Sunday, November 04, 2007

കേരളീയ വസ്ത്രധാരണം.
ഗുരുവായൂര്‍ ദേവപ്രശ്നത്തില്‍ സ്ത്രീകള്‍ക്ക്‌ കേരളീയ വസ്ത്രധാരണമാണ്‌ ഉചിതം എന്നു പരാമര്‍ശം. (ക്ഷേത്രത്തിലാണു കേട്ടോ.)
ഇടക്കു ചുരീദാറുമാവാം എന്ന ഇളവു വന്നതാകാം പുനര്‍ചിന്തയ്ക്കു കാരണം.
എനിക്കൊരു സംശയം. എന്തായീ കേരളീയ വസ്ത്രധാരണം?
ഇപ്പോഴത്തെ രീതി അനുസരിച്ച്‌ ഓണത്തിനും നവംബര്‍ ഒന്നിനും പെണ്‍കുട്ടികള്‍ ഉടുക്കുന്ന സെറ്റും മുണ്ടുമാണൊ? ആതോ അതില്‍ സാരിയും പാവാടയും കൂടി ഉള്‍പ്പെടുമോ? ഇതെല്ലാം കൂടിയാണെങ്കില്‍ പോലും, കേരളീയ വസ്ത്രധാരണത്തിന്റെ കുത്തക ഈ വേഷങ്ങള്‍ക്കു മാത്രമായി എങ്ങനെ കിട്ടി? കൂടുതല്‍ ഉപയോഗിക്കുന്ന കണക്കില്‍ ആണെങ്കില്‍ ചുരീദാര്‍ എങ്ങനെ പുറത്തായി?
അതൊ ഈ തെരെഞ്ഞെടുപ്പിന്റെ അടിസ്ഥാനം മുന്‍കാല പ്രാബല്യമാണോ? എങ്കില്‍ ഏതു കാലം വരെയാവും പരിഗണിച്ചിട്ടുണ്ടാവുക? നമ്മുടെ പാരമ്പര്യം തീരുമാനിക്കാന്‍ ഒരു കാലഘട്ടം സര്‍ക്കാരോ മറ്റാരെങ്കിലുമോ തീര്‍പ്പാക്കിയിട്ടുണ്ടോ?
എനിക്കു തോന്നുന്നു, ചുരീദാര്‍ തള്ളിക്കയറുന്നതിന്റെ മുന്‍പുള്ള ഒരു ചെറിയ കാലഘട്ടം മാത്രമായിരുന്നു സാരിക്ക്‌ മാത്രമായ്‌ പ്രാമുഖ്യം ഉണ്ടായിരുന്നതെന്ന്‌. വെറും 25-30 വര്‍ഷം മുന്‍പു പോലും സാരിയായിരുന്നില്ല കേരളത്തിലെ മുഖ്യ വേഷം. മുണ്ടും ബ്ലസും അല്ലെങ്കില്‍ ചട്ടയും മുണ്ടുമായിരുന്നു. അന്നുപോലും സാരി ഒരു വരേണ്യ വസ്ത്രമായിരുന്നു. അപൂര്‍വമായി പുറത്തു പോകുമ്പോഴോ, അല്ലെങ്കില്‍ മെച്ചപ്പെട്ട ജോലിക്കൊ പോകുന്ന സ്ത്രീകളൊ മറ്റോ മാത്രമേ അതു ഉപയോഗിച്ചിരുന്നുള്ളൂ. (സംശയമുണ്ടെങ്കില്‍ പഴയ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ മലയാളം ചിത്രങ്ങള്‍ കണ്ടു നോക്കൂ)
അതിനു മുന്‍പ്‌ സ്വാതന്ത്രസമര ഘട്ടത്തില്‍ ഒരു ദേശീയ വൈകാരികതയില്‍ വടക്കെഇന്‍ഡ്യന്‍ വേഷമായ സാരി നമ്മുടെ സ്ത്രീകളുടെ ഒരു ഇഷ്ടമായതാവാം. പക്ഷെ തീര്‍ച്ചയായും അവരതു വ്യാപകമായി ഉടുത്തിരുന്നില്ല.
അതിനും മുന്‍പോ? മുണ്ടും മേല്‍മുണ്ടും ആയിരുന്നു അന്നു വേഷം. സ്ത്രീകള്‍ക്ക്‌ മാറു മറക്കാനുള്ള അവകാശം കിട്ടിയതു തന്നെ 18 നൂറ്റാണ്ടിലൊ മറ്റോ ആണ്‌. പാവാടയും ബ്ലസും പോലെ തയിച്ച്‌ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ വന്നതും ബ്രിട്ടീഷ്‌ ഭരണത്തോടെ മാത്രമാണ്‌.
ആപ്പോള്‍ ചുരുക്കത്തില്‍ നമ്മുടെ പാരമ്പര്യ വസ്ത്രമാണോ സാരി?
അതിനിടെ സെറ്റും മുണ്ടും പാരമ്പര്യം പറഞ്ഞ്‌ ഈ സാരിയേയും ഓവര്‍റ്റേക്ക്‌ ചെയ്തത്‌ എങ്ങിനെ എന്നു മനസ്സിലാകുന്നില്ല.
സത്യത്തില്‍ ഇന്നത്തെ ഏറ്റവും മിടുക്കരായ ഫാഷന്‍ ഡിസൈനര്‍മാരെക്കാളും വലിയ ഒരു പ്രതിഭാശാലിയാവണം സാരിയുടെ ഉപജ്നാതാവ്‌. ഇത്ര ലളിതവും മനോഹരവുമായ വേറെ ഏത്‌ വേഷമുണ്ട്‌?
പക്ഷെ സാരി തീര്‍ച്ചയായും കേരളത്തിന്റെ പരമ്പര്യ വേഷമല്ല! സാരിയെ നമ്മള്‍ ദത്തെടുത്ത സ്ഥിതിക്ക്‌ എന്തുകൊണ്ടു ചുരീദാറിനെക്കൂടി അംഗീകരിച്ചുകൂടാ?

4 comments:

മറ്റൊരാള്‍ | GG said...

കിടക്കട്ടെ ആദ്യ കമന്റ് എന്റെ വക.

മാഷേ നിങ്ങളുടെ ചിന്ന്തകള്‍ ഏറെക്കുറെ ശരിയാണെന്ന് എനിയ്ക്കും തോന്നുന്നു. സാരിയ്ക്കുറിച്ചും കേരളീയരുടെ വസ്ത്രധാരണത്തെക്കുറിച്ചുമൊക്കെ ബൂലോകത്ത് കുറെ നാളുകള്‍ക്ക് മുന്‍പ് ഒരു സംവാദം നടന്നിരുന്നു.

ചന്ദനമരം said...

മുണ്ട് തന്നെയാണു മലയാള വേഷം. സംശയമില്ല. അത്രയേ ആവശ്യവുമുള്ളു. മാറിടം ഒരു പ്രശ്നമാകുന്നത് വളരെ അടുത്ത കാലത്താണു. ഒരു 150 വര്‍ഷത്തിനിപ്പുറം. ഇപ്പോഴത് വാണിജ്യപ്രാധാന്യമുള്ളതാണു. പണ്ട് അതിനുണ്ടായിരുന്ന ജൈവപരമായ പ്രാധാന്യത്തില്‍ നിന്ന് വൈകാരികതയിലേക്ക് മാറി. എന്തു കൊന്ട് സ്ത്രീകള്‍ക്ക് മുണ്ടും ഷര്‍ട്ടും ഉപയോഗിച്ചുകൂടാ? മറയേണ്ടത് മറയുകയും സൌകര്യപ്രദവുമാണത്. വേറൊരു ചോദ്യമുണ്ട്. ചൂരിദാര്‍ ധരിക്കുന്നവര്‍ക്ക് എന്തുകൊണ്ട് ജീന്‍സായിക്കൂടാ? പക്ഷെ അതിനു പെണ്‍കുട്ടികളെ കിട്ടില്ല.

ബാബുരാജ് said...

തനതു ചിന്തകള്‍ കൊണ്ടു നമ്മളെ വിസ്മയിപ്പിക്കുമ്പോഴും, ഈ സ്ത്രീ എഴുത്തുകാര്‍ എത്ര ഹിപ്പോക്രാറ്റിക്‌ ആണ്‌ എന്നതിന്റെ തെളിവാണ്‌ ചന്ദനമരത്തിന്റെ ഈ കമന്റ്‌. 150 വര്‍ഷം മുന്‍പു വരെ മാറ്‌ മറക്കാതിരുന്നത്‌, നിവൃത്തികേടുകൊണ്ടോ അല്ലെങ്കില്‍ അതിനനുവദിക്കാതിരുന്നതുകൊണ്ടൊ ആവണം. കേരളത്തിലെ സ്ത്രീകളുടെ മാത്രം മാറ്‌ ജൈവപരം മാത്രം അവുന്നതെങ്ങിനെ? BC3000 ത്തിനും മുന്‍പുമുള്ള ഈജിപ്ഷ്യന്‍ ചിത്രങ്ങളില്‍ പോലും അവിടുത്തെ സ്ത്രീകള്‍ മാറു മറച്ചിരുന്നതായ്‌ കാണാം. സ്ത്രീ ആകര്‍ഷണീയതയിലും ലൈംഗികതയിലും സ്തനങ്ങള്‍ക്കുള്ള പങ്ക്‌ ശാസ്ത്രീയ സത്യമാണ്‌. അതു തള്ളിപ്പറയുന്നതു ഒരുതരം ചീഞ്ഞ ഫെമിനിസം ആണ്‌

Unknown said...

താങ്കള്‍ ഒരു മുഴം മുന്പെ എറിഞ്ഞതിനാല്‍, എന്റെ പോസ്റ്റ് ഇനി പോസ്റ്റുന്നില്ല.