Thursday, August 26, 2010

മരണാസന്ന അനുഭവങ്ങള്‍. (Near death experiences)...2

ശാസ്ത്രീയ വിശദീകരണങ്ങള്‍

പല പ്രതിഭാസങ്ങളിലേയും പോലെ, വളരെ കൃത്യമായ ശാസ്ത്രീയ വിശദീകരണം ഇക്കാര്യത്തിലും ലഭ്യമായിട്ടില്ല. എന്നാല്‍ ഈ കുറവ് അന്ധവിശ്വാസങ്ങളില്‍ വിശ്വസിച്ച് തൃപ്തരാവുന്നതിനുള്ള ന്യായമല്ല. സാമാന്യം തൃപ്തികരമായ രീതിയില്‍ തന്നെ പല ഘടകങ്ങളും വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

മരണാസന്ന അവസ്ഥയിലെ അസാധാരണവും വ്യത്യസ്തവുമായ പ്രവര്‍ത്തന പരിതസ്ഥിതി (കുറഞ്ഞ ഓക്സിജന്‍ അളവ്, കൂടിയ അളവിലുള്ള രാസവസ്തുക്കള്‍, ലവണ സന്തുലിതാവസ്തയിലെ വ്യതിയാനം മുതലായവ) തലച്ചോറിനെ ബാധിക്കും. തന്‍മൂലം, തലച്ചോര്‍ അനിയന്ത്രിതമായി ഉത്തേജിക്കപ്പെടുകയോ, അസാധാരണമായ രീതിയില്‍, ലഭിക്കുന്ന സിഗ്നലുകളെ വിശകലം ചെയ്യുകയോ ചെയ്യും. മരണാസന്ന അനുഭവങ്ങളുടെ ശാസ്ത്രീയ വിശദീകരണം ഈ അടിസ്ഥാനത്തിലൂന്നിയാണ്. മേല്‍പ്പറഞ്ഞ പ്രവര്‍ത്തന വൈകല്യങ്ങള്‍, ക്ലിനിക്കല്‍ സാഹചര്യങ്ങളില്‍ അതി സാധാരണമായി കാണുന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്.

തലച്ചോര്‍ അതി ഗുരുതരമായ അവസ്ഥയെ നേരിടുന്ന ഘട്ടത്തില്‍ ക്രമാതീതമായി ഉത്തേജിക്കപ്പെടാം. കാഴ്ച വിശകലനം ചെയ്യുന്ന പിന്‍ ഭാഗത്ത് ഇങ്ങനെ അമിതമായ ഉത്തേജനം ഉണ്ടാകുമ്പോള്‍ അത് ഒരു പ്രകാശത്തിന്റെ രൂപത്തില്‍ പ്രത്യക്ഷമാകുന്നു. (പൊന്നീച്ചയുടെ ഉദാഹരണം ഓര്‍ക്കുക.) ക്രമേണ കൂടുതല്‍ കൂടുതല്‍ ഞരമ്പ് കോശങ്ങള്‍ (neurons) ഉത്തേജിക്കപ്പെടുന്ന മുറയ്ക്ക് പ്രകാശം വലുതായ് വലുതായ് അനുഭവപ്പെടും. ഈ അനുഭവമാണ് തുരംകത്തിലൂടെ കടന്നു പോകുന്ന 'ഇലൂഷന്‍' സൃഷ്ടിക്കുന്നത്.
പലരും ശക്തമായ മൂളല്‍ കേള്‍ക്കുന്നു എന്നു പറയുന്നതും ഇതേ അടിസ്ഥാനത്തില്‍ വിശദീകരിക്കാവുന്നതാണ്.

മരണാസന്ന അനുഭവങ്ങളിലെ പല ഘടകങ്ങളും പുന സൃഷ്ടിക്കാന്‍ ചില രാസവസ്തുക്കള്‍ക്കാവും. ഡൈ-മീതൈല്‍ ട്രിപ്റ്റമിന്‍, കീറ്റമിന്‍, എല്‍.എസ്.ഡി മുതലായവ ഉദാഹരണം. (നേരത്തെ പറഞ്ഞ ബാബുവിന്റെ രണ്ടാമത്തെ അനുഭവം ഓര്‍ക്കുക.) തലച്ചോര്‍ അതി സമ്മര്‍ദ്ദം നേരിടുന്ന സമയങ്ങളില്‍ പിനിയല്‍ ഗ്രന്ധിയില്‍ നിന്നും ഉയര്‍ന്ന തോതില്‍ ഡി.എം.റ്റി പുറപ്പെടുന്നു എന്നു കരുതുന്നു. പരീക്ഷണ സാഹചര്യങ്ങളില്‍ ഡി.എം.റ്റി നല്‍കപ്പെട്ട പല വ്യക്തികള്‍ക്കും മരണാസന്ന അനുഭവങ്ങള്‍ക്ക് സമാനമായ അനുഭവങ്ങളുണ്ടായതായി കണ്ടു. എന്നാല്‍ എല്ലാവരിലും ഇത് കൃത്യമായി പുന:സൃഷ്ടിക്കാനായിട്ടില്ല. അതു കൊണ്ടു തന്നെ രാസവസ്തുക്കളുടെ അടിസ്ഥാനത്തില്‍ ഈ പ്രതിഭാസം പൂര്‍ണ്ണമായും വിശദീകരിക്കാനാവില്ല. കീറ്റമിന്‍ സര്‍വ്വസാധാരണമായി നമ്മുടെ ആശുപത്രികളില്‍ മയക്കം നല്‍കുവാനായി ഉപയോഗിക്കുന്ന മരുന്നാണ്. തങ്ങളുടെ രോഗികളില്‍ പലരും ഉണരുമ്പോള്‍ ഇത്തരം അനുഭവങ്ങള്‍ ഓര്‍ത്തെടുക്കാറുണ്ടെന്ന് അനസ്തീഷ്യോളജിസ്റ്റുകള്‍ പറയും.

ഭാരമില്ലാതെ അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്ക്കുന്ന അനുഭവവും പലരും അനുഭവിക്കാറുണ്ട്. ഒ. ബി.ഇ (out of body experience) എന്നാണ് ഈ അനുഭവത്തിനെ വിളിക്കാറ്. മരണാനന്തര ജീവിത വാദികള്‍ തങ്ങളുടെ വാദത്തിന് ബലം നല്‍കാന്‍ ഏറ്റവും അധികം ഉപയോഗപ്പെടുത്തുന്ന ഒന്നാണിത്. പലരും മുറിയുടെ മുകളില്‍ നിന്ന് താഴെ ഡോക്ടര്‍മാരും നഴ്സുമാരും തങ്ങളെ പുനരുജ്ഞീവിപ്പിക്കാന്‍ ശ്രമിക്കുന്നതു കാണുന്നതായും മറ്റും അവകാശപ്പെടുന്നു. രോഗി ഒരിക്കലും കണ്ടിട്ടില്ലാത്ത (ബോധത്തോടെ) ഒരു ശസ്ത്രക്രിയാഉപകരണത്തെപ്പറ്റി വളരെ വ്യക്തമായി വിവരിച്ചതായി ഒരു ഡോക്ടര്‍ അവകാശപ്പെടുന്നു. അതു പോലെ പല രോഗികളും ആ സമയത്തെ മറ്റുള്ളവരുടെ സംസാരം ഓര്‍ത്തെടുക്കുന്നു. എന്നാല്‍ ഈ വാദങ്ങളില്‍ ആശ്ചര്യപ്പെടുത്തുന്നതു പോലെ ഒന്നും തന്നെയില്ല. കാരണം ശസ്ത്രക്രിയകള്‍ക്ക് വേണ്ടി ബോധം കെടുത്തിയ പല രോഗികളും ശസ്ത്രക്രിയാസമയത്തെ ഡോക്ടര്‍മാരുടെ സംഭാഷണം ഓര്‍ത്തെടുത്ത അനുഭവങ്ങളൂണ്ട്. അന്ധയായ ഒരു സ്ത്രീയ്ക്ക് ആ സമയത്ത് കാഴ്ചയുണ്ടായതായ ഒരു സംഭവം ഒരു വെബ് സൈറ്റില്‍ വിവരിക്കുന്നുണ്ട്. അതിന് അവര്‍ തെളിവായി പറയുന്നത് അവര്‍ മച്ചില്‍ നിന്നും താഴെ കണ്ട ശരീരത്തില്‍ അവരുടെ ഓറഞ്ച് പുഷ്പങ്ങള്‍ കൊത്തിയ വിവാഹ മോതിരം കണ്ടു എന്നതാണ്. നാളുകളായി അവരണിഞ്ഞിരുന്ന വിവാഹമോതിരത്തിന്റെ ഒരു സന്കല്പ രൂപം അവരുടെ മനസ്സിലുണ്ടാകാതെ തരമില്ല. അങ്ങിനെ വരുമ്പോള്‍ അന്ധയ്ക്കും കാഴ്ചയുണ്ടായി എന്ന അവകാശത്തില്‍ കഴമ്പൊന്നുമില്ല്ല എന്നു ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

ഈവക അവകാശങ്ങളെ പരിശോധിക്കാന്‍ നോര്‍ത്ത് ടെക്സാസ് സര്‍വ്വകലാശാലയിലെ ഡോ: ജാന്‍ ഹോള്‍ ഡന്‍ സമര്‍ത്ഥമായ ഒരു സംവിധാനം ഒരുക്കി. ഒരു കമ്പ്യൂട്ടര്‍ മോണിട്ടര്‍ മുറിയുടെ മേല്‍ത്തട്ടില്‍ നിന്നും തൂക്കിയിട്ടു. അതിന്റെ ചിത്രങ്ങള്‍ തെളിയുന്ന വശം മേല്‍ത്തട്ടിനഭിമുഖമായിരിക്കും. അതായത് താഴെ നില്ക്കുന്ന ഒരാള്‍ക്ക് മോണിട്ടറില്‍ തെളിയുന്ന ചിത്രങ്ങള്‍ കാണാന്‍ സാധിക്കില്ല. പ്രത്യേകം രൂപപ്പെടുത്തിയ ചില ചലന ചിത്രങ്ങള്‍ മോണിട്ടറില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കും. ഡോ: ബ്രൂസ് ഗ്രേയ്സണ്‍ എന്ന ഗവേഷകന്‍ വര്‍ഷങ്ങളായി ഈ സന്കേതം ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. എന്നാലിതുവരെ ഒരു 'ആത്മാവിനും' മോണിട്ടറില്‍ പ്രദര്‍ശിപ്പിക്കുന്നത് എന്താണെന്ന് പറയാനായിട്ടില്ല!

പഞ്ചേന്ദ്രിയങ്ങളില്‍ നിന്നും മസിലുകളില്‍ നിന്നും സന്ധികളില്‍ നിന്നുമുള്ള സൂചനകള്‍ വിശകലനം ചെയ്താണ് മസ്തിഷ്കം നമ്മുടെ ശരീരത്തിനേപ്പറ്റിയും അതിന് ചുറ്റുപാടുകളുമായുള്ള ബന്ധത്തെപ്പറ്റിയുമുള്ള സ്ഥിതിയെപ്പറ്റി ബോധം രൂപപ്പെടുത്തുന്നത്. ഇന്ദ്രിയ സൂചനകള്‍ (sensory inputs)തീരെയില്ലാതെ വരുന്ന അവസ്ഥയില്‍ തലച്ചോര്‍, ശരീരത്തിന്റെ അവസ്ഥതയെപ്പറ്റി ഒരു ധാരണ രൂപപ്പെടുത്താന്‍ ശ്രമപ്പെടുന്നതിന്റെ ഫലമായാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നത് എന്ന് ഗവേഷകര്‍ കരുതുന്നു. ഹിപ്നോട്ടിക് നിദ്രയില്‍, വളരെ സര്‍വസാധാരണമായി അനുഭവിപ്പിക്കപ്പെടുന്ന ഒരു കാര്യമാണിത്. വളരെ നാളുകള്‍ക്ക് മുന്പ് ഓട്ടോ ഹിപ്നോസിസ് പരിശീലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഭാഗികമായ തോതിലെന്കിലും ഈ ലേഖകനും അതനുഭവിച്ചിട്ടുണ്ട്.

ജീവാവസ്ഥയെ പിന്തുണയ്ക്കാനുള്ള രീതിയിലാണ് തലച്ചോര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ജീവന്‍ നിന്നുപോകുന്ന ഒരു സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടത് എന്ന സംഭ്രമത്തില്‍ മസ്തിഷ്കം എത്തിപ്പെടാന്‍ സാദ്ധ്യതയുണ്ട്. അപ്പോള്‍ സാദ്ധ്യമായ അതിജീവനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ മസ്തിഷ്കം തന്റെ ഓര്‍മ്മയില്‍ സൂക്ഷിച്ചിരിക്കുന്ന ബന്ധപ്പെട്ട കാര്യങ്ങള്‍ പരതി നോക്കുന്നതാവാം പരേതാത്മാക്കളേയും ദൈവങ്ങളേയും കാണുന്നതിന്റെ കാരണം എന്നു ചില ഗവേഷകര്‍ വിലയിരുത്തുന്നു.

സമീപകാല വിവാദങ്ങള്‍

ഡോ: പിം വാന്‍ ലോമ്മല്‍ നെതെര്‍ലാന്‍ഡ്സിലെ അറിയപ്പെടുന്ന ഹൃദ്രോഗവിദഗ്ധനാണ്. തന്റെ വിഷയത്തിന്റെ പ്രത്യേകത കൊണ്ട് അനേകം എന്‍. ഡി. ഇ സംഭവങ്ങളക്ക് അദ്ദേഹം സാക്ഷിയാണ്. അദ്ദേഹവും അനുയായികളും ഈ അനുഭവങ്ങളേപ്പറ്റി പഠനം നടത്തി. ഹൃദയവും മസ്തിഷ്കവും പ്രവര്‍ത്തനരഹിതമാവുന്ന അവസ്ഥയില്‍ ഉണ്ടാകുന്ന ഈ പ്രതിഭാസം, ആത്മാവ് ശരീരത്തിന് പുറത്ത് നിലനില്ക്കുന്ന ഒരു പ്രതിഭാസമാണെന്നതിന്റെ തെളിവാണ് എന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. ആത്മാവ് എന്നത് ശരീരത്തിന് പുറത്ത് നിലനിന്ന് ഒരു റേഡിയോ സ്ടേഷന്‍ എന്നപോലെ ബോധത്തെ സംപ്രേക്ഷണം ചെയ്യുന്ന ഒന്നാണെന്ന് അദ്ദേഹം കരുതുന്നു. അതു കൊണ്ടാണ് ശരീരം എന്ന സ്വീകരണി പ്രവര്‍ത്തനരഹിതമായതിനുശേഷവും ബോധം നിലനില്ക്കുന്നത്.

എന്നാല്‍ അദ്ദേഹത്തിന്റെ കണക്കുകള്‍ അനുസരിച്ചു തന്നെ ചില പിശകുകളുണ്ട്. ഹൃദയസ്തംഭനം സം ഭവിച്ചതിനുശേഷം അദ്ദേഹം രക്ഷപെടുത്തിയതില്‍ 18% രോഗികള്‍ക്ക് മാത്രമാണ് മരണാസന്ന അനുഭവങ്ങള്‍ ഉണ്ടായത്. ബാക്കി 82% ആള്‍ക്കാരില്‍ എന്തുകൊണ്ടാണ് റേഡിയോ സ്റ്റേഷന്‍ പ്രവര്‍ത്തനരഹിതമായത് എന്ന് അദ്ദേഹം വിശദീകരിക്കുന്നില്ല.

സാമാന്യ ബുദ്ധി കൊണ്ട് തന്നെ അദ്ദേഹത്തിന്റെ നിഗമനങ്ങളിലുള്ള പിശകുകള്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ആളുകള്‍ പിന്നീട് ജീവിതത്തിലേക്ക് മടങ്ങി വന്നു എന്നതു കൊണ്ട് തന്നെ അവരുടെ ഹൃദയ മസ്തിഷ്ക പ്രവര്‍ത്തന പരാജയം പൂര്‍ണ്ണമായിരുന്നില്ല എന്നു നമുക്ക് മനസ്സിലാക്കാം. മരണാസന്ന അനുഭവങ്ങള്‍ എപ്പോഴാണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി ഇപ്പോഴും വ്യക്തമായി അറിയില്ല. എന്നു പറഞ്ഞാല്‍, ഇ.സി.ജി, ഇ.ഇ.ജി മുതലായവ ഹൃദയത്തിന്റേയും മസ്തിഷ്കത്തിന്റേയും പ്രവര്‍ത്തന സ്തംഭനം കാണിക്കുമ്പോഴാണോ, അതിനു മുന്പാണോ അതോ അതിനു ശേഷമാണോ എന്ന്. അതിനു മുന്പോ അതിനു ശേഷമോ ആണെന്‍കില്‍ ലോമ്മലിന്റെ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. ഇനി മുന്‍പറഞ്ഞ ഗ്രാഫുകള്‍ താല്‍ക്കാലികമായി ഇല്ലാതായ സമയത്താണെന്‍കില്‍ എന്ന സാഹചര്യം നമുക്ക് വിലയിരുത്താം. (ഒന്നു കൂടി ശ്രദ്ധിക്കുക, സ്തംഭനം തല്കാലികമായിരുന്നു. ) മസ്തിഷ്ക പ്രവര്‍ത്തനം സൂചിപ്പിക്കുന്ന ഇ.ഇ.ജി ഒരു അടിസ്ഥാന നിലയ്ക്ക് മുകളിലേക്കാണ് അളക്കുന്നത്. അതിനു താഴെ കേവല പൂജ്യം എന്നു കരുതുന്നത് ശരിയാകണമെന്നില്ല. നിലവിലുള്ള ഇ.ഇ.ജി യേക്കാള്‍ സൂഷ്മതയുള്ല ഒരു ഉപകരണം കൊണ്ട് അളന്നാല്‍ ഇ.ഇ.ജി പൂജ്യം കാണിക്കുന്ന സ്ഥാനത്ത് പുതിയ ഉപകരണം അതിനു മുകളിലുള്ള ഒരളവ് കാണിക്കും. അതായത് നിലവിലുള്ള ഇ.ഇ.ജി മെഷീന്‍ പൂജ്യം എന്നു പറയുന്നത് കേവല പൂജ്യമല്ല എന്നു ചുരുക്കം. ഇത് കേവലം വാദത്തിനു വേണ്ടി പറയുന്നതല്ല. ഫങഷണല്‍ എം.ആര്‍.ഐ (functional MRI)എന്ന സന്കേതം ഫ്ലാറ്റ് ഇ.ഇ.ജി കേസുകളിലും മസ്തിഷ്ക പ്രവര്‍ത്തനം രേഖപ്പെടുത്തുന്നുണ്ട്. ഹൃദയത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിന്നാലും രണ്ടു മൂന്നു മിനുറ്റ് വരെ തലച്ചോറിനു പിടിച്ചു നില്ക്കാനാകും. അതു കൊണ്ടു തന്നെയാണ് ഹൃദയസ്തംഭനം സംഭവിച്ചാലും നമുക്ക് ആള്‍ക്കാരെ രക്ഷപെടുത്താന്‍ സാധിക്കുന്നത്.

മരണാനന്തര ജീവിതം

മരണാസന്ന അനുഭവങ്ങള്‍ മരണാനന്തര ജീവിതത്തിന്റെ തെളിവായാണ് ചിത്രീകരിക്കപ്പെടുന്നത്. ഈ അനുഭവങ്ങളുടെ വ്യത്യസ്ഥത, വ്യക്തികളുടെ മത‌‌-സാംസ്കാരിക പശ്ചാത്തലവുമായി ബന്ധപ്പെട്ടാണോ ഇരിക്കുന്നത് എന്ന് പല പഠനങ്ങളിലും വിലയിരുത്തിയിട്ടുണ്ട്. മിക്കവാറും പഠനങ്ങളില്‍ അതേ എന്നു തന്നെയാണ് കണ്ടത്. നേരത്തേ തന്നെ പറഞ്ഞതു പോലെ കൃസ്തുമത വിശ്വാസികള്‍ കൃഷ്ണനേയോ ഇസ്ലാം വിശ്വാസികള്‍ യേശുവിനേയോ കാണുക പതിവില്ല. അതു കൊണ്ടു തന്നെ, ഈ വക കാഴ്ചകള്‍ മസ്തിഷ്കത്തിന്റെ മുന്പേയുള്ള പ്രോഗ്രാമിങ്ങുമായി ബന്ധപ്പെട്ടാണിരിക്കുന്നത് എന്ന് വ്യക്തമാണ്.

ഇനി, മിക്കവാറും എല്ലാവരും പൊതുവായി അനുഭവിക്കുന്ന പ്രകാശ തുരന്കത്തിലൂടെയുള്ള യാത്ര, ആ സമയത്ത് അനുഭവപ്പെടുന്ന ശബ്ദങ്ങള്‍, സുഖകരമായ ശാന്തത മുതലായവ മത വിശ്വാസപ്രകാരമുള്ള സ്വര്‍ഗ്ഗയാത്രയുമായി അസാമാന്യ പൊരുത്തം കാണിക്കുന്നതും വിശ്വാസികളുടെ സന്കല്പ്പങ്ങളെ ഉറപ്പിക്കുന്നു. പക്ഷെ ഇത് റീസണിങ്ങിന്റെ ദിശ തിരിഞ്ഞു പോകുന്നതു കൊണ്ട് സംഭവിക്കുന്നതാണ്. ഇപ്പോഴത്തെ പ്രധാന മതങ്ങള്‍ക്കെല്ലാം പ്രായം ഏതാനും ആയിരം വര്‍ഷങ്ങള്‍ മാത്രമാണ്. മതങ്ങള്‍ രൂപപ്പെടുന്നതിനു മുന്‍പ് തന്നെ മനുഷ്യന്‍ മരണാസന്ന സന്ദര്‍ഭങ്ങള്‍ നേരിടുകയും എന്‍. ഡി. ഇ അനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് തീര്‍ച്ചയാണ്. ആ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാവണം മതാനുയായികള്‍ മരണാനന്തര ജീവിതം വിവരിച്ചത്. അല്ലാതെ അവര്‍ക്ക് വെളിപാടായി ലഭിച്ച മരണാനന്തര യാത്രാനുഭവം പിന്നീടു വന്നവര്‍ അനുഭവിച്ചറിയുകയായിരുന്നില്ല.

ഏതായാലും മരണാസന്ന അനുഭവങ്ങളൂടെ നിഗൂഢതകള്‍ പൂര്‍ണ്ണമായും അനാവരണം ചെയ്യപ്പെടാനിരിക്കുന്നതേയുള്ളൂ. എന്നാല്‍ എല്ലാം ഒറ്റയടിക്ക് വിശദീകരിക്കുന്ന ഒരു മാന്ത്രിക ഉത്തരത്തില്‍ വിശ്വസിക്കുക എന്ന വിഡ്ഡിത്തരത്തില്‍ നമ്മള്‍ അകപ്പെടാതിരിക്കുക.

11 comments:

Rare Rose said...

വളരെ നല്ല വിജ്ഞാനപ്രദമായ ലേഖനം.ഇത്തരം കാര്യങ്ങള്‍ വായിക്കാനിഷ്ടമുള്ളയൊരാളായത് കൊണ്ട് രണ്ടു ഭാഗവും ഒറ്റയടിക്ക് വായിച്ചു..

ശസ്ത്രക്രിയകള്‍ക്ക് വേണ്ടി ബോധം കെടുത്തിയ പല രോഗികളും ശസ്ത്രക്രിയാസമയത്തെ ഡോക്ടര്‍മാരുടെ സംഭാഷണം ഓര്‍ത്തെടുത്ത അനുഭവങ്ങളുണ്ടെന്നു പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.അങ്ങനെയൊരനുഭവം എനിക്കുമുണ്ടായിട്ടുണ്ട്.അന്നേരം ഡോക്ടര്‍മാര്‍ പറഞ്ഞ കാര്യങ്ങള്‍ ബോധം കെടുത്തിയിട്ടും ഞാനെങ്ങനെ കേട്ടെന്നോര്‍ത്ത് കുറെ നാള്‍ അത്ഭുതപ്പെട്ടിരുന്നു.:)

Anonymous said...

hi all
http://www.tor.com/community/users/gasnalipslum1972
http://www.tor.com/community/users/muehatnosan1972
http://www.tor.com/community/users/randebtsingro1979
http://www.tor.com/community/users/moahuntfiwolf1981
http://www.tor.com/community/users/billdnepadrog1972

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല ലേഖനമായിട്ടുണ്ടല്ലോ ഭായ്

ദീപു said...

പോസ്റ്റ്‌ മുഴുവന്‍ വായിച്ചില്ലാ.....പക്ഷെ ഈ വിഷയത്തെ പറ്റിയുള്ള "The Tibetan Book of the Dead" വായിച്ചാല്‍ മരണത്തിലേക്കുള്ള യാത്രയില്‍ എന്താന്നു സംഭാവിക്കുനത് എന്ന് മനസ്സിലാക്കാനാവും....കുറച്ചൊക്കെ കാര്യങ്ങള്‍ ടിബെടന്‍ ബുധിസ്സവുമായി ബന്ധപെട്ടതാണ്. എങ്കിലും ആത്മീയമായ കാര്യങ്ങള്‍, ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങള്‍, അതിനു അവരുടെ വിശ്വാസം അനുസരിച്ചുള്ള കാരണങ്ങള്‍, ഇഹലോകത്തിലെയും പരലോകത്തിലെയും കാര്യങ്ങള്‍ സംബന്ധിച്ച പുരാതന ഭാരതീയ യോഗികളുടെ അറിവുകള്‍, യോഗയെ പറ്റിയുള്ള വിജ്ഞാനം എന്നിവ കൂട്ടിച്ചേര്‍ത്തു വായിച്ചാല്‍ വിശ്വസനീയമായി എനിക്ക് തോന്നി. എന്നാല്‍ ഇതില്‍ മുഴുവനായും വിശ്വസികുന്നുമില്ല; ഒരു പക്ഷെ താങ്കള്‍ പറഞ്ഞത് പോലെ മനസിന്റെ പ്രോഗ്രാമ്മിംഗ് ആയിരിക്കും :).....താങ്കളും വായിച്ചു നോക്ക് :)

പാവത്താൻ said...

രണ്ടു ഭാഗങ്ങളും കൂടി ഒരുമിച്ച് ഇന്നാണു വായിച്ചത്.ബസില്‍ ലിങ്കിട്ട ശിവയ്ക്കു നന്ദി.
വലരെ വിജ്ഞാനപ്രദമായ പോസ്റ്റ്. വളരെക്കാലമായുള്ള ചില സംശയങ്ങള്‍ക്ക് വ്യക്തവും ശാസ്ത്രീയവുമായ വിശദീകരണങ്ങള്‍. വളരെ നന്ദി ഡോക്ടര്‍.

പാരസിറ്റമോള്‍ said...

വളരെ നല്ല ലേഖനം... ഇന്നാണ് കണ്ടത്. രണ്ടു ഭാഗവും ഒറ്റ ഇരുപ്പിന് തീര്‍ത്തു.

ബിനോയ്//HariNav said...

പുതിയ അറിവുകള്‍.. വളരെ നന്ദി മാഷേ. ഇവിടെയെത്തിച്ച ബാബുമാഷിനും നന്ദി :)

ബാബുരാജ് said...

Rare rose, മുരളി മുകുന്ദന്‍,ദീപു,പാവത്താന്‍,പാരസിറ്റമോള്‍, ബിനോയ് നന്ദി. :-)

തിരുവല്ലഭൻ said...

i am reading all ur posts today itself

തിരുവല്ലഭൻ said...

I was following you through all your posts, in facebook too. i did a friend request in ,y real name tto

തിരുവല്ലഭൻ said...

I was following you through all your posts, in facebook too. i did a friend request in ,y real name tto