Sunday, July 01, 2012

സ്വതന്ത്ര ഇച്ഛ?- Free Will?


       കഴിഞ്ഞ ദിവസം എനിക്ക് ഒരു ഇ-മെയിൽ കിട്ടി. വളരെ കൗതുകകരമായ ഒന്ന്. ഒരു ചെറിയ പരീക്ഷണമാണത്. പടിപടിയായി നമ്മൾ കുറച്ച് രണ്ടക്ക സംഖ്യകൾ തമ്മിൽ കൂട്ടി ഉത്തരം ഓർക്കാൻ ശ്രമിക്കണം. പുറകിലേക്ക് നോക്കാനൊന്നും പാടില്ല. അവസാനമായി അധികമൊന്നും ആലോചിക്കാതെ ഒരു കാര്യം നമ്മളോട് ചെയ്യുവാൻ ആവശ്യപ്പെടുന്നു. ഇതിന്റെ ഫലം 98% ഉം പ്രവചിക്കാവുന്നതാണെന്ന് പറയുന്നു. 98% തന്നെ വരുമോഎന്നു സംശയമുണ്ടെങ്കിലും ഞങ്ങൾ പരീക്ഷിച്ചപ്പോൾ അതിശയകരമായ ഫലങ്ങളാണ് കണ്ടത്. ( ഇത് പരീക്ഷിച്ച് നോക്കുവാൻ താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ തുടർന്ന് വായിക്കുന്നതിനു മുൻപ് ചെയ്യുക. ഇവിടെ. അതിന്റെ ഫലത്തെ ബാധിക്കാതിരിക്കുവാനാണ് കൂടുതൽ വിവരങ്ങൾ പറയാത്തത്. )

      ഈ പരീക്ഷയുടെ കേവലകൗതുകം വിട്ട് ചിന്തിക്കുമ്പോൾ ഒരു കാര്യം വ്യക്തമാകുന്നു, നമ്മുടെ തലച്ചോർ ഒരു അല്പം മുൻ പരുവപ്പെടുത്തലിലൂടെ ഏതാണ്ട് നിയതമായ രീതിയിൽ പ്രവർത്തിക്കുന്നു എന്നതാണത്. നമ്മളിൽ ഭൂരിഭാഗം പേരും എന്തു കൊണ്ടാണ് ചുവപ്പ് നിറം തിരഞ്ഞെടുത്തത്? താങ്കളുടെ ഇഷ്ട നിറം ചുവപ്പ് തന്നെയാണോ?അല്ലെങ്കിൽ എന്തു കൊണ്ടാണ് ആ നിറം ഇവിടെ തിരഞ്ഞെടുക്കാതിരുന്നത്? ഞാൻ ചുവപ്പാണ് തിരഞ്ഞെടുക്കുവാൻ ആഗ്രഹിച്ചത് എന്നു പറഞ്ഞാൽ അതു സത്യമാണോ?

     ഇവിടെ തിരഞ്ഞെടുപ്പ് ഒന്നും സംഭവിച്ചില്ല, ചുവപ്പ് (മിക്കവാറും പേർക്ക്) വെറുതേ നമ്മുടെ മനസ്സിലേക്ക് കടന്നു വരുകയായിരുന്നു. അങ്ങിനല്ലേ? അപ്പോൾ നമ്മുടെ തിരഞ്ഞെടുക്കാനുള്ള സ്വതന്ത്ര ഇച്ഛയ്ക്ക് എന്തു സംഭവിച്ചു? ഇവിടെ ഞാൻ മുൻപ് പറഞ്ഞ ഒരു കാര്യം ഒന്നു കൂടി ഓർക്കണം, മുൻ പരുവപ്പെടുത്തൽ... ഒരേ പോലുള്ള ഈ പ്രൈമിങ്ങിൽ മിക്കവാറും തലച്ചോറുകൾ ഒരേ പോലേ പ്രതികരിക്കുന്നത് എന്തുകൊണ്ടാണ്?. തലച്ചോറുകളുടെ പ്രവർത്തനത്തിന്റെ, - ചിന്ത ഉൾപ്പടെ- സമാനത അല്ലേ ഇതു കാണിക്കുന്നത്? നമ്മളിൽ ഭൂരിപക്ഷം പേർക്കും വേറിട്ട് ചിന്തിക്കാൻ ആവാതിരുന്നത് എന്തുകൊണ്ടാണ്? ഓരോരുത്തരുടേയും സ്വതന്ത്ര ഇച്ഛയ്ക്ക് എന്തു സംഭവിക്കുന്നു? നമ്മുടെ ഓരോ തീരുമാനവും നമ്മുടെ ഇച്ഛാനുസരണം അല്ല നടക്കുന്നത് എന്നാണോ?

അല്ല എന്നാണ് പുതിയ ശാസ്ത്ര ഗവേഷണങ്ങൾ തെളിയിക്കുന്നത്. നമ്മുടെ ചിന്തകളും തീരുമാനങ്ങളും നമ്മുടെ വരുതിയിലല്ല. സ്വതന്ത്ര ഇച്ഛ എന്നത് ഒരു മിഥ്യ മാത്രമാണ്. ഞാൻ അടുത്തതായി എന്താണ് റ്റൈപ്പ് ചെയ്യാൻ പോകുന്നത് എന്നത് ഞാൻ (അതായത് എന്റെ ബോധമനസ്സ്) തീരുമാനിക്കുന്നതിനു മുൻപ് തന്നെ എന്റെ തലച്ചോറിലെ ഉപബോധ കേന്ദ്രങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. വിശ്വാസം വരുന്നില്ല അല്ലേ? പക്ഷെ അതാണ് സത്യം. ഈ പോസ്റ്റ് തുടർന്നു വായിക്കണോ അതോ അടുത്ത ലിങ്കിലേക്ക് പോകണോ എന്നു തീരുമാനിക്കുന്നതും താങ്കളുടെ ബോധമനസ്സല്ല.

ശരി, ഇതു തുടർന്നു വായിക്കാൻ താങ്കളുടെ ഉപബോധമനസ്സ് അനുവാദം തന്നതിനാൽ ഞാൻ കുറച്ചു കൂടി വിശദീകരിക്കാം. സ്വതന്ത്ര ഇച്ഛ (Free Will) എന്ന വിഷയത്തിൽ ധാരാളം ഗവേഷണങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. സ്വതന്ത്ര ഇച്ഛ നമ്മുടെ ഒരു മിഥ്യാധാരണ മാത്രമാണെന്ന് ഏതാണ്ട് ശാസ്ത്രലോകം അംഗീകരിച്ചു കഴിഞ്ഞു. നിർവചനത്തിന്റെ സാങ്കേതികതയിൽ മാത്രമാണ് വിരുദ്ധാഭിപ്രായങ്ങൾ ഉള്ളത്. ന്യൂറോളജി ഗവേഷകനും, ഗ്രന്ഥകർത്താവും, നിരീശ്വരവദിയും, തത്വചിന്തകനും ഒക്കെയായ സാം ഹാരീസ് തന്റെ പുതിയ പുസ്തകമായ "Free Will” ലിൽ ഈ വിഷയത്തിൽ ഒരു ആമുഖം തരുന്നു. “ഒറ്റയിരുപ്പിൽ വായിക്കാവുന്ന ഒരു ചെറിയ പുസ്തകം" എന്നാണ് അദ്ദേഹം ഈ പുസ്തകത്തെപ്പറ്റി പറയുന്നത് എങ്കിലും ഇത് ഒറ്റയിരുപ്പിൽ വായിക്കാനാവുമെന്നു തോന്നുന്നില്ല. കാരണം തത്വചിന്തയുടെ അതിപ്രസരം തന്നെ. “തത്വചിന്ത മരിച്ചു.” എന്നു സത്യസന്ധമായി സ്റ്റീവൻ ഹോക്കിൻസ് പറഞ്ഞെങ്കിലും ഇനിയും മുട്ടിലിഴയുന്ന ഒരു ശാസ്ത്രതത്വത്തിനു വിശദീകരണത്തിനായി കുറെയൊക്കെ തത്വചിന്തയെ കൂട്ടുപിടിക്കേണ്ടി വരും. പ്രത്യേകിച്ച് ഗ്രന്ഥകർത്താവ് സാം ഹാരീസ് ആകുമ്പോൾ.

ബെഞ്ചമിൻ ലിബെ (Benjamin Libet) എന്ന ശാസ്ത്രജ്ഞൻ നടത്തിയ ഒരു പരീക്ഷണമാണ് ഈ പുതു ചിന്തയുടെ വിത്തു പാകിയത്. അദ്ദേഹം EEG ഉപയോഗിച്ച് വ്യക്തികളുടെ തലച്ചോർ നിരീക്ഷിച്ചതിൽ നിന്നും അവർ ഒരു ചലനം നടത്തുവാൻ തീരുമനിക്കുന്നതിനു ഏകദേശം 300 മില്ലീസെക്കൻഡിനു മുൻപ് തന്നെ അങ്ങിനെ ഒരു നീക്കം വരാൻ പോകുന്നതിന്റെ സൂചനകൾ EEG കാണിക്കുകയുണ്ടായി. കൂടുതൽ കൃത്യതയാർന്ന ഫങ്ക്ഷണൽ MRI ഉപയോഗിച്ചു നടത്തിയ തുടർപരീക്ഷണങ്ങളിൽ 7 മുതൽ 10 സെക്കൻഡ് മുൻപ് തന്നെ വരാൻ പോകുന്ന നീക്കങ്ങൾ പ്രവചിക്കുവാൻ സാധിച്ചു. ( പരീക്ഷണത്തിനു തയ്യാറായവർക്ക് രണ്ടു സ്വിച്ചുകൾ നൽകി. അവരുടെ ഇഷ്ടം അനുസരിച്ച് ഏതെങ്കിലും സ്വിച്ച് പ്രവർത്തിപ്പിക്കണം. അതോടൊപ്പം മുന്നിലെ സ്ക്രീനിൽ പ്രത്യേകിച്ച് ഒരു ക്രമത്തിലുമല്ലാതെ അക്ഷരങ്ങൾ പ്രദർശിപ്പിച്ചു.. സ്ക്രീനിൽ ഏത് അക്ഷരം വന്നപ്പോഴാണ് സ്വിച്ച് അമർത്തുവാൻ തീരുമനിച്ചത് എന്ന് പറയുവാൻ നിർദ്ദേശിച്ചു. തീരുമാനം എടുത്തതിന്റെ സമയം കൃത്യമായി അറിയുവാനാണ് ഇത്. അതോടൊപ്പം തന്നെ വൊളണ്ടിയേഴ്സിന്റെ തലച്ചോർ പ്രവർത്തനം fMRI വഴി നിരീക്ഷിക്കുകയും ചെയ്തു.)

ഈ പരിക്ഷണങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് നമ്മുടെ ബോധപൂർവ്വമായ തീരുമാനങ്ങൾക്കും മുൻപു തന്നെ തലച്ചോർ അക്കാര്യത്തിനുള്ള നീക്കം ആരംഭിക്കുന്നു എന്നാണ്. അതായത് നമ്മുടെ പ്രവർത്തികൾക്കും തീരുമാനങ്ങൾക്കും മേൽ നമുക്ക് നേരിട്ട് ഒരു നിയന്ത്രണം ഇല്ല എന്നുള്ളതാണ് സത്യം, നമ്മൾ അങ്ങിനെ വിശ്വസിക്കുന്നു എങ്കിലും. (ഇതു തന്നെയല്ലേ ഞങ്ങൾ ഇത്രനാളും പറഞ്ഞിരുന്നത് എന്നു സർവ്വശക്തനായ ദൈവത്തിൽ വിശ്വസിക്കുന്നവർ അവകാശപ്പെടാൻ വരട്ടെ..) പിന്നെ നമ്മുടെ പ്രവർത്തികളും തീരുമാനങ്ങളും നിയന്ത്രിക്കുന്നത് ആരാണ്? അല്ലെങ്കിൽ എന്താണ്?

നമ്മുടെ ജനിതക ഘടന, ജീവിതാനുഭവങ്ങൾ, അറിവ്, സാഹചര്യങ്ങൾ ഇവയൊക്കെയാണ് ഈ തീരുമാനങ്ങളെ നിർണ്ണയിക്കുന്നത് എന്നാണ് സാം ഹാരീസ് പറയുന്നത്. ഗോവിന്ദചാമിയുടെ അതേ കൃത്യമായ ഒരു ജനിതക ഘടനയും ജീവിതാനുഭവങ്ങളും സാഹചര്യങ്ങളും എനിക്കുണ്ടാകുകയായിരുന്നുവെങ്കിൽ അയാൾ ചെയ്തതുപോലൊരു നീചകൃത്യം ഞാൻ ചെയ്യാതിരിക്കാൻ യാതൊരു ന്യായവും കാണുന്നില്ല. നമ്മൾ അത്തരം കൃത്യങ്ങളൊന്നും ചെയ്യാതിരിക്കുന്നത് മുൻ പറഞ്ഞ ഘടകങ്ങളുടെ നിർണ്ണയത്തിൽ നമുക്കു ലഭിച്ച ഭാഗ്യം ഒന്നു കൊണ്ടു മാത്രമാണ്. അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട് അല്ലേ? പല ശാസ്ത്രസത്യങ്ങളും തുടക്കത്തിൽ അങ്ങിനെ തന്നെ ആയിരുന്നു.

തലച്ചോറിന്റെ പ്രവർത്തനത്തെ പൊതുവേ ബോധപൂർവ്വവും അബോധപൂർവ്വവുമായി നിർവചിച്ചിരുന്നു. ഉദാഹരണത്തിന് ഞാൻ ഇപ്പോൾ ടൈപ്പ് ചെയ്യുന്നത് ബോധപൂർവ്വമായ പ്രവൃത്തി. അതേ സമയം എന്റെ ഹൃദയം പ്രവർത്തിക്കുന്നതും മറ്റനേകം ശാരീരിക പ്രവർത്തനങ്ങളും അബോധപൂർവ്വമായി നടക്കുന്നു. എന്റെ തലച്ചോർ പ്രവർത്തനം നിറുത്തിയാൽ അവയൊക്കെ പ്രവർത്തന രഹിതമാകും. എന്നാലിപ്പോൾ നമ്മൾ കണ്ടു ഈ ബോധമനസ്സ് കേവലം ഒരു ബോധ്യപ്പെടുത്തൽ കേന്ദ്രം മാത്രമാണെന്ന്. ഈ ബോധമനസ്സിനും മുകളിലുള്ള ഒരു അബോധമനസ്സ് എടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ ചിന്താ ധാരയിൽ ഉൾപ്പെടുത്തുന്നതു മൂലം സൃഷ്ടിക്കപ്പെടുന്ന ഒരു അയഥാർത്ഥ സങ്കൽപ്പം മാത്രമാണ് സ്വതന്ത്ര ഇച്ഛ. അബോധമനസ്സിനു രണ്ടു പ്രവർത്തന ഘടകങ്ങളുണ്ടെന്നാണ് ഇപ്പോൾ പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഒന്ന് പരിണാമം വഴി ഉരുത്തിരിഞ്ഞതും, മാറ്റങ്ങൾക്ക് സാവധാനം മാത്രം വഴങ്ങുന്നതും, എന്നാൽ വളരെ പെട്ടെന്ന് പ്രതികരിക്കുന്നതും. മറ്റേത് പിന്നീട് മാത്രം ഉരുത്തിരിഞ്ഞതും, മാറ്റങ്ങൾ പെട്ടെന്ന് ഉൾക്കൊള്ളുന്നതും എന്നാൽ പ്രതികരണ വേഗം താരതമ്യേന കുറഞ്ഞതും. മനുഷ്യൻ ഒരു ജീവി എന്ന നിലയിൽ അതിജീവനത്തിനു സഹായിക്കുന്നതാണ് ആദ്യഘടകം. നമ്മുടെ വ്യക്തിത്വം സ്വഭാവം മുതലായ കാര്യങ്ങൾ രണ്ടാമത്തെ ഘടകം നിർണ്ണയിക്കുന്നു. ഈ രണ്ടു ഘടകങ്ങളുടേയും സമ്യുക്ത പ്രവർത്തനമാണ് നമ്മളെ നാമാക്കുന്നത്.

സ്വതന്ത്ര ഇച്ഛ എന്നൊന്നില്ല എന്നു നമ്മൾ കണ്ടു. നമ്മളുടെ നേരിട്ടുള്ള നിയന്ത്രണമില്ലാതെ നമ്മുടെ തലച്ചോറിൽ രൂപപ്പെടുന്ന പ്രവർത്തനങ്ങളെ നമ്മൾ നമ്മുടേതായി തെറ്റിധരിക്കുന്നു. നമ്മളൊക്കെ വെറും "ബയോകെമിക്കൽ പപ്പറ്റ്സ്" ആണെന്നാണ് ഗ്രന്ഥകാരൻ പറയുന്നത്. പക്ഷെ നമ്മൾ അറിഞ്ഞാണെങ്കിലും അറിയാതെയാണെങ്കിലും എല്ലാ പ്രവർത്തികളും നമ്മുടെ തലച്ചോറിൽ തന്നെയാണ് രൂപപ്പെടുന്നത്. ആയതിനാൽ സ്വതന്ത്ര ഇച്ഛ ഒരു സത്യം തന്നെയാണെന്ന പക്ഷക്കാരാണ് മറ്റു ചില ചിന്തകർ. ഈ വാദം ഖണ്ഡിക്കാൻ സാം ഉപയോഗിക്കുന്ന ഒരു ഉദാഹരണം മനോഹരമാണ്. “ ഒരു ഇൻഡ്യൻ യോഗി, താൻ സൂര്യപ്രകാശം മാത്രം ഉപയോഗിച്ചാണ് ജീവിക്കുന്നതെന്ന് അവകാശപ്പെടുന്നു. അത് സത്യമാവില്ല എന്ന് സാമാന്യ ബോധമുള്ള ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ സൂര്യപ്രകാശം ഉപയോഗിച്ച് സസ്യങ്ങൾ വളരുന്നു, അത് തിന്ന് മൃഗങ്ങൾ വളരുന്നു, അതിനാൽ ഈ സസ്യങ്ങളേയും മൃഗങ്ങളേയും ഭക്ഷിച്ച് ജീവിക്കുന്ന ഒരാൾ സത്യത്തിൽ സൂര്യപ്രകാശം ഉപയോഗിച്ചാണ് ജീവിക്കുന്നത് എന്നു വാദിക്കാമല്ലോ?” സത്യമല്ലേ? സാം തുടരുന്നു; നമ്മുടെ മാതാപിതാക്കൾ ആരായിരിക്കണം എന്നു നാമല്ല തീരുമാനിച്ചത്, അതിനാൽ തന്നെ നമ്മുടെ ജനിതക ഘടനയും നമ്മുടെ തീരുമാനമല്ല. നമ്മുടെ അനുഭവങ്ങൾ, സാഹചര്യങ്ങൾ ഒന്നും നമ്മുടെ മാത്രം തീരുമാനങ്ങളല്ല. പിന്നെ എവിടെയാണ് നമ്മുടെ സ്വാതന്ത്ര്യം? എവിടെയാണ് സ്വതന്ത്ര ഇച്ഛ?

സ്വതന്ത്ര ഇച്ഛ മിഥ്യയാണ് എന്ന ഈ ആശയമിപ്പോഴും അതിന്റെ ശൈശവാവസ്ഥയിലാണ്. പക്ഷെ അത് വ്യക്തമായി തെളിയിക്കപ്പെട്ട് ഒരു ശാസ്ത്രസത്യമായി അംഗീകരിക്കപ്പെട്ടാൽ അതിന്റെ പ്രത്യാഘാതങ്ങൾ ദൂരവ്യാപകമായിരിക്കും. കുറ്റകൃത്യങ്ങളുടേ ഉത്തരവാദിത്യം അത് ചെയ്യുന്നവരിൽ ആരോപിക്കപ്പെടാൻ ആവുകയില്ല, ചുരുക്കത്തിൽ നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയിൽ തന്നെ ഒരു പൊളിച്ചെഴുത്ത് വേണ്ടിവരും. നമുക്ക് കാത്തിരുന്നു കാണാം.



3 comments:

Geetha Thottam said...

ആശയങ്ങൾ അവതരിപ്പിച്ചിരിക്കുന്ന രീതി കൊള്ളാം. simple and pleasant. continue....ALL THE BEST

anushka said...

പ്രത്യാഖാതമല്ല , പ്രത്യാഘാതം .

ബാബുരാജ് said...

നന്ദി, വ്രജേഷ്.തിരുത്തി.