Wednesday, March 24, 2010

സ്റ്റീവ് ജോബ്സിന്റെ മൂന്നു കഥകൾള്

ആപ്പി കമ്പ്യൂട്ട സി.. സ്റ്റീവ് ജോബ്സ്, സ്റ്റാൻഫോർഡ് ർവ്വകലാശാല ബിരുദദാന ചടങ്ങി നടത്തിയ പ്രഭാഷണം.
നന്ദി!
ലോകത്തിലെ ഏറ്റവും നല്ല ർവ്വകലാശാലകളിലൊന്നായ സ്റ്റാൻഫോർഡിലെ ബിരുദദാനച്ചടങ്ങിന്ആരംഭം കുറിക്കുന്നതിനും നിങ്ങളോടൊപ്പം നില്ക്കുന്നതും ഞാൻ അഭിമാനമായി കരുതുന്നു.
സത്യം പറഞ്ഞാൽ ഞാൻ ഒരു കോളേജിൽ നിന്നും ബിരുദം നേടിയിട്ടില്ല, ഒരു കണക്കിൽ ഒരു ബിരുദവുമായി ഞാൻ ഏറ്റവും അടുത്തു വരുന്നത് ഈ ചടങ്ങിലാണ്‌.

ഇന്ന് ഞാൻ നിങ്ങളോട് എന്റെ ജീവിതത്തിൽ നിന്നും മൂന്നു കഥകൾ പറയാനാഗ്രഹിക്കുന്നു. അത്രയേയുള്ളൂ, വലിയ കാര്യമൊന്നുമില്ല. മൂന്നു കഥകൾ അത്ര മാത്രം.

ആദ്യത്തെ കഥ, ബിന്ദുക്കളെ യോജ്ജിപ്പിക്കുന്നതിനെപ്പറ്റിയാണ്‌. കോളേജിൽ ചേർന്ന് ആറു മാസമായപ്പോഴേക്കും ഞാൻ പഠനം നിർത്തി, അതിനു ശേഷം ഒരു ഒന്നര വർഷത്തോളം അവിടൊക്കെ ചുറ്റിപ്പറ്റി നടന്നു. പിന്നെ പൂർണ്ണമായും അവിടം വിട്ടൂ. ഞാൻ എന്തു കൊണ്ടാണ്‌ അവിടം വിട്ടത്? സത്യത്തിൽ കുഴപ്പങ്ങളെല്ലം ഞാൻ ജനിക്കുന്നതിനു മുൻപേ തുടങ്ങിയിരുന്നു. എന്റെ അമ്മ ഒരു ഒരു ബിരുദ വിദ്യാർത്ഥിനിയായിരുന്നു, അവിവാഹിതയായ യുവതി. അവർ എന്നെ ദത്തു കൊടുക്കാൻ തീരുമാനിച്ചിരുന്നു. ഒരു കോളേജ് ബിരുദധാരി എന്നെ ദത്തെടുക്കണമെന്ന് അവർ അതിയായി ആഗ്രഹിച്ചു. ഒരു വക്കീലിനെക്കൊണ്ട് എന്നെ ദത്തെടുപ്പിക്കാനുള്ള ഏർപ്പാടുകളും ചെയ്തിരുന്നു. പക്ഷെ അവർ ആഗ്രഹിച്ചിരുന്നത് ഒരു പെൺകുട്ടിയെ ആയിരുന്നു. അങ്ങിനെ കരുതിയിരുന്ന അവർക്ക് ഒരു രാത്രിയിൽ ഒരു ഫോൺ സന്ദേശം ലഭിച്ചു, “ഞങ്ങൾക്ക് ഉണ്ടായിരിക്കുന്നത് ഒരു ആൺ കുട്ടിയാണ്‌, നിങ്ങൾക്കവനെ വേണോ?” “തീർച്ചയായും”, എന്റെ മാതാപിതാക്കൾ പറഞ്ഞു. പക്ഷെ എന്നെ പ്രസവിച്ച അമ്മ പിന്നീട് മനസ്സിലാക്കി, എന്റെ വളർത്തമ്മ ബിരുദം പൂർത്തീകരിച്ചിട്ടില്ല എന്നും, വളർത്തച്ചൻ ഹൈസ്കൂൾ വിദ്യാഭ്യാസം പോലും മുഴുമിപ്പിച്ചിട്ടില്ല എന്നും. അതു കൊണ്ട് രേഖകളിൽ ഒപ്പിടാൻ അവർ വിസമ്മതിച്ചു. കുറച്ചു മാസങ്ങൾക്ക് ശേഷം എന്റെ മാതാപിതാക്കൾ എന്നെ കോളേജിലയച്ച് പഠിപ്പിക്കാം എന്നു ഉറപ്പു നല്കിയപ്പോഴാണ്‌ അവർ എന്നെ വിട്ടുകൊടുക്കാൻ സമ്മതിച്ചത്. ഇതായിരുന്നു എന്റെ ജീവിതത്തിന്റെ തുടക്കം.

പതിനേഴ് വർഷങ്ങൾക്ക് ശേഷം ഞാൻ കോളേജിൽ ചേർന്നു. പക്ഷെ സ്റ്റാൻഫോർഡ് പോലെ തന്നെ ചിലവേറിയ ഒരു കോളേജിലാണ്‌ കഷ്ടകാലത്തിന്‌ ഞാൻ ചേർന്നത്. തൊഴിലാളികളായിരുന്ന എന്റെ മാതാപിതാക്കളുടെ സമ്പാദ്യമെല്ലാം എന്റെ പഠനച്ചിലവിന്‌ ഉപയോഗിക്കേണ്ടി വന്നു. ആറു മാസമായപ്പോഴേക്കും അതിന്‌ മുതലില്ല എന്നെനിക്ക് തോന്നിത്തുടങ്ങി. ജീവിതത്തിൽ എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു, കോളേജ് വിദ്യാഭ്യാസം അതിനെന്നെ എങ്ങിനെ സഹായിക്കും എന്നും എനിക്ക് അറിയില്ല. എന്റെ മാതാപിതാക്കൾ ഒരായുഷ്കാലം കൊണ്ടുണ്ടാക്കിയ പണമെല്ലാം പൊടിക്കാൻ മാത്രം ഞാൻ. അതു കൊണ്ട് ഞാൻ കോളേജ് വിടാൻ തീരുമാനിച്ചു, എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ. അന്നെനിക്ക് ഭയം തോന്നിയിരുന്നു. പക്ഷെ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അത് വളരെ നല്ല ഒരു തീരുമാനമായിരുന്നു എന്നെനിക്ക് തോന്നുന്നു. പുറത്തു ചാടാൻ തീരുമാനിച്ചതോടെ എനിക്ക് താല്പര്യമില്ലാത്ത ക്ളാസ്സുകളിൽ കയറേണ്ട ബാദ്ധ്യതയിൽ നിന്നൊഴിവായി, എന്നാൽ എനിക്ക് താല്പര്യമുള്ള ക്ലാസ്സുകൾ ഞാൻ തുടർന്നും അറ്റൻഡ് ചെയ്തു.

പക്ഷെ കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. എനിക്ക് സ്വന്തമായി മുറിയുണ്ടായിരുന്നില്ല, ഞാൻ സുഹൃത്തുക്കളുടെ മുറിയിലെ തറയിൽ കിടന്നു, ഭക്ഷണം വാങ്ങാൻ കൊക്കകോള റ്റിന്നുകൾ പെറുക്കി അഞ്ചു സെന്റിന്‌ വിറ്റു. എല്ലാ ഞായറാഴ്ച വൈകിട്ടും ഞാൻ ഏഴു മൈൽ നടന്ന് ഹരേ കൃഷ്ണ ക്ഷേത്രത്തിൽ പോകുമായിരുന്നു, ഒരു നേരമെങ്കിലും നല്ല ഭക്ഷണം കഴിക്കാൻ. ആ ഭക്ഷണം എനിക്കിഷ്ടമായിരുന്നു. പക്ഷെ എന്റെ ആകാംഷയുടെ പുറത്ത് ഞാൻ തേടി കണ്ടു പിടിച്ച കാര്യങ്ങൾ പിന്നീട് വിലയേറിയ അനുഭവങ്ങളായി മാറി. ഞാൻ ഒരു ഉദാഹരണം പറയാം.

ഞങ്ങളുടെ കോളേജിൽ അക്കാലത്ത് കൈയ്യെഴുത്തുകലയുടെ പാഠങ്ങൾ നല്കിയിരുന്നു, ഒരു പക്ഷെ രാജ്യത്തെ ഇത്തരത്തിലെ ഏറ്റവും നല്ല കോഴ്സ്. കാമ്പസിനുള്ളിലെ ഓരോ പോസ്റ്ററുകളും, ലേബലുകളും, ബോർഡുകളും ഇങ്ങനെ മനോഹരമായി കൈ കൊണ്ട് എഴുതിയതായിരുന്നു. എനിക്ക് പ്രത്യേകിച്ച് ക്ളാസ്സുകളിലൊന്നും പോകേണ്ട ആവശ്യമില്ലാതിരുന്നതുകൊണ്ട്, ഞാൻ ഇത്തരം ഒരു കോഴ്സ് എടുക്കുവാൻ തീരുമാനിച്ചു. അവിടെ ഞാൻ വിവിധങ്ങളായ ലിപി ശൈലികളെക്കുറിച്ചും അവയ്ക്കിടയിൽ നല്കേണ്ട ഇടകളേക്കുറിച്ചും ഒക്കെ പഠിച്ചു. മനോഹരമായ ലിപികൾ എന്തുകൊണ്ട് മനോഹരമാകുന്നു എന്നെനിക്ക് മനസ്സിലായി. അതു ഭംഗിയാർന്ന ഒരു അനുഭവമായിരുന്നു, ചരിത്രപരവും. എനിക്കത് വളരെ ആകർഷകമായി അനുഭവപ്പെട്ടു. പക്ഷെ ഇതുകൊണ്ടൊന്നും എനിക്ക് ജീവിതത്തിൽ ഒരു ഉപകാരം ഉണ്ടാകുമെന്ന് തോന്നിയില്ല.

പക്ഷെ പത്തു വർഷത്തിനു ശേഷം ഞങ്ങൾ ആദ്യത്തെ മക്കിന്തോഷ് കമ്പ്യൂട്ടർ രൂപകല്പ്പന ചെയ്യുമ്പോൾ ഇതെല്ലാം എനിക്ക് ഉപകാരപ്പെട്ടു. ഞങ്ങൾ അതെല്ലാം ആ മാക്കിൽ ഉപയോഗപ്പെടുട്ട്ഹി. അതായിരുന്നു മനോഹരമായ ലിപികളോട് കൂടിയ ആദ്യത്തെ കമ്പ്യൂട്ടർ. ഞാനന്ന് ആ കോഴ്സിനു ചേർന്നിരുന്നില്ലായിരുന്നുവെങ്കിൽ മാക്കിലൊരിക്കലും ആ മനോഹരമായ ലിപികളുണ്ടാകുമായിരുന്നില്ല. അതുപോലെ വിൻഡോസ് മാക്കിനെ കോപ്പിയടിച്ചതാണെന്ന കാര്യം പരിഗണിക്കുമ്പോൾ , ഒരു പെർസണൽ കമ്പ്യൂട്ടറിലും ഇത്തരം ലിപി വരുമായിരുന്നു എന്നു കരുതാൻ വയ്യ.


ഞാൻ കോളെജിൽ നിന്നും പുറത്തു ചാടിയില്ലായിരുന്നുവെങ്കിൽ, ഒരിക്കലും ആ കാലിഗ്രാഫി ക്ളാസ്സിൽ ചേരുമായിരുന്നില്ല, പേർസനൽ കമ്പ്യൂട്ടറുകൾക്കൊരിക്കലും ഇപ്പോഴുള്ള തരം അക്ഷരങ്ങളുമുണ്ടാകുമായിരുന്നില്ല. അന്നു പക്ഷെ എനിക്ക് ഈ ബിന്ദുക്കളെ മുന്നിലേക്ക് യോജിപ്പിക്കാനാവുമായിരുന്നില്ല, പക്ഷെ പത്തു വർഷത്തിനു ശേഷം പിറകോട്ട് ചിന്തിക്കുമ്പോൾ കാര്യങ്ങൾ വളരെ വ്യക്തമാകുന്നു. നമുക്കൊരിക്കലും ബിന്ദുക്കളെ മുന്നോട്ട് നോക്കി ബന്ധിപ്പിക്കാനാവില്ല, പിറകോട്ട് നോക്കിയേ പറ്റൂ! ഈ ബിന്ദുക്കൾ നമ്മുടെ ഭാവിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു തന്നെ കരുതണം. ഇങ്ങനെ ബന്ധിപ്പിക്കുന്നതെന്തായാലും, അത് ദൈവമോ, വിധിയോ, കർമ്മമോ എന്തുമായിക്കൊള്ളട്ടെ, ഇങ്ങനെയൊരു ബന്ധമുണ്ടെന്ന് വിശ്വസിച്ചാലേ നമുക്ക് നമ്മുടെ ഹൃദയത്തെ പിന്തുടരാനാവൂ, അത് വ്യവസ്ഥാപിതമായ ഒരു വഴിയിൽ നിന്നും വ്യത്യസ്ഥമാണെങ്കിലും.

എന്റെ അടുത്ത കഥ സ്നേഹത്തിനേയും നഷ്ടത്തിനേയും പറ്റിയാണ്‌. ഞാൻ ഭാഗ്യവാനാണ്‌. ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ എനിക്ക് ചെയ്യനിഷ്ടമുള്ളത് കണ്ടെത്താനെനിക്കായി. വോസും ഞാനും കൂടി ഞങ്ങളുടെ ഗരാജിൽ ആപ്പിൾ ആരംഭിക്കുമ്പോൾ എനിക്കിരുപതു വയസ്സാണ്‌. ഞങ്ങൾ നന്നായി അദ്ധ്വാനിച്ചു. ഞങ്ങൾ രണ്ടാൾ കൂടി തുടങ്ങിയ സംരംഭം പത്തു വർഷം കൊണ്ട് നാലായിരം ജീവനക്കാരും രണ്ടു ബില്യൺ ആസ്ഥിയുമുള്ള കമ്പനിയായി. കേവലം ഒരു വർഷം മുൻപാണ്‌ ഞങ്ങൾ ഞങ്ങളുടെ ഏറ്റവും നല്ല സൃഷ്ടിയായ മകിന്തോഷ് പുറത്തിറക്കിയത്, എനിക്ക് മുപ്പതു വയസ്സാകുന്നു. ആ സമയത്താണ്‌ എന്റെ ജോലി പോകുന്നത്!

ഞാൻ തുടങ്ങിയ കമ്പനിയിൽ നിന്ന് ഞാനെങ്ങിനെയാണ്‌ പുറത്താകുന്നത്? ആപ്പിൾ വളർന്നു തുടങ്ങിയ സമയത്ത് വളരെ കഴിവുള്ളതെന്നു ഞാൻ കരുതിയ ഒരാളെ ജോലിക്കു വെച്ചിരുന്നു. കമ്പനി നടത്തിപ്പിൽ എനിക്ക് സഹായകരമാകും എന്നു കരുതി. ആദ്യ വർഷങ്ങൾ നല്ല രീതിയിൽ കടന്നു പോയി. പക്ഷെ പിന്നീട് ഭാവിയെപ്പറ്റിയുള്ള ഞങ്ങളുടെ ആശയങ്ങൾ വ്യത്യസ്ഥമാവാൻ തുടങ്ങി, അതു തുടർന്ന് ആശയസംഘട്ടനത്തിലുമെത്തി. കമ്പനിയുടെ ഭരണസമിതി പക്ഷെ അയാളോടൊപ്പമാണ്‌ നിന്നത്. അങ്ങിനെ മുപ്പതാമത്തെ വയസ്സിൽ ഞാൻ കമ്പനിയിൽ നിന്നും പുറത്തായി. വളരെ പരസ്യമായി തന്നെ!
അത് എന്നെ തളർത്തിക്കളഞ്ഞ ഒരു അനുഭവമായിരുന്നു. മനസ്സിന്റെ ഏകാഗ്രത നഷ്ടപ്പെട്ടു. കുറച്ചു മാസത്തേക്ക് എന്തു ചെയ്യണം എന്നു തന്നെ എനിക്ക് അറിയില്ലായിരുന്നു. എന്റെ വീഴ്ച്ച മൂലം ഞാൻ പഴയ തലമുറയിലെ സംരംഭകരെ ഞാൻ നാണം കെടുത്തിയെന്ന് എനിക്ക് തോന്നി. ഞാൻ ഡേവിഡ് പക്കാർഡിനെയും ബോബ് നോയിസിനേയും കണ്ട് ഈ പ്രശ്നം ഇത്ര വഷളായതിന്‌ ക്ഷമ പറഞ്ഞു. പൊതു സമൂഹത്തിനു മുൻപിൽ ഞാൻ ഒരു വൻ പരാജയമായി മാറി, എവിടേയ്ക്കെങ്കിലും ഓടി പോയാലോ എന്നു പോലും ഞാൻ ആലോചിച്ചു.

പക്ഷെ എനിക്ക് മുൻപിൽ ചിലത് തെളിഞ്ഞ് വരാൻ തുടങ്ങി. ഞാൻ എന്താണോ ചെയ്തിരുന്നത്, അതിനെ ഞാൻ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി. ആപ്പിളിൽ വെച്ചു സംഭവിച്ച കാര്യങ്ങൾ അതിനൊരു മാറ്റവും വരുത്തിയിരുന്നില്ല. ഞാൻ പുറത്തായായിരിക്കും പക്ഷെ എന്റെ അഭിനിവേശങ്ങൾ അതേ പടി നിലനില്ക്കുന്നു. ഞാൻ വീണ്ടും ആദ്യം മുതൽ തുടങ്ങാൻ തീരുമാനിച്ചു.

അപ്പോൾ പക്ഷെ എനിക്ക് അത് തോന്നിയില്ല. പക്ഷെ ആപ്പിളിൽ നിന്നും പുറത്തായതാണ്‌ എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം. വിജയത്തിന്റെ അമിത ഭാരം, ഒരു തുടക്കക്കാരന്റെ ലാഘവത്തിന്‌ വഴി മാറി. എല്ലാ കാര്യത്തിനേയും സംബന്ധിച്ച് പൂർണ്ണ ഉറപ്പുണ്ടാവേണ്ടതുണ്ട്. തുടർന്നുള്ള സമയമായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും ക്രിയാത്മകമായ കാലം. അടുത്ത അഞ്ചു വർഷക്കാലത്ത് ഞാൻ ഒരു പുതിയ കമ്പനി തുടങ്ങി, നെക്സ്റ്റ് എന്ന പേരിൽ, പിന്നെ വേറൊരെണ്ണം പിക്സാർ എന്ന പേരിലും. ആ സമയത്താണ്‌ ഞാനെന്റെ ഭാവി വധുവിനെ കണ്ടെത്തിയതും. പിക്സാർ ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ ആനിമേറ്റഡ് ചിത്രമായ ‘ടോയ് സ്റ്റൊറീസ്’ നിർമ്മിച്ചു. ഇപ്പോഴത് ലോകത്തിലെ ഏറ്റവും വിജയകരമായ കമ്പ്യൂട്ടർ അനിമേഷൻ സ്റ്റുഡിയോ ആണ്‌. വിസ്മയകരമായ ഒരു സംഭവവികാസത്തിൽ ആപ്പിൾ നെക്സ്റ്റിനെ വാങ്ങി, അങ്ങിനെ ഞാൻ വീണ്ടും ആപ്പിളിൽ തിരിച്ചെത്തി. നെക്സ്റ്റിൽ ഞങ്ങൾ വികസിപ്പിച്ച സാങ്കേതിക വിദ്യകൾ ആപ്പിളിന്റെ പ്രവർത്തനങ്ങളിൽ മുഖ്യസ്ഥാനം വഹിക്കുന്നു. റീനിനും എനിക്കും സുന്ദരമായ ഒരു കുടുംബജീവിതവുമായി.

എനിക്ക് നല്ല ഉറപ്പുണ്ട്, ഞാൻ ആപ്പിളിൽ നിന്നും പുറത്തായിരുന്നില്ലെങ്കിൽ ഇതൊന്നും സംഭവിക്കുമായിരുന്നില്ല. അതൊരു കയ്പ്പൻ മരുന്നായിരുന്നുവെങ്കിലും രോഗിക്ക് അതാവശ്യമായിരുന്നു. ചിലപ്പോഴൊക്കെ ജീവിതം ചുടുകട്ട വെച്ച് തലക്കടിച്ചു എന്ന്ഉ വരാം, പക്ഷെ പ്രതീക്ഷ വിടരുത്. പക്ഷെ എനിക്കുറപ്പുണ്ട്, എന്നെ മുന്നോട്ട് പോകാൻ സഹായിച്ചത് , ഞാൻ ചെയ്തിരുന്ന ജോലികൾ ഞാനിഷ്ടപ്പെട്ടിരുന്നു എന്ന വസ്തുതയാണ്‌. നിങ്ങൾ എന്താണിഷ്ടപ്പെടുന്നത് എന്ന് നിങ്ങൾ തിരിച്ചറിയണം, അത് നിങ്ങളുടെ പ്രവർത്തിയിലായാലും സ്നേഹബന്ധങ്ങളിലായാലും പ്രധാനമാണ്‌.

നിങ്ങൾ ചെയ്യുന്ന ജോലി നിങ്ങളുടെ ജീവിതത്തിന്റെ ഒരു പ്രധാനഭാഗമാകേണ്ടതാണ്‌, അതുകൊണ്ട് സംതൃപ്തമായിരിക്കാൻ വേണ്ടത് നിങ്ങൾ മഹത്തരം എന്നു കരുതുന്ന കാര്യങ്ങൾ ചെയ്യുക എന്നതാണ്‌. അതുപോലെ മഹത്തരമായ കാര്യങ്ങൾ ചെയ്യാൻ വേണ്ടത് ചെയ്യുന്ന കാര്യങ്ങൾ ഇഷ്ടത്തോടെ ചെയ്യുക എന്നതാണ്‌. അങ്ങിനെയൊന്ന് ഇതുവരെ നിങ്ങൾക്ക് കണ്ടെത്താനായില്ലെങ്കിൽ, അതിനെ അന്വേഷിച്ചുകൊണ്ടിരുക്കുക. ഒരിക്കലും ഇത്രമതി എന്നു കരുതരുത്. ഹൃദയത്തിന്റെ എല്ലാ കാര്യങ്ങളിലുമെന്നപോലെ അതു കണ്ടെത്തുമ്പോൽ നിങ്ങളതിനെ തിരിച്ചറിയും, കാലം ചെല്ലും തോറും അത് കൂടുതൽ കൂടുതൽ മെച്ചമായി തീരുകയും ചെയ്യും. അതു കൊണ്ട് അന്വേഷിച്ചുകൊണ്ടിരിക്കുക, ഒരിക്കലും വിട്ടുവീഴ്ച ചെയ്യാതിരിക്കുക.

എന്റെ മൂന്നാമത്തെ കഥ മരണത്തെപ്പറ്റിയാണ്‌. എനിക്ക് പതിനേഴ് വയസ്സുള്ളപ്പോൽ ഞാൻ എവിടെയോ വായിച്ചു, നിങ്ങൾ ഓരോ ദിവസവും ജീവിതത്തിലെ അവസാന ദിവസം എന്ന രീതിയിൽ ജീവിച്ചാൽ ഒരു ദിവസം അതു സത്യമായി ഭവിക്കും എന്ന്. അതെന്നിൽ ഒരു ചലനം ഉണ്ടാക്കി, അങ്ങിനെ കഴിഞ്ഞ മുപ്പത്തി മൂന്ന് വർഷമായി എല്ലാ ദിവസവും കണ്ണാടിയിൽ നോക്കി ഞാൻ സ്വയം ചോദിക്കും, ഇതെന്റെ അവസാനത്തെ ദിവസമാണെങ്കിൽ, ഇന്നു ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ തന്നെയായിരിക്കുമോ ചെയ്യുന്നത് എന്ന്. അടുപ്പിച്ച് കുറച്ചധികം ദിവസം ‘അല്ല’ എന്ന ഉത്തരമാണ്‌ ലഭിക്കുന്നതെങ്കിൽ എനിക്കറിയാം എന്തോ കാര്യമായ കുഴപ്പമുണ്ടെന്ന്. ഞാൻ മാറ്റം വരുത്തേണ്ടിയിരിക്കുന്നു എന്ന്. എല്ലവരും മരിക്കാനുള്ളതാണെന്ന വിശ്വാസമാണ്‌ ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങളെടുക്കുവാനെന്നെ സഹയിച്ചിട്ടുള്ള ഒരു ഉപാധി. മിക്കവാറും എല്ലാ കാര്യങ്ങളും, ബാഹ്യമായ പ്രതീക്ഷകൾ, അഭിമാനബോധം, പരാജയ ഭീതി അങ്ങിനെ എല്ലാം മരണചിന്തയുടെ മുൻപിൽ നിഷ്പ്രഭമാകുന്നു. ഏറ്റവും പ്രധാനപ്പെട്ടതു മാത്രമേ ബാക്കി നില്ക്കുകയുള്ളൂ. നമുക്ക് എന്തൊക്കെയോ നഷ്ടപ്പെടാനുണ്ടെന്ന ചിന്തയിൽ നമ്മൾ കുടുങ്ങിപ്പോകാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം നമ്മൾ നാളെ മരിക്കാനുള്ളതാണെന്ന സത്യത്തിൽ വിശ്വസിക്കുകയാണ്‌. നിങ്ങൾ ഇപ്പോൾ തന്നെ നഗ്നനാണ്‌, അതുകൊണ്ടു തന്നെ നിങ്ങളുടെ ഹൃദയത്തെ പിന്തുടരാതിരിക്കാൻ ന്യായങ്ങളൊന്നുമില്ല.

ഏകദേശം ഒരു വർഷം മുൻപ് എനിക്ക് ക്യാൻസറാണെന്ന് കണ്ടെത്തി. രാവിലെ ഏഴരക്ക് എന്നെ സ്കാൻ ചെയ്തു, എന്റെ പാങ്ക്രിയാസിൽ ഒരു മുഴയുണ്ടെന്ന് കണ്ടെത്തി. അതുവരെ പാങ്ക്രിയാസ് എന്താണെന്നു പോലും എനിക്കറിയില്ലായിരുന്നു. ഭേദപ്പെടുത്തുവാനാവാത്ത ഒരു തരം ക്യാൻസറാണിതെന്നയിരുന്നു ഡോക്ടർമാരുടെ അഭിപ്രായം. ആറു മാസത്തിലധികം ആയുസ്സും അവർ പ്രതീക്ഷിച്ചില്ല. ഡോക്ടർ എന്നോട് വീട്ടിൽ പോയി കാര്യങ്ങൾക്കെല്ലാം ഒരു തീരുമാനമാക്കാൻ പറഞ്ഞു. മരണത്തിനു തയ്യാറാകാൻ അവർ പറയുന്നത് അങ്ങിനെയാണ്‌. എന്നു വെച്ചാൽ കുട്ടികളോട് കാര്യങ്ങളെല്ലാം പറഞ്ഞു മനസ്സിലാക്കാം, അതും പക്ഷെ ഒരു പത്തു കൊല്ലത്തിന്റെ സാവകാശം ഉണ്ടെന്ന് നമ്മൾ കരുതുമ്പോഴാണ്‌ കേവലം കുറച്ച് മാസങ്ങളെ ഉള്ളൂ എന്നറിയുന്നത്. കാര്യങ്ങളെല്ലാം ഭദ്രമാക്കുക, കുടുംബാംഗങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ നോക്കുക, ഗുഡ് ബൈ പറയുക. അത്ര തന്നെ!

ആ പകൽ ഞാൻ ആ ഡയഗ്നോസിസുമായി കഴിഞ്ഞു. അന്നു വൈകുന്നേരം ബയോപ്സി എടുത്തു. അവർ ഒരു എൻഡോസ്കോപ് എന്റെ തൊണ്ട വഴി കടത്തി , ആമാശയവും കുടലും കടന്ന് പാങ്ക്രിയാസിൽ നിന്നും കുറച്ച് കോശങ്ങൾ ശേഖരിച്ചു. ഞാൻ മയക്കത്തിലായിരുന്നു. പക്ഷെ അവിടെയുണ്ടായിരുന്ന എന്റെ ഭാര്യ പിന്നീട് പറഞ്ഞു, ഡോക്ടർമാർ ആ കോശങ്ങൾ മൈക്രോസ്കോപ്പിൽ പരിശോധിച്ചപ്പോൾ അത്ഭുതപ്പെട്ടുപോയത്രെ! കാരണം ഓപ്പറേഷൻ വഴി ഭേദപ്പെടുത്താവുന്ന വളരെ അപൂർവ്വമായി മാത്രം കാണുന്ന ഒരിനം ട്യൂമറായിരുന്നത്. എന്റെ ഓപ്പറേഷൻ കഴിഞ്ഞു, എനിക്ക് ഭേദമാവുകയും ചെയ്തു.

ഇതാണ്‌ ഞാൻ മരണവുമായി ഏറ്റവും അടുത്തു വന്ന സന്ദർഭം, അടുത്ത കുറച്ചു പതിറ്റാണ്ടിനുള്ളിൽ മറ്റൊരു സന്ദർഭം ഉണ്ടവാതിരിക്കട്ടെ എന്നു ഞാൻ പ്രത്യാശിക്കുന്നു. ഏതായാലും ഞാൻ അതിലൂടെ കടന്നു വന്ന അനുഭവത്തിൽ ഞാൻ കുറച്ചു കൂടി ഉറപ്പിച്ചു പറയട്ടെ, മരണമെന്നത് തികച്ചും ഉപയോഗപ്രദമായ ഒരു ബൌദ്ധിക സങ്കല്പ്പം തന്നെ.

ആർക്കും മരിക്കാൻ തല്പര്യമില്ല. സ്വർഗ്ഗത്തിൽ പോകാൻ ആഗ്രഹിച്ചിരിക്കുന്നവർക്കു പോലും മരിക്കാനിഷ്ടമല്ല. മരണമെന്നത് നമ്മളെല്ലാവരും ആത്യന്തികമായ് എത്തിചേരുന്ന ഒരു സംഗതിയാണ്‌, ആരും അതിൽ നിന്നും രക്ഷ നേടിയിട്ടില്ല. അത് അങ്ങിനെ തന്നെ ആയിരിക്കുകയും വേണം, കാരണം മരണമാണ്‌ ജീവിതത്തിന്റെ ഏറ്റവും മഹത്തായ കണ്ടെത്തലും. അത് ജീവിതത്തിനെ മാറ്റിമറിക്കുന്ന ഒന്നാണ്‌, അത് പഴയതിനെ മാറ്റി പുതിയതിന്‌ വഴിയ്ഒരുക്കുന്നു.
ഇപ്പോൽ പുതിയതെന്നു പറയുന്നത് നിങ്ങളെയാണ്‌, എന്നാൽ കുറച്ചു കഴിയുമ്പോൾ നിങ്ങൽ പഴയതാകും, വഴി മാറേണ്ടി വരും. ഇങ്ങനെ വെട്ടിത്തുറന്നു പറയുന്നതിൽ ക്ഷമിക്കുക, പക്ഷെ അതാണ്‌ സത്യം.

നിങ്ങളുടെ ജീവിതം പരിമിതമാണ്‌, അതുകൊണ്ട് മറ്റാരുടേയോ ജീവിതം ജീവിച്ച് അത് വ്യർത്ഥമാക്കാതിരിക്കുക. മറ്റാരുടേയോ ജീവിത ചിന്തകളുടെ ഫലത്തിൽ വിശ്വസിച്ച് ജീവിതം പാഴാക്കാതിരിക്കുക. മറ്റുള്ളവരുടെ അഭിപ്രായ കോലാഹലങ്ങൾ നിങ്ങളുടെ ഉൾവിളികളെ നിശ്ശബ്ദമാക്കാതെ നോക്കുക. ഏറ്റവും പ്രധാനം, നിങ്ങളുടെ ഹൃദയത്തിനേയും ഉൾവിളികളേയും പിൻ തുടരാനുള്ള ധൈര്യമുണ്ടാവുക എന്നതാണ്‌, കാരണം അവർക്കാണ്‌ അറിയാവുന്നത് നിങ്ങൾക്ക് ആരായിത്തീരാനാണാഗ്രഹമെന്ന്. ബാക്കിയെല്ലാം അപ്രസക്തമാണ്‌.

ഞാൻ ചെറുപ്പമായിരുന്നപ്പോൾ ‘വോൾ എർത്ത് കാറ്റ്ലോഗ്’ എന്ന പേരിൽ മനോഹരമായ ഒരു പ്രസിദ്ധീകരണമുണ്ടായിരുന്നു. സത്യത്തിൽ ഞങ്ങളുടെ തലമുറയുടെ ഒരു ബൈബിൾ തന്നെയായിരുന്നത്. സ്റ്റുവർട്ട് ബ്രാൻഡ് എന്നൊരാളായിരുന്നു അത് പ്രസിദ്ധീകരിച്ചിരുന്നത്, ഇവിടെ അടുത്തു നിന്നു തന്നെ. അദ്ദേഹത്തിന്റെ രാഷ്ട്രീയ ആശയങ്ങൾ അതിനെ ജീവസ്സുറ്റതാക്കി. ഇത് അറുപതുകളിലെ കാര്യമാണ്‌, കമ്പ്യൂട്ടറുകൾക്കും ഡെസ്ക്ടോപ് പബ്ലിഷിങ്ങിനും മുൻപ്. അന്നെല്ലാം ചെയ്തിരുന്നത് ടൈപ്പ്റൈറ്ററുകളും കത്രികകളും പോളറോയ്ഡ് ക്യാമറകളും ഉപയോഗിച്ചാണ്‌. അത് ഏകദേശം ഗൂഗിളിന്റെ ഒരു പുസ്തകരൂപമായിരുന്നുവെന്നു പറയാം, പക്ഷെ ഗുഗിൾ വരുന്നതിനും ഒരു മുപ്പത്തഞ്ച് വർഷം മുൻപ്! അത് ആശയസമ്പൂർണ്ണമായിരുന്നു. സ്റ്റുവർട്ടും സംഘവും അനവധി ലക്കം പുറത്തിറക്കിയിരുന്നു. എന്നാൽ പിന്നീട് അത് നിറുത്തേണ്ടി വന്നപ്പോൾ അവരൊരു അവസാന ലക്കം പ്രസിദ്ധീകരിച്ചു. അത് എഴുപതുകളുടെ മദ്ധ്യം ആയിരുന്നു, എനിക്ക് ഏകദേശം നിങ്ങളുടെ പ്രായം വരും. അവസാന ലക്കത്തിന്റെ പിൻകവർ ചിത്രം ഒരു പ്രഭാതത്തിലുള്ള ഒരു നാട്ടുവഴിയുടേതായിരുന്നു. (നിങ്ങളിലെ സാഹസികർ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒന്ന്.) അതിന്റെ അടിയിൽ കുറിച്ചിരുന്നു. "Stay hungry, stay foolish" അതായിരുന്നവരുടെ യാത്രാമൊഴി. സ്റ്റെ ഹംഗ്രി സ്റ്റെ ഫൂളിഷ്! ഞാനിതെത്രയോ തവണ എനിക്കാശംസിച്ചിരിക്കുന്നു.

ഇപ്പോൾ നിങ്ങൾ ബിരുദം നേടി പുതിയ ജീവിതം തുടങ്ങുകയാണ്‌. ഞാൻ നിങ്ങൾക്കാശംസിക്കുന്നു. "Stay hungry, stay foolish"

എല്ലവർക്കും
നന്ദി!


2 comments:

Typist | എഴുത്തുകാരി said...

കോളേജ് പഠനം തുടരാതിരുന്നതു് അദ്ദേഹത്തിനു് നല്ലതായി ഭവിച്ചു. അതുപോലെ ആപ്പിളില്‍ നിന്നു പോകേണ്ടിവന്നതു കൊണ്ട് പുതിയ കമ്പനി തുടങ്ങാനായി, വീണ്ടും ആപ്പിളില്‍ തന്നെ എത്തി.

പക്ഷേ ഇതൊക്കെ എന്തോ അങ്ങനെ സംഭവിച്ചു എന്നേ പറയാന്‍ കഴിയുള്ളൂ.

നിരക്ഷരൻ said...

താങ്കളുടെ മെയില്‍ ഐഡി. manojravindran@gmail എന്ന എന്റെ വിലാസത്തിലേക്ക് അയച്ച് തരുമോ ?
പ്രധാനപ്പെട്ട ഒരു കാര്യം ചര്‍ച്ച ചെയ്യാനായിട്ടാണ്.

സസ്നേഹം
-നിരക്ഷരന്‍