Wednesday, March 17, 2010

മാദ്ധ്യമം: കാക്കിയിലെ ചുവപ്പുരാശിയും, മതനിരപേക്ഷതയും

മാദ്ധ്യമം വാരിക തീരെ പരിചയമുള്ളതല്ല. കഴിഞ്ഞ ദിവസം യാദൃശ്ചികമായ്‌ ഒന്നു വാങ്ങി. മലയാള സിനിമയെപ്പറ്റിയുള്ള കവര്‍സ്റ്റോറിയാണ്‌ ആകര്‍ഷകമായി തോന്നിയത്‌, പക്ഷെ ശരിക്കുമുള്ള സന്തോഷം അതിലെ ഒരു കഥയായിരുന്നു. ഗൗതമന്‍ എഴുതിയ 'കാക്കിയിലെ ചുവപ്പുരാശി'. ഞാന്‍ വായിച്ചിട്ടുള്ള ഏറ്റവും നല്ല കഥയൊന്നുമല്ലത്‌, പക്ഷെ സമീപകാലത്ത്‌ വായിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്‌ ഇതു തന്നെ. കഥ അപ്പാടെ ഇവിടെ പകര്‍ത്താന്‍ എനിക്ക്‌ ആശ ഇല്ലായ്കയല്ല, പകര്‍പ്പവകാശ പ്രശ്നങ്ങള്‍ എന്നെ വിലക്കുന്നു. എങ്കിലും ഒരു ഖണ്ഡിക പകര്‍ത്തിയെഴുതട്ടെ.

"കഴിയുന്നതും കാക്കി വേഷങ്ങളോട്‌ തര്‍ക്കിക്കാതിരിക്കുന്നതാണ്‌ നല്ലത്‌ എന്നാണ്‌ രാധാകൃഷ്ണന്‍ നായര്‍ മനസ്സിലാക്കിയിരിക്കുന്നത്‌. കൈയ്യില്‍ കിട്ടുന്നവന്‌രണ്ടു കൊടുക്കാനുള്ള പഴുതു നോക്കുന്നവരാണ്‌പൊതുവെ പോലീസുകാര്‍. അടി കിട്ടിക്കഴിഞ്ഞ്‌ കേസ്‌ കൊടുത്തിട്ടൊന്നും കാര്യമില്ല, തിരിച്ച്‌ തല്ലിക്കോളാന്‍ ഒരു കോടതിയും പറയില്ലല്ലോ? അതിനാല്‍ അടി കിട്ടിയാല്‍ കിട്ടിയതു തന്നെ. അതു കിട്ടാതിരിക്കണമെങ്കില്‍ പോലീസിനോട്‌ ന്യായം പറയാന്‍ പോകരുത്‌. കാക്കനാടന്‍ പണ്ട്‌ കൊല്ലത്തോ മറ്റോ നടുറോഡില്‍ കിടന്ന് പോലീസിന്റെ തല്ല് പൊതിരെ കൊണ്ടത്‌ അവരോട്‌ ന്യായം പറയാനൊരുമ്പെട്ടിട്ടാണ്‌. അടി കൊള്ളുന്നതിനിടയില്‍ താന്‍ കാക്കനാടനാണെന്നും ഭയങ്കര സാഹിത്യകാരനാണെന്നുമൊക്കെ കാക്കനാടന്‍ പോലീസിനോട്‌ പറഞ്ഞത്രെ. രണ്ടടി കൂടുതല്‍ കിട്ടിക്കാണും സാഹിത്യകാരന്‌."

കാലിക സത്യങ്ങളും, സമര്‍ത്ഥമായ പാത്രസൃഷ്ടിയും, മനോഹരമായ കഥ പറച്ചിലും ഒത്തു ചേര്‍ന്നിരിക്കുന്നു ഇവിടെ. തീര്‍ച്ചയായും വായിക്കണം. (മാദ്ധ്യമം ആഴ്ചപ്പതിപ്പ്‌, 2010, മാര്‍ച്ച്‌ 22)

ഈ ലക്കത്തില്‍ തന്നെ യാസീന്‍ അശ്‌റഫ്‌ തന്റെ മീഡിയാ സ്കാനില്‍,എം.എഫ്‌ ഹുസൈന്‍ ഖത്തര്‍ പൗരത്ത്വം സ്വീകരിച്ചതിനെപ്പറ്റി (അതിനിടയായ പശ്ചാത്തലത്തെപ്പറ്റി) കുണ്ഠിതപ്പടുന്നു. ഹുസൈന്‍ വരച്ച പെയിന്റിങ്ങുകളില്‍ ഹിന്ദു ദേവതമാരെ ചിത്രീകരിച്ചതിനെപ്പറ്റി പ്രകോപനപരമായ ഒരു ലേഖനം (ലേഖനമാണു പ്രകോപനപരം, കേട്ടോ) 1996 -ല്‍ ഒരു ഹിന്ദി മാസികയില്‍ പ്രസിദ്ധപ്പെടുത്തിയതോടെയാണ്‌ പ്രശ്നങ്ങള്‍ തുടങ്ങിയതത്രെ. "ഗാന്ധിജിയുടേയും മറ്റും ജനായത്ത മതനിരപേക്ഷ കാഴ്ച്ചപ്പാട്‌ നിരാകരിക്കുകയും, ഹിറ്റ്‌ലറുടെ ആര്യന്‍ ജാതിമേധാവിത്വത്തെയും ജൂതകൂട്ടക്കൊലയേയും പുകഴ്ത്തുകയും ചെയ്ത പ്രത്യയ ശാസ്ത്രം (അതേതാണാവോ?) കൈവരിച്ച നിര്‍ണ്ണായകമായ മറ്റൊരു നേട്ടമാണ്‌ എം.എഫ്‌ ഹുസൈന്റെ രാഷ്ട്രത്യാഗം.ഈ സംഭവത്തെപ്പറ്റി മുഖപ്രസംഗമെഴുതാന്‍ പോലും വിരലനങ്ങാത്ത പത്രങ്ങള്‍ ഏറെയാണ്‌" യാസീന്‍ അശ്‌റഫിലെ മതനിരപേക്ഷന്റെ ദു:ഖവും പ്രതിഷേധവും കവിഞ്ഞൊഴുകുകയാണ്‌.
മാദ്ധ്യമം നേരത്തെ വായിച്ചു തുടങ്ങേണ്ടതായിരുന്നു. സല്‍മാന്‍ റുഷ്ദിയേയും, തസ്ലിമയേയും, ഡെന്മാര്‍ക്കിലെ കാര്‍ട്ടൂണിസ്റ്റിനേയും പറ്റിയൊക്കെ യാസീന്‍ അശ്‌റഫ്‌ ആകുലപ്പെട്ടത്‌ വായിക്കാനായില്ലല്ലോ? കഷ്ടം!

3 comments:

അനില്‍@ബ്ലോഗ് // anil said...

ഖത്തര്‍ എന്തും ചെയ്യാന്‍ സൌകര്യമുള്ള സ്ഥലമായതിനാല്‍ ശ്രീ.ഹുസ്സൈന്‍ രക്ഷപ്പെട്ടു.
:)

ramanika said...

കാക്കി വേഷങ്ങളെ കുറിച്ച് കഥയില്‍ എഴുതിയത്
നൂറു ശതമാനം ശരി വെക്കുന്നതായിരുന്നു കോഴിക്കോട് ഒളി ക്യാമറ
പാരാതി ബോധിപ്പിക്കാന്‍ ചെന്ന രാഹുലിന്റെ (?) അനുഭവം ........

Typist | എഴുത്തുകാരി said...

മാദ്ധ്യമം വായിച്ചിട്ടില്ല ഇതുവരെ. ആ കഥയൊന്നു വായിച്ചു നോക്കണമെന്നുണ്ട്. സംഘടിപ്പിക്കാ‍ന്‍ പറ്റുമോന്നു നോക്കട്ടെ.