Tuesday, May 04, 2010

ഗവി - ദൈവത്തിന്റെ സ്വന്തം ഗ്രാമം. 2

വൈകിട്ട് അഞ്ചരയായപ്പോള് കുമാറെത്തി. ഞങ്ങള്‍ ‘അമ്പലം കാണിക്കുന്ന്’ കാണാന്‍ തിരിച്ചു. നമ്മള്‍ താമസിക്കുന്ന സ്ഥലം ഇരിക്കുന്ന മലയുടെ മറുവശം ചുറ്റി മുകളിലേക്ക് കയറിയാല്‍ അമ്പലം കാണിക്കുന്നായി. അവിടെ നിന്നു നോക്കിയാല്‍ ശബരിമല ക്ഷേത്രവും പൊന്നമ്പലമേടും കാണാം. മലയുടെ ആ ഭാഗം മുന്‍ശത്തുനിന്ന് വ്യത്യസ്തമായി പുല്‍മേടാണ്‍. ഞങ്ങള്‍ പക്ഷെ ചെന്നപ്പോള്‍ അന്തരീക്ഷം ആകെ മൂടിക്കിടക്കുകയായിരുന്നു. ഒന്നും തന്നെ കാണുവാന്‍ പാടില്ല. പൊന്നമ്പലമേടിന്റെ സ്ഥാനം കുമാര്‍ കാണിച്ചു തന്നു. ഇവിടെ അന്തരീക്ഷം പെട്ടെന്നു മാറുമത്രെ. കുറച്ചു സമയം കൂടി കാത്തിരുന്നാല്‍ ഒരു പക്ഷെ ശബരിമല കാണുവാന്‍ സാധിച്ചേക്കും. ഞങ്ങള്‍ സൂര്യാസ്തമയം വരെ കാത്തു, പക്ഷെ നിരാശയായിരുന്നു ഫലം.

From Gavi
അമ്പലം കാണിക്കുന്ന്

രാത്രിയില്‍ തടാകത്തില്‍ ചൂണ്ടയിടാം എന്നു പറഞ്ഞ് കുമാര്‍ ഞങ്ങളുടെ നിരാശ മാറ്റി. അതിനുള്ള സാമഗ്രികളൊക്കെ പുള്ളി സംഘടിപ്പിച്ചോളാം എന്നേറ്റു. ഞങ്ങള്‍ മുറിയിലേക്ക് മടങ്ങി. ഒരു കുളിയൊക്കെ കഴിഞ്ഞപ്പോഴേക്കും നല്ല വിശപ്പായി. താഴെ റെസ്റ്റുറാന്റിലേക്ക് നടന്നു, പക്ഷെ അവിടെ അത്താഴത്തിന് സമയമായിട്ടില്ല. സമയം കളയാ‍ന്‍ തടാകക്കരയിലേക്ക് നീങ്ങി. അവിടെ കുറച്ചു ചൂണ്ടക്കാര്‍ കൂടിയിട്ടുണ്ട്. സ്ഥലവാസികളായ ചെറുപ്പക്കാരും കുട്ടികളുമാണ്. ഒരു പയ്യന്‍ കൂളിങ് ഗ്ലസ്സൊക്കെ വെച്ച് സ്റ്റൈലായാണ് മീന്‍പിടുത്തം. ഒരു ചെറിയ പാട്ടുപെട്ടിയില്‍ നിന്നും തമിഴ് പാട്ടുകള്‍ ഒഴുകുന്നു. പക്ഷെ കാര്യമായ കൊത്തില്ല. കുറുവ പരല്‍ പോലത്തെ മൂന്നു നാലു ചെറിയ മീന്‍ കുടുങ്ങി, അത്ര മാത്രം. അതു കണ്ട് ഞങ്ങള്‍ രാത്രിയില്‍ ഇനി വെറുതെ മഞ്ഞു കൊള്ളെണ്ട എന്നു തീരുമാനിച്ചു. (അതിനുള്ള ‘സ്പിരിറ്റും’ ഞങ്ങള്‍ കരുതിയിരുന്നില്ല! J)

From Gavi
ഗവിയിലെ ചൂണ്ടക്കാര്‍

ഭക്ഷണത്തിനു സമയമായി. ഉച്ചയ്ക്കത്തതില്‍ നിന്നും വ്യത്യസ്തമായി നോണ്‍ വെജ് ആണ്‌. ചപ്പാത്തിയും, ദാലും, പുലാവും, ചിക്കനും പിന്നെ വേറേയും മൂന്നാല്‍ വിഭവങ്ങള്‍. പുലാവ് വളരെ നന്നായി ഉണ്ടാക്കിയിരിക്കുന്നു. ഭക്ഷണത്തിനു ശേഷം കുറച്ചു സമയം കൂടി ഗാര്‍ഡനില്‍ ഇരുന്നിട്ട് ഞങ്ങള്‍ മുറിയിലേക്ക് തിരിച്ചു.

From Gavi
ഗവി രാത്രിയില്‍

അനെക്സില്‍ ചെന്നപ്പോള്‍ മുറ്റത്ത് സ്റ്റേറ്റ്  കാറു കിടക്കുന്നു. സംസാരിച്ചു നിന്ന ഡ്രൈവര്‍മാരോട് ആരാണെന്നു തിരക്കി. വകുപ്പു മന്ത്രി ശ്രീ ബിനോയ് വിശ്വമാണ്‍.  നാളെ പൊന്നമ്പലമേട് സന്ദര്‍ശനമുണ്ട്, അതിനാണ് തങ്ങുന്നത്. രാവിലെ ആറു മണിക്ക് വൈല്‍ഡ് ലൈഫ് സഫാരിയുണ്ട്, തയ്യാറായിരിക്കാന്‍ ഓര്‍മ്മിപ്പിച്ച് കുമാര്‍ പോയി. രാവിലത്തെ കുമളി പത്തനംതിട്ട ബസ്സിനു മുന്‍പേ പോയാല്‍ മൃഗങ്ങളെ കാണാന്‍ സാധിച്ചേക്കും. ബസ്സിന്റെ ശബ്ദം കേട്ട് മൃഗങ്ങള്‍ ഉള്ളിലേക്ക് പോയ്ക്കളയും.

പിറ്റേന്ന് രാവിലേ തന്നെ ഉണര്‍ന്ന് തയ്യാറായി. പുറത്തു വന്നപ്പോള്‍  മന്ത്രിയും യാത്രയ്ക്ക് തയ്യാറായി ഇറങ്ങിയിരിക്കുന്നു. നമ്മളെപ്പറ്റി അന്വേഷിച്ചിരിക്കുന്നു എന്നു തോന്നി. കോട്ടയത്തു എവിടെയാണ്‍? എന്നു സ്നേഹാന്വേഷണം.

From Gavi
ഗവി- പ്രഭാതം

വൈല്‍ഡ് ലൈഫ് സഫാരി ഫോറസ്റ്റുകാര്‍ ഏറ്പ്പെടുത്തുന്ന ജീപ്പിലാണ്‍. ഗവിയില്‍ നിന്നും പത്തനന്തിട്ട വശത്തേക്കാണ്‍ പോകുന്നത്. ഒന്നു രണ്ടു കിലോമീറ്ററുകള്‍ കഴിഞ്ഞാല്‍ പിന്നെ റോഡ് മോശമാണ്‍. പക്ഷെ പുറംകാഴ്ചകള്‍ കൂടുതല്‍ കൂടുതല്‍ മനോഹരമാകുന്നു. ഒരു കുന്നിന്‍ ചെരുവില്‍ കുറെ മാനിനെ കണ്ടു. വാഹനത്തിന്റെ ശബ്ദം കേട്ടപ്പോള്‍ അവ ഓടിഒളിച്ചു. സ്ഥിരം കാട്ടു പോത്തിനേയും ആനയേയും കാണാന്‍ സാധിക്കുന്ന ഒരു താഴ്‌വരയുണ്ടെന്നു പറഞ്ഞു. അതിനടുത്ത് ജീപ്പ് നിറുത്തി ഒരു   ഗൈഡ് പോയി നോക്കി. നിരാശയായിരുന്നു ഫലം. പക്ഷെ ജീപ്പ് നിറുത്തിയ സ്ഥലത്ത് നിറയെ പഴങ്ങളുമായി കുറച്ച് പേരച്ചെടികള്‍ ഉണ്ടായിരുന്നു. മൃഗങ്ങളെ കാണാനാവാഞ്ഞ സങ്കടം പേരക്കാപ്പഴം തിന്നു തീര്‍ത്തു.

From Gavi
സഫാരിക്കിടയില്‍

കാര്യമായി മൃഗങ്ങളെയൊന്നും കാണാന്‍ സാധിക്കാതിരുന്നതിനാല്‍ യാ‍ത്ര കുറച്ചു കൂടി മുന്നോട്ട് നീട്ടി. മുന്നോട്ട് പോയപ്പോള്‍ വഴിസൈഡില്‍ ഒരു പേരത്തോട്ടം കണ്ടു, വണ്ടി നിറുത്തി ഞങ്ങള്‍ ഇറങ്ങി.  പക്ഷെ അവിടെ പാകമായ പേരക്ക ഒന്നുമുണ്ടായിരുന്നില്ല. റോഡിന്റെ എതിര്‍വശത്ത് ഒരു തകര്‍ന്നടിഞ്ഞ കെട്ടിടം കണ്ടു. അത് പഴയ ഒരു സിനിമാ തിയേറ്റര്‍ ആയിരുന്നത്രെ! ആനത്തോട് ഡാം പണി നടക്കുന്ന സമയത്ത് ഈ പ്രദേശം ഒരു ജനവാസകേന്ദ്രമായിരുന്നു. തൊഴിലാളികള്‍ ഇവിടെയാണ്‍ താമസിച്ചിരുന്നത്. പേരത്തോട്ടവും അന്നത്തെ ബാക്കിയാവണം. ഇപ്പോള്‍ അവിടങ്ങും ആള്‍താമസമില്ല.

From Gavi
ആനത്തോട് ഡാം

അല്‍പം കൂടി മുന്നോട്ട് പോയപ്പോള്‍ ആനത്തോട് ഡാം ആയി. ജീപ്പ് നിറുത്തി ഞങ്ങള്‍ ഇറങ്ങി നടന്നു. ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ മാത്രമാണ്‍ അവിടുള്ളത്. അതിലൊരാള്‍ ഡാമിന്റെ വശത്തെ തിട്ടയുടെ താഴേക്ക് ചൂണ്ടി അവിടെ ഒരു കാട്ടുപോത്തുണ്ടെന്നു പറഞ്ഞു. ഞങ്ങള്‍ ശബ്ദമുണ്ടാക്കാതെ പതുക്കെ നടന്ന് തിട്ടയുടെ വക്കത്തെത്തി താഴേക്ക് നോക്കുമ്പോഴുണ്ട് ഒരു കാട്ടുപോത്തിന്റെ ശവം ഉണങ്ങി ദ്രവിച്ച് കിടക്കുന്നു!
ഏതായാലും അതോടെ സഫാരി മതിയാക്കി മടങ്ങി.

തിരിച്ച് ഗവിയിലെത്തിയപ്പോള്‍ ഒരിക്കല്‍ കൂടി അമ്പലം കാണിക്കുന്നില്‍ പോയാലോ എന്ന് കുമാര്‍ ചോദിച്ചു. അപ്പോഴേക്കും നല്ല വെയില്‍ ആയി തുടങ്ങിയിരുന്നു. അതു കൊണ്ട് വേണ്ട എന്നു വെച്ചു.

പ്രഭാതഭക്ഷണം കഴിഞ്ഞു വന്നപ്പോഴേക്കും പത്തു മണിയായി. നമ്മുടെ സമയം തീരുന്നു. ഇനിയും തീര്‍ച്ച്യായും വരും എന്ന് മനസ്സിലുറപ്പിച്ച് കുമാറിന്‍ നന്ദി പറഞ്ഞ് ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു.

From Gavi


ജീവിതത്തിലൊരിക്കലെങ്കിലും തീര്‍ച്ചയായും നമ്മള്‍ കേരളീയര്‍ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ്‍ ഗവി. ഊട്ടിയക്കാളും കൊഡൈക്കനാലിനേക്കാളും മനോഹരി. എന്നാല്‍ അവയെപ്പോലെ നാഗരികത ഒട്ടും തന്നെ ഗവിയെ ആക്രമിച്ചിട്ടില്ല. അതാണതിന്റെ ഭംഗിയും. കേരളത്തിലെ മറ്റു ടൂറിസ്റ്റ് സ്ഥലങ്ങളില്‍ നിന്നുംവിഭിന്നമായി ദീര്‍ഘവീക്ഷണമില്ലാത്ത വികലമായ വികസനവും ഗവിയിലില്ല. എക്കോ ടൂറിസം അതിന്റെ പൂറ്ണ്ണ അര്‍ത്ഥത്തില്‍ അവിടെ കാണാനാവും. മുതിര്‍ന്ന വനം വകുപ്പുദ്യോഗസ്ഥന്മാര്‍ മുതല്‍ ഗൈഡുകള്‍ വരെ ഏറ്റവും സൌഹൃദമായും ആത്മാര്‍ത്ഥമായും ഇടപെടുന്നു. അപ്പോള്‍ നമ്മള്‍ സന്ദര്‍ശകര്‍ക്കും ചില ഉത്തരവാദിത്വങ്ങളുണ്ട്. പ്രകൃതിയെ ബഹുമാനിക്കുക, അതിനെ മലിനപ്പെടതെ സംരക്ഷിക്കുക.

6 comments:

Ashly said...

താങ്ക്സ് !!!

Typist | എഴുത്തുകാരി said...

ഊട്ടിയേക്കാളും കൊഡൈക്കനാലിനേക്കാളും മനോഹരിയായ‍ ഗവിയെ കാണാനൊരു മോഹം. നടക്കുമായിരിക്കും.

അവളുടെ സൌന്ദര്യം ആരും നശിപ്പിക്കാതിരിക്കട്ടെ.

siva // ശിവ said...

പോകണം വിചാരിക്കുന്ന ഒരു സ്ഥലമാണിത്. നന്ദി.

സജി said...

ഹ ഹ ഹ ..
അമ്പലം കാണി കുന്ന് ഞങ്ങളിട്ട പേരാണ് കേട്ടോ!!
അങ്ങിനെ,ആ പേര്‍ സ്ഥിരം ആവട്ടെ!

ബിനോയ്//HariNav said...

രണ്ട് പോസ്റ്റും വായിച്ചു. ഗവി വിശേഷങ്ങള്‍ക്ക് നന്ദി. അടുത്ത ലീവിലെ യാത്രകളുടെ മുന്‍‌ഗണനാലിസ്റ്റില്‍ ഗവിയെ ചേര്‍ത്തിരിക്കുന്നു :)

ബാബുരാജ് said...

ക്യാപ്റ്റന്‍, എഴുത്തുകാരി ചേച്ചി, ശിവ, അച്ചായന്‍, ബിനോയ് നന്ദി!

അച്ചായന്‍,
നിങ്ങള്‍ പേരിട്ട കാര്യം നിരു പറഞ്ഞിരുന്നു. ഞാനതിന്‍ ഒരു പബ്ലിസിറ്റി തന്നതല്ലേ?