രണ്ടു സ്നേഹിതര്‍.
എന്റെ ഒരു പഴയ സ്നേഹിതനാണ് വില്‍സണ്‍. അദ്ദേഹം ഒരു ആറു വര്‍ഷം മുന്‍പു വരെ അമിതമായി മദ്യപിക്കുമായിരുന്നു. ആ സമയത്ത് ഗുരുതരമായ കരള്‍ രോഗ ബാധയെത്തുടര്‍ന്ന് വില്‍സണ്‍ ആശുപത്രിയിലായി. തീവ്രപരിചരണ മുറിയില്‍ കിടക്കുന്ന സമയത്ത് ഉണ്ടായ അനുഭവമാണിത്. അദ്ദേഹം തന്നെ എന്നോട് പറഞ്ഞതാണിത്.
ബോധത്തിനും അബോധത്തിനുമിടയ്ക്ക് ആടിയാടി നില്‍ക്കുന്ന സമയം. ഡോക്ടര്‍ പരിശോധന കഴിഞ്ഞ് കേസ് ഫയല്‍ നോക്കുന്ന ഓര്‍മ്മയുണ്ട്. പെട്ടെന്ന് തനിക്കെന്തോ സംഭവിക്കുന്നതു പോലെ വില്‍സണു തോന്നി. ക്ഷീണവും, അസ്വസ്ഥതയുമൊക്കെ മാറുന്നു. അസാധാരണമായ ഒരു ശാന്തത തന്നെ പൊതിയുന്നു. ശരീരത്തിന്റെ ഭാരം ഇല്ലാതാവുന്നു. അതി തീവ്രമായ ഒരു പ്രകാശം തന്നെ പൊതിയുന്നു. ഒരു പ്രകാശക്കടലില്‍ കിടക്കുന്നതു പോലെ. അപ്പോഴതാ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു പോയ വല്യപ്പച്ചനും വല്യമ്മച്ചിയുമൊക്കെ തന്നെ സാകൂതം വീക്ഷിച്ചു കൊണ്ട് അടുത്തു നില്ക്കുന്നു. വില്‍സണ്‍ അവരോട് സം സാരിക്കാന്‍ ശ്രമിച്ചു, പക്ഷെ സാധിക്കുന്നില്ല. അങ്ങിനെ അല്പനിമിഷങ്ങള്‍ കഴിഞ്ഞു. പിന്നെ പ്രകാശം മാഞ്ഞു, വല്യപ്പച്ചനും വല്യമ്മച്ചിയും മറഞ്ഞു. വില്‍സണ്‍ കണ്ണു തുറക്കുമ്പോള്‍ തന്റെ ചുറ്റും ഡോക്ടറും നഴ്സുമാരുമുണ്ട്.
വില്‍സണ്‍ സുഖം പ്രാപിച്ചു. മദ്യപാനം പൂര്‍ണ്ണമായും നിര്‍ത്തി. ചെയ്യാന്‍ മറ്റു ജോലികളും സത്യസന്ധതയുമുള്ളതിനാല്‍ ഇതു വെച്ചു സാക്ഷിപറച്ചിലിനും മുതലെടുപ്പിനുമൊന്നും പോയില്ല.
രണ്ടാമത്തെ സുഹൃത്ത്, ബാബു. പ്രക്ഷുബ്ധമായ യൗവനാരംഭത്തില്‍ ഒരിക്കല്‍ അവന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിഷം കഴിക്കുകയാണ് ചെയ്തത്. പലരും പറയുന്നതു പോലെ, 'മരണം' ഭീകരമായ ഒരു അനുഭവം ഒന്നു ആയിരുന്നില്ല എന്ന് ബാബു പറയുന്നു. മറിച്ച് ഏറ്റവും സ്വസ്ഥവും, മൃദുലവുമായ ഒന്നായിരുന്നു. ബാബു പ്രകാശവും മരിച്ചു പോയവരേയും ഒന്നും കണ്ടില്ല. പക്ഷെ അസാധാരണമായ ആ ശാന്തത അയാളും അനുഭവിച്ചു. തീരെ ഭാരമില്ലാതെ, ഒരു തൂവല്‍ പോലെ പറന്നു പറന്നു പോകുന്നതായി തോന്നി. ബാബു ബോധത്തിലേക്ക് മടങ്ങി വരുന്നത് മണിക്കൂറുകള്‍ക്ക് ശേഷമാണ്.
എന്നാല്‍ പിറ്റേന്ന്, ലോഭമില്ലാതെ നല്കിക്കൊണ്ടിരുന്ന പ്രതിമരുന്നിന്റെ (അട്രോപ്പിന്‍) സമ്മര്ദ്ദത്തില്‍ അയാള്‍ വീണ്ടും മായാലോകത്തെത്തി. ഇത്തവണ പക്ഷെ പഴയതു പോലെയായിരുന്നില്ല. സമുദ്രത്തില്‍ താമരയില്‍ ഇരിക്കുന്ന ബ്രഹ്മാവിനോടും, സമീപത്തു നിന്ന ഗണപതിയോടും മറ്റും പണ്ഡിതോചിതമായ രീതിയില്‍ തര്‍ക്കിച്ചു. (സംഭാഷണം പിന്നീട് ഓര്‍ത്തെടുക്കാനായില്ല്ല! അതു നന്നായി... :-))
ബാബുവും പ്രശ്നങ്ങളെയല്ലം മറികടന്നു. ഇപ്പോള്‍ വളരെ സക്സസ് ഫുള്‍ ആയ ഒരു പ്രൊഫഷണല്‍ ആണ്.
മരണാസന്ന അനുഭവങ്ങള്‍ (Near death experiences)
മുകളില്‍ പറഞ്ഞ രണ്ട് അനുഭവങ്ങളും ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയ്ക്കുള്ള ഏതോ നേര്‍ത്ത അതിരില്‍ സംഭവിക്കുന്നതാണ്. ഇത്തരം അനുഭവങ്ങള്‍ അപൂര്‍വ്വവുമല്ല. ഹൃദയസ്തംഭനം സംഭവിച്ച ശേഷം പുനരുജ്ഞവിക്കപ്പെടുന്ന പലര്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ഈവക അനുഭവങ്ങളേയാണ് പൊതുവായി മരണാസന്ന അനുഭവങ്ങളായി കണക്കാക്കുന്നത്.
റെയ്മണ്ട് മൂഡി എന്നൊരു മനശാസ്ത്രജ്ഞനാണ് ഈ അനുഭവങ്ങളെ ഒരു പൊതുതല്പര്യത്തിലേക്ക് കൊണ്ടുവരുന്നത്. 'നിയര്‍ ഡെത്ത് എക്സ്പീരിയന്‍സ്' എന്ന പേരിനും അദ്ദേഹത്തോടാണ് കടപ്പാട്. മൂഡി ഇത്തരം അനുഭവങ്ങളേപ്പറ്റി വ്യാപകമായി പഠിക്കുകയും അനേകം പുസ്തകങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തു. മരണാസന്ന അനുഭവങ്ങളില്‍ പൊതുവായി കാണുന്ന ചില ഘടകങ്ങള്‍ അദ്ദേഹം തിരിച്ചറിയുകയും ചെയ്തു. ഉച്ചത്തിലുള്ള മൂളല്‍, അതി സുഖകരമായ ശാന്തത, ഭാരമില്ലാതെ അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന അനുഭവം, ഒരു തുരംഗത്തിലൂടെ പ്രകാശത്തിലേക്ക് സഞ്ചരിക്കുന്ന അനുഭവം, മരിച്ചു പോയവരെ കാണുക മുതലായവയാണ് പ്രധാനം. ക്രിസ്തുവിനേയും, നബിയേയും, മാലാഖമാരേയും നേരില്‍ കാണുന്ന അനുഭവങ്ങളും കുറവല്ല. ( കൗതുകകരമെന്നു പറയട്ടെ, ഒരു മതത്തില്‍ വിശ്വസിക്കുന്നവര്‍ വ്യത്യസ്തമായ മത ദൈവങ്ങളേയോ, പ്രവാചകരേയോ കണ്ടതായി പറയുന്നില്ല.) ഏതായാലും, ബോധം അല്ലെന്‍കില്‍ ആത്മാവ് ശരീരത്തിനു പുറത്തുള്ള ഒന്നാണ് എന്നതിനുള്ള തെളിവായാണ് മൂഡി ഈ അനുഭവങ്ങളെ കണ്ടത്.
എന്നാല്‍ ബഹു ഭൂരിപക്ഷം വരുന്ന ശാസ്ത്രജ്ഞന്മാര്‍ ശാസ്ത്രസംബന്ധിയായ ഒരു വിശദീകരണത്തിനാണ് ശ്രമിക്കുന്നത്.
അല്പം ജീവശാസ്ത്രം
നമ്മളെങ്ങനെയാണ് ബാഹ്യലോകവുമായി സംവദിക്കുന്നത്? നമ്മള്‍ കാണുന്നത്, കേള്‍ക്കുന്നത്, സ്പര്‍ശിച്ചറിയുന്നത് എല്ലാം തലച്ചോറിന്റെ പ്രഭാവമാണ്. ഉദാഹരണത്തിന് കാഴ്ചയുടെ കാര്യം എടുക്കാം. ഒരു വസ്തുവില്‍ നിന്നും ബഹിര്‍വമിക്കുന്ന പ്രകാശരശ്മികള്‍ ഇന്ദ്രിയാവയവമായ (sensory organ) കണ്ണില്‍ പ്രവേശിക്കുന്നു. അവിടെ വെച്ച് വസ്തുവിന്റെ രൂപത്തിന് അനുരൂപമായ വൈദ്യുത തരംഗങ്ങള്‍ ഉണ്ടാകുകയും അവ ഞരമ്പുകള്‍ (nerves) വഴി തലച്ചോറിലെ പ്രത്യേക ഭാഗത്ത് എത്തുകയും ചെയ്യുന്നു. ആ ഭാഗം (കാഴ്ചയുടെ കാര്യത്തില്‍ തലച്ചോറിന്റെ പിന്‍ഭാഗം -occipital lobe) ആ തരംഗങ്ങളെ വിശകലനം ചെയ്യുകയും, നമുക്ക് മുന്നിലുള്ള ആ വസ്തുവിനെ സംബന്ധിച്ച വിവരങ്ങള്‍ തലച്ചോറിന്റെ മറ്റു ഭാഗങ്ങള്‍ക്ക് കൈമാറുകയും ചെയ്യുന്നു. തല്ഫലമായി നമുക്ക് 'കാഴ്ച' എന്ന അനുഭവം ഉണ്ടാകുന്നു. വസ്തുവിന്റെ രൂപത്തെ സംബന്ധിച്ച വിവരങ്ങളെല്ലാം കണ്ണില്‍ നിന്നും തുടങ്ങി, തലച്ചോറിന്റെ പല ഭാഗങ്ങള്‍ വഴി സഞ്ചരിക്കുന്നത് തരംഗ സംജ്ഞകളായാണ് (സിഗ്നലുകള്‍). വളരെ കൃത്യമായി ആ സിഗ്നലുകള്‍ പുനര്‍ നിര്‍മ്മിച്ച് , കൃത്യമായ ഞരമ്പുകളില്‍ കടത്തി വിട്ടാല്‍ മുന്‍പില്‍ ആ വസ്തു ഇല്ലാതെ തന്നെ അതിന്റെ കാഴ്ച ഉണ്ടാക്കാന്‍ സാധിക്കും. ഒരിക്കല്‍ തലച്ചോറില്‍ കൂടി കടന്നു പോയ ഈ സിഗ്നലുകള്‍ സൂക്ഷിച്ചു വെയ്ക്കപ്പെട്ടിട്ടുണ്ടെന്നു ചിന്തിക്കുക. (അതായത് 'ഓര്‍മ്മ') ഇങ്ങനെ സൂക്ഷിക്കപ്പെട്ടിട്ടുള്ള സിഗ്നലുകള്‍ ഏതെന്കിലും രീതിയില്‍ പഴയ വഴിയിലൂടെ പുനര്‍ യാത്ര നടത്തുകയാണെന്‍കിലും ഇതേ കാഴ്ച പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കും. ഏറ്റവും ലളിതമായ ഒരു ഉദാഹരണം പറയാം. ഒരു ക്ളോസ്ഡ് സര്‍ക്യൂട്ട് റ്റിവിയെപ്പറ്റി ചിന്തിക്കൂ. അതില്‍ ക്യാമറ മുന്പിലുള്ള വസ്തുവിന്റെ രൂപം പകര്‍ത്തി സിഗ്നലുകളായി റ്റിവിക്ക് കൈമാറുന്നു. റ്റിവി ആ സിഗ്നലുകളെ ചിത്രമാക്കി കാണിക്കുന്നു. ഇനി ഇതിനിടെ ഒരു വീഡിയോ റിക്കോര്‍ഡര്‍ ഘടിപ്പിച്ച് ക്യാമറ സിഗ്നലുകളെ റിക്കോര്‍ഡ് ചെയ്യുന്നു. അതിനു ശേഷം റിക്കോഡ് ചെയ്യപ്പെട്ട സിഗ്നലുകളെ വീണ്ടും റ്റിവിയിലേക്ക് കടത്തി വിട്ടാല്‍ റ്റിവി പഴയ ചിത്രം വീണ്ടും കാണിക്കും. ഇപ്പോള്‍ ക്യാമറയ്ക്ക് മുന്പില്‍ പഴയ വസ്തു വേണമെന്നില്ല. ചിത്രത്തിന്റെ കാര്യം മാറ്റി ഇനി ശബ്ദത്തിന്റെ കാര്യമെടുത്താലും ഇങ്ങനെ തന്നെ.
ഈ പറഞ്ഞ ഉദാഹരണങ്ങളൊന്നും വെറുതെയല്ല. കാരണം ഈ വക ഇലക്‌ട്രോണിക് ഉപകരണങ്ങളും സമാനമായ തലച്ചോര്‍ പ്രവര്‍ത്തനങ്ങളും തമ്മില്‍ അത്ഭുതകരമായ സാമ്യമുണ്ട്. ഇലക്‌ട്രോണിക് സന്കേതങ്ങളുപയോഗിച്ച് തലച്ചോറിനെക്കൊണ്ട് കാണിക്കാനും കേള്‍പ്പിക്കാനുമുള്ള ശ്രമങ്ങള്‍ കുറയൊക്കെ ഫലം കണ്ടിട്ടുമുണ്ട്. കോക്ലിയര്‍ ഇമ്പ്ലാന്റ് എന്ന കൃത്രിമ ചെവി തന്നെ ഉദാഹരണം. പക്ഷെ പ്രധാനപ്പെട്ട ഒരു കാര്യം, ഈ സിഗ്നലുകള്‍ കൃത്യതയുള്ളതായിരിക്കണമെന്നതാണ്. കൃത്യമല്ലാത്ത സിഗ്നലുകള്‍ നിയതമല്ലാത്ത ചിത്രങ്ങളോ ശബ്ദങ്ങളോ ആയിരിക്കും സൃഷ്ടിക്കുന്നത്. കണക്ഷന്‍ ശരിയല്ലാത്തപ്പോള്‍ സ്പീക്കറില്‍ നിന്നും കൂവലും മുരള്‍ച്ചയും കേട്ടിട്ടില്ലേ? എപ്പോഴെന്കിലും നിങ്ങളുടെ തല വല്ലയിടത്തും ശക്തിയായി തട്ടിയിട്ടുണ്ടോ? സാമാന്യം നല്ല ശക്തിയിലായിരുന്നെന്കില്‍ തീര്‍ച്ചയായും കണ്ണിലൂടെ 'പൊന്നീച്ച' പറന്നിട്ടുണ്ടാകും. ഈ പൊന്നീച്ച ഇത്തരം ഒരു പ്രതിഭാസമാണ്. തലയ്ക്ക് തട്ടു കിട്ടുമ്പോള്‍, പ്രത്യേകിച്ച് പിന്‍ ഭാഗത്ത്, തലയിലേക്ക് പകര്‍ന്ന ഊര്‍ജ്ജത്തില്‍ ഒരു ഭാഗം വൈദ്യുതോര്‍ജ്ജമായി പരിണമിച്ച് കാഴ്ചയുടെ തലച്ചോര്‍ ഭാഗത്തെ കോശങ്ങളെ ഉത്തേജിപ്പിക്കുന്നു. പക്ഷെ ആ ഉത്തേജനം കൃത്യമായ ഒരു രീതിയിലോ ഘടനയിലോ അല്ലാത്തതിനാല്‍ നിയതമായ ഒരു രൂപം ഉണ്ടാവാതെ നമ്മള്‍ക്കത് കേവലം പ്രകാശമായോ മിന്നലിന്റെ രൂപത്തിലോ മാത്രം അനുഭവപ്പെടുന്നു.
അടുത്ത ഭാഗം: ശാസ്ത്രീയ വിശദീകരണങ്ങള്‍
8 comments:
നമുക്കിഷ്ടപ്പെട്ട ദൃശ്യങ്ങൾ കാണിക്കാൻ തലച്ചോറിനുള്ള കഴിവ് യഥാർത്ഥത്തിൽ പുറത്തുവരുന്നത് അബോധാവസ്ഥയിലാണ്. സ്വപ്നം അതിന്റെ ചെറിയൊരു ഉദാഹരണം മാത്രം. സ്വപ്നത്തിൽ കാണുന്ന രംഗങ്ങൾ പലപ്പോഴും ഒരു കണക്ഷൻ ഇല്ലാതെ പോകുന്നതും സാധാരണമല്ലേ.
അൽപനേരം അബോധാവസ്ഥയിൽ കിടന്നാൽ തന്നെ ലഭ്യമാകുന്നതാണ് ഈ ഭാരമില്ലായ്മ. സർറിയലിസ്റ്റിക് ചിത്രങ്ങൾ കാണുന്നതും അത്ര അസാധാരണമല്ല (സ്വന്തം അനുഭവത്തിൽ നിന്നുകൂടിയാണിത്). ഇതെല്ലാം ഓർത്തെടുക്കുവാൻ എപ്പോഴും സാധിക്കണമെന്നില്ല. മരണത്തോടടുത്തുനിൽക്കുന്ന ഒരു വ്യക്തി ആ അവസ്ഥ മാറിയെന്ന് മനസിലാക്കുമ്പോൾ ചിലപ്പോൾ ഇത് ഓർമ്മിച്ചെന്നുവരാം (അൽപം ഭാവനയും ഉണ്ടോ എന്ന് പറയാനാവില്ല), അവ പബ്ലിഷ് ചെയ്യപ്പെടുന്നുവെന്നുമാത്രം.
ഇതെന്റെ പരിമിതമായ അറിവാണ്, ശാസ്ത്രം എന്ത് പറയുന്നു എന്നറിയാൻ താൽപര്യമുണ്ട്. നല്ലൊരു പോസ്റ്റിന് ആശംസകൾ.
നല്ല പോസ്റ്റ്, ബാബുരാജ്.
മരണത്തിന്റെ വക്കത്തു നിന്നും കരകയറുന്നവര്‍ പലരും ഇത്തരം അനുഭവങ്ങള്‍ പറയാറുണ്ട്. താങ്കള്‍ സൂചിപ്പിച്ചപോലെ ജീവനും ജീവനില്ലായ്മക്കും ഇടയിലെ നൂല്‍പ്പാലത്തിലൂടെ പോകുമ്പോള്‍ സംഭവിക്കുന്ന ഏതെന്കിലും ചെറു തരംഗങ്ങള്‍ ഇത്തരം വിഷ്വല്‍സായി വായിക്കപ്പെടുന്നതാകാം.
ഒരു തവണ ഇന്‍വേര്‍ട്ടറില്‍ നിന്നും ഷോക്കടിച്ച് മരണത്തിന്റെ വക്കത്ത് എത്തിയതായിരുന്നു ഞാന്‍, ശരീരം ഒന്നാകെ വിറക്കുന്നതും കാലിലെ മസിലുകള്‍ ടോണ്‍ നഷ്ടപ്പെട്ട് ശരീരം ഒടിഞ്ഞു വീഴുന്നതും ശരിക്കും അറിയുന്നുണ്ടായിരുന്നു, വീഴുന്ന വീഴ്ചയില്‍ സ്വിച്ച് എത്തി തട്ടി ഓഫാക്കാന്‍ സാധിച്ചതുകൊണ്ട് ചത്തില്ല.
ഷൊക്കടിച്ചതുകൊണ്ടോ എന്തോ കുറേ നേരത്തെക്ക് വളരെ സന്തോഷം ആയിരുന്നു, പണ്ട് ഒരു നൈട്രാസെപ്പം കഴിച്ച് ഉണര്‍ന്നെണീറ്റപ്പോള്‍ ഉണ്ടായിരുന്നപോലെ ഒരു ലൈറ്റ് ഫീലിങ്. പോസ്റ്റുമായി ബന്ധമില്ലെന്കിലും സാന്ദര്‍ഭികമായി പറഞ്ഞെന്നു മാത്രം .
ഇത്തരം പോസ്റ്റുകൾ കൊണ്ട് നിറയേണ്ടതായിരുന്നു ബ്ലോഗ് ലോകം നിർഭാഗ്യമെന്ന് പറയാം
തുടർന്നും പ്രതീക്ഷിക്കുന്നു
നന്മകൽ നേരുന്നു,
പോസ്റ്റുകൾ mail ലിൽ കിട്ടാൻ എന്തുണ്ട് വഴി.
അറിവ് നല്‍കുന്ന പോസ്റ്റ്.
:)
പ്രിയ അപ്പൂട്ടന്‍,അനില്‍,നന്ദന, കേരളദാസനുണ്ണി, ചിത്രഭാനു നന്ദി. രണ്ടാം ഭാഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. അഭിപ്രായം പറയണേ.
അനിലിനുണ്ടായ അപകടത്തില്‍ ദു:ഖിക്കുന്നു. ആടുത്തിടെയായിരുന്നോ? ഏതായാലും വല്യ അപകടം ഒന്നും ഉണ്ടായില്ലല്ലോ, അത്രയും ഭാഗ്യം !
നന്ദന, ബ്ലോഗ് റീഡറില്‍ ലിസ്റ്റ് ചെയ്യുന്നത് ഒരു മാര്ഗ്ഗമാണ്. ഈ-മെയില്‍ വിലാസം തന്നാല്‍ ഇതിന്റെ pdf അയച്ചു തരാം.
എല്ലാം പുത്തനറിവുകൾ....
Post a Comment