Tuesday, November 06, 2007

വീണ്ടും ലിനക്സ്‌.


അറിയില്ലാത്ത കാര്യത്തെപ്പറ്റി വെറുതെ പറഞ്ഞ്‌ കുഴപ്പത്തിലായതാണ്‌ ആ കമന്റില്‍. ഞാന്‍ ഐ.റ്റി രംഗത്തുള്ളയാളല്ല. പക്ഷെ എന്റെ അനുഭവം പറഞ്ഞത്‌ വെറുതെയല്ല. ഞാന്‍ കമ്പ്യൂട്ടര്‍ സ്വന്തമായ്‌ ഉപയോഗിച്ചു തുടങ്ങിയത്‌ 99 ലാണ്‌. അന്നത്തെ ഒരു 500 മെ ഹെ. 128 റാം മെഷീനിലാണ്‌ ലിനക്സ്‌ പരീക്ഷിച്ചത്‌. സുസെയും സാന്റ്രോസും. 3-4 വര്‍ഷം മുന്‍പാണ്‌. സുസെ ഇന്‍സ്റ്റാള്‍ ആയതു പോലുമില്ല. മറ്റേതിന്‌ ഒരു ആപ്ലിക്കേഷന്‍ തുറന്നു വരാന്‍ 4-5 മിനിറ്റ്‌ പിടിക്കുമായിരുന്നു. ഒരു പക്ഷെ ഹാര്‍ഡ്വേര്‍ പോരാത്തതായിരുന്നായിരിക്കാം കാരണം. എന്നാല്‍ പിന്നീട്‌ ഇതേ മെഷീനില്‍ XP സുന്ദരമായ്‌ ഓടി. ഒപ്പം വീഡിയൊ എഡിറ്റിങ്ങും. 2 വര്‍ഷം മുന്‍പ്‌ ഞാന്‍ ലാപ്ടോപ്പിലേക്ക്‌ മാറിയപ്പൊള്‍ വീണ്ടും ഒരു പരീക്ഷണം വേണമെന്നു തോന്നിയില്ല.

പ്രവീണിന്റെ മറുപടിയില്‍ നിന്നും ഇപ്പോള്‍ മികവുറ്റ ലിനക്സും മറ്റാപ്ലിക്കേഷന്‍സും ലഭ്യമാണെന്നറിഞ്ഞു. സന്തോഷം. ഇനിയൊരു കമ്പ്യൂട്ടര്‍ വാങ്ങുമ്പോള്‍ തീര്‍ച്ചയായും ലിനക്സ്‌ പരീക്ഷിക്കാം.

പിന്നെ കര്‍ഷകന്റെ അനുഭവം വായിച്ചു. കൊള്ളാം. പക്ഷെ, അദ്ദേഹം പറയുന്നപോലെ വൈറസ്‌ കാരണം വിന്‍ഡോസില്‍ ജീവിക്കാനാവാത്ത അവസ്ഥ ഉണ്ടെന്നു തോന്നുന്നില്ല. ഈ 8 വര്‍ഷത്തില്‍ വെറും 2 തവണ മാത്രമാണ്‌ എനിക്ക്‌ ഈ പ്രശ്നം ഉണ്ടായത്‌. ഒരു തവണ ഒരു കഫെയില്‍ നിന്നും കൊണ്ടുവന്ന പെന്‍ഡ്രൈവ്‌ ഉപയോഗിച്ചതില്‍. ഇതില്‍ പ്രധാന കാര്യം നമ്മുടെ അച്ചടക്കം തന്നെയാണ്‌.പിന്നെ കള്ളന്റെ കാര്യം. ഞാന്‍ അങ്ങിനെ പറഞ്ഞെങ്കിലും, ഞാന്‍ ഉപയോഗിക്കുന്നത്‌ ലൈസന്‍സ്ഡ്‌ XP തന്നെയാണ്‌. കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ എനിക്ക്‌ ഏകദേശം 100 mb അപ്ഡേറ്റ്സ്‌ എങ്കിലും കിട്ടിയിട്ടുണ്ട്‌. ഇങ്ങനെ ഒരു സപ്പോര്‍ട്ട്‌ ലിനക്സ്‌ തരുമോ?
മൈക്രൊ സോഫ്റ്റ്‌ കേരളത്തില്‍ ഒരൊറ്റ ഗാര്‍ഹിക ഉപയോക്താവിനെപ്പോലും പൈറസിയുടെ പേരില്‍ പിടിച്ചതായ്‌ കേട്ടിട്ടില്ല. പ്രവീണിന്റെയും സിബുവിന്റെയും ഒക്കെ ചര്‍ച്ചയില്‍ പറഞ്ഞതുപോലെ, പണം കൊടുത്ത്‌ വാങ്ങാന്‍ കഴിവില്ലാത്തവരെ പൈറേറ്റ്സ്‌ ആയ്‌ കാണെണ്ട എന്ന നയം ആണു അവരുടേതും എന്നു വേണം കരുതാന്‍. അല്ലെങ്കില്‍ ബ്ല്യൂ ഫിലിം മുതല്‍ മലയാളത്തിന്റെ സ്വന്തം മനോരമ വരെ കോപ്പി ചെയ്യാന്‍ സാധിക്കാത്ത CD ഇറക്കുമ്പോള്‍ മൈക്രൊ സോഫ്റ്റ്‌ന്‌ ആ സാങ്കേതികത ഇല്ലെന്നു വരുമോ?

മൈക്രൊസോഫ്റ്റിനെ പൊളിച്ചടുക്കേണ്ടത്‌ ഇന്നിന്റെ ആവശ്യമാണെന്ന രീതിയില്‍ സംസാരിക്കുന്നവരൊന്നും ഹാര്‍ഡ്‌വേര്‍ പോലും കുത്തകയാക്കിയിരിക്കുന്ന ആപ്പിള്‍ മക്കിനെപ്പറ്റി ഒരക്ഷരം പറയാത്തതെന്തെ?

സ്വതന്ത്ര സോഫ്റ്റ്‌വേറിന്റെ നിര്‍വചനത്തില്‍ പ്രവീണിനെയും സിബുവിനെയും പോലുള്ള വിദദ്ധര്‍പോലും തല്ലി തീരുമാനത്തിലാകാത്ത സ്ഥിതിക്ക്‌ ഞങ്ങളെപ്പോലുള്ള മര്‍ത്ത്യര്‍ക്ക്‌ താല്‍പര്യം അതിനു വില വേണ്ടിവരുമോ, എങ്കില്‍ എത്ര എന്ന കാര്യത്തില്‍ മാത്രമാണ്‌. പരമാവധി വിലയിടാന്‍ സ്റ്റാള്‍മാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ സ്വതന്ത്രന്‍ ആയാലെന്താ മൈക്രൊസോഫ്റ്റ്‌ ആയാലെന്താ? ഓപ്പണ്‍ സോഴ്സ്‌, ഡിസ്റ്റ്രിബൂഷന്‍, മോഡിഫിക്കേഷന്‍ ഇതൊക്കെ വിദദ്ധരുടെ ബൗദ്ധികപ്രശ്നങ്ങള്‍ അല്ലേ? ഒരു സാധാരണ എന്‍ഡ്‌ യൂസര്‍ക്ക്‌ അതിലെന്തു കാര്യം?

8 comments:

jinsbond007 said...

സുഹൃത്തേ,

കൂടുതല്‍ പിന്നീടെഴുതാം സമയം അനിവദിക്കുന്നില്ല. അപ്ഡേറ്റിന്റെ കാര്യം മാത്രം പറയാം. നിങ്ങള്‍ക്ക് രണ്ട് വര്‍ഷം കൊണ്ട് ലഭിച്ച 100MB എനിക്ക് ദിവസങ്ങള്‍ക്കുള്ളില്‍ കിട്ടിയിട്ടുണ്ട്. OS മാത്രമല്ല, പല അപ്ലിക്കേഷനുകളുടെയും അപ്ഡേറ്റുകള്‍ എനിക്ക് ലഭിച്ചിട്ടുണ്ട് എന്നതു കൊണ്ടും, ഈ കാര്യങ്ങളൊന്നും കൃത്യമായി ഓര്‍മ്മിക്കാറില്ല, എന്നതു കൊണ്ടും വ്യക്തമായ കണക്കില്ല. ഇപ്പോള്‍ത്തന്നെ 257 ഓളം അപ്ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യട്ടെ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ വേണ്ടെന്നു പറഞ്ഞൊഴിവാക്കുകയായിരുന്നു.

സ്വതന്ത്ര സോഫ്റ്റ്‌‌വെയറിന്റെ നിര്‍വചനത്തില്‍ സിബുവിനും പ്രവീണിനും തര്‍ക്കം ഉള്ളതായി താങ്കള്‍ക്കു തോന്നിയോ? സ്വതന്ത്രസോഫ്റ്റ്‌വെയറുകളുടെ സാമ്പത്തിക സാധ്യതയിലാണ് ഇപ്പൊ ചര്‍ച്ച നടന്നത്.

ബാക്കി ചോദ്യങ്ങള്‍ക്കും മറുപടി കഴിയുന്നതും വേഗം തരാന്‍ ശ്രമിക്കാം.

നന്ദി.

Santhosh Thottingal സന്തോഷ് തോട്ടിങ്ങല്‍ said...

മലയാളത്തില്‍ ഇതിനെ പറ്റി എഴുതണമെന്നുണ്ട്. സമയക്കുറവുണ്ട്.
തല്ക്കാലം താങ്കള്‍ ഈ ലിങ്ക് വായിച്ച് കാര്യങ്ങള്‍ മനസ്സിലാക്കുമെന്ന് വിചാരിയ്ക്കുന്നു.

ഗ്നു/ലിനക്സിനെ സംബന്ധിച്ച് ധാരാളം ചോദ്യങ്ങള്‍ വരുന്നതിനാല്‍ ഒരു FAQ പേജ് ഇവിടെ തുടങ്ങിയിട്ടണ്ട്. തുടങ്ങിയിട്ടേ ഉള്ളൂ.

Santhosh Thottingal സന്തോഷ് തോട്ടിങ്ങല്‍ said...

പ്രത്യേകിച്ച് ഈ പേജ് കാണുക

സിബുവിന്റെ ബ്ലോഗില്‍ നടക്കുന്നത് മൈക്രോസോഫ്റ്റിനെയോ പൈറസിയോക്കുറിച്ചുള്ള ചര്‍ച്ചയല്ല. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ വിപണി യോഗ്യതയെക്കുറിച്ചും, അവയുടെ സാധ്യതകളെക്കുറിച്ചുമാണ്.
അത് മൈക്രോസോഫ്റ്റിന്റെ വിപണന മാതൃകയ്ക്ക് നേര്‍ വിപരീതമാണെന്നത് സത്യമാണ്.

Anivar said...
This comment has been removed by the author.
Anivar said...

മലയാളം കമ്പ്യൂട്ടിങ്ങിനു വേണ്ടിയുള്ള ആദ്യത്തെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സിബുവിന്റെ വരമൊഴിയാണ്. പക്ഷേ അദ്ദേഹം സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെപ്പറ്റി ധാരാളം തെറ്റിദ്ധാരണകള്‍ വെച്ചുപുലര്‍ത്തുന്നുണ്ട് എന്നാണ് ആ പോസ്റ്റില്‍ നിന്നും മനസ്സിലാക്കാനായത്. അതാണ് അവിടെ ചര്‍ച്ച നടക്കുന്നതും.

24 വര്‍ഷം പ്രായമായ ഒരു പ്രസ്ഥാനത്തെക്കുറിച്ചും 15 വര്‍ഷം പ്രായമായ ഗ്നു/ലിനക്സ് എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ വിജയഗാഥയെയും മനസ്സിലാക്കിയില്ലെങ്കില്‍ പോട്ടെ, നിര്‍വചനമായില്ല എന്നൊക്കെ പറയുന്നത് കഷ്ടാണ് ട്ടോ. അത് ഈ പ്രസ്ഥാനത്തിന്റെ തുടക്കത്തില്‍ തന്നെയുള്ളതും ഗ്നു.ഓര്‍ഗില്‍ വ്യക്തമായി എഴുതിവെച്ചിട്ടുള്ളതുമാണ്. അതിന്റെ സാമ്പത്തികാവസരത്തെക്കുറിച്ചായിരുന്നു ചര്‍ച്ച.

പിന്നെ വിലയിടലിന്റെ കാര്യം. എന്റേലൊരു സ്വതന്ത്ര സോഫ്റ്റ്‌വെയറുണ്ടെങ്കില്‍ അത് പകര്‍ത്തി മാഷ്ക്ക് തരാനും, കൊറച്ചു നന്നാക്കിത്തരാനും ഒക്കെ ഉള്ള സൌകര്യം എനിക്കു തരുന്നുണ്ട്. അപ്പോ മാഷ്ക്കും ഇതേ സൌകര്യ്ങ്ങളൊക്കെ കിട്ടും. അത് താങ്കള്‍ ആര്‍ക്കെങ്കിലും കൊടുക്കുമ്പോള്‍ വിലയിടണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ താങ്കള്‍ക്കുതന്നെ യാണ് എല്ലാ അധികാരവും. ഇതൊക്കെ സൈദ്ധാന്തിക ഡിസ്കഷനാണെന്നു വെക്കാം. സ്റ്റാള്‍മാന്‍ കാശുവാങ്ങണമെന്നു പറയുന്നത് ഫ്രീ സോഫ്റ്റ്‌വെയര്‍ എന്നാല്‍ സ്വാതന്ത്ര്യം എന്നതാണ് പ്രധാനം എന്നുറപ്പിക്കാനാണ്. പലര്‍ക്കും സൌജന്യം എന്നാണ് ഫ്രീ എന്ന് അര്‍ത്ഥമാക്കുന്നതെന്ന തെറ്റിദ്ധാരണയുള്ളതു കൊണ്ട് അവരു സ്വാതന്ത്ര്യത്തെ മറക്കുന്നു. സിബൂന്റെ ബ്ലോഗിലും ഈ തെറ്റീദ്ധാരണ കണ്ടിരുന്നൂല്ലോ. ഫ്രീ സ്പീച്ചും ഫ്രീബിയറും തമ്മിലുള്ള ഈ വ്യത്യാസം ഇംഗ്ലീഷിന്റെ മാത്രം പ്രശ്നാണ്

ഈ ചുറ്റും നോക്കൂ. ഡെബിയന്‍ , ഉബണ്ടു, ഫെഡോറ , മാന്‍ഡ്രിവ തുടങ്ങി നിരവധി സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഡിസ്ട്രിബ്യൂഷനുകള്‍ ഇന്റര്‍നെറ്റില്‍ നിന്നും സൌജന്യമായിത്തന്നെ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ എല്ലാ സ്വാതന്ത്ര്യങ്ങളോടുംകൂടിത്തന്നെ.

പിന്നെ മാഷ് ലിനക്സ് എന്നത് കൊണ്ട് ഗ്നു/ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തേയാണ് ഉദ്ദേശിച്ചതെന്നു മനസ്സിലായി. അത് അങ്ങനെത്തന്നെ പറയണം ട്ടോ. കാരണം ഇവിടെ

സ്വതന്ത്രസോഫ്റ്റ്‌വെയറില്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം അപ്ഡേറ്റ് മാത്രമല്ല എല്ലാ അപ്ലിക്കേഷനുകളുടേയും അപ്ഡേറ്റ് സുഖായി ഇന്‍സ്റ്റാള്‍ ചെയ്യാം . ഒരു പേടീം വേണ്ട. ന്നാ തൊടങ്ങ്യല്ലേ

keralafarmer said...

"മൈക്രൊ സോഫ്റ്റ്‌ കേരളത്തില്‍ ഒരൊറ്റ ഗാര്‍ഹിക ഉപയോക്താവിനെപ്പോലും പൈറസിയുടെ പേരില്‍ പിടിച്ചതായ്‌ കേട്ടിട്ടില്ല. പ്രവീണിന്റെയും സിബുവിന്റെയും ഒക്കെ ചര്‍ച്ചയില്‍ പറഞ്ഞതുപോലെ, പണം കൊടുത്ത്‌ വാങ്ങാന്‍ കഴിവില്ലാത്തവരെ പൈറേറ്റ്സ്‌ ആയ്‌ കാണെണ്ട എന്ന നയം ആണു അവരുടേതും എന്നു വേണം കരുതാന്‍."
ഇതിനര്‍ത്ഥം ലൈസന്‍സ് ഇല്ലാതെ ഉപയോഗിക്കാന്‍ അനുവാദമുണ്ടെന്നാണോ? ഏതു സമയവും പിടിക്ക്പ്പെടാം ശിക്ഷിക്കപ്പെടാം എന്ന അവസ്ഥയല്ലെ നിലവിലുള്ളത്. ലൈസന്‍സില്ലാത്ത വിന്‍ഡോസ് എക്സ്.പി അപ്ഡേറ്റ് ചെയ്താല്‍ ഉടനത് സ്റ്റാര്‍ അടയാളത്തോടൊപ്പം വാര്‍ണിം തരും. യുവര്‍ വിന്‍ഡോസ് നോട്ട് ജനുയിന്‍. എന്നിട്ട് എന്ത് ചെയ്യണമെന്ന നിര്‍ദ്ദേശവും തരും. ലൈസന്‍സില്ലാതെ ഏതെങ്കിലും ഒരു ഗാര്‍ഹിക ഉപഭോക്താവ് പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്താല്‍ അന്ന് ഇവിടെ ബ്ലോഗില്‍ ഒരു പ്രശ്നവുമില്ല എന്ന് പറയുന്നവരെ ആരെയും കൂടെ കിട്ടിയെന്ന് വരില്ല.
പിന്നെ ഗ്നു-ലിനെക്സിലെ അപ്ഡേറ്റ്സിന്റെ കാര്യം. ഞാന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ട് വളരെ കുറച്ച് ദിവസങ്ങളെ ആയുള്ളു. എത്രയോ എം.ബി പല പ്രാവശ്യമായി അപ്ഡേറ്റ് ചെയ്തു കഴിഞ്ഞു.
എന്നെ സംബന്ധിച്ചിടത്തോളം പൂര്‍ണമായും സൗജന്യമായ എല്ലാ ഫെയിലിറ്റികളോടും കൂടി സൗജന്യമായും സര്‍വ്വ സ്വാതന്ത്യത്തോടും ഗ്നു-ലിനക്സ് ഉപയോഗിക്കുന്നു എന്ന് മാത്രമല്ല മറ്റുള്ളവരുടെ സിസ്റ്റങ്ങളിലും അത് പകര്‍ത്തി ഇന്‍സ്റ്റാള്‍ ചെയ്യുവാനുള്ള സ്വാതന്ത്ര്യവും ഉണ്ട്.

ബാബുരാജ് said...

സജീവമായ ഒരു ചര്‍ച്ചക്ക് എല്ലാവര്‍ക്കും നന്ദി. ഗ്നു ലിനക്സ് നെപ്പറ്റി എനിക്ക് തുറന്ന സമീപനം തന്നെയാണ്. പിന്നെ നല്ലതല്ലാത്ത ഒരു മുന്‍ അനുഭവം ഉള്ളതിനാലുള്ള ഭയമാണ്. ഞാന്‍ ഉബണ്ടു ഫ്രീ CD ക്ക് രജിസ്റെര്‍ ചെയ്തു കഴിഞ്ഞു .
നന്ദി

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍