Showing posts with label ലിനക്സ്‌. Show all posts
Showing posts with label ലിനക്സ്‌. Show all posts

Tuesday, November 06, 2007

വീണ്ടും ലിനക്സ്‌.


അറിയില്ലാത്ത കാര്യത്തെപ്പറ്റി വെറുതെ പറഞ്ഞ്‌ കുഴപ്പത്തിലായതാണ്‌ ആ കമന്റില്‍. ഞാന്‍ ഐ.റ്റി രംഗത്തുള്ളയാളല്ല. പക്ഷെ എന്റെ അനുഭവം പറഞ്ഞത്‌ വെറുതെയല്ല. ഞാന്‍ കമ്പ്യൂട്ടര്‍ സ്വന്തമായ്‌ ഉപയോഗിച്ചു തുടങ്ങിയത്‌ 99 ലാണ്‌. അന്നത്തെ ഒരു 500 മെ ഹെ. 128 റാം മെഷീനിലാണ്‌ ലിനക്സ്‌ പരീക്ഷിച്ചത്‌. സുസെയും സാന്റ്രോസും. 3-4 വര്‍ഷം മുന്‍പാണ്‌. സുസെ ഇന്‍സ്റ്റാള്‍ ആയതു പോലുമില്ല. മറ്റേതിന്‌ ഒരു ആപ്ലിക്കേഷന്‍ തുറന്നു വരാന്‍ 4-5 മിനിറ്റ്‌ പിടിക്കുമായിരുന്നു. ഒരു പക്ഷെ ഹാര്‍ഡ്വേര്‍ പോരാത്തതായിരുന്നായിരിക്കാം കാരണം. എന്നാല്‍ പിന്നീട്‌ ഇതേ മെഷീനില്‍ XP സുന്ദരമായ്‌ ഓടി. ഒപ്പം വീഡിയൊ എഡിറ്റിങ്ങും. 2 വര്‍ഷം മുന്‍പ്‌ ഞാന്‍ ലാപ്ടോപ്പിലേക്ക്‌ മാറിയപ്പൊള്‍ വീണ്ടും ഒരു പരീക്ഷണം വേണമെന്നു തോന്നിയില്ല.

പ്രവീണിന്റെ മറുപടിയില്‍ നിന്നും ഇപ്പോള്‍ മികവുറ്റ ലിനക്സും മറ്റാപ്ലിക്കേഷന്‍സും ലഭ്യമാണെന്നറിഞ്ഞു. സന്തോഷം. ഇനിയൊരു കമ്പ്യൂട്ടര്‍ വാങ്ങുമ്പോള്‍ തീര്‍ച്ചയായും ലിനക്സ്‌ പരീക്ഷിക്കാം.

പിന്നെ കര്‍ഷകന്റെ അനുഭവം വായിച്ചു. കൊള്ളാം. പക്ഷെ, അദ്ദേഹം പറയുന്നപോലെ വൈറസ്‌ കാരണം വിന്‍ഡോസില്‍ ജീവിക്കാനാവാത്ത അവസ്ഥ ഉണ്ടെന്നു തോന്നുന്നില്ല. ഈ 8 വര്‍ഷത്തില്‍ വെറും 2 തവണ മാത്രമാണ്‌ എനിക്ക്‌ ഈ പ്രശ്നം ഉണ്ടായത്‌. ഒരു തവണ ഒരു കഫെയില്‍ നിന്നും കൊണ്ടുവന്ന പെന്‍ഡ്രൈവ്‌ ഉപയോഗിച്ചതില്‍. ഇതില്‍ പ്രധാന കാര്യം നമ്മുടെ അച്ചടക്കം തന്നെയാണ്‌.പിന്നെ കള്ളന്റെ കാര്യം. ഞാന്‍ അങ്ങിനെ പറഞ്ഞെങ്കിലും, ഞാന്‍ ഉപയോഗിക്കുന്നത്‌ ലൈസന്‍സ്ഡ്‌ XP തന്നെയാണ്‌. കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ എനിക്ക്‌ ഏകദേശം 100 mb അപ്ഡേറ്റ്സ്‌ എങ്കിലും കിട്ടിയിട്ടുണ്ട്‌. ഇങ്ങനെ ഒരു സപ്പോര്‍ട്ട്‌ ലിനക്സ്‌ തരുമോ?
മൈക്രൊ സോഫ്റ്റ്‌ കേരളത്തില്‍ ഒരൊറ്റ ഗാര്‍ഹിക ഉപയോക്താവിനെപ്പോലും പൈറസിയുടെ പേരില്‍ പിടിച്ചതായ്‌ കേട്ടിട്ടില്ല. പ്രവീണിന്റെയും സിബുവിന്റെയും ഒക്കെ ചര്‍ച്ചയില്‍ പറഞ്ഞതുപോലെ, പണം കൊടുത്ത്‌ വാങ്ങാന്‍ കഴിവില്ലാത്തവരെ പൈറേറ്റ്സ്‌ ആയ്‌ കാണെണ്ട എന്ന നയം ആണു അവരുടേതും എന്നു വേണം കരുതാന്‍. അല്ലെങ്കില്‍ ബ്ല്യൂ ഫിലിം മുതല്‍ മലയാളത്തിന്റെ സ്വന്തം മനോരമ വരെ കോപ്പി ചെയ്യാന്‍ സാധിക്കാത്ത CD ഇറക്കുമ്പോള്‍ മൈക്രൊ സോഫ്റ്റ്‌ന്‌ ആ സാങ്കേതികത ഇല്ലെന്നു വരുമോ?

മൈക്രൊസോഫ്റ്റിനെ പൊളിച്ചടുക്കേണ്ടത്‌ ഇന്നിന്റെ ആവശ്യമാണെന്ന രീതിയില്‍ സംസാരിക്കുന്നവരൊന്നും ഹാര്‍ഡ്‌വേര്‍ പോലും കുത്തകയാക്കിയിരിക്കുന്ന ആപ്പിള്‍ മക്കിനെപ്പറ്റി ഒരക്ഷരം പറയാത്തതെന്തെ?

സ്വതന്ത്ര സോഫ്റ്റ്‌വേറിന്റെ നിര്‍വചനത്തില്‍ പ്രവീണിനെയും സിബുവിനെയും പോലുള്ള വിദദ്ധര്‍പോലും തല്ലി തീരുമാനത്തിലാകാത്ത സ്ഥിതിക്ക്‌ ഞങ്ങളെപ്പോലുള്ള മര്‍ത്ത്യര്‍ക്ക്‌ താല്‍പര്യം അതിനു വില വേണ്ടിവരുമോ, എങ്കില്‍ എത്ര എന്ന കാര്യത്തില്‍ മാത്രമാണ്‌. പരമാവധി വിലയിടാന്‍ സ്റ്റാള്‍മാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ പിന്നെ സ്വതന്ത്രന്‍ ആയാലെന്താ മൈക്രൊസോഫ്റ്റ്‌ ആയാലെന്താ? ഓപ്പണ്‍ സോഴ്സ്‌, ഡിസ്റ്റ്രിബൂഷന്‍, മോഡിഫിക്കേഷന്‍ ഇതൊക്കെ വിദദ്ധരുടെ ബൗദ്ധികപ്രശ്നങ്ങള്‍ അല്ലേ? ഒരു സാധാരണ എന്‍ഡ്‌ യൂസര്‍ക്ക്‌ അതിലെന്തു കാര്യം?