Sunday, November 18, 2007

ചില ആര്‍ത്തവ ചിന്തകള്

‍ശ്രീ അക്ബര്‍ കക്കട്ടിലിന്റെ (എന്നാണെന്റെ ഓര്‍മ്മ) ഒരു കഥയിലൊരു പ്രധാനാദ്ധ്യാപികയെപ്പറ്റി പറയുന്നുണ്ട്‌. "ടീച്ചര്‍ സാധാരണ വെള്ള സാരിയാണു ഉടുക്കാറ്‌,എന്നാല്‍ ചിലപ്പോള്‍ ചുവന്ന സാരി ഉടുത്തുവരും. ആപ്പോഴൊക്കെ വല്ലാത്ത ശുണ്ഠിയും ദേഷ്യവും ആയിരിക്കും." കഥാകൃത്ത്‌ സരസമായ്‌ പറഞ്ഞു വരുന്നത്‌ PMS, (Premenstrual Syndrome) എന്ന ആര്‍ത്തവപൂര്‍വ്വ ലക്ഷണങ്ങളെപ്പറ്റിയാണെന്നു വ്യക്തം.
മിക്കവാറും സ്ത്രീകള്‍ ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഈ PMS അനുഭവിക്കാറുണ്ടെന്നതു സത്യം. ലക്ഷണങ്ങള്‍ക്ക്‌ ഏറ്റക്കുറച്ചില്‍ ഉണ്ടായെന്നു വരാം. മുന്നോക്ക സമൂഹങ്ങളില്‍ ഏകദേശം 70-90% സ്ത്രീകളും ഇതനുഭവിക്കുന്നുണ്ടെന്നു കണക്കുകള്‍.
ഇത്ര സര്‍വസാധാരണമായിട്ടു പോലും കൃത്യമായി ഇതിന്റെ കാരണം കണ്ടെത്താന്‍ ശാസ്ത്രജ്ഞന്മാര്‍ക്കായിട്ടില്ല. സെറോടോണിന്‍ വ്യവസ്തയുടെ വൈകല്യം, മറ്റു ഹോര്‍മോണ്‍ വൈകല്യം ഇതൊക്കെ കാരണമായ്‌ പറയുന്നു എങ്കിലും അടിസ്ഥാനപരമായി വിരല്‍ ചൂണ്ടപ്പെടുന്നത്‌ അടിക്കടിയുള്ള അണ്ഠോല്‍പാദനവും ഗര്‍ഭപരാജയവും (ലളിതമായി പറഞ്ഞാല്‍ ആര്‍ത്തവം) അണ്‌. ചാക്രികമായ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പ്രത്യേകിച്ച്‌ പ്രൊജെസ്റ്റ്രോണ്‍ ഒരു പ്രധാന കാരണമായി കരുതപ്പെടുന്നു. എല്ലാ സ്ത്രീകളും കടന്നു പോകുന്ന ഈ മാസിക പ്രക്രിയയില്‍ ഇങ്ങനെ ഒരു കുഴപ്പം വന്നു പെടുമ്പോള്‍ ന്യായമായും ഒരു സംശയം ഉണ്ടാവാം. പരിണാമ വ്യവസ്തയില്‍ ഇത്ര കൃത്യമായും ഉല്‍കൃഷ്ടമായും ഉടലെടുത്ത മനുഷ്യനില്‍ ഇങ്ങനെ ഒരു വീഴ്ച്ച ഉണ്ടാവാന്‍ എന്താണു കാര്യം?
ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷിക്കുമ്പോള്‍ നമ്മള്‍ ചെന്നെത്തുന്നത്‌, രസകരമായ ചില ഉള്‍ക്കാഴ്ചകളിലാണ്‌.
സത്യത്തില്‍ ഈ മാസമുറ പ്രകൃതി സ്വാഭാവികമായ ഒരു കാര്യമാണോ? അല്ലതന്നെ! മനുഷ്യന്റെ ജൈവ പരിണാമം, സാമൂഹ്യ ബൗദ്ധിക പാരിസ്ഥിതിക പരിണാമങ്ങളോടൊത്തു പോകാതെ വന്നതിന്റെ ഒരുല്‍പ്പന്നമാണ്‌ മാസം തോറുമുള്ള ആര്‍ത്തവം. ഏകദേസം 50000 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ മനുഷ്യന്‍ ഉണ്ടായതിനു ശേഷം സാമാന്യം അര്‍ത്ഥപൂര്‍ണമായ പരിണാമ വികാസങ്ങളോന്നും ജൈവപരമായി മനുഷ്യനിലുണ്ടായിട്ടില്ല. എന്നാല്‍ കഴിഞ്ഞ എതാനും നൂറ്റാണ്ടുകളില്‍ ഉണ്ടായിട്ടുള്ള ബൗദ്ധിക സാമൂഹ്യ പരിണാമങ്ങള്‍ സ്പോടനാത്മകമായിരുന്നല്ലൊ?
കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാകാന്‍, ആഫ്രിക്കയിലെ കലഹാരിമരുഭൂമിയില്‍ താമസിക്കുന്ന ക്ലകങ്ങ്‌ വര്‍ഗ്ഗമനുഷ്യരെ പഠിക്കണം. കഴിഞ്ഞ 15000 ഓളം വര്‍ഷങ്ങളായി ജീവിതരീതിയില്‍ കാര്യമായ മാറ്റമില്ലാതെ ജീവിക്കുന്ന ഒരു കൂട്ടരാണിവര്‍. സാംസ്കാരികതയുടെ യാതൊരു സ്പര്‍ശവും ഇല്ലാത്ത അടിസ്ഥാന ജൈവ ജീവികള്‍. അവരുടെ ഇടയില്‍ ആര്‍ത്തവം അത്യപൂര്‍വമത്രെ! എന്നു കരുതി അവര്‍ ഒന്നിനു പിന്നാലെ ഒന്നായി പ്രസവിച്ചുകൊണ്ടിരിക്കുകയുമല്ല. അവര്‍ക്കിടയിലെ സന്താന നിരക്ക്‌ ശരാശരി 4 മാത്രം. അവരുടെ ഇടയില്‍ ആര്‍ത്തവാരംഭം ഏകദേശം 15 വയസ്സിലാണ്‌.(നമ്മുടെയിടയില്‍ അതു താണ്‌ താണ്‌ 10 വയസ്സ്‌ സാധാരണമായിട്ടുണ്ടെന്ന് ഓര്‍ക്കുക.) എന്നാലും ആദ്യ ഗര്‍ഭധാരണം 19-20 വയസ്സിലേ നടക്കാറുള്ളൂ. ശിശു ഭക്ഷണങ്ങളുടെ ദൗര്‍ലഭ്യം മൂലം 4-5 വയസ്സു വരെ അവര്‍ മുലയൂട്ടും. മുലയൂട്ടലിന്റെ പ്രത്യേകത കുറഞ്ഞ സമയത്തേക്കേ ഉള്ളുവെങ്കിലും അടിക്കടി കൊടുക്കുന്നുവെന്നതാണ്‌. ഒരു പകല്‍ 50 തവണവരെ. ഇത്തരം മുലയൂട്ടല്‍ അണ്ഡോല്‍പ്പാദനത്തിനെ കാര്യക്ഷമമായി തടയുന്നു. (ഇക്കൂട്ടരില്‍ കുറച്ചുപേര്‍ മറ്റു ഗോത്രങ്ങളോട്‌ ചേര്‍ന്ന് ജീവിക്കുന്നുണ്ട്‌. ആവരുടെ കാര്യങ്ങള്‍ നമ്മുടെയൊക്കെപ്പോലെ തന്നെ!)
ചുരുക്കത്തില്‍ ജൈവപരമായി മനുഷ്യര്‍ പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നത്‌ ഇത്തരത്തിലാണ്‌. അതിനോടൊത്തുപോകാനാവാത്ത ഒരു അന്തരീക്ഷത്തില്‍ എത്തിപ്പെട്ടതിന്റെ ഫലമാണ്‌ മാസം തോറുമുള്ള ആര്‍ത്തവം.
മാസം തോറും ആര്‍ത്തവം കൃത്യമായി ഉണ്ടാകുന്നതല്ല, മറിച്ച്‌ ഉണ്ടാകാതിരിക്കുന്നതാണ്‌ സ്വാഭാവികം!
മാസമുറ കുറച്ചു ദിവസം വൈകിയാല്‍ ഡോക്ടറെ കാണാന്‍ ഓടുന്ന സ്ത്രീകള്‍ ഇതാലോചിച്ചു നോക്കൂ. രസമല്ലേ?കാര്യങ്ങളൊക്കെ ശരി തന്നെ. പക്ഷെ നമുക്ക്‌ ഒരു തിരിച്ചു പോക്ക്‌ സാദ്ധ്യമാണോ? അല്ല തന്നെ! എന്നാലും കുറച്ചു കാര്യങ്ങള്‍ ഇനിയും ചിന്തിക്കാവുന്നതാണ്‌. നമ്മള്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നു. എന്തിനാണ്‌ അത്‌ ഇടക്ക്‌ നിര്‍ത്തി മാസമുറ വരുത്തുന്നത്‌? അതും മാസമുറയാണു സ്വാഭാവികം എന്ന സങ്കല്‍പത്തിലല്ലേ? എന്നാലിപ്പോള്‍ ശാസ്ത്രജ്ഞന്മാര്‍ മാസമുറയില്ലാതെ തന്നെ ഗര്‍ഭനിരോധനം നല്‍കുന്ന മരുന്നുകളുടെ അന്വേഷണത്തിലാണ്‌. അങ്ങിനെ എന്തെങ്കിലും വരുന്നതുവരെ നമുക്ക്‌ വേണമെങ്കില്‍ സാധാരണ ഗര്‍ഭനിരോധന ഗുളിക മൂന്നോ നാലോ മാസം തുടര്‍ച്ചയായ്‌ കഴിക്കാം. 12 മാസമുറയ്ക്ക്‌ പകരം മൂന്നോ നാലോ മാത്രം. എന്തു സൗകര്യം! (തമാശ പറഞ്ഞതല്ല. ഇങ്ങനെ കഴിക്കുന്നതിനെപ്പറ്റിയുള്ള ശാസ്ത്രീയ പഠനങ്ങളിലൊക്കെ അതു സുരക്ഷിതവും വളരെ പ്രായോഗികവും ആണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്‌. ലോകത്തില്‍ വളരെയധികം സ്ത്രീകള്‍ അതു പ്രയോഗിക്കുന്നുമുണ്ട്‌)
സത്യത്തില്‍ ഇപ്പോള്‍ ഒരു ആര്‍ത്തവ ചിന്ത വരാന്‍ കാരണം, ഒരു സുഹൃത്ത്‌ ആര്‍ത്തവത്തെ സ്ത്രീത്ത്വത്തോട്‌ തുലനപ്പെടുത്തി എഴുതിയിരിക്കുന്നതു കണ്ടു. സത്യത്തില്‍ സ്ത്രീത്വമാണോ സ്ത്രീത്വപരാജയമാണോ ആര്‍ത്തവം?

7 comments:

Anoop Technologist (അനൂപ് തിരുവല്ല) said...

പുതിയ അറിവുകള്‍ക്ക് നന്ദി.

വെള്ളെഴുത്ത് said...

ഇങ്ങനെയാണ് ചിലകാര്യങ്ങളില്‍ പുതിയ ദിശകളുണ്ടാവുന്നത്.. ജൂഡിഗ്രഹാന്റെe പുസ്തകം മനുഷ്യന്‍ ഏറ്റവുമധികം ഒളിച്ചുവയ്ക്കുന്ന രക്തം ആരത്തവമായതെന്തെന്നു ചോദിച്ചിട്ട് ഐക്കണോഗ്രാഫി ഉള്‍പ്പടെയുള്ള മാനുഷികാവിഷ്കാരങ്ങളില്‍ ആര്‍ത്തവം ഒളിഞ്ഞോ തെളിഞ്ഞോ കയറിപ്പറ്റിയതെങ്ങനെ എന്നു വിശദീകരിക്കുന്നു. ഇവിടെ ആര്‍ത്തവമില്ലായ്മയാണ് സ്വാഭാവികം എന്നു പറയുന്നു.. ശരിയാണെന്നു തോന്നുന്നു..

Sujith Bhakthan said...

കൊള്ളാം. നല്ല ബ്ലോഗ്

ll be back.

absolute_void(); said...

പുതിയ അറിവുകള്‍.

ഗുപ്തന്‍ said...

നല്ല കുറിപ്പ്

Sethunath UN said...

ആ‌ര്‍ത്തവം വെറും സ്ത്രീത്വം എന്നതിനപ്പുറം മാതൃത്വത്തിലേയ്ക്കുള്ള ചവിട്ടുപടി കൂടിയാണ്. അതുണ്ടാകാത്ത‌പ്പോ‌ള്‍ അസ്വാഭാവികത കാണുന്നത് പെണ്‍കുട്ടിയ്ക്ക് അമ്മയാവാനുള്ള കഴിവിനെ അതു ബാധിയ്ക്കും എന്നതു കൊണ്ടു തന്നെ. മാസമുറ സ്വാഭാവികമ‌ല്ല എന്നതിനോട് യോജിയ്ക്കാന്‍ പ്രയാസം തന്നെ. ഒരു മാസം എന്നത് നീണ്ടു പോയേക്കാം. കാലാവസ്ഥയും, കഴിയ്ക്കുന്ന ഭക്ഷണ‌ങ്ങ‌ളും ഒക്കെ ഇതിന്റെ വരവിനെ ബാധിയ്ക്കുന്നു. ഇവിടെ പരാമ‌ര്‍ശിച്ച ഗോത്രവ‌ര്‍ഗ്ഗക്കാരുടെ ജീവിതരീതി, ഭക്ഷണരീതി, ജീവിയ്ക്കുന്ന കാലാവസ്ഥ എന്നിവതന്നെയാണ് അവരില്‍ കാണുന്ന അസ്വാഭാവികമായ ആര്‍ത്തവചക്രം. ഇന്നത്തെ ജീവിതരീതിയ്ക്കനുസരിച്ച് ജീവിയ്ക്കുന്ന ഒരു സ്ത്രീ മാസമുറ കൃത്യമായി ഉണ്ടാകാത്തപ്പോ‌‌ള്‍ ഡോക്ടറുടെ അടുത്തേയ്ക്ക് പോകുന്നതും സ്വാഭാവികമാണ്. ഒന്നുകില്‍ ഗ‌ര്‍ഭിണിയായോ എന്ന ഭയത്താല്‍ അല്ലെങ്കില്‍ അണ്ഡോല്‍പ്പാദനത്തില്‍ (അല്ലെങ്കില്‍ ഭാവിയില്‍ അമ്മയാവാനുള്ള സാധ്യത) എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്നറിയാന്‍. സങ്കീ‌ര്‍ണ്ണമായ PMS നെ മറികടക്കാന്‍ വ്യായാമങ്ങ‌‌ള്‍ക്കും ആഹാരക്രമീകരണങ്ങ‌‌ള്‍ക്കും മെഡിറ്റേഷനും സാധിയ്ക്കും.മരുന്നു കഴിച്ച് ആര്‍ത്തവ ചക്രത്തെ ചുരുക്കിയെടുക്കുന്നത് ഒരു സ്ത്രീയുടെ ശരീരത്തിനെയും മനസ്സിനേയും പ്രതികൂല‌മായി ബാധിയ്ക്കാനേ ഉതകൂ എന്നു തോന്നുന്നു. അവ‌ര്‍ ജീവിയ്ക്കുന്ന കാലാവസ്ഥയും, കഴിയ്ക്കുന്ന ഭക്ഷണവും, തുടരുന്ന ജീവിതചര്യക‌ളും അതേപോലെ നിലനി‌ര്‍ത്തിക്കൊണ്ടു പോകുന്നിടത്തോ‌ളം കാലം

ബാബുരാജ് said...

ശാസ്ത്ര ലോകത്ത്‌ ശക്തിപ്പെട്ടുവരുന്ന ഒരാശയം അവതരിപ്പിക്കുകയായിരുന്നു ഞാന്‍. സുദീര്‍ഘമായ ഒരു മറുപടി എഴുതുന്നതിനുമുന്‍പ്‌ താങ്കള്‍ എന്റെ കുറിപ്പ്‌ നന്നായി വായിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ചു പോയി.
മറ്റെല്ലാ അവസ്ഥാ വൈകല്യങ്ങളെപ്പോലെ തന്നെ PMS ഉം പ്രകട ലക്ഷണങ്ങളിലും തീവൃതയിലും വളരെ വൈവിദ്ധ്യം പുലര്‍ത്തുന്ന ഒരു രോഗ(?) മാണ്‌. ഒട്ടുമിക്ക രോഗങ്ങളുടേയും നിസ്സാരാവസ്ഥയില്‍ ഇപ്പറഞ്ഞ ആഹാരക്രമവും, വ്യായാമവും, മെഡിറ്റേഷനും(?) ഫലം ചെയ്യാറുണ്ട്‌. അതുപോലെ PMS ലും. എന്നാല്‍ അതൊരു 'പനേഷ്യ'യാണെന്നു കരുതുന്ന വങ്കന്മാരുടെ കൂടെ താങ്കളില്ലെന്നു വിശ്വസിക്കട്ടെ!

എല്ലാ പ്രതികരണങ്ങള്‍ക്കും നന്ദി.