മതസഹിഷ്ണുതയുടെ ശാസ്ത്രത്തെപ്പറ്റി ചർച്ച ചെയ്യുമ്പോൾ ആദ്യം നമ്മൾ മീമുകളെ പരിചയപ്പെടണം
മീമുകള്‍ (Memes)
(മെറിയം വെബ്സ്റ്റർ നിഘണ്ടു മീംസ് എന്നാണ് ഉച്ചാരണം നൽകുന്നത്.)
ആവര്‍ത്തിച്ച് അനുകരിക്കപ്പെടുന്ന ആശയമോ, രീതിയോ, അല്ലെങ്കില്‍ ഒരു സാംസ്കാരിക ഘടകമോ ആണ് മീം. ഉദാഹരണത്തിന്, നമ്മള്‍ മുതിര്‍ന്നവരെ കാണുമ്പോള്‍ എഴുനേല്ക്കുന്നു. അത് ഒരു ബഹുമാനപ്രകടനമായി പല കാലങ്ങളും പല തലമുറകളുമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന ഒരു സംഗതിയാണ്. ജീവന്റെ അടിസ്ഥാന ഘടകം 'ജീനുകള്‍' എന്നപോലെ സംസ്കാരത്തിന്റെ അടിസ്ഥാന ഘടകം എന്ന തരത്തില്‍ മീമുകളെ ആദ്യം നിര്‍വചിച്ചത് പ്രമുഖ പരിണാമശാസ്ത്രജ്ഞനായ റിച്ചഡ് ഡോക്കിന്‍സ് ആണ്.
ജീനുകളും മീമുകളും തമ്മില്‍ അനവധി സാദൃശ്യങ്ങളും അതു പോലെ വൈരുദ്ധ്യങ്ങളും ഉണ്ട്. ജീനുകള്‍ പ്രോട്ടീനുകള്‍ നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശങ്ങളും അതിന്‍ പ്രകാരം ജീവികളുടെ ജൈവഗുണം നിര്‍ണ്ണയിക്കുകയും ചെയ്യുന്നവയാണെന്നിരിക്കെ, മീമുകള്‍ പെരുമാറ്റങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും അങ്ങിനെ മനുഷ്യരുടെ സംസ്കാരം നിര്‍ണ്ണയിക്കുകയും ചെയ്യുന്ന ഘടകവുമാവുന്നു. ജീനുകളുടെ വ്യതിയാനങ്ങള്‍ ജൈവ പരിണാമത്തിന് കാരണമാകുമ്പോള്‍ മീമുകളുടെ വ്യതിയാനം സാംസ്കാരിക പരിണാമത്തിന് കാരണമാകുന്നു.
ജീനുകളും മീമുകളും ഒരു പോലെ അതിജീവനത്തിനാണ് ശ്രമിക്കുന്നത്. ജീനുകള്‍ സ്വയം പതിപ്പുകള്‍ നിര്‍മ്മിച്ച് തുടര്‍ച്ച നിലനിര്‍ത്തുമ്പോള്‍ മീമുകള്‍ അനുകരിക്കപ്പെട്ടാണ് തുടര്‍ച്ച സാധിക്കുന്നത്. ജീനുകളെപ്പോലെ തന്നെ മീമുകളും വ്യതിയാനങ്ങള്‍ക്ക് (മ്യുട്ടേഷന്‍ ) വിധേയമാണ്. വ്യതിയാനങ്ങള്‍ ജീനുകളുടേയും മീമുകളുടേയും അതിജീവനത്തെ സ്വാധീനിക്കുന്നു. എന്നാല്‍ ജീനുകള്‍ കൃത്യമായ ഒരു ഡാര്‍വീനിയന്‍ തത്വം പിന്തുടരുമ്പോള്‍ മീമുകള്‍ ലമാര്‍ക്കിയന്‍ തത്വവും അനുസരിക്കുന്നു. ജീനുകളുടെ കാര്യത്തിലെന്ന പോലെ മീമുകളും വ്യത്യസ്ഥ പരിസ്ഥിതികളില്‍ വ്യത്യസ്ഥമായ അതിജീവനശേഷിയാണ് പ്രകടിപ്പിക്കുന്നത്. നിലവിലെ പരിസ്ഥിതിയില്‍ അനുയോജ്യമായ ജീനുകളും മീമുകളും അതിജീവിക്കും. അനുയോജ്യമല്ലാത്തവ അതിജീവനത്തിനുള്ള മത്സരത്തില്‍ പിന്തള്ളപ്പെടുകയും നശിച്ചുപോവുകയും ചെയ്യും .
മീമുകളുടെ സാദ്ധ്യതകള്‍ അതി വിശാലമാണ്. ഭാഷയുടെ ഉത്ഭവം മുതല്‍ ബൃഹത്തായ വര്‍ത്തമാനകാല സാംസ്കാരിക വൈവിദ്ധ്യം വരെ മീമുകളുടെ പരിധിയില്‍ വരും.
മതങ്ങള്‍ എന്ന മീംപ്ലക്സസ്
പല വിധ മീമുകളുടെ ഒരു സംഘാതമായാണ് (മീംപ്ലക്സ്) മതങ്ങളെ, മനശാസ്ത്രജ്ഞയും ഗവേഷകയുമായ ഡോ: സൂസന്‍ ബ്ലാക് മോര്‍ വിലയിരുത്തുന്നത്. ഈ മീമുകളുടെ അതിജീവനശേഷിയാണ് മതങ്ങളുടെ ശക്തി. എന്നു വെച്ചാല്‍ മതസ്ഥാപകര്‍ അത്ര ഫലവത്തായ മീമുകള്‍ ഉള്‍പ്പെടുത്തിയാണ് മതങ്ങള്‍ സ്ഥാപിച്ചത് എന്നല്ല, മറിച്ച് കാലാന്തരങ്ങളായി പരിണമിച്ച് അതിജീവന ശേഷി തെളിയിച്ച മീമുകള്‍ മതങ്ങളില്‍ ഒത്തു ചേര്‍ന്നിരിക്കുന്നു. എല്ലാ മതങ്ങളുടേയും ഉത്ഭവം വളരെ എളിയ രീതിയില്‍, കുറച്ച് അനുയായികളും വൈകാരികത ഉണര്‍ത്താന്‍ കഴിവുള്ള ഒരു നേതാവും എന്ന രീതിയിലൊക്കെ തന്നെയാണ്. ഉള്‍പ്പെടുന്ന മീമുകളും കുറവായിരിക്കും. എന്നാല്‍ മീമുകളും അതിജീവനത്തിനാണ് ശ്രമിക്കുന്നത് എന്നു നാം നേരത്തെ തന്നെ കണ്ടു. ഈ അതിജീവനം സാധിക്കുന്നത് അതിന്റെ വാഹനത്തിന്റെ (ഇവിടെ മതം അല്ലെങ്കില്‍ മത വിശ്വാസി.) പ്രകട ഗുണങ്ങള്‍ കൊണ്ടാണ്. അതിനാല്‍ ക്രമേണ മീമുകള്‍ സ്വയം പരിവര്‍ത്തനപ്പെടുത്തി വാഹനത്തിന്റെ പ്രകട ഗുണങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമായി മാറ്റുന്നു. ഇതേ ആവശ്യത്തിനായി മറ്റു മീമുകളെ കൂടെ ചേര്‍ക്കുകയും ചെയ്യും. ഇങ്ങനെയാണ് താരതമ്യേന ലളിതമായി തുടങ്ങുന്ന മതങ്ങളും വിശ്വാസരീതികളും കാലക്രമേണ സങ്കീർണ്ണമായ ചടങ്ങുകളിലേക്കും ആചാരങ്ങളിലേക്കും മാറുന്നത്.
സത്യത്തില്‍ മീമുകളെ വിശദീകരിക്കാന്‍ ഏറ്റവും നല്ല ഒരു ഉദാഹരണമാണ് മതങ്ങള്‍. മതങ്ങള്‍ക്ക് മനുഷ്യ ജീവിതത്തില്‍ ഇത്ര സ്വധീനം വരാന്‍ എന്താണ് കാരണം? മനുഷ്യനെ കുഴക്കിയിരുന്ന പല അസ്തിത്വ പ്രശ്നങ്ങള്‍ക്കും മതങ്ങള്‍ ഉത്തരം നല്കി. ഞാനാരാണ്? ജീവിതം എന്താണ്? മരണം, മരണ ശേഷം എന്താവും? ഇത്തരം ചോദ്യങ്ങള്‍. ഉത്തരങ്ങള്‍ മിക്കവാറും ഒക്കെ അര്‍ത്ഥരഹിതവും അയഥാര്‍ത്ഥവും ആയിരുന്നു എങ്കിലും അവയേയും രക്ഷിച്ചെടുക്കാന്‍ പുതിയ മീമുകള്‍ കൂടെക്കൂടി. അത്തരത്തിലൊന്നാണ് വിശ്വാസം (faith) എന്ന മീം. മതങ്ങള്‍ നല്കുന്ന ഉത്തരങ്ങള്‍ വിശ്വസിച്ചുകൊള്ളണം, അവയെ സംശയിക്കാനോ ചോദ്യം ചെയ്യാനോ പാടില്ല എന്ന് ഈ പുതിയ മീം നിർബന്ധിച്ചു. മറ്റൊന്ന്, മതവിശ്വാസങ്ങളെ കേവലസത്യങ്ങളായി (truth) തുല്യപ്പെടുത്തുന്ന മീമുകള്‍. ക്രിസ്ത്യന്‍ വിശ്വാസത്തില്‍ ക്രിസ്ത്യന്‍ ദൈവത്തെ ഏകസത്യമായും വിശ്വാസത്തെ സത്യവിശ്വാസമായും വിശേഷിപ്പിക്കുന്നത് ഓര്‍ക്കുക. സ്ഥാപനവല്ക്കരിച്ച പ്രാര്‍ത്ഥനകള്‍ മറ്റൊരുതരം മീമാണ്. ദൈവം സര്‍വ്വവ്യാപിയാണെന്ന് മതങ്ങള്‍ പറയുമ്പോഴും ഒരു സ്ഥാപനത്തെ കേന്ദ്രീകരിച്ചുള്ള അഭ്യര്‍ത്ഥനകള്‍ (ആരാധന) മതങ്ങള്‍ ഉപദേശിക്കുന്നു. ഇങ്ങനെ ഒരു ആരാധനാലയത്തെ കേന്ദ്രീകരിച്ച് അനുയായികള്‍ ഒത്തുകൂടുന്നത്, മതമെന്ന മീംപ്ലക്സിന് പൊതുവായി ഒരു അതിജീവനഗുണം നല്കുന്ന മീമാണ്.
ജീനുകളും മീമുകളും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ എപ്പോഴും ഉയര്‍ന്നു വരുന്ന ഒരു വ്യത്യാസം അവയുടെ പുനസൃഷ്ടിയിലെ വ്യത്യാസമാണ്. ജീന്‍ കോഡിങ്ങ് ഡിജിറ്റല്‍ എന്നു തന്നെ പറയാവുന്ന കൃത്യതയില്‍ ഉള്ളവയാണ്. എന്നാല്‍ മീമുകള്‍ അനുകരണം വഴിയാണ് മിക്കവാറും പുനസൃഷ്ടിക്കപ്പെടുന്നത്. അതിനാല്‍ കൃത്യത കുറയും. അതു കൊണ്ടു തന്നെ അവയുടെ അതിജീവനം അപകടത്തിലാവാന്‍ സാദ്ധ്യതയുണ്ട്. മതം അതിനും മാര്‍ഗ്ഗം കണ്ടെത്തി. അതിന്റെ മീമുകള്‍ നേര്‍ത്തു പോകുന്നതു തടയുവാന്‍ അവയെ രേഖപ്പെടുത്തി വെച്ചു. സംശയിക്കണ്ട, അവ തന്നെ വിശുദ്ധ ഗ്രന്ഥങ്ങള്‍. അവയില്‍ തന്നെ പലതിലും, ആ ഗ്രന്ഥങ്ങളില്‍ മാറ്റം വരുത്തുന്നത് ദൈവകോപത്തിന് വഴിവെക്കും എന്നൊരു മീം കൂടെ ഉള്‍പ്പെടുത്തി കാര്യങ്ങള്‍ ഇരട്ടി ദൃഢതയില്‍ ഉറപ്പാക്കി. അതുപോലെ നേര്‍ത്തു പോകലിനെ പ്രതിരോധിക്കുന്ന ഒരു തന്ത്രമാണ് മീമുകളുടെ കൃത്യമായ വിശദീകരണം. ക്രിസ്തു ശിഷ്യന്മാരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചതായി പറയുന്നത്, മുസ്ലീങ്ങളുടെ നിസ്കാരം ഇതൊക്കെ ഉദാഹരണം.
പ്രകൃതിനിര്‍ധാരണത്തില്‍ ജീവികള്‍ ജീനുകളൂടെ വ്യതിയാനമനുസരിച്ച് പരിസ്ഥിതി സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുകയോ നശിച്ചുപോവുകയോ ചെയ്യുന്നതു പോലെ തന്നെ മീംപ്ലക്സുകളും ബാഹ്യസമ്മര്‍ദ്ദങ്ങളെ അതി ജീവിക്കാന്‍ മീമുകളെ രൂപം മാറ്റുകയോ, പുതിയ മീമുകളെ ഉള്‍ക്കൊള്ളുകയോ, നിലവിലുള്ളതിനെ തിരസ്കരിക്കുകയോ ചെയ്യും. വിഭിന്ന മതങ്ങളില്‍ നിലവിലിരുന്ന മൃഗബലി തന്നെ ഉദാഹരണം. മനുഷ്യന്റെ 'മാനുഷിക ബോധം'വികാസം പ്രാപിച്ചതോടെ ഇത്തരം ആവശ്യങ്ങള്‍ക്കായി മൃഗങ്ങളെ കൊല്ലുന്നത് അംഗീകരിക്കാനാവാതെ വന്നു. ആ സമ്മര്‍ദ്ദം മൃഗബലി എന്ന മീമിനെ ഉപേക്ഷിക്കാന്‍ മതങ്ങളെ പ്രേരിപ്പിച്ചു. (ഈ ഉദാഹരണം തന്നെ, മാനുഷികത മതങ്ങളുടെ ഉപോത്പന്നമല്ല എന്നും വളര്‍ന്നു വരുന്ന മാനുഷിക മൂല്യങ്ങള്‍ക്ക് അനുസൃതമായി മതങ്ങള്‍ രൂപം മാറുകയുമാണെന്ന് വ്യക്തമാക്കുന്നു.)
ആത്യന്തികമായി മീമുകളുടെ വിജയം നിര്‍വചിക്കുന്നത് കൂടുതല്‍ കൂടുതല്‍ വാഹകര്‍ ഉണ്ടാകുമ്പോഴാണ്. മത പ്രചരണത്തിന്റെ ആവശ്യകത അവിടെയാണ്. മത പ്രചരണം (അതും ഒരു മീം തന്നെ.) ഈ മീംപ്ലക്സ് കൂടുതല്‍ പടരാന്‍ സഹായിക്കുന്നു. വാഹക സംഘങ്ങള്‍ക്കുള്ളിലെ സുരക്ഷിതത്വം അത്യാവശ്യമാണ്. അതുപോലെ തന്നെ വിഭിന്ന മീംപ്ലക്സ് വാഹകരുടെ നാശവും. അതുകൊണ്ടാണ് അയല്‍ക്കാരനെ സ്നേഹിക്കണം എന്നു പറയുന്ന വേദപുസ്തകം തന്നെ കീഴടക്കുന്ന നാടുകളിലെ 'ശ്വസിക്കുന്ന ഒന്നിനേയും' ജീവനോടെ ബാക്കി വെയ്ക്കരുത് എന്നും അനുശാസിക്കുന്നത്.
മുന്‍പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് മത പീഢനങ്ങളുടേയും അടിസ്ഥാനം. തങ്ങളോട് മത്സരിക്കുന്ന വ്യത്യസ്ഥ മീമുകളെ പരാജയപ്പെടുത്തുവാനുള്ള ഒരു തന്ത്രമാണത്. ഇവിടെ ഒരു ലാഭ നഷ്ട സന്തുലനം (trade off)പരിഗണിക്കപ്പെടുന്നുണ്ട്. മത്സരത്തില്‍ ജയം നേടാന്‍ തക്ക അധികാരവും ശക്തിയുമുള്ള വിഭാഗം എതിര്‍ വിഭാഗത്തിനെ നിര്‍ദാക്ഷണ്യം അമര്‍ച്ച ചെയ്യും. ഒരു മത്സരത്തിനു സാദ്ധ്യമേ അല്ലാത്ത വിധം ദുര്‍ബലമായ പാശ്ചാത്തലം ഉള്ള വിഭാഗങ്ങള്‍ വഴങ്ങി നില്‍ക്കും. അവരുടെ അതിജീവനത്തിന് അല്പമെന്കിലും ഒരു സാദ്ധ്യത നല്കുന്ന കാര്യമാണത്. (ഉദാ: ഗോവന്‍ ഇന്‍ക്വിസിഷന്‍ കാലത്ത് അതിശക്തരായിരുന്ന പോര്‍ച്ചുഗീസുകാരോട് ഹിന്ദുക്കള്‍ മത്സരിക്കാന്‍ നിന്നിരുന്നെങ്കില്‍ മിക്കവാറും തന്നെ അവര്‍ ആ ഭൂപ്രദേശത്തു നിന്ന് ഉള്‍മൂലനം ചെയ്യപ്പെട്ടേനെ.) എന്നാല്‍ രണ്ടു വിഭാഗവും പ്രബലമാവുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്ഥമാവും. പൂര്‍ണമായും കീഴടക്കാനുള്ള വ്യഗ്രതയില്‍ മത്സരങ്ങളും അത്യാചാരങ്ങളും തുടര്‍ക്കഥയാവും. പഴയ കുരിശു യുദ്ധങ്ങള്‍ തന്നെ ഉദാഹരണം. എന്നാല്‍ ആധുനിക കാലത്ത്, മുൻപറഞ്ഞ മാനുഷിക ബോധം ശക്തി പ്രാപിച്ചതോടെ മതങ്ങള്‍ക്ക് മറ്റു മതവിശ്വാസങ്ങളെ കൂടാതെ ഇപ്പറഞ്ഞ ഒരു ഘടകത്തെക്കൂടി നേരിടേണ്ടി വരുന്നു. മാത്രമല്ല മതാതിഷ്ഠിതം എന്നതു മാറി വാണിജ്യ സാമ്പത്തികാധിഷ്ടിതമായ പുതിയ ലോകക്രമം വ്യത്യസ്ഥ മതങ്ങളെ ഒരുമിച്ച് ഒരു ഭൂമിശാസ്ത്ര പരിധിയില്‍ ജീവിക്കാനും പൊതു സമൂഹത്തിലേക്ക് സംഭാവന ചെയ്യുവാനും നിര്‍ബന്ധിതരാക്കുന്നു. ഇതൊക്കെ മതങ്ങളുടെ മുന്‍കാലത്തെ അപ്രമാദിത്വവും അധീശത്വവും എടുത്തു കളഞ്ഞു. മാറിയ സാഹചര്യങ്ങളില്‍, അസഹിഷ്ണുതാപരമായ സ്വഭാവങ്ങൾ സ്വന്തം നിലപാടുകളെ ദുര്‍ബലപ്പെടുത്താനെ ഉപകരിക്കൂ. അങ്ങിനെ പുതിയ സാഹചര്യങ്ങളിലെ സമ്മര്‍ദ്ദം അതിജീവിക്കാനുള്ള മീംപ്ലക്സിലെ ഒരു ലമാര്‍ക്കിയന്‍ പരിണാമമാണ് ഈ പുതിയ മതസഹിഷ്ണുത.
നമ്മള്‍ ചര്‍ച്ച ചെയ്ത പുതിയ സാഹചര്യങ്ങള്‍ അത്ര തന്നെ പ്രയോഗത്തില്‍ വരാത്ത മുസ്ലീം രാഷ്ട്രങ്ങളിലെ കാര്യം എടുക്കൂ. അവിടെയാരും മത സഹിഷ്ണുതയെപ്പറ്റി സംസാരിക്കുന്നില്ലല്ലോ? അതു പോലെ തന്നെ മത മൗലിക വാദികളുടെ കാര്യമെടുക്കൂ. ലോകമെമ്പാടും അത്തരക്കാര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ നിലനില്‍പ്പ് അപകടത്തിലും. (നല്ല കാര്യം തന്നെ)
നമ്മൾ ഇവിടെ പരിഗണിക്കേണ്ടുന്ന ഒരു കാര്യം കൂടിയുണ്ട്. വ്യത്യസ്ഥ മതങ്ങൾ വ്യത്യസ്ഥ മീംപ്ലക്സുകൾ ആണെന്ന് നാം കണ്ടു. എന്നാൽ ഇവയെല്ലാം പൊതുവായി പങ്കുവെയ്ക്കുന്ന ചില മീമുകൾ ഉണ്ട്. സർവ്വശക്തനായ ദൈവം, മരണാനന്തര ജീവിതം, ആചാരാനുഷ്ടാനങ്ങൾ തുടങ്ങിയവ. ഇങ്ങനെ ഒരു പിന്നാമ്പുറബന്ധം ഉള്ളതു കൊണ്ടു തന്നെയാണ് മതങ്ങൾക്ക് അടിസ്ഥാനപരമായി ഒരു വെല്ലുവിളി ഉണ്ടാകുമ്പോൾ അവയെല്ലാം ഒറ്റക്കെട്ടാകുന്നത്. (പഴയ മതമില്ലാത്ത ജീവൻ സംഭവം ഓർക്കുക.) സഹിഷ്ണുത എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന മതനേതാക്കൾ ആരും തന്നെ ആ സഹിഷ്ണുതയുടെ പരിധിയിൽ യുക്തിവാദത്തേയോ നിരീശ്വരവാദത്തേയോ കമ്യൂണിസത്തേയോ ഉൾപ്പെടുത്താത്തതും.
ചുരുക്കത്തിൽ മതസഹിഷ്ണുത എന്നത് മതങ്ങളുടെ ഒരു ഗുണവിശേഷമല്ല, മറിച്ച് അവയുടെ അതിജീവനതന്ത്രത്തിന്റെ ഒരു ഭാഗം മാത്രമാണ്.
അവലംബം:
ഗോഡ് ഡെലൂഷൻ, റിച്ചഡ് ഡോക്കിൻസ്.
ദ് മീം മെഷീൻ, സൂസൻ ബ്ലാക്ക്മോർ.
സ്ട്രഗിൾസ് ഫോർ എക്സിസ്റ്റൻസ്, ജോൺ ഹാർട്ടങ്ങ്.
ദ് ബിലീവിങ്ങ് ബ്രയിൻ, മൈക്കിൾ ഷെർമർ.