ശാസ്ത്രീയ വിശദീകരണങ്ങള്‍
പല പ്രതിഭാസങ്ങളിലേയും പോലെ, വളരെ കൃത്യമായ ശാസ്ത്രീയ വിശദീകരണം ഇക്കാര്യത്തിലും ലഭ്യമായിട്ടില്ല. എന്നാല്‍ ഈ കുറവ് അന്ധവിശ്വാസങ്ങളില്‍ വിശ്വസിച്ച് തൃപ്തരാവുന്നതിനുള്ള ന്യായമല്ല. സാമാന്യം തൃപ്തികരമായ രീതിയില്‍ തന്നെ പല ഘടകങ്ങളും വിശദീകരിക്കപ്പെട്ടിട്ടുണ്ട്.
മരണാസന്ന അവസ്ഥയിലെ അസാധാരണവും വ്യത്യസ്തവുമായ പ്രവര്‍ത്തന പരിതസ്ഥിതി (കുറഞ്ഞ ഓക്സിജന്‍ അളവ്, കൂടിയ അളവിലുള്ള രാസവസ്തുക്കള്‍, ലവണ സന്തുലിതാവസ്തയിലെ വ്യതിയാനം മുതലായവ) തലച്ചോറിനെ ബാധിക്കും. തന്‍മൂലം, തലച്ചോര്‍ അനിയന്ത്രിതമായി ഉത്തേജിക്കപ്പെടുകയോ, അസാധാരണമായ രീതിയില്‍, ലഭിക്കുന്ന സിഗ്നലുകളെ വിശകലം ചെയ്യുകയോ ചെയ്യും. മരണാസന്ന അനുഭവങ്ങളുടെ ശാസ്ത്രീയ വിശദീകരണം ഈ അടിസ്ഥാനത്തിലൂന്നിയാണ്. മേല്‍പ്പറഞ്ഞ പ്രവര്‍ത്തന വൈകല്യങ്ങള്‍, ക്ലിനിക്കല്‍ സാഹചര്യങ്ങളില്‍ അതി സാധാരണമായി കാണുന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്.
തലച്ചോര്‍ അതി ഗുരുതരമായ അവസ്ഥയെ നേരിടുന്ന ഘട്ടത്തില്‍ ക്രമാതീതമായി ഉത്തേജിക്കപ്പെടാം. കാഴ്ച വിശകലനം ചെയ്യുന്ന പിന്‍ ഭാഗത്ത് ഇങ്ങനെ അമിതമായ ഉത്തേജനം ഉണ്ടാകുമ്പോള്‍ അത് ഒരു പ്രകാശത്തിന്റെ രൂപത്തില്‍ പ്രത്യക്ഷമാകുന്നു. (പൊന്നീച്ചയുടെ ഉദാഹരണം ഓര്‍ക്കുക.) ക്രമേണ കൂടുതല്‍ കൂടുതല്‍ ഞരമ്പ് കോശങ്ങള്‍ (neurons) ഉത്തേജിക്കപ്പെടുന്ന മുറയ്ക്ക് പ്രകാശം വലുതായ് വലുതായ് അനുഭവപ്പെടും. ഈ അനുഭവമാണ് തുരംകത്തിലൂടെ കടന്നു പോകുന്ന 'ഇലൂഷന്‍' സൃഷ്ടിക്കുന്നത്.
പലരും ശക്തമായ മൂളല്‍ കേള്‍ക്കുന്നു എന്നു പറയുന്നതും ഇതേ അടിസ്ഥാനത്തില്‍ വിശദീകരിക്കാവുന്നതാണ്.
മരണാസന്ന അനുഭവങ്ങളിലെ പല ഘടകങ്ങളും പുന സൃഷ്ടിക്കാന്‍ ചില രാസവസ്തുക്കള്‍ക്കാവും. ഡൈ-മീതൈല്‍ ട്രിപ്റ്റമിന്‍, കീറ്റമിന്‍, എല്‍.എസ്.ഡി മുതലായവ ഉദാഹരണം. (നേരത്തെ പറഞ്ഞ ബാബുവിന്റെ രണ്ടാമത്തെ അനുഭവം ഓര്‍ക്കുക.) തലച്ചോര്‍ അതി സമ്മര്‍ദ്ദം നേരിടുന്ന സമയങ്ങളില്‍ പിനിയല്‍ ഗ്രന്ധിയില്‍ നിന്നും ഉയര്‍ന്ന തോതില്‍ ഡി.എം.റ്റി പുറപ്പെടുന്നു എന്നു കരുതുന്നു. പരീക്ഷണ സാഹചര്യങ്ങളില്‍ ഡി.എം.റ്റി നല്‍കപ്പെട്ട പല വ്യക്തികള്‍ക്കും മരണാസന്ന അനുഭവങ്ങള്‍ക്ക് സമാനമായ അനുഭവങ്ങളുണ്ടായതായി കണ്ടു. എന്നാല്‍ എല്ലാവരിലും ഇത് കൃത്യമായി പുന:സൃഷ്ടിക്കാനായിട്ടില്ല. അതു കൊണ്ടു തന്നെ രാസവസ്തുക്കളുടെ അടിസ്ഥാനത്തില്‍ ഈ പ്രതിഭാസം പൂര്‍ണ്ണമായും വിശദീകരിക്കാനാവില്ല. കീറ്റമിന്‍ സര്‍വ്വസാധാരണമായി നമ്മുടെ ആശുപത്രികളില്‍ മയക്കം നല്‍കുവാനായി ഉപയോഗിക്കുന്ന മരുന്നാണ്. തങ്ങളുടെ രോഗികളില്‍ പലരും ഉണരുമ്പോള്‍ ഇത്തരം അനുഭവങ്ങള്‍ ഓര്‍ത്തെടുക്കാറുണ്ടെന്ന് അനസ്തീഷ്യോളജിസ്റ്റുകള്‍ പറയും.
ഭാരമില്ലാതെ അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്ക്കുന്ന അനുഭവവും പലരും അനുഭവിക്കാറുണ്ട്. ഒ. ബി.ഇ (out of body experience) എന്നാണ് ഈ അനുഭവത്തിനെ വിളിക്കാറ്. മരണാനന്തര ജീവിത വാദികള്‍ തങ്ങളുടെ വാദത്തിന് ബലം നല്‍കാന്‍ ഏറ്റവും അധികം ഉപയോഗപ്പെടുത്തുന്ന ഒന്നാണിത്. പലരും മുറിയുടെ മുകളില്‍ നിന്ന് താഴെ ഡോക്ടര്‍മാരും നഴ്സുമാരും തങ്ങളെ പുനരുജ്ഞീവിപ്പിക്കാന്‍ ശ്രമിക്കുന്നതു കാണുന്നതായും മറ്റും അവകാശപ്പെടുന്നു. രോഗി ഒരിക്കലും കണ്ടിട്ടില്ലാത്ത (ബോധത്തോടെ) ഒരു ശസ്ത്രക്രിയാഉപകരണത്തെപ്പറ്റി വളരെ വ്യക്തമായി വിവരിച്ചതായി ഒരു ഡോക്ടര്‍ അവകാശപ്പെടുന്നു. അതു പോലെ പല രോഗികളും ആ സമയത്തെ മറ്റുള്ളവരുടെ സംസാരം ഓര്‍ത്തെടുക്കുന്നു. എന്നാല്‍ ഈ വാദങ്ങളില്‍ ആശ്ചര്യപ്പെടുത്തുന്നതു പോലെ ഒന്നും തന്നെയില്ല. കാരണം ശസ്ത്രക്രിയകള്‍ക്ക് വേണ്ടി ബോധം കെടുത്തിയ പല രോഗികളും ശസ്ത്രക്രിയാസമയത്തെ ഡോക്ടര്‍മാരുടെ സംഭാഷണം ഓര്‍ത്തെടുത്ത അനുഭവങ്ങളൂണ്ട്. അന്ധയായ ഒരു സ്ത്രീയ്ക്ക് ആ സമയത്ത് കാഴ്ചയുണ്ടായതായ ഒരു സംഭവം ഒരു വെബ് സൈറ്റില്‍ വിവരിക്കുന്നുണ്ട്. അതിന് അവര്‍ തെളിവായി പറയുന്നത് അവര്‍ മച്ചില്‍ നിന്നും താഴെ കണ്ട ശരീരത്തില്‍ അവരുടെ ഓറഞ്ച് പുഷ്പങ്ങള്‍ കൊത്തിയ വിവാഹ മോതിരം കണ്ടു എന്നതാണ്. നാളുകളായി അവരണിഞ്ഞിരുന്ന വിവാഹമോതിരത്തിന്റെ ഒരു സന്കല്പ രൂപം അവരുടെ മനസ്സിലുണ്ടാകാതെ തരമില്ല. അങ്ങിനെ വരുമ്പോള്‍ അന്ധയ്ക്കും കാഴ്ചയുണ്ടായി എന്ന അവകാശത്തില്‍ കഴമ്പൊന്നുമില്ല്ല എന്നു ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
ഈവക അവകാശങ്ങളെ പരിശോധിക്കാന്‍ നോര്‍ത്ത് ടെക്സാസ് സര്‍വ്വകലാശാലയിലെ ഡോ: ജാന്‍ ഹോള്‍ ഡന്‍ സമര്‍ത്ഥമായ ഒരു സംവിധാനം ഒരുക്കി. ഒരു കമ്പ്യൂട്ടര്‍ മോണിട്ടര്‍ മുറിയുടെ മേല്‍ത്തട്ടില്‍ നിന്നും തൂക്കിയിട്ടു. അതിന്റെ ചിത്രങ്ങള്‍ തെളിയുന്ന വശം മേല്‍ത്തട്ടിനഭിമുഖമായിരിക്കും. അതായത് താഴെ നില്ക്കുന്ന ഒരാള്‍ക്ക് മോണിട്ടറില്‍ തെളിയുന്ന ചിത്രങ്ങള്‍ കാണാന്‍ സാധിക്കില്ല. പ്രത്യേകം രൂപപ്പെടുത്തിയ ചില ചലന ചിത്രങ്ങള്‍ മോണിട്ടറില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കും. ഡോ: ബ്രൂസ് ഗ്രേയ്സണ്‍ എന്ന ഗവേഷകന്‍ വര്‍ഷങ്ങളായി ഈ സന്കേതം ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. എന്നാലിതുവരെ ഒരു 'ആത്മാവിനും' മോണിട്ടറില്‍ പ്രദര്‍ശിപ്പിക്കുന്നത് എന്താണെന്ന് പറയാനായിട്ടില്ല!
പഞ്ചേന്ദ്രിയങ്ങളില്‍ നിന്നും മസിലുകളില്‍ നിന്നും സന്ധികളില്‍ നിന്നുമുള്ള സൂചനകള്‍ വിശകലനം ചെയ്താണ് മസ്തിഷ്കം നമ്മുടെ ശരീരത്തിനേപ്പറ്റിയും അതിന് ചുറ്റുപാടുകളുമായുള്ള ബന്ധത്തെപ്പറ്റിയുമുള്ള സ്ഥിതിയെപ്പറ്റി ബോധം രൂപപ്പെടുത്തുന്നത്. ഇന്ദ്രിയ സൂചനകള്‍ (sensory inputs)തീരെയില്ലാതെ വരുന്ന അവസ്ഥയില്‍ തലച്ചോര്‍, ശരീരത്തിന്റെ അവസ്ഥതയെപ്പറ്റി ഒരു ധാരണ രൂപപ്പെടുത്താന്‍ ശ്രമപ്പെടുന്നതിന്റെ ഫലമായാണ് ഇങ്ങനെയൊരു അനുഭവം ഉണ്ടാകുന്നത് എന്ന് ഗവേഷകര്‍ കരുതുന്നു. ഹിപ്നോട്ടിക് നിദ്രയില്‍, വളരെ സര്‍വസാധാരണമായി അനുഭവിപ്പിക്കപ്പെടുന്ന ഒരു കാര്യമാണിത്. വളരെ നാളുകള്‍ക്ക് മുന്പ് ഓട്ടോ ഹിപ്നോസിസ് പരിശീലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഭാഗികമായ തോതിലെന്കിലും ഈ ലേഖകനും അതനുഭവിച്ചിട്ടുണ്ട്.
ജീവാവസ്ഥയെ പിന്തുണയ്ക്കാനുള്ള രീതിയിലാണ് തലച്ചോര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ജീവന്‍ നിന്നുപോകുന്ന ഒരു സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടത് എന്ന സംഭ്രമത്തില്‍ മസ്തിഷ്കം എത്തിപ്പെടാന്‍ സാദ്ധ്യതയുണ്ട്. അപ്പോള്‍ സാദ്ധ്യമായ അതിജീവനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ മസ്തിഷ്കം തന്റെ ഓര്‍മ്മയില്‍ സൂക്ഷിച്ചിരിക്കുന്ന ബന്ധപ്പെട്ട കാര്യങ്ങള്‍ പരതി നോക്കുന്നതാവാം പരേതാത്മാക്കളേയും ദൈവങ്ങളേയും കാണുന്നതിന്റെ കാരണം എന്നു ചില ഗവേഷകര്‍ വിലയിരുത്തുന്നു.
സമീപകാല വിവാദങ്ങള്‍
ഡോ: പിം വാന്‍ ലോമ്മല്‍ നെതെര്‍ലാന്‍ഡ്സിലെ അറിയപ്പെടുന്ന ഹൃദ്രോഗവിദഗ്ധനാണ്. തന്റെ വിഷയത്തിന്റെ പ്രത്യേകത കൊണ്ട് അനേകം എന്‍. ഡി. ഇ സംഭവങ്ങളക്ക് അദ്ദേഹം സാക്ഷിയാണ്. അദ്ദേഹവും അനുയായികളും ഈ അനുഭവങ്ങളേപ്പറ്റി പഠനം നടത്തി. ഹൃദയവും മസ്തിഷ്കവും പ്രവര്‍ത്തനരഹിതമാവുന്ന അവസ്ഥയില്‍ ഉണ്ടാകുന്ന ഈ പ്രതിഭാസം, ആത്മാവ് ശരീരത്തിന് പുറത്ത് നിലനില്ക്കുന്ന ഒരു പ്രതിഭാസമാണെന്നതിന്റെ തെളിവാണ് എന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. ആത്മാവ് എന്നത് ശരീരത്തിന് പുറത്ത് നിലനിന്ന് ഒരു റേഡിയോ സ്ടേഷന്‍ എന്നപോലെ ബോധത്തെ സംപ്രേക്ഷണം ചെയ്യുന്ന ഒന്നാണെന്ന് അദ്ദേഹം കരുതുന്നു. അതു കൊണ്ടാണ് ശരീരം എന്ന സ്വീകരണി പ്രവര്‍ത്തനരഹിതമായതിനുശേഷവും ബോധം നിലനില്ക്കുന്നത്.
എന്നാല്‍ അദ്ദേഹത്തിന്റെ കണക്കുകള്‍ അനുസരിച്ചു തന്നെ ചില പിശകുകളുണ്ട്. ഹൃദയസ്തംഭനം സം ഭവിച്ചതിനുശേഷം അദ്ദേഹം രക്ഷപെടുത്തിയതില്‍ 18% രോഗികള്‍ക്ക് മാത്രമാണ് മരണാസന്ന അനുഭവങ്ങള്‍ ഉണ്ടായത്. ബാക്കി 82% ആള്‍ക്കാരില്‍ എന്തുകൊണ്ടാണ് റേഡിയോ സ്റ്റേഷന്‍ പ്രവര്‍ത്തനരഹിതമായത് എന്ന് അദ്ദേഹം വിശദീകരിക്കുന്നില്ല.
സാമാന്യ ബുദ്ധി കൊണ്ട് തന്നെ അദ്ദേഹത്തിന്റെ നിഗമനങ്ങളിലുള്ള പിശകുകള്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ആളുകള്‍ പിന്നീട് ജീവിതത്തിലേക്ക് മടങ്ങി വന്നു എന്നതു കൊണ്ട് തന്നെ അവരുടെ ഹൃദയ മസ്തിഷ്ക പ്രവര്‍ത്തന പരാജയം പൂര്‍ണ്ണമായിരുന്നില്ല എന്നു നമുക്ക് മനസ്സിലാക്കാം. മരണാസന്ന അനുഭവങ്ങള്‍ എപ്പോഴാണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി ഇപ്പോഴും വ്യക്തമായി അറിയില്ല. എന്നു പറഞ്ഞാല്‍, ഇ.സി.ജി, ഇ.ഇ.ജി മുതലായവ ഹൃദയത്തിന്റേയും മസ്തിഷ്കത്തിന്റേയും പ്രവര്‍ത്തന സ്തംഭനം കാണിക്കുമ്പോഴാണോ, അതിനു മുന്പാണോ അതോ അതിനു ശേഷമാണോ എന്ന്. അതിനു മുന്പോ അതിനു ശേഷമോ ആണെന്‍കില്‍ ലോമ്മലിന്റെ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. ഇനി മുന്‍പറഞ്ഞ ഗ്രാഫുകള്‍ താല്‍ക്കാലികമായി ഇല്ലാതായ സമയത്താണെന്‍കില്‍ എന്ന സാഹചര്യം നമുക്ക് വിലയിരുത്താം. (ഒന്നു കൂടി ശ്രദ്ധിക്കുക, സ്തംഭനം തല്കാലികമായിരുന്നു. ) മസ്തിഷ്ക പ്രവര്‍ത്തനം സൂചിപ്പിക്കുന്ന ഇ.ഇ.ജി ഒരു അടിസ്ഥാന നിലയ്ക്ക് മുകളിലേക്കാണ് അളക്കുന്നത്. അതിനു താഴെ കേവല പൂജ്യം എന്നു കരുതുന്നത് ശരിയാകണമെന്നില്ല. നിലവിലുള്ള ഇ.ഇ.ജി യേക്കാള്‍ സൂഷ്മതയുള്ല ഒരു ഉപകരണം കൊണ്ട് അളന്നാല്‍ ഇ.ഇ.ജി പൂജ്യം കാണിക്കുന്ന സ്ഥാനത്ത് പുതിയ ഉപകരണം അതിനു മുകളിലുള്ള ഒരളവ് കാണിക്കും. അതായത് നിലവിലുള്ള ഇ.ഇ.ജി മെഷീന്‍ പൂജ്യം എന്നു പറയുന്നത് കേവല പൂജ്യമല്ല എന്നു ചുരുക്കം. ഇത് കേവലം വാദത്തിനു വേണ്ടി പറയുന്നതല്ല. ഫങഷണല്‍ എം.ആര്‍.ഐ (functional MRI)എന്ന സന്കേതം ഫ്ലാറ്റ് ഇ.ഇ.ജി കേസുകളിലും മസ്തിഷ്ക പ്രവര്‍ത്തനം രേഖപ്പെടുത്തുന്നുണ്ട്. ഹൃദയത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിന്നാലും രണ്ടു മൂന്നു മിനുറ്റ് വരെ തലച്ചോറിനു പിടിച്ചു നില്ക്കാനാകും. അതു കൊണ്ടു തന്നെയാണ് ഹൃദയസ്തംഭനം സംഭവിച്ചാലും നമുക്ക് ആള്‍ക്കാരെ രക്ഷപെടുത്താന്‍ സാധിക്കുന്നത്.
മരണാനന്തര ജീവിതം
മരണാസന്ന അനുഭവങ്ങള്‍ മരണാനന്തര ജീവിതത്തിന്റെ തെളിവായാണ് ചിത്രീകരിക്കപ്പെടുന്നത്. ഈ അനുഭവങ്ങളുടെ വ്യത്യസ്ഥത, വ്യക്തികളുടെ മത-സാംസ്കാരിക പശ്ചാത്തലവുമായി ബന്ധപ്പെട്ടാണോ ഇരിക്കുന്നത് എന്ന് പല പഠനങ്ങളിലും വിലയിരുത്തിയിട്ടുണ്ട്. മിക്കവാറും പഠനങ്ങളില്‍ അതേ എന്നു തന്നെയാണ് കണ്ടത്. നേരത്തേ തന്നെ പറഞ്ഞതു പോലെ കൃസ്തുമത വിശ്വാസികള്‍ കൃഷ്ണനേയോ ഇസ്ലാം വിശ്വാസികള്‍ യേശുവിനേയോ കാണുക പതിവില്ല. അതു കൊണ്ടു തന്നെ, ഈ വക കാഴ്ചകള്‍ മസ്തിഷ്കത്തിന്റെ മുന്പേയുള്ള പ്രോഗ്രാമിങ്ങുമായി ബന്ധപ്പെട്ടാണിരിക്കുന്നത് എന്ന് വ്യക്തമാണ്.
ഇനി, മിക്കവാറും എല്ലാവരും പൊതുവായി അനുഭവിക്കുന്ന പ്രകാശ തുരന്കത്തിലൂടെയുള്ള യാത്ര, ആ സമയത്ത് അനുഭവപ്പെടുന്ന ശബ്ദങ്ങള്‍, സുഖകരമായ ശാന്തത മുതലായവ മത വിശ്വാസപ്രകാരമുള്ള സ്വര്‍ഗ്ഗയാത്രയുമായി അസാമാന്യ പൊരുത്തം കാണിക്കുന്നതും വിശ്വാസികളുടെ സന്കല്പ്പങ്ങളെ ഉറപ്പിക്കുന്നു. പക്ഷെ ഇത് റീസണിങ്ങിന്റെ ദിശ തിരിഞ്ഞു പോകുന്നതു കൊണ്ട് സംഭവിക്കുന്നതാണ്. ഇപ്പോഴത്തെ പ്രധാന മതങ്ങള്‍ക്കെല്ലാം പ്രായം ഏതാനും ആയിരം വര്‍ഷങ്ങള്‍ മാത്രമാണ്. മതങ്ങള്‍ രൂപപ്പെടുന്നതിനു മുന്‍പ് തന്നെ മനുഷ്യന്‍ മരണാസന്ന സന്ദര്‍ഭങ്ങള്‍ നേരിടുകയും എന്‍. ഡി. ഇ അനുഭവിക്കുകയും ചെയ്തിട്ടുണ്ടെന്ന് തീര്‍ച്ചയാണ്. ആ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാവണം മതാനുയായികള്‍ മരണാനന്തര ജീവിതം വിവരിച്ചത്. അല്ലാതെ അവര്‍ക്ക് വെളിപാടായി ലഭിച്ച മരണാനന്തര യാത്രാനുഭവം പിന്നീടു വന്നവര്‍ അനുഭവിച്ചറിയുകയായിരുന്നില്ല.
ഏതായാലും മരണാസന്ന അനുഭവങ്ങളൂടെ നിഗൂഢതകള്‍ പൂര്‍ണ്ണമായും അനാവരണം ചെയ്യപ്പെടാനിരിക്കുന്നതേയുള്ളൂ. എന്നാല്‍ എല്ലാം ഒറ്റയടിക്ക് വിശദീകരിക്കുന്ന ഒരു മാന്ത്രിക ഉത്തരത്തില്‍ വിശ്വസിക്കുക എന്ന വിഡ്ഡിത്തരത്തില്‍ നമ്മള്‍ അകപ്പെടാതിരിക്കുക.
Thursday, August 26, 2010
Tuesday, August 24, 2010
മരണാസന്ന അനുഭവങ്ങള്‍. (Near death experiences)
രണ്ടു സ്നേഹിതര്‍.
എന്റെ ഒരു പഴയ സ്നേഹിതനാണ് വില്‍സണ്‍. അദ്ദേഹം ഒരു ആറു വര്‍ഷം മുന്‍പു വരെ അമിതമായി മദ്യപിക്കുമായിരുന്നു. ആ സമയത്ത് ഗുരുതരമായ കരള്‍ രോഗ ബാധയെത്തുടര്‍ന്ന് വില്‍സണ്‍ ആശുപത്രിയിലായി. തീവ്രപരിചരണ മുറിയില്‍ കിടക്കുന്ന സമയത്ത് ഉണ്ടായ അനുഭവമാണിത്. അദ്ദേഹം തന്നെ എന്നോട് പറഞ്ഞതാണിത്.
ബോധത്തിനും അബോധത്തിനുമിടയ്ക്ക് ആടിയാടി നില്‍ക്കുന്ന സമയം. ഡോക്ടര്‍ പരിശോധന കഴിഞ്ഞ് കേസ് ഫയല്‍ നോക്കുന്ന ഓര്‍മ്മയുണ്ട്. പെട്ടെന്ന് തനിക്കെന്തോ സംഭവിക്കുന്നതു പോലെ വില്‍സണു തോന്നി. ക്ഷീണവും, അസ്വസ്ഥതയുമൊക്കെ മാറുന്നു. അസാധാരണമായ ഒരു ശാന്തത തന്നെ പൊതിയുന്നു. ശരീരത്തിന്റെ ഭാരം ഇല്ലാതാവുന്നു. അതി തീവ്രമായ ഒരു പ്രകാശം തന്നെ പൊതിയുന്നു. ഒരു പ്രകാശക്കടലില്‍ കിടക്കുന്നതു പോലെ. അപ്പോഴതാ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു പോയ വല്യപ്പച്ചനും വല്യമ്മച്ചിയുമൊക്കെ തന്നെ സാകൂതം വീക്ഷിച്ചു കൊണ്ട് അടുത്തു നില്ക്കുന്നു. വില്‍സണ്‍ അവരോട് സം സാരിക്കാന്‍ ശ്രമിച്ചു, പക്ഷെ സാധിക്കുന്നില്ല. അങ്ങിനെ അല്പനിമിഷങ്ങള്‍ കഴിഞ്ഞു. പിന്നെ പ്രകാശം മാഞ്ഞു, വല്യപ്പച്ചനും വല്യമ്മച്ചിയും മറഞ്ഞു. വില്‍സണ്‍ കണ്ണു തുറക്കുമ്പോള്‍ തന്റെ ചുറ്റും ഡോക്ടറും നഴ്സുമാരുമുണ്ട്.
വില്‍സണ്‍ സുഖം പ്രാപിച്ചു. മദ്യപാനം പൂര്‍ണ്ണമായും നിര്‍ത്തി. ചെയ്യാന്‍ മറ്റു ജോലികളും സത്യസന്ധതയുമുള്ളതിനാല്‍ ഇതു വെച്ചു സാക്ഷിപറച്ചിലിനും മുതലെടുപ്പിനുമൊന്നും പോയില്ല.
രണ്ടാമത്തെ സുഹൃത്ത്, ബാബു. പ്രക്ഷുബ്ധമായ യൗവനാരംഭത്തില്‍ ഒരിക്കല്‍ അവന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിഷം കഴിക്കുകയാണ് ചെയ്തത്. പലരും പറയുന്നതു പോലെ, 'മരണം' ഭീകരമായ ഒരു അനുഭവം ഒന്നു ആയിരുന്നില്ല എന്ന് ബാബു പറയുന്നു. മറിച്ച് ഏറ്റവും സ്വസ്ഥവും, മൃദുലവുമായ ഒന്നായിരുന്നു. ബാബു പ്രകാശവും മരിച്ചു പോയവരേയും ഒന്നും കണ്ടില്ല. പക്ഷെ അസാധാരണമായ ആ ശാന്തത അയാളും അനുഭവിച്ചു. തീരെ ഭാരമില്ലാതെ, ഒരു തൂവല്‍ പോലെ പറന്നു പറന്നു പോകുന്നതായി തോന്നി. ബാബു ബോധത്തിലേക്ക് മടങ്ങി വരുന്നത് മണിക്കൂറുകള്‍ക്ക് ശേഷമാണ്.
എന്നാല്‍ പിറ്റേന്ന്, ലോഭമില്ലാതെ നല്കിക്കൊണ്ടിരുന്ന പ്രതിമരുന്നിന്റെ (അട്രോപ്പിന്‍) സമ്മര്ദ്ദത്തില്‍ അയാള്‍ വീണ്ടും മായാലോകത്തെത്തി. ഇത്തവണ പക്ഷെ പഴയതു പോലെയായിരുന്നില്ല. സമുദ്രത്തില്‍ താമരയില്‍ ഇരിക്കുന്ന ബ്രഹ്മാവിനോടും, സമീപത്തു നിന്ന ഗണപതിയോടും മറ്റും പണ്ഡിതോചിതമായ രീതിയില്‍ തര്‍ക്കിച്ചു. (സംഭാഷണം പിന്നീട് ഓര്‍ത്തെടുക്കാനായില്ല്ല! അതു നന്നായി... :-))
ബാബുവും പ്രശ്നങ്ങളെയല്ലം മറികടന്നു. ഇപ്പോള്‍ വളരെ സക്സസ് ഫുള്‍ ആയ ഒരു പ്രൊഫഷണല്‍ ആണ്.
മരണാസന്ന അനുഭവങ്ങള്‍ (Near death experiences)
മുകളില്‍ പറഞ്ഞ രണ്ട് അനുഭവങ്ങളും ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയ്ക്കുള്ള ഏതോ നേര്‍ത്ത അതിരില്‍ സംഭവിക്കുന്നതാണ്. ഇത്തരം അനുഭവങ്ങള്‍ അപൂര്‍വ്വവുമല്ല. ഹൃദയസ്തംഭനം സംഭവിച്ച ശേഷം പുനരുജ്ഞവിക്കപ്പെടുന്ന പലര്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ഈവക അനുഭവങ്ങളേയാണ് പൊതുവായി മരണാസന്ന അനുഭവങ്ങളായി കണക്കാക്കുന്നത്.
റെയ്മണ്ട് മൂഡി എന്നൊരു മനശാസ്ത്രജ്ഞനാണ് ഈ അനുഭവങ്ങളെ ഒരു പൊതുതല്പര്യത്തിലേക്ക് കൊണ്ടുവരുന്നത്. 'നിയര്‍ ഡെത്ത് എക്സ്പീരിയന്‍സ്' എന്ന പേരിനും അദ്ദേഹത്തോടാണ് കടപ്പാട്. മൂഡി ഇത്തരം അനുഭവങ്ങളേപ്പറ്റി വ്യാപകമായി പഠിക്കുകയും അനേകം പുസ്തകങ്ങളും പ്രബന്ധങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തു. മരണാസന്ന അനുഭവങ്ങളില്‍ പൊതുവായി കാണുന്ന ചില ഘടകങ്ങള്‍ അദ്ദേഹം തിരിച്ചറിയുകയും ചെയ്തു. ഉച്ചത്തിലുള്ള മൂളല്‍, അതി സുഖകരമായ ശാന്തത, ഭാരമില്ലാതെ അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന അനുഭവം, ഒരു തുരംഗത്തിലൂടെ പ്രകാശത്തിലേക്ക് സഞ്ചരിക്കുന്ന അനുഭവം, മരിച്ചു പോയവരെ കാണുക മുതലായവയാണ് പ്രധാനം. ക്രിസ്തുവിനേയും, നബിയേയും, മാലാഖമാരേയും നേരില്‍ കാണുന്ന അനുഭവങ്ങളും കുറവല്ല. ( കൗതുകകരമെന്നു പറയട്ടെ, ഒരു മതത്തില്‍ വിശ്വസിക്കുന്നവര്‍ വ്യത്യസ്തമായ മത ദൈവങ്ങളേയോ, പ്രവാചകരേയോ കണ്ടതായി പറയുന്നില്ല.) ഏതായാലും, ബോധം അല്ലെന്‍കില്‍ ആത്മാവ് ശരീരത്തിനു പുറത്തുള്ള ഒന്നാണ് എന്നതിനുള്ള തെളിവായാണ് മൂഡി ഈ അനുഭവങ്ങളെ കണ്ടത്.
എന്നാല്‍ ബഹു ഭൂരിപക്ഷം വരുന്ന ശാസ്ത്രജ്ഞന്മാര്‍ ശാസ്ത്രസംബന്ധിയായ ഒരു വിശദീകരണത്തിനാണ് ശ്രമിക്കുന്നത്.
അല്പം ജീവശാസ്ത്രം
നമ്മളെങ്ങനെയാണ് ബാഹ്യലോകവുമായി സംവദിക്കുന്നത്? നമ്മള്‍ കാണുന്നത്, കേള്‍ക്കുന്നത്, സ്പര്‍ശിച്ചറിയുന്നത് എല്ലാം തലച്ചോറിന്റെ പ്രഭാവമാണ്. ഉദാഹരണത്തിന് കാഴ്ചയുടെ കാര്യം എടുക്കാം. ഒരു വസ്തുവില്‍ നിന്നും ബഹിര്‍വമിക്കുന്ന പ്രകാശരശ്മികള്‍ ഇന്ദ്രിയാവയവമായ (sensory organ) കണ്ണില്‍ പ്രവേശിക്കുന്നു. അവിടെ വെച്ച് വസ്തുവിന്റെ രൂപത്തിന് അനുരൂപമായ വൈദ്യുത തരംഗങ്ങള്‍ ഉണ്ടാകുകയും അവ ഞരമ്പുകള്‍ (nerves) വഴി തലച്ചോറിലെ പ്രത്യേക ഭാഗത്ത് എത്തുകയും ചെയ്യുന്നു. ആ ഭാഗം (കാഴ്ചയുടെ കാര്യത്തില്‍ തലച്ചോറിന്റെ പിന്‍ഭാഗം -occipital lobe) ആ തരംഗങ്ങളെ വിശകലനം ചെയ്യുകയും, നമുക്ക് മുന്നിലുള്ള ആ വസ്തുവിനെ സംബന്ധിച്ച വിവരങ്ങള്‍ തലച്ചോറിന്റെ മറ്റു ഭാഗങ്ങള്‍ക്ക് കൈമാറുകയും ചെയ്യുന്നു. തല്ഫലമായി നമുക്ക് 'കാഴ്ച' എന്ന അനുഭവം ഉണ്ടാകുന്നു. വസ്തുവിന്റെ രൂപത്തെ സംബന്ധിച്ച വിവരങ്ങളെല്ലാം കണ്ണില്‍ നിന്നും തുടങ്ങി, തലച്ചോറിന്റെ പല ഭാഗങ്ങള്‍ വഴി സഞ്ചരിക്കുന്നത് തരംഗ സംജ്ഞകളായാണ് (സിഗ്നലുകള്‍). വളരെ കൃത്യമായി ആ സിഗ്നലുകള്‍ പുനര്‍ നിര്‍മ്മിച്ച് , കൃത്യമായ ഞരമ്പുകളില്‍ കടത്തി വിട്ടാല്‍ മുന്‍പില്‍ ആ വസ്തു ഇല്ലാതെ തന്നെ അതിന്റെ കാഴ്ച ഉണ്ടാക്കാന്‍ സാധിക്കും. ഒരിക്കല്‍ തലച്ചോറില്‍ കൂടി കടന്നു പോയ ഈ സിഗ്നലുകള്‍ സൂക്ഷിച്ചു വെയ്ക്കപ്പെട്ടിട്ടുണ്ടെന്നു ചിന്തിക്കുക. (അതായത് 'ഓര്‍മ്മ') ഇങ്ങനെ സൂക്ഷിക്കപ്പെട്ടിട്ടുള്ള സിഗ്നലുകള്‍ ഏതെന്കിലും രീതിയില്‍ പഴയ വഴിയിലൂടെ പുനര്‍ യാത്ര നടത്തുകയാണെന്‍കിലും ഇതേ കാഴ്ച പുനര്‍നിര്‍മ്മിക്കാന്‍ സാധിക്കും. ഏറ്റവും ലളിതമായ ഒരു ഉദാഹരണം പറയാം. ഒരു ക്ളോസ്ഡ് സര്‍ക്യൂട്ട് റ്റിവിയെപ്പറ്റി ചിന്തിക്കൂ. അതില്‍ ക്യാമറ മുന്പിലുള്ള വസ്തുവിന്റെ രൂപം പകര്‍ത്തി സിഗ്നലുകളായി റ്റിവിക്ക് കൈമാറുന്നു. റ്റിവി ആ സിഗ്നലുകളെ ചിത്രമാക്കി കാണിക്കുന്നു. ഇനി ഇതിനിടെ ഒരു വീഡിയോ റിക്കോര്‍ഡര്‍ ഘടിപ്പിച്ച് ക്യാമറ സിഗ്നലുകളെ റിക്കോര്‍ഡ് ചെയ്യുന്നു. അതിനു ശേഷം റിക്കോഡ് ചെയ്യപ്പെട്ട സിഗ്നലുകളെ വീണ്ടും റ്റിവിയിലേക്ക് കടത്തി വിട്ടാല്‍ റ്റിവി പഴയ ചിത്രം വീണ്ടും കാണിക്കും. ഇപ്പോള്‍ ക്യാമറയ്ക്ക് മുന്പില്‍ പഴയ വസ്തു വേണമെന്നില്ല. ചിത്രത്തിന്റെ കാര്യം മാറ്റി ഇനി ശബ്ദത്തിന്റെ കാര്യമെടുത്താലും ഇങ്ങനെ തന്നെ.
ഈ പറഞ്ഞ ഉദാഹരണങ്ങളൊന്നും വെറുതെയല്ല. കാരണം ഈ വക ഇലക്‌ട്രോണിക് ഉപകരണങ്ങളും സമാനമായ തലച്ചോര്‍ പ്രവര്‍ത്തനങ്ങളും തമ്മില്‍ അത്ഭുതകരമായ സാമ്യമുണ്ട്. ഇലക്‌ട്രോണിക് സന്കേതങ്ങളുപയോഗിച്ച് തലച്ചോറിനെക്കൊണ്ട് കാണിക്കാനും കേള്‍പ്പിക്കാനുമുള്ള ശ്രമങ്ങള്‍ കുറയൊക്കെ ഫലം കണ്ടിട്ടുമുണ്ട്. കോക്ലിയര്‍ ഇമ്പ്ലാന്റ് എന്ന കൃത്രിമ ചെവി തന്നെ ഉദാഹരണം. പക്ഷെ പ്രധാനപ്പെട്ട ഒരു കാര്യം, ഈ സിഗ്നലുകള്‍ കൃത്യതയുള്ളതായിരിക്കണമെന്നതാണ്. കൃത്യമല്ലാത്ത സിഗ്നലുകള്‍ നിയതമല്ലാത്ത ചിത്രങ്ങളോ ശബ്ദങ്ങളോ ആയിരിക്കും സൃഷ്ടിക്കുന്നത്. കണക്ഷന്‍ ശരിയല്ലാത്തപ്പോള്‍ സ്പീക്കറില്‍ നിന്നും കൂവലും മുരള്‍ച്ചയും കേട്ടിട്ടില്ലേ? എപ്പോഴെന്കിലും നിങ്ങളുടെ തല വല്ലയിടത്തും ശക്തിയായി തട്ടിയിട്ടുണ്ടോ? സാമാന്യം നല്ല ശക്തിയിലായിരുന്നെന്കില്‍ തീര്‍ച്ചയായും കണ്ണിലൂടെ 'പൊന്നീച്ച' പറന്നിട്ടുണ്ടാകും. ഈ പൊന്നീച്ച ഇത്തരം ഒരു പ്രതിഭാസമാണ്. തലയ്ക്ക് തട്ടു കിട്ടുമ്പോള്‍, പ്രത്യേകിച്ച് പിന്‍ ഭാഗത്ത്, തലയിലേക്ക് പകര്‍ന്ന ഊര്‍ജ്ജത്തില്‍ ഒരു ഭാഗം വൈദ്യുതോര്‍ജ്ജമായി പരിണമിച്ച് കാഴ്ചയുടെ തലച്ചോര്‍ ഭാഗത്തെ കോശങ്ങളെ ഉത്തേജിപ്പിക്കുന്നു. പക്ഷെ ആ ഉത്തേജനം കൃത്യമായ ഒരു രീതിയിലോ ഘടനയിലോ അല്ലാത്തതിനാല്‍ നിയതമായ ഒരു രൂപം ഉണ്ടാവാതെ നമ്മള്‍ക്കത് കേവലം പ്രകാശമായോ മിന്നലിന്റെ രൂപത്തിലോ മാത്രം അനുഭവപ്പെടുന്നു.
അടുത്ത ഭാഗം: ശാസ്ത്രീയ വിശദീകരണങ്ങള്‍
Tuesday, August 03, 2010
ഉത്പത്തി, ചരിത്രം. കലണ്ടര്‍
ഭൂമിയുടെ രൂപപ്പെടല്‍ മുതല്‍ നാളിതുവരെയുള്ള കാലത്തെ ഒരു വര്‍ഷത്തിന്റെ പരിധിക്കുള്ളില്‍ ചിന്തിച്ചാല്‍ എങ്ങിനെയിരിക്കും? ഏകദേശം 454 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമി ഉണ്ടായി എന്നു ശാസ്ത്രജ്ഞന്മാര്‍ കണക്കു കൂട്ടുന്നു. ആ സമയം നമുക്ക് ജനുവരി 1 എന്നെടുക്കാം. അതിനു ശേഷം,
ജനുവരി 6, 14:46 -ചന്ദ്രന്‍ രൂപപ്പെടുന്നു
ജനുവരി 29, 01:50 - സമുദ്രങ്ങള്‍ രൂപം കൊള്ളുന്നു
ഏപ്രില്‍ 3, 06:03 – ജീവന്റെ ആദ്യ തുടിപ്പ്
ജൂണ്‍ 6, 10:17 – പ്രാധമിക കോശങ്ങള്‍ (പ്രോകാര്യോസൈറ്റ്സ്)
ജൂലൈ 24, 13:27 – വ്യക്തമായ ജനിതക ഘടനയുള്ള കോശങ്ങള്‍ രൂപപ്പെടുന്നു
ഒക്ടോബര്‍ 12, 18:43 - പൂപ്പലുകള്‍
ഒക്ടോബര്‍ 20, 19:15 – ബഹു കോശ ജീവികള്‍
നവമ്പര്‍ 5, 20:18 – സമുദ്രസസ്യങ്ങള്‍
നവമ്പര്‍ 23, 11:52 – നട്ടെല്ലുള്ള ജീവികള്‍, മത്സ്യങ്ങള്‍
നവമ്പര്‍ 27, 04:25 – കര സസ്യങ്ങള്‍
നവമ്പര്‍ 25, 21:37 - കര ജീവികള്‍ - ആര്‍ത്രോപോഡ്സ്
ഡിസംബര്‍ 1, 23:59 – നാലുകാലുള്ള ജീവികള്‍ .
ഡിസംബര്‍ 1, 23:59 – ഞണ്ടുകള്‍, പന്നല്‍ ചെടികള്‍
ഡിസംബര്‍ 3, 22:09 - സ്രാവുകള്‍
ഡിസംബര്‍ 13, 22:48 – ഡിനോസറുകളുടെ ആദ്യരൂപം
ഡിസംബര്‍ 14, 18:04 - സസ്തനികള്‍
ഡിസംബര്‍ 15, 22:56 – ഡിനോസറുകളുടെ ആധിപത്യം
ഡിസംബര്‍ 17, പാന്‍ജിയ ഭൂഗണ്ഡം വിണ്ടു മാറുന്നു
ഡിസംബര്‍ 19, 23:12 – പക്ഷികളുടെ ആദ്യ രൂപം, ആര്‍ക്കിയോപ്ടെറിക്സ്
ഡിസംബര്‍ 21, 09:51 - പുഷ്പിക്കുന്ന സസ്യങ്ങള്‍ (ആന്‍ജിയോസ്പേം )
ഡിസംബര്‍ 26, 13:04 – റ്റൈറനോസറസ് റെക്സ്
ഡിസംബര്‍ 26, 18:51 - ഡിനോസറുകള്‍ ഉള്‍മൂലനം ചെയ്യപ്പെടുന്നു.
ഡിസംബര്‍ 26, 22:42 – പ്രിമേറ്റുകളുടെ അവസാന പൊതു പൂര്‍വ്വികന്‍
ഡിസംബര്‍ 29 , 23:52 – മാനുകളുടെ പൂര്‍വ്വികര്‍
ഡിസംബര്‍ 31, 12:26:54 – മനുഷ്യന്‍, ചിമ്പന്‍സി, ബൊണോബൊ മുതലായവരുടെ അവസാന പൊതു പൂര്‍വ്വികന്‍
ഡിസംബര്‍ 31, 18:03:58 - മാമത്തുകള്‍
ഡിസംബര്‍ 31, 20:08:58 – ഹോമോ ജനുസ്സിന്റെ ഉത്പത്തി.
ഡിസംബര്‍ 31, 22:27:36 - ഹോമോകള്‍ തീ ഉപയോഗിക്കാന്‍ പഠിക്കുന്നു.
ഡിസംബര്‍ 31, 23:19:34 – നിയാണ്ടര്‍ത്താളുകളുടെ ഉത്പത്തി.
ഡിസംബര്‍ 31, 23:36:54 – ഹോമോ സാപ്പിയന്‍സ് (മനുഷ്യന്‍)
ഡിസംബര്‍ 31, 23:57:06 – നിയാണ്ടര്‍ത്താളുകളുടെ അന്ത്യം.
ഡിസംബര്‍ 31, 23:58:16 – മാമത്തുകള്‍ക്ക് വംശനാശം
ഡിസംബര്‍ 31, 23:58:50 - മനുഷ്യന്‍ കൃഷി വശമാക്കുന്നു
ഡിസംബര്‍ 31, 23:58:50 - മനുഷ്യന്‍ കൃഷി വശമാക്കുന്നു
ഡിസംബര്‍ 31, 23:59:04 – സൃഷ്ടി വിശ്വാസികളുടെ കാലഗണനവെച്ച് ദൈവം സൃഷ്ടി നടത്തുന്നു.
ഡിസംബര്‍ 31, 23:59:16 – ആദ്യ അറിയപ്പെടുന്ന തീയതി, ഈജിപ്ഷ്യന്‍ കലണ്ടര്‍
ഡിസംബര്‍ 31, 23:59:18 - സുമേരിയന്‍ കുനിഫോം , ആദ്യ എഴുത്ത്
ഡിസംബര്‍ 31, 23:59:24 – പിത്തള യുഗം
ഡിസംബര്‍ 31, 23:59:24 – സിന്ധു നദീതട സംസ്കാരം
ഡിസംബര്‍ 31, 23:59:25 - ഈജിപ്റ്റിലെ ആദ്യ രാജ വംശം
ഡിസംബര്‍ 31, 23:59:26 – പാപ്പിറസ് ആദ്യമായി ഉപയോഗിക്കുന്നു, ഈജിപ്റ്റില്‍ .
ഡിസംബര്‍ 31, 23:59:28 – മായന്‍, ഹാരപ്പന്‍ സംസ്കൃതി. ഗിസായിലെ പിരമിഡ് നിര്‍മ്മാണം ആരംഭിക്കുന്നു.
ഡിസംബര്‍ 31, 23:59:36 – ഋഗ് വേദം
ഡിസംബര്‍ 31, 23:59:40 – ഇലിയഡ് , ഒഡിസ്സി. ആദ്യ ഒളിമ്പിക്സ് . റോം സ്ഥാപിക്കപ്പെടുന്നു.
ഡിസംബര്‍ 31, 23:59:42 – പേര്‍ഷ്യന്‍ സാമ്രാജ്യം , പാണ്ഡ്യ രാജവംശം
ഡിസംബര്‍ 31, 23:59:42 - ബുദ്ധന്‍, കണ്‍ഫൂഷ്യസ്, മഹാവീരന്‍
ഡിസംബര്‍ 31, 23:59:44 - ചേരരാജവംശം
ഡിസംബര്‍ 31, 23:59:46 - ചോള രാജവംശം
ഡിസംബര്‍ 31, 23:59:46 – ക്രിസ്തുവര്‍ഷാരംഭം, ക്രിസ്തു
ഡിസംബര്‍ 31, 23:59:48 – നിഖ്യായിലെ സൂനഹദോസ്
ഡിസംബര്‍ 31, 23:59:50 – മുഹമ്മദ്
ഡിസംബര്‍ 31, 23:59:56 - ഗുട്ടന്‍ ബര്‍ഗ്ഗ് അച്ചടി യന്ത്രം കണ്ടുപിടിക്കുന്നു.
ഡിസംബര്‍ 31, 23:59:56 – കൊളമ്പസ് "പുതിയ ലോക"ത്തില്‍ എത്തുന്നു.
ഡിസംബര്‍ 31, 23:59:57 – മൊണാലിസ
ഡിസംബര്‍ 31, 23:59:58 – ടാജ് മഹല്‍
ഡിസംബര്‍ 31, 23:59:58.3 – പ്ളാശ്ശി യുദ്ധം, ഭാരതത്തില്‍ ബ്രിട്ടീഷ് ഭരണം ആരംഭിക്കുന്നു.
ഡിസംബര്‍ 31, 23:59:58.4 - അമേരിക്കന്‍ സ്വാതന്ത്ര്യം
ഡിസംബര്‍ 31, 23:59:58.43 - അമേരിക്കന്‍ വിപ്ളവം
ഡിസംബര്‍ 31, 23:59:58.47 – ഫ്രഞ്ച് വിപ്ളവം
ഡിസംബര്‍ 31, 23:59:58.58 – ലോക ജന സംഖ്യ ശതകോടി തികയുന്നു
ഡിസംബര്‍ 31, 23:59:58.96 – ചാള്‍സ് ഡാര്‍വിന്‍, ഒറിജിന്‍ ഓഫ് സ്പിഷീസ് പ്രസിദ്ധീകരിക്കുന്നു.
ഡിസംബര്‍ 31, 23:59:58.97 - അമേരിക്കന്‍ സിവില്‍ യുദ്ധം
ഡിസംബര്‍ 31, 23:59:59.21 – ആദ്യ ആധുനിക ഒളിമ്പിക്സ്.
ഡിസംബര്‍ 31, 23:59:59.34 - ഒന്നാം ലോകമഹാ യുദ്ധം
ഡിസംബര്‍ 31, 23:59:59.35 - റഷ്യന്‍ വിപ്ളവം
ഡിസംബര്‍ 31, 23:59:59.44 - പെന്‍സിലിന്‍ കണ്ടു പിടിക്കുന്നു.
ഡിസംബര്‍ 31, 23:59:59.47 – അഡോള്‍ഫ് ഹിറ്റ്‌ലര്‍ ജര്‍മ്മന്‍ ചാന്‍സലറായി അധികാരമേല്‍ക്കുന്നു.
ഡിസംബര്‍ 31, 23:59:59.51 - രണ്ടാം ലോകമഹായുദ്ധം
ഡിസംബര്‍ 31, 23:59:59.55 - ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബാക്രമണം
ഡിസംബര്‍ 31, 23:59:59.56 - ഭാരതം സ്വതന്ത്രയാവുന്നു.
ഡിസംബര്‍ 31, 23:59:59.72 - മനുഷ്യന്‍ ചന്ദ്രനില്‍ കാലു കുത്തുന്നു.
ഡിസംബര്‍ 31, 23:59:59.94 – 9/11 ആക്രമണം.
ഒരു വര്‍ഷത്തിന്റെ ദീര്‍ഘകാലയളവില്‍, ഈ ലോകത്ത് മനുഷ്യന്റെ സന്നിദ്ധ്യം കേവലം 23 മിനുറ്റ്. അതിലും നമുക്കറിയുന്ന ചരിത്രം 20 സെക്കന്‍ഡിലും താഴെ!
Sunday, August 01, 2010
ആദരാജ്ഞലികള്‍
മലയാള മനോരമ പത്രാധിപര്‍ ശ്രീ കെ. എം മാത്യുവിന്‍ ആദരാജ്ഞലികള്‍.
ഒപ്പം ദീപ്തമായ ഒരു ഓറ്മ്മ പങ്കു വെയ്ക്കുന്നു.
ഒപ്പം ദീപ്തമായ ഒരു ഓറ്മ്മ പങ്കു വെയ്ക്കുന്നു.
From My Favourites |
Subscribe to:
Posts (Atom)