Saturday, June 04, 2011

പരിണാമത്തിലെ ഭക്ഷണവും ഭക്ഷണത്തിന്റെ പരിണാമവും.

കുറച്ചു ഭക്ഷണ കാര്യങ്ങള്‍. ആദ്യ ഭാഗം ഇവിടെ വായിക്കുക

അടിസ്ഥാനപരമായി മനുഷ്യന് ഏതുതരം ഭക്ഷണമാണ് യോജിക്കുക എന്നറിയുന്നതിന് നല്ലൊരു മാർഗ്ഗമായിരിക്കും പരിണാമവഴിയിലൂടെ പുറകോട്ട് ഒന്നു നടന്നു നോക്കുന്നത്. നമ്മള്‍ ഇപ്പോള്‍ കഴിക്കുന്നതില്‍ ഭൂരിപക്ഷം ഭക്ഷണസാധനങ്ങളും മനുഷ്യന്‍ കൃഷി ചെയ്യാന്‍ തുടങ്ങിയതിനു ശേഷം സ്വായത്തമാക്കിയവയാണ്. അതായത് നമ്മുടെ നിലവിലുള്ള ഭക്ഷണകൃമം രൂപപ്പെട്ടത് ഏതാണ്ട് 12000 വര്ഷം മുന്പ് കൃഷി ആരംഭിച്ചതോടെ പെട്ടെന്നുണ്ടായ (കുറച്ച് നൂറോ ആയിരമോ വര്ഷം )ഒരു മാറ്റത്തിലായിരുന്നു. ഇന്നത്തെ പ്രധാന ഭക്ഷണസാധനമായ ധാന്യങ്ങള്‍ അതിനു മുന്പ് മനുഷ്യന്‍ ഉപയോഗിച്ചിരുന്നില്ലേ? ഇല്ല എന്നു പറയാനാവില്ല. കാരണം, ഒരു ദിവസം പെട്ടെന്ന് മനുഷ്യര്‍ ധാന്യങ്ങള്‍ കൃഷി ചെയ്യാനും ഉപയോഗിക്കാനും തുടങ്ങി എന്നു കരുതുന്നതില്‍ യുക്തിയില്ല. എന്നാല്‍ ധാന്യങ്ങള്‍ തീർച്ചയായും ഒരു പ്രധാന ഭക്ഷണസാധനമായിരുന്നില്ല. കാരണം ധാന്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് മറ്റ് പഴങ്ങളോ പച്ചക്കറികളോ ഉപയോഗപ്പെടുത്തുന്നതു പോലല്ല. അതിന് ധാരാളം സാന്കേതികവിദ്യകള്‍ ആവശ്യമായുണ്ട്.

മനുഷ്യന്‍ കൃഷി ആരംഭിക്കുന്ന സമയത്ത് അല്ലെന്കില്‍ അതിനു മുന്പ് ലഭ്യമായിരുന്ന വന്യ ഇനം ധാന്യങ്ങള്‍ ഇന്നത്തെ ധാന്യങ്ങളെ അപേക്ഷിച്ച് വളരെ ചെറിയവയായിരുന്നു. ഇന്നു പോലും കൃഷി എന്ന സംഘടിത വിളവെടുപ്പു വ്യവസ്ഥയിലല്ലാതെ ധാന്യശേഖരണം ഏതാണ്ട് അസാദ്ധ്യമാണെന്ന് നമുക്ക് ചിന്തിക്കാവുന്നതേ ഉള്ളൂ. അപ്പോള്‍ അന്നത്തെ ധാന്യങ്ങളുടെ പരിമിതി കൂടി ചിന്തിക്കുമ്പോള്‍ കൃഷിക്കു മുന്പുള്ള 'ഹണ്ടര്‍ ഗാതറര്‍' വ്യവസ്തയില്‍ ധാന്യങ്ങള്‍ ഭക്ഷണത്തിന്റെ ഒരു മുഖ്യ ഇനമാവാന്‍ തരമില്ല.


രണ്ടാമതായി, ധാന്യങ്ങള്‍ വലിയ തോതില്‍ ഉപയോഗപ്പെടുത്താന്‍ കൊയ്യുക, കുത്തുക, പൊടിക്കുക എന്നീ സാന്കേതികവിദ്യകളും അതിനുള്ള സാമഗ്രികളും ആവശ്യമുണ്ട്. ഇവയൊക്കെയും കൃഷി തുടങ്ങിയ ഏതാണ്ട് അതേ കാലഘട്ടത്തില്‍ തന്നെയാണ് രൂപപ്പെട്ടത് എന്നു കരുതുന്നു. (എന്നാല്‍ ധാന്യങ്ങള്‍ പൊടിക്കാന്‍ ഉപയോഗിച്ചതായിരിക്കും എന്നു കരുതപ്പെടുന്ന ചില പ്രാചീനശിലായുഗ ശേഷിപ്പുകള്‍ ലഭിച്ചിട്ടുണ്ട് എന്നതു മറക്കുന്നില്ല.)

ഈ കാര്യങ്ങള്‍ എല്ലാം പരിഗണിക്കുമ്പോള്‍, ന്യായമായും നമുക്ക് എത്താവുന്ന നിഗമനം ഇന്നത്തെ പ്രധാന ഭക്ഷണമായ ധാന്യങ്ങള്‍, മനുഷ്യ ഭക്ഷണ ശൃംഗലയില്‍ കൃത്രിമമായി ചേര്ക്കപ്പെട്ട ഒന്നാണെന്നാണ്. ധാന്യങ്ങളുടെ താരതമ്യേന ഉയര്ന്ന ഉത്പാദന ക്ഷമത, ആവർത്തന കൃഷിക്കുള്ള സൗകര്യം, അപ്പോഴേക്കും രൂപപ്പെട്ട സാന്കേതിക വിദ്യകള്‍, മുതലായവയൊക്കെ ചേര്ന്ന്പ്പോള്‍ മനുഷ്യന്‍ ധാന്യഭക്ഷണം സ്വീകരിക്കുകയായിരുന്നു എന്നു കരുതാം. ഈ സ്വീകരണം സാമൂഹ്യപരമായ കാരണങ്ങളാലായിരുന്നു, ജൈവപരമായിരുന്നില്ല.

ഇന്നത്തെ രിതിയിലുള്ള ഭക്ഷണകൃമം ഒരു 12000 വര്ഷത്തിനുള്ളില്‍ രൂപപ്പെട്ടതാണെന്ന് നാം ഊഹിക്കുന്നു. എന്നാല്‍ പരിണാമ പ്രക്രിയയില്‍ 12000 വര്ഷം ഒരു വലിയ കാലയളവല്ല. അര്ത്ഥവത്തായ എന്തെന്കിലും ജനിതക പരിണാമത്തിന് ഈ കാലയളവ് പോര. അപ്പോള്‍ നാം കരുതുന്നതു പോലെ ധാന്യ സമൃദ്ധമായ ഭക്ഷണ രീതി ജൈവപരമായി നമ്മുടെ ശരീരത്തിന് ചേര്ന്നതാവാന്‍ വഴിയില്ല. അതു കൊണ്ട് തന്നെ അത് ആരോഗ്യപരവുമാകാന്‍ വഴിയില്ല.

എന്നാല്‍ ഇവിടേയും ശാസ്ത്ര ലോകത്ത് നിന്ന് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട്. ഈ കാലയളവ് തന്നെ പരിണാമ മാറ്റങ്ങള്ക്ക് മതിയായ സമയപരിധിയാണെന്ന് ചിലര്‍ വാദിക്കുന്നു. അന്നജങ്ങള്‍ ദഹിപ്പിക്കാനുള്ള അമിലേസ് എന്ന എന്സൈം പ്രാചീന കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ ഉമിനീരില്‍ കൂടുതലായി കണ്ടു വരുന്നത് അവര്‍ ഉദാഹരിക്കുന്നു.(need citation) അതുപോലെ തന്നെ ജീന്‍ മോഡുലേഷന്‍ എന്ന പ്രതിഭാസം മൂലവും അനുകൂലമായ വ്യതിയാനങ്ങള്‍ വരാവുന്നതാണ്. പരിസ്ഥിതിക്കനുസൃതമായി ജീനുകളുടെ ക്രിയാത്മകതയ്ക്ക് വ്യതിയാനം വരുന്നതിനാണ് ജീന്‍ മോഡുലേഷന്‍ എന്നു പറയുന്നത്. ഇവിടെ ഒരു മ്യുട്ടേഷന്റെ ആവശ്യമില്ല. അതായത്, ധാന്യം മുഖ്യമായുള്ള ഭക്ഷണ രീതി വരുന്നതിനു മുമ്പ്, ചെറിയ തോതില്‍ ഭക്ഷിച്ചിരുന്ന അന്നജങ്ങള്‍ ദഹിപ്പിക്കാന്‍ വേണ്ടി ആര്ജ്ജിച്ചിരുന്ന ജീനുകള്‍ അന്നജം മുഖ്യ ഭക്ഷണമായപ്പോള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്ത്തിക്കാന്‍ തുടങ്ങി. മേല്പ്പറഞ്ഞ വാദങ്ങള്‍ ശരിയെന്കില്‍ അന്നജം മുഖ്യഭക്ഷണമാവുന്നതില്‍ ജൈവപരമായി കുഴപ്പമില്ല.

ഇനി നമുക്ക് അല്പം കൂടി പുറകോട്ട് ചിന്തിക്കാം. കൃഷി തുടങ്ങുന്നതിനു മുന്പ് മനുഷ്യന്‍ എന്തായിരുന്നു ഭക്ഷിച്ചിരുന്നത്? പ്രകൃതിയില്‍ നിന്നും സംഭരിക്കുന്ന വിഭവങ്ങള്‍. സസ്യ സ്രോതസ്സുകളില്‍ നിന്നും പഴങ്ങള്‍ , കിഴങ്ങുകള്‍, മറ്റു പച്ചക്കറികള്‍ മുതലായവ. പിന്നെ വേട്ടയാടി പിടിച്ച മൃഗങ്ങള്‍. സസ്യ ഭക്ഷണങ്ങളുടെ ഒരു പ്രധാന പ്രശ്നം എന്താണെന്നാല്‍, ആ കാലത്ത് മനുഷ്യന് ഭക്ഷ്യയോഗ്യമായ പഴങ്ങളോ പച്ചക്കറികളോ അധികം ഉണ്ടായിരുന്നില്ല എന്നതു തന്നെയാണ്. മാംസളവും രുചികരവുമായ സസ്യഭാഗങ്ങള്‍ ഉത്പാദിപ്പിക്കുന്നത് ചെടിയെ സംബന്ധിച്ച് ഒട്ടും 'ഇക്കണോമിക്കല്‍' അല്ല. അതുകൊണ്ട് തന്നെ സ്വാഭാവിക പരിണാമത്തില്‍ അതിനു സാധുതയുമില്ല. (ചെടിക്ക് തന്നെ പിന്നീട് ഉപയോഗിക്കാന്‍ പാകത്തില്‍ സംഭരിക്കുന്ന കിഴങ്ങുകളെ ഒഴിവാക്കുന്നു.) അതായത് ഇന്നു കാണുന്ന ഫലങ്ങളില്‍ ഒന്നും തന്നെ അന്ന് ഉണ്ടായിരുന്നില്ല എന്നു ചുരുക്കം. ഇന്നത്തെ ഒട്ടുമിക്ക ഫലവൃക്ഷങ്ങളും പച്ചക്കറികളും മനുഷ്യന്‍ ആയിരക്കണക്കിനു വര്ഷ്ങ്ങളിലെ 'സെലക്റ്റീവ് ബ്രീഡിങ്ങ്' വഴി സൃഷ്ടിച്ചെടുത്തതാണ്.

സസ്യഭുക്കുകളായ മൃഗങ്ങളുടെ കാര്യമെടുക്കുക. അവ ഒന്നും തന്നെ മനുഷ്യര്‍ ഉപയോഗിക്കുന്ന സസ്യഭാഗങ്ങളില്‍ പൂര്ണ്ണമായും ആശ്രയിക്കുന്നവയല്ല. എന്നാല്‍ അവ മുഖ്യമായും ഉപയോഗിക്കുന്ന സസ്യഭാഗങ്ങള്‍ (പുല്ല്, ഇല, കമ്പുകള്‍ മുതലായവ) മനുഷ്യന് ദഹിപ്പിക്കാന്‍ സാധിക്കുന്നവയുമല്ല. പരിണാമപരമായി മനുഷ്യന്‍ പൂര്ണ്ണസസ്യഭുക്കായിരുന്നുവെന്കില്‍ ഇങ്ങനെ ഒരു വ്യത്യാസം വരാന്‍ പാടില്ലല്ലോ?

എന്കില്‍ പിന്നെ, മനുഷ്യന്‍ പ്രധാനമായും മാംസഭുക്കായിരുന്നോ? അവിടേയും പ്രശ്നമുണ്ട്. മറ്റു മൃഗങ്ങളെ വേട്ടയാടാന്‍ വേണ്ട കരുത്ത്, വേഗത, ക്ഷതമേല്പ്പിക്കാന്‍ പോന്ന തരത്തിലുള്ള ശരീരഭാഗങ്ങള്‍ ഇവയൊന്നും മനുഷ്യനില്ല. വേട്ടയാടലില്‍ മനുഷ്യന്‍ ഈ പരിമിതികളെ അതിജീവിക്കുന്നത് സാന്കേതികവിദ്യ കൊണ്ടാണ്. വിവിധ തരം ആയുധങ്ങളും കെണികളും മനുഷ്യന്‍ ഉപയോഗിക്കുന്നു.

പ്രാചീന ശിലയുഗ ശേഷിപ്പുകള്‍ അത്തരം ചില ആയുധങ്ങളുടേയും ലളിതമായ കെണികളുടേയും സൂചനകള്‍ നല്കുന്നുവെന്കിലും അവയൊന്നും അത്ര ഫലപ്രദമായിരുന്നു എന്നു കരുതാന്‍ വയ്യ. അമ്പും വില്ലും ഏകദേശം 8000 വര്ഷങ്ങള്ക്ക് മുന്പ് കണ്ടു പിടിക്കപ്പെട്ടു എന്നു കരുതുന്നു. വേട്ടയാടലിനെ സംബന്ധിച്ച് അതുവരെയുള്ളതില്‍ ഏറ്റവും ഫലപ്രദമായ ആയുധമായി അമ്പും വില്ലും. ഈ ആയുധത്തിന്റെ ഏറ്റവും പ്രധാന ഗുണം വേട്ടക്കാരന് വേട്ടയാടപ്പെടുന്ന മൃഗത്തില്‍ നിന്ന് അകലെ മാറി നില്ക്കാന്‍ സഹായകരമായി എന്നതാണ്. നാളതു വരെയുള്ള ആയുധങ്ങള്‍ ആ ഒരു മെച്ചം നല്കിയിരുന്നില്ല. അതുകൊണ്ടൂതന്നെ, വലിയ മൃഗങ്ങളെ വേട്ടയാടുന്നത് വളരെ അപകടകരമായിരുന്ന പ്രവൃത്തിയായിരുന്നു. വേട്ടക്കാരന്‍ പലപ്പോഴും ഇരയായിത്തീര്ന്നു്. അങ്ങിനെ അമ്പിന്റെയും വില്ലിന്റെയും ആവിര്ഭാവത്തോടെ വേട്ടയാടലും അങ്ങിനെ മാംസഭോജനവും കാര്യക്ഷമമായി.

പക്ഷെ കാലഘട്ടം പരിഗണിക്കുമ്പോള്‍ സസ്യഭോജനത്തെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ ഇവിടേയും ബാധകമാവുന്നു.

അപ്പോള്‍ കൃഷിയ്ക്കും വേട്ടയ്ക്കുള്ള കാര്യക്ഷമമായ സാന്കേതികവിദ്യകള്ക്കും മുന്പ് മനുഷ്യന്റെ ഭക്ഷണമെന്തായിരുന്നു?

ഏറ്റവും ലളിതമായ ഉത്തരം വരുന്നത്, ജീവശാസ്ത്രപരമായി മനുഷ്യന് ഏറ്റവും അടുത്തു നില്ക്കുന്ന ജീവിയായ ചിമ്പാൻസിയിൽ നിന്നാണ്. കാട്ടിലെ തനതായ ആവാസവ്യവസ്ഥയില്‍ ചിമ്പാന്സികളുടെ ഭക്ഷണം, ലഭ്യമായ ചെറിയ പഴങ്ങള്‍, പിടിക്കാനെളുപ്പമുള്ള ജീവികള്‍ (ഷഡ്പദങ്ങള്‍, മറ്റു ജന്തുക്കളുടെ കുഞ്ഞുങ്ങള്‍, പക്ഷിക്കുഞ്ഞുങ്ങള്‍) മുട്ടകള്‍ മുതലായവയാണ്. അവയൊക്കെ തന്നെയാവണം പ്രാചീന മനുഷ്യരുടേയും ഭക്ഷണം. പരിണാമവഴിയില്‍ ഇത്തരം ഭക്ഷണങ്ങള്ക്ക് അനുകൂലമായാവണം നമ്മുടെ ശരീരഘടന രൂപപ്പെട്ടത്. (പ്രകൃതി ജീവനക്കാര്‍ ഇനി പാറ്റയേയും വിട്ടിലിനേയും ഒക്കെ തിന്നു തുടങ്ങട്ടെ!)

മനുഷ്യന്റെയും ചിമ്പാന്സിയുടേയും ഭക്ഷണരസതന്ത്രത്തിലെ ഒരു പ്രധാന വ്യത്യാസം ഡോകോസ ഹെക്സാ ഇനോയിക് ആസിഡ് (DHA) എന്ന വസ്തുവിന്റെ ഉപയോഗത്തിലാണ്. (സംശയിക്കേണ്ട, ഹോർലിക്ക്സും മറ്റും പരസ്യം ചെയ്യുന്ന അതേ DHA ) തലച്ചോറിലെ കോശങ്ങളുടെ ഒരു അത്യാവശ്യഘടകമാണ് ഇത്. ചിമ്പാന്സിയെ അപേക്ഷിച്ച് മനുഷ്യന്‍ വളരെ അധികം DHA ഉപയോഗിക്കുന്നു. ചിമ്പാന്സിയെ അപേക്ഷിച്ച് മനുഷ്യന്റെ തലച്ചോറിന്റെ വലിപ്പത്തിലും പ്രവര്ത്തനത്തിലുമുള്ള മികവാണ് ഇതിനു കാരണം. DHA യുടെ പ്രധാന ഭക്ഷണ ഉറവിടം കടല്‍ മത്സ്യങ്ങളാണ്. അത്തരം മത്സ്യങ്ങള്‍ ഭക്ഷണത്തില്‍ വരാത്ത ജീവികള്ക്കും സസ്യഭുക്കുകളായ ജീവികള്ക്കും ആല്ഫ ലിനോലെനിക് ആസിഡ് (ALA) എന്ന സസ്യജന്യമായ മറ്റൊരു വസ്തുവില്‍ നിന്നും DHA ഉത്പാദിപ്പിക്കുവാനുള്ള കഴിവുണ്ട്. എന്നാല്‍ മനുഷ്യന് ഇങ്ങനെ സ്വയം DHA നിർമ്മിക്കാനുള്ള കഴിവ് തുലോം പരിമിതമാണ്. മനുഷ്യന്‍ കാര്യമായി കടല്‍ മീന്‍ തിന്നാന്‍ തുടങ്ങിയത് മീന്‍ പിടിക്കാനുള്ള കൊളുത്തും വലയും ഒക്കെ കണ്ടു പിടിച്ചതിനു ശേഷമാണ്. അതായത് കൃഷി ചെയ്യാനും ക്രമമായി വേട്ടയാടാനും തുടങ്ങിയ ഏതാണ്ട് അതേ കാലത്ത് തന്നെ. അതുകൊണ്ട് തന്നെ, മീനില്‍ നിന്നും സുലഭമായി DHAകിട്ടുന്നതു കൊണ്ടാവില്ല DHA സ്വയമേ നിര്മ്മി്ക്കാനുള്ള കഴിവ് മനുഷ്യന് പരിണാമ വഴിയില്‍ കിട്ടാതെ പോയത്. പിന്നെ എവിടെ നിന്നാവണം മനുഷ്യന് സുലഭമായി DHA കിട്ടിയിരുന്നത്? (ഇപ്പോള്‍ മീന്‍ കഴിക്കാത്തവരുമായി ഈ സാഹചര്യം താരതമ്യപ്പെടുത്തരുത്. സ്വയമെ DHAഉത്പാദിപ്പിക്കാത്ത സാഹചര്യത്തില്‍, പുറമേ നിന്ന് സുസ്ഥിരമായ ലഭ്യത ഉണ്ടെന്കില്‍ മാത്രമേ അത് ഉപയോഗപ്പെടുത്തുന്ന ഒരു ജൈവപ്രക്രിയ രൂപപ്പെടൂ.)

ഒരു സാദ്ധ്യത, മറ്റു മൃഗങ്ങള്‍ കൊന്ന് തിന്ന ജന്തുക്കളുടെ അവശിഷ്ടങ്ങള്‍ മനുഷ്യന്‍ തിന്നിരുന്നു എന്നതിലാവാം. അങ്ങിനെ ഒരു ശീലം ആദിമ മനുഷ്യന് ഉണ്ടായിരുന്നെന്കില്‍ മിക്കവാറും നഷ്ടപ്പെടാതെ കിട്ടിയിരുന്ന ഒരു അവശിഷ്ടമുണ്ട് . സാധാരണ മാംസഭുക്കുകളായ മൃഗങ്ങള്ക്ക്യ അപ്രാപ്യമായ ഒന്ന്, അതുകൊണ്ട് തന്നെ എപ്പോഴും ഉപേക്ഷിക്കുന്ന ഒന്ന്. തലയോട് എന്ന കവചത്തിനുള്ളില്‍ സംരക്ഷിച്ചിരിക്കുന്ന തലച്ചോര്‍! DHA യുടെ ഏറ്റവും നല്ല ഉറവിടം. ഹിംസ്ര ജന്തുക്കളില്‍ നിന്ന് വിഭിന്നമായി, സൂഷ്മപ്രവര്ത്തികള്ക്ക് ഉപയുക്തമാം വിധം പരിണമിച്ച കൈകള്‍ കൊണ്ട് മനുഷ്യന് തലയോട് പൊളിക്കാനും തലച്ചോര്‍ എടുക്കാനും സാധിച്ചു.

ഒരു പക്ഷെ ഈ 'വൃത്തി കെട്ട' ശീലമായിരിക്കുമോ പൂർവ്വികരായ മനുഷ്യക്കുരങ്ങുകളില്‍ നിന്നും മനുഷ്യനിലേക്കുള്ള യാത്രയ്ക്ക് തുടക്കമിട്ടത്?

നമ്മള്‍ അന്വേഷിച്ച് തുടങ്ങിയത് മനുഷ്യന് യോജിച്ച ഭക്ഷണം ഏതാണെന്നാണ്. കഞ്ഞിയും പയറുമാണോ അതോ 'ബീഫ് ഫ്രൈയും ഡബിള്‍ ഓംലറ്റു'മാണോ ആരോഗ്യ ഭക്ഷണം? ഇപ്പോഴും ഒന്നും പറയാറായിട്ടില്ല!

3 comments:

ബാബുരാജ് said...

അക്ഷരത്തെറ്റുകൾ ക്ഷമിക്കുക, പബ്ലിഷ് ചെയ്തപ്പോൾ ഫോർമാറ്റിങ്ങിൽ വന്ന പിശക് ആണെന്നു കരുതുന്നു.

പാരസിറ്റമോള്‍ said...

രസകരമായ വിവരങ്ങള്‍...
തുടരുക കാത്തിരിക്കുന്നൂ ..

buissiness magnet said...

nee alu puliyanu keto