Showing posts with label വൈദ്യ ശാസ്ത്രം. Show all posts
Showing posts with label വൈദ്യ ശാസ്ത്രം. Show all posts

Friday, December 07, 2007

"കുട്ടികളുടെ ചുമയ്ക്ക്‌ തേന്‍ ഫലപ്രദം"

കഴിഞ്ഞ ദിവസം കുറിഞ്ഞി ഓണ്‍ലൈനില്‍ ജോസഫ്‌ സാറിന്റെ "കുട്ടികളുടെ ചുമയ്ക്ക്‌ തേന്‍ ഫലപ്രദം" എന്നൊരു പോസ്റ്റ്‌ വന്നിരുന്നല്ലോ? നല്ലൊരു പോസ്റ്റ്‌ ആയിരുന്നു. ആദ്ദേഹം ഒരു പക്ഷെ ഉദ്ദേശിച്ചതിലും കടന്നാണ്‌ പല കമന്റന്മാരും (ഞാനുള്‍പ്പടെ) പ്രതികരിച്ചത്‌. അതുകൊണ്ടു തന്നെ ആ വാര്‍ത്തയെപ്പറ്റി കുറച്ച്‌ അന്വേഷിച്ചു കിട്ടിയ വിവരങ്ങള്‍ പങ്കു വെയ്ക്കുന്നു.

ഗവേഷകരുടെ തന്നെ സൈറ്റില്‍ നിന്ന് കിട്ടിയ വിവരം വെച്ച്‌, തേനിനെക്കുറിച്ചുള്ള അറിവ്‌ പരിശോധിക്കുകയായിരുന്നു എന്നു പറയുന്നു. ഒരൊറ്റ ഡോസ്‌ പ്രയോഗമാണ്‌ പരീക്ഷിക്കപ്പെട്ടത്‌. കുട്ടിയുടെ മാതാപിതാക്കള്‍ തന്നെ മരുന്ന് നല്‍കുകയായിരുന്നു. പിറ്റേന്ന് മാതാപിതാക്കള്‍ ഗവേഷകരോട്‌ അനുഭവം പറയുന്നു.

ഗൗരവമുള്ളതും ചികില്‍സിക്കാവുന്നതുമായ അസുഖങ്ങള്‍, അലര്‍ജികള്‍, അണപ്പ്‌, 8 ദിവസത്തില്‍ കൂടിയ ലക്ഷണങ്ങള്‍,ആസ്ത്മ, ചുഴലി, കുറച്ചു നാളായുള്ള ശ്വാസകോശ രോഗങ്ങള്‍ എന്നിവയുള്ള കുട്ടികളെ ഒഴിവാക്കി. (അതായത്‌ "പോട്ടയില്‍ പോയാലും മാറുന്ന" ചുമയുള്ളവരയേ പങ്കെടുപ്പിച്ചുള്ളുവെന്നര്‍<ം)

പഠന കാലാവധി 24 മണിക്കൂര്‍. (കാലം മാറി. എല്ലാം വേഗത്തിലാവുകയല്ലേ? ഇനി ഒരു മണിക്കൂറിന്റെ പഠനം വന്നേക്കും)ഗവേഷണ ഫലം എന്തായിരുന്നു? അതവരുടെ സൈറ്റിലില്ല. വേണമെങ്കില്‍ ഇ-മെയിലില്‍ അന്വേഷിച്ചാല്‍ പറയും. അതു കൊണ്ട്‌ ലേ പ്രസ്സില്‍ വന്ന ഫലം അറിയുകയെ നിവൃത്തിയുള്ളൂ. (ഗവേഷണ ഫലങ്ങള്‍ വായിക്കുന്നവര്‍ക്കറിയാം അതു തമ്മില്‍ ഒത്തിരി വ്യത്യാസം ഉണ്ടെന്ന്.)

ഒറ്റ ഡോസ്‌ മരുന്നില്‍ 24 മണിക്കൂര്‍ കൊണ്ട്‌ തീര്‍ത്ത ഗവേഷണം. സത്യത്തില്‍ ഒരു മൂന്നാം വര്‍ഷ വൈദ്യ വിദ്യാര്‍ത്ഥി തന്റെ പ്രൊജക്റ്റിനു വേണ്ടിപ്പോലും ഇതു ചെയ്യാന്‍ ധൈര്യപ്പെടുമെന്നു തോന്നുന്നില്ല.പിന്നെന്തേ സായിപ്പിതു ചെയ്യാനും, മാധ്യമങ്ങളില്‍ ഇത്ര വലിയ പ്രചരണം കിട്ടാനും?

ഇതിനിടെ ഒരു ചെറിയ വിവരം കൂടി. നാഷണല്‍ ഹണി ബോര്‍ഡ്‌ (അങ്ങിനെ ഒരു സാധനം ഉണ്ടത്രെ!) നല്‍കിയ 39806 ഡോളറിന്റെ (? 17 ലക്ഷം രൂപ) ഗ്രാന്റിലാണ്‌ പഠനം നടന്നത്‌.ഇനിയിപ്പം ത്രില്ലടിച്ചതും മല്ലടിച്ചതുമായ എല്ലാ കമന്റന്മാരും പറഞ്ഞതു വിഴുങ്ങണം എന്നു തോന്നുന്നു.