Saturday, July 02, 2011

മതസഹിഷ്ണുത: കൃസ്ത്യന്‍ രീതി.

പോസ്റ്റിന്റെ ആദ്യഭാഗം ഇവിടെ. രണ്ടാം ഭാഗം ഇവിടെ."ഇതുവരെ ഈ വിഗ്രഹങ്ങളെ ആരാധിച്ചിരുന്ന അതേ ആളുകള്‍ തന്നെ അവയെ തള്ളിയിട്ട് തകര്‍ക്കുന്നത് കാണുമ്പോഴുണ്ടാകുന്ന സന്തോഷം എങ്ങിനെ പറഞ്ഞറിയിക്കണമെന്ന് എനിക്കറിയില്ല. “

വി. ഫ്രാന്‍സിസ് സേവ്യര്‍.

1498 ല്‍ വാസ്കോ ഡി ഗാമ കോഴിക്കോട്ട് കപ്പലിറങ്ങിയതോടെ ഭാരതത്തില്‍ പുതിയ പോര്‍ച്ചുഗീസ് യുഗം ആരംഭിച്ചു. പോര്‍ച്ചുഗീസ് സാന്നിദ്ധ്യം കേരള ചരിത്രത്തെ അത്യന്തം പ്രതിലോമകരമായി ബാധിച്ചുവെന്കിലും, അവരുടെ ശക്തികേന്ദ്രമായി മാറിയത് ഗോവയായിരുന്നു. ഏഷ്യയിലെ വാണിജ്യത്തിനും കൃസ്തുമത പ്രചരണത്തിനുമുള്ള കുത്തകാവകാശം ഒരുത്തരവു വഴി മാര്‍പാപ്പയില്‍ നിന്നും പോര്‍ച്ചുഗീസുകാര്‍ കരസ്ഥമാക്കിയിരുന്നു. ജസ്യൂട്ട് പാതിരിമാരും തുടര്‍ന്ന് ഫ്രാന്‍സിസ്കന്‍ പാതിരിമാരും പോര്‍ച്ചുഗീസ് സ്വാധീന മേഖലകളില്‍ മതപരിവര്‍ത്തനം തുടങ്ങി. പരിവര്‍ത്തിതരാകുന്ന നിര്‍ധനര്‍ക്ക് ഭക്ഷണത്തിനുള്ള അരിയും മറ്റും സര്‍ക്കാരില്‍ നിന്നും സഹായമായി നല്കി വന്നു. ഭേദപ്പെട്ട സാമൂഹ്യ നിലവാരത്തിലുള്ള പരിവര്‍ത്തിതര്‍ക്ക് സര്‍ക്കാര്‍ ജോലികളും മറ്റു സ്ഥാനമാനങ്ങളും നല്കപ്പെട്ടു. ആയതിനാല്‍ ആദ്യകാലങ്ങളില്‍ വളരെയധികം പേര്‍ കൃസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു.

പിന്നീട് വിശുദ്ധനാക്കപ്പെട്ട ഫ്രാന്‍സിസ് സേവ്യര്‍ ആയിരുന്നു പരിവര്‍ത്തന പ്രവര്‍ത്തനങ്ങളിലെ പ്രമുഖന്‍. “സാത്താന്റെ" ഉപാസകരായ തദ്ദേശീയരെ സത്യവിശ്വാസത്തിലേക്ക് മാറ്റുന്നതിനോടൊപ്പം തന്നെ അവരുടെ ആരാധനാലയങ്ങളും പൂജാബിംബങ്ങളും തച്ചുടക്കുന്നതിലും അദ്ദേഹം ആനന്ദം കണ്ടെത്തി. ഹിന്ദു ദൈവങ്ങളെ പരാമര്‍ശിക്കുമ്പോഴൊക്കെ അത്യന്തം നിന്ദാപരമായ വാക്കുകളാണ് ഫ്രാന്‍സിസ് സേവ്യര്‍ ഉപയോഗിച്ചിരുന്നത്. ആ ബിംബങ്ങളെപ്പോലെ തന്നെ കറുത്തതും വൃത്തികെട്ടതും.... എന്ന രീതിയില്‍. ആരാധന സ്ഥലങ്ങളും ബിംബങ്ങളും തകര്‍ക്കുന്നതിനായി കുട്ടികളുടെ സംഘങ്ങളേയും അദ്ദേഹം നിലനിര്‍ത്തിയിരുന്നു. (കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് യാദൃശ്ചികമായി 1956 ല്‍ പ്രസിദ്ധീകരിച്ച ഒരു പുസ്തകം കാണാനിടയായി. പഴമയുടെ കൗതുകം കൊണ്ട് കുറച്ചു വായിച്ചു. അതില്‍ "ശൗര്യാര്‍ പുണ്യാളന്‍" ക്ഷേത്രങ്ങളും വിഗ്രഹങ്ങളും തകര്‍ക്കുന്നത് ചിത്ര സഹിതം വളരെ ആരാധനാഭാവത്തില്‍ വര്‍ണ്ണിച്ചിരുന്നു. ഈ പോസ്റ്റിനെപ്പറ്റി ആലോചിച്ചപ്പോള്‍ ആ പുസ്തകം അന്വേഷിച്ചെന്കിലും കണ്ടെത്താനായില്ല.)

ദ്രവ്യലാഭത്തിനായി പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ തങ്ങളുടെ പൂര്‍വ്വവിശ്വാസങ്ങളൊന്നും ഉപേക്ഷിച്ചില്ല. മിക്കവാറും പേര്‍ പഴയ വിശ്വാസങ്ങളും ആരാധനാരീതികളും തുടര്‍ന്നു. ഇത് പാതിരിമാരെ ക്ഷുഭിതരാക്കി. യൂറോപ്പിലെ പോലെ ഇവിടേയും ഇന്‍ക്വിസിഷന്‍ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് സേവ്യര്‍ 1545 ല്‍ പോര്‍ച്ചുഗല്‍ രാജാവിന് കത്തയച്ചു.

നിര്‍ബന്ധിത പരിവര്‍ത്തനവും വലിയ തോതില്‍ നടന്നു. ഹിന്ദുക്കള്‍ കുടിവെള്ളമെടുക്കുന്ന കിണറുകളില്‍ വിശുദ്ധ അപ്പം ഇടും, അതറിയാതെ അവര്‍ വെള്ളം കുടിക്കുമ്പോള്‍ അവരുടെ ജ്ഞാനസ്നാനം കഴിഞ്ഞതായി പ്രഖ്യാപിക്കും. സെന്റ്: പോളിന്റെ തിരുനാളിന് കൂടുതല്‍ പരിവര്‍ത്തിതരെ ആവശ്യമായതിനാല്‍ അതിനു രണ്ടു ദിവസം മുമ്പ് പാതിരി, ഭൃത്യരുമായി ഹിന്ദുക്കള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ ചെല്ലും. ഭൃത്യര്‍ വീടുകളില്‍ കടന്ന് ആളുകളെ പിടിച്ചിറക്കി, വായില്‍ പശുമാംസം തേയ്ക്കും. അതോടെ ഹിന്ദുമതത്തില്‍ നിന്നും ബഹിഷ്കൃതരാവുന്ന അവര്‍ക്ക് കൃസ്ത്യാനിയാവുക എന്നതു മാത്രമാവും ആശ്രയം.

ഗോവന്‍ ഇന്‍ക്വിസിഷന്‍

ഫ്രാന്‍സിസ് സേവ്യറിന്റെ ആഗ്രഹപ്രകാരംതന്നെ ഇന്‍ക്വിസിഷന്‍ ആരംഭിച്ചെന്കിലും അതിനു സാക്ഷിയാവാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. അദ്ദേഹത്തിന്റെ മരണത്തിന് 8 വര്‍ഷത്തിനു ശേഷം 1560 ല്‍ ആണ് ഗോവയില്‍ ഇന്‍ക്വിസിഷന്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് 1812 വരെ 252 വര്‍ഷം നീണ്ടുനിന്ന ഈ ഭീകരത യൂറോപ്യന്‍ ഇന്‍ക്വിസിഷനെപ്പോലും കാലദൈര്‍ഘ്യം കൊണ്ട് വെല്ലും. 1812 ല്‍ ഇന്‍ക്വിസിഷന്‍ നിര്‍ത്തലാക്കിയതോടെ അതു സംബന്ധിച്ച രേഖകള്‍ എല്ലാം തന്നെ നശിപ്പിച്ചു കളഞ്ഞു. ആയതിനാല്‍ അതിനിരയായവരെപ്പറ്റി കൃത്യമായ കണക്കുകളില്ല. ലഭ്യമായ കണക്കുകള്‍ വെച്ചു പോലും പതിനാറായിരത്തിലധികം പേര്‍ കുറ്റവിചാരണയ്ക്ക് വിധേയരായി. ഇതില്‍ ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലീങ്ങളും ജൂതന്മാരും മറ്റു കൃസ്ത്യന്‍ വിഭാഗങ്ങളും വിദേശികളും ഉള്‍പ്പെടും. കൃസ്ത്യാനിയായതിനു ശേഷം മറ്റാചാരങ്ങള്‍ തുടരുന്നവരെ ശിക്ഷിക്കലായിരുന്നു പ്രധാന ഉദ്ദേശം എന്കിലും മറ്റു മതങ്ങളെ തകര്‍ക്കുക അവരുടെ സ്വത്തുക്കള്‍ തട്ടിയെടുക്കുക എന്നിവയും ലക്ഷ്യമിട്ടു.

കുറ്റം ആരോപിക്കപ്പെടുന്നവരെ ഇന്‍ക്വിസിഷന്‍ നടത്തിപ്പുകാരുടെ കൊട്ടാരത്തിനോട് ചേര്‍ന്നു തന്നെയുള്ള തടവറയില്‍ അടയ്ക്കും. ചോദ്യം ചെയ്യലിന്റെ ഭാഗമായി അതിക്രൂരമായ പീഢനങ്ങളാണ് ഇരകള്‍ അനുഭവിക്കേണ്ടിവരുന്നത്. കൈ പുറകിലേക്ക് കെട്ടി കപ്പി വഴി ഉയര്‍ത്തുകയും താഴ്തുകയും ചെയ്യുക, തീയ്ക്ക് മുകളില്‍ കെട്ടിതൂക്കിയിടുക കമ്പിപ്പാരകളില്‍ കിടത്തി നടുവൊടിയുന്നതുവരെ നിര്‍ത്താതെ വെള്ളം കുടിപ്പിക്കുക തുടങ്ങിയവയായിരുന്നു പതിവ് നടപടികള്‍. ചിലരെ ബന്ധുക്കളുടെ സാക്ഷ്യത്തില്‍ അംഗഛേദം നടത്തിയിരുന്നു. കൈകാലുകള്‍ മുഴുവന്‍ മുറിച്ചു മാറ്റുന്നതുവരെ ഇര മരിക്കുകയോ ബോധം നശിക്കുകയോ ചെയ്യാതെ വിദദ്ധമായാണ് ഇത് ചെയ്തിരുന്നത്. ഇന്‍ക്വിസിഷന്‍ മേലാളന്മാരുടെ അത്താഴശേഷ വിനോദപരിപാടി എന്ന നിലയില്‍ സ്ത്രീ തടവുകാരെ പലപ്പോഴും അവരുടെ സാക്ഷ്യത്തിലാണ് പീഢിപ്പിച്ചിരുന്നത്.

ധാരാളം പേര്‍ ഇന്‍ക്വിസിഷന്‍ കോടതിയില്‍ എത്തുന്നതിനു മുമ്പ് തന്നെ കൊല്ലപ്പെടും. അവരുടെ മൃതദേഹം മറവു ചെയ്തതിനു ശേഷം വിചാരണ സമയമാവുമ്പോള്‍ അസ്ഥി കുഴിച്ചെടുത്ത് ഹാജരാക്കി പരേതനെ വിചാരണ ചെയ്യും. കുറ്റവാളിയെന്നു വിധിച്ചാല്‍ ആ അസ്ഥി അഗ്നിക്കിരയാക്കും. ഇനി ഏതെന്കിലും നിര്‍ഭാഗ്യവാന് ജീവനോടെ തന്നെ വധശിക്ഷ ലഭിച്ചാല്‍ കോടതി കനിയും. അയാള്‍ക്ക് വേണ്ടി വാദിക്കാന്‍ കോടതി ആളെ ഏര്‍പ്പാടാക്കും. അപ്രകാരം ഏര്‍പ്പാടാക്കുന്ന ആള്‍, കുറ്റവാളിയോട് കരുണ കാട്ടണമെന്നും രക്തം ചിന്താതെ മരിക്കാന്‍ അനുവദിക്കണമെന്നും കോടതിയോട് അപേക്ഷിക്കും. അപ്പോള്‍ കോടതി കനിഞ്ഞ്, രക്തം ചിന്താതെ ജീവനോടെ കത്തിച്ചു കൊല്ലാന്‍ ഉത്തരവാകും.

ഒരാള്‍ കുറ്റവാളിയാണെന്ന് വിധിച്ചാല്‍, അയാള്‍ കുറ്റം ചെയ്യുമ്പോള്‍ (ദൈവദൂഷണം പറയുക, കേള്‍ക്കുക മുതലായവ തന്നെ ഗുരുതര കുറ്റങ്ങള്‍) ആരൊക്കെ കൂടെ ഉണ്ടായിരുന്നു എന്നു പറയാന്‍ കോടതി നിര്‍ബന്ധിക്കും. ആരും ഇല്ലെന്കില്‍ പോലും പലപ്പോഴും ഗത്യന്തരമില്ലാതെ ഇര ബന്ധുക്കളുടേയോ പരിചയക്കാരുടേയോ പേരു പറയും. തുടര്‍ന്ന് പുതിയ ഇരകളെ പിടികൂടി പീഢനവും വിചാരണയും തുടരും.

ഇവ കൂടാതെ ഇന്‍ക്വിസിഷന്‍ ഓഫീസ് പല വിധ നിയമങ്ങളും ഏര്‍പ്പെടുത്തി. പോര്‍ച്ചുഗീസ് ഭരണപരിധിയില്‍ ഉള്ള സ്ഥലങ്ങളില്‍ പുതിയ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയോ പഴയവ കേടുപാടുകള്‍ തീര്‍ക്കുകയോ ചെയ്യാന്‍ പാടില്ല. ഏകാദശി, മരണാനന്തര കര്‍മ്മങ്ങള്‍ മുതലായ അനുഷ്ടാനങ്ങള്‍ പാടില്ല. ഹിന്ദു വിവാഹത്തിന് ദക്ഷിണ, സ്വീകരണം, സദ്യ, മംഗല്യസൂത്രം മുതലായവ പാടില്ല. വിവാഹ തലേന്ന് ധാന്യങ്ങള്‍ പൊടിക്കുക, കറിക്കൂട്ടുകള്‍ ഉണ്ടാക്കുക എന്നിവ പാടില്ല. വീടുകളില്‍ തുളസി വളര്‍ത്തുന്നത് നിരോധിച്ചു. ബ്രാഹ്മണര്‍ കുടുമ വെയ്ക്കുന്നതും പൂണൂല്‍ ധരിക്കുന്നതും ശിക്ഷാര്‍ഹമാക്കി. കൃസ്ത്യാനികളല്ലാത്ത പുരുഷന്മാര്‍ മുണ്ട് ധരിക്കുന്നതും സ്ത്രീകള്‍ മേല്‍വസ്ത്രം ധരിക്കുന്നതും വിലക്കി. ഹിന്ദുക്കള്‍ പട്ടണത്തിലൂടെ കുതിരപ്പുറത്തോ പല്ലക്കിലോ സഞ്ചരിക്കുന്നത് വിലക്കി. കൃസ്ത്യാനികള്‍ ഹിന്ദുക്കള്‍ക്ക് ജോലി നല്‍കുന്നതും ഹിന്ദുക്കള്‍ക്ക് കീഴില്‍ കൃസ്ത്യാനികള്‍ ജോലി ചെയ്യുന്നതും നിരോധിച്ചു. അതുപോലെ ഹിന്ദുക്കള്‍ ഇടയ്ക്കിടെ പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കും സുവിശേഷം കേള്‍ക്കലിനും പന്കുകൊള്ളണമെന്നും നിഷ്കര്‍ഷിച്ചു.


ഈ മൂന്നു ഭാഗങ്ങളിലായി പരാമര്‍ശിച്ച സംഭവങ്ങളൊന്നും ഏതെന്കിലും മതവിഭാഗത്തെ പുകഴ്ത്താനോ ഇകഴ്ത്താനോ ഉദ്ദേശിച്ചല്ല. മറിച്ച്, സഹിഷ്ണുത എന്നത് ഒരു മതത്തിന്റെയും അടിസ്ഥാന ഗുണമല്ല എന്ന് ഉദാഹരിക്കാനാണ്. 'ആരെന്കിലും' ചെയ്ത കുറ്റങ്ങള്‍ മതത്തിന്റെ പേരില്‍ ചാര്‍ത്തണോ എന്ന ചോദ്യം സാധുവല്ല. കാരണം മതത്തിന്റെ പേരില്‍ ചെയ്യുന്നതു തന്നെയാണ് മതത്തിന്റെ ചെയ്തികള്‍. മതത്തിന്റെ പേരില്‍ അത്യാചാരങ്ങള്‍ ചെയ്യുന്നവര്‍ 'ശരിയായ അര്‍ത്ഥങ്ങള്‍' മനസ്സിലാക്കാത്തവരല്ല, മറിച്ച് 'പട്ടിയെ വ്യാഖ്യാനിച്ച് ആടാക്കാന്‍' മിനക്കെടാതെ സത്യസന്ധമായി നേരെ ചിന്തിക്കുന്ന മതഭക്തര്‍ മാത്രമാണ്.

പക്ഷെ വര്‍ത്തമാന കാലത്ത് മത സഹിഷ്ണുത എന്നത് ഒരു സത്യം തന്നെയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് എല്ലാ മതങ്ങളും ഏറിയും കുറഞ്ഞും സഹിഷ്ണുത പ്രകടിപ്പിക്കുന്നുണ്ട്. പണ്ടില്ലാതിരുന്ന ഈ ഗുണം എങ്ങിനെയുണ്ടായി?

അടുത്ത ഭാഗം : മതസഹിഷ്ണുതയുടെ ശാസ്ത്രം.

7 comments:

Unknown said...

ഇന്നത്തെ മതങ്ങളുടെ മുഖമൂടി വലിച്ചു കീറുന്ന ഒരു പാട് വിവരങ്ങളടങ്ങിയ പോസ്റ്റ്‌. അത് കൊണ്ടായിരിക്കുമല്ലേ ഇവിടെങ്ങും ആരെയും കാണാത്തത്!!!

anushka said...

ഞങ്ങളൊക്കെ ഇവിടെത്തന്നെ ഉണ്ട്..

പാരസിറ്റമോള്‍ said...

superb post sir, keep going

മുക്കുവന്‍ said...

ഭൃത്യര്‍ വീടുകളില്‍ കടന്ന് ആളുകളെ പിടിച്ചിറക്കി, വായില്‍ പശുമാംസം തേയ്ക്കും. അതോടെ ഹിന്ദുമതത്തില്‍ നിന്നും ബഹിഷ്കൃതരാവുന്ന അവര്‍ക്ക് കൃസ്ത്യാനിയാവുക എന്നതു മാത്രമാവും ആശ്രയം “ ഇതിനെ ന്യായീകരിക്കുന്നതല്ലാ‍ാ‍ാ.. എങ്കിലും... ഈ വരിയില്‍ ഒരു വശപിശകില്ലേ? ആരേലും ഒരുത്തന്‍ നിര്‍ബന്ധിച്ച് ഒരു മാ‍ാംസം എന്റെ വായില്‍ തേച്ചാല്‍ എന്നെ ആട്ടിയിറക്കുന്ന ഒരു വിശ്വാസം നല്ലതാണോ? എല്ലാവനും കൊള്ളാ‍ാം... എന്റെ ദൈവത്തിനു ആളെകൂട്ടി ഭണ്ടാരം നിറക്കണം അല്ലേ?

ബാബുരാജ് said...

Firefly, Rajesh, പാരസിറ്റമോൾ, മുക്കുവൻ നന്ദി.
മുക്കുവൻ,
ഞാൻ പറഞ്ഞല്ലോ, ഞാനേതെങ്കിലും മതത്തിനെ പുകഴ്ത്തുവാനോ ഇകഴ്ത്തുവാനോ അല്ല ഉദ്ദേശിക്കുന്നതെന്ന്. ഞാനൊരു മതത്തിന്റേയും ആളല്ല, ഒരു മതേതരവാദി പോലുമല്ല!മനസ്സിലായില്ലേ?

Unknown said...

very gooood article dude.. waiting for the next episode

Unknown said...

FIRE ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തി കാണിക്കല്ലേ