കരുതിയതു കൊണ്ട് എങ്ങും ഇറങ്ങിയില്ല. മാത്രമല്ല യാത്രാമദ്ധ്യേ വാഹനത്തിനു പുറത്ത് ഇറങ്ങരുതെന്ന നിര്‍ദ്ദേശം വള്ളക്കടവില്‍ നിന്ന് നല്‍കിയിരുന്നു. പ്രതീക്ഷിച്ചതിലും മുന്‍പേ ഞങ്ങള്‍ ഗവിയിലെത്തി.

    ഗവി ഡാമും, റിസര്‍വോയറും, അതിന്റെ കരയിലുള്ള പൂന്തോട്ടവും ചേരുന്നതാണ്‍ പ്രധാന ഭാഗം. പൂന്തോട്ടത്തിന്‍ അഭിമുഖമായി റോഡിന്റെ മറുവശത്താണ്‍ ഗ്രീന്‍ മാന്‍ഷന്‍. മാന്‍ഷന്റെ പിന്‍ ഭാഗം വനമാണ്‍. പ്രധാന കെട്ടിടത്തിന്റെ സമീപം തന്നെ പുതിയ ഒരു അനെക്സും പണി ചെയ്തിട്ടുണ്ട്.

    From Gavi


    ചെക്കിന്‍ ചെയ്ത്, മുഖം ഒക്കെ ഒന്നു കഴുകിയപ്പോഴേക്കും പറഞ്ഞിരുന്ന ഗൈഡ് എത്തി. കുമാര്‍ എന്നാണ്‍ പേര്‍. കുമാര്‍ ഗവിക്കാരന്‍ തന്നെയാണ്‍. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ശ്രീലങ്കന്‍ തമിഴരായിരുന്നു. ( ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് ശ്രീലങ്കയില്‍ നിന്നെത്തിയ തമിഴരെ പുനരധിവസിപ്പിച്ച സ്ഥലമാണ്‍ ഗവി. അവര്‍ക്ക് വേണ്ടി അവിടെ ഏലത്തോട്ടം സര്‍ക്കാര്‍ തുടങ്ങുകയായിരുന്നു. ഏകദേശം 300 കുടുംബക്കാരെ അവിടെ കുടിയിരുത്തി.) കുമാര്‍ വിദ്യാഭ്യാസം നടത്തിയത് പുനലൂരാണ്‍. അതിനു ശേഷം വെല്‍ഡിങ്ങ് പഠിച്ച് എറണാകുളത്ത് കുടിവെള്ള പദ്ധതിയില്‍ വെല്‍ഡറായി ജോലിനോക്കുകയായിരുന്നു. അങ്ങിനെ ഇരിക്കുമ്പോഴാണ്‍ ഗവിയില്‍ ടൂറിസം പദ്ധതി വരുന്നത്.

    കുമാര്‍ അന്ന്ത്തെ പരിപാടിയുടെ ഒരു ഏകദേശരൂപം തന്നു. ആദ്യം ട്രക്കിങ്ങിന്‍ പോകാം. നമ്മുടെ താല്പര്യം അനുസരിച്ച് ട്രക്കിങ്ങ് നിശ്ചയിക്കാം, രണ്ടു മണിക്കൂറോ ആറു മണിക്കൂറോ ആകാം. കുട്ടികള്‍ ഒക്കെ ഉണ്ടായിരുന്നതു കൊണ്ട് ചെറിയ യാത്ര മതി എന്നു വെച്ചു. റിസര്‍വോയറിന്‍ മറുകരയിലാണ്‍ ട്രക്കിങ്ങിനുള്ള കാട്. കുമാര്‍ ബോട്ടിറക്കി രണ്ടു തവണയായി ഞങ്ങളെ മറുകരയെത്തിച്ചു. പുള്ളി ഒരു ബാക്ക്പാക്കില്‍ വെള്ളവും ബിസ്ക്കറ്റും കരുതിയിരുന്നു. അല്‍പ്പദൂരം ഈറ്റക്കാട്ടിലൂടെയുള്ള യാത്ര കഴിഞ്ഞാല്‍ പിന്നെ നല്ല കാടായി. പലയിടത്തും ആനപ്പിണ്ഡം കിടക്കുന്നുണ്ട്. മിക്കവാറും ആനയെക്കാണാന്‍ പറ്റും അപൂര്‍‌വ്വമായ് ചിലപ്പോള്‍ കടുവയേയോ കരടിയേയോ കാണാം എന്നു കുമാര്‍ പറഞ്ഞു. അപകടമുണ്ടോ എന്നു ഞങ്ങള്‍ ചോദിച്ചപ്പോള്‍, നമ്മള്‍ ഉപദ്രവിക്കാതിരുന്നാല്‍ അവയും ഉപദ്രവിക്കില്ല എന്നായിരുന്നു മറുപടി.

    From Gavi
    ട്രക്കിങ്ങ് തുടങ്ങുന്നു. കുമാര്‍ അമരത്ത്.

    കാട് അതിന്റെ വന്യ്‌സൌന്ദര്യം പ്രകടിപ്പിച്ചു തുടങ്ങി. ഭീമാകാരനായ ഒരു വൃക്ഷം കണ്ടു. ഒരു രണ്ടു തെങ്ങിന്റെ പൊക്കം കാണും, രണ്ടാള്‍ക്ക് പിടിക്കാന്‍ വീതിയും. അത് കറുവാപ്പട്ട മരമാണെന്നറിഞ്ഞപ്പോള്‍ അത്ഭുതം ഇരട്ടിച്ചു. കുമാറതിന്റെ പട്ട അല്‍പ്പം ഇളക്കി തന്നു, വാസ്തവം! പിന്നീട് കുന്തിരിക്കം മരവും കണ്ടു.

    From Gavi
    കറുവാപ്പട്ട മരം




    From Gavi
    കുന്തിരിക്കം
    വേനലായിരുന്നതിനാല്‍ മൃഗങ്ങള്‍ അധികം പുറത്തേക്ക് വരുന്നില്ല. ഗവി സന്ദര്‍ശിക്കാന്‍ ഏറ്റവും നല്ല സമയം മഴക്കാലത്തിനു ശേഷമുള്ള തോറ്ച്ചയാണ്‍, ഓണക്കാലം. ഞങ്ങള്‍ വന്ന സമയം ശരിയായില്ല എന്നു തോന്നി. പക്ഷെ കാട്ടില്‍ അട്ടയുടെ ശല്യം കുറവുണ്ട്. എങ്കിലും എല്ലാവര്‍ക്കും ഒന്നും രണ്ടും കടി കിട്ടി. രക്തം വരുമ്പോഴേ നമ്മള്‍ അറിയൂ.

    കാടിന്‍ ഓരോ സ്ഥലത്തും ഓരോ രീതിയാണ്‍. അടുത്തടുത്തുള്ള ഈ ഭാവപ്പകര്‍ച്ച കൌതുകമായി. ഇവിടെ വന്മരങ്ങളാണെങ്കില്‍ അപ്പുറത്ത് ഈറ്റക്കാടുകള്‍, അതിനടുത്ത് പുല്‍മേട് ഇങ്ങനെ. കുറച്ച് കരിംകുരങ്ങുകളെ കണ്ടു, അതു കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു മൃഗക്കാഴ്ച. അധികം മൃഗങ്ങളെ കാണാനായില്ലെങ്കിലും വനയാത്ര ഒരു അനുഭവം തന്നെ.


    From Gavi

    ‘വൈല്‍ഡ് ലൈഫ്’

    ഉച്ചയ്ക്ക് ഒന്നരയോടെ ഞങ്ങള്‍ തിരിച്ചെത്തി. ഭക്ഷണം തയ്യാറായിരിക്കുന്നു. താഴെ ഗാര്‍ഡനിലാണ് റസ്റ്റുറന്റ്. ബുഫെ രീതിയിലാണ്‍. വൃത്തിയും രുചിയുമുള്ള വെജിറ്റേറിയന്‍ ഊണ്‍. ഊണ് കഴിച്ച് അല്‍പ്പസമയം വിശ്രമിച്ചപ്പോഴേക്കും കുമാറെത്തി. ബോട്ടിങ്ങിന്‍ സമയമായി.

    തടാകത്തില്‍ ജലനിരപ്പ് താഴ്ന്നാണ്‍. കരയുടെ പച്ചപ്പിനും ജലനിരപ്പിനും ഇടയില്‍ വളരെ വീതിയില്‍ മണ്ണു തെളിഞ്ഞിരിക്കുന്നു. (മുന്‍പ് ഇടുക്കിക്ക് പോകുമ്പോള്‍ കുളമാവ് റിസര്‍‌വോയറില്‍ ഇങ്ങനെ കാണുമ്പോള്‍ എന്തുകൊണ്ടോ ഒരു വിഷമം തോന്നുമായിരുന്നു.) താഴെ പമ്പയില്‍ വെള്ളം കിട്ടാനായി (ശബരിമല മാസപൂജ സമയമായിരുന്നു.) റിസര്‍‌വോയര്‍ തുറന്നു വിട്ടതുകൊണ്ടാണ്‍ ജലനിരപ്പ് ഇത്ര താഴ്ന്നതെന്ന് കുമാര്‍ പറഞ്ഞു. തുഴയുന്ന തരം ബോട്ടാണ്‍. സുരക്ഷ മുന്‍‌കരുതലായ് ലൈഫ് ജാക്കറ്റ് ഒക്കെയുണ്ട്. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും കൂടി രണ്ടു ബോട്ട് വേണ്ടിവരും. കുമാറിനെ സഹായിക്കാന്‍ വേറൊരാളെത്തി. ത്യാഗരാജന്‍. അദ്ദേഹം 35 വര്‍ഷമായി ഗവിയിലാണ്‍ താമസം.

    From Gavi





    From Gavi

    താമസത്തിനു കിട്ടുന്ന ഫോറസ്റ്റ് ടെന്റ്



    From Gavi


    തടാകത്തില്‍ ധാരാളം മരക്കുറ്റികളുണ്ട്. ജലനിരപ്പ് കുറവായതിനാല്‍ അവ കൃത്യമായി കാണാം, ആയതിനാല്‍ തുഴച്ചില്‍കാര്‍ക്ക് ബുദ്ധിമുട്ടില്ല. ഒരിക്കല്‍ ഈ കുറ്റികള്‍ നീക്കംചെയ്യാന്‍ ആലോചിച്ചിരുന്നത്രെ, പക്ഷെ പ്രകൃതിസ്നേഹിയായ ഒരു ഉദ്യോഗസ്ഥന്റെ ഇടപെടല്‍ മൂലമാണ്‍ വേണ്ടെന്നു വെച്ചത്. തടാകത്തിലെ പക്ഷികള്‍ക്കു വേണ്ടി ആ നിലപാടെടുത്ത അദ്ദേഹത്തിന്‍ എന്റെ അഭിവാദനങ്ങള്‍. മിക്കവാറും എല്ലാ കുറ്റികളിലും കൊക്കുകളുണ്ട്. താറാവിന്റെ രൂപവും ഒരു തത്തയുടെ അത്രമാത്രം വലിപ്പവുമുള്ള ഒരു തരം പക്ഷി തടാകത്തില്‍ നീന്തി നടക്കുന്നതു കണ്ടു. നീരൊഴുക്കുള്ള സമയം തടാകക്കരയില്‍ മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ ഉണ്ടാകും. അതുപോലെ തന്നെ തടാകക്കരയില്‍ ധാരാളം ആനകളും മാനുകളും മേയാനുമെത്തുമത്രെ!

    ബോട്ടിങ്ങിനു ശേഷം തിരിച്ചെത്തിയപ്പോള്‍ ചായ തയ്യാര്‍. ഇനി മുറിയിലെത്തി അല്‍പ്പം വിശ്രമം. വൈകിട്ട് അഞ്ചരയ്ക് തിരിച്ചെത്താം എന്നു പറഞ്ഞ് കുമാര്‍ പോയി. ഗ്രീന്‍ മാന്‍ഷന് ഇരിക്കുന്ന മലയുടെ പിന്‍‌വശം ചുറ്റി മുകളില്‍ ചെന്നാല്‍ ശബരിമല കാണാമത്രെ. വൈകിട്ടത്തെ പരിപാടി അവിടെ.

    From Gavi



    Wednesday, March 24, 2010

    സ്റ്റീവ് ജോബ്സിന്റെ മൂന്നു കഥകൾള്





    ആപ്പിൾ കമ്പ്യൂട്ടർ സി.ഇ.ഒ സ്റ്റീവ് ജോബ്സ്, സ്റ്റാൻഫോർഡ് സർവ്വകലാശാല ബിരുദദാന ചടങ്ങിൽ നടത്തിയ പ്രഭാഷണം.




    നന്ദി!
    ലോകത്തിലെ ഏറ്റവും നല്ല സർവ്വകലാശാലകളിലൊന്നായ സ്റ്റാൻഫോർഡിലെ ഈ ബിരുദദാനച്ചടങ്ങിന്‌ ആരംഭം കുറിക്കുന്നതിനും നിങ്ങളോടൊപ്പം നില്ക്കുന്നതും ഞാൻ അഭിമാനമായി കരുതുന്നു.
    സത്യം പറഞ്ഞാൽ ഞാൻ ഒരു കോളേജിൽ നിന്നും ബിരുദം നേടിയിട്ടില്ല, ഒരു കണക്കിൽ ഒരു ബിരുദവുമായി ഞാൻ ഏറ്റവും അടുത്തു വരുന്നത് ഈ ചടങ്ങിലാണ്‌.

    ഇന്ന് ഞാൻ നിങ്ങളോട് എന്റെ ജീവിതത്തിൽ നിന്നും മൂന്നു കഥകൾ പറയാനാഗ്രഹിക്കുന്നു. അത്രയേയുള്ളൂ, വലിയ കാര്യമൊന്നുമില്ല. മൂന്നു കഥകൾ അത്ര മാത്രം.

    ആദ്യത്തെ കഥ, ബിന്ദുക്കളെ യോജ്ജിപ്പിക്കുന്നതിനെപ്പറ്റിയാണ്‌. കോളേജിൽ ചേർന്ന് ആറു മാസമായപ്പോഴേക്കും ഞാൻ പഠനം നിർത്തി, അതിനു ശേഷം ഒരു ഒന്നര വർഷത്തോളം അവിടൊക്കെ ചുറ്റിപ്പറ്റി നടന്നു. പിന്നെ പൂർണ്ണമായും അവിടം വിട്ടൂ. ഞാൻ എന്തു കൊണ്ടാണ്‌ അവിടം വിട്ടത്? സത്യത്തിൽ കുഴപ്പങ്ങളെല്ലം ഞാൻ ജനിക്കുന്നതിനു മുൻപേ തുടങ്ങിയിരുന്നു. എന്റെ അമ്മ ഒരു ഒരു ബിരുദ വിദ്യാർത്ഥിനിയായിരുന്നു, അവിവാഹിതയായ യുവതി. അവർ എന്നെ ദത്തു കൊടുക്കാൻ തീരുമാനിച്ചിരുന്നു. ഒരു കോളേജ് ബിരുദധാരി എന്നെ ദത്തെടുക്കണമെന്ന് അവർ അതിയായി ആഗ്രഹിച്ചു. ഒരു വക്കീലിനെക്കൊണ്ട് എന്നെ ദത്തെടുപ്പിക്കാനുള്ള ഏർപ്പാടുകളും ചെയ്തിരുന്നു. പക്ഷെ അവർ ആഗ്രഹിച്ചിരുന്നത് ഒരു പെൺകുട്ടിയെ ആയിരുന്നു. അങ്ങിനെ കരുതിയിരുന്ന അവർക്ക് ഒരു രാത്രിയിൽ ഒരു ഫോൺ സന്ദേശം ലഭിച്ചു, “ഞങ്ങൾക്ക് ഉണ്ടായിരിക്കുന്നത് ഒരു ആൺ കുട്ടിയാണ്‌, നിങ്ങൾക്കവനെ വേണോ?” “തീർച്ചയായും”, എന്റെ മാതാപിതാക്കൾ പറഞ്ഞു. പക്ഷെ എന്നെ പ്രസവിച്ച അമ്മ പിന്നീട് മനസ്സിലാക്കി, എന്റെ വളർത്തമ്മ ബിരുദം പൂർത്തീകരിച്ചിട്ടില്ല എന്നും, വളർത്തച്ചൻ ഹൈസ്കൂൾ വിദ്യാഭ്യാസം പോലും മുഴുമിപ്പിച്ചിട്ടില്ല എന്നും. അതു കൊണ്ട് രേഖകളിൽ ഒപ്പിടാൻ അവർ വിസമ്മതിച്ചു. കുറച്ചു മാസങ്ങൾക്ക് ശേഷം എന്റെ മാതാപിതാക്കൾ എന്നെ കോളേജിലയച്ച് പഠിപ്പിക്കാം എന്നു ഉറപ്പു നല്കിയപ്പോഴാണ്‌ അവർ എന്നെ വിട്ടുകൊടുക്കാൻ സമ്മതിച്ചത്. ഇതായിരുന്നു എന്റെ ജീവിതത്തിന്റെ തുടക്കം.

    പതിനേഴ് വർഷങ്ങൾക്ക് ശേഷം ഞാൻ കോളേജിൽ ചേർന്നു. പക്ഷെ സ്റ്റാൻഫോർഡ് പോലെ തന്നെ ചിലവേറിയ ഒരു കോളേജിലാണ്‌ കഷ്ടകാലത്തിന്‌ ഞാൻ ചേർന്നത്. തൊഴിലാളികളായിരുന്ന എന്റെ മാതാപിതാക്കളുടെ സമ്പാദ്യമെല്ലാം എന്റെ പഠനച്ചിലവിന്‌ ഉപയോഗിക്കേണ്ടി വന്നു. ആറു മാസമായപ്പോഴേക്കും അതിന്‌ മുതലില്ല എന്നെനിക്ക് തോന്നിത്തുടങ്ങി. ജീവിതത്തിൽ എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു, കോളേജ് വിദ്യാഭ്യാസം അതിനെന്നെ എങ്ങിനെ സഹായിക്കും എന്നും എനിക്ക് അറിയില്ല. എന്റെ മാതാപിതാക്കൾ ഒരായുഷ്കാലം കൊണ്ടുണ്ടാക്കിയ പണമെല്ലാം പൊടിക്കാൻ മാത്രം ഞാൻ. അതു കൊണ്ട് ഞാൻ കോളേജ് വിടാൻ തീരുമാനിച്ചു, എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ. അന്നെനിക്ക് ഭയം തോന്നിയിരുന്നു. പക്ഷെ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അത് വളരെ നല്ല ഒരു തീരുമാനമായിരുന്നു എന്നെനിക്ക് തോന്നുന്നു. പുറത്തു ചാടാൻ തീരുമാനിച്ചതോടെ എനിക്ക് താല്പര്യമില്ലാത്ത ക്ളാസ്സുകളിൽ കയറേണ്ട ബാദ്ധ്യതയിൽ നിന്നൊഴിവായി, എന്നാൽ എനിക്ക് താല്പര്യമുള്ള ക്ലാസ്സുകൾ ഞാൻ തുടർന്നും അറ്റൻഡ് ചെയ്തു.

    പക്ഷെ കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. എനിക്ക് സ്വന്തമായി മുറിയുണ്ടായിരുന്നില്ല, ഞാൻ സുഹൃത്തുക്കളുടെ മുറിയിലെ തറയിൽ കിടന്നു, ഭക്ഷണം വാങ്ങാൻ കൊക്കകോള റ്റിന്നുകൾ പെറുക്കി അഞ്ചു സെന്റിന്‌ വിറ്റു. എല്ലാ ഞായറാഴ്ച വൈകിട്ടും ഞാൻ ഏഴു മൈൽ നടന്ന് ഹരേ കൃഷ്ണ ക്ഷേത്രത്തിൽ പോകുമായിരുന്നു, ഒരു നേരമെങ്കിലും നല്ല ഭക്ഷണം കഴിക്കാൻ. ആ ഭക്ഷണം എനിക്കിഷ്ടമായിരുന്നു. പക്ഷെ എന്റെ ആകാംഷയുടെ പുറത്ത് ഞാൻ തേടി കണ്ടു പിടിച്ച കാര്യങ്ങൾ പിന്നീട് വിലയേറിയ അനുഭവങ്ങളായി മാറി. ഞാൻ ഒരു ഉദാഹരണം പറയാം.

    ഞങ്ങളുടെ കോളേജിൽ അക്കാലത്ത് കൈയ്യെഴുത്തുകലയുടെ പാഠങ്ങൾ നല്കിയിരുന്നു, ഒരു പക്ഷെ രാജ്യത്തെ ഇത്തരത്തിലെ ഏറ്റവും നല്ല കോഴ്സ്. കാമ്പസിനുള്ളിലെ ഓരോ പോസ്റ്ററുകളും, ലേബലുകളും, ബോർഡുകളും ഇങ്ങനെ മനോഹരമായി കൈ കൊണ്ട് എഴുതിയതായിരുന്നു. എനിക്ക് പ്രത്യേകിച്ച് ക്ളാസ്സുകളിലൊന്നും പോകേണ്ട ആവശ്യമില്ലാതിരുന്നതുകൊണ്ട്, ഞാൻ ഇത്തരം ഒരു കോഴ്സ് എടുക്കുവാൻ തീരുമാനിച്ചു. അവിടെ ഞാൻ വിവിധങ്ങളായ ലിപി ശൈലികളെക്കുറിച്ചും അവയ്ക്കിടയിൽ നല്കേണ്ട ഇടകളേക്കുറിച്ചും ഒക്കെ പഠിച്ചു. മനോഹരമായ ലിപികൾ എന്തുകൊണ്ട് മനോഹരമാകുന്നു എന്നെനിക്ക് മനസ്സിലായി. അതു ഭംഗിയാർന്ന ഒരു അനുഭവമായിരുന്നു, ചരിത്രപരവും. എനിക്കത് വളരെ ആകർഷകമായി അനുഭവപ്പെട്ടു. പക്ഷെ ഇതുകൊണ്ടൊന്നും എനിക്ക് ജീവിതത്തിൽ ഒരു ഉപകാരം ഉണ്ടാകുമെന്ന് തോന്നിയില്ല.

    പക്ഷെ പത്തു വർഷത്തിനു ശേഷം ഞങ്ങൾ ആദ്യത്തെ മക്കിന്തോഷ് കമ്പ്യൂട്ടർ രൂപകല്പ്പന ചെയ്യുമ്പോൾ ഇതെല്ലാം എനിക്ക് ഉപകാരപ്പെട്ടു. ഞങ്ങൾ അതെല്ലാം ആ മാക്കിൽ ഉപയോഗപ്പെടുട്ട്ഹി. അതായിരുന്നു മനോഹരമായ ലിപികളോട് കൂടിയ ആദ്യത്തെ കമ്പ്യൂട്ടർ. ഞാനന്ന് ആ കോഴ്സിനു ചേർന്നിരുന്നില്ലായിരുന്നുവെങ്കിൽ മാക്കിലൊരിക്കലും ആ മനോഹരമായ ലിപികളുണ്ടാകുമായിരുന്നില്ല. അതുപോലെ വിൻഡോസ് മാക്കിനെ കോപ്പിയടിച്ചതാണെന്ന കാര്യം പരിഗണിക്കുമ്പോൾ , ഒരു പെർസണൽ കമ്പ്യൂട്ടറിലും ഇത്തരം ലിപി വരുമായിരുന്നു എന്നു കരുതാൻ വയ്യ.


    ഞാൻ കോളെജിൽ നിന്നും പുറത്തു ചാടിയില്ലായിരുന്നുവെങ്കിൽ, ഒരിക്കലും ആ കാലിഗ്രാഫി ക്ളാസ്സിൽ ചേരുമായിരുന്നില്ല, പേർസനൽ കമ്പ്യൂട്ടറുകൾക്കൊരിക്കലും ഇപ്പോഴുള്ള തരം അക്ഷരങ്ങളുമുണ്ടാകുമായിരുന്നില്ല. അന്നു പക്ഷെ എനിക്ക് ഈ ബിന്ദുക്കളെ മുന്നിലേക്ക് യോജിപ്പിക്കാനാവുമായിരുന്നില്ല, പക്ഷെ പത്തു വർഷത്തിനു ശേഷം പിറകോട്ട് ചിന്തിക്കുമ്പോൾ കാര്യങ്ങൾ വളരെ വ്യക്തമാകുന്നു. നമുക്കൊരിക്കലും ബിന്ദുക്കളെ മുന്നോട്ട് നോക്കി ബന്ധിപ്പിക്കാനാവില്ല, പിറകോട്ട് നോക്കിയേ പറ്റൂ! ഈ ബിന്ദുക്കൾ നമ്മുടെ ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു തന്നെ കരുതണം. ഇങ്ങനെ ബന്ധിപ്പിക്കുന്നതെന്തായാലും, അത് ദൈവമോ, വിധിയോ, കർമ്മമോ എന്തുമായിക്കൊള്ളട്ടെ, ഇങ്ങനെയൊരു ബന്ധമുണ്ടെന്ന് വിശ്വസിച്ചാലേ നമുക്ക് നമ്മുടെ ഹൃദയത്തെ പിന്തുടരാനാവൂ, അത് വ്യവസ്ഥാപിതമായ ഒരു വഴിയിൽ നിന്നും വ്യത്യസ്ഥമാണെങ്കിലും.

    എന്റെ അടുത്ത കഥ സ്നേഹത്തിനേയും നഷ്ടത്തിനേയും പറ്റിയാണ്‌. ഞാൻ ഭാഗ്യവാനാണ്‌. ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ എനിക്ക് ചെയ്യനിഷ്ടമുള്ളത് കണ്ടെത്താനെനിക്കായി. വോസും ഞാനും കൂടി ഞങ്ങളുടെ ഗരാജിൽ ആപ്പിൾ ആരംഭിക്കുമ്പോൾ എനിക്കിരുപതു വയസ്സാണ്‌. ഞങ്ങൾ നന്നായി അദ്ധ്വാനിച്ചു. ഞങ്ങൾ രണ്ടാൾ കൂടി തുടങ്ങിയ സംരംഭം പത്തു വർഷം കൊണ്ട് നാലായിരം ജീവനക്കാരും രണ്ടു ബില്യൺ ആസ്ഥിയുമുള്ള കമ്പനിയായി. കേവലം ഒരു വർഷം മുൻപാണ്‌ ഞങ്ങൾ ഞങ്ങളുടെ ഏറ്റവും നല്ല സൃഷ്ടിയായ മകിന്തോഷ് പുറത്തിറക്കിയത്, എനിക്ക് മുപ്പതു വയസ്സാകുന്നു. ആ സമയത്താണ്‌ എന്റെ ജോലി പോകുന്നത്!

    ഞാൻ തുടങ്ങിയ കമ്പനിയിൽ നിന്ന് ഞാനെങ്ങിനെയാണ്‌ പുറത്താകുന്നത്? ആപ്പിൾ വളർന്നു തുടങ്ങിയ സമയത്ത് വളരെ കഴിവുള്ളതെന്നു ഞാൻ കരുതിയ ഒരാളെ ജോലിക്കു വെച്ചിരുന്നു. കമ്പനി നടത്തിപ്പിൽ എനിക്ക് സഹായകരമാകും എന്നു കരുതി. ആദ്യ വർഷങ്ങൾ നല്ല രീതിയിൽ കടന്നു പോയി. പക്ഷെ പിന്നീട് ഭാവിയെപ്പറ്റിയുള്ള ഞങ്ങളുടെ ആശയങ്ങൾ വ്യത്യസ്ഥമാവാൻ തുടങ്ങി, അതു തുടർന്ന് ആശയസംഘട്ടനത്തിലുമെത്തി. കമ്പനിയുടെ ഭരണസമിതി പക്ഷെ അയാളോടൊപ്പമാണ്‌ നിന്നത്. അങ്ങിനെ മുപ്പതാമത്തെ വയസ്സിൽ ഞാൻ കമ്പനിയിൽ നിന്നും പുറത്തായി. വളരെ പരസ്യമായി തന്നെ!
    അത് എന്നെ തളർത്തിക്കളഞ്ഞ ഒരു അനുഭവമായിരുന്നു. മനസ്സിന്റെ ഏകാഗ്രത നഷ്ടപ്പെട്ടു. കുറച്ചു മാസത്തേക്ക് എന്തു ചെയ്യണം എന്നു തന്നെ എനിക്ക് അറിയില്ലായിരുന്നു. എന്റെ വീഴ്ച്ച മൂലം ഞാൻ പഴയ തലമുറയിലെ സംരംഭകരെ ഞാൻ നാണം കെടുത്തിയെന്ന് എനിക്ക് തോന്നി. ഞാൻ ഡേവിഡ് പക്കാർഡിനെയും ബോബ് നോയിസിനേയും കണ്ട് ഈ പ്രശ്നം ഇത്ര വഷളായതിന്‌ ക്ഷമ പറഞ്ഞു. പൊതു സമൂഹത്തിനു മുൻപിൽ ഞാൻ ഒരു വൻ പരാജയമായി മാറി, എവിടേയ്ക്കെങ്കിലും ഓടി പോയാലോ എന്നു പോലും ഞാൻ ആലോചിച്ചു.

    പക്ഷെ എനിക്ക് മുൻപിൽ ചിലത് തെളിഞ്ഞ് വരാൻ തുടങ്ങി. ഞാൻ എന്താണോ ചെയ്തിരുന്നത്, അതിനെ ഞാൻ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. ആപ്പിളിൽ വെച്ചു സംഭവിച്ച കാര്യങ്ങൾ അതിനൊരു മാറ്റവും വരുത്തിയിരുന്നില്ല. ഞാൻ പുറത്തായായിരിക്കും പക്ഷെ എന്റെ അഭിനിവേശങ്ങൾ അതേ പടി നിലനില്ക്കുന്നു. ഞാൻ വീണ്ടും ആദ്യം മുതൽ തുടങ്ങാൻ തീരുമാനിച്ചു.

    അപ്പോൾ പക്ഷെ എനിക്ക് അത് തോന്നിയില്ല. പക്ഷെ ആപ്പിളിൽ നിന്നും പുറത്തായതാണ്‌ എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം. വിജയത്തിന്റെ അമിത ഭാരം, ഒരു തുടക്കക്കാരന്റെ ലാഘവത്തിന്‌ വഴി മാറി. എല്ലാ കാര്യത്തിനേയും സംബന്ധിച്ച് പൂർണ്ണ ഉറപ്പുണ്ടാവേണ്ടതുണ്ട്. തുടർന്നുള്ള സമയമായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും ക്രിയാത്മകമായ കാലം. അടുത്ത അഞ്ചു വർഷക്കാലത്ത് ഞാൻ ഒരു പുതിയ കമ്പനി തുടങ്ങി, നെക്സ്റ്റ് എന്ന പേരിൽ, പിന്നെ വേറൊരെണ്ണം പിക്സാർ എന്ന പേരിലും. ആ സമയത്താണ്‌ ഞാനെന്റെ ഭാവി വധുവിനെ കണ്ടെത്തിയതും. പിക്സാർ ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ ആനിമേറ്റഡ് ചിത്രമായ ‘ടോയ് സ്റ്റൊറീസ്’ നിർമ്മിച്ചു. ഇപ്പോഴത് ലോകത്തിലെ ഏറ്റവും വിജയകരമായ കമ്പ്യൂട്ടർ അനിമേഷൻ സ്റ്റുഡിയോ ആണ്‌. വിസ്മയകരമായ ഒരു സംഭവവികാസത്തിൽ ആപ്പിൾ നെക്സ്റ്റിനെ വാങ്ങി, അങ്ങിനെ ഞാൻ വീണ്ടും ആപ്പിളിൽ തിരിച്ചെത്തി. നെക്സ്റ്റിൽ ഞങ്ങൾ വികസിപ്പിച്ച സാങ്കേതിക വിദ്യകൾ ആപ്പിളിന്റെ പ്രവർത്തനങ്ങളിൽ മുഖ്യസ്ഥാനം വഹിക്കുന്നു. റീനിനും എനിക്കും സുന്ദരമായ ഒരു കുടുംബജീവിതവുമായി.

    എനിക്ക് നല്ല ഉറപ്പുണ്ട്, ഞാൻ ആപ്പിളിൽ നിന്നും പുറത്തായിരുന്നില്ലെങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നില്ല. അതൊരു കയ്പ്പൻ മരുന്നായിരുന്നുവെങ്കിലും രോഗിക്ക് അതാവശ്യമായിരുന്നു. ചിലപ്പോഴൊക്കെ ജീവിതം ചുടുകട്ട വെച്ച് തലക്കടിച്ചു എന്ന്ഉ വരാം, പക്ഷെ പ്രതീക്ഷ വിടരുത്. പക്ഷെ എനിക്കുറപ്പുണ്ട്, എന്നെ മുന്നോട്ട് പോകാൻ സഹായിച്ചത് , ഞാൻ ചെയ്തിരുന്ന ജോലികൾ ഞാനിഷ്ടപ്പെട്ടിരുന്നു എന്ന വസ്തുതയാണ്‌. നിങ്ങൾ എന്താണിഷ്ടപ്പെടുന്നത് എന്ന് നിങ്ങൾ തിരിച്ചറിയണം, അത് നിങ്ങളുടെ പ്രവർത്തിയിലായാലും സ്നേഹബന്ധങ്ങളിലായാലും പ്രധാനമാണ്‌.

    നിങ്ങൾ ചെയ്യുന്ന ജോലി നിങ്ങളുടെ ജീവിതത്തിന്റെ ഒരു പ്രധാനഭാഗമാകേണ്ടതാണ്‌, അതുകൊണ്ട് സംതൃപ്തമായിരിക്കാൻ വേണ്ടത് നിങ്ങൾ മഹത്തരം എന്നു കരുതുന്ന കാര്യങ്ങൾ ചെയ്യുക എന്നതാണ്‌. അതുപോലെ മഹത്തരമായ കാര്യങ്ങൾ ചെയ്യാൻ വേണ്ടത് ചെയ്യുന്ന കാര്യങ്ങൾ ഇഷ്ടത്തോടെ ചെയ്യുക എന്നതാണ്‌. അങ്ങിനെയൊന്ന് ഇതുവരെ നിങ്ങൾക്ക് കണ്ടെത്താനായില്ലെങ്കിൽ, അതിനെ അന്വേഷിച്ചുകൊണ്ടിരുക്കുക. ഒരിക്കലും ഇത്രമതി എന്നു കരുതരുത്. ഹൃദയത്തിന്റെ എല്ലാ കാര്യങ്ങളിലുമെന്നപോലെ അതു കണ്ടെത്തുമ്പോൽ നിങ്ങളതിനെ തിരിച്ചറിയും, കാലം ചെല്ലും തോറും അത് കൂടുതൽ കൂടുതൽ മെച്ചമായി തീരുകയും ചെയ്യും. അതു കൊണ്ട് അന്വേഷിച്ചുകൊണ്ടിരിക്കുക, ഒരിക്കലും വിട്ടുവീഴ്ച ചെയ്യാതിരിക്കുക.

    എന്റെ മൂന്നാമത്തെ കഥ മരണത്തെപ്പറ്റിയാണ്‌. എനിക്ക് പതിനേഴ് വയസ്സുള്ളപ്പോൽ ഞാൻ എവിടെയോ വായിച്ചു, നിങ്ങൾ ഓരോ ദിവസവും ജീവിതത്തിലെ അവസാന ദിവസം എന്ന രീതിയിൽ ജീവിച്ചാൽ ഒരു ദിവസം അതു സത്യമായി ഭവിക്കും എന്ന്. അതെന്നിൽ ഒരു ചലനം ഉണ്ടാക്കി, അങ്ങിനെ കഴിഞ്ഞ മുപ്പത്തി മൂന്ന് വർഷമായി എല്ലാ ദിവസവും കണ്ണാടിയിൽ നോക്കി ഞാൻ സ്വയം ചോദിക്കും, ഇതെന്റെ അവസാനത്തെ ദിവസമാണെങ്കിൽ, ഇന്നു ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ തന്നെയായിരിക്കുമോ ചെയ്യുന്നത് എന്ന്. അടുപ്പിച്ച് കുറച്ചധികം ദിവസം ‘അല്ല’ എന്ന ഉത്തരമാണ്‌ ലഭിക്കുന്നതെങ്കിൽ എനിക്കറിയാം എന്തോ കാര്യമായ കുഴപ്പമുണ്ടെന്ന്. ഞാൻ മാറ്റം വരുത്തേണ്ടിയിരിക്കുന്നു എന്ന്. എല്ലവരും മരിക്കാനുള്ളതാണെന്ന വിശ്വാസമാണ്‌ ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങളെടുക്കുവാനെന്നെ സഹയിച്ചിട്ടുള്ള ഒരു ഉപാധി. മിക്കവാറും എല്ലാ കാര്യങ്ങളും, ബാഹ്യമായ പ്രതീക്ഷകൾ, അഭിമാനബോധം, പരാജയ ഭീതി അങ്ങിനെ എല്ലാം മരണചിന്തയുടെ മുൻപിൽ നിഷ്പ്രഭമാകുന്നു. ഏറ്റവും പ്രധാനപ്പെട്ടതു മാത്രമേ ബാക്കി നില്ക്കുകയുള്ളൂ. നമുക്ക് എന്തൊക്കെയോ നഷ്ടപ്പെടാനുണ്ടെന്ന ചിന്തയിൽ നമ്മൾ കുടുങ്ങിപ്പോകാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം നമ്മൾ നാളെ മരിക്കാനുള്ളതാണെന്ന സത്യത്തിൽ വിശ്വസിക്കുകയാണ്‌. നിങ്ങൾ ഇപ്പോൾ തന്നെ നഗ്നനാണ്‌, അതുകൊണ്ടു തന്നെ നിങ്ങളുടെ ഹൃദയത്തെ പിന്തുടരാതിരിക്കാൻ ന്യായങ്ങളൊന്നുമില്ല.

    ഏകദേശം ഒരു വർഷം മുൻപ് എനിക്ക് ക്യാൻസറാണെന്ന് കണ്ടെത്തി. രാവിലെ ഏഴരക്ക് എന്നെ സ്കാൻ ചെയ്തു, എന്റെ പാങ്ക്രിയാസിൽ ഒരു മുഴയുണ്ടെന്ന് കണ്ടെത്തി. അതുവരെ പാങ്ക്രിയാസ് എന്താണെന്നു പോലും എനിക്കറിയില്ലായിരുന്നു. ഭേദപ്പെടുത്തുവാനാവാത്ത ഒരു തരം ക്യാൻസറാണിതെന്നയിരുന്നു ഡോക്ടർമാരുടെ അഭിപ്രായം. ആറു മാസത്തിലധികം ആയുസ്സും അവർ പ്രതീക്ഷിച്ചില്ല. ഡോക്ടർ എന്നോട് വീട്ടിൽ പോയി കാര്യങ്ങൾക്കെല്ലാം ഒരു തീരുമാനമാക്കാൻ പറഞ്ഞു. മരണത്തിനു തയ്യാറാകാൻ അവർ പറയുന്നത് അങ്ങിനെയാണ്‌. എന്നു വെച്ചാൽ കുട്ടികളോട് കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കാം, അതും പക്ഷെ ഒരു പത്തു കൊല്ലത്തിന്റെ സാവകാശം ഉണ്ടെന്ന് നമ്മൾ കരുതുമ്പോഴാണ്‌ കേവലം കുറച്ച് മാസങ്ങളെ ഉള്ളൂ എന്നറിയുന്നത്. കാര്യങ്ങളെല്ലാം ഭദ്രമാക്കുക, കുടുംബാംഗങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ നോക്കുക, ഗുഡ് ബൈ പറയുക. അത്ര തന്നെ!

    ആ പകൽ ഞാൻ ആ ഡയഗ്നോസിസുമായി കഴിഞ്ഞു. അന്നു വൈകുന്നേരം ബയോപ്സി എടുത്തു. അവർ ഒരു എൻഡോസ്കോപ് എന്റെ തൊണ്ട വഴി കടത്തി , ആമാശയവും കുടലും കടന്ന് പാങ്ക്രിയാസിൽ നിന്നും കുറച്ച് കോശങ്ങൾ ശേഖരിച്ചു. ഞാൻ മയക്കത്തിലായിരുന്നു. പക്ഷെ അവിടെയുണ്ടായിരുന്ന എന്റെ ഭാര്യ പിന്നീട് പറഞ്ഞു, ഡോക്ടർമാർ ആ കോശങ്ങൾ മൈക്രോസ്കോപ്പിൽ പരിശോധിച്ചപ്പോൾ അത്ഭുതപ്പെട്ടുപോയത്രെ! കാരണം ഓപ്പറേഷൻ വഴി ഭേദപ്പെടുത്താവുന്ന വളരെ അപൂർവ്വമായി മാത്രം കാണുന്ന ഒരിനം ട്യൂമറായിരുന്നത്. എന്റെ ഓപ്പറേഷൻ കഴിഞ്ഞു, എനിക്ക് ഭേദമാവുകയും ചെയ്തു.

    ഇതാണ്‌ ഞാൻ മരണവുമായി ഏറ്റവും അടുത്തു വന്ന സന്ദർഭം, അടുത്ത കുറച്ചു പതിറ്റാണ്ടിനുള്ളിൽ മറ്റൊരു സന്ദർഭം ഉണ്ടവാതിരിക്കട്ടെ എന്നു ഞാൻ പ്രത്യാശിക്കുന്നു. ഏതായാലും ഞാൻ അതിലൂടെ കടന്നു വന്ന അനുഭവത്തിൽ ഞാൻ കുറച്ചു കൂടി ഉറപ്പിച്ചു പറയട്ടെ, മരണമെന്നത് തികച്ചും ഉപയോഗപ്രദമായ ഒരു ബൌദ്ധിക സങ്കല്പ്പം തന്നെ.

    ആർക്കും മരിക്കാൻ തല്പര്യമില്ല. സ്വർഗ്ഗത്തിൽ പോകാൻ ആഗ്രഹിച്ചിരിക്കുന്നവർക്കു പോലും മരിക്കാനിഷ്ടമല്ല. മരണമെന്നത് നമ്മളെല്ലാവരും ആത്യന്തികമായ് എത്തിചേരുന്ന ഒരു സംഗതിയാണ്‌, ആരും അതിൽ നിന്നും രക്ഷ നേടിയിട്ടില്ല. അത് അങ്ങിനെ തന്നെ ആയിരിക്കുകയും വേണം, കാരണം മരണമാണ്‌ ജീവിതത്തിന്റെ ഏറ്റവും മഹത്തായ കണ്ടെത്തലും. അത് ജീവിതത്തിനെ മാറ്റിമറിക്കുന്ന ഒന്നാണ്‌, അത് പഴയതിനെ മാറ്റി പുതിയതിന്‌ വഴിയ്ഒരുക്കുന്നു.
    ഇപ്പോൽ പുതിയതെന്നു പറയുന്നത് നിങ്ങളെയാണ്‌, എന്നാൽ കുറച്ചു കഴിയുമ്പോൾ നിങ്ങൽ പഴയതാകും, വഴി മാറേണ്ടി വരും. ഇങ്ങനെ വെട്ടിത്തുറന്നു പറയുന്നതിൽ ക്ഷമിക്കുക, പക്ഷെ അതാണ്‌ സത്യം.

    നിങ്ങളുടെ ജീവിതം പരിമിതമാണ്‌, അതുകൊണ്ട് മറ്റാരുടേയോ ജീവിതം ജീവിച്ച് അത് വ്യർത്ഥമാക്കാതിരിക്കുക. മറ്റാരുടേയോ ജീവിത ചിന്തകളുടെ ഫലത്തിൽ വിശ്വസിച്ച് ജീവിതം പാഴാക്കാതിരിക്കുക. മറ്റുള്ളവരുടെ അഭിപ്രായ കോലാഹലങ്ങൾ നിങ്ങളുടെ ഉൾവിളികളെ നിശ്ശബ്ദമാക്കാതെ നോക്കുക. ഏറ്റവും പ്രധാനം, നിങ്ങളുടെ ഹൃദയത്തിനേയും ഉൾവിളികളേയും പിൻ തുടരാനുള്ള ധൈര്യമുണ്ടാവുക എന്നതാണ്‌, കാരണം അവർക്കാണ്‌ അറിയാവുന്നത് നിങ്ങൾക്ക് ആരായിത്തീരാനാണാഗ്രഹമെന്ന്. ബാക്കിയെല്ലാം അപ്രസക്തമാണ്‌.

    ഞാൻ ചെറുപ്പമായിരുന്നപ്പോൾ ‘വോൾ എർത്ത് കാറ്റ്ലോഗ്’ എന്ന പേരിൽ മനോഹരമായ ഒരു പ്രസിദ്ധീകരണമുണ്ടായിരുന്നു. സത്യത്തിൽ ഞങ്ങളുടെ തലമുറയുടെ ഒരു ബൈബിൾ തന്നെയായിരുന്നത്. സ്റ്റുവർട്ട് ബ്രാൻഡ് എന്നൊരാളായിരുന്നു അത് പ്രസിദ്ധീകരിച്ചിരുന്നത്, ഇവിടെ അടുത്തു നിന്നു തന്നെ. അദ്ദേഹത്തിന്റെ രാഷ്ട്രീയ ആശയങ്ങൾ അതിനെ ജീവസ്സുറ്റതാക്കി. ഇത് അറുപതുകളിലെ കാര്യമാണ്‌, കമ്പ്യൂട്ടറുകൾക്കും ഡെസ്ക്ടോപ് പബ്ലിഷിങ്ങിനും മുൻപ്. അന്നെല്ലാം ചെയ്തിരുന്നത് ടൈപ്പ്റൈറ്ററുകളും കത്രികകളും പോളറോയ്ഡ് ക്യാമറകളും ഉപയോഗിച്ചാണ്‌. അത് ഏകദേശം ഗൂഗിളിന്റെ ഒരു പുസ്തകരൂപമായിരുന്നുവെന്നു പറയാം, പക്ഷെ ഗുഗിൾ വരുന്നതിനും ഒരു മുപ്പത്തഞ്ച് വർഷം മുൻപ്! അത് ആശയസമ്പൂർണ്ണമായിരുന്നു. സ്റ്റുവർട്ടും സംഘവും അനവധി ലക്കം പുറത്തിറക്കിയിരുന്നു. എന്നാൽ പിന്നീട് അത് നിറുത്തേണ്ടി വന്നപ്പോൾ അവരൊരു അവസാന ലക്കം പ്രസിദ്ധീകരിച്ചു. അത് എഴുപതുകളുടെ മദ്ധ്യം ആയിരുന്നു, എനിക്ക് ഏകദേശം നിങ്ങളുടെ പ്രായം വരും. അവസാന ലക്കത്തിന്റെ പിൻകവർ ചിത്രം ഒരു പ്രഭാതത്തിലുള്ള ഒരു നാട്ടുവഴിയുടേതായിരുന്നു. (നിങ്ങളിലെ സാഹസികർ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒന്ന്.) അതിന്റെ അടിയിൽ കുറിച്ചിരുന്നു. "Stay hungry, stay foolish" അതായിരുന്നവരുടെ യാത്രാമൊഴി. സ്റ്റെ ഹംഗ്രി സ്റ്റെ ഫൂളിഷ്! ഞാനിതെത്രയോ തവണ എനിക്കാശംസിച്ചിരിക്കുന്നു.

    ഇപ്പോൾ നിങ്ങൾ ബിരുദം നേടി പുതിയ ജീവിതം തുടങ്ങുകയാണ്‌. ഞാൻ നിങ്ങൾക്കാശംസിക്കുന്നു. "Stay hungry, stay foolish"

    എല്ലവർക്കും
    നന്ദി!


    Wednesday, March 17, 2010

    മാദ്ധ്യമം: കാക്കിയിലെ ചുവപ്പുരാശിയും, മതനിരപേക്ഷതയും

    മാദ്ധ്യമം വാരിക തീരെ പരിചയമുള്ളതല്ല. കഴിഞ്ഞ ദിവസം യാദൃശ്ചികമായ്‌ ഒന്നു വാങ്ങി. മലയാള സിനിമയെപ്പറ്റിയുള്ള കവര്‍സ്റ്റോറിയാണ്‌ ആകര്‍ഷകമായി തോന്നിയത്‌, പക്ഷെ ശരിക്കുമുള്ള സന്തോഷം അതിലെ ഒരു കഥയായിരുന്നു. ഗൗതമന്‍ എഴുതിയ 'കാക്കിയിലെ ചുവപ്പുരാശി'. ഞാന്‍ വായിച്ചിട്ടുള്ള ഏറ്റവും നല്ല കഥയൊന്നുമല്ലത്‌, പക്ഷെ സമീപകാലത്ത്‌ വായിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്‌ ഇതു തന്നെ. കഥ അപ്പാടെ ഇവിടെ പകര്‍ത്താന്‍ എനിക്ക്‌ ആശ ഇല്ലായ്കയല്ല, പകര്‍പ്പവകാശ പ്രശ്നങ്ങള്‍ എന്നെ വിലക്കുന്നു. എങ്കിലും ഒരു ഖണ്ഡിക പകര്‍ത്തിയെഴുതട്ടെ.

    "കഴിയുന്നതും കാക്കി വേഷങ്ങളോട്‌ തര്‍ക്കിക്കാതിരിക്കുന്നതാണ്‌ നല്ലത്‌ എന്നാണ്‌ രാധാകൃഷ്ണന്‍ നായര്‍ മനസ്സിലാക്കിയിരിക്കുന്നത്‌. കൈയ്യില്‍ കിട്ടുന്നവന്‌രണ്ടു കൊടുക്കാനുള്ള പഴുതു നോക്കുന്നവരാണ്‌പൊതുവെ പോലീസുകാര്‍. അടി കിട്ടിക്കഴിഞ്ഞ്‌ കേസ്‌ കൊടുത്തിട്ടൊന്നും കാര്യമില്ല, തിരിച്ച്‌ തല്ലിക്കോളാന്‍ ഒരു കോടതിയും പറയില്ലല്ലോ? അതിനാല്‍ അടി കിട്ടിയാല്‍ കിട്ടിയതു തന്നെ. അതു കിട്ടാതിരിക്കണമെങ്കില്‍ പോലീസിനോട്‌ ന്യായം പറയാന്‍ പോകരുത്‌. കാക്കനാടന്‍ പണ്ട്‌ കൊല്ലത്തോ മറ്റോ നടുറോഡില്‍ കിടന്ന് പോലീസിന്റെ തല്ല് പൊതിരെ കൊണ്ടത്‌ അവരോട്‌ ന്യായം പറയാനൊരുമ്പെട്ടിട്ടാണ്‌. അടി കൊള്ളുന്നതിനിടയില്‍ താന്‍ കാക്കനാടനാണെന്നും ഭയങ്കര സാഹിത്യകാരനാണെന്നുമൊക്കെ കാക്കനാടന്‍ പോലീസിനോട്‌ പറഞ്ഞത്രെ. രണ്ടടി കൂടുതല്‍ കിട്ടിക്കാണും സാഹിത്യകാരന്‌."

    കാലിക സത്യങ്ങളും, സമര്‍ത്ഥമായ പാത്രസൃഷ്ടിയും, മനോഹരമായ കഥ പറച്ചിലും ഒത്തു ചേര്‍ന്നിരിക്കുന്നു ഇവിടെ. തീര്‍ച്ചയായും വായിക്കണം. (മാദ്ധ്യമം ആഴ്ചപ്പതിപ്പ്‌, 2010, മാര്‍ച്ച്‌ 22)

    ഈ ലക്കത്തില്‍ തന്നെ യാസീന്‍ അശ്‌റഫ്‌ തന്റെ മീഡിയാ സ്കാനില്‍,എം.എഫ്‌ ഹുസൈന്‍ ഖത്തര്‍ പൗരത്ത്വം സ്വീകരിച്ചതിനെപ്പറ്റി (അതിനിടയായ പശ്ചാത്തലത്തെപ്പറ്റി) കുണ്ഠിതപ്പടുന്നു. ഹുസൈന്‍ വരച്ച പെയിന്റിങ്ങുകളില്‍ ഹിന്ദു ദേവതമാരെ ചിത്രീകരിച്ചതിനെപ്പറ്റി പ്രകോപനപരമായ ഒരു ലേഖനം (ലേഖനമാണു പ്രകോപനപരം, കേട്ടോ) 1996 -ല്‍ ഒരു ഹിന്ദി മാസികയില്‍ പ്രസിദ്ധപ്പെടുത്തിയതോടെയാണ്‌ പ്രശ്നങ്ങള്‍ തുടങ്ങിയതത്രെ. "ഗാന്ധിജിയുടേയും മറ്റും ജനായത്ത മതനിരപേക്ഷ കാഴ്ച്ചപ്പാട്‌ നിരാകരിക്കുകയും, ഹിറ്റ്‌ലറുടെ ആര്യന്‍ ജാതിമേധാവിത്വത്തെയും ജൂതകൂട്ടക്കൊലയേയും പുകഴ്ത്തുകയും ചെയ്ത പ്രത്യയ ശാസ്ത്രം (അതേതാണാവോ?) കൈവരിച്ച നിര്‍ണ്ണായകമായ മറ്റൊരു നേട്ടമാണ്‌ എം.എഫ്‌ ഹുസൈന്റെ രാഷ്ട്രത്യാഗം.ഈ സംഭവത്തെപ്പറ്റി മുഖപ്രസംഗമെഴുതാന്‍ പോലും വിരലനങ്ങാത്ത പത്രങ്ങള്‍ ഏറെയാണ്‌" യാസീന്‍ അശ്‌റഫിലെ മതനിരപേക്ഷന്റെ ദു:ഖവും പ്രതിഷേധവും കവിഞ്ഞൊഴുകുകയാണ്‌.
    മാദ്ധ്യമം നേരത്തെ വായിച്ചു തുടങ്ങേണ്ടതായിരുന്നു. സല്‍മാന്‍ റുഷ്ദിയേയും, തസ്ലിമയേയും, ഡെന്മാര്‍ക്കിലെ കാര്‍ട്ടൂണിസ്റ്റിനേയും പറ്റിയൊക്കെ യാസീന്‍ അശ്‌റഫ്‌ ആകുലപ്പെട്ടത്‌ വായിക്കാനായില്ലല്ലോ? കഷ്ടം!

    Sunday, February 28, 2010

    മഴവില്ലുകള്‍ ഉണ്ടാകുന്നത്‌.


    മഴവില്ലിനെപ്പോലെ മനുഷ്യന്റെ വര്‍ണ്ണ സൗന്ദര്യസങ്കല്‍പങ്ങളെ സ്വാധീനിച്ച മറ്റോരു പ്രതിഭാസം ഉണ്ടോ എന്നു സംശയമാണ്‌. ജലകണങ്ങളിലൂടെ സൂര്യപ്രകാശം കടന്നു പോകുമ്പോഴാണ്‌ മഴവില്ലുകള്‍ ഉണ്ടാകുന്നത്‌ എന്നു നമ്മള്‍ സ്കൂളില്‍ വെച്ചു പഠിച്ചിട്ടുമുണ്ട്‌. എങ്കിലും അതെങ്ങനെയെന്ന് അത്ര വ്യക്തമായി മനസ്സിലാക്കിയിരുന്നില്ല. ഉത്തരം കിട്ടിയത്‌ ഈയിടെയാണ്‌.

    സപ്തവര്‍ണ്ണങ്ങളുടെ സങ്കലനമാണ്‌ വെള്ളപ്രകാശം എന്നു നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്‌. പ്രകാശത്തെ (വെളുത്ത പ്രകാശ രശ്മിയെ) ഒരു സ്ഫടിക പ്രിസത്തിലൂടെ കടത്തിവിടുമ്പോള്‍ - അല്‍പ്പം ചെരിഞ്ഞ കോണില്‍- രശ്മി വിഘടിച്ച്‌ ഏഴു വര്‍ണ്ണങ്ങളായി പുറത്തെത്തുന്നു. ഇവിടെ പ്രിസം എന്ന വസ്തുവിനുപരി, പ്രകാശം, വായു എന്നു മാദ്ധ്യമത്തില്‍ നിന്ന് സ്ഫടികത്തിലേക്ക്‌ കടക്കുമ്പോഴുണ്ടാകുന്ന അപഭംഗമാണ്‌ (refraction) പ്രകാശത്തിന്റെ വിഘടനത്തിനു കാരണമാകുന്നത്‌. പ്രകാശം ഒരു മാദ്ധ്യമത്തില്‍ നിന്ന് മറ്റൊരു മാദ്ധ്യമത്തിലേക്ക്‌ കടക്കുമ്പോള്‍ അപഭംഗം സംഭവിക്കുന്നു. 

    പ്രകാശം ജലകണങ്ങളിലൂടെ കടന്നു പോകുമ്പോഴും ഇതു തന്നെയാണ്‌ സംഭവിക്കുന്നത്‌. സൂര്യനില്‍ നിന്നുള്ള പ്രകാശരശ്മി ജലകണങ്ങളിലൂടെ കടന്നുപോകുമ്പോള്‍, മുന്‍ പറഞ്ഞ അപഭംഗം മൂലം ഏഴു വര്‍ണങ്ങളായി വിഘടിക്കുന്നു. എന്നാല്‍ പ്രിസത്തില്‍ നിന്നു വ്യത്യസ്ഥമായി ജലകണങ്ങളില്‍ മറ്റു ചിലതു കൂടി സംഭവിക്കുന്നുണ്ട്‌. ജലകണം ഏകദേശം ഗോളാകൃതിയാണ്‌. അതിനാല്‍ അതിന്റെ മറു വശം ഒരു കോണ്‍കേവ്‌ മിറര്‍ പോലെ പ്രവര്‍ത്തിക്കും. ആയതിനാല്‍ വിഘടനം സംഭവിച്ചുണ്ടായ സപ്തവര്‍ണ്ണങ്ങള്‍ അവിടെ നിന്ന് പ്രതിഫലിച്ച്‌ മഴത്തുള്ളിയുടെ മുന്‍ഭാഗത്തു ( അതായത്‌ സൂര്യനെ അഭിമുഖീകരിക്കുന്ന ഭാഗം) കൂടി പുറത്തെത്തുന്നു. പുറത്തെത്തുമ്പോഴും കൂടുതല്‍ അപഭംഗം സംഭവിച്ച്‌ (കാരണം ഇപ്പോള്‍ പ്രകാശം ജലം എന്ന മാദ്ധ്യമത്തില്‍ നിന്നും വായു എന്ന മാദ്ധ്യമത്തിലേക്ക്‌ കടക്കുകയാണല്ലോ) വര്‍ണരശ്മികള്‍ കൂടുതല്‍ അകലുന്നു. (ചിത്രം കാണുക.)
    ഇങ്ങനെ വിഘടിച്ച പ്രകാശ രശ്മികളെയാണ്‌ നാം കാണുന്നത്‌. ഇത്രയും പറഞ്ഞതില്‍ നിന്ന് മഴവില്ലുണ്ടാകാന്‍ കുറച്ചു അടിസ്ഥാന നിബന്ധനകളുണ്ടെന്ന് നമുക്ക്‌ മനസ്സിലായി. ഒന്നാമതായി അന്തരീക്ഷത്തില്‍ ജലകണങ്ങളുണ്ടാവണം (മഴ, പക്ഷെ അതു നമ്മള്‍ നില്‍ക്കുന്നവിടെയല്ല.). അവിടെയാണ്‌ മഴവില്ലുണ്ടാകുന്നത്‌. മഴവില്ലിനെ കാണണമെങ്കില്‍, നമുക്ക്‌ പുറകിലാവണം സൂര്യന്‍. അതു പോലെ തന്നെ, അപഭംഗം സംഭവിക്കാനുള്ള കോണ്‍ രൂപപ്പെടാന്‍ സൂര്യന്‍ ഒരു താഴ്‌ന്ന വിതാനത്തിലുമാകണം. അതു കൊണ്ടാണ്‌ മഴവില്ലുകള്‍ രാവിലേയും വൈകുന്നേരങ്ങളിലും മാത്രം കാണുന്നത്‌.

    ഏന്നാല്‍ ഇത്രയും കൊണ്ട്‌ മഴവില്ലിന്റെ രഹസ്യം വിശദീകരിക്കപ്പെടുന്നില്ല. മഴവില്ല് വ്യത്യസ്തങ്ങളായ നിറങ്ങളില്‍ വില്ലായി കാണപ്പെടുന്നത്‌ എങ്ങിനെ?

    നമ്മുടെ ദിശയില്‍ നിന്നു വരുന്ന (അതായത്‌ നമ്മുടെ പിറകിലുള്ള സൂര്യനില്‍ നിന്നു വരുന്ന) രശ്മികളെ വിഘടിപ്പിച്ച്‌ അതിനെ നമുക്ക്‌ നേര്‍ക്ക്‌ പ്രതിഫലിപ്പിക്കുകയാണ്‌ ഓരോ മഴത്തുള്ളികളും ചെയ്യുന്നത്‌ എന്നു നമ്മള്‍ കണ്ടു. എന്നാല്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഓരോ മഴത്തുള്ളികളും പുറത്തു വിടുന്ന എല്ലാ രശ്മികളും നമ്മുടെ കണ്ണിലെത്തുന്നില്ല എന്നതാണ്‌. സൂര്യന്റെ സ്ഥാനം, മഴത്തുള്ളിയുടെ സ്ഥാനം നമ്മുടെ സ്ഥാനം എന്നിവയെ ആശ്രയിച്ച്‌ ഏതെങ്കിലും ഒരു നിറമേ നമ്മുടെ കണ്ണില്‍ എത്തുന്നുള്ളൂ. മറ്റു നിറങ്ങള്‍ നമ്മുടെ ദൃഷ്ടി തലത്തിന്റെ മുകളിലും താഴെയുമായി കടന്നു പോകുന്നു. ചിത്രം കാണുക - ചിത്രത്തിലെ മഴത്തുള്ളിയിലെ ഓറഞ്ച്‌ നിറം. ആ മഴത്തുള്ളിയുടെ തലത്തിലുള്ള മറ്റനവധി മഴത്തുള്ളികളില്‍ നിന്നും ഓറഞ്ച്‌ നിറം നമ്മുടെ കണ്ണിലെത്തും. അങ്ങിനെ ഓറഞ്ച്‌ നിറത്തിന്റെ ഒരു നാട രൂപപ്പെടുന്നു. നമ്മുടെ കണ്ണില്‍ ഓറഞ്ച്‌ നിറം എത്തിക്കുന്ന മഴത്തുള്ളികള്‍ എല്ലാം കണ്ണില്‍ നിന്ന് ഒരു കൃത്യ അകലത്തിലായിരിക്കും. അതുകൊണ്ടാണ്‌ ആ നിറത്തിന്റെ നാട വളഞ്ഞിരിക്കുന്നത്‌. അതിനു താഴെയുള്ള ഒരു സംഘം മഴത്തുള്ളികള്‍ ചുവപ്പു നിറമായിരിക്കും നമ്മുടെ കണ്ണില്‍ എത്തിക്കുന്നത്‌, അതുപോലെ അതിനു മുകളിലുള്ളവ മഞ്ഞ നിറവും. ഇങ്ങനെ ഓരോ തലത്തിലുള്ള മഴത്തുള്ളികളും ഓരോ നിറത്തിന്റെ ഓരോ നാടകള്‍ രൂപപ്പെടുത്തുന്നു. ഇങ്ങനെയാണ്‌ മഴവില്ലുണ്ടാകുന്നത്‌.

    മഴത്തുള്ളികള്‍ തുടര്‍ച്ചയായി വീണുകൊണ്ടിരിക്കുകയാണല്ലോ? അപ്പോള്‍ ഈ നിമിഷം നമുക്ക്‌ ഓറഞ്ച്‌ നിറം തന്ന തുള്ളി അടുത്ത നിമിഷം ചുവപ്പ്‌ നിറം നല്‍കുന്ന തലത്തിലായിരിക്കും. അപ്പോള്‍ അത്‌ നമുക്ക്‌ എത്തിക്കുന്നത്‌ ചുവപ്പ്‌ നിറമായിരിക്കും. നമ്മുടെ കണ്ണില്‍ ഓറഞ്ച്‌ നിറം എത്തിക്കുന്ന മഴത്തുള്ളികള്‍ മറ്റൊരാളുടെ കണ്ണിലെത്തിക്കുന്നത്‌ മറ്റൊരു നിറമായിരിക്കും. അതായത്‌ നമ്മള്‍ കാണുന്ന മഴവില്ലല്ല മറ്റൊരാള്‍ കാണുന്നത്‌. നമ്മുടെ വലതു കണ്ണു കാണുന്ന മഴവില്ലല്ല ഇടതു കണ്ണ്‍ കാണുന്നത്‌. നമ്മള്‍ ഈ നിമിഷം കാണുന്ന മഴവില്ലല്ല അടുത്ത നിമിഷം കാണുന്നത്‌!

    ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മള്‍ കാണുന്ന മഴവില്ലിന്റെ ഒത്ത നടുക്കായിരിക്കും നമ്മള്‍ എപ്പോഴും!

    **********************************************************************************
    മഴവില്ലിന്റെ ഈ ഇഴയഴിച്ചു തന്നത്‌ ഡോ: റിച്ചാര്‍ഡ്‌ ഡോക്കിന്‍സ്‌ ആണ്‌, അദ്ദേഹത്തിന്റെ 'അണ്‍വീവിംഗ്‌ ദ റയിന്‍ബോ' എന്ന ഗ്രന്ഥത്തില്‍. ശാസ്ത്രം, കലയുടേയും കാല്‍പ്പനികതയുടേയും രസം കെടുത്തുന്നു എന്ന വാദത്തെ പ്രതിരോധിക്കുകയാണ്‌ അദ്ദേഹം ഈ പുസ്തകത്തിലൂടെ. എനിക്ക്‌ മഴവില്ലിന്റെ നിഗൂഢ കാല്‍പ്പനികതയെക്കാള്‍ രസിച്ചത്‌ ഈ ഇഴയഴിക്കലാണ്‌. മഴവില്ലു മാത്രമല്ല, ഒരു ശാസ്ത്രകുതുകിക്ക്‌ താല്‍പര്യമുണ്ടാക്കുന്ന മറ്റനവധി അറിവുകളുടേയും കലവറയാണീ പുസ്തകം. തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒന്ന്!

    Friday, December 18, 2009

    കാലം മറുപടി നല്‍കുമ്പോള്‍.


           വൈയ്ക്കം സത്യഗ്രഹത്തിന്റെ സമയം. അക്കാലത്ത്‌ വൈയ്ക്കം ക്ഷേത്രത്തിന്റെ അധികാരവും ദേശവാഴ്ചയും അവിടത്തെ പ്രമുഖ ബ്രാഹ്മണ കുടുംബമായ ഇണ്ടംതുരുത്തി മനയ്ക്കായിരുന്നു. കാരണവര്‍ ഉഗ്രപ്രതാപിയും.


         സത്യാഗ്രഹം മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ ഗാന്ധിജി വൈയ്ക്കം സന്ദര്‍ശിക്കാനെത്തുന്നു. ഇണ്ടംതുരുത്തി കാരണവര്‍ ഒന്നു മനസ്സു വെയ്ച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളല്ലോ? അദ്ദേഹവുമായി നേരില്‍ കാണാന്‍ ഗാന്ധിജി താല്‍പര്യം പ്രകടിപ്പിച്ചു. മനയില്‍ വാര്‍ത്തയെത്തി. പക്ഷെ, ഇണ്ടംതുരുത്തി കാരണവര്‍ ആരെയെങ്കിലും അങ്ങോട്ട്‌ ചെന്നു കാണുകയോ? തന്നെ കാണെണ്ടവര്‍ക്ക്‌ ഇങ്ങോട്ട്‌ വരാം എന്നായി തിരുമേനി. ആയിക്കോട്ടെ, എന്നു ഗാന്ധിജി.

            പക്ഷെ പ്രശ്നം തീരുന്നില്ല. അബ്രാഹ്മണനായ ഗാന്ധിയെ മനയില്‍ കയറ്റുകയോ? അതു പറ്റില്ല. ഏതായലും മനയില്‍ നിന്നു തന്നെ പ്രശ്ന പരിഹാരവും വന്നു. മനയ്ക്കു പുറത്ത്‌ ഒരു പടിപ്പുര പണിതു, അവിടെ വച്ച്‌ കാരണവര്‍ ഗാന്ധിജിയുമായി സംസാരിച്ചു.

    (എന്തു സംസാരിച്ചാലും അതുകൊണ്ട്‌ ഗുണം ഒന്നും ഉണ്ടായില്ലെന്ന് ചരിത്രം വായിക്കുന്നവര്‍ക്ക്‌ അറിയാം.)

    ഈ കഥ നേരത്തെ പോസ്റ്റണമെന്ന് കരുതിയതാണ്‌. മടി കാരണം നടന്നില്ല. ഇന്നു പത്രത്തില്‍ വന്ന ഈ വാര്‍ത്ത കണ്ടപ്പോള്‍ ഇനിയും മടിക്കരുതെന്ന് തോന്നി.

    കാലം മറുപടി നല്‍കുന്നതെങ്ങിനെയെന്ന് പൂര്‍ണ്ണമായും മനസ്സിലാകാന്‍ ഈ പത്രവാര്‍ത്ത കൂടി വായിക്കൂ.



    Sunday, December 13, 2009

    ഫ്രാന്‍സിസ്‌ ഇട്ടിക്കോര എന്ന കുന്നംകുളം കോരപ്പാപ്പന്‍





    ആദ്യമായി ഹൈപ്പേഷ്യയെപ്പറ്റി കേള്‍ക്കുന്നത്‌ 85-86 കാലത്ത്‌ പരിഷത്ത്‌ തലയ്ക്ക്‌ പിടിച്ചു നടക്കുമ്പോഴാണ്‌. പിന്നെ ആ പേര്‌ മറന്നു. അതിനു ശേഷം പിന്നെ കഴിഞ്ഞ വര്‍ഷം യാദൃശ്ചികമായി ഹൈപ്പേഷ്യയുടെ മുന്‍പില്‍ ചെന്നുപെടുകയായിരുന്നു, നെറ്റില്‍ അലഞ്ഞു തിരിയുന്നതിനിടെ. അഞ്ചെട്ടു ലിങ്കില്‍ കയറി വായിച്ചു. അനിതരസധാരണമായ ബുദ്ധിയും സൗന്ദര്യവും ഉണ്ടായിരുന്ന അവര്‍ അലക്സാന്‍ഡ്രിയായിലെ ഗണിത ശാസ്ത്രജ്ഞയും അദ്ധ്യാപികയുമായിരുന്നു.(AD നാലം നൂറ്റാണ്ട്‌) അവരുടെ ചിന്തകള്‍ കൃസ്തീയസഭയ്ക്ക്‌ വെല്ലുവിളിയായി തോന്നിയതും, അവര്‍ക്ക്‌ റോമന്‍ പ്രിഫക്റ്റ്‌ ഒറസ്റ്റേസില്‍ ഉണ്ടായിരുന്ന സ്വാധീനവും ബിഷപ്പ്‌ സിറിളിന്റെ നേതൃത്വത്തിലുള്ള സഭയെ വിളറിപിടിപ്പിച്ചു. ഒരു ദിവസം ഒരു സംഘം മതഭ്രാന്തന്മാര്‍ അവരെ തെരുവില്‍ വെച്ച്‌ ആക്രമിക്കുകയും ജീവനോടെ കക്കത്തോട്‌ കൊണ്ട്‌ അവരുടെ മാംസം വാര്‍ന്നെടുത്ത്‌ അഗ്നിക്കിരയാക്കുകയും ചെയ്തു. (ബിഷപ്പ്‌ സിറിള്‍ പിന്നീട്‌ വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ടു.) പക്ഷെ അന്നു വായിച്ച ഒരു ലിങ്കിലും, അവിവാഹിതാവസ്ഥയുടെ സ്വാതന്ത്ര്യം ആസ്വദിക്കുന്നതിനൊപ്പം ആഗ്രഹം തോന്നിയ പുരുഷന്മാര്‍ക്കെല്ലാമൊപ്പം ശയിച്ച ഒരു കാമഭ്രാന്തിയാണെന്നു പറഞ്ഞു കണ്ടില്ല. ഒരു പക്ഷെ അത്‌ അങ്ങിനെയായിരുന്നിരിക്കാം അല്ലെങ്കില്‍ ശക്തരായ എതിരാളികള്‍ അങ്ങിനെ ഒരു പ്രചാരണം നടത്തിയിരുന്നിരിക്കാം.

    അതെന്തെങ്കിലുമാവട്ടെ, ഞാന്‍ ചിന്തിക്കുന്നത്‌ അംഗീകരിക്കപെട്ട ചരിത്ര നാള്‍വഴികളില്‍ നമുക്ക്‌ എന്തുമാത്രം തന്നിഷ്ടപരമായ ഇടപെടലുകള്‍ അനുവദനീയമായിട്ടുണ്ട്‌ എന്നതാണ്‌. പ്രത്യേകിച്ച്‌ ഹൈപ്പേഷ്യ മുതല്‍ മൈക്കലാന്‍ജലോയും സാമൂതിരിയും എഴുത്തച്ഛനുമുള്‍പ്പടെ (രാജന്‍?)ഗുരുക്കള്‍ വരെയുള്ള ഒരു നാള്‍വഴിയില്‍? ഫിഷന്റെ സ്വാതന്ത്ര്യത്തോടു കൂടിയാണെങ്കില്‍ പോലും?



    കഴിഞ്ഞ ദിവസം വായിച്ച, ശ്രീ ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ്‌ ഇട്ടിക്കോര എന്ന നോവലാണ്‌ (ഡി.സി ബുക്സ്‌, ആദ്യ പ്രസാധനം ആഗസ്റ്റ്‌ 2009. രൂപ 150) ഈ ചിന്തകളൊക്കെ ഉയര്‍ത്തിയത്‌. കഥാനായകനായ ഇട്ടിക്കോര പതിനഞ്ചാം നൂറ്റാണ്ടിലെ പ്രബലനായ ഒരു കുന്നംകുളം കുരുമുളക്‌ കച്ചവടക്കാരനായിരുന്നു. അദ്ദേഹം കുന്നംകുളത്തും ഫ്ലോറന്‍സിലും മാറി മാറി താമസിച്ചു തന്റെ അനവധി വരുന്ന കപ്പലുകളില്‍ കുരുമുളക്‌ തൊട്ട്‌ അടിമപ്പെണ്ണുങ്ങളെ വരെ കച്ചവടം നടത്തി, ഫ്ലോറന്‍സിലെ പ്രബലരായ മെഡിചികളുടേയും, കോഴിക്കോട്ടെ സാമൂതിരിമാരുടേയും അടുത്തയാളായി. മൈക്കലാന്‍ജലോയുടേയും റാഫേലിന്റെയും ഉപദേഷ്ടാവായി. ഫ്ലോറന്‍സിലെ വരേണ്യ സമൂഹത്തില്‍ ഒരു ലൈംഗിക വിപ്ലവത്തിന്‌ തുടക്കമിട്ടു. ഇതിനെല്ലാമുപരിയായി ഗൂഢമായ ഹൈപ്പേഷ്യന്‍ ഗണിതശാഖയുടെ ഒരു പ്രമുഖ വക്താവുമായിരുന്നു. യൂറോപ്പിലെ ഹൈപ്പേഷ്യന്‍ സ്കൂളുകളില്‍ നിന്നു പഠിച്ച കാര്യങ്ങള്‍ ഇട്ടിക്കോര കേരളത്തിലെത്തിക്കുകയും ഇവിടെ അദ്ദേഹത്തിന്റെ ആശ്രിതര്‍ അവയെ പുനരവതരിപ്പിക്കുകയും ചെയ്തു. ഇവയൊക്കെയാണ്‌ നാമിന്ന് അഭിമാനപൂര്‍വ്വം കേരളത്തിന്റെ ഗണിതശാസ്ത്ര സംഭവനകളായി അവതരിപ്പിക്കുന്നത്‌. ഇപ്രകാരം ഒരു അമാനുഷിക പരിവേഷമുള്ള ഇട്ടിക്കോര ഒരു പക്ഷെ ഏറ്റവുമധികം ക്രിയാത്മകമായത്‌ സ്ത്രീ വിഷയത്തിലായിരുന്നു. ഉപയോഗിച്ചു തള്ളിയ അനവധി സ്ത്രീകളെക്കൂടാതെയുള്ള അദ്ദേഹത്തിന്റെ അംഗീകൃതരായ 18 ഭാര്യമാരിലായി 79 മക്കളും ഇദ്ദേഹത്തിനുണ്ടായിരുന്നു.



    ചരിത്രത്തിന്റെ ഫ്രേമില്‍ നിന്ന് അമിത സ്വാതന്ത്രമെടുക്കുന്ന ഈ നോവലില്‍ പതിനെട്ടാം കൂറ്റുകാര്‍ എന്നൊരു ക്ലാനെയും നോവലിസ്റ്റ്‌ അവതരിപ്പിക്കുന്നു. പ്രയറി ഒഫ്‌ സയണേയും ഫ്രീ മേസന്‍സിനേയും അനുസ്മരിപ്പിക്കുന്ന ഒന്ന്. പക്ഷെ ഈ ഗ്രൂപ്പുകളുടെ, നിഗൂഢത എന്ന പൊതു സ്വഭാവം കഴിഞ്ഞാല്‍ സാമ്യം അവസാനിക്കുകയാണ്‌. പ്രയറിയില്‍ നഗ്ന പൂജ പ്രകൃതിയുടെ ഉര്‍വ്വരതയെ പ്രഘോഷിക്കുന്നുവെങ്കില്‍ പതിനെട്ടാം കുറ്റുകാര്‍ക്കിടയില്‍ അത്‌ പൈശാചികതയിലും ചൂഷണത്തിലുമാണ്‌ ഉറപ്പിച്ചിരിക്കുന്നത്‌. ( പക്ഷെ എതിരാളികളെ സംബന്ധിച്ച്‌ രണ്ടും തമ്മില്‍ വ്യത്യാസമേതുമില്ല. നോവലിസ്റ്റും അങ്ങിനെ തന്നെയാണോ ചിന്തിക്കുന്നത്‌?)

    ചരിത്രവും മിത്തും സങ്കല്‍പവും ഇണപിരിയുന്ന വേറെ അധികം നോവലുകള്‍ മലയാളത്തിലുണ്ടെന്നു തോന്നുന്നില്ല. എക്കോയും മാര്‍ക്കേസും ഒക്കെ വായിക്കുമ്പോള്‍ എന്തേ ഇങ്ങിനൊരെണ്ണം മലയാളത്തിലില്ലാത്തത്‌ എന്നു നമ്മള്‍ സങ്കടപ്പെടുന്ന പോലൊന്നിനുള്ള ശ്രമം. പക്ഷെ ലോകനിലവാരത്തില്‍ നിന്ന് മലയാളത്തിന്റെ ചെറു വൃത്തത്തിലേക്കൊതുക്കിയാലും ആനുപാതികമായിപ്പോലും മാര്‍ക്കേസിന്റെ കാവ്യഭംഗിയോ, എക്കോയുടെ ധിഷണാ വൈഭവമോ ഡാന്‍ ബ്രൗണിന്റെ കഥനചാതുരിയോ നോവലിനോ നോവലിസ്റ്റിനോ അവകാശപ്പെടാനാവില്ല.



    വളരെ കൃത്രിമമായി തോന്നുന്ന ഒരു ക്രാഫ്റ്റാണ്‌ രചനയ്ക്ക്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഒരു ഫ്ലോചാര്‍ട്ട്‌ രൂപപ്പെടുത്തിയിട്ട്‌ അതിന്റെ ഓരോ പോയിന്റും സ്ഥൂലീകരിച്ച്‌ കട്ടന്‍പേസ്റ്റ്‌ ചെയ്തപോലെ. പോസ്റ്റ്ഗ്രാജ്വേറ്റ്‌ തിസീസിനുപയോഗിക്കുന്ന അതേ തന്ത്രം. ഒരു നല്ല രചന ഒരു പെയിന്റിംഗ്‌ ആണെങ്കില്‍, ഇട്ടിക്കോര ഒരു ഫോട്ടോഷോപ്‌ കൊളാഷ്‌ ആണ്‌. അത്ര കൃത്രിമം. തന്റെ പരന്ന വായനയുടെ മുഴുവന്‍ വിശേഷങ്ങളും ഒരുമിച്ച്‌ വായനക്കാര്‍ക്കെത്തിക്കണം എന്നു നോവലിസ്റ്റിന്‌ നിര്‍ബന്ധമുള്ളപോലെ. എന്നാലാവട്ടെ, ഇവയൊക്കെ തമ്മില്‍ യുക്തിഭദ്രമായ ഒരു ബന്ധപ്പെടുത്തലിനോ കാരണവിശദീകരനത്തിനോ നോവലിസ്റ്റ്‌ മിനക്കെടുന്നുമില്ല. ഇതുമൊരു സങ്കേതമാവാം!



    ഹൈപ്പേഷ്യന്‍ സ്കൂളിനും ഗണിതശാസ്ത്രത്തിനും ലൈംഗികതയുമായി എന്തു ബന്ധം എന്നു നമ്മള്‍ സംശയിച്ചു നില്‍ക്കുമ്പോഴും കഥയില്‍ ലൈംഗികതയുടെ ഘോഷയാത്രയാണ്‌. കഥാ തന്തുവും ലൈംഗിക ആഘോഷങ്ങളും തമ്മില്‍ ഒരു ലോജിക്കും രൂപപ്പെടുന്നുമില്ല. മാത്രമല്ല, കഥാകൃത്തിന്റെ ലൈംഗികസങ്കല്‍പ്പങ്ങള്‍ ഒരു പോണൊഗ്രഫി നിലവാരത്തിലുള്ളതുമാണ്‌. അതു കൊണ്ടു തന്നെയാണ്‌ അതിഭാവുക അവതരണത്തിനു ശേഷവും ഫ്രാന്‍സിസ്‌ ഇട്ടിക്കോര സഹസ്ര ഭഗനെപ്പോലെ ഒരശ്ലീല ബിംബമായി അപഹാസ്യമാകുന്നത്‌


    *********************************************************************************

    ആഷാമേനോന്റെ അവതാരികയുമുണ്ട്‌. അവതാരികകളുടെ ആവശ്യമെന്താണെന്ന് എനിക്കൊരിക്കലും മനസ്സിലായിട്ടില്ല. മാധവിക്കുട്ടിയുടെ സമ്പൂര്‍ണ്ണകൃതികളില്‍ അഴീക്കോടിന്റെ അവതാരിക കണ്ടു. മനോഹരമായ ഒരു ശില്‍പ്പത്തില്‍ കാക്ക കാഷ്ഠിച്ചു വെച്ചതു പോലെ തോന്നി.